Wednesday, May 1, 2024

ad

Homeലേഖനങ്ങൾമലയാള മാധ്യമങ്ങളിലെ വലതുപക്ഷ സ്വാധീനം

മലയാള മാധ്യമങ്ങളിലെ വലതുപക്ഷ സ്വാധീനം

അഖിൽ എം എസ്‌

കേരളത്തിലെ മുഖ്യധാരാ വലതുപക്ഷ പ്രൊപ്പഗണ്ടകളെ ചെറുത്തു തോൽപ്പിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതിനൊരു മറയുടെ ആവശ്യമില്ല കാരണം അത്രത്തോളം വ്യാജ പ്രചാരണങ്ങളിലൂടെയാണ് ഈ അധിനിവേശ മൂലധനശക്തികൾ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിരന്തര ആഘാതങ്ങൾ സൃഷ്ടിക്കുന്നത്‌. വർഗരാഷ്ട്രീയത്തെ വികലമായ ഒന്നാക്കി കാണിക്കുന്ന ഈ മൂലധന വിപണിയുടെ ഏറ്റവും വലിയ പ്രൊപ്പഗാണ്ട സ്കൂളുകളാണ് നൂറും തൊണ്ണൂറാം വര്ഷം പഴക്കമുള്ള നമ്മുടെ മാധ്യമ മുത്തശ്ശിമാർ. ഇവർ തന്നെയാണ് ഇപ്പോൾ സൈബർ ഇടങ്ങളിലും കൂടുതൽ സാങ്കേതിക തികവോടെ നുണകൾ നിർമ്മിക്കാൻ ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രതിരോധങ്ങളുടെ സത്യസന്ധമായ രാഷ്ട്രീയത്തെ ക്യാപ്‌സ്യൂളുകൾ എന്ന രീതിയിൽ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതും ഇവർ തന്നെയാണ്. എന്നാൽ ആ ക്യാപ്സൂൾ വിവരങ്ങൾ യഥാർത്ഥത്തിൽ ഈ വലതുപക്ഷ മാധ്യമങ്ങളുടെ നുണകൾക്ക് എതിരെയുള്ള ഏറ്റവും സത്യസന്ധമായ ആഖ്യാനങ്ങളാണ് എന്ന് അവർ മനസ്സിലാക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു ദശകം നമ്മുടെ സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങളെ എങ്ങനെ രാഷ്ട്രീയമായി ഉൾക്കൊള്ളുകയും പ്രതിരോധിക്കുകയും വേണമെന്ന ഇടത്താണ് രാഷ്ട്രീയ ലാബുകളുടെ പ്രസക്തി വ്യക്തമാകുന്നത്.

കടലാസ്സിൽ വളർന്നതിന്റെ പതിന്മടങ്ങ് വേഗതയിൽ മലയാളം സൈബർ സ്പേസിൽ വളർന്നതാണ് ഈ ഒരു ദശകത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. എഡിറ്റർ എന്ന അധികാര പദവി അതിന്റെ കുത്തൊഴുക്കിൽ തെറിച്ചു പോയി. കേരളം രാഷ്ട്രീയ ശരികളെക്കുറിച്ചും ലിംഗ പദവികളെക്കുറിച്ചും ആഴത്തിൽ ചർച്ചചെയ്തതും ഈ പോയ പത്തു വർഷങ്ങളിലാണ്. ദൂരങ്ങളില്ലാത്ത ലോകം സാധ്യമായതോടുകൂടി മുറിഞ്ഞു പോയെന്നു കരുതിയതെല്ലാം കൂട്ടി യോജിക്കപ്പെട്ടു.ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അഭിഭാജ്യഘടകമായി ഡാറ്റ മാറി. ഇന്റർനെറ്റ് പുതിയൊരു ദേശത്തെതന്നെ നിർമിച്ചു.ഭരണകൂടങ്ങൾ പലതരത്തിൽ വിമർശന വിധേയമായി. ഇത്തരത്തിൽ ആരോഗ്യകരമായ ഒരു മാറ്റം സൈബർ രാഷ്ട്രീയ ഇടങ്ങളിൽ സംഭവിക്കുന്നതോടൊപ്പം തന്നെ അരാഷ്ട്രീയതയെ സ്പോൺസർ ചെയ്യുന്ന വലതുപക്ഷ മൂലധനവും ഇതേ അർത്ഥത്തിൽ അനാരോഗ്യകരമായ ഒരന്തരീക്ഷത്തെ സൃഷ്ടിക്കാൻ കാരണമായി എന്നതാണ് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി കണക്കാക്കേണ്ടുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹം രൂപപ്പെടുത്തുന്നതിന് സൈബർ സ്പേസിനെ അത്തരത്തിൽ പരിവർത്തനം ചെയ്യുക എന്ന ബാധ്യതകൂടി രാഷ്ട്രീയ പ്രത്യേയ ശാസ്ത്രങ്ങളുടെ ഭാഗമാകേണ്ടതുണ്ട് എന്ന ഒരു തിരിച്ചറിവ് ഈ ഘട്ടത്തിൽ പ്രധാനപ്പെട്ടതാണ്.

