Friday, November 22, 2024

ad

Homeനിരീക്ഷണംകടലടിത്തട്ടാണ്, കരുതൽ വേണം

കടലടിത്തട്ടാണ്, കരുതൽ വേണം

എ കെ രമേശ്

സ്സീദിൻ മേ ദുനിയാ കീ സൈർ (Around the world in 80 days) എഴുതിയ ഷൂ വേ ണി ( Jules Verne)ന്റെ “ഭൂമിയുടെ മധ്യത്തിലേക്കൊരു യാത്ര “( Journey to the centre of earth) യെആസ്പദമാക്കി ടെലിവിഷൻ സീരിയലുകളായും സിനിമകളായും ഒട്ടനവധി സൃഷ്ടികൾ പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ Twenty thousand leagues under the seas ലെ( കടലുകൾക്കടിയിൽ 20,000 ലീഗിൽ – ഒരു ലീഗ് =ഏതാണ്ട് 4.6 കിലോമീറ്റർ) നായകൻ ക്യാപ്റ്റൻ നെമോവാണ് കടലിനടിയിൽ സ്വർണവും ഇരുമ്പും തുത്തനാകവും ഉണ്ട് എന്ന് പ്രഖ്യാപിക്കുന്നത്. അത് ഖനനം ചെയ്യൽ വളരെ എളുപ്പമാണ് എന്നാണ് നെമോ പറഞ്ഞത്. മനുഷ്യരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാനുതകുന്ന സമൃദ്ധിയുടെ സ്രോതസ്സുകളാണ് കടലടിത്തട്ടിൽ എന്ന ആ പ്രവചനം നടന്നത് 1870 ലാണ്.

പ്രവചനം യാഥാർത്ഥ്യമാവുന്നു
വീണ്ടും ഒരു നൂറ്റാണ്ട് കഴിയേണ്ടി വന്നു ആ പ്രവചനം യാഥാർത്ഥ്യമാക്കാൻ. അമേരിക്കൻ ഭൗമശാസ്ത്രജ്ഞനായ ജോൺ എൽ മെറോവിന്റെ കടലിലെ ധാതു വിഭവങ്ങൾ (The mineral resources of the sea) പുറത്തിറങ്ങിയത് 1960 ലാണ്. അതിനു ശേഷമാണ് ആഴക്കടൽ വിഭവങ്ങൾ ഒരന്താരാഷ്ട്ര ചർച്ചാ വിഷയമായി മാറുന്നത്. ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയിൽ ഇതേപ്പറ്റി ഉൽക്കണ്ഠപൂർവ്വം സംസാരിച്ച മാൾട്ട യുടെ അംബാസിഡർ അർവിദ് പാർഡോ ആഴക്കടലടിത്തട്ടിലെ വിഭവങ്ങൾ ” മാനവരാശിയുടെ പൊതു പൈതൃക’ മായി നിലനിർത്തണമെന്നും വികസിത സമ്പന്നരാജ്യങ്ങളിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആ സമ്പത്താകെ കോളനിവൽക്കരിക്കുകയും കൈയടക്കുകയും ചെയ്യുന്നതിനെതിരായി ഒരന്താരാഷ്ട്ര നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

1960 കളിലും 70 കളിലും നവസ്വതന്ത്ര രാജ്യങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് ബഹുരാഷ്ട്ര കുത്തകകൾക്കെതിരെ ഒരു പൊതു സമീപനം സ്വീകരിച്ചിരുന്നല്ലോ. സ്വാഭാവികമായും 1970 ൽ ജനറൽ അസംബ്ലി പാർഡോയുടെ നിർദേശം സ്വീകരിച്ചു. മാനവരാശിയുടെ പൊതുവായ ഉന്നമനത്തിനു വേണ്ടി മാത്രമേ കടലടിത്തട്ടിലെ വിഭവങ്ങൾ ഉപയോഗിയ്ക്കാവൂ; അതിനായി ഒരു അന്താരാഷ്ട്ര സംവിധാനം ഏർപ്പെടുത്തണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.

കടൽ നിയമങ്ങൾക്ക് ഒരുടമ്പടി
യഥാർത്ഥത്തിൽ കടൽ നിയമങ്ങളെക്കുറിച്ചുള്ള കൂടിയാലോചനകൾക്കായി 1956 ലാണ് ഐക്യരാഷ്ട്രസഭ ആദ്യമായി ഒരു കോൺഫറൻസ് വിളിച്ചു ചേർത്തത്. അത് 1958 ൽ സമാപിച്ചതിനു ശേഷം 1960 ൽ വീണ്ടും ചേർന്നെങ്കിലും തീരുമാനങ്ങൾ ഒന്നുമെടുക്കാതെ പിരിയുകയായിരുന്നു. വീണ്ടും 1973 ൽ 160 അംഗരാജ്യങ്ങൾ പങ്കെടുത്ത മൂന്നാമത് യോഗം 1982 ൽ സമാപിച്ചപ്പോഴാണ് മുൻ കൺവൻഷനുകളിലെ തീരുമാനങ്ങൾക്കും ധാരണകൾക്കും പകരം പുതിയ ഉടമ്പടി രൂപംകൊണ്ടത്. അതാണ് യുണെെറ്റഡ് നാഷൻസ് കൺവൻഷൻ ഓൺ ദ ലോ ഓഫ് ദ സീസ് (UNCLOS ). എന്നാൽ അങ്ങനെയൊരു ഉടമ്പടിയുടെ ഭാഗമായാൽ അത് തങ്ങളുടെ സൈനിക സുരക്ഷയ്-ക്കും വ്യാപാര താൽപര്യത്തിനും എതിരായിത്തീരും എന്നു പറഞ്ഞ് അമേരിക്കൻ സെനറ്റ് അതംഗീകരിക്കാൻ കൂട്ടാക്കിയില്ല. നാവികസേനാ വിന്യാസത്തിന് ഉടമ്പടി തടസ്സം നിന്നേക്കും എന്നായിരുന്നു ഭയം. അമേരിക്കയുടെ മറ്റൊരാശങ്ക കടലടിത്തട്ട് ഖനനത്തിന് നിയന്ത്രണങ്ങൾ വന്നേക്കും എന്നതായിരുന്നു.


കടലടിത്തട്ടിലെ അക്ഷയഖനികൾ 
കാക്കാനൊരു സംവിധാനം

എന്നാൽ അതേ ഖനന കാര്യത്തിന്റെ നടത്തിപ്പിനായാണ് ഇന്റർനാഷണൽ സീ ബെഡ് അതോറിറ്റി 1994 ൽ രൂപം കൊണ്ടത്. അതിന്റെ ആസ്ഥാനം ജമൈക്കയിലെ കിങ്സ്റ്റണിൽ ആവണം എന്നും തീരുമാനിക്കപ്പെട്ടു. ദേശാതിർത്തിയിലുള്ള കടലിനുമപ്പുറമുള്ള ആഴക്കടലിന്റെ അടിത്തട്ടിൽ നടത്തുന്ന ഖനനങ്ങൾക്കുള്ള ഒരു അന്താരാഷ്ട്ര മേൽനോട്ട സംവിധാനമായാണ് അത് രൂപപ്പെട്ടത്. സമുദ്രാടിത്തട്ടിലെ ഖനനത്തിൽ നിന്ന് ഊറ്റിയെടുക്കാനാവുക അനേക സഹസ്ര ലക്ഷങ്ങളാണെന്നു വന്നതോടെ (പ്രത്യേകിച്ചും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഉപകരിക്കുന്ന ലോഹങ്ങളും ധാതുലവണങ്ങളുമടങ്ങുന്ന ദശലക്ഷക്കണക്കിന് വർഷം പ്രായമുള്ള കൂറ്റൻ പാറകളാണ് പൊട്ടിച്ചെടുക്കാനുള്ളത് എന്നറിഞ്ഞതോടെ) അതിന് ആവശ്യക്കാരേറി. നിക്കൽ, മാംഗനീസ്, ചെമ്പ്, സിങ്ക്, കൊബാൾട്ട് എന്നിവയടങ്ങിയ അനേക ലക്ഷം കോടി പോളിമെറ്റാലിക് നോഡ്യൂൾസാണ് ഉരുളക്കിഴങ്ങ് വലുപ്പത്തിൽ സമുദ്രാടിത്തട്ടിൽ നിന്ന് കിളച്ച് മറിച്ചെടുക്കാനുള്ളത് ! ഇക്കാര്യത്തിൽ പര്യവേക്ഷണം നടത്താനുള്ള കരാർ ഉറപ്പിച്ചുകിട്ടാനായി വലിയ കമ്പനികൾ അതോടെ രംഗത്തെത്തി. അൺ ക്ലോസ് ഉടമ്പടിയിൽ അമേരിക്ക കക്ഷിയല്ലാത്തതിനാൽ യുഎസ് കമ്പനികൾക്ക് പര്യവേക്ഷണ മേഖലയിൽ പ്രവേശനമില്ലാതെ വന്നു.എന്നിട്ടും ലോകത്തെ ഏറ്റവും വലിയ പ്രതിരോധായുധ നിർമ്മാണ ്കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ രണ്ട് ബ്രിട്ടീഷ് പ്രൊജക്ടുകൾ വഴി പര്യവേക്ഷണത്തിൽ പങ്കാളികളായി. റഷ്യയും ദക്ഷിണ കൊറിയയും ഫ്രാൻസും ജാപ്പാനും ചൈനയും ഇന്ത്യയും ഐ എസ്.എയുമായി പര്യവേക്ഷണക്കരാറുകൾ ഉണ്ടാക്കി.

നാവ്റുവിന് പുതിയ നാവ്, 
ലോഡ്ജിന് പുതിയ കൂറ്
2023 – 24 ഓടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം നടത്തണമെന്നാണ് ഐ.എസ്.എ യുടെ കണക്കുകൂട്ടലെങ്കിലും നാവ്റു എന്ന പസിഫിക് പ്രദേശത്തെ ഒരു കൊച്ചു രാജ്യം മെറ്റൽസ് എന്ന കനേഡിയൻ ബഹുരാഷ്ട്ര കുത്തകയുമായിച്ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യാനുള്ള അനുമതി ഉടനെ കിട്ടണം എന്നു പറഞ്ഞ് ഐ എസ് എ വേദികളിൽ ഒച്ച വെക്കാൻ തുടങ്ങി. ചർച്ചകൾ നീണ്ടുപോവുന്നതിൽ മെറ്റൽസ് കമ്പനിക്കുള്ള പ്രയാസം മനസ്സിലാക്കാം. പക്ഷേ കനത്ത പാരിസ്ഥിതികാഘാതത്തിന് ഇടവരുത്തിയേക്കാം എന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്ന ഒരു കാര്യത്തിൽ വേണ്ട പഠനം നടത്താതെ ഉടൻ കരാറാക്കണം എന്ന് ഐ എസ് എ യുടെ സെക്രട്ടറി ജനറൽ തന്നെ ആവശ്യപ്പെടുന്നത് വെറുതെയാവില്ല. പ്രത്യേകിച്ചു മെറ്റൽസ് കമ്പനിയുടെ പ്രമോ വീഡിയോയിൽ, പണ്ട് പേ ടി എമ്മിന്റെ പരസ്യത്തിലെ ഇന്ത്യൻ പ്രധാനമന്ത്രിയെപ്പോലെ ഇന്റർനാഷണൽ സീ ബെഡ് അതോറിറ്റിയുടെ സെക്രട്ടറി ജനറൽ മിഷായെൽ ലോഡ്ജ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ! സമുദ്രശാസ്ത്ര മേഖലയിൽ എണ്ണം പറഞ്ഞ 600 ലേറെ ശാസ്ത്രജ്ഞർ കടലടിത്തട്ടിലെ ഖനനത്തിന് എതിരുനിൽക്കുന്ന ഒരു കാലത്താണിത്! വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്വർ ഖനനത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുകയും യൂറോപ്യൻ പാർലമെന്റും ഫിജി, പപ്പാ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിലപാടെടുക്കുകയും ചെയ്തിരിക്കെയാണ് ഐ എസ് എയുടെ സെക്രട്ടറി ജനറൽ പച്ചക്കൊടി കാട്ടാൻ രണ്ടു കെെ യും നീട്ടി നിൽക്കുന്നത്.

