Saturday, May 11, 2024

ad

Homeഇവർ നയിച്ചവർഎം ജിനദേവൻ: ഇടുക്കിയിലെ അതുല്യ സംഘാടകൻ

എം ജിനദേവൻ: ഇടുക്കിയിലെ അതുല്യ സംഘാടകൻ

ഗിരീഷ്‌ ചേനപ്പാടി

ടുക്കി ജില്ലയിലൊട്ടാകെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്‌ എം ജിനദേവൻ. അകാലത്തിൽ അന്തരിച്ച അദ്ദേഹത്തിന്റെ നാലര പതിറ്റാണ്ടോളം കാലത്തെ പൊതുജീവിതം മാതൃകാപരമായിരുന്നു. എന്നും സാധാരണക്കാരുടെ, വിശേഷിച്ച്‌ തോട്ടംതൊഴിലാളികളുടെ താൽപര്യങ്ങൾക്കൊപ്പം നിന്ന ജിനദേവൻ, അവകാശ സമരപോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ടായിരുന്നു.

തൊടുപുഴ നടുക്കണ്ടത്തിൽ നീലിയാനിക്കുന്നേൽ മാധവന്റെയും പാപ്പിയുടെയും മകനായി 1937 ഒക്ടോബർ 28ന്‌ എം ജിനദേവൻ ജനിച്ചു. കുട്ടിക്കാലം മുതൽ തൊഴിലാളിവർഗ പ്രസ്ഥാനത്തോട്‌ ആവേശവും ആദരവും പുലർത്തിയ അദ്ദേഹം ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ വിദ്യാർഥി ഫെഡറേഷന്റെ സജീവ പ്രവർത്തകനായി മാറി. പന്ത്രണ്ടാം വയസ്സിൽ എസ്‌എഫിൽ അംഗമായ ജിനദേവൻ കൗമാരപ്രായത്തിൽ തന്നെ മികച്ച സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായി.

ഭീകരമായ മർദനത്തിൽ രക്തസാക്ഷിയായ കെ എസ്‌ കൃഷ്‌ണപിള്ളയ്‌ക്കൊപ്പം തൊടുപുഴ താലൂക്കിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സമർപ്പണ മനോഭാവത്തോടെയുള്ള ജിനദേവന്റെ പ്രവർത്തനങ്ങൾ ആരിലും ആദരവും ആവേശവും ഉളവാക്കുന്നതായിരുന്നുവെന്ന്‌ സമകാലികർ പലരും വ്യക്തമാക്കിയിട്ടുണ്ട്‌.

ഇടുക്കി ജില്ലയിലെ പഴയകാല സഖാക്കൾ

അസംഘടിതരായ തൊഴിലാളികൾ അനുഭവിക്കുന്ന യാതനകൾ കണ്ടും അനുഭവിച്ചും വളർന്ന ജിനദേവന്‌ അവരെ സംഘടിപ്പിക്കുക എന്നത്‌ ജീവിതവൃതമായിരുന്നു; അവരെ അവകാശ സമരപോരാട്ടത്തിലേക്ക്‌ നയിക്കുക എന്നത്‌ പരമപ്രധാനമായിരുന്നു. തോട്ടംതൊഴിലാളികളെയും ബീഡിതൊഴിലാളികളെയും ചെത്തുതൊഴിലാളികളെയും മദ്യവ്യവസായ തൊഴിലാളികളെയും കൺസ്‌ട്രക്‌ഷൻ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്‌തു.

