നവ ഉദാരവൽക്കരണ കാലത്ത് കർഷകരും തൊഴിലാളികളുമുൾപ്പെടെ പണിയെടുക്കുന്ന മനുഷ്യരെയെല്ലാം ഒരേപോലെ ആധുനിക അടിമകളാക്കി കൊള്ളയടിക്കുന്ന കോർപറേറ്റ്–-വർഗീയ കൂട്ടുകെട്ടിന് താക്കീതാണ് ഡൽഹി രാംലീല മൈതാനത്ത് വിജയകരമായി സംഘടിപ്പിക്കപ്പെട്ട മസ്‌ദൂർ കിസാൻ സംഘർഷ് റാലി . കന്യാകുമാരി മുതൽ കശ്‌മീർ വരെയും ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുമുള്ള തൊഴിലാളികളും കർഷകരും ചെറുത്തുനിൽപ്പിന്റെ സംഘഗാനം മുഴക്കിയപ്പോൾ ശിങ്കിടിമുതലാളിമാരുടെ അകത്തളങ്ങളിൽ താക്കീതിന്റെ ഇടിമുഴക്കം തീർക്കപ്പെട്ടു. അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാറാലിയിൽ സംഘാടകരുടെ പ്രതീക്ഷകൾ പോലും തെറ്റിച്ച് പതിനായിരങ്ങൾ ഇരച്ചെത്തിയപ്പോൾ രാജ്യതലസ്ഥാനം അക്ഷരാർഥത്തിൽ ചെങ്കടലായി. ബദൽ നയങ്ങൾ നടപ്പാക്കാനുള്ള രാഷ്‌ട്രീയമാറ്റം ലക്ഷ്യമിട്ട് രാജ്യത്തെ യഥാർഥ ഉൽപാദകരായ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ചെങ്കൊടികളേന്തിയെത്തി മഹാനഗരം കീഴടക്കി.
ശിങ്കിടിമുതലാളിത്ത നയങ്ങൾ പിന്തുടരുന്ന മോദിസർക്കാരിന് വരുംനാളുകളിൽ അതിശക്തമായ പോരാട്ടങ്ങൾ നേരിടേണ്ടിവരുമെന്ന് റാലിയൊടെ ഉറപ്പിക്കപ്പെട്ടു.
ഡൽഹിക്ക് സമീപം ഗാസിയാബാദിലും, രാജ്യതലസ്ഥാനമേഖലയിലെ ഗുരുദ്വാരകളിലും ധർമശാലകളിലും അടക്കമൊരുക്കിയ നിരവധി ക്യാമ്പുകളിൽ ദിവസങ്ങൾക്കു മുമ്പേ സമരവളണ്ടിയർമാർ എത്തിത്തുടങ്ങിയിരുന്നു. ഹരിയാന, പഞ്ചാബ്,രാജസ്താൻ, യുപി, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, മധ്യപ്രദേശ്, ബംഗാൾ, ഒഡീഷ, അസം, ത്രിപുര, മണിപ്പൂർ, ഛത്തീസ്ഗഢ്, ഗോവ,ഗുജറാത്ത്, കേരളം തുടങ്ങി രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള മനുഷ്യർ ബുധനാഴ്‌ച രാംലീലയിൽ ചെങ്കടൽ തീർത്തു. വിവിധ കേന്ദ്രങ്ങളിൽനിന്ന് ചെറുപ്രകടനങ്ങളായി രാംലീല മൈതാനത്തേയ്‌ക്ക് എത്താനാണ് നിശ്‌ചയിച്ചിരുന്നതെങ്കിലും രാവിലെ ഒൻപത് കഴിഞ്ഞതോടെ വൻപ്രകടനങ്ങൾ രൂപംകൊള്ളുന്ന കാഴ്‌ച ആവേശകരമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡീഷ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽനിന്ന് പരമ്പരാഗത വേഷങ്ങളിൽ തൊഴിലാളികളും കർഷകരും റാലിയിൽ പങ്കെടുത്തു. അച്ചടക്കത്തിലും ആവേശത്തിലും റാലി ശ്രദ്ധേയമായി.
ഗ്രാമങ്ങൾ തോറും ആറുമാസക്കാലം തുടർച്ചയായി നടത്തിയ അക്ഷീണ പ്രചാരണങ്ങളുടെ ഫലപ്രാപ്‌തി എന്നായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന ജനപങ്കാളിത്തത്തെപ്പറ്റിയായിരുന്നു സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെന്നിന്റെ സാക്ഷ്യപ്പെടുത്തൽ.