ഇതിനിടയിലാണ് മാർച്ച് 16 ന് ഐ എസ് എ യുടെ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സമ്മേളനം ജമൈക്കയിൽ നടക്കുന്നത്. 13 ലക്ഷം ടൺ പാറകളാണ് 2024 ൽ പൊട്ടിച്ചൂറ്റിയെടുക്കാൻ മെറ്റൽസ് കമ്പനിയും കൂട്ടാളികളും ലക്ഷ്യമിടുന്നത്. അതുവഴി ഏതാണ്ട് 3000 കോടി ഡോളറാണ് പ്രതീക്ഷിക്കുന്ന ലാഭം. നാവ്റു എന്ന കൊച്ചുരാജ്യമാണ് മസിൽ പിടിച്ചു നിന്ന് കരാർ ഉടൻ ഒപ്പു വെക്കണം എന്നാവശ്യ പ്പെടുന്നത്. ഫ്രാൻസും സ്പെയിനും ചിലിയും ജർമനിയും കോസ്റ്റാറിക്കയും ന്യൂസിലാൻഡും ഒന്നിച്ചുറക്കെപ്പറയുന്നത് കരാർ ഒപ്പിടും മുമ്പ് നന്നായി ആലോചിക്കണം എന്നാണ്. ജർമ്മൻ സാമ്പത്തിക കാര്യമന്ത്രി നേരത്തേ നേരിട്ട് കത്തയച്ച് മിഷയൽ ലോഡ്ജിനോട് ചോദിച്ചതാണ്, നയരൂപീകരണ കാര്യത്തിൽ ഇടപെടാൻ സെക്രട്ടറി ജനറൽ മാത്രമായ താങ്കൾക്ക് എന്തധികാരം എന്ന്! മെറ്റൽസ് കമ്പനിയുടെ കപ്പലിൽ യാത്ര ചെയ്ത് അത് അതേപടി അവരുടെ പരസ്യ വീഡിയോയിലാക്കാൻ നിന്നു കൊടുത്ത മിഷായേൽ ലോഡ്ജിന്റെ താൽപര്യം വ്യക്തം. ഈ ഭൂഗോളവും പ്രപഞ്ചമാകെത്തന്നെയും പുകഞ്ഞോ പൊടിഞ്ഞോ തീർന്നാലും അയാൾക്കത് പ്രശ്നമല്ല. കൊച്ചു രാജ്യത്തിനും വമ്പൻ കുത്തകക്കമ്പനിക്കും ഐ എസ് എ തലവനും ഒരൊറ്റ ലക്ഷ്യം. പക്ഷേ അത് പച്ചക്ക് വെട്ടിത്തുറന്നു പറയാൻ ഒരു ജർമൻ മന്ത്രി വേണ്ടി വന്നു.