കഴിഞ്ഞ ദശകങ്ങളിൽ ലോകത്താകമാനമുണ്ടായ സാങ്കേതിക വിദ്യയുടെ മുന്നേറ്റം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരു സൈബർ രാഷ്ട്രീയ ഘടനയെ നിർമ്മിക്കാൻ വലതുപക്ഷ മൂലധന ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്.മർഡോക്ക് പോലുള്ള മാധ്യമ ഭീമന്മാരുടെ ലക്‌ഷ്യം ഇത്തരം വലതുപക്ഷ പ്രൊപ്പഗണ്ടകളെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നര ദശകം ലോക ചരിത്രത്തിലും രാജ്യങ്ങളുടെ ഭരണ സംവിധാനങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ രാജ്യാന്തര തലത്തില്‍ മാധ്യമ പ്രവര്‍ത്തനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തില്‍ മാത്രമല്ല രൂപഘടനയില്‍പോലും അതിന്റെ പരിണാമം ക്രമാനുഗതമായി സംഭവിച്ചു. എല്ലാത്തരം മാറ്റങ്ങളും പ്രത്യേക്ഷമോ പരോക്ഷമോ ആയി രാഷ്ട്രീയ സാങ്കേതിക ശാസ്ത്ര പുരോഗതിയുടെ കൂടി അടിസ്ഥാനത്തിലാണ് സംഭവിച്ചതെങ്കിലും ആഗോളതലത്തില്‍ അതിന്റെ മൂലധന സ്വഭാവം എപ്പോഴും വലതുപക്ഷ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു എന്നത് കാണാതിരുന്നുകൂടാ.

