Sunday, May 26, 2024

ad

Homeലേഖനങ്ങൾപൗരത്വം തീരുമാനിക്കുന്നത്‌ പൗരോഹിത്യമോ?

പൗരത്വം തീരുമാനിക്കുന്നത്‌ പൗരോഹിത്യമോ?

കെ എ വേണുഗോപാലൻ

പൗരത്വ നിയമം ഇന്ന് ഇന്ത്യയിൽ ജീവിക്കുന്നവർക്കാർക്കും തന്നെ ഒരു ദോഷവും ചെയ്യുന്നതല്ല എന്നാണ് ബിജെപി നേതാക്കൾ ഇപ്പോൾ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പൗരത്വ നിയമം സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രഗവൺമെന്റ്‌ പ്രസിദ്ധീകരിച്ചത്. മാർച്ച് മാസം 28ന് അതു സംബന്ധിച്ച ഒരു വാർത്ത ഇന്ത്യയിലെ പ്രമുഖ ദേശീയ ദിനപത്രങ്ങളിൽ ഒന്നായ ദി ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് പൗരത്വം അനുവദിച്ചു കിട്ടുന്നതിനുവേണ്ടി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം ഒരു യോഗ്യത സാക്ഷ്യപത്രം കൂടി നൽകേണ്ടതുണ്ട്. പൗരത്വം അനുവദിച്ചു കിട്ടുന്നതിന് വേണ്ടി അപേക്ഷ നൽകുന്നവർക്കുള്ള ഹെൽപ്പ് ലൈനിൽ ദി ഹിന്ദു ലേഖകൻ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരമാണ് വാർത്തയായി നൽകിയിരിക്കുന്നത്. പൗരത്വത്തിന് അപേക്ഷ നൽകുന്നവർ അതോടൊപ്പം ഒരു യോഗ്യതാ സർട്ടിഫിക്കറ്റ് കൂടെ ഹാജരാക്കേണ്ടതുണ്ട്. അപേക്ഷകൻ ഹിന്ദുവോ, ബൗദ്ധനോ, ജൈനനോ, പാഴ്സിയോ ക്രിസ്ത്യനോ ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് യോഗ്യതാപത്രം. ആ യോഗ്യതാ പത്രം നൽകേണ്ടതാര് എന്ന ചോദ്യത്തിന് ഉത്തരമായാണ് പ്രാദേശികമായി അംഗീകരിക്കപ്പെടുന്ന മതസ്ഥാപനത്തിലെ പൂജാരിക്കോ പുരോഹിതനോ ഈ സാക്ഷ്യപത്രം അനുവദിച്ചു നൽകാവുന്നതാണ് എന്ന ഉത്തരം കിട്ടിയത്.

പൂജാരിയും പുരോഹിതനും ഒക്കെ ആത്മീയവാദികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഹിന്ദുമതത്തിൽ പെട്ടവരെല്ലാം ആത്മീയവാദികൾ ആയിരിക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ബുദ്ധമതവും ജൈനമതവും ആത്മീയവാദം പിന്തുടരുന്നവയാണോ? ഹിന്ദു ആവണമെങ്കിൽ ആത്മീയവാദിയായിരിക്കണം എന്ന് ഇന്ത്യയിൽ ഏതെങ്കിലും നിയമത്തിൽ പറഞ്ഞിട്ടുണ്ടോ? രാജ്യത്ത് നിലവിലുള്ള ഹിന്ദു നിയമങ്ങളും ഇന്ത്യൻ ഭരണഘടനയുമൊക്കെ പറയുന്നത് മുസ്ലിമോ പാഴ്സിയോ ക്രിസ്ത്യനോ ജൂതനോ അല്ലാത്ത ഇന്ത്യയിൽ താമസിക്കുന്ന ഏതൊരാളും ഹിന്ദുവായി കണക്കാക്കപ്പെടും എന്നാണ്. ദൈവവിശ്വാസികളല്ലാത്തവർക്കും നാസ്തികർക്കും ഒക്കെ ഹിന്ദു ആയിരിക്കാനുള്ള അവകാശം ഉണ്ട്. നാസ്തികൻ എന്നു വെച്ചാൽ വേദങ്ങളുടെ ആധികാരികത അംഗീകരിക്കാത്തവൻ എന്ന് മാത്രമേ അർത്ഥമുള്ളു. ഇന്ത്യയുടെ ദാർശിനിക ചരിത്രം പരിശോധിച്ചാലും അതിൽ ആത്മീയവാദികളും ഭൗതികവാദികളും ഉണ്ടായിരുന്നു എന്ന് കണ്ടെത്താൻ കഴിയും. എന്നാൽ ഹിന്ദുമതം എന്നത് ആത്മീയവാദികളുടെ മാത്രം മതമാണെന്നും ദൈവവിശ്വാസികളല്ലാത്ത ആർക്കും അതിൽ പങ്കില്ലെന്നും വരുത്തുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഹിന്ദുത്വവാദികൾ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുമതത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനും അതിനെ ഏകശിലാത്മകവും ഏകതാനവും ആക്കി തീർക്കാനുമാണ് ആർഎസ്എസ് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭഗവത്ഗീതയെ വിശുദ്ധ ഗ്രന്ഥമായി ഉയർത്തിക്കൊണ്ടുവരാനും മറ്റെല്ലാ ദൈവങ്ങളിൽ നിന്നും വ്യത്യസ്തനായി ശ്രീരാമനെ വിശുദ്ധ ദൈവമാക്കി മാറ്റാനും അവർ ശ്രമിക്കുന്നുണ്ട്. അതിൻ്റെ കൂടെ ഭാഗമാണ് പൗരോഹിത്യത്തിന് നൽകിയിട്ടുള്ള ഈ അമിത പ്രാധാന്യം.