ലോഡ്ജിന് ഇന്ത്യയിൽ
ചുവപ്പ് പരവതാനി
എന്നാൽ അതേ മിഷെയ്ൽ ലോഡ്ജ് ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയിരുന്നു. കുത്തകക്കമ്പനിയുടെ വക്കാലത്തുകാരനാവാൻ നിൽക്കേണ്ട എന്ന് ജർമ്മൻ മന്ത്രി താക്കീത് കൊടുത്ത അതേ മിഷെയ്ൽ ലോഡ്ജിന് ചെമ്പരവതാനി വിരിച്ച സ്വീകരണമാണ് ഇന്ത്യ നൽകിയത് ! ആഴക്കടൽ ധാതുക്കളൂറ്റാനുള്ള15 വർഷക്കരാറാണ് ഇന്ത്യ 2002 മാർച്ചിൽ ഒപ്പിട്ടത്. 2017 ലും വീണ്ടും 2022 ലും അയ്യഞ്ചു വർഷക്കരാർ ഒപ്പിട്ട ഇന്ത്യ ഇക്കാര്യത്തിൽ മുമ്പേ പറക്കുന്ന പക്ഷിയാണ് എന്ന് മിഷെയ്ൽ ലോഡ്ജ്! ഇന്ത്യയെ പയനീർ ഇൻവെസ്റ്ററായി പ്രഖ്യാപിച്ച ഐഎസ് എ നടപടിയിൽ കേന്ദ്ര മന്ത്രി ഡോക്ടർ ജിതേന്ദ്ര സിങ് സന്തോഷം പ്രകടിപ്പിച്ചു! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബ്ലൂ എക്കണോമിയെ ലോകം അംഗീകരിച്ചിരിക്കുന്നു എന്നൊക്കെയായി പ്രഖ്യാപനം! ആഴക്കടൽ മിഷനുവേണ്ടി (deep sea mission) 600 കോടി രൂപ ബജറ്റിൽ നീക്കിവെച്ച കാര്യവും അദ്ദേഹം ഓർത്തെടുത്തു. ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഐ എസ് എ ക്ക് താൽപ്പര്യമുണ്ട് എന്ന് അതേ മിഷെയ്ൽ ലോഡ്ജിനെക്കൊണ്ട് പ്രഖ്യാപിപ്പിച്ച് കൂടുതൽ സന്തുഷ്ടനാവാനും ഇന്ത്യൻ മന്ത്രിക്ക് കഴിഞ്ഞു!

നാവ്റു എന്ന കൊച്ചു പസഫിക്കൻ രാജ്യത്തിനും അതിനെക്കൊണ്ട് ഐഎസ്എ ചർച്ചാവേദിയിൽ ചുടു ചോറ് മാന്തിച്ച മെറ്റൽസ് കമ്പനിക്കും അതിനൊക്കെ പിറകിൽ ചരടുവലിക്കുന്ന ഐ എസ് എ സെക്രട്ടറി ജനറലിനും ഒപ്പമാണ് ഇന്ത്യയും നിലയുറപ്പിക്കുന്നത്!

മത്സ്യമേഖല ഉണരുന്നു
ഇത്തരമൊരു നിലപാട് നമ്മുടെ പരിസ്ഥിതിക്കും കടലിലെ ആവാസ വ്യവസ്ഥയ്-ക്കും അതുവഴി നമ്മുടെ മത്സ്യസമ്പത്തിനും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്കും എതിരാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ആഴക്കടൽ ഖനനത്തിനെതിരെ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ ആൾ ഇന്ത്യാ ഫിഷേസ് ആന്റ് ഫിഷറീസ് വർക്കേഴ്സ് ഫെഡറേഷൻ നേതൃത്യത്തിൽ മാർച്ച് 3 ന് പാർലമെന്റ് മാർച്ച് നടത്തിയത്.

ഇത് മത്സ്യത്തൊഴിലാളികളെ മാത്രം ബാധിക്കുന്ന വിഷയമല്ല. വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന് ശാസ്ത്ര ലോകം തന്നെ ആശങ്കപ്പെടുന്ന ആഴക്കടൽ ഖനനം കൂടുതൽ പഠനങ്ങൾ നടത്താതെ ധൃതിപ്പെട്ട് നടപ്പാക്കുന്നത് വമ്പൻ കുത്തകകളെ സഹായിക്കാനാണ് എന്ന കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെടണം, അതിനെതിരെ ജനകീയ ചെറുത്തുനിൽപ്പ് ഉയർന്നുവരികയും വേണം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 2 =

Most Popular