കേരളത്തിന്റെ കാര്‍ഷിക വികസന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വിളയാണ് റബ്ബര്‍. ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ തോട്ടവിളയെന്ന നിലയില്‍ റബ്ബര്‍ പരീക്ഷിച്ചത്. കല്‍ക്കട്ടയിലെ ബോട്ടാണിക്കല്‍ ഉദ്യാനത്തില്‍ 1873-ല്‍ വാണിജ്യവിളയെന്ന നിലയില്‍ പരീക്ഷണാര്‍ത്ഥം കൃഷി ചെയ്യപ്പെട്ട റബ്ബര്‍ ഏതാണ്ട് ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 1902-ല്‍ വാണിജ്യവിളയായി കേരളത്തില്‍ ആദ്യമായി കൃഷി ചെയ്തു തുടങ്ങി. അതിനുശേഷം കേരളത്തിന്റെ കാര്‍ഷികരംഗത്ത് കുറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ വ്യാപിച്ച വിളയായി റബ്ബര്‍ മാറി. നാളികേരകൃഷിക്കായി ഉപയോഗിച്ചിരുന്ന ഭൂപ്രദേശങ്ങള്‍ വലിയതോതില്‍ റബ്ബര്‍ കൃഷിയിലേയ്ക്ക് വഴിമാറിയത് കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ സുപ്രധാനമായ ഒരു പരിവര്‍ത്തന ഘട്ടമാണ്. ഏറ്റവും വരുമാന സ്ഥിരതയുള്ള വിളയെന്ന നിലയില്‍ റബ്ബര്‍ കൃഷി കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക വ്യവസ്ഥയില്‍ അത്ഭുതാവഹമായ മാറ്റമാണ് വരുത്തിയത്.
രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് സ്വാഭാവിക റബ്ബറിന്റെ ഉപയോഗം സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ യുദ്ധാവശ്യങ്ങള്‍ക്കായി നിര്‍വഹിക്കുന്ന ഉല്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതോടെയാണ് റബ്ബര്‍ പ്രധാനപ്പെട്ട വിളയായി മാറിയത്. റബ്ബറിന്റെ ഉപയോഗം വര്‍ദ്ധിച്ചതോടെ സ്വാഭാവിക റബ്ബറിന്റെ കൃഷിയും കൃത്രിമ റബ്ബര്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും വ്യാപകമായി. ഒരു വ്യവസായത്തിന്റെ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കുന്ന വാണിജ്യ വിളയെന്ന നിലയില്‍ ഗവണ്‍മെന്റിന്റെ സംരക്ഷണം ഏറ്റവും കൂടൂതല്‍ ലഭിച്ചത് റബ്ബറിനാണ്. ഉല്പാദന വര്‍ദ്ധനവിന് വേണ്ട ഗവേഷണവും വിജ്ഞാന വ്യാപനവും വിപണന മാര്‍ഗ്ഗങ്ങളും പൂര്‍ണ്ണമായും പൊതുമേഖലയില്‍ തന്നെ നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍ ആഗോളവത്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ റബ്ബര്‍ ഉല്പാദനവും സംഭരണവും സംസ്കരണവും വന്‍തോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി. അതിനുശേഷം റബ്ബറിന്റെ വില തികഞ്ഞ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. സ്വാഭാവിക റബ്ബറിന്റെ വിലയില്‍ 2012 കാലത്തുണ്ടായ ഭീമമായ ഇടിവും, ഉല്പാദന ചെലവിലെ വര്‍ദ്ധനവും റബ്ബറിന്റെ ഉല്പാദനക്ഷമതയിലെ ഗണ്യമായ കുറവും റബ്ബര്‍ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. റബ്ബര്‍ വില നിരന്തരമായി കുറഞ്ഞതോടെ വലിയ തോട്ടങ്ങളും ചെറുകിട കൃഷിക്കാരും വീട്ടുപുരയിടത്തില്‍ കൃഷി ചെയ്യുന്നവരുമൊക്കെ പ്രയാസത്തിലായി. നിത്യവൃത്തിക്കായി റബ്ബര്‍ കൃഷി ചെയ്തിരുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വിലയിലെ അസ്ഥിരതയും ഉല്‍പാദനച്ചെലവിലെ വര്‍ദ്ധനവും ഒക്കെ വലിയ ആഘാതമാണുണ്ടാക്കിയത്.
