Monday, July 22, 2024

ad

Homeവിശകലനംകോഴിക്കോട് 
യുനസ്കോ സാഹിത്യനഗരമാകുമ്പോൾ

കോഴിക്കോട് 
യുനസ്കോ സാഹിത്യനഗരമാകുമ്പോൾ

ബീന ഫിലിപ്പ് (കോഴിക്കോട് മേയർ)

സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന ആശയത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും നഗരവികസന സങ്കൽപ്പത്തിൽ കെെവരിക്കേണ്ട സുസ്ഥിരവികസന ലക്ഷ്യങ്ങൾ 2016 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ശേഷമാണ് പ്രചുര പ്രചാരം ലഭിക്കുന്നത്. എന്നാൽ യുനസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ–്-വർക്ക് (UCCN) 2004-ൽ രൂപീകരിക്കുമ്പോൾ സുസ്ഥിര നഗരവികസനത്തിന് പരസ്പര സഹായസഹകരണം എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഏതാണ്ട് മുന്നൂറിലധികം നഗരങ്ങൾ ഈ നെറ്റ് വർക്കിൽ ഉണ്ട്. സൃഷ്ടിപരമായ സർഗാത്മകത എല്ലാ രംഗത്തും നിലനിർത്തപ്പെടേണ്ടതിന്റെയും തുടരേണ്ടതിന്റെയും അനിവാര്യത നഗരങ്ങളുടെ എല്ലാത്തരത്തിലുമുള്ള പുരോഗതിയിലും മുഖ്യമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ആശയത്തിനും പ്രവൃത്തിക്കും അടിത്തറ. 2023ൽ ഇന്ത്യയിലെ രണ്ട് നഗരങ്ങൾ (കോഴിക്കോട് – സാഹിത്യം, ഗ്വാളിയോർ – സംഗീതം) ഉൾപ്പെടെ 55 നഗരങ്ങൾ കൂടി UCCN -ൽ ചേർന്ന് ആകെ 355 എണ്ണം ആയി. ക്രാഫ്റ്റ് ആൻഡ് ഫോക്ക് ആർട്ട്, മീഡിയ ആർട്ട്സ്, ഫിലിം, ഡിസൈൻ, ഗ്യാസ്ട്രോണമി, ലിറ്ററേച്ചർ ആൻഡ് മ്യൂസിക് എന്നിങ്ങനെ 7 സർഗാത്മക മേഖലകളെയാണ് യുനെസ്കോ ഇതിനായി എടുത്തുപറഞ്ഞിരിക്കുന്നത്.

ഇത്തരം നെറ്റ്‌വർക്കിലൂടെ 
ലക്ഷ്യം വയ്ക്കുന്നത്
 അന്തർദേശീയ തലത്തിൽ നഗരങ്ങൾ തമ്മിൽ സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കുവേണ്ടി സഹകരിച്ച് പ്രവർത്തിക്കുക
 പൊതു സ്വകാര്യ പങ്കാളിത്തങ്ങളിലൂടെയോ സാമൂഹ്യ മുന്നേറ്റങ്ങളിലൂടെയോ (നമ്മുടെ ജനകീയ ആസൂത്രണം മിക്കവാറും കോൺഫറൻസുകളിൽ എടുത്തു പറയാറുണ്ട്) സർഗാത്മകതയ്ക്ക് ഊന്നൽനൽകിക്കൊണ്ടുള്ള വികസനം
 നിർമ്മാണം, ഉല്പാദനം, വിതരണം, സേവനം എന്നിവയിലും സൃഷ്ടിപരതയ്ക്ക് പ്രാധാന്യം നൽകുക.
 സാംസ്കാരിക രംഗത്ത് നൂതനങ്ങളായ ആശയങ്ങൾക്കും അവസരങ്ങൾക്കും ഇടം ഉണ്ടാക്കുക.
 പാർശ്വവൽകൃത സമൂഹത്തെ കൂടി ഈ രംഗങ്ങളിൽ പങ്കാളികളാക്കാൻ അവസരം ഉണ്ടാക്കുക.
 തദ്ദേശ വികസന പദ്ധതികളിൽ സാംസ്കാരികവും സർഗാത്മകവുമായ തന്ത്രങ്ങൾക്ക് അവസരം കൊടുത്തുകൊണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുക.
 തദ്ദേശീയമായും അന്താരാഷ്ട്ര തലത്തിലും അനുഭവവും ജ്ഞാനവും പങ്കുവയ്ക്കാനും പഠന ഗവേഷണ വിലയിരുത്തലുകളിലൂടെ സുസ്ഥിര വികസന നയങ്ങളും മാർഗ്ഗങ്ങളും ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് ഈ ലക്ഷ്യങ്ങൾ നേടേണ്ടത് എന്നാണ് യുനസ്കോ-യുടെ വിലയിരുത്തൽ.

