Wednesday, May 1, 2024

ad

Homeരാജ്യങ്ങളിലൂടെജനാധിപത്യ ഹത്യക്കാർക്കെതിരെ ബ്രസീലിയൻ ജനത

ജനാധിപത്യ ഹത്യക്കാർക്കെതിരെ ബ്രസീലിയൻ ജനത

ആര്യ ജിനദേവൻ

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത്‌ പുതുമയുള്ള കാര്യമല്ല. ഇരുപതാം നൂറ്റാണ്ടിലുടനീളം ഒന്നിനു പുറകെ ഒന്നായി ആ രാജ്യങ്ങളിൽ സൈനിക അട്ടിമറികളിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന്റെയും ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുത്ത്‌ മർദിച്ചൊതുക്കുന്നതിന്റെയും നിരവധി ദൃഷ്ടാന്തങ്ങൾ കാണാനാവും. എന്നാൽ 21‐ാം നൂറ്റാണ്ടിൽ പോലും സിവിൽ ഭരണാധികാരികൾ തന്നെ പഴയകാലത്തെ സൈനികവാഴ്‌ചകളെ വാഴ്‌ത്തുന്നതും തിരഞ്ഞെടുപ്പുകളിലെ ജനവിധിയെ കൈക്കരുത്തുകൊണ്ട്‌ അട്ടിമറിക്കാൻ ശ്രമിക്കുനനതും അത്ര അപൂർവമല്ലാതായിരിക്കുന്നു. പൊതുവിൽ കാണാവുന്ന ഒരു സവിശേഷത ഈ എല്ലാ അട്ടിമറികൾക്കും അട്ടിമറി നീക്കങ്ങൾക്കും പിന്നിൽ അമേരിക്കയുടെ സജീവ ഇടപെടൽ ഉണ്ടെന്നാണ്‌.

ബ്രസീൽ തന്നെയാണ്‌ അതിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്ന്‌. 1964 മുതൽ 1985 വരെ 21 വർഷം നീണ്ട സൈനിക സ്വേച്ഛാധിപത്യം അവസാനിച്ചത്‌ ജനാധിപത്യത്തിനായുള്ള ദീർഘകാലത്തെ പ്രക്ഷോഭങ്ങളെ തുടർന്നാണ്‌. 1964ൽ ഴാവൊ ഗൗലാർത്തിന്റെ (ഴാങ്‌കൊ എന്നാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌) ജനപ്രിയ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയുടെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നെന്ന വിവരം 1976ലാണ്‌ തെളിവുകൾ സഹിതം പുറത്തുവന്നത്‌. അതോടെയാണ്‌ ജനകീയസമരം ശക്തിപ്പെടുകയും സൈനികവാഴ്‌ചയ്‌ക്ക്‌ അറുതിയാവുകയും ചെയ്‌തത്‌.

2003ൽ വർക്കേഴ്‌സ്‌ പാർട്ടിയുടെ നേതാവ്‌ ലുല ഡ സിൽവ പ്രസിഡന്റായതോടെ ആ ഇടതുപക്ഷ ഭരണത്തിനെതിരെ അമേരിക്കയുടെ പിന്തുണയോടെ ബ്രസീലിലെ വലതുപക്ഷശക്തികൾ കരുനീക്കം തുടങ്ങിയിരുന്നു. എന്നാൽ ലുലയ്‌ക്കുണ്ടായിരുന്ന ശക്തമായ ജനപിന്തുണ അട്ടിമറിക്കാരെ അതിൽനിന്ന്‌ പിന്തിരിപ്പിച്ചു. എങ്കിലും നിരന്തരം അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നും നുണപ്രചരണങ്ങളിലൂടെയും ആ ഇടതുപക്ഷ ഭരണത്തെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്ന വലതുപക്ഷ ശക്തികൾ ലുലയുടെ ഭരണ കാലാവധിക്കുശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വർക്കേഴ്‌സ്‌ പാർട്ടിയിലെതന്നെ ദിൽമ റൂസെഫിനെതിരെയും ഇതേ ആക്രമണം കൂടുതൽ ശക്തമായി തുടർന്നു. എന്നിട്ടും അവർ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടതോടെ ഹാലിളകിയ വലതുപക്ഷം ആക്രമണം കൂടുതൽ തീവ്രമാക്കുകയും പാർലമെന്ററി അട്ടിമറിയിലൂടെ അവരെ പുറത്താക്കുകയും ചെയ്‌തു.

തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ലുല മത്സരിക്കുന്നത്‌ ഒഴിവാക്കാൻ അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. അങ്ങനെ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവർക്കൊന്നും മത്സരിക്കാൻ പറ്റാതെയാക്കിയാണ്‌ 2017ൽ തീവ്രവലതുപക്ഷക്കാരനായ ബൊൾസനാരോ തിരഞ്ഞെടുക്കപ്പെട്ടത്‌. ലുലയെയും ദിൽമയെയും ഒഴിവാക്കുന്നതിലും ബൊൾസനാരൊയെ അധികാരത്തിലെത്തിക്കുന്നതിലും അമേരിക്ക നിർണായകമായ പങ്കുവഹിച്ചതായാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. ബൊൾസനാരോയുടെ കാലാവധി കഴിഞ്ഞയുടൻ നടന്ന തിരഞ്ഞെടുപ്പിനു മുമ്പുതന്നെ കോടതി ലുലയെ കുറ്റവിമുക്തനാക്കിയതിനെത്തുടർന്ന്‌ അദ്ദേഹം മത്സരരംഗത്തെത്തുകയും ബൊൾസനാരൊയെ പരാജയപ്പെടുത്തുകയും ചെയ്‌തു. എന്നാൽ ബൊൾസനാരൊയും അനുയായികളും ലുലയുടെ വിജയത്തെ അംഗീകരിക്കാതെ 2023 ജനുവരി 8ന്‌ അട്ടിമറിയിലൂടെ അധികാരം നിലനിർത്താൻ ഒരു വിഫലനീക്കം നടത്തുകയും ചെയ്‌തു.

ഈ അട്ടിമറിയിൽ പങ്കെടുത്ത ബൊൾസനാരൊ അനുയായികളെ വിചാരണചെയ്‌ത്‌ 17 വർഷവരെയുള്ള കാലത്തേക്ക്‌ ശിക്ഷിക്കുകയും ജയിലിലടയ്‌ക്കുകയും ചെയ്‌തു. 159 പേരെയാണ്‌ ഇങ്ങനെ ജയിലിലാക്കിയത്‌. മാർച്ച്‌ 30ന്‌ ബ്രസീലിലെ സുപ്രീംകോടതി ഇവരുടെ ശിക്ഷ ശരിവച്ചുകൊണ്ട്‌ ഉത്തരവിട്ടു.

ഈ അട്ടിമറി സംഘാടകർക്ക്‌ പൊതുമാപ്പ്‌ നൽകി വിട്ടയയയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ചില തീവ്ര വലതുപക്ഷക്കാരും ചില മാധ്യമങ്ങളും രംഗത്തുവന്നപ്പോൾ അതിനെതിരെ വലിയ ജനമുന്നേറ്റമാണ്‌ ബ്രസീലിൽ ഉയർന്നുവന്നത്‌. അതുസംബന്ധിച്ച്‌ രാജ്യത്താകെ ഡാറ്റഫോഹ എന്ന സംഘടന നടത്തിയ അഭിപ്രായ സർവെയിൽ പങ്കെടുത്തവരിൽ 63 ശതമാനം പേരും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചവരൊന്നും മാപ്പർഹിക്കുന്നവരല്ലായെന്നും അവരെ ശിക്ഷിക്കണമെന്നുമാണ്‌ അഭിപ്രായപ്പെട്ടത്‌. മാർച്ച്‌ 19, 20 തീയതികളിലായി 2002 പേരെ നേരിട്ട്‌ ബന്ധപ്പെട്ടാണ്‌ സർവെ നടത്തിയത്‌.

ഫെബ്രുവരി 25ന്‌ സാവൊപോളൊയിൽ നടത്തിയ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ബൊൾസനാരൊ തന്നെയാണ്‌ തന്റെ അനുയായികൾക്ക്‌ മാപ്പ്‌ നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചത്‌. ബൊൾസനാരൊയുടെ നിവേദനം ബ്രസീലിലെ കോൺഗ്രസ്‌ ചർച്ചചെയ്‌ത്‌ തള്ളിക്കളയുകയാണുണ്ടായത്‌. ഡാറ്റഫോഹയുടെ സർവെയിൽ പങ്കെടുത്ത, 2022 ഡിസംബറിൽ നടന്ന തിരെഞ്ഞെടുപ്പിൽ ബൊൾസനാരോയ്‌ക്ക്‌ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയിരുന്നവരിൽ തന്നെ 53 ശതമാനംപേർ അട്ടിമറിനീക്കം നടത്തിയവർക്ക്‌ മാപ്പ്‌ നൽകരുതെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. സൈനിക സ്വേച്ഛാധിപത്യവാഴ്‌ചയുടെ അനുഭവമുള്ള ബ്രസീലിയൻ ജനത ഇനിയും സ്വേച്ഛാധിപത്യത്തിലേക്കില്ലെന്ന ഉറച്ച നിലപാടാണ്‌ ഈ സർവെയിൽ വ്യക്തമാക്കിയത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular