Saturday, November 23, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബീഹാറിലെ ജാതിസർവേയിലെ കണ്ടെത്തലുകൾ

ബീഹാറിലെ ജാതിസർവേയിലെ കണ്ടെത്തലുകൾ

കെ ആർ മായ

ബീഹാർ സർക്കാർ പുറത്തുവിട്ട ജാതിയെ അടിസ്ഥാനമാക്കിയുള്ള സർവെ സംസ്ഥാനത്തെ സാമൂഹ്യ- സാമ്പത്തിക നില സംബന്ധിച്ച ഗൗരവമേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ ജാതി സെൻസസ് നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടി വിൽചൂണ്ടുകയാണ് ബീഹാർ ജാതി സർവേ. ഇന്ത്യയിൽ രോഗാതുര സംസ്ഥാനങ്ങൾ (ബീമാരു സ്റ്റേറ്റ്സ്) എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിലോന്നാണ് ബീഹാർ. ആ രോഗാതുരതയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ജാതി സർവെ അടിവരയിടുന്നു.

ജാതിതിരിച്ചുള്ള സാമൂഹിക – സാമ്പത്തിക വിദ്യാഭ്യാസ ഡാറ്റ സഭയുടെ മേശപ്പുറത്ത് വച്ച ഉടൻതന്നെ സംസ്ഥാനത്തെ ഒബിസി സംവരണം 65% ആയി ഉയർത്താൻ ബീഹാർ സർക്കാർ തീരുമാനിക്കുകയാണുണ്ടായത്. സുപ്രീംകോടതി നിശ്ചയിച്ചിരുന്ന 50% സംവരണത്തിന്റെ പരിധി മറികടന്നാണിത്. സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തികനില അടിയന്തിരമായും ഇത്തരമൊരു ഇടപെടൽ നടത്തുന്നതിന് നിതീഷ് സർക്കാരിനെ നിർബന്ധിതമാക്കിയിരിക്കുകയാണ്.

ജാതി സർവേയിലെ കണ്ടെത്തലുകൾ ഇവയാണ് ബീഹാറിൽ നിലവിലെ ജനസംഖ്യ 13.07 കോടിയാണ്. 2.76 ലക്ഷം കുടുംബങ്ങളുള്ളതിൽ 94 ലക്ഷം (34.133%) കുംടുബങ്ങളുടെ പ്രതിമാസവരുമാനം 6000 രൂപയിൽ താഴെ മാത്രമാണ്. ഈ കുടുംബങ്ങളുടെ പ്രതിദിന വരുമാനം 200 രൂപയോ അതിൽതാഴെയോ ആണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 19.65% വരുന്ന പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളിൽ 42.93% ദരിദ്രരാണ്. 1.68 % വരുന്ന പട്ടികവർഗങ്ങളിൽ 42.7%വും ദരിദ്രരാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 27.13% ഒബിസി വിഭാഗങ്ങളും 36.01% ഇബിസി വിഭാഗങ്ങളുമാണ്. ഒബിസി വിഭാഗങ്ങളിൽ 33.16% കുടുംബങ്ങളും ഇബിസി (വളരെ പിന്നോക്കവിഭാഗങ്ങൾ) വിഭാഗങ്ങളിൽ 33.58% കുടുംബങ്ങളും ദരിദ്രരാണ്.

13.07 കോടി ജനങ്ങളുള്ളതിൽ 20.47 ലക്ഷം പേർക്കുമാത്രമാണ് സർക്കാർ ജോലിയുള്ളത്. ഉയർന്ന ജാതിക്കാർ മൊത്തം ജനസംഖ്യയുടെ 15% മാത്രമേയുള്ളൂവെങ്കിലും സർക്കാർ ജോലികളിൽ കൂടുതൽ പ്രാതിനിധ്യം ഇവർക്കാണ്- 6.41 ലക്ഷംപേർ ഇത് ഒബിസി വിഭാഗങ്ങളിൽ 6.21 ലക്ഷവും ഇബിസി വിഭാഗത്തിൽ 4.61 ലക്ഷവുമാണ്. പട്ടികജാതിയിൽപെട്ടവർ 2.91 ലക്ഷവും പട്ടികവർഗത്തിലുള്ളവർ 30,164 ലക്ഷവുമാണ്.

വിദ്യാഭ്യാസ രംഗത്തും പിന്നോക്കവിഭാഗങ്ങൾ ഏറെ പിന്നിലാണ്. ഉയർന്ന ജാതിക്കാരിൽ 13.41% പേരാണ് ബിരുദധാരികളെങ്കിൽ ഒബിസി വിഭാഗത്തിൽ 6.77% മാത്രമാണ് ബിരുദം നേടിയവർ. ഇബിസി വിഭാഗത്തിൽ 4.27 ശതമാനവും പട്ടികജാതിക്കാരിൽ 3.05%വും പേർ മാത്രമേ ബിരുദധാരികളായുള്ളൂ. സാക്ഷരതാനിരക്ക് 2011 ലെ സെൻസസ് പ്രകാരം 79.8% ആയിരുന്നത് 2023 ൽ 69.8% ആയി കുറഞ്ഞു.

