Tuesday, April 30, 2024

ad

Homeപ്രതികരണംസഹകരണ മേഖലയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം

സഹകരണ മേഖലയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം

പിണറായി വിജയൻ

സംഘടിത മേഖലയിൽ, സംഘടിത മേഖലയിൽ, കാര്‍ഷിക മേഖലയിൽ , നിര്‍മ്മാണ മേഖലയിൽ, വ്യവസായ മേഖലയിൽ, സേവന മേഖലയിൽ, എന്നിങ്ങനെ വിവിധ തലങ്ങളിലാണ് നമ്മുടെ നാട്ടിൽ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ നിലയ്ക്ക് കേരളീയരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും നിത്യസാന്നിധ്യമാണ് ജനകീയ സഹകരണ മേഖല.

വിവേചനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ചരിത്രമുള്ള നാടാണ് നമ്മുടേത്. ചെയ്ത ജോലിക്ക് കൂലിപോലും നൽകാത്ത അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും കാലം. ആ ഘട്ടത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ രൂപപ്പെട്ടുവന്നവയാണ് സഹകരണ സംഘങ്ങള്‍. ഈ നാട് ഇന്നത്തെ നിലയിലേക്ക് എത്തിച്ചേരുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ സഹകരണ സംഘങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങള്‍ രൂപപ്പെട്ടപ്പോള്‍ അതിനെതിരെ പ്രധാനമായും നിലകൊണ്ടത് ജന്മിത്വവും നാടുവാഴിത്തവുമാണ്. തൊഴിലാളികള്‍ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് എത്തിയാൽ കുറഞ്ഞ കൂലിയിൽ ജോലി ചെയ്യാന്‍ അവരെ കിട്ടില്ലെന്ന് പ്രമാണിമാര്‍ മനസ്സിലാക്കി. അതായിരുന്നു എതിര്‍പ്പിന്റെ കാരണം. നാടുവാഴിത്തം അവസാനിച്ചു, ജന്മിത്വവും അസാനിച്ചു. ജനാധിപത്യ ഭരണസംവിധാനങ്ങള്‍ വന്നു. എന്നാൽ , മുമ്പ് ജന്മിത്വത്തിനും നാടുവാഴിത്തത്തിനും ഒപ്പം നിന്നവര്‍ ജനാധിപത്യ സംവിധാനത്തിൽ അധികാരം കിട്ടിയപ്പോഴെല്ലാം സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതുമാണ് നാം കാണുന്നത്. അന്ന് ജന്മിത്വത്തിനു വേണ്ടി നിലകൊണ്ടവര്‍ ഇന്ന് കോര്‍പ്പറേറ്റുകള്‍ക്കായി നിലകൊള്ളുന്നു.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളോടുപോലും കിടപിടിക്കുന്ന തരത്തിലുള്ള നേട്ടങ്ങള്‍ ചില മേഖലകളിൽ കേരളത്തിനുണ്ടാക്കുന്നതിൽ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. ഇന്നിപ്പോള്‍, ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും സാമൂഹ്യസുരക്ഷയും ഉന്നത വിദ്യാഭ്യാസ പുരോഗതിയും ഉറപ്പാക്കി നമ്മുടെ നാട് സര്‍വ്വതലസ്പര്‍ശിയായ വികസനത്തിലേക്ക് കുതിക്കുകയാണ്. സഹകരണ മേഖലയും അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരു നാടിന്റെ വികസനത്തിനു വേണ്ടത് പ്രാദേശിക ഭരണസംവിധാനവും ഒരു വിദ്യാലയവും ഒരു സഹകരണ സംഘവുമാണെന്ന് ജവഹര്‍ലാൽ നെഹ്റു പറഞ്ഞതിനെ അതേ അര്‍ത്ഥത്തിൽ ഉള്‍ക്കൊണ്ട് സാധാരണക്കാര്‍ക്കു വേണ്ടി നിൽക്കുകയാണു കേരള സർക്കാർ.

