കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നു കെ ചാത്തുണ്ണി മാസ്റ്റർ. കോഴിക്കോട് ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടിയും ബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാക്കളിൽ പ്രമുഖനാണദ്ദേഹം.
കോഴിക്കോട് ജില്ലയിലെ കക്കോടിക്കു സമീപം കണ്ണങ്കരയിലാണ് മാസ്റ്ററുടെ ജനനം. വിഷചികിത്സകനായിരുന്ന മാമിക്കുട്ടിയുടെയും മാളുവിന്റെയും മൂന്നാമത്തെ പുത്രനായാണ് ചാത്തുണ്ണി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് മണലെഴുത്തു സ്‌കൂളിലാണ്. ആ സ്‌കൂൾ നടത്തിയിരുന്നത് ചാത്തുണ്ണിയുടെ മൂത്ത സഹോദരിയുടെ ഭർത്താവായിരുന്നു. ആ മണലെഴുത്തു സ്‌കൂളകാണ് പിൽക്കാലത്ത് ശ്രീനാരായണവിലാസം സ്‌കൂളായി രൂപാന്തരപ്പെട്ടത്. അത്തോളിയിലെ വേളൂർ അൺ എയ്‌ഡഡ് സ്‌കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം.
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ചാത്തുണ്ണിക്ക് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോട് അവാച്യമായ അഭിനിവേശമാണുണ്ടായത്. സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഗോപാലൻനായരുമായുള്ള അടുത്ത ബന്ധം ചാത്തുണ്ണിക്ക് കൂടുതൽ അവബോധം നൽകി. നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഗോപാലൻനായർ മാഷിന്റെ ഉപദേശനിർദേശങ്ങൾ ചാത്തുണ്ണിക്ക് ഏറെ സഹായകമായി.
സ്‌കൂളിനടുത്ത് താമസിച്ചിരുന്ന കടിയൻനായർ എന്ന പൊതുകാര്യപ്രശസ്‌തനുമായുള്ള അടുപ്പവും ചാത്തുണ്ണിയുടെ ചിന്താഗതികളെ നിർണായകമായി സ്വാധീനിച്ചു.
1944‐45 കാലത്ത് കോഴിക്കോട്ടെ ഗവൺമെന്റ് ട്രെയ്‌നിങ് സ്‌കൂളിൽ ടിടിസിക്കു പഠിക്കുമ്പോഴാണ് ചാത്തുണ്ണി ആദ്യമായി പി കൃഷ്‌ണപിള്ളയെ കാണുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളുടെ യോഗങ്ങളിലെ സ്രോതാവായിരുന്നു ഈ കാലയളവിൽ അദ്ദേഹം.
ടിടിസി പാസായയുടൻ തന്നെ അദ്ദേഹത്തിന് അത്തോളിയിലെ ശ്രീനാരായണവിലാസം എൽപി സ്‌കൂളിൽ അധ്യാപകനായി നിയമനം ലഭിച്ചു. ആറുമാസത്തിലൊരിക്കൽ 36 രൂപയായിരുന്നു ശന്പളമായി ലഭിച്ചിരുന്നത്. അന്ന് അത് തീരെ മോശമല്ലാത്ത തുകയായിരുന്നു.
അധ്യാപകനായിരിക്കെ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പാർട്ടിയുടെ മീറ്റിങ്ങുകളിലും പ്രവർത്തനങ്ങളിലുമെല്ലാം അദ്ദേഹം സജീവമായി. പാർട്ടി നേതാക്കൾക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ഒരുക്കുന്നതിനും അദ്ദേഹം ഇടപെടലുകൾ നടത്തി. അതോടെ സ്‌കൂൾ അധികൃതരുടെയും പൊലീസിന്റെയും പ്രമാണിമാരായ കോൺഗ്രസുകാരുടെയും നോട്ടപ്പുള്ളിയായി അദ്ദേഹം. ചാത്തുണ്ണി മാസ്റ്ററെ പിടിച്ചുകൊടുക്കുന്നവർക്ക് ഗവൺമെന്റ് ഇനാം പ്രഖ്യാപിച്ചു.