റൂപേര്‍ട്ട് മര്‍ഡോക്കിന്‍റെ മാധ്യമ സാമ്രാജ്യം തന്നെയെടുക്കാം ഓസ്ട്രലിയന്‍ നഗരമായ അഡ്ലൈഡില്‍ തുടങ്ങിയ മാധ്യമവിപണി ക്രമേണെ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി വ്യാപിച്ചു. ചലച്ചിത്ര വ്യവസായം മുതല്‍ സാറ്റലൈറ്റ് അവകാശങ്ങള്‍ വരെ മര്‍ഡോക്ക് സ്വന്തമാക്കി. മാത്രമല്ല അയാളുടെ സാമ്രാജ്യം സ്വതന്ത്രമായി നിലനിന്നിരുന്ന മാധ്യമ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അവസ്ഥ വന്നു. ഇത്തരത്തില്‍ ഒരു ഏകാധിപത്യ മോണോപൊളി വിപണി മാധ്യമങ്ങളെ സംബന്ധിച്ച് നിലവില്‍ വരുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന സ്വതന്ത്രമായ വീക്ഷണങ്ങള്‍ പലതും കുത്തകകളുടെ പൊതുവായ വീക്ഷണത്തെ പിന്തുണക്കേണ്ടി വരുന്ന ഗതികേടിലേക്ക് ചെന്നെത്തി. പിന്നീട് ഭരണ കൂട താല്പര്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുക വഴി ജനാധിപത്യ സംവിധാനങ്ങളില്‍ പോലും ആഴത്തില്‍ ആഘാതമുണ്ടാക്കാന്‍ മര്‍ഡോക്കിന്‍റെ മാധ്യമ സൃംഗലക്ക് കഴിഞ്ഞു. കഴിഞ്ഞ ആറോ ഏഴോ വര്‍ഷങ്ങളായി വ്യാജ പ്രചരണങ്ങള്‍ സെന്‍സേഷണലായി മാറാനും ഫാക്റ്റ് ചെക്കുകള്‍ പരാജയപ്പെടാനും അതുമൂലം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മുതല്‍ വര്‍ഗ്ഗീയ ലഹളകള്‍ വരെ ഉണ്ടായതുമായ ഒരു സമൂഹമാണ് ഇന്ത്യ പ്രതിനിധാനം ചെയ്യുന്നത്. മാധ്യമങ്ങളില്‍ രാഷ്ട്രീയ സ്വാധീനം വര്‍ധിക്കുന്നതും അവരവരുടെ നേട്ടങ്ങള്‍ക്കായി അതിനെ ഉപയോഗപ്പെടുത്തുന്നതും ഇന്ത്യയില്‍ സ്വാഭാവിക മായ ഒന്നായിരിക്കുന്നു.

തീവ്ര ദേശീയത, മതബോധം എന്നിവ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന ദേശീയ മാധ്യമങ്ങള്‍ എന്‍ ഡി എ സര്‍ക്കാരിന്റെ വിജയത്തിന് സോഷ്യല്‍ മീഡിയകള്‍ എന്നപോലെ പിന്തുണ നല്‍കി. നരേന്ദ്ര മോഡിയെ പോലെയുള്ള നേതാക്കളെ അവരുടെ ഭൂത കാലത്തില്‍ നിന്നും വിമുക്തമാക്കിയ മറ്റൊരു സമാന്തര വ്യക്തിത്വം നല്കിയതും ഈ മാധ്യമങ്ങള്‍ തന്നെയാണ്.

ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്ക് ഇത്തരം മാധ്യമ സ്ഥാപനങ്ങളിലുള്ള നിക്ഷേപം എത്രത്തോളം അവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നുവെന്ന് വ്യക്തമായ സൂചന നല്‍കുന്നുണ്ട്.

മാത്രമല്ല ഭരണകൂട വിമര്‍ശനം ലക്ഷ്യമാക്കിയ ചെറുകിട മാധ്യമ സംരംഭങ്ങളെപ്പോലും വെറുതെ വിടാനോ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ മൌലിക വാദികള്‍ അനുവദിക്കുന്നില്ല. ഫാസിസ്റ്റ് സ്വഭാവമുള്ള ഇത്തരം ഭരണകൂടങ്ങള്‍ പരമാവധി മാധ്യമ സ്വാതന്ത്ര്യത്തിലും അവരുടെ അവകാശങ്ങളിലും പ്രവര്‍ത്തങ്ങളിലും പ്രകടമായി ഇടപെടുന്നു. നിരവധി വ്യാജ കേസുകള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമേലും പ്രയോഗിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ നാസി പ്രോപ്പഗണ്ട മിനിസ്റ്റര്‍ ജോസഫ് ഗീബല്‍സിനെയും അയാളുടെ ആശയങ്ങളെയും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഇന്ത്യയിലും രാജ്യാന്തര തലത്തിലും അധികാരത്തിനു വേണ്ടി ഗീബല്‍സിയന്‍ ഭേതഗതികള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ മടിക്കുന്നില്ല. അതിനവരെ പിന്തുണക്കാന്‍ ഒരു വലതുപക്ഷ മാധ്യമ സമൂഹത്തെ നില നിര്‍ത്തിയിട്ടുണ്ട്.