റബ്ബര്‍ വിലയിടിവിന്റെ കാരണങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കിലും കര്‍ഷകരുടെ വരുമാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഒരു പരിധിവരെയെങ്കിലും ചെറുക്കാന്‍ കഴിയുന്ന വിധത്തില്‍ കാര്‍ഷികമുറകള്‍ രൂപപ്പെടുത്താവുന്നതാണ്. ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയുമാണ് നമുക്ക് പ്രാഥമികമായി ചെയ്യാവുന്നത്. റബ്ബര്‍ കൃഷിയുടെ ആരംഭത്തിലും പിന്നീടും റബ്ബറിനോടൊപ്പം മറ്റുവിളകള്‍ കൂടി കൃഷി ചെയ്യുന്ന രീതിയാണ് മറ്റൊരു സാദ്ധ്യത. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതും വിപണി സാദ്ധ്യതയുള്ളതുമായ ഇടവിളകള്‍ തിരഞ്ഞെടുത്ത് ശാസ്ക്രീയമായി കൃഷി ചെയ്താല്‍ റബ്ബറില്‍ നിന്ന് വരുമാനമില്ലാത്ത ആദ്യഘട്ടങ്ങളില്‍ കര്‍ഷകര്‍ക്ക് ആദായം ലഭിക്കുകയും മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിക്കുകയും ചെയ്യും. ഈ സാദ്ധ്യതയെക്കുറിച്ചാണ് ഇവിടെ സംക്ഷിപ്തമായി വിവരിക്കുന്നത്.
റബ്ബര്‍ നട്ടു കഴിഞ്ഞുള്ള ആദ്യ വര്‍ഷങ്ങളില്‍ കൃഷി സ്ഥലത്തു നിന്ന് വരുമാനമില്ലാതെയിരിക്കുന്ന അവസ്ഥ തരണം ചെയ്യാന്‍ ഒരു പരിധിവരെ ഇടവിളകൃഷി സഹായിക്കും. റബ്ബര്‍ കൃഷിയിടങ്ങളില്‍ നിന്ന് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിന് വര്‍ഷം മുഴുവന്‍ വിളവുതരുന്ന ഇടവിളകള്‍ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാവും നല്ലത്. റബ്ബര്‍ കൃഷിയുടെ ആദ്യ വര്‍ഷങ്ങളില്‍ ധാരാളം സൂര്യപ്രകാരം ലഭിക്കുന്നതു കൊണ്ട് റബ്ബര്‍ നടുമ്പോള്‍ തന്നെ ഹ്രസ്വകാല വിളകളും ദീര്‍ഘകാല വിളകളും ഇടവിളയായി നടാം.
തോട്ടവിളയില്‍ ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. റബ്ബറിന്റെ മാത്രമല്ല മറ്റ് തോട്ടവിളകളിലും സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മറ്റു വിളകള്‍ ഇടകലര്‍ത്തി കൃഷിചെയ്യുന്നത് ഇന്ത്യയിലെ പല ഭാഗങ്ങളിലും ആരംഭിച്ചിട്ടുണ്ട്. സാധാരണയായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, കൊക്കോ എന്നിവയാണ് റബ്ബര്‍ തോട്ടങ്ങളില്‍ കൃഷി ചെയ്യാറുള്ളത്. ഓരോ സ്ഥലത്തിനും യോജിച്ചതും വിപണന സാധ്യതയുള്ളതുമായ പച്ചക്കറികള്‍ റബ്ബര്‍ നട്ട് ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ മികച്ചരീതിയില്‍ കൃഷി ചെയ്യാം. റബ്ബറിന്റെ ഇല പൊഴിയുന്ന ജനുവരി , ഫെബ്രുവരി മാസങ്ങളില്‍ തോട്ടങ്ങളില്‍ കൂടുതല്‍ സൂര്യപ്രകാരം ലഭിക്കുന്നതുകൊണ്ട് കുറഞ്ഞ കാലയളവില്‍ ഫലം ലഭിക്കുന്ന ചീര, വെള്ളരി, എന്നിവ ചെറിയതോതില്‍ കൃഷി ചെയ്യാം.
ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളരുമ്പോഴും സാമാന്യം നല്ല ആദായം ലഭിക്കുന്നതുകൊണ്ട് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ റബ്ബര്‍ നട്ടതിനുശേഷം 3-4 വര്‍ഷങ്ങള്‍ വരെ കൃഷി ചെയ്യാന്‍ കഴിയും. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്ന മണ്ണിന് ഇളക്കം തട്ടാനുള്ള സാധ്യത കൂടുതല്‍ ഉള്ളതുകൊണ്ട് നിരപ്പുള്ളതോ ചെറിയ ചരിവുള്ളതോ ആയ പ്രദേശങ്ങളില്‍ മാത്രമേ ഇത് കൃഷി ചെയ്യാവൂ എന്ന് റബ്ബര്‍ ഗവേഷണ കേന്ദ്രം നിഷ്കര്‍ഷിക്കുന്നുണ്ട്.
റബ്ബര്‍ തോട്ടങ്ങളില്‍ ആദായകരമായി ഇടവിളകൃഷി ചെയ്യാവുന്നതാണ് വാഴയെന്നു സൂചിപ്പിച്ചുവല്ലോ. നിരപ്പുള്ളതും ചെറിയ ചരിവുള്ളതുമായ പ്രദേശങ്ങളില്‍ വാഴ കൃഷി ചെയ്യാം. റബ്ബര്‍ തോട്ടങ്ങളിലെ ഇടവിളകൃഷിക്ക് നേന്ത്രനാണ് ഏറ്റവും മികച്ചതെന്ന് റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. വാഴയോടൊപ്പം ആവരണ വിളകള്‍ വളര്‍ത്തുന്നത് മണ്ണില്‍ ധാരാളം ജൈവാംശം കലരുന്നതിന് സഹായിക്കുമെന്ന് റബ്ബര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഔഷധ സസ്യങ്ങളാണ് മറ്റൊരു സാധ്യത. ഇലച്ചാര്‍ത്തു മൂടിയ തോട്ടങ്ങളില്‍ പോലും ചില ഔഷധ സസ്യങ്ങള്‍ നന്നായി കൃഷി ചെയ്യാം. റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണങ്ങളില്‍ ആടലോടകം, കരിങ്കുറിഞ്ഞി, നീലക്കൊടുവേലി എന്നീ ഔഷധസസ്യങ്ങള്‍ മികച്ച വിളവു നല്‍കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലവര്‍ഷാരംഭത്തോടെ ഔഷധസസ്യങ്ങള്‍ നടാം. തോട്ടത്തിലെ ഇലയും മണ്ണും പരിശോധിച്ച് റബ്ബറിന് കൃത്യമായ വളപ്രയോഗവും മറ്റു പരിപാലന രീതികളും ഉറപ്പുവരുത്തണം.