അവശ്യഘട്ടങ്ങളിലെ കൈത്താങ്ങായി, ജനങ്ങളുടെ ജീവിതത്തിനു സാന്ത്വനം പകരുന്ന ഇടപെടലുകളാണ് സഹകരണ പ്രസ്ഥാനം നടത്തുന്നത്. ഇതു സാധാരണക്കാരായ ജനകോടികള്‍ അനുഭവിച്ചറിയുന്നുണ്ട്. എന്നാൽ, നാടിന്റെ വികസനത്തിന് വലിയ സംഭാവന നൽകുന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് നിര്‍ഭാഗ്യവശാൽ ദേശീയ തലത്തിൽത്തന്നെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ സഹകരണ പ്രസ്ഥാനം പോലെ ഇത്രയധികം വിപുലവും സജീവവുമായ ഒരു സഹകരണ സംവിധാനം രാജ്യത്ത് തന്നെ വേറെയില്ല. ശക്തമായ ബാങ്കിങ് മേഖലയ്ക്കൊപ്പം കയര്‍, കൈത്തറി, മത്സ്യ സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍ തുടങ്ങി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വലിയൊരു ശൃംഖലയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. സ്വാതന്ത്ര്യത്തിനു മുമ്പേതന്നെ ഇവിടെ വേരുറച്ച സഹകരണ പ്രസ്ഥാനം എന്നും കാലത്തിനു മുമ്പേതന്നെ മുന്നേറി.

വിത്തും വളവും വിതരണം ചെയ്യുന്ന തലങ്ങളിൽ തുടങ്ങി കാര്‍ഷിക മൂല്യവര്‍ധിത ഉൽപ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചും ഐ ടി മേഖലയിലെ പുതിയ വഴികളിലൂടെ മുന്നേറിയും ലോകോത്തര വന്‍കിട നിര്‍മ്മാണ കമ്പനികളോട് കിടപിടിച്ചും തലയുയര്‍ത്തി നിൽക്കുകയാണ് നമ്മുടെ സഹകരണ സ്ഥാപനങ്ങള്‍. ഈ മുന്നേറ്റങ്ങള്‍ക്കിടയിലും സാധാരണക്കാര്‍ക്കു കൈത്താങ്ങായി തുടരുന്നു. അതിവര്‍ഷവും പ്രളയവും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും ദുരിതങ്ങളും മുറിച്ചുകടക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിൽ സഹകരണ പ്രസ്ഥാനം മുന്‍നിരയിലുണ്ടായിരുന്നു. കെയര്‍ ഹോം പദ്ധതിയിലെ വീടുകള്‍ അടക്കം ആ ഇടപെടലിന് എത്രയോ സാക്ഷ്യപത്രങ്ങളുണ്ട്.

രണ്ടര ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും ഏതാണ്ട് അത്രതന്നെ വായ്പയുമുള്ള കേരളത്തിന്റെ സഹകരണ മേഖലയിൽ കോര്‍പ്പറേറ്റുകളുടെയും കേന്ദ്രത്തിന്റെയും കണ്ണ് പതിയാന്‍ തുടങ്ങിയിട്ട് കുറേ നാളായി. സഹകരണ പ്രസ്ഥാനത്തെ തകര്‍ത്താൽ കേരളത്തിന്റെ ഭദ്രമായ അടിത്തറകളിലൊന്ന് തകര്‍ക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഭരണവും സംഘപരിവാറും കരുതുന്നു. സഹകരണ പ്രസ്ഥാനത്തെ മുന്‍നിര്‍ത്തി പലരും നടത്തുന്ന വ്യാപകമായ കള്ളപ്രചാരണങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ളതാണ്. വസ്തുതകള്‍ മറച്ചുവച്ചാണ് പ്രചാരണം നടത്തുന്നത്. നിര്‍ഭാഗ്യകരമായ കാര്യം ഒരു സംഘം മാധ്യമങ്ങളും ഇതിനൊപ്പം നിലകൊള്ളുന്നു എന്നതാണ്.

ഏതു മേഖലയിലും എന്ന പോലെ സഹകരണ മേഖലയിലും മോശമായി പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളുണ്ട്. അത്തരം സംഘങ്ങളെ നന്നാക്കുന്നതിന് എന്തെല്ലാം ചെയ്യണമെന്ന് സഹകരണ നിയമത്തിലും ചട്ടങ്ങളിലും വ്യവസ്ഥയുണ്ട്. അത് നടപ്പാക്കികൊണ്ട് ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെ, വിട്ടുവീഴ്ചയില്ലാതെ, നിഷ്പക്ഷതയോടെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുത്തു. ഇക്കാര്യത്തിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരലംഭാവവും ഉണ്ടായിട്ടില്ല.