പിൽക്കാല സാഹചര്യത്തിൽ ഇന്റർനെറ്റിൽ ഉണ്ടാകുന്ന ഓരോ പുതിയ ഇടങ്ങളെയും തങ്ങളുടെ മൂലധന സ്രോതസ്സുകൾ ഉപയോഗിച്ചുതന്നെ നിയന്ത്രിക്കാൻ ഈ വലതുപക്ഷ ശക്തികൾക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യം. ഈ കോർപ്പറേറ്റ് മുതലാളിത്ത ഗൂഡാലോചന ഇന്ത്യൻ രാഷ്ട്രീയത്തിലും കാണാൻ കഴിയും. ഇന്ത്യൻ ഭരണകൂടത്തെ വെള്ളപൂശി പ്രചാരണം നടത്തുന്നതിൽ അവർ വഹിക്കുന്ന പങ്ക് ചെറുതല്ല.കേരളത്തിലെ മാധ്യമങ്ങൾ പോസ്റ്റ് ട്രൂത്തിന്റ കാലാത്തെ ആ അർത്ഥത്തിൽ തന്നെ ഉപയോഗിക്കുന്നുണ്ട്. നുണകൾ പറയുക നിരന്തരം പ്രചരിപ്പിക്കുക ഒടുവിൽ രഹസ്യമായി പിശകിനെ അംഗീകരിക്കുക എന്നിങ്ങനെ ഒരു പ്രത്യേക ഘടനയിൽ ഈ ഫാസിസ്റ്റ് മൂലധന ശക്തികൾ മലയാള മാധ്യമങ്ങളെ സ്വാധീനിക്കുന്നു. അതിന്റെ ഇടപെടൽ കൊണ്ടുതന്നെ തീവ്ര ഇടതുവിരുദ്ധ രാഷ്ട്രീയം നിർമ്മിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവർ നിരന്തരം ശ്രമിക്കുന്നു.ഇത്തരത്തിൽ പ്രത്യേക അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ മാധ്യമ സംസ്കാരം യഥാർത്ഥത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെയും മധ്യവർഗ്ഗ ജനതയുടെയും ബൗദ്ധിക മുന്നേറ്റത്തെ തടയുന്നു എന്നതാണ് വസ്തുതാപരമായ യാഥാർഥ്യം.

സൈബർ രാഷ്ട്രീയത്തിന്റെ സാമൂഹിക ഇടപെടൽ
ഏകാധിപത്യ സ്വഭാവമാണ് പരമ്പരാഗത മാധ്യമങ്ങളുടെ മുഖമുദ്ര അവർ ജനാധിപത്യപരമായ ആശയങ്ങളെപ്പറ്റി വാചാലരാകും എങ്കിലും കോർപ്പറേറ്റ് രക്തത്തിലാണ് അവരുടെ അതിജീവനം. അത്തരം മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധമായ ജീവിതം തന്നെയാണ് നമ്മുടെ സാംസ്കാരിക ലോകത്തിൽ പിന്തുടർന്ന് പോന്നത്. ചില വൻകിട മൂലധന ശക്തികൾ അവരുടെ അജണ്ടകൾ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിർമിച്ചെടുക്കുന്നു. ഇടതുപക്ഷ മുന്നേറ്റങ്ങളെയാണ് ഇവർ ഏറ്റവുമധികം ഭയപ്പെടുന്നത്.സൈബർ ഇടങ്ങൾ ക്രിയാത്മകമായതോടുകൂടി സംസ്കാരം കൂടുതൽ യാന്ത്രികമായി. എങ്കിലും മനുഷ്യവർഗ്ഗത്തിന്റെ പ്രതീക്ഷയിന്മേൽ എത്ര കരിനിഴൽ വീണുകൊണ്ടിരുന്നാലും അത് എല്ലാത്തിനെയും അതിജീവിക്കുമെന്ന പ്രതീക്ഷ നിലനിന്നു. നമ്മുടെ ജനാധിപത്യ ചിന്തകളിലും സംസ്കാരത്തിലും ഈ സ്‌പേസ്‌ വിപുലമായ സാധ്യതകൾ നിർമ്മിച്ചു. കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹമായി പ്രതിരോധിക്കാൻ അതു നമ്മളെ പ്രേരിപ്പിക്കുന്നു.

ക്രിയാത്മകമായ ജാനാധിപത്യ സമൂഹത്തിന് പരിണാമമുണ്ടെന്ന ധാരണ ഇല്ലായ്മയാണ് ജനാധിപത്യ സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളി.പലപ്പോഴും ഭൂതകാലത്തെ നിയമാവലികളെ അതു ജനാധിപത്യ നിയമങ്ങള്‍ ആണെങ്കില്‍ക്കൂടി അതേപടി അടുത്ത അനേകം നൂറ്റാണ്ടുകള്‍ തുടര്‍ന്നു പോകാമെന്നും അങ്ങനെ പ്രത്യേയശാസ്ത്രം നിലനില്‍ക്കുമെന്ന ധാരണ പലപ്പോഴും അതിന്റെ സംവിധാനത്തിന്റെ ജീര്‍ണ്ണതയില്‍ തന്നെ ചെന്നെത്തുന്നു. അല്ലെങ്കില്‍ സമാന്തരമായ ആരോഗ്യകരമോ അല്ലാതതുമോ ആയ പുതിയ ശാസ്ത്രങ്ങള്‍ നിലവിലുള്ളതിനെ തോല്‍പ്പിക്കുന്നു. നിലവിലുള്ളവ ശരിയോ തെറ്റോ എന്നതിന് ആശ്രയിച്ചിരിക്കും അതിന്റെ പ്രസക്തി.

എന്തുതന്നെയായാലും ഇന്ത്യയെ പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ച് ജനാധിപത്യ സംസ്കാരത്തിന്‍റെ പുനരുദ്ധാരണ സമയം അതിക്രമിച്ചു എന്നുവേണം സൂക്ഷമമായി നോക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. ഇതുവരെ തുടര്‍ന്നുവന്ന രീതിയില്‍ അധികകാലം രാഷ്ട്രീയ വിദ്യാഭ്യാസം നിലനില്‍ക്കില്ല. കാരണം അതിനെ മറികടക്കുന്ന ബദലുകളെ നിര്‍മ്മിക്കുന്ന പ്രത്യേയ ശാസ്ത്രങ്ങള്‍ രൂപപ്പെട്ടു വരുന്നുണ്ട് .

മൂലധന അജണ്ടകള്‍
ജനാധിപത്യ സ്വഭാവമുള്ള സമൂഹത്തിന്റെ സങ്കീര്‍ണ്ണത നിലനില്‍ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലോ, നേതാക്കളിലോ അല്ല. അതിന്റെ പൂര്‍ണ്ണമായ കടിഞ്ഞാണ്‍ നിലനില്‍ക്കുന്നത് അഡ്മിനിസട്രേഷന്‍ സംവിധാനങ്ങളിലാണ്. തങ്ങളുടെ വര്‍ഗ്ഗപരമായ നേട്ടത്തിനുവേണ്ടി അവര്‍ രാഷ്ട്രീയ തീരുമാനങ്ങളെ പരോക്ഷമായി അട്ടിമറിക്കാം. സിസ്റ്റം പലപ്പോഴും ഇത്തരത്തിലുള്ള നീക്കങ്ങളില്‍ മറഞ്ഞിരുന്ന് അധികാരത്തെ ആസ്വദിക്കുന്നുണ്ട്. മാത്രമല്ല രാഷ്ട്രീയത്തിനും അതിന്റെ പരിമിതികള്‍ക്കും അപ്പുറം ശക്തമായ മൂലധന സ്വാധീനം ചെലുത്തുന്ന മുതലാളിത്ത വര്‍ഗ്ഗം പലതരത്തില്‍ ഈ അധികാരഘടനയില്‍ സ്വാധീനം ചെലുത്തുന്നുണ്ട് .പണം എന്നത് വലിയൊരു ശക്തിയായി ഇതിനെ സ്വാധീനിക്കുമ്പോള്‍ താല്പര്യങ്ങള്‍ ഈ സ്വകാര്യശക്തികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