കമ്യൂണിസ്റ്റുകാർ നാനാതരത്തിലുള്ള വേട്ടയാടലുകൾക്കാണ് അന്ന് ഇരകളായത്. ഒരുഭാഗത്ത് ഗവൺമെന്റും പൊലീസുകാരും മറുഭാഗത്ത് ജന്മിമാരും അവരുടെ ഗുണ്ടകളും. പ്രമാണിമാരായ കോൺഗ്രസുകാരുടെയും അവരുടെ ഗുണ്ടകളുടെയും എതിർപ്പും ആക്രമണങ്ങളും വേറൊരുഭാഗത്ത്. അങ്ങനെ നാനാവിധ ആക്രമണങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അവരോട് ആഭിമുഖ്യം പുലർത്തുകയോ പരോക്ഷമായെങ്കിലും പിന്തുണയ്‌ക്കുകയോ ചെയ്യുന്നവർക്കെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭീഷണികളും വേട്ടയാടലുകളും അനുഭവിക്കേണ്ടിവന്നു.
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ചാത്തുണ്ണി മാസ്റ്റർ അറസ്റ്റു ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പായതിനാൽ വിട്ടയയ്‌ക്കപ്പെട്ടു. എന്നാൽ മറ്റൊരു കേസിൽ ഒന്നരവർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടതിനാൽ താമസിയാതെ വീണ്ടും അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അദ്ദേഹത്തെ അയച്ചത്; പിന്നീട് സേലം സെൻട്രൽ ജയിലിലേക്കും.
ജയിൽമോചിതനായ ചാത്തുണ്ണി പാർട്ടി കെട്ടിപ്പടുക്കുന്നതിലും കർഷകരെ സംഘടിപ്പിക്കുന്നതിലും മുഴുകി. അതിൽ അരിശംപൂണ്ട അധികാരികൾ അദ്ദേഹത്തിന്റെ അധ്യാപക സർട്ടിഫിക്കറ്റ് റദ്ദാക്കി. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചാൽ സർട്ടിഫിക്കറ്റ് സാധുനാക്കാമെന്ന് അവർ ഉപാധി വെച്ചു. എന്നാൽ സർട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്ന് ചാത്തുണ്ണി മാസ്റ്റർ പ്രഖ്യാപിച്ചു. അതോടെ അധ്യാപകജീവിതത്തോട് അദ്ദേഹം എന്നന്നേക്കുമായി വിടപറയുകയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ് 1956ൽ പാലക്കാട്ടുവെച്ചാണല്ലോ ചേർന്നത്; അതിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം തൃശൂരിൽവെച്ചും. സമ്മേളനത്തിന് മുന്പ് കോഴിക്കോട് താലൂക്ക് കമ്മിറ്റി വിഭജിക്കപ്പെട്ടു: കോഴിക്കോട് ടൗൺ‐ചേവായൂർ താലൂക്ക് കമ്മിറ്റിയെന്നും കൊടുവള്ളി‐കുന്ദമംഗലം താലൂക്ക് കമ്മിറ്റിയെന്നും. കോഴിക്കോട് ടൗൺ‐ചേവായൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ചാത്തുണ്ണി മാസ്റ്ററാണ്. അത്യുത്സാഹത്തോടെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ താലൂക്കൊട്ടാകെ ഓടിനടന്ന് പ്രവർത്തിച്ചത്.
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായിരുന്നല്ലോ 1957ലേത്. കുന്നമംഗലത്ത് പാർട്ടിയുടെ സ്ഥാനാർഥിയായി ചാത്തുണ്ണി മാസ്റ്ററെയാണ് പാർട്ടി നിയോഗിച്ചത്. അന്ന് കുന്നമംഗലം ഭാഗത്ത് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സ്വാധീനം കമ്യൂണിസ്റ്റ് പാർട്ടിക്കില്ലായിരുന്നു. എങ്കിലും പാർട്ടി സംഘടനയുടെ സർവ ശക്തിയുമുപയോഗിച്ച് പോരാടാൻ കരുത്തനായ സാരഥിയെന്ന നിലയിലാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. ശക്തമായ പ്രകടനം കാഴ്‌ചവെക്കാൻ ചാത്തുണ്ണി മാസ്റ്റർക്ക് സാധിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 1960ലും അദ്ദേഹം തന്നെയാണ് കുന്നമംഗലത്ത് ജനവിധി തേടിയത്. പാർട്ടിയുടെ സ്വാധീനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പിലും വിജയിക്കാൻ സാധിച്ചില്ല.
കമ്യൂണിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്കും എക്‌സിക്യുട്ടീവിലേക്കും ചാത്തുണ്ണി മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു.
