Thursday, November 21, 2024

ad

Homeപ്രക്ഷോഭംജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക

ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക

തപന്‍സെന്‍

2022മാര്‍ച്ച് 28, 29 തീയതികളില്‍ രാജ്യവ്യപക പൊതുപണിമുടക്കിന് കേന്ദ്ര ട്രേഡ്യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും ഐക്യവേദി ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. വിനാശകരമായ മൂന്ന് കര്‍ഷകദ്രോഹ നിയമങ്ങള്‍ പാസാക്കുകയും അത് നടപ്പാക്കുമെന്ന് ശഠിച്ച് മര്‍ക്കടമുഷ്ടിയോടെ നിന്ന ആര്‍എസ്എസ്/ബിജെപി സര്‍ക്കാരിന് ഒരു വര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന കര്‍ഷകരുടെ ചരിത്രപ്രധാനമായ സമരത്തിനുമുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെ നിരന്തരവും ഊര്‍ജസ്വലവുമായ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ ആ പ്രക്ഷോഭത്തിന്‍റെ ഐതിഹാസികമായ വിജയത്തിനുപിന്നിലുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്.

“ജനങ്ങളെ രക്ഷിക്കുക, രാഷ്ട്രത്തെ രക്ഷിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള ഈ ദ്വിദിന പണിമുടക്ക് മോഡി ഗവണ്‍മെന്‍റിന്‍റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ പ്രതിഷേധ സമരമാണ്.

രാജ്യത്തെ കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച കൂടി പിന്തുണയ്ക്കുന്നതാണ് ഈ ദ്വിദിന പണിമുടക്ക്. സ്വദേശ-വിദേശ കുത്തകകള്‍ക്ക് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഒന്നാകെ അടിയറവെയ്ക്കുന്ന സ്വേഛാധിപത്യ കിരാത ഭരണത്തിനെതിരെയുള്ള നിരന്തരമായ പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയായാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉല്‍പാദന വര്‍ഗങ്ങളായ തൊഴിലാളികളും കര്‍ഷകരും സംയുക്തമായി പണിമുടക്കിലേര്‍പ്പെടുന്നത്.

ബിജെപി വാഴ്ചയിന്‍കീഴില്‍ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് രാജ്യത്തിന്‍റെ ഖജനാവും പൊതുജനങ്ങളുടെ ആസ്തികളും കൊള്ളയടിക്കപ്പെടുന്നത്; അതുമൂലം സങ്കല്‍പിക്കാന്‍പോലുമാകാത്ത ദുരിതങ്ങളും പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകളുമാണ് രാജ്യത്തെ അധ്വാനിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളും അനുഭവിക്കേണ്ടി വരുന്നത്. കണ്ണില്‍ചോരയില്ലാത്ത നവലിബറല്‍ നയങ്ങള്‍മൂലം മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതംതന്നെ വഴിമുട്ടിയിരിക്കുകയാണ്.

സംയുക്ത ഐക്യവേദി വിപുലമാകുന്നു
1991 മുതലാണ് നവ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കപ്പെട്ടുതുടങ്ങിയത്. നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ ഈ കാലയളവിനുള്ളിലെ 21-ാമത്തെ പ്രതിഷേധ സമരമാണ് മാര്‍ച്ച് 28, 29 തീയതികളിലായി നടക്കുന്ന പൊതു പണിമുടക്ക്. മൂന്നു പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിന്‍റെ ചരിത്രത്തില്‍ ഓരോ പൊതു പണിമുടക്കു കഴിയുന്തോറും ട്രേഡ് യൂണിയനുകളുടെ സംയുക്ത ഐക്യവേദി കൂടുതല്‍ ശക്തവും വിപുലവുമായി. സംഘടിത മേഖലകളിലെയും അസംഘടിത മേഖലകളിലെയും തൊഴിലാളികളും വ്യവസായ മേഖലയിലെയും സേവന മേഖലയിലെയും തൊഴിലാളികളും പ്രായോഗികവും മേഖലാടിസ്ഥാനത്തിലും മറ്റുമായി താന്താങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പോരാട്ടം നടത്തിയതിന്‍റെ ഭാഗമായാണ് സംയുക്ത ഐക്യവേദി ശക്തിപ്പെട്ടതും വിപുലമായതും. തൊഴിലാളികളുടെ ഇടയിലെ സമര ഐക്യം ശക്തിപ്പെട്ടതിനൊടുവില്‍ 2009ല്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും  സംയുക്ത ഐക്യവേദിയിലെത്തപ്പെട്ടു. ബിജെപി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം 2015ല്‍ ബിഎംഎസ് സംയുക്ത ട്രേഡ് യൂണിയന്‍ വേദിയില്‍നിന്ന് വിട്ടുപോയെങ്കിലും ഒരു ചലനവും ഉണ്ടാക്കാന്‍ അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ബിഎംഎസിന്‍റെ കേന്ദ്ര നേതൃത്വത്തിന് ഗവണ്‍മെന്‍റ് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെങ്കിലും പ്രതിരോധ മേഖലപോലെയുള്ള മേഖലകളെ അടിസ്ഥാനമാക്കി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തിയ പണിമുടക്കില്‍ ബിഎംഎസും പങ്കെടുത്തു.

ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ വിപുലീകരണ പ്രക്രിയയ്ക്ക് മറ്റൊരു സവിശേഷതകൂടിയുണ്ട്. ഈ ഐക്യവേദിയില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്; കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍, ബാങ്ക് ഇന്‍ഷ്വറന്‍സ്-ടെലികോം മേഖലകളിലെ ജീവനക്കാര്‍ എന്നിവരുടെയെല്ലാം സ്വതന്ത്ര ഫെഡറേഷനുകളും ഇതില്‍ അംഗങ്ങളാണ്. സ്വതന്ത്ര സംഘടനകളില്‍ പലതും പ്രാദേശികാടിസ്ഥാനത്തിലോ മേഖലാടിസ്ഥാനത്തിലോ പ്രവര്‍ത്തിക്കുന്നവയാണ്.

തൊഴിലെടുക്കുന്ന മേഖലയുടെയും തൊഴില്‍ സ്ഥലങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ട്രേഡ് യൂണിയനുകളുടെ ഐക്യവേദി വിപുലീകരിക്കപ്പെട്ടു. അഫിലിയേഷനുകളെ അപ്രസക്തമാക്കിക്കൊണ്ട് സംഘടിതമേഖലകളിലെ യൂണിയനുകള്‍ സംയുക്തവേദിക്കൊപ്പം അണിനിരന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രാദേശികതലത്തില്‍ സംഘടിപ്പിക്കാനും ഐക്യം ശക്തിപ്പെടുത്താനും തൊഴിലാളിവര്‍ഗ പ്രസ്ഥാനം ജാഗ്രതയോടെ ഇടപെട്ടു.

വര്‍ധിച്ചുവരുന്ന അവബോധവും
വിപുലപ്പെടുന്ന പ്രസ്ഥാനവും

ചരിത്രപ്രധാനമായ നിലവിലെ സാഹചര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. നവ ഉദാരവത്കരണ ഭരണ വ്യവസ്ഥയ്ക്കെതിരെ പ്രക്ഷോഭങ്ങളിലൂടെ നാം അതിശക്തമായി പോരാടണം; തങ്ങളുടെ ജീവിതത്തെയും ഉപജീവന മാര്‍ഗങ്ങളെയും നഷ്ടപ്പെടുത്തുന്ന, തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്ന നവഉദാരവത്കരണ ഭരണത്തോടും അതിന്‍റെ രാഷ്ട്രീയമായ നടത്തിപ്പുകാരോടും ഉള്ളതിനേക്കാള്‍ തൊഴിലാളികള്‍ക്ക് വെറുപ്പും പ്രതികരണവും നവ ഉദാരവത്കരണ നയങ്ങളുടെ അനന്തര ഫലങ്ങളോടാണ്. ട്രേഡുയൂണിയനുകള്‍ വിശേഷിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആദ്യംമുതലേതന്നെ തൊഴിലാളികളുടെ യഥാര്‍ത്ഥ ശത്രു പിന്തിരിപ്പന്‍ നവ ഉദാരവത്കരണ ഭരണകൂടവും അതിനുപിന്നിലെ രാഷ്ട്രീയവുമാണെന്ന് തുറന്നുകാട്ടാന്‍ ശ്രമിച്ചുതുടങ്ങിയിട്ടും അവസ്ഥയിതാണ്. ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് മൂലകാരണം നവലിബറല്‍ ഭരണകൂടവും അതിന്‍റെ രാഷ്ട്രീയ നടത്തിപ്പുകാരുമാണെന്ന അവബോധം പോരാട്ടത്തിന്‍റെ ആദ്യ പതിറ്റാണ്ടുകളില്‍ തൊഴിലാളികളിലേക്ക് വേണ്ടവിധം എത്തിക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിഞ്ഞില്ല.

