Saturday, July 27, 2024

ad

Homeകവര്‍സ്റ്റോറിറബ്ബർ പ്രതിസന്ധി കേന്ദ്രം കൈ കഴുകരുത്

റബ്ബർ പ്രതിസന്ധി കേന്ദ്രം കൈ കഴുകരുത്

എസ് ജയമോഹൻ

ഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലത്തെ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന സമൂഹങ്ങളിലൊന്ന് നമ്മുടെ റബ്ബർ കർഷകരും ആ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും ആണ്. ചെറുകിടക്കാരടക്കം 10 ലക്ഷത്തിലേറെ കർഷകരും 3 ലക്ഷത്തോളം തൊഴിലാളികളും റബ്ബർ മേഖലയിൽ ഉണ്ടെന്നാണ് കണക്ക്. ഒരു ഭാഗത്ത് റബ്ബറിന്റെ വില നിരന്തരം കുറയുമ്പോൾ മറുഭാഗത്ത് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ സമീപനം കാരണം ഉൽപ്പാദന ചെലവ് കൂടുകയും ചെയ്യുന്നു. കോവിഡ് കാലത്തുണ്ടായ വലിയ വിലയിടിവിൽ നിന്നും ഇടക്കാലത്ത് മാറ്റമുണ്ടായെങ്കിലും വീണ്ടും റബറിന്റെ വില റബർ കൃഷി നടത്താൻ കഴിയാത്ത വിധം ആർ.എസ്.എസ് നാലിനു പോലും കിലോയ്ക്ക് 140 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

റബർ കൃഷിക്ക് സംഭവിച്ചത്
റബറിന്റെ ഉൽപ്പാദനവും ഉപഭോഗവും വിലയും സംബന്ധിച്ച് റബ്ബർ ബോർഡ് തന്നെ പ്രസിദ്ധീകരിച്ച കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഈ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് ബോധ്യപ്പെടും. 2005–06 വർഷങ്ങളിൽ രാജ്യത്തെ റബ്ബർ ഉൽപ്പാദനം 8,02,625 ടണ്ണും ഉപഭോഗം 8,07,110 ടണ്ണുമായിരുന്നു. അതേ സമയം അന്ന് രാജ്യം 15,285 ടൺ റബ്ബർ ഇറക്കുമതിയും 73,830 ടൺ റബ്ബർ കയറ്റുമതിയും ചെയ്തിരുന്നു. അതായത് ഒന്നര പതിറ്റാണ്ട് മുൻപ് രാജ്യത്തെ റബ്ബർ ഉപഭോഗത്തിന്റെ സിംഹഭാഗവും രാജ്യത്തുതന്നെ ഉൽപ്പാദിപ്പിക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ 2021–2022 വർഷത്തെ കണക്കുകൾ പ്രകാരം 2005–06 വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ റബ്ബർ ഉപഭോഗത്തിൽ 54 % വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിലെ ഏറ്റവും സുപ്രധാനമായ കാര്യം അതെ സമയം റബറിന്റെ ആഭ്യന്തര ഉൽപ്പാദനം കൂടിയില്ല എന്നാണ്. എന്നു മാത്രമല്ല അതിൽ മൂന്നര ശതമാനം കുറവും ഉണ്ടായി. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ഇക്കാലയളവിൽ റബ്ബറിന്റെ ഇറക്കുമതി 12 ഇരട്ടയായി വർദ്ധിക്കുകയും കയറ്റു മതിയിൽ 95 % കുറവ് ഉണ്ടാവുകയും ചെയ്തു എന്നതാണ്.

