Sunday, May 26, 2024

ad

Homeഇവർ നയിച്ചവർകെ പത്മനാഭൻ: കണ്ണൂരുകാരുടെ പത്മേട്ടൻ

കെ പത്മനാഭൻ: കണ്ണൂരുകാരുടെ പത്മേട്ടൻ

ഗിരീഷ്‌ ചേനപ്പാടി

കോഴിക്കോട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും വർഗ‐ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന നേതാവാണ്‌ കെ പത്മനാഭൻ. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ അവകാശ സമരപോരാട്ടത്തിൽ അണിനിരത്തുന്നതും അസാധാരണമായ മികവാണ്‌ അദ്ദേഹം പുലർത്തിയത്‌. സമരത്തിന്റെയും കഠിനമായ പരീക്ഷണത്തിന്റെയും ഘട്ടത്തിൽ തൊഴിലാളികൾക്കും പാർട്ടി പ്രവർത്തകർക്കും ആത്മവിശ്വാസം ചോർന്നുപോകാതെ നോക്കാനുള്ള പത്മനാഭന്റെ മികവ്‌ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്‌. പ്രശ്‌നങ്ങളെ അതിന്റെ സമഗ്രതയിൽ പഠിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന്‌ അനായാസം സാധിച്ചിരുന്നു.

1922ൽ കോഴിക്കോട്‌ ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിലാണ്‌ കെ പത്മനാഭൻ ജനിച്ചത്‌. കോട്ടക്കളത്തിൽ ചോയിയുടെയും ഉണ്ണിച്ചിയുടെയും നാലാമത്തെ മകനായാണ്‌ അദ്ദേഹത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിനേഴാം വയസ്സിൽ കോമൺവെൽത്ത്‌ എന്ന സ്ഥാപനത്തിലെ തൊഴിലാളിയായി അദ്ദേഹം ചേർന്നു. അവിടെനിന്ന്‌ അരുമുറി പഠിച്ചെടുത്തു. പിന്നീട്‌ ഫറോക്ക്‌ ടൈൽ വർക്‌സിൽ ജോലിക്കു ചേർന്നു. ഉശിരനായ തൊഴിലാളിയായിരുന്നു അദ്ദേഹം. പുത്തൻപുരയിൽ വേലുക്കുട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളികളെ ട്രേഡ്‌ യൂണിയനു കീഴിൽ അണിനിരത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു. സംഘടനാപ്രവർത്തനത്തിൽ പത്മനാഭൻ ആകൃഷ്‌ടനായി. ട്രേഡ്‌ യൂണിയന്റെ സജീവ പ്രവർത്തകനായി അദ്ദേഹം വളരെ വേഗം മാറി.

സ്വാതന്ത്ര്യസമരവും ദേശീയ പ്രസ്ഥാനവുമെല്ലാം പത്മനാഭനെ ആവേശഭരിതനാക്കി. കോൺഗ്രസിന്റെ പൊതുയോഗങ്ങളിലെ പതിവു കേൾവിക്കാരനായി അദ്ദേഹം മാറി. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. സോഷ്യലിസ്റ്റ്‌ ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയോട്‌ അദ്ദേഹത്തെ അടുപ്പിച്ചു. താമസിയാതെ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ഫറോഖ്‌ പ്രദേശത്തെ പ്രധാനപ്പെട്ട പ്രവർത്തകരിലൊരാളായി പത്മനാഭൻ മാറി.

1939 ഡിസംബർ ഒടുവിലും 1940 ജനുവരി ആദ്യവുമായി പിണറായിയിലെ പാറപ്രത്ത്‌ നടന്ന കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ സമ്മേളനത്തിൽ ആ പാർട്ടി ഒന്നാകെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി. അങ്ങനെ ഫറോക്ക്‌ മേഖലയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ്‌ സെല്ലിൽ പത്മനാഭനും അംഗമായി. അതോടെ ജോലി ഉപേക്ഷിച്ച്‌ അദ്ദേഹം മുഴുവൻസമയ രാഷ്‌ട്രീയപ്രവർത്തകനായി. താമസിയാതെ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഡിവിഷൻ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനാണ്‌ അദ്ദേഹം ഊന്നൽ നൽകിയത്‌. ഓട്ടുകന്പനി തൊഴിലാളികൾ, ബീഡി‐സിഗാർ തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, മോട്ടോർവാഹന തൊഴിലാളികൾ എന്നിവരെയൊക്കെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. നിരവധി തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും കമ്യൂണിസ്റ്റ്‌ പാർട്ടിയോട്‌ അടുപ്പിക്കാൻ പത്മനാഭന്റെ നിസ്വാർഥവും സമർപ്പണ മനോഭാവത്തോടെയുമുള്ള പ്രവർത്തനങ്ങൾ സഹായകമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി കൂട്ടായി വിലപേശാനും അവകാശങ്ങളിൽ പലതും നേടിയെടുക്കാനും സാധിച്ചത്‌ സാധാരണ തൊഴിലാളികളിൽ ആത്മവിശ്വാസം വർധിക്കാൻ ഇടയാക്കി.