എന്നാല്‍ മേഖലാടിസ്ഥാനത്തിലും പ്രാദേശിക-ദേശീയതലങ്ങളിലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി നടന്നുവന്ന നിരവധി സംയുക്ത പ്രക്ഷോഭങ്ങള്‍ പൂര്‍ണമായും വ്യര്‍ഥമായിപ്പോയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അങ്ങേയറ്റം വിനാശകരമായ നവ ഉദാരവത്കരണ നയങ്ങള്‍ക്കും അതിന്‍റെ രാഷ്ട്രീയമായ നടത്തിപ്പുകാര്‍ക്കും എതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്നത് നിരന്തരമായ പ്രക്രിയയാണ്. മുതലാളിത്തത്തിന്‍റെ വ്യവസ്ഥാപരമായ പ്രതിസന്ധിയും അത് ഉളവാക്കുന്ന പ്രത്യാഘാതങ്ങളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതത്തിലും ഉപജീവന മാര്‍ഗങ്ങളിലും ഏല്‍പ്പിക്കുന്ന ആഘാതം ഉയര്‍ത്തിപ്പിടിച്ച് തൊഴിലാളിവര്‍ഗം നിരന്തരം പ്രക്ഷോഭങ്ങളിലൂടെ ഇടപെട്ടത് സമൂഹത്തിലെ ഇതര വിഭാഗങ്ങളെയും സ്വാധീനിച്ചു. അവരും താന്താങ്ങളുടെ പ്രശ്നങ്ങളുന്നയിച്ച് പ്രക്ഷോഭത്തിന്‍റെ പാതയിലെത്തി; സംഘടിതമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി. വര്‍ധിച്ചുവരുന്ന കാര്‍ഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം കര്‍ഷകരുടെ യോജിച്ചുള്ള സംയുക്ത പ്രക്ഷോഭമായി മാറുകയും നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായി വികസിക്കുകയും ചെയ്യുകയായിരുന്നു. ജനങ്ങള്‍ അനുഭവിച്ചുവരുന്ന കൊടിയ ദുരിതങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും മൂലകാരണം നവ ഉദാരവത്കരണ നയങ്ങളും അവയുടെ രാഷ്ട്രീയ നടത്തിപ്പുകാരും ആണെന്ന തിരിച്ചറിവോടെയാണ് പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത്.

പുരോഗതി
ഈ രണ്ടു വ്യത്യസ്ത സവിശേഷതകളും 2020ന്‍റെ ആരംഭത്തില്‍തന്നെ കൂടുതല്‍ പ്രകടമായിരിക്കുകയാണ്. നവലിബറല്‍ മുതലാളിത്ത വ്യവസ്ഥയുടെ വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ പാപ്പരത്തം തുറന്നുകാട്ടപ്പെട്ടു തുടങ്ങിയത് ഒരുവശത്ത്; മുതലാളിവര്‍ഗം പ്രോത്സാഹിപ്പിക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്ന അക്രാമകമായ നടപടികള്‍മൂലം ജനങ്ങളുടെ ദുരിതങ്ങള്‍ വര്‍ധിക്കുന്നത് തുറന്നുകാട്ടപ്പെടുന്നത് മറുഭാഗത്ത്. ബിജെപി ഗണ്‍മെന്‍റിന്‍റെ വാഴ്ചയിന്‍കീഴില്‍ വിശേഷിച്ച് രണ്ടാം മോഡി സര്‍ക്കാരിന്‍റെകാലത്ത് ജനജീവിതത്തിനും ജനങ്ങളുടെ അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. സമ്പദ്വ്യവസ്ഥയിലെ രണ്ട് ഉല്‍പാദനവര്‍ഗങ്ങളായ കര്‍ഷകരും തൊഴിലാളികളും തങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്ന നവലിബറല്‍ ഭരണവ്യവസ്ഥയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ് ആരംഭിച്ചതിന്‍റെ ഫലമായാണ് കര്‍ഷക പ്രക്ഷോഭം നടന്നത്. തങ്ങളുടെ ദുരിതങ്ങള്‍ക്കാധാരമായ നവലിബറല്‍ നയങ്ങളുടെയും അതിന്‍റെ പ്രയോക്താക്കളായ ബിജെപി നേതൃത്വത്തിന്‍റെയും തനിനിറം ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുംവിധം തുറന്നുകാട്ടാനായി എന്നതാണ് കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.