റബ്ബർ കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തുടങ്ങിയത് 2010 ൽ ആസിയൻ കരാർ നിലവിൽ വന്നതിന്റെ ഭാഗമായി ഇന്ത്യൻ വിപണി വിദേശ രാജ്യങ്ങളിൽ നിന്നുള്ള റബ്ബർ ഇറക്കുമതിചെയ്യുവാൻ തുറന്നുകൊടുത്തത് മുതലാണ്. നിലവിൽ ആഭ്യന്തര റബ്ബർ ആവശ്യത്തിന്റെ ഏതാണ്ട് 44 ശതമാനം ഇന്ത്യോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് നമ്മുടെ രാജ്യം. ഈ ഇറക്കുമതിയാണ് ആഭ്യന്തര വിപണിയിലെ റബ്ബറിന്റെ വിലയിടിവിന്റെ സുപ്രധാന കാരണം. ആസിയൻ കരാർ പ്രാബല്യത്തിൽ വരും മുൻപ് ഒരു കിലോ റബ്ബറിന് 245 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ രാജ്യം ഏറ്റവും വലിയ പണപ്പെരുപ്പം നേരിടുന്ന ഈ സാഹചര്യത്തിൽ പോലും റബ്ബറിന് കിലോയ്ക്ക് 150 രൂപ തികച്ച് കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഇറക്കുമതി മൂലമുള്ള വില കിട്ടാത്തത് മാത്രമല്ല കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. റബ്ബർ കൃഷിക്കും സംസ്കരണത്തിനും ആവശ്യമായ ആസിഡുകൾ, ടാർ ബിറ്റുമിൻ, പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഉൽപാദനച്ചലവ് ക്രമാതീതമായി വർദ്ധിച്ചതും റബ്ബർ കൃഷി ആദായകരമല്ലാതാക്കിയിരിക്കുകയാണ്. ഫലത്തിൽ ഉൽപ്പാദന ചെലവ് റബ്ബറിന്റെ കമ്പോള വിലയേക്കാൾ കൂടുന്ന സ്ഥിതിവരെയെത്തി.

ഇതിനിടയിലാണ് 1947 ലെ റബ്ബർ ആക്ട് റദ്ദുചെയ്തുകൊണ്ട് റബ്ബർ പ്രമോഷൻ & ഡെവലപ്മെന്റ് ബിൽ എന്ന പേരിൽ അങ്ങയേറ്റം കർഷക വിരുദ്ധമായ ഒരു ബില്ല് കേന്ദ്രസർക്കാർ ഈ വർഷം തുടക്കത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് നിയമമായാൽ റബ്ബർ ബോർഡിന്റെ ശുപാർശ പരിഗണിക്കാതെ തോന്നുംവിധം റബ്ബറിന്റെ വില നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. അതുമാത്രവുമല്ല ഇന്ന് റബ്ബർ ബോർഡിനുള്ള സ്വയം ഭരണാവകാശം ഇല്ലാതാവുകയും ചെയ്യും. കർഷക സമരത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ ഏതു വിധേനെയാണോ കർഷകരെ ദ്രോഹിക്കാൻ പര്യാപ്തമായിരുന്നത് സമാനമായ വ്യവസ്ഥകളാണ് ഈ ബില്ലിലുമുള്ളത്.

രാജ്യത്തെ റബർ ഉൽപ്പാദനത്തിന്റെ ഏതാണ്ട് 90% വും കേരളത്തിൽ നിന്നാണ്. അതു മാത്രവുമല്ല കേരളത്തിന്റെ കാർഷിക മേഖലയുടെ വരുമാനത്തിന്റെ 83 % പ്ലാന്റേഷൻ മേഖലയിൽ നിന്നാണ്. അതുകൊണ്ടു തന്നെ റബ്ബർ കർഷകരുടെ ഈ പ്രതിസന്ധി കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നം കൂടിയാണ്. റബ്ബർ കർഷകർക്ക് ആശ്വാസം പകരാനുള്ള നടപടികൾ ആത്മാർത്ഥമായിത്തന്നെ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നുണ്ട്. അതിന്റെ ഭാഗമായാണ് 2021 – 22 ബജറ്റിൽ റബ്ബറിന്റെ മിനിമം താങ്ങുവില 150 രൂപയിൽ നിന്നും 170 രൂപയാക്കി ഉയർത്തിയത്. പക്ഷേ കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങൾ തിരുത്താൻ കഴിയാത്തിടത്തോളം റബ്ബർ കർഷകരുടെ ഈ പ്രശ്നങ്ങൾക്ക് ശ്വാശ്വതമായ പരിഹാരം അകലെ തന്നെയാണ്.