1946ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച്‌ ഫറോക്ക്‌ കോ‐ഓപ്പറേറ്റീവ്‌ സ്‌റ്റോറിൽ പത്മനാഭൻ ക്ലർക്കായി ചേർന്നു. വീട്‌ പുലർത്തുന്നതിനും പാർട്ടി പ്രവർത്തനത്തിനും അത്‌ സഹായകമാകുമെന്ന്‌ കണ്ടാണ്‌ അന്ന്‌ പാർട്ടി അങ്ങനെയൊരു നിലപാടെടുത്തത്‌. ജോലിയിലിരിക്കെ തന്നെ നിരവധിയാളുകളുമായി സംവദിക്കാനും അവരെ പലരെയും പാർട്ടിയുമായി അടുപ്പിക്കാനും അദ്ദേഹത്തിന്‌ സാധിച്ചു. അപ്പോഴും പൊലീസിന്റെയും കോൺഗ്രസ്‌ പ്രമാണിമാരുടെയും അവരുടെ ഗുണ്ടകളുടെയും നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം. പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ രണ്ടുതവണ അദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്‌തു.

1948ൽ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഫറോക്ക്‌ ഫർക്ക കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫറോക്ക്‌, ബേപ്പൂർ, നടുവട്ടം, ചെറുവണ്ണൂർ, മണ്ണൂർ, കടലുണ്ടി, വെളിമ്പ്രം എന്നീ വില്ലേജുകൾ അടങ്ങുന്ന വിശാലമായ പ്രദേശം ഉൾപ്പെട്ടതായിരുന്നു ഫർക്ക കമ്മിറ്റിക്ക്‌ കീഴിലുണ്ടായിരുന്നത്‌. പാർട്ടിയുടെ മലബാർ ജില്ലാ കമ്മിറ്റിയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയും ട്രേഡ്‌ യൂണിയനുകളും സംഘടിപ്പിക്കുന്നതിന്‌ പത്മനാഭൻ ഊർജസ്വലതയോടെ പ്രവർത്തിച്ചു. അതിനിടയിൽ ഗുണ്ടകളുടെയും പൊലീസിന്റെയും പലവിധ ഭീഷണികളെയും അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുണ്ട്‌. അവയെയെല്ലാം അദ്ദേഹം അസാമാന്യമായ ആത്മബലത്തോടെ നേരിടുകയും ചെയ്‌തു.

1948ൽ കൊൽക്കത്ത തീസിസിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടല്ലോ. അറസ്റ്റിലായ പത്മനാഭൻ കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്‌ക്കപ്പെട്ടു. ജയിലിൽ കിടക്കുമ്പോഴും അനീതിക്കും അന്യായത്തിനുമെതിരെ പ്രതികരിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്‌ കഠിനമായ മർദനങ്ങൾ പലപ്പോഴും സഹിക്കേണ്ടിവന്നു.

1951ൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്കുമേലുള്ള നിരോധനം ഗവൺമെന്റ്‌ പിൻവലിച്ചു. അതോടെ ജയിലിൽ അടയ്‌ക്കപ്പെട്ട കമ്യൂണിസ്റ്റുകാർ മോചിപ്പിക്കപ്പെട്ടു. എ കെ ജി പ്രസിഡന്റായും കെ പത്മനാഭൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊളിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ അവകാശബോധമുള്ളവരും രാഷ്‌ട്രീയബോധമുള്ളവരുമാക്കുന്നതിലും അദ്ദേഹം നിരന്തരം പ്രവർത്തിച്ചു. തൊഴിലാളികളോട്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്കായും കൂട്ടായും അദ്ദേഹം നിരന്തരം സംവദിച്ചു. കമ്മിറ്റികളിലും ജനറൽ ബോഡികളിലും നിരന്തരം രാഷ്‌ട്രീയം സംസാരിച്ചു.

1954ൽ സ്റ്റാൻഡേർഡ്‌ ടൈൽസിൽ നിന്ന്‌ നിരവധി തൊഴിലാളികളെ മാനേജ്‌മെന്റ്‌ നിസ്സാര കാരണങ്ങൾ പറഞ്ഞ്‌ പിരിച്ചുവിട്ടു. അതിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ച പത്മനാഭൻ തൊഴിലാളികളെ അവരുടെ വീടുകൾ സന്ദർശിച്ച്‌ സമരത്തിൽ പങ്കെടുക്കാൻ സജ്ജരാക്കി. അപകടം മണത്തറിഞ്ഞ്‌ മാനേജ്‌മെന്റ്‌ ഒത്തുതീർപ്പിന്‌ തയ്യാറായി.