സഹകരണ വകുപ്പ് കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിച്ച കാര്യങ്ങളാണ് വീണ്ടും വാര്‍ത്തകളിൽ അതിശയോക്തി കലര്‍ത്തി വിവരിക്കുന്നത്. വീഴ്ച കാണിക്കുന്ന സംഘങ്ങളെ തിരുത്തി ജനങ്ങളുടെ പണം നഷ്ടപ്പെടാത്ത നിലയിൽ അതിനെ വീണ്ടും ബാങ്കിംഗ് രംഗത്ത് സജീവമാക്കുകയാണ് സഹകരണ രംഗത്തു സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാൽ, അതിനെ തമസ്-കരിച്ചുകൊണ്ട് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയാകെ തന്നെ തകര്‍ക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച കഥ മെനയുകയാണു പലരും. ഇത് ഈ മേഖലയെത്തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

കേരളത്തിലെ സഹകരണബാങ്കുകളുടെ ജനകീയാടിത്തറ വ്യക്തമാക്കുന്ന റിസര്‍വ് ബാങ്കിന്റെ ഒരു പഠനം 2013-ൽ പുറത്തുവന്നിരുന്നു. ഇന്നും അത് പ്രസക്തമാണ്. കേരളത്തിൽ സാധാരണക്കാര്‍ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വാണിജ്യ ബാങ്കുകളെക്കാള്‍ ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെയാണെന്ന് ഈ പഠനം പറയുന്നു. വാണിജ്യ ബാങ്കുകളിലെ സങ്കീര്‍ണമായ നടപടിക്രമങ്ങളും വായ്പ കിട്ടാനെടുക്കുന്ന കൂടിയ സമയവും ജനങ്ങളെ അവയിൽ നിന്ന് അകറ്റുന്നുവെന്നും അതുകൊണ്ട് വാണിജ്യ ബാങ്കുകളുടെ വായ്പാപദ്ധതികള്‍ ദരിദ്രരുടെയും ഇടത്തരക്കാരുടെയും ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തിൽ പുനഃക്രമീകരിക്കണമെന്നും ഈ പഠനം നിര്‍ദ്ദേശിക്കുന്നു. മാതൃകയായിട്ടാണ് കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയെ അത് ഉയര്‍ത്തിക്കാട്ടുന്നത്. ആ പഠന റിപ്പോര്‍ട്ട് ഇന്നും പ്രസക്തമാണ്.

നിക്ഷേപ തുകയുടെ സ്രോതസ് അന്വേഷിക്കാനുള്ള അധികാരം സഹകരണ ബാങ്കുകള്‍ക്കില്ല. വിവരങ്ങള്‍ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ് കള്ളപ്പണം തിരയാന്‍ എന്ന പേരിൽ സഹകരണ ബാങ്കുകളിലേക്ക് ചിലര്‍ ഇപ്പോള്‍ കടന്നുകയറുന്നത്.

സഹകരണ മേഖലയിലാകെ കള്ളപ്പണമാണ് എന്ന തെറ്റായ സന്ദേശം നൽകി ഈ മേഖല പടുത്തുയര്‍ത്തിയ വിശ്വാസത്തെ തകര്‍ക്കുകയാണ് ലക്ഷ്യം.

രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താൽപര്യക്കാര്‍ നടത്തുന്ന കുപ്രചരണമാണ് ഇപ്പോള്‍ ചില ഏജന്‍സികള്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ട് എന്ന് നോട്ടു നിരോധനകാലത്ത് ചിലര്‍ പറഞ്ഞല്ലൊ. അന്ന് കേന്ദ്ര ഏജന്‍സികള്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തല്ലൊ. എന്നിട്ടു കള്ളപ്പണം കിട്ടിയോ? ഒരു പ്രശ്നവും കണ്ടെത്താനായില്ല എന്നതല്ലേ സത്യം. രാജ്യത്തെ കള്ളപ്പണ ഇടപാടുകളെല്ലാം മറ്റു ചില നെറ്റ്-വര്‍ക്കുകളിലൂടെയാണു നടക്കുന്നതെന്ന യാഥാര്‍ഥ്യം വിവിധ ഏജന്‍സികള്‍ പുറത്തുകൊണ്ടുവന്നതാണ്. രാജ്യത്തിനു പുറത്തേയ്ക്കുപോകുന്ന ഈ കള്ളപ്പണം വെളുത്ത പണമാക്കി മറ്റു രാജ്യങ്ങളിലെ ബാങ്കുകളിലൂടെ കോര്‍പ്പറേറ്റുകളുടെ അക്കൗണ്ടുകളിലെത്തുന്നു എന്നാണ് ഈ ഏജന്‍സികള്‍ കണ്ടെത്തിയത്.

കരുത്തോടെ നിലകൊള്ളുന്ന സഹകരണ മേഖലയുടെ സാമ്പത്തികശേഷി കോര്‍പ്പറേറ്റുകള്‍ക്ക് അപഹരിക്കാന്‍ വഴിയൊരുക്കുകയാണ് സ്ഥാപിത താൽപര്യക്കാരുടെ ലക്ഷ്യം. സംസ്ഥാന വിഷയമായ സഹകരണം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള ഒരു പ്രത്യേക മന്ത്രാലയമാക്കിയതിനു പിന്നിൽ ഇത്തരം ഒട്ടേറെ അജന്‍ഡകളുണ്ട്. അതിന്റെ ഭാഗം തന്നെയാണു സഹകരണ മേഖലയിൽ നിയമനിര്‍മ്മാണം നടത്താനും റിസര്‍വ് ബാങ്കിനെക്കൊണ്ടടക്കം സഹകരണ ബാങ്കുകളെ വരിഞ്ഞുമുറുക്കാനും നടത്തുന്ന നീക്കങ്ങളും. ഒട്ടും ആലോചനയില്ലാതെ, അഥവാ ബോധപൂര്‍വമായ രാഷ്ട്രീയതാൽപ്പര്യത്തോടെ സംഘപരിവാറിന്റെ ഈ അജന്‍ഡകള്‍ക്ക് കൂട്ടുനിൽക്കുകയാണ് അന്വേഷണ ഏജന്‍സികളും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും. സഹകരണ മേഖലയോടുള്ള കരുതലല്ല, മറിച്ച് വിരോധമാണ് ഇതിനു പിന്നിലുള്ളത് എന്നതു വ്യക്തമാണ്. അത് കൂടുതൽ വ്യക്തമാകണമെങ്കിൽ രാജ്യത്തെ സമ്പദ്ഘടനയിലാകെ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് മനസ്സിലാക്കണം.

കഴിഞ്ഞ 8 വര്‍ഷക്കാലയളവിനുള്ളിലെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയാസ്തി 66.5 ലക്ഷം കോടിയോളം രൂപയാണ്. ഇതിൽ 14.5 ലക്ഷം കോടി രൂപ, അതായത് 25 ശതമാനത്തോളം, കേന്ദ്രം എഴുതിത്തള്ളി. ഇതൊക്കെ കേസ് നടത്തി തിരികെപ്പിടിക്കുമെന്നാണ് സംഘപരിവാറും കേന്ദ്ര സര്‍ക്കാരും അവകാശപ്പെടുന്നത്. ബാങ്കിംഗ് വെട്ടിപ്പ് നടത്തിയ 15 ശതമാനത്തോളം ആളുകള്‍ സംഘപരിവാറിന് ഫണ്ട് നൽകുന്ന വ്യവസായികളാണ്. ഇന്ത്യന്‍ ബാങ്കുകളെ കൊള്ളയടിച്ച് വിദേശത്തു പോയി രക്ഷപ്പെടാന്‍ പലര്‍ക്കും പഴുതു നൽകിയതിന്റെ ദൃഷ്ടാന്തങ്ങളും നമുക്കു മുമ്പിലുണ്ട്.

കുറച്ചുനാള്‍ മുമ്പാണ് ഒരു ഓണ്‍ലൈന്‍ മാസികയുടെ എഡിറ്ററായ സയ്ദ് മസ്റൂര്‍ ഹസ്സന്‍ കള്ളപ്പണം വെളിപ്പിക്കാനെന്ന വ്യാജേന ചില ന്യൂജനറേഷന്‍ ബാങ്കുകളെ സമീപിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹം തന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നത്. ഇത്തരത്തിൽ വലിയ തട്ടിപ്പുകള്‍ക്കു കൂട്ടുനിൽക്കുന്ന ബാങ്കുകളെയോ വ്യവസായികളെയോ ഇ ഡി പിടികൂടുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. എന്നാൽ, സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയുമാണ്. ഇതിനു പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് നാം മനസ്സിലാക്കണം. നോട്ടുനിരോധനത്തിന്റെ ഘട്ടത്തിൽ സഹകരണ ബാങ്കുകളോടു കാട്ടിയ വിവേചനവും തുടര്‍ന്നുള്ള ഘട്ടത്തിൽ സഹകരണ ബാങ്കുകള്‍ കള്ളപ്പണ കേന്ദ്രങ്ങളാണെന്നു നടത്തിയ പ്രചരണവുമടക്കം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