ഇന്ത്യന്‍ രാഷ്ട്രീയമെന്ന സ്പോണ്‍സര്‍ സ്പെസിമെന്‍
ഇന്ത്യന്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും നിയന്ത്രിക്കുന്നതില്‍ ഈ മൂലധനത്തിന് പ്രാധാന്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് സംഭാവനയായി എത്തുന്ന പണത്തിന്റെ സ്വാധീനം തുടര്‍ന്ന്‌ അധികാരത്തിലും പ്രതിഫലിക്കുന്നു. അങ്ങനെ സ്വകാര്യ കമ്പനികള്‍ക്കോ സമാന്തര വ്യവസ്ഥകള്‍ക്കോ അനിയോജ്യമായി ജനാധിപത്യ വ്യവസ്ഥയെ ഫ്ലക്സിബിളാക്കിമാറ്റാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. വരും കാലത്ത് മുതലാളിത്ത സ്വഭാവം കൂടുതല്‍ മോണോപ്പൊളി ഘടനയിലേക്ക് മാറുകയും മുതലാളിത്ത അനന്തര സ്വഭാവത്തിലുള്ള രൂപാന്തരണത്തിലേക്ക് അതിനൊരു തുടര്‍ച്ച ഉണ്ടാകുകയും ചെയ്യും .ഇത്തരത്തിലുള്ള ഒരു സമ്പദ് ഘടന എത്രത്തോളം ജനാധിപത്യ വിരുദ്ധമാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ .

ഹിന്ദുത്വമെന്ന കോര്‍പ്പറേറ്റ് അജണ്ട
സത്യത്തില്‍ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ നിലനിര്‍ത്തുക അതുവഴി സൗകര്യങ്ങളും വിഭവങ്ങളും അനുഭവിക്കുക എന്നതാണ് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍. ആരോഗ്യകരവും അല്ലാത്തതുമായ എല്ലാത്തരം രീതികളിലും പ്രത്യേക്ഷത്തില്‍ അല്ലാതെ തന്നെ അവരുടെ താല്പര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ കോർപറേറ്റുകളുടെ നിര്‍ലോഭമായ പിന്തുണ കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലേക്ക് പോയത് അവരുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തന മൂലധനത്തെ എത്രത്തോളം സ്വാധീനിച്ചുവെന്ന് നിരീക്ഷിക്കെണ്ടാതാണ്. അദാനിയും അംബാനിയും പോലുള്ള കുത്തക മുതലാളി മാരുടെ വരുമാനത്തില്‍ വര്‍ഷാവർഷം ഉണ്ടായ മാറ്റങ്ങളെ നിരീക്ഷിച്ചാലും ഇതിനുള്ള ഉത്തരം ലഭിക്കും.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ ഫാസിസത്തിന്റെ രൂപ രേഖ കോർപ്പറേറ്റുകൾ വരച്ചു നൽകിയ യാഥാർഥ്യമാണ്. കലയിലും സംസ്കാരത്തിലും ദൈനംദിന ജീവിതത്തിൽപ്പോലും ഇടപെടാനുള്ള ശ്രമങ്ങളിൽ നിന്നും പതിയെ ജയിച്ചു കയറിയ അവർ രാഷ്ട്രീയത്തിലൂടെ അധികാരത്തിന്റെ ഇടനാഴികളിൽ ചുറ്റിത്തിരിയുകയും പതിയെ അതിനെ വിഴുങ്ങുകയും ചെയ്തു. സിസ്റ്റത്തെ വിഴുങ്ങുക എന്നാൽ അതിന്റെ ബാഹ്യവും ആന്തരികവുമായ എല്ലാ സംവിധാനങ്ങളെയും വിഴുങ്ങി എന്നർത്ഥമുണ്ട്. വലിയൊരു മൂല ധനം ഏതാനും വ്യക്തികളിൽ ചുരുങ്ങിയതുമൂലം ഉണ്ടായ ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് നിസ്സംശയം ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗങ്ങളാണെന്നു പറയാം. അവർ നിരന്തരം വഞ്ചിക്കപ്പെട്ടു. ഒന്നിനും കൊള്ളാത്തവരും അധഃകൃതരുമാണ് തങ്ങളെന്ന് കോർപ്പറേറ്റ് കല (ബോളിവുഡ് സിനിമ) അടക്കം അവരെ നിരന്തരം ഓര്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