പ്രമുഖ ട്രേഡ്‌ യുണിയൻ നേതാവെന്ന അംഗീകാരം 1960കളിൽ തന്നെ നേടിയ പത്മനാഭൻ എഐടിയുസിയുടെ കോഴിക്കോട്‌ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു. നിരവധി സമരങ്ങൾക്ക്‌ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്‌തു.

1955ൽ സ്റ്റാൻഡേർഡ്‌ ടൈൽസ്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ബോണസ്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സമരം ആരംഭിച്ചു. പത്മനാഭനായിരുന്നു അതിന്റെ നേതൃത്വം. ദീർഘനാൾ നീണ്ടുനിന്ന ആ സമരത്തിൽ പങ്കെടുത്ത തൊഴിലാളികളുടെ ആത്മവീര്യം ചോർന്നുപോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തൊഴിലാളികളിൽ പലരെയും നേരിട്ടു കണ്ട്‌ സമരത്തിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചു. അവർക്കുണ്ടായിരുന്ന ഭീതിയും സംശയവും അകറ്റാൻ അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു.

നാനൂറോളം തൊഴിലാളികൾ ജോലിചെയ്‌തുവന്ന ജനത ടൈൽ വർക്‌സ്‌ അടച്ചുപൂട്ടപ്പെട്ടു. അതോടെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വല്ലാതെ കഷ്ടത്തിലായി. അതിന്‌ കെ പത്മനാഭന്‌ പരിഹാാര നിർദേശമുണ്ടായിരുന്നു. തൊഴിലാളികളുടെ സഹകരണസംഘം രൂപീകരിച്ച്‌ സ്ഥാപനത്തിന്റെ നടത്തിപ്പ്‌ ഏറ്റെടുക്കുക. ആ നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വിജയിച്ചു. ഇതേ മാതൃകയിൽ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ സഹകരണസംഘങ്ങൾ ഏറ്റെടുത്തു നടത്തുന്ന അവസ്ഥയുണ്ടായി.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എം പക്ഷത്താണ്‌ കെ പത്മനാഭൻ നിലയുറപ്പിച്ചത്‌. ജില്ലയിൽ സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം പാർട്ടി സംസ്ഥാനകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കുറച്ചുകാലം ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ചൈനാ ചാരന്മാർ എന്നാക്ഷേപിച്ചുകൊണ്ട്‌ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ 1964‐66 കാലത്ത്‌ സർക്കാർ ജയിലിലടച്ചല്ലോ? നേതാക്കളും പ്രവർത്തകരുമായ 1200ലേറെപ്പേരെയാണ്‌ അന്ന്‌ കാരാഗൃഹങ്ങളിലടച്ചത്‌. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കളിൽ പലരും ജയിലിൽ കിടന്നുകൊണ്ടാണ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌.

കെ പത്മനാഭനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. അറസ്റ്റും ജയിൽവാസവും മർദനങ്ങളുമൊന്നും പുത്തരിയല്ലാത്ത പത്മനാഭൻ അവയെല്ലാം ധീരമായി നേരിട്ടു.

1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ കെ പത്മനാഭനാണ്‌. സിഐടിയു സംസ്ഥാന കമ്മിറ്റിയിലേക്കും അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റിയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഒളിവിലിരുന്നാണ്‌ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. പാർട്ടിയും ട്രേഡ്‌ യൂണിയനുകളും സംഘടിപ്പിക്കുന്നതിൽ രാപകൽ ഭേദമില്ലാതെ പ്രവർത്തിച്ച അദ്ദേഹം പൊലീസിന്റെ പിടിയിലായി.

കമ്യൂണിസ്റ്റ്‌‐ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾക്ക്‌ അമൂല്യമായ സംഭാവനകൾ നൽകിയ പ്രമുഖ നേതാവാണ്‌ കെ പത്മനാഭൻ. കോഴിക്കോട്‌ ജില്ലയിൽ നിന്നുള്ള പല കേഡർമാരെയും വാർത്തെടുക്കുന്നതിൽ അസാമാന്യമായ സാമർഥ്യം പ്രകടിപ്പിച്ച സംഘാടകനാണദ്ദേഹം.

1979 ഡിസംബർ 18ന്‌ കെ പത്മനാഭൻ അന്ത്യശ്വാസം വലിച്ചു. എടത്തോട്ടത്തിൽ ലീലാവതി ടീച്ചറാണ്‌ ജീവിതപങ്കാളി. സ്വപ്‌ന, സുമിത്‌ എന്നിവരാണ്‌ മക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − four =

Most Popular