റബ്ബര്‍ കര്‍ഷകരാണെന്ന് പലരും അഭിമാനത്തോടെ പറയുന്ന ഒരു സമയമുണ്ടായിരുന്നു. റബ്ബര്‍ ഷീറ്റിന് ഭേദപ്പെട്ട വിലയുണ്ടായിരുന്ന സമയം. ഉല്‍പാദന ചെലവു കഴിഞ്ഞ് നല്ലൊരു സംഖ്യ ചെറുകിട – ഇടത്തരം കര്‍ഷകര്‍ക്കുപോലും ലഭിച്ചിരുന്ന കാലം. എന്നാല്‍ വളരെ വേഗമാണ് സ്ഥിതിഗതികള്‍ തകിടം മറിഞ്ഞത്. റബ്ബറിന്റെ പുഷ്കലകാലത്ത് കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉള്‍പ്പെടെ 13 ലക്ഷത്തോളമാളുകള്‍ ഈ മേഖലയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തി.
റബ്ബര്‍ കൃഷിയുടെ പ്രധാന കേന്ദ്രമാണല്ലോ കോട്ടയം ജില്ല. നവംബര്‍ ആദ്യവാരത്തിലെ കോട്ടയം മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 5ന്റെ വില കിലോയ്ക്ക് 144 രൂപയാണ്. ആര്‍എസ്എസ് 4ന്റെ വില കിലോയ്ക്ക് 145–147 രൂപയും. തരം തിരിക്കാത്തതിന് കിലോഗ്രാമിന് 126–127 രൂപയേ വില കിട്ടൂ. ഒട്ടുപാലിന്റെ വില 79 രൂപയാണ്. റബ്ബര്‍ കറ ചിരട്ടയ്ക്കുള്ളിലിരുന്ന് ഉറയുന്നതിന് കര്‍ഷകര്‍ വിളിക്കുന്ന പേര് ചണ്ടി എന്നാണ്. അതിന് 60–64 രൂപയേ ഒരു കിലോഗ്രാമിനുള്ളൂ. ഒരു വ്യാഴവട്ടം മുന്‍പ് ആർഎസ്-എസ് 4ന് കിലോഗ്രാമിന് 250 – 260 രൂപ വരെ വില ഉണ്ടായിരുന്ന റബ്ബര്‍ഷീറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.
റബ്ബര്‍ കൃഷി തുടങ്ങി ആദ്യത്തെ ഏഴുവര്‍ഷക്കാലം കര്‍ഷകന് ഒരു പൈസപോലും വരുമാനമില്ല. കൃഷി ചെയ്യുന്നതിനും വളമിടുന്നതിനും കളകള്‍ പറിക്കുന്നതിനും മറ്റുമുള്ള ഭീമമായ ചെലവുകള്‍ അവര്‍ വഹിക്കുകയും വേണം. ടാപ്പിംഗ് ആരംഭിച്ചതിനുശേഷവും വര്‍ഷത്തില്‍ രണ്ടു തവണയില്‍ കുറയാതെ വളമിടണം, ഇലകള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ തുരിശ്ശടിക്കണം. കുമിള്‍ രോഗം റബ്ബര്‍ മരങ്ങളെ ഇടയ്ക്കിടയ്ക്ക് പിടികൂടും. തക്കസമയത്ത് കണ്ടെത്തി ബോര്‍ഡോ മിശ്രിതം (തുരിശും ചുണ്ണാമ്പും വെള്ളത്തില്‍ കുഴച്ചുണ്ടാക്കുന്ന വസ്തു) പുരട്ടണം. അല്ലെങ്കില്‍ മരം ഉണങ്ങിപ്പോകും. മറ്റു മരങ്ങള്‍ക്ക് രോഗം വ്യാപിക്കുകയും ചെയ്യും. കായികാദ്ധ്വാനം നല്ല രീതിയില്‍ ആവശ്യമുള്ള ജോലിയാണിത്. മറ്റൊന്ന് ഇലപ്പുള്ളി രോഗമാണ്. അതിനും കൃത്യമായ പരിഹാരം കാണണം.
