Thursday, May 2, 2024

ad

Homeനിരീക്ഷണംഇന്ത്യയുടെ നിലനിൽപിന് ‘ഇന്ത്യ’ വേണം

ഇന്ത്യയുടെ നിലനിൽപിന് ‘ഇന്ത്യ’ വേണം

സി പി നാരായണൻ

ധ്യപ്രദേശിൽ ബിജെപി കഴിഞ്ഞ പതിനെട്ടേ മുക്കാൽ വർഷമായി ഭരണത്തിലാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെ കോൺഗ്രസ്സിനായിരുന്നു ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ, 15 മാസം കഴിഞ്ഞപ്പോൾ അമിത് ഷായുടെ നേതൃത്വത്തിൽ നരേന്ദ്രമോദിയുടെ പിൻബലത്തോടെ നടത്തപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ കൂട്ട കാലുമാറ്റത്തിലൂടെ ബിജെപി അവിടെ ഭരണം പിടിച്ചെടുത്തു. രണ്ടു പതിറ്റാണ്ടോളം ബിജെപി അവിടെ ഭരണം നടത്തിയതിന്റെ ആത്യന്തിക ഫലം, സാമൂഹ്യ–സാമ്പത്തികവളർച്ചയുടെ നിരവധി രംഗങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശ് കീഴ്-ത്തട്ടിൽ തുടരുന്നതാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ബിജെപിക്ക് അവിടത്തെ ജനങ്ങളെ വോട്ടിനുവേണ്ടി നേരിട്ട് സമീപിക്കാൻ കഴിയുന്നില്ല. 2005 മുതൽ ഇതേ വരെയായി (2018–20 കാലമൊഴിച്ച്) പതിനാറര വർഷക്കാലം അദ്ദേഹമായിരുന്നു മധ്യപ്രദേശ് ഭരണത്തിന്റെ അമരത്തിൽ. എന്നിട്ടും ആ സംസ്ഥാനത്തിന്റെ വോട്ടർമാരോട് ബിജെപിക്കു വേണ്ടി ഇത്തവണ വോട്ട് ചോദിക്കാൻ അദ്ദേഹത്തിനോ സഹപ്രവർത്തകർക്കോ കഴിയുന്നില്ല. ബിജെപി യോഗങ്ങളിലേക്ക് ആളുകൾ കാര്യമായി എത്തുന്നില്ല. അവരെ ആകർഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ആനയും അമ്പാരിയുമായി എത്തേണ്ടിവരുന്നു. മധ്യപ്രദേശിലെ ബിജെപിക്കുള്ള ജനപിന്തുണ എത്ര ശുഷ്-കമാണെന്നു ഇതിലധികം വെളിവാകാനില്ല.

