Saturday, April 20, 2024

ad

Homeനിരീക്ഷണംആഘോഷത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടുമ്പോൾ

ആഘോഷത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടുമ്പോൾ

കെ എ വേണുഗോപാലൻ

2024ൽ നടക്കാനിരിക്കുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ബിജെപി ആരംഭിച്ചു. രാമനവമി ആഘോഷത്തിന്റെ മറവിൽ രാജ്യത്താകെ ന്യൂനപക്ഷത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു കൊണ്ടാണ് പ്രചാരണ പരിപാടിക്ക് സംഘ പരിവാർ തുടക്കം കുറിച്ചത്. രാമനവമി ഘോഷയാത്രയ്ക്ക് പിന്നാലെ ഗുജറാത്ത്, കർണാടകം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ, ജാർഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി മാധ്യമങ്ങളൊക്കെ റിപ്പോർട്ടുചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലും ബംഗാളിലും ഒരാൾ വീതം കൊല്ലപ്പെട്ടു. ബംഗാളിൽ സംഘർഷം തുടരുകയാണ്. തെലങ്കാനയിൽ കലാപത്തിന് ആഹ്വാനം നൽകിയ ബിജെപി എംഎൽഎ രാജ സിങ്ങിനെതിരെ ഗുരുതര കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഡൽഹിയിൽ കഴിഞ്ഞവർഷം വർഗീയ സംഘർഷം ഉണ്ടായ ജഹാംഗീർ പുരിയിലും വിലക്ക് മറികടന്ന് ഘോഷയാത്ര നടന്നു. പല സംസ്ഥാനങ്ങളിലും ഘോഷയാത്രകൾ കടന്നുപോയ വഴികളിലുള്ള മുസ്ലീം പള്ളികളിൽ അതിക്രമിച്ചുകയറിയ അക്രമികൾ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതും കാവിക്കൊടി വീശുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കർണാടകത്തിൽ ഹാസൻ ജില്ലയിലെ ചന്നരായ പട്ടണപ്രദേശത്തെ മുസ്ലിം പള്ളിക്ക് സമീപം ബജരംഗ്–ദൾ ഘോഷയാത്ര കടന്നുപോകവേ സംഘർഷമുണ്ടായി. ബംഗാളിൽ ഹൗറ , ഖരഗ്‌പൂർ, ബാരക് പൂർ, ഭദ്രേശ്വർ, സിലിഗുരി, അസൻസോൾ തുടങ്ങി വിവിധ മേഖലകളിലാണ് സംഘർഷം ഉണ്ടായത്. ഗുജറാത്തിൽ വഡോദരയിലെ ഫത്തേപ്പുരയിൽ വിഎച്ച്പി നടത്തിയ ഘോഷയാത്രയിലാണ് അക്രമം ഉണ്ടായത്. ഉത്തർപ്രദേശിൽ ഘോഷയാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മധുരയിലുള്ള ജുമാ മസ്ജിദിൽ കയറി കാവിക്കൊടി വീശി. മഹാരാഷ്ട്രയിൽ ജൽ ഗാവ് സംഭാജിനഗർ മേഖലയിലാണ് സംഘർഷം ഉണ്ടായത്.

ബീഹാറിൽ നളന്ദ ജില്ലയിൽ നടന്ന അക്രമത്തിൽ ഇരു വിഭാഗങ്ങളിലെയും ഇരുപതോളം പേർക്ക് പരിക്കേറ്റു. ജാർഖണ്ഡ് സംസ്ഥാനത്ത് ഹൽദി പോക്കർ പ്രദേശത്ത് കല്ലേറും അക്രമവും ഉണ്ടായി. തെലങ്കാനയിൽ ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്ത് ആയിരുന്നു അക്രമം. സംഘർഷത്തിന്റെ സ്വഭാവം പരിശോധിച്ചാൽ അഖിലേന്ത്യാതലത്തിൽ തന്നെ ഇത്തരം ഒരു നീക്കത്തിന് മുൻകൂറായി തീരുമാനമെടുത്തതായി കാണാനാവും. തമിഴ്നാട്, കേരളം, പഞ്ചാബ് എന്നിവ ഒഴികെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ആസൂത്രിതമായി വർഗീയ സംഘർഷം നടത്തണമെന്ന് മുൻകൂട്ടി തീരുമാനിച്ചതായി കാണാം. ഇത് ബിജെപിയുടെ ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണ്. ഇന്ത്യയിലെ മുൻകാല തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ വർഗീയ സംഘർഷം ഉണ്ടായിട്ടുള്ളിടത്തെല്ലാം ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളതായി കാണാനാവും.