റബ്ബര്‍ കറ സംഭരിച്ച് ആസിഡു ചേര്‍ത്ത് ഉറയൊഴിച്ചുവെക്കുക, അത് ഉറഞ്ഞ് ഷീറ്റായതിനുശേഷം മെഷീനുപയോഗിച്ച് അതിനെ ഷീറ്റു രൂപത്തില്‍ പരുവപ്പെടുത്തുക, അത് വെയിലത്തിട്ടും പുകപ്പുരയിലിട്ടും ഉണക്കുക. അങ്ങനെ റബ്ബര്‍ സംസ്കരിച്ചെടുക്കുന്നതിന് കായികാദ്ധ്വാനം ഏറെ ആവശ്യമാണ്. ഒരു കിലോഗ്രാം റബ്ബറിന്റെ ഉല്‍പാദനച്ചെലവ് 160 രൂപയാണെന്നാണ് റബ്ബര്‍ ബോര്‍ഡിന്റെ തന്നെ കണക്ക്.
ലാറ്റക്സ് ഉപയോഗത്തിന് റബ്ബര്‍ കറ വീപ്പയ്ക്കുള്ളിലാക്കി അമോണിയം ഗ്യാസ് കയറ്റി സൂക്ഷിക്കുകയാണ് പതിവ്. ലാറ്റക്സ് രൂപത്തില്‍ കൊടുക്കുന്ന കര്‍ഷകര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്. കറ ഷീറ്റാക്കി മാറ്റുന്നതിനുള്ള കായികാദ്ധ്വാനവും കൂലിച്ചെലവും ഒഴിവാക്കാം. പക്ഷേ റബ്ബര്‍ സ്റ്റോക്ക് ചെയ്ത് മെച്ചപ്പെട്ട വിലയുള്ള സമയത്ത് വില്‍ക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടപ്പെടുന്നു. ലാറ്റക്സിന് ഒരു മാസത്തെ ശരാശരി വിലയേ ലഭിക്കൂ.
ഉല്‍പാദനച്ചെലവ് ഓരോ ദിവസവും ചെല്ലുന്തോറും വര്‍ദ്ധിക്കുന്നു. എന്നാല്‍ റബ്ബര്‍ വില കുറയുന്നു. അതുമൂലം കൈ നഷ്ടമാണ് ഫലം. അതിനാല്‍ റബ്ബര്‍ ടാപ്പ് ചെയ്ത് കറ എടുക്കാന്‍ കര്‍ഷകര്‍ താല്‍പര്യം കാണിക്കുന്നില്ല. അതുകൊണ്ട് തോട്ടങ്ങള്‍ ഉള്‍പ്പെടെ പലതും ആദായം എടുക്കാതെ പാഴ്മരങ്ങള്‍ മാത്രമായി ശേഷിക്കുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. റബ്ബറിന്റെ കേന്ദ്രമായ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ തന്നെ ഇതാണ് അവസ്ഥ.
ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമവും ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒരു ടാപ്പിംഗ് തൊഴിലാളിക്ക് പ്രതിദിനം ശരാശരി 300 മരങ്ങളാണ് ടാപ്പ് ചെയ്യാന്‍ കഴിയുക. ഒരു മരത്തിന് ടാപ്പിംഗ് കൂലി 2 രൂപ. അങ്ങനെ ഒരു ദിവസം 600 രൂപ ലഭിക്കും. എന്നാല്‍ അതേ തൊഴിലാളി തന്നെ നിര്‍മ്മാണ ജോലികള്‍ക്ക് പോയാല്‍ പ്രതിദിനം 850 – 1000 രൂപ കൂലി ലഭിക്കും. അതുകൊണ്ട് ടാപ്പിംഗ് രംഗത്ത് ഉറച്ചുനില്‍ക്കാന്‍ തൊഴിലാളികള്‍ താല്‍പര്യം കാണിക്കുന്നില്ല; ജീവിതച്ചെലവുകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഈ കാലയളവില്‍ വിശേഷിച്ചും.
ചെറുകിട –ഇടത്തരം കര്‍ഷകരെ സംബന്ധിച്ചിടത്തോളം ടാപ്പിംഗ് തൊഴിലാളികളെ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്. മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ ഏക്കര്‍ സ്ഥലത്ത് കൃഷിയുള്ള കര്‍ഷകര്‍ സ്വയം ടാപ്പിംഗ് ജോലികള്‍ ചെയ്തിരുന്നു. എന്നാല്‍ പുതിയ തലമുറ അതില്‍ താല്‍പര്യം കാണിക്കുന്നില്ല. മറ്റു തൊഴില്‍ മേഖലകള്‍ തേടി അവര്‍ പോകുന്നു.
കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ റബ്ബര്‍ ടാപ്പിംഗിനെ സംബന്ധിച്ചിടത്തോളം ഓഫ് സീസണാണ്. ആ കാലയളവില്‍ ഇലകൊഴിയുന്ന സമയമാണ്; റബ്ബറിന് കറ വളരെ കുറവായിരിക്കും. അതുമൂലം ഈ മൂന്നുമാസം ടാപ്പിംഗ് നടത്തില്ല. അതുകൊണ്ടുതന്നെ വരുമാനം ഇല്ലാത്ത കാലമാണിത്. ശേഷിക്കുന്ന ഒമ്പതുമാസക്കാലമാണ് റബ്ബറില്‍നിന്ന് വരുമാനമുള്ള കാലം.
മഴ കൂടുതലായി പെയ്യുന്നതുമൂലം ആദായം എടുക്കാനാവാത്ത അവസ്ഥയാണുള്ളത്. ഈ സമയത്ത് ടാപ്പു ചെയ്യുന്ന പട്ടയുടെ ഭാഗത്ത് പ്ലാസ്റ്റിക് ഒട്ടിച്ചാല്‍ ഒരു പരിധിവരെ ടാപ്പിംഗ് ചെയ്ത് ആദായം എടുക്കാം. എന്നാല്‍ പ്ലാസ്റ്റിക് മുതലായ സാധനങ്ങളുടെ വില, കൂലിച്ചെലവ് എന്നിവ ഉള്‍പ്പെടെ ഒരു റബ്ബറിന് 25 രൂപയിലേറെ ചെലവു വരും. അതുകൊണ്ടുതന്നെ അതില്‍നിന്ന് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമുണ്ടാകില്ല.
ലാറ്റക്സ് കൊടുത്തിട്ടു വില കിട്ടാത്ത കര്‍ഷകര്‍ കറ ചിരട്ടയ്ക്കുള്ളിലിരുന്ന് ചണ്ടിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ചണ്ടി ഉണക്കത്തൂക്കത്തിന് കിലോഗ്രാമിന് പരമാവധി 60 രൂപയേ കിട്ടൂ; റബ്ബര്‍ ഷീറ്റിന്റെ പകുതി വിലയില്‍ താഴെ മാത്രം.
കുടുംബശ്രീ പ്രവര്‍ത്തകരെ ടാപ്പിംഗ് ജോലി ചെയ്യാന്‍ പരിശീലിപ്പിച്ചാല്‍ ജോലിക്കാരുടെ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ റബ്ബര്‍ ഉല്‍പാദനത്തിന്റെ മഹാഭൂരിപക്ഷവും കേരളത്തില്‍നിന്നായിരിക്കെ റബ്ബറിന്റെ വിലത്തകര്‍ച്ച കേരളത്തിന്റെ സമ്പദ-്-വ്യവസ്ഥയ്ക്കാകെ കനത്ത ആഘാതമാണ്. എൽഡിഎഫ് സർക്കാർ ഒരു കിലോ റബ്ബറിന് 170 രൂപ വില ഉറപ്പാക്കുന്ന തരത്തിൽ സബ്സിഡി തുക വർധിപ്പിച്ചിരുന്നു. റബ്ബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സർക്കാരിന്റെ സബ്സിഡി ലഭ്യമാക്കുന്നത്. വിപണി വിലയിൽ കുറവുവരുന്ന തുകയാണ് സബ്സിഡിയായി സർക്കാർ അനുവദിക്കുന്നത്. ഈ വർഷം ഒക്ടോബർ വരെയുള്ള തുക പൂർണമായും വിതരണം ചെയ്യാൻ നിർദേശം നൽകിയതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷം കർഷകർക്കുകൂടി പുതിയതായി ഉൽപ്പാദക സബ്സിഡി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഗവൺമെന്റിന്റെ പരിമിതിയിൽ നിന്നുകൊണ്ടുള്ള ഈ കെെത്താങ്ങ് കർഷകർക്ക് ഒരു പരിധിവരെ ആശ്വാസമാണ്.
എന്നാൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു നേരെ മുഖംതിരിക്കുന്ന മോദി സർക്കാരിന്റെ നയം കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമായി തുടരാൻ കാരണമാകുന്നു. ♦