അതോടൊപ്പം റാലിയിൽ ഉണ്ടായ അഭൂതപൂർവമായ സ്‌ത്രീ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. മണിപ്പൂരിൽ നിന്നെത്തിയ വളണ്ടിയർമാരിൽ തൊണ്ണൂറുശതമാനവും സ്‌ത്രീകളായിരുന്നു. ഇതിനു പുറമേ ജ്വലിക്കുന്ന കർഷക പോരാട്ടങ്ങളുടെ തീച്ചൂളയായി മാറിയ മഹാരാഷ്‌ട്രയിൽ നിന്നും, ബംഗാൾ, രാജസ്താൻ, മണിപ്പൂർ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വളണ്ടിയർമാരിൽ നല്ലൊരു പങ്കും സ്‌ത്രീകളായിരുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കിസാൻ സഭയും അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഫെഡറേഷനും കൈവരിച്ച രാഷ്‌ട്രീയ മേധാവിത്വത്തിന്റെ കൂടി തെളിവാണ് അവിടങ്ങളിൽ നിന്നുളള സ്‌ത്രീപങ്കാളിത്തം. അങ്കണവാടി – സ്‌കീം വർക്കർമാർമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിൽ ഫെഡറേഷന്റെ നേതൃത്വത്തിൽ പണിമുടക്കമടക്കമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കോവിഡ് കാലത്തടക്കം മഹത്തരമായ സേവനം രാജ്യമെങ്ങും കാഴ്‌ചവെച്ച ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, കുറഞ്ഞ വേതനം 26,000 രൂപയാക്കുക തുടങ്ങിയവയെ ട്രേഡ് യൂണിയൻ ആവശ്യങ്ങളുമായി ലയിപ്പിച്ചതും റാലിയിൽ സ്‌ത്രീപങ്കാളിത്തം ഉയരാൻ കാരണമായെന്നു വ്യക്തം. വിനാശകരമായ കേന്ദ്രനയങ്ങൾക്കെതിരെ മറ്റേത് സംഘടനകളേക്കാളും സ്‌ത്രീകളെ അണിനിരത്താനുള്ള ശേഷി രാജ്യത്തെ ഇടത് തൊഴിലാളി– കർഷക പ്രസ്ഥാനങ്ങൾക്കാണെന്നും റാലി പ്രഖ്യാപിച്ചു. ബംഗാൾ, അസം, ഒഡീഷ, ഹരിയാന, പഞ്ചാബ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മികച്ച പങ്കാളിത്തം ഉണ്ടായത് മതനിരപേക്ഷ, പുരോഗമന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സ്വാധീനം വളരുന്നതിനു കൂടി തെളിവാണ്.
സംഘർഷ് റാലി ഉയർത്തിയ
ആവശ്യങ്ങൾ
1) പദ്ധതിത്തൊഴിലാളികളടക്കം എല്ലാവർക്കും
26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക
മിനിമം പെൻഷൻ 10,000 രൂപയാക്കുക
2) കാർഷികവിളകൾക്ക് മൊത്തം കൃഷിച്ചെലവും
അതിന്റെ 50 ശതമാനവും ചേർത്തുള്ള
മിനിമം താങ്ങുവില നിയമപരമായി നടപ്പാക്കുക
3) നാല് തൊഴിൽ കോഡും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക
4) എല്ലാവർക്കും തൊഴിൽസുരക്ഷ ഉറപ്പാക്കുക.
തൊഴിൽദിനങ്ങൾ 200 ആയും ദിവസവേതനം
600 രൂപയായും ഉയർത്തി തൊഴിലുറപ്പ് പദ്ധതി
വിപുലീകരിക്കുക.
ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി നിയമം നട പ്പാക്കുക
5) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണവും ദേശീയ ആസ്‌തി വിറ്റഴിക്കലും ഉപേക്ഷിക്കുക
6) വിലക്കയറ്റം തടയുക, ഭക്ഷ്യസാധനങ്ങളടക്കം അവ ശ്യവസ്‌തുക്കൾക്ക് ചുമത്തിയ ജിഎസ്‌ടി പിൻവലിക്കുക.
പെട്രോളിയം ഉൽപന്നങ്ങൾക്ക് ചുമത്തിയ അധിക എക്‌സൈസ് തീരുവ പിൻവലിക്കുക, പാചകവാതക വിവർധന അവസാനിപ്പിക്കുക.
7) വനാവകാശ നിയമം കർശനമായി നടപ്പാക്കുക
8) പാർശ്വവൽകൃത വിഭാഗങ്ങൾക്കുനേരെയുള്ള
കടന്നാക്രമണം തടയുക, സാമൂഹിക നീതി
ഉറപ്പാക്കുക
9) എല്ലാവർക്കും ഗുണമേന്മയുള്ള ചികിത്സയും
വിദ്യാഭ്യാസവും ഉറപ്പാക്കുക, ദേശീയ വിദ്യാ ഭ്യാസ നയം(2020) പിൻവലിക്കുക.
10) എല്ലാവർക്കും പാർപ്പിടം നൽകുക
11) അതിസമ്പന്നർക്ക് നികുതി ചുമത്തുക, കോർ പറേറ്റ് നികുതി ഉയർത്തുക, സ്വത്ത് നികുതി ഏർപ്പെടുത്തുക.♦