1963 ആഗസ്‌ത് 15നായിരുന്നല്ലോ ചിന്ത വാരിക പ്രസിദ്ധീകരണം ആരംഭിച്ചത്. കെ ഇ കെ നന്പൂതിരിയാണ് ആദ്യ പത്രാധിപരായി നിയോഗിക്കപ്പെട്ടത്. ചിന്തയുടെ പ്രവർത്തനങ്ങളുടെയാകെ മേൽനോട്ടം ചാത്തുണ്ണി മാസ്റ്റർക്കായിരുന്നു. ചിന്തയിലേക്ക് ലേഖനങ്ങൾ എഴുതുന്നതിലും മറ്റു നേതാക്കളിൽനിന്ന് ലേഖനങ്ങൾ സംഘടിപ്പിക്കുന്നതിലുമെല്ലാം ചാത്തുണ്ണി മാസ്റ്റർ നിർണായക പങ്കാണ് വഹിച്ചതെന്ന് ചിന്തയുടെ ആദ്യകാല പ്രവർത്തകർ രേഖപ്പെടുത്തിയിട്ടുണ്ട്.
1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ ചാത്തുണ്ണി മാസ്റ്റർ സിപിഐ എം പക്ഷത്ത് ഉറച്ചുനിന്നു. പാർട്ടിയുടെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം കാലം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
ചൈന ചാരത്വം ആരോപിച്ച് സിപിഐ എം നേതാക്കളെയും സജീവ പ്രവർത്തകരെയും സർക്കാർ വേട്ടയാടി. ഏതാണ്ട് 1200 ഓളം പേരെയാണ് അറസ്റ്റ് ചെയ്‌ത് വിവിധ ജയിലുകളിലടച്ചത്. ചാത്തുണ്ണി മാസ്റ്ററെയും ജയിലിലടച്ചു. ജയിലിൽ കഴിയുന്ന സമയത്ത് അദ്ദേഹം വായനയിലും എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മാരുതി എന്ന തൂലികാനാമത്തിൽ ഒട്ടനവധി ലേഖനങ്ങൾ അദ്ദേഹം ചിന്ത വാരികയിൽ എഴുതി. അതീവ രഹസ്യമായി അവ ചിന്ത ഓഫീസിലെത്തിക്കുന്നതിലും അസാധാരണമായ മികവാണ് അദ്ദേഹം പ്രദർശിപ്പിച്ചതെന്ന് ആദ്യകാല ചിന്ത പ്രവർത്തകർ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറുമാസത്തെ ജയിൽവാസത്തിനു ശേഷമാണ് ചാത്തുണ്ണി മാസ്റ്റർ ജയിൽമോചിതനായത്.
കർഷകസംഘം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കർഷകരുടെ നിരവധി സമരങ്ങൾക്കാണ് ധീരമായ നേതൃത്വം നൽകിയത്.
അടിയന്തരാവസ്ഥയിൽ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചത് ചാത്തുണ്ണി മാസ്റ്ററായിരുന്നു. സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിയുടെ കൺവീനറായും ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു.
1967ൽ ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ ചാത്തുണ്ണി മാസ്റ്റർ വിജയിച്ചു. പിന്നീട് രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം ബേപ്പൂർ മണഡലത്തെ പ്രതിനിധീകരിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങൾ സമഗ്രമായി നിയമസഭയിൽ അവതരിപ്പിക്കാൻ അദ്ദേഹം സവിശേഷമായ ശ്രദ്ധയും മികവും കാട്ടി.
വായനശാലകൾ വ്യാപകമാക്കുന്നതിന്റെ രാഷ്‌ട്രീയ പ്രാധാന്യം കമ്യൂണിസ്റ്റ് പാർട്ടി ആദ്യംതന്നെ തിരിച്ചറിഞ്ഞിരുന്നല്ലോ. കോഴിക്കേട് ജില്ലയിൽ മാത്രമല്ല കേരളത്തിന്റെ ഇതര ഭാഗങ്ങളിലും വായനശാലകൾ വ്യാപിക്കുന്നതിന് ലൈബ്രറി കൗൺസിൽ അംഗം എന്ന നിലയിൽ നേതൃത്വപരമായ പങ്കാണ് അദ്ദേഹം നിർവഹിച്ചത്.
1978 മുതൽ 1984 വരെ രാജ്യസഭാംഗമായി അദ്ദേഹം പ്രവർത്തിച്ചു. കേരളത്തിന്റെ അവകാശങ്ങൾ ഉന്നയിച്ച് രാജ്യസഭയിൽ ശബ്ദമുയർത്തുന്നതിന് അദ്ദേഹത്തിന് സാധിച്ചു.
1985ൽ സിപിഐ എമ്മിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു.
1990ൽ ചാത്തുണ്ണി മാസ്റ്റർ അന്ത്യശ്വാസം വലിച്ചു.
മകൻ അഡ്വ. കെ ജയരാജ് സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയകമ്മിറ്റി അംഗവും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് നേതാവുമാണ്. ♦