ജനങ്ങളുടെ ജീവിതത്തിനും ഉപജീവന മാര്‍ഗങ്ങള്‍ക്കും അവകാശങ്ങള്‍ക്കുംനേരെ ഭരണകൂടം അങ്ങേയറ്റം കിരാതവും സ്വേഛാധിപത്യപരവുമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നതിനാണ് വര്‍ത്തമാനകാല ഇന്ത്യ സാക്ഷ്യംവഹിക്കുന്നത്. മഹാമാരിക്കാലത്തുടനീളം നവലിബറല്‍ ഭരണകൂടത്തിന്‍റെ മനുഷ്യത്വവിരുദ്ധമായ മുഖമാണ് സമൂഹത്തിലെ എല്ലാ വിഭാഗവും ദര്‍ശിച്ചത്. നമ്മുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നിയന്ത്രണം പൂര്‍ണമായും അമിതലാഭേച്ഛുക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പിച്ചുകൊടുക്കുക എന്ന ദുഷ്ടലാക്കോടെ മോഡിസര്‍ക്കാര്‍ കൊണ്ടുവന്നതായിരുന്നല്ലോ അങ്ങേയറ്റം പിന്തിരിപ്പന്‍ സ്വഭാവമുള്ള കര്‍ഷക നിയമങ്ങള്‍. രാജ്യത്ത് ഇപ്പോള്‍തന്നെ ജനങ്ങള്‍ പട്ടിണി അനുഭവിക്കുമ്പോഴാണ് നമ്മുടെ കാര്‍ഷിക സുരക്ഷയെ അപായപ്പെടുത്തുന്ന, നമ്മുടെ സ്വയംപര്യാപ്തതയെ അട്ടിമറിക്കുന്ന കര്‍ഷകദ്രോഹനയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി മോഡിസര്‍ക്കാര്‍ കൊണ്ടുവന്നത്. മുതലാളിവര്‍ഗത്തിന്‍റെ അടങ്ങാത്ത ലാഭക്കൊതിയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് തൊഴിലാളികളെ വെറും കൂലി അടിമകളാക്കുന്ന, അവരുടെ ജോലിസമയം വര്‍ധിപ്പിക്കുകയും നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന ലേബര്‍ കോഡ് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഉല്‍പാദന സമ്പദ്ഘടന തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് വിനാശകരമായ ഈ നടപടി. തൊഴിലാളികളുടെ പ്രതിഫലം കുറയാന്‍ ഇടവരുത്തുന്നതും അവരുടെ ജീവിതത്തെ സര്‍വതോമുഖമായി ബാധിക്കുന്നതുമായ ലേബര്‍കോഡ് നിലവിലെ തൊഴില്‍ ബന്ധങ്ങളില്‍ ആഴത്തിലുള്ള വിള്ളല്‍ വീഴ്ത്തുന്നതാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടുന്ന ഈ വേളയിലാണ് തൊഴിലാളികളുടെ ജീവിതത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള മോഡി സര്‍ക്കാരിന്‍റെ ഈ ആക്രമണം. നിത്യോപയോഗ സാധനങ്ങളുടെ വില മാത്രമല്ല ക്രമാതീതമായി ഉയരുന്നത്; പെട്രോളിയം ഉല്‍പന്നങ്ങള്‍, പാചകവാതകം, വൈദ്യുതി എന്നിവയുടെ വിലവര്‍ധനവ് അസഹനീയമായിരിക്കുകയാണ്; മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉള്ള ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സാധാരണക്കാരുടെ വരുമാനമാകട്ടെ ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞുകുറഞ്ഞു വരികയാണ്. വിലവര്‍ധനവ് സ്വാഭാവികമായി സംഭവിക്കുന്നതല്ല, മറിച്ച് കോര്‍പറേറ്റുകളുടെ, വന്‍കിട ബിസിനസുകാരുടെ കൊള്ളയ്ക്ക് മോദി സര്‍ക്കാര്‍ അരുനില്‍ക്കുന്നതിലൂടെ വിളിച്ചുവരുത്തുന്നതാണ്. തൊഴിലില്ലായ്മ അപായകരമാംവിധം വര്‍ധിക്കുമ്പോഴും ഉള്ള ആളുകള്‍ക്കുകൂടി തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. അതുമൂലം പട്ടിണിയും ദാരിദ്ര്യവും മറ്റു ദുരിതങ്ങളും വര്‍ധിച്ചുവരികയാണ്. മോദി സര്‍ക്കാര്‍ വിനാശകരമായ സാമ്പത്തികനയങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ, പിടിവാശിയോടെ നടപ്പാക്കും എന്നതിന്‍റെ പ്രഖ്യാപനമാണ് 2022-23ലെ  കേന്ദ്ര ബജറ്റും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നവലിബറല്‍ നയങ്ങളുടെ അനിവാര്യമായ ഘടകമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ നിസ്സാരവിലയ്ക്ക് കുത്തകകളെ ഏല്‍പിക്കുന്ന ഏര്‍പ്പാട് കഴിഞ്ഞ മുപ്പതുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണല്ലോ. ഇപ്പോള്‍ ശിങ്കിടി മുതലാളിത്തം കൊള്ളയുടെ മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്. ദേശീയ മോണിറ്റൈസേഷന്‍ പൈപ്പുലൈന്‍ പദ്ധതിയുടെപേരില്‍ പൊതുമേഖലയിലെ നെറ്റ്വര്‍ക്കിനെ പ്രത്യേകിച്ച് പശ്ചാത്തലമേഖലയിലെ നെറ്റ്വര്‍ക്കിനെ ആഭ്യന്തര-വിദേശ കുത്തകകള്‍ക്ക് സൗജന്യമായി കൈമാറുകയാണ് മോദി സര്‍ക്കാര്‍. കുത്തകകള്‍ക്ക് നയാപൈസപോലും മുടക്കാതെ ചുളുവില്‍ വന്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഏര്‍പ്പാടാണിത്.