കോർപ്പറേറ്റ് കമ്പനികളുടെ പകൽക്കൊള്ള
ഈ മേഖല ഗൗരവമായി ശ്രദ്ധിക്കുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന ഒരു കാര്യം റബ്ബറിന്റെ വിലയിൽ ഇടിവ് ഉണ്ടാകുമ്പോഴും റബ്ബർ പ്രധാന അസംസ്കൃത വസ്തുവായ വാഹനങ്ങളുടെ ടയറിന്റെ വിലയിൽ കുറവൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ടയർ വില ഗണ്യമായി കൂടുകയും ചെയ്തു എന്നതാണ്. 40% പ്രകൃതി ദത്ത റബ്ബറും 50 % പെട്രോളിയം ഉല്പന്നങ്ങളുമാണ് ടയർ നിർമ്മാണത്തിനാവശ്യമായ സുപ്രധാന അസംസ്കൃത വസ്തുക്കൾ. ഇവയ്ക്ക് രണ്ടിനും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില ഇടിവ് നേരിട്ട സമയത്താണ് ടയറിന്റെ വില കൂട്ടി കോർപറേറ്റുകൾ ലാഭം കൊയ്തത് എന്നോർക്കണം. ഏതാണ്ട് 60,000 കോടി രൂപയുടെ വിപണിയുള്ള വാഹന ടയർ നിർമ്മാണത്തിന്റെ 80 % വും നടത്തുന്നത് വൻകിട കോർപറേറ്റ് കമ്പനികളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇവരുടെ വരുമാനത്തിൽ 76 .5 % വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരുഭാഗത്ത് കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം കൂടുതൽ ദുരിതത്തിലേക്ക് കൂപ്പു കുത്തുന്നു. മറുഭാഗത്ത് കോർപ്പറേറ്റുകൾ കൊള്ളലാഭം കൊയ്യുന്നു. ഇതാണ് സമകാലിക ഇന്ത്യയിൽ നടക്കുന്നത്.

ഈ കോർപ്പറേറ്റ് കൊള്ള കൂടുതൽ വ്യക്തമാക്കുന്ന ഒന്നായിരുന്നു ഒത്തുകളിയിലൂടെ ടയർ വില ഉയർത്തി അമിതലാഭം കൊയ്ത 6 കമ്പനികൾക്ക് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ഈ വർഷം ഫെബ്രുവരിയിൽ 1788 കോടി രൂപ പിഴചുമത്തിയത്.

കോടതിയുടെ കൂടെ അനുമതിയോടെയാണിത്. 2011മുതൽ രാജ്യത്തെ കോമ്പറ്റീഷൻ നിയമത്തിലെ മൂന്നാം വകുപ്പ് ലംഘിച്ചു കാർട്ടിലൈസേഷൻ നടത്തി എന്ന കുറ്റത്തിന് അപ്പോളോ ടയേഴ്സ് (425.53 കോടി രൂപ), എംആർഎഫ് ലിമിറ്റഡ് (622.09 കോടി രൂപ), ജെ കെ ടയർ (309.95 കോടി രൂപ), സീറ്റ് ലിമിറ്റഡ് (252.16 കോടി രൂപ), ബിർള ടയർസ് 178.33 കോടി രൂപ) എന്നീ അഞ്ച് കമ്പനികൾക്കെതിരെ സിസിഐ പിഴ ചുമത്തിയത്. ഇതിനുപുറമേ സംഘടിതമായി ഒത്തുകളി നടത്തിയതിന്റെ പേരിൽ ഈ വൻകിട ടയർ നിർമ്മാതാക്കളുടെ സംഘടനയായ ഒാട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനും(എടിഎംഎ) 18.4 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. റബ്ബർ പ്ലാന്റേഷൻ രംഗത്തെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി അങ്ങേയറ്റം ദുസ്സഹമാക്കിയ കോർപ്പറേറ്റ് ഗൂഢാലോചന കൂടിയാണ് ഈ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.