കേരളത്തിൽ UCCN വിശദാംശങ്ങൾ നഗരങ്ങളെ അറിയിച്ചതിന്റെ അഭിനന്ദനം നമ്മൾ കിലയ്ക്ക് തന്നെ കൊടുക്കണം. ഡോക്ടർ ജോയ് ഇളമൺ (ഡയറക്ടർ ജനറൽ ഓഫ് കില), ഡോക്ടർ അജിത്ത് കാളിയത്ത് (പ്രൊഫസർ, അർബൻ ചെയർ, കില) എന്നിവരുടെ ചർച്ചയിലാണ് ക്രിയേറ്റീവ് സിറ്റീസിൽ എന്തുകൊണ്ട് കേരളത്തിലെ നഗരങ്ങളെ ഉൾപ്പെടുത്താൻ ശ്രമിച്ചുകൂടാ എന്ന ആശയം അങ്കുരിച്ചത്. തിരുവനന്തപുരത്തിന് സമാധാനം, കൊല്ലത്തിന് ജൈവവൈവിധ്യം, കൊച്ചിക്ക് ഡിസൈൻ, തൃശ്ശൂരിന് ലേണിംഗ്, കോഴിക്കോടിന് സാഹിത്യം, കണ്ണൂരിന് ഫോക് ലോർ എന്നിങ്ങനെയായിരുന്നു അവരുടെ സങ്കല്പം. തൃശൂർ 2022-ൽ തന്നെ യുനെസ്കോ സിറ്റി ഓഫ് ലേണിംഗ് എന്ന പദവി നേടി, വിവിധങ്ങളായ പദ്ധതികൾ കോർപ്പറേഷൻ തലത്തിലും സ്വകാര്യ വ്യക്തികളുടെ തലത്തിലും നടത്തിക്കൊണ്ടിരിക്കുന്നു. മറ്റ് നഗരങ്ങൾ UCCN പദവിക്ക് വേണ്ടി യത്നിച്ചു കൊണ്ടുമിരിക്കുന്നു.

കോഴിക്കോട്, പൗരാണിക സംസ്കാരം നൂലുപോലെ കോർത്തിണക്കിയ പലതരം സംസ്കാരങ്ങൾ, ഭാഷ, വേഷാദികൾ, രുചി പെരുമകൾ, നൃത്ത സംഗീത കാവ്യ നാടക കലാസംഗീത രുചി പെരുമകൾ, സത്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഥിത്യ മര്യാദയുടെയും അടിത്തറയിൽ ഉയർന്നുറച്ചു നിൽക്കുന്ന സ്വഭാവ വിശേഷങ്ങൾ, സ്വാതന്ത്ര്യസമര സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് മാവോയിസം മുതൽ നാസ്തികത വരെ തൊട്ടു നിൽക്കുന്ന വിചാരധാരകൾ, സുസ്ഥിരമായി വളർന്നുകൊണ്ടേയിരിക്കുന്ന നാഗരിക മുദ്രകളുടെ അടയാളപ്പെടുത്തലുകൾ… എത്ര പറഞ്ഞാലും ഇനിയും ബാക്കിയുണ്ട് എന്നതാണ് സത്യം. കടൽ കടന്നുവന്ന അറബിയും പേർഷ്യനും ഇംഗ്ലീഷും ഫ്രഞ്ചും ഡച്ചും ചൈനീസും കൂടാതെ കര വഴി വന്ന കൊങ്കിണിയും ഹിന്ദിയും ഗുജറാത്തിയും തെലുങ്കും മറാഠിയും രാജസ്താനിയും തമിഴും കന്നടവും ബംഗാളിയും ഒറിയയും എല്ലാം ചേർന്ന് ഒരു സങ്കര ഭാഷയായി മാറിയ സാഹിത്യ സാന്നിധ്യവും ഇവിടെയുണ്ട്.