കുറഞ്ഞ വേതനമുള്ള ജോലികൾക്കായി കുടിയേറ്റം നടത്തുന്ന തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ബീഹാറാണ്. 46 ലക്ഷം പേരാണ് ഇങ്ങനെ ഉപജീവനം കണ്ടെത്തുന്നത്. 5.52 ലക്ഷം പേരാണ് പഠനത്തിനായി സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്നത്. 13.7 കോടി ജനങ്ങളുള്ളതിൽ 12.48 കോടി പേർക്കും സ്വന്തമായി വാഹനമില്ല. ഏകദേശം 3.8% പേർക്കു മാത്രമാണ് ഇരുചക്രവാഹനമുള്ളത്. 0.11% പേർക്കു മാത്രമേ നാലുചക്രവാഹനമുള്ളൂ.

ബിഹാർ സംസ്ഥാനം രൂപംകൊണ്ടതുമുതൽ മാറിമാറി വന്ന കോൺഗ്രസ് സർക്കാരുകൾ ഒന്നും തന്നെ ഇന്ത്യയിൽ ജനസംഖ്യയിൽ 3-ാം സ്ഥാനത്തു നിൽക്കുന്ന, ഏറ്റവും കൂടുതൽ ദരിദ്രരുള്ള ഈ സംസ്ഥാനത്തെ കൈപിടിച്ചുയർത്തുന്നതിനായി യാതൊന്നും ചെയ്തിട്ടില്ല. കഴിഞ്ഞ 9 വർഷത്തെ മോഡി വാഴ്ചയിൻ കീഴിലും രാജ്യം പുരോഗതിയിലേക്കെന്നു വീമ്പടിക്കുമ്പോഴും ബിഹാർ സംസ്ഥാനം പിന്നോക്കം പോവുകയാണുണ്ടായത് എന്നാണ് ജാതിസർവേയിലെ കണ്ടെത്തലുകൾ വെളിവാക്കുന്നത്. പുരോഗതി സമ്പന്നർക്കുമാത്രവും അടിസ്ഥാനജനവിഭാഗത്തിന് ഇപ്പോഴും തുടരുന്ന ദാരിദ്ര്യവും സാമൂഹ്യമായ പിന്നോക്കാവസ്ഥയുമാണ് മോദിഗവൺമെന്റിനു കീഴിൽ എന്നത് ഒന്നുകൂടി അടിവരയിടുന്നതാണ് ബീഹാർ ജാതി സർവേ.

ബിഹാറിലെ ജാതിസർവേ പുറത്തുവരികയും സംസ്ഥാനത്തെ വലിയവോട്ടുവിഹിതമുള്ള പിന്നോക്കവിഭാഗങ്ങൾക്കുള്ള സംവരണം 65 ശതമാനമാക്കി നിതീഷ് സർക്കാർ ഉയർത്തുകയും ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് സർക്കാരുകളും ജാതി സെൻസസിനായി ഇറങ്ങിപ്പുറപ്പെടുകയാണ്. ഇത് ഭൂരിപക്ഷംവരുന്ന പിന്നോക്ക വിഭാഗത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യം വെച്ചുകൊണ്ടാണെന്നു വ്യക്തം.

എന്തായാലും ബിഹാറിലെ ജാതിസർവേ ഇന്ത്യയിലെ പിന്നോക്കവിഭാഗങ്ങൾ നേരിടുന്ന പരിതാപകരമായ അവസ്ഥയുടെ ഒരു പരിച്ഛേദമാണ്. 10 വർഷംകൂടുമ്പോൾ നടത്തേണ്ട രാജ്യത്തിന്റെ സെൻസസുപോലും നടത്തുന്നതിൽനിന്നും മോഡിഗവൺമെന്റ് ഒഴിഞ്ഞുമാറുകയാണ്. സെൻസസ് നടത്തിയാൽ ഇന്ത്യയുടെ യഥാർഥ ചിത്രം ലോകത്തിനു മുമ്പിൽ വെളിവാക്കും. അത് വിശ്വഗുരുവിന്റെ ഊതിവീർപ്പിച്ച 56 ഇഞ്ചിനെ സോപ്പുകുമിളപോലെ പൊട്ടിത്തകർക്കുമെന്നറിയാവുന്നതിനാലാണ്. ലോകത്തിനു മുന്നിൽ കെട്ടിപ്പൊക്കിയിരിക്കുന്ന ഇന്ത്യയല്ല യഥാർഥ ഇന്ത്യ എന്നു തുറന്നുകാട്ടപ്പെടുമെന്നതിനാലാണ് അടുത്ത തിരഞ്ഞെടുപ്പുവരെയെങ്കിലും സെൻസസ് നീട്ടിക്കൊണ്ടു പോകാൻ നോക്കുന്നത്. ക്ഷേമാനുകൂല്യങ്ങളുടെ ശാസ്ത്രീയമായ വിതരണത്തിനും അതുവഴിയുള്ള സമഗ്രമായ സാമൂഹ്യപുരോഗതിയ്ക്കും ജാതിസെൻസസും സെൻസസും ആവശ്യമാണ്. ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ആത്യന്തികമായും തടയുകയാണ് മോദി സർക്കാർ സെൻസസ് നിരാകരിക്കുന്നതിലൂടെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − 6 =

Most Popular