ഇന്ത്യയിൽ വർഗീയ സംഘർഷം ഉണ്ടാവുക എന്നത് ഒരു പുതിയ കാര്യമല്ല. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിന് വിധേയമായി ഇന്ത്യയിലെ ഹിന്ദുക്കളിലും മുസ്ലീങ്ങളിലും പെട്ട ഒരു വിഭാഗം ഇത്തരത്തിൽ സംഘർഷമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ ഭാഗമായും നിരവധി വർഗീയ സംഘർഷങ്ങൾ അരങ്ങേറിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വർഗീയ സംഘട്ടനമുണ്ടാകുന്നത് 1961 ലാണ്. 1980ലും 1990ലും ഒക്കെ അത് കൂടുതൽ ശക്തമായി. 1961 ൽ ജബൽപൂരിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ പലപ്പോഴും വർഗീയ സംഘർഷത്തിന് ഇടയാവാറുണ്ട്.1967 ആഗസ്റ്റിൽ റാഞ്ചിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് ഉറുദു ഭാഷയുടെ പദവിയുമായി ബന്ധപ്പെട്ടായിരുന്നു. നമുക്കൊക്കെ അറിയാവുന്നതുപോലെ ഉറുദു ഭാഷ സംസാരിക്കുന്നത് ഭൂരിപക്ഷവും മുസ്ലിങ്ങളാണ്. അതിനെ ബീഹാറിലെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നതിന് ഒരു നീക്കം നടന്നു. അതിൽ പ്രതിഷേധിച്ച് ഹിന്ദു വർഗീയവാദികൾ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വർഗീയ സംഘർഷം ഉണ്ടാക്കുകയായിരുന്നു.

ഇന്നത്തെ ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ നിരവധിതവണ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.1960 കളിൽ ഉണ്ടായ അത്തരം വർഗീയ സംഘർഷങ്ങളിൽ ഏറ്റവും രൂക്ഷമായത് 1969ലേതായിരുന്നു. അഹമ്മദാബാദിലെ തുണിമിൽ വ്യവസായത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാമ്പത്തികമായ ശത്രുത വർഗീയമായ ശത്രുതയാക്കി മാറ്റിത്തീർക്കുകയായിരുന്നു. ജനസംഘവും ആർഎസ്എസും ആണ് ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ ഇടപെടൽ നടത്തിയത്.കോൺഗ്രസും അത്യാവശ്യം മുതലെടുപ്പൊക്കെ അന്ന് നടത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ രാഷ്ട്രീയ ശക്തിക്കും വികാസത്തിനും ഉള്ള വെല്ലുവിളി മുസ്ലിമാണ് എന്ന പ്രചാരവേലയാണ് അന്ന് ആർഎസ്എസ് അഴിച്ചുവിട്ടത്. 1980 ൽ ബിജെപി രൂപീകരിക്കപ്പെട്ടതോടെ വർഗീയ സംഘങ്ങൾക്ക് .തീവ്രത വർദ്ധിച്ചു. 1983 ഫെബ്രുവരിയിൽ ആസാമിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾക്ക് എതിരായി അതിതീവ്രമായ ആക്രമണങ്ങൾ നടന്നു.1989ൽ നടന്ന രാമശിലാന്യാസത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻതോതിൽ വർഗീയ സംഘർഷങ്ങൾ നടന്നു.1990 കളിൽ ബാബറി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങൾ എല്ലാവർക്കും അറിവുള്ള കാര്യമാണ്. ബിജെപിയെ ഒരു അഖിലേന്ത്യ പ്രസ്ഥാനമായി വികസിപ്പിക്കുന്നതിൽ വലിയ പങ്കാണ് അന്നു നടന്ന വർഗീയ സംഘർഷങ്ങൾ വഹിച്ചത്.1998ൽ ഘടകകക്ഷികളുടെ പിന്തുണയോടുകൂടി വാജ്പേയി ഗവൺമെന്റ് അധികാരത്തിൽ വന്നു. ഒഡീഷയിൽ ഗ്രഹാം സ്റ്റെയിൻസിന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിലേക്ക് നയിച്ച ക്രിസ്ത്യാനികൾക്കെതിരായ വർഗീയ സംഘർഷം അക്കാലത്താണ് നടന്നത്. 1997ൽ സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി അധികാരമേറ്റതതോടെ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിനെതിരെയുള്ള ആക്രമണം ഹിന്ദു വർഗീയവാദികൾ ശക്തമാക്കി.