റബ്ബറിന്റെ ഇടവിളയായി ലാഭകരമായി കൃഷി ചെയ്യാവുന്ന പ്രധാനപ്പെട്ട വിളയാണ് പൈനാപ്പിള്‍. മറ്റ് വിളകളെ അപേക്ഷിച്ച് കാലാവസ്ഥാ മാറ്റങ്ങളെ ഒരു പരിധിവരെ തരണം ചെയ്യാനുള്ള കഴിവും വിപണന സാധ്യതകളും പൈനാപ്പിളിനുണ്ട്. റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണങ്ങളില്‍ റബ്ബറിന്റെ ഉല്പാദനക്ഷമതയെ ബാധിക്കാതെ തന്നെ പൈനാപ്പിള്‍ കൃഷി ചെയ്യാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. റബ്ബര്‍ തൈകളില്‍ നിന്ന് ഏതാണ്ട് 1.5 മീറ്റര്‍ അകലം പാലിക്കുകയും ശാസ്ക്രീയമായ വളപ്രയോഗമുള്‍പ്പെടെയുള്ള വിളപരിപാലനം ഉറപ്പുവരുത്തുകയും ചെയ്താല്‍ മികച്ച രീതിയില്‍ പൈനാപ്പിള്‍ കൃഷി നടപ്പാക്കാന്‍ കഴിയും. റബ്ബര്‍തൈകളുടെ നിരകള്‍ക്കിടയില്‍ നെടുനീളത്തില്‍ ചാലുകള്‍ കീറി മൂന്നു മുതല്‍ നാലുവരെ പൈനാപ്പിള്‍ നടാം. ചരിവുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ മണ്ണിളക്കാതെ ശ്രദ്ധിക്കണമെന്ന് മാത്രം. അധികവളപ്രയോഗവും കളനാശിനിയുടെ അശാസ്ത്രീയമായ ഉപയോഗവും കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ഇതിനു പുറമേ ലാഭകരമായി കൃഷി ചെയ്യാവുന്നതാണ് ഇഞ്ചിയും മഞ്ഞളും. റബര്‍ തോട്ടങ്ങളില്‍ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഇവ കൃഷി ചെയ്യാം. നിരപ്പുള്ള പ്രദേശങ്ങളിലാണ് ഈ കൃഷി ശുപാര്‍ശ ചെയ്തിട്ടുള്ളത്.
മികച്ച വരുമാനം ഉറപ്പാക്കുന്ന വിളകളാണ് കൊക്കോ, കാപ്പി എന്നിവ. റബ്ബര്‍ മരങ്ങളുടെ വളര്‍ച്ചയെയും ഉല്പാദനത്തെയും ബാധിക്കാത്ത തരത്തില്‍ ഇവ കൃഷി ചെയ്യാവുന്നതാണ്. ടാപ്പു ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ കൊക്കോ കൃഷി ചെയ്യുന്നത് ആദായകരമാണെന്ന് കണ്ടിട്ടുണ്ട്. കൊക്കോ സംസ്കരണത്തിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും ഇപ്പോള്‍ സാദ്ധ്യതകള്‍ കൂടുതലാണ്. നിരവധി സംരംഭങ്ങള്‍ ഈ മേഖലയില്‍ ഉയര്‍ന്നു വരുന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ കൂടുതല്‍ ആദായം ലഭിക്കുന്നതുകൊണ്ട് റബ്ബറിന്റെ മികച്ച ഇടവിളയായി കൊക്കോയെ പ്രചരിപ്പിക്കാവുന്നതാണ്.
റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പ്രധാനമായി ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ അവ റബ്ബര്‍ കൃഷിയെ ബാധിക്കാതിരിക്കാന്‍ മരങ്ങളുടെ ചുവട്ടില്‍ നിന്നും ഒന്നര മീറ്ററെങ്കിലും അകലത്തിലേ കൃഷി ചെയ്യാവൂ. ഇടവിളകള്‍ക്ക് കാര്‍ഷികസര്‍വ്വകലാശാല ശുപാര്‍ശ ചെയ്തിരിക്കുന്ന ജൈവ-രാസവളങ്ങള്‍ നല്‍കാം. അമിത രാസവള പ്രയോഗം ഒഴിവാക്കേണ്ടതുമാണ്. ഇടവിളകള്‍ നടുമ്പോള്‍ മുഖ്യവിളയായ റബ്ബറിന്റെ നടീല്‍ രീതിയിലും ലഭ്യമായ സ്ഥലസൗകര്യവും പരിഗണിക്കണം. സാധാരണ രീതിയില്‍ സമചതുരാകൃതിയില്‍ തിരഞ്ഞെടുക്കുന്നതിനു പകരം