സംസ്കാരം, മതവിശ്വാസം, സാമൂഹ്യമാനദണ്ഡങ്ങൾ, ആചാരങ്ങൾ എന്നിവയിൽ ഒക്കെ ഏകതാനത പുലർത്തുന്നതും എല്ലാ പ്രദേശങ്ങൾക്കും ജാതികൾക്കും ഒരുപോലെ ബാധകവുമായ ഒന്നാണ് ഹിന്ദുമതം എന്ന ആർഎസ്എസിന്റെ അവകാശവാദത്തിന് ചരിത്രപരമായ തെളിവുകളുടെ യാതൊരു അടിത്തറയും ഇല്ല. ഹിന്ദുമതം എന്ന പേരിൽ അവർ കൊട്ടിഘോഷിക്കുന്നത് ഇന്ത്യാ രാജ്യത്ത് വളർന്നുവന്ന നിരവധി ഹൈന്ദവ പാരമ്പര്യങ്ങളിൽ ഒന്നുമാത്രമായ ബ്രാഹ്മണ മതത്തെയാണ്. ഹിന്ദുമതം ഏതെങ്കിലും ഒരു പ്രവാചകനാൽ സൃഷ്ടിക്കപ്പെട്ട ഒന്നല്ല. മനുസ്മൃതി അതിലെ എല്ലാവർക്കും ബാധകമായ ഒന്നുമല്ല.

തുടക്കം മുതൽ തന്നെ ഇന്ത്യയിലെ മതവിഭാഗങ്ങൾ ചരിത്രപരമായി ഏതെങ്കിലും ഒരു ഏകീകൃത മതത്തിന്റെ ഭാഗമായിരുന്നില്ല. ബ്രാഹ്മണ മതവും ശ്രമണ മതവും പോലെ സമാന്തരമായി വളർന്നുവന്നവയായിരുന്നു അവ. ബുദ്ധമതവും ജൈനമതവും അങ്ങനെ സമാന്തരമായി വളർന്നവയാണ്. ഇതുകൂടാതെ തന്ത്ര, ഭക്തി,ശൈവ,സിദ്ധാന്ത മുതലായ നിരവധി വിഭാഗങ്ങളും ആരാധനാക്രമങ്ങളും ഒക്കെ ഇവിടെ വളർന്നുവന്നിരുന്നു. അവയിൽ പലതും ബ്രാഹ്മണാധിപത്യത്തെ തള്ളിക്കളയുകയും ജാതി വിവേചനത്തെ എതിർക്കുകയും ബ്രാഹ്മണാധിപത്യത്തിന് എതിരു നിൽക്കുകയും ചെയ്തിരുന്നു. വളരെ കാലം കഴിഞ്ഞതിനുശേഷമാണ് ഈ മത പാരമ്പര്യങ്ങളെയൊക്കെ കൂട്ടിയോജിപ്പിക്കുകയും അത് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തത്. ഹിന്ദു എന്ന പദം പോലും വിദേശിയാണ്.