എണ്ണം പറഞ്ഞ 15 വൻകിട കമ്പനികൾ നടത്തിയ ഈ ഗുരുതരമായ തട്ടിപ്പ് 12 ലക്ഷത്തിലധികം വരുന്ന കേരളത്തിലെ റബർ കർഷകരോടും 6 ലക്ഷത്തിലധികം വരുന്ന ടാപ്പിംഗ് തൊഴിലാളികളോടുമുള്ള പൊറുക്കാനാവാത്ത ചതിയാണ്. സ്വാഭാവിക റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപ്പന്നമായ ടയറിന്റെ വിലയും കർഷകന് ലഭിക്കുന്ന റബ്ബറിന്റെ വിപണി വിലയും തമ്മിലുള്ള ഒരുതരത്തിലും പൊരുത്തപ്പെടാത്ത വലിയ അന്തരത്തിന് പിന്നിലുള്ള ഒത്തുകളിയാണ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പുറത്തുകൊണ്ടുവന്നത്. റബ്ബർ കർഷകരെയും തൊഴിലാളികളെയും മാത്രമല്ല, ഓട്ടോക്കും ടെമ്പോ വണ്ടിക്കും വേണ്ടി ഒരു ടയർ മാറ്റി വാങ്ങാൻ കഷ്ടപ്പെടുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ കൂടിയാണ് വൻകിട കോർപ്പറേറ്റുകൾ ഇക്കണ്ട കാലമത്രയും പിഴിഞ്ഞെടുത്തത്.

കണ്ണ് തുറക്കണം കേന്ദ്ര സർക്കാർ
ഒരു കിലോ റബ്ബർ ഉൽപാദിപ്പിക്കുമ്പോൾ 180 രൂപ ചെലവ് വരുമെന്നാണ് റബ്ബർ ബോർഡിന്റെ തന്നെ ഔദ്യോഗിക കണക്ക്. എന്നാൽ എത്ര കാലം കർഷകർക്ക് ഈ ഉത്പാദനച്ചെലവെങ്കിലും ലഭിച്ചിട്ടുണ്ട്. റബ്ബറിന് വിലയില്ലെങ്കിൽ ടാപ്പിംഗ് തൊഴിലാളികൾക്ക് എങ്ങനെയാണ് ന്യായമായ കൂലി ലഭിക്കുക?

ഒരുവശത്ത് സമ്മർദ്ദം ചെലുത്തി കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയങ്ങളുടെ ഭാഗമായുള്ള റബ്ബറിന്റെ ഇറക്കുമതി തീരുവയിൽ വലിയ കുറവ് വരുത്തുക. അങ്ങനെ മറ്റ് രാജ്യങ്ങളിൽ നിന്ന് അനിയന്ത്രിതമായി കുറഞ്ഞവിലയ്ക്ക് റബ്ബർ ഇറക്കുമതി ചെയ്ത് ആഭ്യന്തരവിപണിയിലെ റബ്ബറിന്റെ വില കുറയ്ക്കുകയും കർഷക അധ്വാനത്തെ നിലംപരിശാക്കുകയും ചെയ്യുക. അതോടൊപ്പം കാർട്ടിലൈസേഷൻ നടത്തി നേടിയ പടുകൂറ്റൻ ലാഭത്തിന്റെ വിഹിതം തങ്ങളുടെ ഉപഭോക്താക്കൾക്ക് ചില്ലിക്കാശ് ഡിസ്കൗണ്ട് ആയി പോലും നൽകാതിരിക്കുക! എന്തു ജനദ്രോഹമാണിത്?