ദീര്‍ഘചതുരാകൃതിയില്‍ തിരഞ്ഞെടുത്ത് തൈകള്‍ നട്ടാല്‍ നിരകള്‍ക്കിടയില്‍ പരമാവധി സ്ഥലവും സൂര്യപ്രകാശവും ലഭിക്കും. റബ്ബറിന്റെ വിളവെടുപ്പുവരെയുള്ള മുഴുവന്‍ കാലയളവിലും ഇടവിളകള്‍ കൃഷി ചെയ്യുന്ന നടീല്‍ രീതി റബ്ബര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ രീതിയനുസരിച്ച് റബ്ബര്‍ നിരകള്‍ ഒരു ജോഡിയായിട്ടാണ് നടുന്നത്. രണ്ടു ജോഡി നിരകള്‍ തമ്മില്‍ ഒന്‍പതു മീറ്റര്‍ അകലം പാലിക്കേണ്ടതുണ്ട്. ഒരു ജോഡിയില്‍പ്പെട്ട രണ്ടു നിരകള്‍ തമ്മില്‍ 5 മീറ്റര്‍ അകലവും നിരകളിലെ തൈകള്‍ തമ്മില്‍ 3.1 മീറ്റര്‍ അകലവും ഉണ്ടായിരിക്കണം. ഒരു ഹെക്ടറിന് 440 തൈകളാണ് ഇങ്ങനെ നടാന്‍ കഴിയുക. ഇങ്ങനെ നടുമ്പോള്‍ റബ്ബര്‍ തോട്ടങ്ങളില്‍ കൂടുതല്‍ ലാഭം ലഭിക്കും. ഈ നിരക്കുകളില്‍ റബ്ബറിന്റെ ആദ്യവര്‍ഷങ്ങളില്‍ പൂര്‍ണ്ണമായും ഇടവിളകള്‍ കൃഷി ചെയ്യാന്‍ കഴിയും.
റബ്ബര്‍ തോട്ടങ്ങളില്‍ നിന്നുള്ള വരുമാനം ലക്ഷ്യമാക്കി ചില രാജ്യങ്ങളില്‍ റബ്ബറിനോടൊപ്പം വനവൃക്ഷങ്ങള്‍ കൂടി വച്ചു പിടിപ്പിക്കുന്ന സമ്പ്രദായം പരീക്ഷിച്ചിട്ടുണ്ട്. വാണിജ്യമൂല്യമുള്ള വനവൃക്ഷങ്ങള്‍ കൂടി ഇടകലര്‍ത്തി നടുന്നത് റബ്ബര്‍ തോട്ടങ്ങളില്‍ വളര്‍ച്ചയ്ക്കനുകൂലമായ സൂക്ഷ്മ കാലാവസ്ഥ സൃഷ്ടിക്കും. ഈ വൃക്ഷങ്ങള്‍ മണ്ണില്‍ ജൈവാംശം ഉറപ്പാക്കുകയും സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. റബ്ബറിനെ ഗുരുതരമായി ബാധിക്കുന്ന വൈറ്റ് റൂട്ട് രോഗത്തിന്റെ വ്യാപനം തടയുന്നതിന് വനവൃക്ഷങ്ങള്‍ ഇടകലര്‍ത്തി നടുന്നത് സഹായകരമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സ്ഥിരമായി റബ്ബര്‍ മാത്രം കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ പോഷക ശോഷണവും രോഗ-കീടബാധയും തടയുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ പ്രതിരോധിക്കുന്നതിനും റബ്ബര്‍ തോട്ടങ്ങളിലെ വനവൃക്ഷ കൃഷി ഉപയോഗപ്പെടുമെന്ന് അഭിപ്രായമുണ്ട്.
റബ്ബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍ ഒന്നു മാത്രമാണ് വരുമാനം കഴിയുന്നത്ര വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇടവിളകൃഷി. പരമ്പരാഗത ഏകവിളകൃഷിക്കു പകരം വിവിധ വിളകള്‍ ഇടകലര്‍ത്തി കൃഷി ചെയ്യുന്ന രീതി റബ്ബറില്‍ എത്രത്തോളം വിജയിക്കുമെന്നതു സംബന്ധിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണ്. വിള വൈവിധ്യവല്‍ക്കരണം സംബന്ധിച്ച മാതൃകകള്‍ ഉരുത്തിരിഞ്ഞു വരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ശാസ്ത്രജ്ഞരും.
പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കൃഷി വകുപ്പുമായും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയും ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ♦