വ്യക്തിയുടെ മൂലധനവും ജീവിത സാഹചര്യങ്ങളും പലപ്പോഴും അയാളുടെ രാഷ്ട്രീയത്തെ നിർമ്മിക്കുന്നുണ്ട്. അതുമല്ലെങ്കിൽ ചിലപ്പോൾ അയാളുടെ വിശാലമായ ലോക വീക്ഷണം അതിനെ സ്വാധീനിച്ചേക്കാം. മൂലധനം ഏറുന്ന ഘട്ടത്തിൽ രാഷ്ട്രീയ വാദം കേവല അരാഷ്ട്രീയ ജീവിതത്തിലേക്ക് പരിവർത്തനപ്പെടുന്നതും ശ്രദ്ധേയമാണ്. പറഞ്ഞു വന്നത് രാഷ്ട്രീയ ക്കാരനും ആരാഷ്ട്രീയമായ നിക്ഷ്പക്ഷനും ഇടയിൽ മൂലധന സംബന്ധിയായ വർഗ്ഗ വ്യത്യാസം നിലനിൽക്കുന്നുണ്ട്.

പഴയൊരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകനായ അഭിലാഷ് പറഞ്ഞ ഒരുകാര്യമുണ്ട് മുൻപ് മുഖ്യധാര ഇടത്തുപക്ഷത്തിനൊപ്പം തന്നെ സമൂഹത്തിൽ ഇടതുപക്ഷ സ്വഭാവമുള്ള ഒരു പൊതുബോധം നിലനിന്നിരുന്നു. മാധ്യമങ്ങൾ പോലും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ഇടത് അനുകൂല ചിന്ത തങ്ങളുടെ പ്രവർത്തിയിൽ തുടർന്നു പോന്നിരുന്നു. പരോക്ഷമായ ഈ ശരിയാണ് കേരളത്തെ വർഗ്ഗീയതയിൽ നിന്നും അകറ്റിനിർത്തിയത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാൽ ഈ സമയത്ത് വ്യത്യസ്ത മായ ഒരു സാമ്പത്തിക ഘടന രൂപപ്പെടുമ്പോൾ തന്നെ വലതുപക്ഷ സ്വഭാവം നിർമ്മിക്കപ്പെടുന്ന ഒരു അന്തരീക്ഷം ഒരു യാഥാർഥ്യമായി നിലനിൽക്കുന്നു. ഇവിടെ മൂലധനം നിർമ്മിക്കുന്ന ഇടമാണ് വലതു സാംസ്കാരിക നിർമ്മിതിക്ക് സഹായകരമാകുന്നത്. എന്തുതന്നെയായാലും വലതുപക്ഷ മൂലധന മാധ്യമശക്തികളെ ചെറുത്തു തോൽപിക്കുക എന്നതാണ്‌ ഇടതുപക്ഷചേരിയുടെ ഏറ്റവും വലിയ പ്രവർത്തനങ്ങളിലൊന്ന്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × five =

Most Popular