വര്‍ധിച്ചുവരുന്ന അസമത്വവും
ദുരിതവും

അനായാസം ബിസിനസ് ചെയ്യാവുന്ന (ജനങ്ങളെയും രാഷ്ട്രത്തിന്‍റെ ആസ്തിയും കൊള്ളയടിക്കാന്‍ എന്നര്‍ഥം) രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്ന നിലയിലെത്തിക്കാണ്ടിരിക്കുകയാണ്. അതിന്‍റെ ഫലമായി ഇന്ത്യയിലെ പട്ടിണിയുടെയും സാധാരണ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തിന്‍റെയും സൂചിക താഴ്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പരിഷ്കൃത സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, മുമ്പൊരിക്കലുമില്ലാത്ത തരത്തിലുള്ള ഏറ്റവും മോശപ്പെട്ട അസമത്വത്തിന്‍റെ നാടായി ഇന്ത്യ മാറിയിരിക്കുകയാണ്. ആധികാരികമായ പല സര്‍വെ റിപ്പോര്‍ട്ടുകളും പറയുന്നത്, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളാണ് രാജ്യത്തിന്‍റെ മൂന്നിലൊന്ന് സ്വത്തിന്‍റെയും ഉടമസ്ഥര്‍ എന്നാണ്. അതേസമയം ജനസംഖ്യയിലെ പകുതിവരുന്ന ഏറ്റവും പാവപ്പെട്ട ജനങ്ങളുടെ ഉടമസ്ഥതയില്‍ വെറും ആറു ശതമാനം സ്വത്തുക്കളേയുള്ളു. 2020 ഓടെ രാജ്യത്തെ ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന്‍റെ വരുമാനം രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ 57 ശതമാനത്തിലെത്തി. അതേസമയം ഏറ്റവും താഴേത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ വരുമാനം രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 13 ശതമാനമായി ഇടിഞ്ഞു. ഏറ്റവും സമ്പന്നരായ 1 ശതമാനം ജനങ്ങളുടെ വരുമാനം മൊത്തം ദേശീയ വരുമാനത്തിന്‍റെ 22 ശതമാനമാണ്. ആ വര്‍ഷം അതായത് 2020ല്‍ ഇന്ത്യ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് നേടിയത്. രാജ്യത്തെ സമ്പദ്ഘടനയില്‍ ശരിക്കും പിന്നോട്ടടി ഉണ്ടായി എന്നാണ് ഇതിനര്‍ഥം. അതേസമയം ശതകോടീശ്വരരായ കോര്‍പറേറ്റ് വര്‍ഗത്തിന് അവരുടെ സമ്പത്ത് എട്ട് ഇരട്ടിയായും പത്ത് ഇരട്ടിയായും ഈ കാലയളവില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ബിജെപി ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പദ്ധതികളിലൂടെ ജനങ്ങളെയും രാജ്യത്തിന്‍റെ ഖജനാവിനെയും കൊള്ളയടിച്ചാണ് അവര്‍ ഈ വളര്‍ച്ച നേടിയത്. ജനങ്ങളെ പാപ്പരാക്കുന്ന ശിങ്കിടി മുതലാളിത്തം മോദിവാഴ്ചയിന്‍കീഴില്‍ അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്.

വ്യാപകമാകുന്ന പ്രക്ഷോഭവും
പോരാട്ടത്തിന്‍റെ
വികേന്ദ്രീകരണവും