പ്രകൃതി, സമൂഹം, ചിന്ത എന്നിവയുടെ വികാസത്തെ ഭരിക്കുന്ന പൊതുവായ നിയമങ്ങളെയാണ് ദർശനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബോധപൂർവ്വമായും അല്ലാതെയും എല്ലാ മനുഷ്യനും തന്റെ ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചില പൊതുവായ ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യാറുണ്ട്. ആ അർത്ഥത്തിൽ എല്ലാ മനുഷ്യരും ദാർശനികരാണ്. എന്നാൽ പൊതുബോധം എന്ന് വിളിക്കപ്പെടുന്ന ഇത്തരം ആശയങ്ങൾ വ്യത്യസ്തങ്ങളും പലപ്പോഴും പരസ്പരവിരുദ്ധങ്ങളും ആണ്. അങ്ങനെയാണെങ്കിലും അവയിലും ചില ദാർശനികമായ ഘടകങ്ങൾ അടങ്ങിയിരിക്കും.

ദർശനം എന്നത് വർഗരഹിതമായ ഒന്നല്ല. ഒന്നുകിൽ ചൂഷകരുടെ അല്ലെങ്കിൽ ചൂഷിതരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ദർശനങ്ങൾ രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ ദർശനം എന്നത് എല്ലായിപ്പോഴും ഒരു വർഗ്ഗത്തിന്റെ ദർശനമായിരിക്കും. ഇന്ത്യയിൽ ഇത്തരത്തിലുള്ള നിരവധി ദർശനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിൽ ആത്മീയവാദവും ഭൗതികവാദവും ഉണ്ട്. ഇന്ത്യൻ തത്വശാസ്ത്രത്തിൽ 16 ദർശനങ്ങൾ ഉള്ളതായിട്ടാണ് മാധവന്റെ സർവദർശന സമുദ്രത്തിൽ പറഞ്ഞിരിക്കുന്നത്.എന്നാൽ ഇപ്പോൾ പൊതുവിൽ അംഗീകരിക്കപ്പെടുന്നത് ഇന്ത്യയിൽ 9 ദർശനങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത് എന്നാണ്. ഇതിൽ ലോകായത അല്ലെങ്കിൽ ചാർവാക അല്ലെങ്കിൽ ബൃഹസ്പതി ആണ് ഒന്നാമത്തേത്. രണ്ടും മൂന്നും ബൗദ്ധദർശനവും ജൈന ദർശനവുമാണ്. നാലാമത്തേത് പൂർവ്വമീമാംസയാണ്. ഉത്തരമീമാംസ എന്നറിയപ്പെടുന്നത് വേദാന്തമാണ്. ഇതാണ് അഞ്ചാമത്തേത്. സാംഖ്യ, യോഗ, ന്യായ, വൈശേഷിക എന്നിവയാണ് മറ്റുള്ളവ. ഇതിൽ ആദ്യത്തെ മൂന്നെണ്ണം നാസ്തിക ദർശനങ്ങളായും മറ്റുള്ള ആറെണ്ണം ആസ്തിക ദർശനങ്ങളുമായാണ് അറിയപ്പെടുന്നത്.

ദർശനങ്ങളെ ഭൗതികവാദം, ആത്മീയ വാദം എന്നല്ലാതെ നാസ്തികം എന്നും ആസ്തികമെന്നും വേർതിരിക്കുന്നത് ഇന്ത്യയുടെ സവിശേഷതയാണ്. നമ്മുടെ പരമ്പരാഗത ദർശനം അനുസരിച്ച് ആസ്തികർ വേദങ്ങളുടെ ആധികാരികത അംഗീകരിക്കുന്നവരും അല്ലാത്തവർ നാസ്തികരുമാണ്. വേദങ്ങളുടെ ആധികാരികത അംഗീകരിക്കുക എന്ന് പറഞ്ഞാൽ ആത്യന്തികമായി ബ്രാഹ്മണാധിപത്യത്തെ അംഗീകരിക്കുക എന്നാണ് അർത്ഥം. അത് അംഗീകരിക്കാത്തവരാണ് നാസ്തികർ. ബുദ്ധമതവും ജൈനമതവും ഒക്കെ നാസ്തിക മതങ്ങൾ ആവുന്നത് അതുകൊണ്ടാണ്.

മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി എന്തുകൊണ്ടാണ് ഇന്ത്യയിൽ വേദങ്ങൾ ഒരളവുകോലായി വരുന്നത്? ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യന്മാർക്ക് തദ്ദേശവാസികളായ ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ആധിപത്യം ഭൗതികമായി മാത്രം പോരാ ആശയപരമായും ആവശ്യമാണ് എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. വർണ്ണത്തിന്റെയും ജാതിയുടെയുമൊക്കെ മേൽ കീഴ് ബന്ധങ്ങളാണ് അവർ അതിന് ഉപയോഗിച്ചത്. ഈ മേൽ കീഴ് ബന്ധങ്ങൾക്ക് ആധികാരികത നൽകുന്ന അടിസ്ഥാന ഗ്രന്ഥങ്ങളാണ് വേദങ്ങൾ. വേദങ്ങളെ കണ്ണടച്ച് അംഗീകരിച്ചാൽ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിക്കുക എന്നാണ് അർത്ഥം. ബ്രാഹ്മണ മേധാവിത്വത്തിന്റെ മതപരവും ധാർമികവുമായ അംഗീകാരം കൂടിയാണത്. ഫലത്തിൽ വേദങ്ങൾ അംഗീകരിക്കുക എന്ന് പറഞ്ഞാൽ ആര്യന്മാരുടെ വർഗ്ഗാധിപത്യം അംഗീകരിക്കുക എന്നാണർത്ഥം. വേദങ്ങളിൽ പറയപ്പെട്ടിട്ടുള്ള ആചാരങ്ങളും യജ്ഞങ്ങളും പോലുള്ള ആരാധനക്രമങ്ങൾ തദ്ദേശവാസികളായ ജനങ്ങൾക്ക് അജ്ഞാതമായ കാര്യങ്ങൾ ആയിരുന്നു. യജ്ഞങ്ങളുടെ നടത്തിപ്പ് ബ്രാഹ്മണ മേധാവിത്വത്തിൽ മാത്രമേ നടത്താനാവു. അതുകൊണ്ടുതന്നെ പ്രദേശവാസികളെ കീഴ്പ്പെടുത്തുന്നതിനും യുദ്ധങ്ങളിൽ തകർന്നു പോയവരെ അടക്കിനിർത്തുന്നതിനും മേധാവിത്വപരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിന് അവരെ കീഴ്പ്പെടുത്തേണ്ടതുണ്ട്. വേദങ്ങൾക്ക് വഴങ്ങുക എന്നതുകൊണ്ട് അതാണ് ഉദ്ദേശിച്ചത്. വേദങ്ങളുടെ ആധികാരികത അംഗീകരിക്കുന്നില്ല എന്നതിനർത്ഥം മേധാവിവർഗ്ഗത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വേദനിഷേധികൾ ദൈവനിഷേധികളായി കണക്കാക്കപ്പെടുകയും ജാതിവ്യവസ്ഥയുടെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അതിനാൽ ഒരു പരിധി വരെയെങ്കിലും ജാതിവ്യവസ്ഥയെയും വൈദിക ആചാരങ്ങളെയും വെല്ലുവിളിച്ച ലോകായത -ബൗദ്ധ -ജൈന ദർശനങ്ങൾ നാസ്തിക ദർശനങ്ങളായാണ് പരിഗണിക്കപ്പെട്ടത്.

ഇതിൽ തന്നെ ഏറ്റവും പഴയ നാസ്തിക ദർശനമായി കണക്കാക്കപ്പെടുന്നത് ലോകായത ദർശനമാണ്. ചാർവാക ദർശനം എന്നും ഇത് അറിയപ്പെടുന്നു. ഈ ദർശനം അംഗീകരിക്കുന്നവരും ഹിന്ദുക്കളാണ്. അതായത് പൂജാരിയുടെ തത്വശാസ്ത്രത്തിന് നേർവിപരീതമായ തത്വശാസ്ത്രം അംഗീകരിക്കുന്നവർക്കും ഹിന്ദുവായി നിലകൊള്ളാൻ കഴിയും എന്നാണ് ഇന്ത്യയുടെ ദാർശനിക ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടന ഇത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും ഹിന്ദുവാണ് എന്ന യോഗ്യതാപത്രം നൽകാൻ പുരോഹിതനെ അവകാശമുള്ളൂ എന്ന് വരുന്നത് ഇന്ത്യയുടെ ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായ ഒരു സങ്കല്പനമാണ്. ഇതിനെതിരായ പോരാട്ടം നടത്താൻ ഹിന്ദുമത വിശ്വാസികൾ കൂടെ തയ്യാറാവണം. പൗരത്വനിയമം ഹിന്ദുക്കളിൽ ഒരു വിഭാഗത്തിനെതിരായും ഉപയോഗിക്കപ്പെടും എന്നാണിത് കാണിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − one =

Most Popular