ഹരിയാനയിലെ ഹിസാറിൽ ദൂരദർശൻ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരുടെ സമരം 450 ദിവസം പിന്നിട്ടിരിക്കുന്നു. എന്നാൽ അധികാരികൾ ഈ സമരം കണ്ടമട്ടില്ല. ഹരിയാനയിലെ ഏക ദൂരദർശൻ കേന്ദ്രമാണ് ഹിസാറിലേത്. ഈ ദൂരദർശൻ കേന്ദ്രം ചഢീഗഡിലേക്ക് മാറ്റിയതിനുശേഷം കഴിഞ്ഞവർഷം ജനുവരിയിൽ ഹിസാറിലെ സ്‌റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി ബന്ധപ്പെട്ടവർ പറയുന്നു. അന്നുമുതൽ അവിടെ താൽക്കാലിക ജോലിയിൽ ഏർപ്പെട്ടിരുന്നവർക്ക് അവരുടെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. തുടർന്ന് പ്രദേശവാസികളുടെ പിന്തുണയോടെ താൽക്കാലിക ജീവനക്കാർ ദൂരദർശൻ ബച്ചാവോ സമിതിയുടെ ബാനറിൻകീഴിൽ സമരം നടത്തുകയാണ്. സമരം ഇപ്പോൾ 450 ദിവസത്തിലേറെയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
2002ൽ വാജ്‌പേയിയുടെ കാലത്താണ് ഹിസാറിലെ ഡിഡി സ്‌റ്റേഷൻ ആരംഭിച്ചത്. 2022 ഡിസംബറിലാണ് സ്‌റ്റേഷൻ ചഢീഗഡിലേക്ക് മാറ്റുന്നതായി വാർത്താവിതരണമന്ത്രി പ്രഖ്യാപിച്ചത്. സ്റ്റുഡിയോ, പ്രൊഡക്‌ഷൻ കൺട്രോൾ റൂം, ജീവനക്കാർക്കുള്ള താമസസ്ഥലം എന്നിവയൊക്കെയായി 8 ഏക്കറോളമുണ്ട്. സ്‌റ്റേഷൻ സ്ഥിതിചെയ്യുന്ന സ്ഥലം. ജീവനക്കാർക്കായി പാപ്പിടസമുച്ചയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.
ദിവസേന വാർത്താ ബുള്ളറ്റിനുകൾ, കിസാൻ പരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംപ്രേക്ഷണം ചെയ്‌തിരുന്നു. പ്രദേശത്തെ വലിയൊരു ജനവിഭാഗത്തിന്റെ വാർത്താസ്രോതസ്സായിരുന്നു ഈ കേന്ദ്രം. അതുകൊണ്ടുതന്നെ ഇത് അടച്ചുപൂട്ടുന്നതിൽ ജനങ്ങളും രോഷാകുലരാണ്. ‘ഇരട്ട എഞ്ചിൻ’ സർക്കാരായിട്ടും ഹരിയാനയിലെ ബിജെപി സർക്കാർ കേന്ദ്രവുമായി ഈ വിഷയം ചർച്ചചെയ്‌ത് ജീവനക്കാരുടെയും പ്രദേശവാസികളുടെയും ആശങ്കയകറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. സമാനമായ പ്രശ്‌നം ഹിമാചൽപ്രദേശിലുമുണ്ടായി. ഷിംല ദൂരദർശൻ കേന്ദ്രം അടച്ചുപൂട്ടിയ നടപടിക്കെതിരെ ഹിമാചൽപ്രദേശ് സർക്കാർ കേന്ദ്രവുമായി ചർച്ച നടത്തിയതിനെത്തുടർന്ന് പുനരാരംഭിക്കുകയുണ്ടായി. എന്നാൽ ഹിസാറിലെ വിഷയത്തിൽ ഹരിയാന സർക്കാർ നോക്കുകുത്തിയാവുകയാണ്. ഇക്കാര്യത്തിലെന്നല്ല പല കാര്യത്തിലും ഹരിയാനയിലെ ബിജെപി സർക്കാരിന്റെ നിലപാട് ഇതാണ്. സർക്കാരിന്റെ നിസ്സംഗതമൂലം ഹരിയാനയ്‌ക്ക് റെയിൽ കോച്ച് ഫാക്ടറിയും അന്താരാഷ്‌ട്ര വിമാനത്താവളവും നഷ്ടപ്പെട്ടു. ഇപ്പോൾ ദൂരദർശൻ കേന്ദ്രവും. കഴിഞ്ഞ ഒന്പതുവർഷത്തിനിടയിൽ എന്തെങ്കിലും പുതിയ പദ്ധതി കൊണ്ടുവരാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല.
അടച്ചുപൂട്ടലും വിറ്റുതുലയ്‌ക്കലും കോർപറേറ്റുകൾക്ക് രാജ്യത്തെത്തന്നെ തീറെഴുതിക്കൊടുക്കലും മുഖ്യ നയമായ മോദി സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഹരിയാനയിലെ ബിജെപി സർക്കാരിൽനിന്നും നീതി പ്രതീക്ഷിക്കാനാവില്ലെങ്കിലും ഹിസാറിലെ ദൂരദർശൻ കേന്ദ്രം വീണ്ടും തുറന്നു പ്രവർത്തിക്കുംവരെ സമരം തുടരാനാണ് ജീവനക്കാരുടെ പ്രദേശവാസികളുടെയും തീരുമാനം. ♦