സംഘപരിവാറിന്റെ സഹകരണവിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആര്‍ എസ് എസ് കേരളത്തിൽ നടത്തിയ സഹകരണ മേഖലയിലെ ആദ്യ ആക്രമണം കണ്ണൂരിലെ ബീഡിത്തൊഴിലാളികളുടെ സഹകരണ നീക്കത്തിനെതിരെയായിരുന്നു. മാംഗ്ലൂര്‍ ഗണേശ് ബീഡി എന്ന സ്വകാര്യ സ്ഥാപനത്തിനു വേണ്ടിയായിരുന്നു അവര്‍ ഈ ദൗത്യം ഏറ്റെടുത്തത്. കേരളത്തിൽ വര്‍ഗീയ ആക്രമണത്തെ ചെറുത്ത ഒരു പാരമ്പര്യം കൂടി സഹകരണ പ്രസ്ഥാനത്തിനുണ്ടെന്നു പറയണം. കേരളത്തിലെ സഹകരണ മേഖലയോടുള്ള ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഈ വെറുപ്പാണ് ഇപ്പോള്‍ അധികാരം ലഭിച്ചപ്പോള്‍ കൂടുതൽ ആക്രമണോത്സുകമായി പുറത്തുചാടിയത്.

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ശുദ്ധമാക്കുകയാണ് എന്നാണ് ഒരു കൂട്ടര്‍ പറഞ്ഞു നടക്കുന്നത്. അവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അവരുടെ സഹകരണ പ്രേമത്തിന്റെ തെളിവ് നമുക്ക് മുന്നിലുണ്ട്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിന്‍റെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെയും അടിത്തറയിൽ നിന്നുകൊണ്ട് വളര്‍ന്ന സമ്പന്നമായ ഒരു സഹകരണ പ്രസ്ഥാന ശൃംഖലയായിരുന്നു ഗുജറാത്തിലുണ്ടായിരുന്നത്. അവിടെ ബി ജെ പിക്ക് അധികാരം കിട്ടിയതോടെ അവര്‍ സ്വീകരിച്ച സമീപനം സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നതായിരുന്നു. ബി ജെ പി ഭരണം തുടങ്ങുമ്പോള്‍ ഗുജറാത്തിലെ ധന ഇടപാടിന്റെ 65, -70 ശതമാനത്തോളം സഹകരണ മേഖലയിലായിരുന്നുവെങ്കിൽ ഇന്നത് 25 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് എടുത്ത ബോധപൂര്‍വ്വമായ ഇടപെടലാണ് ഈ അവസ്ഥയിലെത്തിച്ചത്. സഹകരണ മേഖലയിലുണ്ടായിരുന്ന 353 ബാങ്കുകളിൽ 40 എണ്ണത്തെ പാപ്പരാക്കി, 8 ബാങ്ക് അടച്ചുപൂട്ടി.

ബി ജെ പി നേതൃത്വം നൽകിയ ജില്ലാ ബാങ്കിന് സമാനമായ പഞ്ചമഹ ബാങ്ക് തകര്‍ന്നു. ഗുജറാത്തിലെ സഹകരണ മേഖലയിലുണ്ടായ ഇത്തരം പ്രശ്നങ്ങളിൽ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുപോലും കേസ് എടുക്കാനോ നടപടികള്‍ സ്വീകരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല, അവിടെ പരിശോധനയ്ക്കായി ഒരു ഇ ഡിയെയും അയച്ചതുമില്ല. ഇങ്ങനെ സഹകരണ പ്രസ്ഥാനത്തെ എന്നും തകര്‍ക്കാന്‍ ശ്രമിച്ചവരാണ് കേരളത്തെ കുറ്റപ്പെടുത്താനായി മുന്നോട്ടുവരുന്നത്. ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം സംശയരഹിതമാംവിധം വ്യക്തമാണ്. അതു സഹകരണ മേഖലയെ അപ്പാടെ തകര്‍ക്കലാണ്. അതിനെതിരെ ജാഗ്രത പാലിക്കണം. നമ്മുടെ സഹകരണ മേഖല കേരളത്തിന്റെയാകെ പൊതുസ്വത്താണ്. അതിനെ സംരക്ഷിക്കാന്‍ സഹകാരികള്‍ മാത്രമല്ല, കേരളമൊന്നാകെ ഒറ്റക്കെട്ടായി നിൽക്കണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × four =

Most Popular