ഇതിനെയൊക്കെ കവച്ചു വയ്ക്കുന്നതായിരുന്നു 2002 ഫെബ്രുവരിയിൽ നടന്ന ഗുജറാത്ത് കലാപം. അന്നത്തെ കലാപത്തിൽ 2000 പേർ കൊലചെയ്യപ്പെടുകയും ഒരു ലക്ഷത്തിലേറെ പേർക്ക് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രി ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയായിരുന്നു. ഈ വർഗീയ സംഘർഷത്തിൽ ഗവൺമെന്റിന്റെ അശ്രദ്ധ ഏറെ അപലപിക്കപ്പെട്ടതാണ്. 2009ൽ നടന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒഡീഷയിൽ ക്രിസ്ത്യൻ വിരുദ്ധ വർഗീയ സംഘർഷം ഉയർന്നുവന്നു.230 ആരാധനാ കേന്ദ്രങ്ങളാണ് അന്ന് തകർക്കപ്പെട്ടത്.

2013 സെപ്തംബറിൽ യുപിയിലെ മുസഫർ നഗർ, ശാമിലി എന്നീ ജില്ലകളിൽ മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങളാണ് സംഘടിതമായി നടത്തപ്പെട്ടത്. ഒരു ജാട്ട് വനിതയെ മുസ്ലിങ്ങൾ ആക്രമിച്ചു എന്നു പറഞ്ഞു കൊണ്ടാണ് സംഘപരിവാർ ശക്തികൾ അക്രമത്തിന് തുടക്കമിട്ടത്. ചുരുങ്ങിയത് 65 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 50000 ലേ റെപ്പേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.അതിൽ ഭൂരിഭാഗവും മുസ്ലിം ജനവിഭാഗത്തിൽ പെട്ടവരായിരുന്നു.

2014 ലെ ബിജെപിയുടെ തിരഞ്ഞെടുപ്പുവിജയത്തിൽ ഈ വർഗീയ സംഘർഷം വലിയ പങ്കു വഹിച്ചിട്ടുണ്ട്. 2014 ൽ ബിജെപി അധികാരത്തിൽ വന്നശേഷം മുസ്ലീങ്ങൾക്കെതിരായ വർഗീയ സംഘർഷങ്ങളിൽ ഏറെയും നടന്നത് ഗോവധത്തിന്റെ പേരിലായിരുന്നു. കന്നുകാലി കച്ചവടക്കാർ, ഡയറി നടത്തിപ്പുകാർ ,കശാപ്പുശാല നടത്തുന്നവർ തുടങ്ങി മുഖ്യമായും മുസ്ലിങ്ങളും ദളിത് ജനവിഭാഗങ്ങളും പണിയെടുക്കുന്ന മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒക്കെത്തന്നെ നടന്നത്. പശുവിനെ അമ്മയായി പ്രഖ്യാപിച്ചവരാണ് സംഘപരിവാറുകാർ. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പശുവിറച്ചി കയറ്റുമതി ചെയ്യാൻ നേതൃത്വം നൽകുന്നവർ ബിജെപി നേതാക്കളോ ബിജെപിയോട് കൂറുപുലർത്തുന്ന വ്യാപാരികളോ ആണ്. എന്നാൽ പശുവിന്റെ പേരിൽ രാജ്യത്തൊട്ടുക്ക് കലാപം ഉണ്ടാക്കുവാൻ സംഘപരിവാർ ശക്തികൾ സംഘടിതമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വർഗ്ഗപരമായി സംഘടിക്കുന്നതിൽ നിന്ന് ഇത് ജനങ്ങളെ തടയുന്നു.മാത്രമല്ല ഭൂരിപക്ഷ സമുദായത്തിനകത്ത് ഹിന്ദുക്കൾ നാം ഒന്നാണ് എന്ന ചിന്താഗതി വളർത്തുന്നതിന് ഇത്തരത്തിലുള്ള നീക്കങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ആ ചിന്താഗതിയെ രാഷ്ട്രീയവൽക്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മറുഭാഗത്ത് ജനങ്ങൾ വർഗ്ഗപരമായി സംഘടിക്കാതിരിക്കുക എന്നത് കോർപ്പറേറ്റുകളുടെ താല്പര്യവുമാണ്. വർഗ്ഗപരമായി സംഘം ചേർന്ന് സമരം ചെയ്താൽ മാത്രമേ അത് കോർപ്പറേറ്റുകൾക്ക് ദോഷം ചെയ്യൂ. വർഗ്ഗപരമായി സംഘം ചേരുന്നതിനെ തടയുന്ന ഒന്നാണ് വർഗീയത എന്നതുകൊണ്ട് കോർപ്പറേറ്റുകൾക്ക് ഹിന്ദുത്വ സംഘടനകൾ സംരക്ഷണ കവചം ഒരുക്കുകയാണ്. വർഗ്ഗസമരം ശക്തമാക്കിക്കൊണ്ടു മാത്രമേ നമുക്ക് വർഗീയതയെ തടയാനാവൂ. അതിലൂടെ മാത്രമേ കോർപ്പറേറ്റ് _ ഹിന്ദുത്വ അവിശുദ്ധസഖ്യത്തെ തകർക്കാനാവു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − two =

Most Popular