5 കമ്പനികളിൽ നിന്നുമായി പിഴയായി ശേഖരിക്കുന്ന 1,788 കോടി രൂപ ഈ നാട്ടിലെ റബ്ബർ കർഷകരുടെ വിയർപ്പിന്റെയും ടാപ്പിങ് തൊഴിലാളിയുടെ അധ്വാനത്തിന്റെയും തലവരിയാണ്. അടിയന്തരമായി അത് റബ്ബർ കർഷകർക്കും തൊഴിലാളികൾക്കുമായി വിതരണം ചെയ്യണം. ലാറ്റക്സിനും കോമ്പൗണ്ട് റബ്ബറിനുമുള്ള ഇറക്കുമതി നിരക്ക് അടിയന്തരമായി കൂട്ടണം. രാജ്യത്തെ വൻകിട ടയർ കമ്പനികളുടെ താൽപര്യം ചുങ്കം ചുമത്താൻ ഒരു മടിയും കാണിക്കാതിരുന്ന മോഡി സർക്കാർ ഇറക്കുമതി ചെയ്യുന്ന റബ്ബറിനും സേഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്ന റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും കാലങ്ങളായുള്ള ആവശ്യം നാളിതുവരെ ചെവിക്കൊണ്ടിട്ടില്ല. കൂടാതെ അധികമായി ഇറക്കുമതി ചെയ്യുന്ന റബ്ബറിന് ഡബ്ബിങ് ഡ്യൂട്ടി ചുമത്താനും കേന്ദ്രം തയ്യാറാവണം. അങ്ങനെ മാത്രമേ കോർപ്പറേറ്റ് കമ്പനികൾ ലാഭക്കൊതി പൂണ്ട് നടത്തുന്ന റബ്ബറിന്റെ അനിയന്ത്രിത ബഫർ സ്റ്റോക്ക് ഇറക്കുമതി നിയന്ത്രിക്കാനാവൂ. റബ്ബർ ഇറക്കുമതി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട തുറമുഖങ്ങൾ വഴി മാത്രമായി പരിമിതപ്പെടുത്തണം. ഒട്ടും ഗുണനിലവാരമില്ലാത്ത ക്ലബ്ബ് റബ്ബർ അനിയന്ത്രിതമായി നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കരുത്. ഇതിനാവശ്യമായ പരിശോധന സ്ഥാപനങ്ങൾ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ തുറമുഖങ്ങളിൽ സ്ഥാപിക്കണം. ഏറ്റവും പ്രധാനമായി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബർ ന്യായവില നൽകി മുഴുവനായി സംഭരിച്ച ശേഷം മാത്രമേ ഇറക്കുമതിക്ക് അനുമതി നൽകാവൂ. ഇത് ഉറപ്പുവരുത്താൻ റബ്ബർ ബോർഡിലും മറ്റ് അനുബന്ധ കേന്ദ്രസർക്കാർ കമ്മിറ്റികളിലും റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തണം. റബ്ബർ ബോർഡ് കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ കൂടി പരിഗണിച്ച് വിപണിയിൽ ഇടപെടുന്ന നിലയ്ക്ക് പുനഃസംഘടിപ്പിക്കണം. കാർബൺ ക്രെഡിറ്റ് അടക്കമുള്ള അന്താരാഷ്ട്ര സഹായങ്ങൾ കേവലം ഈ മേഖലയിലെ വെള്ളാനകളായ സ്ഥാപനങ്ങളെ തീറ്റിപ്പോറ്റാനല്ലാതെ കർഷകർക്കും തൊഴിലാളികൾക്കുമായി കൂടി നീക്കിവെക്കണം. റബ്ബർ കർഷകരും തൊഴിലാളികളും കേന്ദ്രസർക്കാരിനോട് ഉന്നയിക്കുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണ്. അത് ചോദിച്ചു വാങ്ങണം കർഷകരും തൊഴിലാളികളും. 
(കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + three =

Most Popular