ഇതാണ് ബിജെപിയുടെ സ്ഥിതി രാജ്യത്ത് മൊത്തത്തിൽ. സംസ്ഥാന തലത്തിലുള്ള നേതാക്കൾക്കൊന്നും ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ല. കാരണം അവർ ജനങ്ങൾക്കു വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണമോ അതിനുള്ള ആഹ്വാനമോ നടത്തുന്ന ബിജെപിക്ക് മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനമപ്പുറം അവർ അവകാശപ്പെടുന്ന രീതിയിൽ ഹിന്ദുക്കളെ ഒന്നിപ്പിക്കാനും കഴിയുന്നില്ല. കാരണം അവരുടെ ഭാഷയും ശെെലിയും സമീപനവുമെല്ലാം ഹിന്ദുക്കളിലെ പട്ടികവിഭാഗങ്ങൾക്കും മറ്റു പിന്നാക്കക്കാർക്കും എതിരാണ്. വേദങ്ങളും ഉപനിഷത്തുക്കളുമൊന്നും ഹിന്ദുക്കൾ എന്നു വിവരിക്കപ്പെടുന്ന എല്ലാവർക്കും ഒരുപോലെ വായിക്കാനോ മനസ്സിലാക്കാനോ കഴിയുമായിരുന്നില്ല. ബ്രിട്ടീഷ് വാഴ്ചയിൻകീഴിൽ ഇന്ത്യ വരികയും യൂറോപ്യന്മാർക്കും മറ്റും വേദങ്ങളും ഉപനിഷത്തുക്കളും ഗീതയുമെല്ലാം വായിക്കാനും പ്രസിദ്ധപ്പെടുത്താനും കഴിയുകയും ചെയ്തതോടെയാണ് ഹിന്ദുക്കളിലെ താഴെ തട്ടുകളിലുള്ളവർക്കു അവ ലഭ്യമായത്. ശ്രീനാരായണഗുരു തന്നെ ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചിരുന്നല്ലോ.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ബിജെപി നേതാക്കളിൽ ഹെെന്ദവബോധം ഉണരുക. കാരണം ഹിന്ദുക്കളുടെയെല്ലാം വോട്ട് അവർക്കു വേണം. അതില്ലാതെ ഭരണത്തിൽ തുടരാനാകില്ല. ജനങ്ങൾക്കു ചെയ്ത സേവനത്തിന്റെ പേരിൽ വോട്ട് അഭ്യർഥിക്കാൻ അവർക്ക് ധെെര്യമില്ല. അങ്ങനെ ലഭിക്കുമെന്ന പ്രതീക്ഷയും അവർക്കില്ല. കാരണം ഭരണകാലത്ത് മുഴുവൻ ബിജെപി രാജ്യത്തെയും വിദേശങ്ങളിലെയും കുത്തക മുതലാളിമാരുടെ വിനീതവിധേയരാണ്. അതുകൊണ്ടാണ് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനും സഹപ്രവർത്തകർക്കും ആത്മവിശ്വാസത്തോടെ ജനങ്ങളോട് വോട്ട് ചോദിക്കാൻ കഴിയാത്തത്. അതുകൊണ്ടാണ് പ്രധാനമന്ത്രി മോദിയെയും അമിത്ഷായെയും അവർ സംസ്ഥാനത്തുടനീളം എഴുന്നള്ളിക്കുന്നത്. അവർ അയോധ്യയിൽ രാമക്ഷേത്രം നിർമാണം ജനുവരിയിൽ പൂർത്തിയാക്കും എന്നതാണ് തങ്ങളുടെ നേട്ടമായി അവതരിപ്പിക്കുന്നത്.

ബിജെപി ഇവിടെ നടപ്പാക്കുന്നത് കോൺഗ്രസ് ഏഴു പതിറ്റാണ്ടുമുതൽ നടപ്പാക്കിയ പതിവാണ്. 1950കൾ മുതൽ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നെഹ്റുവിനെ കോൺഗ്രസ്സുകാർ എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുനടക്കുമായിരുന്നു. അദ്ദേഹം സ്വാതന്ത്ര്യസമരത്തിനു മഹാത്മാഗാന്ധിയോടൊപ്പം നേതൃത്വം നൽകിയ കോൺഗ്രസ് നേതാവായിരുന്നു. അതുകൊണ്ട് ജനങ്ങൾക്ക് നെഹ്റുവിനോട് പ്രത്യേക ആദരവും ആഭിമുഖ്യവും ഉണ്ടായിരുന്നു. ആ പതിവ് ഇന്ദിരാഗാന്ധി മുതൽക്കുള്ള പ്രധാനമന്ത്രിമാരും തുടർന്നിരുന്നു. പി വി നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴേക്ക് പ്രധാനമന്ത്രിമാർക്കുപോലും തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളെ ആകർഷിക്കാൻ കഴിയാതായിരുന്നു. ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രി ആയപ്പോൾ പിന്നെ പറയാനുമില്ല.

കോൺഗ്രസ്സിന്റെ ഇൗ പതിവാണ് ബിജെപി ഇപ്പോൾ പകർത്തുന്നത്. പക്ഷേ, മധ്യപ്രദേശ് ഉൾപ്പെടെ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ അതിനു മറ്റൊരു തരത്തിൽ പ്രത്യേക പ്രസക്തിയുണ്ട്. അവിടങ്ങളിൽ ഭരണത്തിലോ നേതൃത്വത്തിലോ ഇപ്പോഴുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനു ചെന്നപ്പോൾ കേൾക്കാൻ ജനം ചെന്നില്ല. സംസ്ഥാനത്തെ ബിജെപി ഭരണത്തിന്റെയോ കേന്ദ്ര സർക്കാരിന്റെ സമീപനമോ മികവോ നേട്ടങ്ങളോ അല്ല പ്രധാനമന്ത്രി ജനങ്ങളോട് വിശദീകരിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക-–വ്യാവസായിക–വ്യാപാരാദി രംഗത്തെ പ്രശ്നങ്ങൾ ഇവ സംബന്ധിച്ച് മോദി വാഴ്ചക്കോ ബിജെപി സംസ്ഥാന സർക്കാരുകൾക്കോ കാര്യമായ ഒരു നേട്ടവും അവതരിപ്പിക്കാനില്ല. ജീവിത പുരോഗതി സംബന്ധിച്ച് ജനങ്ങൾക്കാകെ പ്രതീക്ഷ നൽകുന്ന വാഗ്ദാനങ്ങളൊന്നും നൽകാനുമില്ല. പിന്നെ എന്താണ് പറയാനുള്ളത്? രാമക്ഷേത്ര നിർമാണം ഒരു വശത്ത്, ന്യൂനപക്ഷ വിദേ-്വഷം മറുവശത്ത്. ജനങ്ങൾക്ക് പ്രതീക്ഷ നൽകിയല്ല, ആശങ്കയും അനെെക്യവും സൃഷ്ടിച്ചാണ് അവരുടെ തിരഞ്ഞെടുപ്പു പ്രചരണവും വോട്ട് ചോദിക്കലും.

അവയിലൊക്കെ വീണുപോകുന്ന വിധത്തിലുള്ള സങ്കുചിതമായ മാനസികാവസ്ഥ ജനങ്ങളിൽ സൃഷ്ടിക്കാനും നിലനിർത്താനുമാണ് ആർഎസ്എസും ബിജെപിയും ഇക്കാലമത്രയും ശ്രമിച്ചിട്ടുള്ളത്. ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ പിന്നാക്കാവസ്ഥയിൽനിന്നു കരകയറ്റാം എന്നു വാഗ്ദാനമല്ല മോദിയുടെ നേതൃത്വത്തിൽ ബിജെപി വോട്ടർമാരുടെ മുന്നിൽ അവതരിപ്പിക്കുന്നത്; പകരം ജനങ്ങളിൽ ചില വിഭാഗങ്ങളോടുള്ള ശത്രുതാ മനോഭാവമാണ്. ഈ അജൻഡ വച്ച് സർക്കാർ പ്രവർത്തിച്ചാൽ എത്ര കാലം കഴിഞ്ഞാലും തങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് ആധുനിക മനുഷ്യരുടെ നിലവാരത്തിലേക്ക് ഉയരാൻ കഴിയുമെന്ന പ്രതീക്ഷ ജനങ്ങൾക്ക് ഉണ്ടാവില്ല. പലരും അവർക്ക് വോട്ടുചെയ്യാത്തത് ഈ തിരിച്ചറിവു കൊണ്ടാണ്.

ഭരണഘടന വിഭാവനം ചെയ്യുന്നത് സംസ്ഥാനങ്ങളുടെ യൂണിയൻ ആണ് ഇന്ത്യ എന്നാണ്. സംസ്ഥാനങ്ങൾ ചേർന്നതാണ് ഇന്ത്യ. മറിച്ച്, ഇന്ത്യ എന്ന രാഷ്ട്രത്തെ വിഭജിച്ച് ഉണ്ടാക്കിയതല്ല സംസ്ഥാനങ്ങൾ. അവയ്ക്കു രണ്ടിനും ഒന്നിച്ചേ നിലനിൽക്കാൻ കഴിയൂ. വേറിട്ടല്ല. അവയുടെ അധികാരപരിധിയും ഉത്തരവാദിത്തങ്ങളും പരസ്പരം വേർതിരിച്ച് ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനം വേറിട്ടുപോകാൻ തുനിയാത്ത വിധത്തിൽ അവയെ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ (ആശയത്തിന്റെയും) ഭാഗമാക്കിയിരിക്കുന്നു ഭരണഘടന. അങ്ങനെയാണ് ഓരോ സംസ്ഥാനത്തിന്റെയും ഭരണത്തലവനായി ഗവർണറെ നിയമിച്ചിരിക്കുന്നത്. ചരിത്രപരമായി ഇത് ബ്രിട്ടൻ പ്രവിശ്യകളിൽ നടപ്പാക്കിയ ഏർപ്പാടാണ്. അതേസമയം കേന്ദ്രത്തിൽ പ്രസിഡന്റ് പോലെ സംസ്ഥാനങ്ങളിൽ ഗവർണർമാരും അതത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു വേണം ഭരണപരമായ തീരുമാനങ്ങൾ കെെക്കൊള്ളാൻ. കേന്ദ്ര സർക്കാരിന്റെ ഉപദേശ പ്രകാരം പ്രസിഡന്റ് ആണ് ഗവർണറെ നിയമിക്കുന്നതെങ്കിൽ, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു വേണം അദ്ദേഹം പ്രവർത്തിക്കാൻ. ഭരണഘടനാവ്യവസ്ഥ ഇങ്ങനെ അധികാരസ്ഥാനങ്ങളെ കൂട്ടിയോജിപ്പിക്കുന്നു.