ലോക ക്ലാസിക് സിനിമകൾക്കായി അനവധി ഫിലിം ക്ലബ്ബുകൾ, നാടകോത്സവങ്ങൾ, പുസ്തകോത്സവങ്ങൾ എന്നിവയെല്ലാം കോഴിക്കോടിന്റെ സമ്പത്താണ്. വാസ്തുവിദ്യയിലും ഭക്ഷണത്തിലും ഉടുപ്പിലും നടപ്പിലും ആഘോഷവൈവിധ്യങ്ങളിലും എല്ലാമെല്ലാം കാണുന്ന സസ്റ്റെയിനബിലിറ്റി ഓഫ് കൾച്ചർ, ആർക്കിടെക്ചർ ആൻഡ് ലിറ്ററേച്ചർ, ആഥിത്യ മര്യാദയ്ക്കും ഖ്യാതി കേട്ട നഗരം, മതനിരപേക്ഷതയുടെ ദൃഷ്ടാന്തങ്ങളിൽ കുടുംബത്തിൽ ഒരാളെ മുസ്ലിം ആയി വളർത്താൻ ആജ്ഞാപിച്ച രാജാവ് ഉണ്ടായിരുന്ന നഗരം, ഉന്തുവണ്ടി തൊഴിലാളികൾ ലോക ക്ലാസിക് സിനിമകൾ കണ്ടു ചർച്ച ചെയ്തിരുന്ന നഗരം, തട്ടിൻപുറങ്ങളിൽ ഇന്നും ഗസൽ ഒഴുകുന്ന നഗരം, ലോകം ഭക്ഷണ രുചി ഭേദങ്ങൾക്ക് പറന്നെത്തുന്ന നഗരം, ലാളിത്യത്തിൽ ഒതുങ്ങി ജീവിച്ച സാമൂതിരികളുടെ നാട്, ഭൂതദയയ്ക്ക് എന്നും ഇന്നും ദൃഷ്ടാന്തമായ നഗരം, ലോകത്തിലെ ലിവബിൾ സിറ്റീസിൽ എടുത്തു പറയപ്പെട്ട അതിവേഗം വളരുന്ന നഗരം, ഫുട്ബോളിനൊപ്പം സ്പോർട്ട്സ് രംഗത്ത് ധാരാളം പ്രതിഭകളെ സമ്മാനിച്ച നഗരം, ഏതു പാതിരാവിലും സ്ത്രീകളും കുട്ടികളും സുരക്ഷിതരായി ബീച്ചിൽ ഉലാത്തുന്ന നഗരം, ലോകപ്രശസ്ത ഗായകർ സംഗീത നിശകൾ നടത്തുന്ന നഗരം, ഇതെല്ലാമാണ് ഈ കോഴിക്കോട് “നമ്മുടെ കോഴിക്കോട്’’. ഇതിനൊക്കെ അപ്പുറം സർഗ്ഗാത്മകത മറ്റെവിടെ കാണാനാകും?

വേൾഡ് സിറ്റീസ് ഡേയിലെ (ഒക്ടോബർ 31) യുനെസ്കോ ഔദ്യോഗിക പ്രഖ്യാപനം വഴി കോഴിക്കോട് – യുനെസ്കോ സാഹിത്യ നഗരം എന്ന പദവിയിലേക്ക് എത്തിപ്പെട്ടതിന്റെ നാൾ വഴികൾ:

2021 ഒക്ടോബർ കിലയുടെ അന്വേഷണം – പൗരാണിക സംസ്കാരം, -വിഭിന്നദേശം , -സാഹിത്യം, -കല, – സാമൂഹ്യ മുന്നേറ്റങ്ങൾ, – നവോത്ഥാന പ്രസ്ഥാനങ്ങൾ, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് മുന്നേറ്റവും തീർത്ത അക്ഷര – നാടക – കലാ – സാഹിത്യ വായനശാല എന്നിവയുടെ സ്വാധീനത്തിൽ ഉടച്ച് വാർത്തെടുത്ത സമത്വത്തിൽ ഊന്നിയ സമൂഹം. ഈ സമൂഹത്തിലാണ് കെഎൽഎഫ് വിജയിക്കുന്നത്; കേരളത്തിൽ മറ്റെവിടെയും ഇല്ലാത്ത സാഹിത്യ ഭൂമികയിൽ.

2021 ഒക്ടോബർ 30ന് ഡോക്ടർ ജോയ് ഇളമൺ, ഡയറക്ടർ ജനറൽ, കിലയുടെ ഇ- മെയിൽ – ഡോക്ടർ അജിത്, പ്രൊഫസർ അർബൻ ചെയറുമായി നടന്ന ദീർഘ സംഭാഷണങ്ങൾ – അവർക്ക് സിറ്റി ഓഫ് ലിറ്ററേച്ചർ വഴികളുമായി ഒരു പരിചയവും ഇല്ലെങ്കിലും അതൊരു കോണ്ടാക്റ്റ് പോയിന്റ് ആയിരുന്നു. മാതൃഭൂമിയിൽ ആദ്യ വാർത്ത.

സാഹിത്യകാരർ, കലാകാരർ, ലൈബ്രറി കൗൺസിൽ, സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ, പ്രസാധകർ, ഭാഷാധ്യാപകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ വിപുലമായ ഒരു യോഗം വിളിച്ചു ചേർത്ത് ചർച്ചകൾ നടത്തി. വ്യക്തമായി എങ്ങനെ മുന്നോട്ട് പോകണം എന്നറിയില്ലെങ്കിലും വ്യക്തപരമായ അറിവുകൾ, രേഖകൾ ഇവയുടെയെല്ലാം വിനിമയത്തിലൂടെ എല്ലാവരും നേടിയെടുത്ത ആത്മവിശ്വാസം – പിന്നീട് കിലയുടെ ആഭിമുഖ്യത്തിൽ പ്രാഗുമായുള്ള പരിചയത്തിൽ ആദ്യത്തെ ഫെലോഷിപ്പ് – ലുഡ്മിള കൊളച്ചോവ-യുടെ (Ludmila Kolachova) വരവ്. കിലയോട് വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് CEPT University- യിൽ നിന്നുള്ള ഐറിൻ ആന്റണിയുടെ ഇന്റേൺഷിപ്പ്. അവർ രണ്ടാളും ചേർന്ന് നഗരപരിധി അരിച്ചു പെറുക്കിയെടുത്ത ലൈബ്രറികൾ, നഗര ചരിത്രത്തിന്റെ വിശദാംശങ്ങൾ, രേഖകൾ, ഇന്റർവ്യൂകൾ ഇവ നേടിത്തന്ന അടിത്തറ – പിന്നീട് എൻ.ഐ.ടി പ്രൊഫസർ ഡോ.ഫിറോസിന്റെ കുട്ടികളുടെ പഠനം – ഡോക്യുമെന്റ്, എൻ.ഐ.ടി-യുടെ Ar.മെഹ്മർ നിമിൽ-ന്റെ ഇന്റേൺ ഷിപ്പ് – കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ പ്രസന്റേഷൻ തന്ന ദിശാസൂചിക – പിന്നീട് വീണ്ടും എൻ.ഐ.ടി-യും സെപ്റ്റും ചേർന്ന് രണ്ട് ഇന്റേൺസ് – അനുശ്രീയും ആകാൻഷയും – ഭാഷയും പ്രൂഫ് റീഡിംഗും നടത്തി ഫൈനൽ ആക്കാൻ യത്നിച്ച് ഇന്ദുലേഖ,

നിമിലിന്റെ നേതൃത്വത്തിൽ ഐറിനും ചേർന്ന് അവസാന ഡോക്യുമെന്റേഷൻ, അപേക്ഷ ഫോം പൂരിപ്പിക്കൽ, ദേശീയ – സംസ്ഥാന സ്ഥാപനങ്ങളുടെ എൻഡോഴ്സ്മെന്റുകൾ നേടിയെടുക്കാനുള്ള സാഹസം – മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി.മുരളീധരൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ഇവർക്ക് മുന്നിലെ അവതരണങ്ങൾ, വിശദീകരണങ്ങൾ. ഡൽഹിയിൽ കേന്ദ്രമന്ത്രി, രാജ്യസഭ എം.പി എളമരം കരീം, കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറുടെ അളവറ്റ പിന്തുണ. മലയാളികളും അല്ലാത്തവരും ആയ വിവിധ വകുപ്പുകളിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ, കെ.പി.രാമനുണ്ണിയുടെ കേന്ദ്രസാഹിത്യ അക്കാദമിയിലെ സഹായം.

കുട്ടി കൗൺസിലിൽ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് 44 സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികൾ, ഇതിനിടെ ഡോ. നാഗേഷ് (റിട്ടയേഡ് എഞ്ചിനീയറിംഗ് പ്രൊഫസർ) നടത്തിയ രണ്ടു മന്ത്രിമാരടക്കം പങ്കെടുത്ത വിപുലമായ സ്റ്റിയറിംഗ് കമ്മറ്റി മീറ്റിംഗുകൾ, ഡോ.നാഗേഷിന്റെ കോർ കമ്മറ്റികളുടെ നീണ്ട ചർച്ചകൾ, ഭാവി പദ്ധതികൾ, ഇങ്ങനെ മധുരവും കയ്പുമേറിയ പല അനുഭവങ്ങളിലൂടെയും കടന്നാണ് ജൂൺ 29-ന് ലാസ്റ്റ് ഡോക്യുമെന്റ് സബ്മിഷൻ.
ഇത് കോഴിക്കോടിന്റെ രാഷ്ട്രീയ സാംസ്കാരിക സാഹിത്യ – മാധ്യമ മനസ്സുകളുടെ മധുരമായ സമ്മേളനമാണ്.

ഭാവി പരിപാടികൾ
4 വർഷം കൊണ്ട് നടപ്പാക്കണം എന്ന് വിഭാവനം ചെയ്ത പദ്ധതികൾക്ക് ഒന്നാം ഘട്ടം ഒരു കോടി രൂപയാണ് കോർപ്പറേഷൻ ബജറ്റ്. സർഗ്ഗാത്മകതയും സംസ്കാരവും നഗരപുരോഗതിയുടെ ചാലകശക്തിയായി വർത്തിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രാദേശിക തലം
 സാഹിത്യ ആവാസ വ്യവസ്ഥ – സുസ്ഥിരവും വികസന ഇടങ്ങളും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നിലവിലുള്ള ഓപ്പൺ സ്റ്റേജുകൾ, ആംഫി തിയേറ്ററുകൾ, (മുൻ എം.എൽ.എ എ.പ്രദീപ് കുമാറിനോട് കടപ്പാട്), എസ്.കെ.പൊറ്റക്കാട്ട് റൗണ്ട്, ബീച്ചിലെ തുറന്ന ഇടങ്ങൾ, സരോവരം ബയോ പാർക്ക്, ആനക്കുളം സാംസ്കാരിക നിലയം ഇവിടങ്ങളിലെല്ലാം വായനാമൂലകൾ, പുസ്തക ചർച്ചകൾ, നാടക – സംഗീത റിഹേഴ്സലുകൾ, ഇപ്പോൾ കോർപ്പറേഷൻ നടത്തുന്ന 8 വ്യത്യസ്ത സംഗീത – നൃത്ത ഇനങ്ങളിലെ ഫെലോഷിപ്പ് പ്രോഗ്രാം, വീണ്ടെടുക്കുന്ന കോലായ ചർച്ചകൾ, ചിത്രരചനാ ക്യാമ്പുകൾ, സീഡ്, വായനക്കളരി, പഠനമുറ്റം ഇവയിലെ ക്രിയാത്മകമായ ഇടപെടൽ, സ്കൂളുകളെയും കോർപ്പറേഷന്റെ അഴക് പദ്ധതിയുടെ അംബാസിഡർമാരാക്കൽ, ബഷീർ സ്മാരകം – ആകാശ മിഠായി – മുതൽ തുടങ്ങുന്ന സാഹിത്യ പഥത്തിന്റെ പ്രചരണം – സ്ത്രീകളുടെയും കുട്ടികളും വിഭിന്ന ശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയവരുടെ പുസ്തക പ്രസാധനങ്ങൾ, സാഹിത്യ രചനാ ക്യാമ്പുകൾ എന്നിവയെ എല്ലാം പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ പരിസര സൃഷ്ടിയിൽ കോർപ്പറേഷനും മറ്റു സഹായ ഹസ്തങ്ങളും ചേർന്ന് പ്രധാന പങ്ക് വഹിക്കുക എന്നത് ഈ മേഖലകളിലെല്ലാം ഉണർവ്വുണ്ടാക്കുകയും അത് സൃഷ്ടിക്കുന്ന ഒരു ക്രിയേറ്റീവ് ഇക്കോണമി ഉരുത്തിരിഞ്ഞു വരാൻ സഹായിക്കുകയും ചെയ്യും.

 സാധാരണ ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കിടയിൽ സാഹിത്യ അഭിരുചികൾ വളർത്തുന്നതിന് വേണ്ടി വാരാന്ത്യ വായനകൾ പോലുള്ള മെന്റർഷിപ്പ് പ്രോഗ്രാമുകളും, ഡയസ്പോറിക് ചിൽഡ്രൻസ് പാർലമെന്റ്, സാഹിത്യ മത്സരങ്ങൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്ത് ശില്പശാലകൾ, സാധാരണക്കാർക്ക് പ്രാപ്യമാവുന്ന പുസ്തകമേളകൾ, ഗൃഹലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

 കോഴിക്കോടിന്റെ സാഹിത്യ പൈതൃകത്തിന് ചാലക ശക്തിയായി പ്രവർത്തിക്കുന്ന സാംസ്കാരിക ആസ്തികളുടെ സംരക്ഷണം തുടർ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പ്രകൃതി, സംസ്കാരം, സാഹിത്യം എന്നിവയെ സമന്വയിപ്പിക്കാനായി സാംസ്കാരിക പാരമ്പര്യങ്ങളുടെ പുനരുജ്ജീവനം, പ്രാദേശിക പാരമ്പര്യങ്ങളുടെ ഡോക്യുമെന്റേഷൻ, സാഹിത്യകാരരും പരിസ്ഥിതി സംഘടനകളുമായുള്ള സമന്വയം എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്നു.

അന്തർദ്ദേശീയ തലം
 അന്തർദ്ദേശീയ തലത്തിൽ യുനസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിൽ അംഗങ്ങളായ മറ്റ് നഗരങ്ങളുമായി സഹകരിച്ച് കൾച്ചറൽ ആൻഡ് ലിറ്റററി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, സാഹിത്യ ഉത്സവങ്ങൾ, റൈറ്റർ ഇൻ റസിഡൻസ് പ്രോഗ്രാംസ്, അന്തർദ്ദേശീയ പുസ്തകമേളകളിലും പ്രദർശനങ്ങളിലുമുള്ള പങ്കാളിത്തം തുടങ്ങിയവ തുടർപ്രവർത്തനങ്ങളുടെ ഭാഗമാണ്.

യുനസ്കോ സാഹിത്യ നഗര ലോഗോ പ്രകാശനവും, സാഹിത്യ നഗര പ്രഖ്യാപനവും എം.ടി.വാസുദേവൻ നായർക്കുള്ള വജ്രജൂബിലി പുരസ്കാര സമർപ്പണവും സാഹിത്യകാരരുടെ കൂട്ടായ്മയും വരുംനാളുകളിൽ നടത്തുന്നതാണ്. സാഹിത്യ നഗരം പദ്ധതിക്കായുള്ള വിപുലമായ സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേർന്ന ശേഷം കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 5 =

Most Popular