1972 വരെ തൊടുപുഴ താലൂക്ക്‌ എറണാകുളം ജില്ലയുടെ ഭാഗമായിരുന്നു. മേൽപറഞ്ഞ യൂണിനുകളുടെ എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ഭാരവാഹിയായിരുന്നു അദ്ദേഹം. എഐടിയുസിയുടെ എണ്ണംപറഞ്ഞ നേതാക്കളിലൊരാളായിരുന്നു. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടതോടെ സിഐടിയുവിന്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാക്കളിലൊരാളായി മാറി.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്ന അദ്ദേഹം തൊടുപുഴ താലൂക്കിൽ സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ നിസ്‌തുലമായ സംഭാവനയാണ്‌ ചെയ്‌തത്‌. നിരവധി യൂണിയനുകളുടെ ഭാരാവാഹിയായിരുന്ന അദ്ദേഹത്തിന്‌ തൊഴിലാളികളിൽ ഭൂരിപക്ഷത്തെയും സിപിഐ എമ്മിനൊപ്പം നിർത്താൻ കഴിഞ്ഞു. അന്നത്തെ പാർട്ടി അംഗങ്ങളിൽ മഹാഭൂരിപക്ഷത്തെയും നേരിട്ടുകണ്ട്‌ ശരിയായ നിലപാടെടുപ്പിക്കുന്നതിലും അദ്ദേഹത്തിന്‌ സാധിച്ചു.

ദീർഘകാലം സിപിഐ എം തൊടുപുഴ താലൂക്ക്‌ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ ജിനദേവൻ മികച്ച പ്രവർത്തനമാണ്‌ കാഴ്‌ചവെച്ചതെന്ന്‌ അന്ന്‌ പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എം എം ലോറൻസ്‌ അനുസ്‌മരിച്ചിട്ടുണ്ട്‌. ജിനദേവൻ മികച്ച സംഘാടകനും അപാരമായ ശേഷിയുള്ള ട്രേഡ്‌ യൂണിയൻ നേതാവുമായിരുന്നുവെന്ന്‌ എം എം ലോറൻസ്‌ അനുസ്‌മരിക്കുന്നു.

1972ൽ എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും കോട്ടയം ജില്ലയുടെ ഭാഗമായ പീരുമേട്‌, ഉടുന്പൻചോല, ദേവികുളം, ഇടുക്കി എന്നീ താലൂക്കുകൾ ഉൾപ്പെട്ട കോട്ടയം ജില്ലയുടെ ഭാഗങ്ങളും ചേർന്നാണ്‌ ഇടുക്കി ജില്ല സർക്കാർ രൂപീകരിച്ചത്‌. ഇടുക്കി ജില്ല രൂപീകരിക്കപ്പെട്ടതോടെ സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും ജില്ലയിലെ പ്രധാന നേതാക്കളിലൊരാളായി ജിനദേവൻ മാറി. സിഐടിയുവിന്റെ ജില്ലയിലെ ആദ്യ സെക്രട്ടറി ജിനദേവനായിരുന്നു.

സിഐടിയു ഇടുക്കി ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ജിനദേവൻ ഈ കാലയളവിൽ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്നു. പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ ആദ്യകാലം മുതലുള്ള നേതാവായ അദ്ദേഹം ദീർഘകാലം അതിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. തോട്ടംതൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലും മാനേജ്‌മെന്റുകളുടെ ഭീഷണികളെ ചെറുത്തുതോൽപിക്കുന്നതിലും നിർണായകമായ പങ്കാണ്‌ ജിനദേവൻ വഹിച്ചത്‌.

തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ സഹകരണപ്രസ്ഥാനത്തിന്‌ നല്ല നിലയിൽ ഇടപടാൻ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞ നേതാവാണ്‌ ജിനദേവൻ. അതുകൊണ്ടുതന്നെ ഇടുക്കി ജില്ലയിൽ നിരവധി സഹകരണസംഘങ്ങൾ കെട്ടിപ്പടുക്കുന്നതിന്‌ അദ്ദേഹം മുൻനിന്ന്‌ പ്രവർത്തിച്ചു. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത്‌ അദ്ദേഹം മികച്ച പ്രവർത്തനമാണ്‌ കാഴ്‌ചവെച്ചത്‌. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്‌ പല പ്രദേശങ്ങളിലും പുതിയതായി ബ്രാഞ്ചുകൾ ഉണ്ടാക്കാൻ സമർപ്പണമനോഭാവത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചു.