എന്നാൽ, മോദി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ഹിതാനുവർത്തികളെ ഗവർണർമാരായി നിയമിച്ച് സംസ്ഥാന ഭരണത്തിൽ ഇടങ്കോലിടാൻ നിയോഗിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് അന്യകക്ഷികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ. തൽഫലമായാണ് പഞ്ചാബ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ അതതിടത്തെ മന്ത്രിസഭയുടെ പ്രവർത്തനത്തെ തങ്ങളുടെ അധികാരം ഉപയോഗിച്ച് മരവിപ്പിക്കാൻ ശ്രമിക്കുന്നത്; നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ വർഷങ്ങളായി അവർ തടഞ്ഞുവച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗ്-ദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണറായിരിക്കെ ബിജെപിയുടേതല്ലാത്ത സംസ്ഥാന സർക്കാരുകളോട് മോശമായി പ്രവർത്തിക്കുന്നതിനു മറ്റു ഗവർണർമാർക്കെല്ലാം ഒരു മാതൃക സൃഷ്ടിച്ചിരുന്നു. അതാണ് ഇപ്പോൾ പഞ്ചാബ്, തെലങ്കാന, തമിഴ്നാട്, കേരളാ ഗവർണർമാർ തങ്ങളുടേതായ രീതിയിൽ പിന്തുടരാൻ ശ്രമിക്കുന്നത്.

ബിജെപി നേതാക്കളായ ഭരണാധികാരികൾ മേൽപ്പറഞ്ഞ തരത്തിൽ നടത്തുന്ന അധികാരവിനിയോഗം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യരീതിക്കോ ഭരണഘടനാ വ്യവസ്ഥകൾക്കോ നിരക്കുന്നതല്ല. ജനങ്ങളാണ് രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഗവർണറോ സംസ്ഥാന മുഖ്യമന്ത്രിയോ ഒന്നുമല്ല, യഥാർഥ അധികാരികൾ. ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അധികാരത്തിൽ വാഴിക്കുന്നത് ജനങ്ങളാണ്, വോട്ടർമാരാണ്. അവർ തങ്ങളുടെ ആജ്ഞാനുവർത്തികളാണ് എന്ന തെറ്റായ ധാരണ 1977 വരെ അധികാരത്തിലിരുന്ന കോൺഗ്രസ് നേതാക്കൾക്കുണ്ടായിരുന്നു. ജനങ്ങൾ അവരെ അധികാരത്തിൽനിന്ന് പുറത്താക്കിക്കൊണ്ട് അത് തിരുത്തി. തൽഫലമായാണ് മാളിക മുകളേറിയ മന്നന്മാരായിരുന്ന അവർ പിന്നീട് തോളിൽ മാറാപ്പേറ്റുന്നവരായി മാറിയത്. ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനാ വ്യവസ്ഥകൾ നിലനിൽക്കുന്ന കാലത്തോളം 1977ൽ കോൺഗ്രസ്സിനുണ്ടായ സ്ഥിതി ബിജെപി ഉൾപ്പെടെ മറ്റേതു പാർട്ടിക്കും നാളെ ഉണ്ടാകാം. അത് തടയാൻ ഉദ്ദേശിച്ചുകൊണ്ടാണ് ബിജെപി അതിന്റെ സർക്കാരിനെക്കൊണ്ട് പല കാര്യങ്ങളും ചെയ്തിരുന്നത്. ഇക്കാര്യം ജനങ്ങൾക്കു ബോധ്യപ്പെട്ടു വരികയാണ്.

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഉന്നം വച്ചാണ് ബിജെപി സർക്കാർ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തെ ഇപ്പോൾ പ്രയോഗിക്കുന്നത്. അതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയും അതുമായി കൂട്ടുകെട്ടിലുള്ള പാർട്ടികളും ഒഴിച്ചുള്ളവർക്കെതിരായി കേന്ദ്ര സർക്കാർ ഇഡിയെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. ഇതിന്റെ ഉദ്ദേശ്യം കള്ളപ്പണം തടയലല്ല, ബിജെപിക്ക് എതിരായി പ്രവർത്തിക്കുന്ന പാർട്ടികളുടെ നേതാക്കളെ അതിന്റെ വരുതിയിൽ ആക്കുകയാണ് എന്നു ഏതൊരാൾക്കും സ്പഷ്ടം. പല സംസ്ഥാന തിരഞ്ഞെടുപ്പുകളും തുടർന്നു ലോക്-സഭാ തിരഞ്ഞെടുപ്പും ആസന്നമായ വേളയിലാണ് ഇഡിയെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. അതിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യവും വെെരനിര്യാതന ബുദ്ധിയും അധികാരികൾ പ്രയോഗിച്ചിരിക്കുന്നത് തെളിഞ്ഞു കാണാം. മുമ്പൊന്നും ഇല്ലാത്ത രീതിയിൽ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പല പഴയ കേസുകളും കുത്തിപ്പൊക്കുന്നതിന്റെ പിന്നിലും പ്രവർത്തിക്കുന്നത് ഈ ചിന്താഗതി തന്നെ.

മോദി അഖിലേന്ത്യാ തലത്തിൽ മൂടിചൂടാമന്നനായി വിരാജിക്കാനാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ തകർച്ച തുടർഭരണം നേടുക എളുപ്പമാണെന്ന പ്രതീക്ഷ അവരിൽ ഉയർത്തി. അങ്ങനെ 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിലും അതിനുമുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും ‘ഈസി വാക്കോവർ’ പ്രതീക്ഷിച്ചിരിക്കെയാണ് അവരുടെ മുമ്പാകെ ‘ഇന്ത്യ’ എന്ന പേരിലുള്ള പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഉടലെടുക്കാൻ തുടങ്ങിയത്. അത് സംഭവിച്ചാൽ ലോക്-സഭയിൽ ബിജെപി വെറും ന്യൂനപക്ഷമല്ല, ചെറുന്യൂനപക്ഷമാകും എന്ന ചുമരെഴുത്ത് അതിന്റെ നേതാക്കൾ മുൻകൂട്ടി വായിച്ചു കഴിഞ്ഞു. ആ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നത് തടയാനാണ് ബിജെപി–ആർഎസ്എസ് നേതൃത്വങ്ങൾ കൊണ്ടുപിടിച്ചുശ്രമിക്കുന്നത്.

എന്നാൽ, ബിജെപിക്ക് ഇത്തവണ ലോക്-സഭയിൽ ഭൂരിപക്ഷം നേടി തുടർഭരണത്തിൽ എത്താൻ കഴിഞ്ഞാൽ അത് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മക്കു മാത്രമല്ല, അവയിൽ പലതിന്റെയും നിലനിൽപ്പിനുതന്നെ ആപത്താകും എന്ന് അവയുടെ നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. അതിലുപരി തങ്ങളുടെ ആത്യന്തികാധികാരത്തിന്റെ അന്ത്യമാകും എന്നു ജനങ്ങളും തിരിച്ചറിയുന്നു. മതനിരപേക്ഷതയും ജനാധിപത്യവും ഇവിടെ ഇല്ലാതാകും. സ്വാതന്ത്ര്യസമരത്തിലൂടെ അതിനു നേതൃത്വം നൽകിയ പ്രസ്ഥാനം മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ധാർമിക മൂല്യങ്ങളും ജനാധിപത്യമൂല്യങ്ങളും ആകെ തകർക്കപ്പെടും. അത്, എല്ലാ വിധത്തിലും മോശപ്പെട്ട മറ്റൊരു ഇന്ത്യ സ്ഥാപിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം എന്ന തിരിച്ചറിവ് രാഷ്ട്രീയ നേതാക്കൾ മാത്രമല്ല ജനസാമാന്യവും പങ്കുവയ്ക്കുന്നു എന്നത് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഭാവിക്ക് ഒരു ഗാരണ്ടിയാണ് നൽകുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 4 =

Most Popular