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രക്ഷോഭം ശക്തിപ്പെടുന്നതിനും പുതിയ മാനം കൈവരിക്കുന്നതിനും ഈ കാലയളവ് സാക്ഷ്യംവഹിക്കുകയുണ്ടായി. 2020 നവംബര്‍ 26ന് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ പൊതു പണിമുടക്കിനാണ് ഇന്ത്യ സാക്ഷ്യംവഹിച്ചത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് അവസാന ആഴ്ചമുതല്‍ ലോക്ക്ഡൗണ്‍ ആയിരുന്നല്ലോ. പ്രകടനങ്ങളും പൊതുയോഗങ്ങളും കൂടിച്ചേരലുകളുമെല്ലാം നിരോധിക്കപ്പെട്ട ആ സമയത്തും എല്ലാ പരിമിതികളെയും മറികടന്നുകൊണ്ട് പൊതുപണിമുടക്ക് വന്‍ വിജയമാക്കിമാറ്റാന്‍ തൊഴിലാളിവര്‍ഗത്തിന് സാധിച്ചു. 1991നുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പൊതുപണിമുടക്കായിരുന്നു അത്.

അറുപിന്തിരിപ്പന്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ആരംഭിച്ച കര്‍ഷക പ്രക്ഷോഭം ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്നു. ചരിത്രപ്രധാനമായ ആ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തൊഴിലാളിവര്‍ഗം കന്യാകുമാരി മുതല്‍ കാശ്മീര്‍വരെ ഇന്ത്യയുടെ എല്ലാഭാഗത്തും പ്രക്ഷോഭങ്ങളില്‍ അണിനിരന്നു. അഫിലിയേഷനുകളെ അപ്രസക്തമാക്കിക്കൊണ്ട് എല്ലാ ട്രേഡ്യൂണിയനുകളും കര്‍ഷക പ്രക്ഷോഭത്തിന് വര്‍ധിച്ച ആവേശത്തോടെ പിന്തുണ നല്‍കുകയും തൊഴിലാളി കര്‍ഷക ഐക്യം ശക്തിപ്പെടുകയും ചെയ്യുന്നതിനാണ് പ്രക്ഷോഭം സാക്ഷ്യംവഹിച്ചത്.
രാജ്യവ്യാപകമായ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങളിലൂടെ സംയുക്ത കിസാന്‍മോര്‍ച്ചയുമായി ട്രേഡ്യൂണിയനുകളുടെ സംയുക്തവേദിക്ക് ഐക്യത്തിന്‍റെ പാലംപണിയാന്‍ കഴിഞ്ഞു; കര്‍ഷകരുടെയും തൊഴിലാളികളുടെയും സംയുക്തവേദികള്‍ പൂര്‍ണമനസ്സോടെ ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി ഉന്നയിക്കുന്ന തരത്തിലേക്ക് ഐക്യം ശക്തിപ്പെട്ടു. ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് അനുകൂല ബിജെപിവാഴ്ചയെ ശക്തമായി എതിര്‍ക്കുന്നതിലാണ് അവസാനമായി സംയുക്തവേദി ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രക്ഷോഭ പ്രവര്‍ത്തനങ്ങളിലൂടെയും ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങളിലൂടെയും തൊഴിലാളി-കര്‍ഷക ഐക്യം പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. അങ്ങേയറ്റം പ്രതിലോമകരമായ നവലിബറല്‍ നയങ്ങള്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ സമരംചെയ്യുക എന്നതില്‍നിന്ന് ക്രമേണ നവലിബറല്‍ ഭരണത്തിനും അതിന്‍റെ രാഷ്ട്രീയ നടത്തിപ്പുകാരായ ബിജെപിക്കും എതിരായ പ്രക്ഷോഭമായി അത് മാറി.

തൊഴിലാളിവര്‍ഗത്തിന്‍റെയും  കര്‍ഷകരുടെയും പ്രശ്നങ്ങള്‍ സംയുക്തമായി ഉന്നയിക്കുന്നതിന് ഇരു വിഭാഗത്തിന്‍റെയും പിന്തുണ നേടാനായതാണ് പ്രക്ഷോഭത്തിന്‍റെ ഏറ്റവും വലിയ നേട്ടം. വന്‍കിട കോര്‍പ്പറേറ്റുകളുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്‍റെ ആക്രമണങ്ങളോട് ഏറ്റുമുട്ടിയ കര്‍ഷകരും തൊഴിലാളികളും തങ്ങളുടെ പൊതു ശത്രുവിനെ തിരിച്ചറിഞ്ഞു. തൊഴിലാളിവര്‍ഗത്തിന്‍റെ സംയുക്ത പോരാട്ടത്തിന്‍റെ പുതിയ ഘട്ടത്തിനാണ് മാര്‍ച്ച് 28, 29 തീയതികളിലായി നടക്കുന്ന പൊതു പണിമുടക്കിലൂടെ ആരംഭംകുറിക്കുന്നത്. തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന ബിജെപിവാഴ്ചയ്ക്കെതിരെയുള്ള ജനങ്ങളുടെ അതിശക്തമായ പ്രതിഷേധമാണ് അന്നത്തെ പണിമുടക്കിലൂടെ പ്രതിഫലിക്കുക. ദേശീയ ആസ്തികള്‍ കൊള്ളയടിക്കാനും ജനങ്ങളുടെ ഉപജീവന മാര്‍ഗങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുമുള്ള കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കെതിരായ പോരാട്ടമാണിത്.

“ജനങ്ങളെ രക്ഷിക്കുക, രാഷ്ട്രത്തെ രക്ഷിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളിവര്‍ഗം ആഹ്വാനംചെയ്ത ഈ പൊതു പണിമുടക്ക് അവകാശങ്ങളും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കുന്നതിനു മാത്രമുള്ള പ്രക്ഷോഭമല്ല. മറിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കുംനേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളില്‍നിന്ന്  രാജ്യത്തെ രക്ഷിക്കാന്‍വേണ്ടി കൂടിയാണ്.

2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കിനെ ഉജ്വല വിജയമാക്കിക്കൊണ്ട് വിനാശകരമായ നവ ഉദാരവത്കരണ നയങ്ങള്‍ അക്രാമകമായി നടപ്പാക്കുന്ന ഈ സ്വേച്ഛാധിപത്യവാഴ്ചയെ വെല്ലുവിളിക്കാന്‍ നമുക്ക് കഴിയണം; നവ ഉദാരവത്കരണ രാഷ്ട്രീയത്തെ  ചെറുത്തു തോല്‍പിക്കാന്‍ നമുക്ക് കഴിയണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + twelve =

Most Popular