ഭൂവിസ്‌തൃതി ഏറെയുള്ള, ജനസാന്ദ്രത കുറഞ്ഞ ഇടുക്കി ജില്ലയിൽ പാർട്ടിക്കും ബഹുജനസംഘടനകളും സഹകരണപ്രസ്ഥാനവും കെട്ടിപ്പടുക്കുക എന്നത്‌ വളരെ ശ്രമകരമായ ദൗത്യമാണ്‌. എന്നാൽ അത്തരം പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തികൊണ്ട്‌ മറികടന്ന നേതാവായിരുന്നു എം ജിനദേവൻ.

1982ൽ ഉടുന്പൻചോലയിൽനിന്ന്‌ നിമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ജിനദേവൻ മികച്ച സാമാജികനെന്ന്‌ വളരെവേഗം തെളിയിച്ചു. ഉടുന്പൻചോല മണ്ഡലത്തെ പ്രതിനിധീകരിച്ച ആദ്യ സിപിഐ എം പ്രതിനിധി ജിനദേവനായിരുന്നു. തോട്ടംതൊഴിലാളികൾക്ക്‌ നിർണായകമായ മേൽക്കൈയുള്ള മണ്ഡലമാണ്‌ ഉടുന്പൻചോല. തങ്ങളുടെ പ്രിയ നേതാവിന്‌ തോട്ടംതൊഴിലാളികൾ നൽകിയ സ്‌നേഹസമ്മാനമായിരുന്നു ആ വിജയം. മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിച്ച ജിനദേവൻ അതുവരെ മണ്ഡലം കണ്ടിട്ടില്ലാത്ത പല വികസനപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

1982ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജിനദേവൻ പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്‌. മരിക്കുന്നതുവരെ അദ്ദേഹം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു; സിഐടിയു സംസ്ഥാന ഭാരവാഹിയുമായിരുന്നു.

1994 ജൂൺ 12ന്‌ എം ജിനദേവൻ ഓർമയായി. എം കെ പത്മാവതിയാണ്‌ ജീവിതപങ്കാളി. ഡോ. അനൂപ്‌, ഡോ. രൂപാ ഉണ്ണിക്കൃഷ്‌ണൻ, ദീപ മോഹനൻ എന്നിവർ മക്കൾ.

എം ജിനദേവന്റെ സ്‌മരണ നിലനിർത്താനായി തൊടുപുഴ ആസ്ഥാനമായി എം ജിനദേവൻ സ്‌മാരക ട്രസ്റ്റ്‌ പ്രവർത്തിക്കുന്നു. സഖാവിന്റെ മക്കളും മരുമക്കളും മറ്റു കുടുംബാംഗങ്ങളുമാണ്‌ ട്രസ്റ്റിലെ അംഗങ്ങൾ. ട്രസ്റ്റ്‌ രൂപീകരിക്കപ്പെട്ട കാലംമുതൽ സിപിഐ എമ്മിന്റെയും ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ്‌ അനുസ്‌മരണസമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്‌.

എം ജിനദേവന്റെ പേരിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പും ചികിത്സാ സഹായവും മറ്റു സഹായങ്ങളും ട്രസ്റ്റ്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌. അവയുടെ വിതരണവും അനുസ്‌മരണസമ്മേളനത്തോടൊപ്പം എല്ലാവർഷവും നടത്തിവരുന്നു. പാലിയേറ്റീവ്‌ കെയർ ഉൾപ്പെടെയുള്ള മറ്റു മേഖലകളിലേക്കു പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ട്രസ്റ്റ്‌ തയ്യാറെടുക്കുകയാണെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ എം ജിനദേവൻ സ്‌മാരക പഠനഗവേഷണകേന്ദ്രം ഇടുക്കി ജില്ലയിൽ പ്രവർത്തിച്ചുവരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular