പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ്‐ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാക്കളിലൊരാളാണ് പി പി കൃഷ്‌ണൻ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തെക്കൻ മലബാർ ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ മികച്ച സംഘടനാപാടവമാണ് പി പി കാഴ്‌ചവെച്ചത്. സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലെ അംഗം, പാലക്കാട് ജില്ലാ സെക്രട്ടറി എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.
1920 ഏപ്രിൽ 19ന് ഷൊർണൂരിന് സമീപം പരുത്തിപ്രയിലെ പുളിക്കപ്പറന്പിൽ വീട്ടിലാണ് കൃഷ്‌ണന്റെ ജനനം. പിതാവ് നാരായണൻ. മാതാവ് വള്ളിയമ്മ. എട്ടാംക്ലാസ് വരെ പഠിച്ച പി പിക്ക് തുടർ വിദ്യാഭ്യാസം സാധിച്ചില്ല. 1941ൽ ലോക്കോ മെക്കാനിക്കായി റെയിൽവേയിൽ അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട്ടാണ് നിയമനം ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെ സൗത്ത് ഇന്ത്യൻ ലേബർ യൂണിയനിൽ അദ്ദേഹം അംഗമായി. ജോലിക്കൊപ്പം യൂണിയന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി.
ഒരുവർഷത്തിനു ശേഷം സ്വദേശമായ ഷൊർണൂരിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചു. പുരോഗമനചിന്തയ്‌ക്കും ഇടതുപക്ഷ പ്രസ്ഥനാത്തിനും നല്ല വേരോട്ടമുള്ള സ്ഥലമാണല്ലോ ഷൊർണൂർ. ഇ എം എസ് മുഖ്യ പത്രാധിപരായിരുന്ന പ്രഭാതം പ്രസിദ്ധീകരിച്ചിരുന്നത് ഷൊർണൂരിൽ നിന്നായിരുന്നല്ലോ. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായിരുന്ന പ്രഭാതത്തിന് ഷൊർണൂരിൽ ധാരാളം വരിക്കാരും വായനക്കാരും ഉണ്ടായിരുന്നു. ആദ്യംമുതലേ സോഷ്യലിസത്തോട് ആഭിമുഖ്യം പുലർത്തിപ്പോന്ന കൃഷ്‌ണൻ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ശക്തനായ അനുഭാവിയും പ്രവർത്തകനുമായിരുന്നു.
1939 ഒടുവിലും 1940 ആദ്യവുമായി നടന്ന പാറപ്രം സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഒന്നാകെ കമ്യൂണിസ്റ്റ് പാർട്ടിയായി മാറുകയായിരുന്നല്ലോ. 1943ൽ ഷൊർണൂരിൽ കമ്യൂണിസ്റ്റ് പാർട്ടി സെൽ രൂപീകരിക്കപ്പെട്ടു. അതിൽ പി പി കൃഷ്‌ണൻ അംഗമായി.
അതിനിടയിൽ സൗത്ത് ഇന്ത്യൻ ലേബർ യൂണിയന്റെ ഷൊർണൂർ ബ്രാഞ്ച് സെക്രട്ടറിയായി പി പി തിരരഞ്ഞെടുക്കപ്പെട്ടു. കുറ്റിപ്പുറം മുതൽ കോയന്പത്തൂർ വരെയായിരുന്നു ഈ ബ്രാഞ്ചിന്റെ പ്രവർത്തനമേഖല. ലേബർ യൂണിയന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിൽ ആദ്യമായി മെയ്‌ദിനം ആചരിക്കപ്പെട്ടത്.
സതേൺ റെയിൽവേ യൂണിയന്റെ തഞ്ചാവൂർ ബ്രാഞ്ച് സെക്രട്ടറിയെ റെയിൽവേ അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. 1946 മെയ് ഒന്നിനാണ് നാരായണസ്വാമിയെ പിരിച്ചുവിട്ടത്. തൊട്ടടുത്ത ദിവസം സതേൺ റെയിൽവേ ലേബർ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കാരംഭിച്ചു. 1946 ജൂലൈ 27 വരെ നീണ്ടുനിന്ന പണിമുടക്കിന് നേതൃത്വം നൽകിയത് പി പി കൃഷ്‌ണനായിരുന്നു. സമരത്തിന്റെ പേരിൽ പി പിയെ റെയിൽവേ അധികൃതർ സസ്‌പെൻഡ് ചെയ്‌തു. പക്ഷേ അദ്ദേഹം അതൊന്നും കൂട്ടാക്കിയില്ല.
1942ൽ ദേശാഭിമാനി ആരംഭിച്ചത് വാരികയായാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങൾ വ്യാപിപ്പിക്കുന്നതിന് പ്രസിദ്ധീകരണം അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് വാരിക ആരംഭിക്കപ്പെട്ടത്. ഷൊർണൂർ പ്രദേശത്ത് ദേശാഭിമാനിയുടെ പ്രചാരണം ശക്തമാക്കാൻ അദ്ദേഹം മുൻനിന്ന് പ്രവർത്തിച്ചു. 1942 മുതൽ 1946 വരെയുള്ള അഞ്ചുവർഷക്കാലം ദേശാഭിമാനിയുടെ ഷൊർണൂർ ഏജന്റായി അദ്ദേഹം പ്രവർത്തിച്ചു.
1946ൽ അദ്ദേഹം പാർട്ടിയുടെ താലൂക്ക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിനന1948ൽ കമ്യൂണിസ്റ്റ് പാർട്ടി കൽക്കത്ത തീസിസ് അംഗീകരിച്ചതോടെ പാർട്ടി നിരോധിക്കപ്പെട്ടു. അതിശക്തമായ വേട്ടയാടലിന്റെ ദിനങ്ങളാണ് പിന്നീട് കമ്യൂണിസ്റ്റുകാർക്ക് നേരിടേണ്ടിവന്നത്. നേതാക്കളും പ്രവർത്തകരും പലരും പൊലീസ് പിടിയിലായി. കിരാതമായ മർദനങ്ങളാണ് അവർക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ഒളിവിലും നേതാക്കളും പ്രവർത്തകരും പാർട്ടി കെട്ടിപ്പടുക്കുന്ന ജോലിയിൽ വ്യാപൃതരായി. പി പി കൃഷ്‌ണനും ഒളിവിലായി. അതോടെ റെയിൽവേയിൽനിന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. റെയിൽവേ അധികൃതർ ഒരു കാരണം കണ്ടെത്താൻ നോക്കിയിരിക്കുകയായിരുന്നല്ലോ സമർഥനായ ഈ പോരാളിയോട് പകതീർക്കാൻ.
ഷൊർണൂരിലും പരിസരപ്രദേശങ്ങളിലും ഒളിവിലിരുന്നുകൊണ്ടുതന്നെ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം മുഴുകി. മികച്ച ട്രേഡ് യൂണിയൻ നേതാവ് എന്ന അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
1949 ഒക്ടോബറിൽ പി പി പൊലീസിന്റെ പിയിലകപ്പെട്ടു. ഭീകരമായ മർദനമാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. ആദ്യം ഒറ്റപ്പാലം സബ് ജയിലിലടയ്‌ക്കപ്പെട്ട പി പിയെ പിന്നീട് കണ്ണൂർ, വെല്ലൂർ, മദിരാശി, കടലൂർ എന്നീ സെൻട്രൽ ജയിലുകളിൽ മാറിമാറി താമസിപ്പിച്ചു. ജയിലുകളിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ പരിചയപ്പെടാൻ അദ്ദേഹത്തിന് സാധിച്ചു. പാർട്ടി നേതാക്കളിൽനിന്ന് പാർട്ടി ആശയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ പഠിക്കാൻ പി പിക്ക് കഴിഞ്ഞു. സി എച്ച് കണാരൻ, സി ഉണ്ണിരാജ, കേളുവേട്ടൻ, പി ആർ നന്പ്യാർ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിന്റെ സഹതടവുകാരായിരുന്നു.
1950 ജനുവരി 6ന് സെൻട്രൽ ജയിലിൽ തടവുകാർക്കുനേരെ വെടിവെപ്പുണ്ടായി. 54 തടവുകാർ അന്ന് നിഷ്‌ഠുരമായി കൊല്ലപ്പെട്ടു. തലനാരിഴയ്‌ക്കാണ് പി പി വെടിയുണ്ടയേൽക്കാതെ രക്ഷപ്പെട്ടത്.
1950 ജനുവരി 16ന് ജയിലിൽനിന്ന് വിട്ടയച്ചുവെന്ന് അധികൃതർ രേഖപ്പെടുത്തി. എന്നാൽ കമ്യൂണിസ്റ്റുകാരനായ കൃഷ്‌ണനെ ജയിൽമോചിതനാക്കാൻ അധികൃതർ തയ്യാറായില്ല. 1950 ജനുവരി അവസാനം പി പിയുടെ അമ്മ അന്തരിച്ചു. അപ്പോൾപോലും അദ്ദേഹത്തിന് പരോൾ അനുവദിക്കാൻ കോൺഗ്രസ് സർക്കാർ കൂട്ടാക്കിയില്ല.
1952ൽ ഒന്നാം പൊതുതിരഞ്ഞെടുപ്പ് നടന്നു. അതിനു മുന്നോടിയായി 1951 ഒക്ടോബറിൽ പി പിയെ നാലുമാസത്തെ പരോളിന് ജയിലിൽനിന്ന് വിട്ടു. പരോൾ കാലാവധി കഴിഞ്ഞപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ നിരോധനം സർക്കാർ പിൻവലിച്ചു. അതോടെ പി പിയും സ്വതന്ത്രനായി.
ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിക്കുവേണ്ടി പി പി അരയും തലയും മുറുക്കി രംഗത്തുവന്നു. പരമാവധി വോട്ടുകൾ പാർട്ടിക്ക് അനുകൂലമാക്കാൻ അദ്ദേഹം മികച്ച പ്രവർത്തനമാണ് നടത്തിയത്.
തിരഞ്ഞെടുപ്പിനുശേഷം ട്രേഡ് യൂണിയൻ രംഗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പി പിയോട് പാർട്ടി നിർദേശിച്ചത്. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ച് മുൻ അനുഭവമുള്ള അദ്ദേഹം അവരുടെ യൂണിയൻ ശക്തമാക്കുന്നതിന് സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചു. തീപ്പെട്ടി ഫാക്ടറികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ, ബീഡിതെറുപ്പ് തൊഴിലാളികൾ, റോഡ് പണിയുന്ന തൊഴിലാളികൾ തുടങ്ങിയരെ അദ്ദേഹം സംഘടിപ്പിച്ചു; അവകാശസമരപോരാട്ടങ്ങളിലേക്ക് അവരെ നയിച്ചു.
1956ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മലബാർ കമ്മിറ്റി മൂന്നായി വിഭജിക്കപ്പെട്ടു. വടക്കൻ മലബാർ ജില്ലാകമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, തെക്കൻ മലബാർ ജില്ലാകമ്മിറ്റി എന്നിങ്ങനെയായിരുന്നു ആ വിഭജനം. ഇന്നത്തെ കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ പൂർണമായും വയനാട് ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ട പ്രദേശങ്ങളായിരുന്നു വടക്കൻ മലബാർ ജില്ലാകമ്മിറ്റിയുടെ പ്രവർത്തനമേഖല. ഇന്നത്തെ കോഴിക്കോട് ജില്ല പൂർണമായും വയനാട്‐മലപ്പുറം ജില്ലകളുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ടതായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിധിയിൽ ഉണ്ടായിരുന്നത്. ഇന്നത്തെ പാലക്കാട് ജില്ല പൂർണമായും മലപ്പുറം‐തൃശൂർ ജില്ലകളുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ടതായിരുന്നു തെക്കൻ മലബാർ ജില്ലാകമ്മിറ്റിയുടെ പ്രവർത്തനമേഖല.
1956ൽ നെടുങ്ങാട്ടൂരിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തെക്കൻ മലബാർ ജില്ലാസമ്മേളനം നടന്നത്. പി പി കൃഷ്‌ണൻ ജില്ലാകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തെക്കൻ മലബാർ മേഖലയിൽ പാർട്ടിയും ട്രേഡ് യൂണിയനുകളും സംഘടിപ്പിക്കാൻ അദ്ദേഹം കഠിനാധ്വാനം ചെയ്‌തു. എഐടിയുസിയുടെയും ജില്ലയിൽ പ്രമുഖ നേതാവായി അദ്ദേഹം വളരെ വേഗം മാറി. 1953 മുതൽ 1962 വരെയുള്ള ഒരു പതിറ്റാണ്ടുകാലം അദ്ദേഹം ഷൊർണൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്ന നേതാക്കളിലൊരാൾ പി പി കൃഷ്‌ണനായിരുന്നു. ഈ നേതാക്കൾക്ക് പാലക്കാട് സ്വീകരണമൊരുക്കാൻ പാർട്ടി തീരുമാനിച്ചു. സ്വീകരണപരിപാടിയുടെ വിജയത്തിനായി പി പി അഹോരാത്രം പ്രവർത്തിച്ചു. ഈ നേതാക്കൾക്ക് വന്പിച്ച സ്വീകരണമാണ് പാലക്കാട്ടെ ജനാവലി നൽകിയത്.
1964ൽ നടന്ന ആദ്യ സംസ്ഥാന സമ്മേളനത്തിൽ പി പി കൃഷ്‌ണൻ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം ഒടുവിൽ ചൈനാ ചാരത്വം ആരോപിച്ച് സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്‌തു. നേതാക്കളും പ്രവർത്തകരുമായ 1200 ഓളം പേർ അന്ന് അറസ്റ്റിലായി. പി പി കൃഷ്‌ണനെ പൊലീസ് അറസ്റ്റ് ചെയ്‌ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. പി പി ജയിൽവാസം അനുഷ്‌ഠിക്കുമ്പോഴാണ് പിതാവ് മരിച്ചത്. പി പിയെ പൊലീസ് കാവലിൽ ഷൊർണൂരുള്ള വീട്ടിൽ എത്തിച്ച് മൃതദേഹം കാണിക്കാൻ അധികൃതർ അനുവദിച്ചു. എന്നാൽ പ്രിയപ്പെട്ട പിതാവിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചില്ല.
പതിനാറുമാസത്തെ ജയിൽവാസത്തിനു ശേഷമാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. 1965ൽ ജയിലിൽ കിടന്നുകൊണ്ടാണ് ഒറ്റപ്പാലം നിയമസഭാ തിരഞ്ഞെടുപ്പിൽ പി പി ജനവിധി തേടിയത്. വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തെ ജനങ്ങൾ തിരഞ്ഞെടുത്തത്. 1967ലും 1970ലും അദ്ദേഹം ഒറ്റപ്പാലത്തുനിന്ന് നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.
മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ വലിയ സംഭാവനയാണ് ഈ കാലയളവിൽ പി പി ചെയ്‌തത്. വികസനപ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ആസൂത്രണവും ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. അതനുസരിച്ച് സ്വയം കർമനിരതനാകുന്നതിനൊപ്പം മറ്റുള്ളവരെ അണിനിരത്താനും പി പിക്ക് അസാധാരണമായ ശേഷിയുണ്ടായിരുന്നു. അതുപോലെ നിയമസഭയിൽ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ സമഗ്രതയോടെ അവതരിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
1969ൽ എം പി കുഞ്ഞിരാമൻ മാസ്റ്റർ അന്തരിച്ചപ്പോൾ പി പി കൃഷ്‌ണനാണ് ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. അടുത്ത ജില്ലാ സമ്മേളനം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ പി പിയാണ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
1978ൽ നടന്ന പാലക്കാട് ജില്ലാസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയായി പി പി കൃഷ്‌ണൻ തിരഞ്ഞെടുക്കപ്പെട്ടു. അസാധാരണമായ നേതൃപാടവമാണ് ഈ കാലയളവിൽ അദ്ദേഹം പ്രകടിപ്പിച്ചത്. പാർട്ടിക്കും ബഹജനസംഘടനകൾക്കും ജില്ലയിൽ വേരോട്ടമുണ്ടാക്കുന്നതിൽ തികഞ്ഞ ശുഷ്‌കാന്തിയോടെയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. 1980ൽ ഷൊർണൂർ പഞ്ചായത്ത് നഗരസഭയായി ഉയർത്തപ്പെട്ടു. അതിന്റെ ആദ്യ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് പി പിയായിരുന്നു. 1985 വരെ ആ സ്ഥാനത്ത് തുടർന്ന അദ്ദേഹം നഗരസഭയുടെ വികസന‐ക്ഷേമ പ്രവർത്തനങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
പാർട്ടി നേതാവ്, ട്രേഡ് യൂണിയനിസ്റ്റ്, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം മികച്ച സംഭാവനകൾ നൽകിയ പി പി കൃഷ്‌ണൻ പാർട്ടി പ്രവർത്തകർക്കും ബഹുജനങ്ങൾക്കും ഏറെ ആരാധ്യനും സ്വീകാര്യനുമായിരുന്നു.
കാർത്യായനിയാണ് ജിവിതപങ്കാളി. ♦
കടപ്പാട്: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യപഥികർ‐ സി ഭാസ്‌കരൻ