Saturday, November 23, 2024

ad

Homeമാധ്യമ നുണകള്‍മുട്ടനാടിന്റെ പിന്നാലെ പായുന്ന കുറുനരി

മുട്ടനാടിന്റെ പിന്നാലെ പായുന്ന കുറുനരി

ഗൗരി

തെഴുതുന്നത് ടിവി ചാനലുകളിൽ 8 മണി ചർച്ച നടക്കുമ്പോഴാണ്. അട്ടപ്പാടി മധുവിന്റെ ആൾക്കൂട്ടക്കൊലപാതകത്തിന്റെ വിധി വന്ന ദിവസവുമാണ്. പ്രതിപ്പട്ടികയിലുള്ള രണ്ടുപേരൊഴികെ ബാക്കിയെല്ലാപേരും കുറ്റം ചെയ്-തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് വിധി പറഞ്ഞ കോടതി ശിക്ഷാവിധി അടുത്ത ദിവസത്തേക്ക് മാറ്റിവച്ച ദിവസം. അപ്പോൾ അന്തിചർച്ച ഇതേൽ കേന്ദ്രീകരിച്ചായിരിക്കണമല്ലോ. പ്രത്യേകിച്ചും മധു കൊല്ലപ്പെട്ടതുമുതൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ അതുമായി ബന്ധപ്പെട്ട് എത്രയെത്ര അന്തിച്ചർച്ചകൾ, മധുവിന്റെ പേരിലുള്ള മുതലക്കണ്ണീരൊഴുക്കലുകൾ എല്ലാം മുറയ്-ക്ക് നടക്കുന്നുണ്ടായിരുന്ന സാഹചര്യത്തിൽ. എന്നാൽ പിണറായി സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ കൊണ്ടുപിടിച്ച ചർച്ച മുഖ്യധാരാ ചാനലുകൾ നടത്തുമ്പോഴും സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടായിരുന്നു. മധുവിന്, മധുവിന്റെ കുടുംബത്തിന്, അതുപോലുള്ള നിരാലംബരായ മനുഷ്യർക്ക് ആശയും ആശ്രയവുമായ പിണറായി സർക്കാരിന്റെ ഇടപെടലാണ് ഇപ്പോഴത്തെ കോടതി വിധിയിൽ കൊണ്ടെത്തിച്ചതെന്ന് നാടാകെ മനസ്സിലാക്കിയതുകൊണ്ട് സർക്കാർ വിരുദ്ധപ്രചരണത്തിന് സാധ്യത കാണാത്തതുകൊണ്ടാകണം മധുവിനും കുടുംബത്തിനും നീതി ഉറപ്പാക്കിയ (നിയമാനുസൃതമുള്ള പരമാവധി ശിക്ഷ നൽകാൻ കോടതി തയ്യാറായില്ലെങ്കിലും) കോടതി വിധി ചർച്ച ചെയ്യപ്പെടാതെ പോയത്. ഇതല്ല വിധിയെങ്കിൽ നമ്മുടെ മുഖ്യധാരക്കാർക്ക് ഒരാഴ്ചത്തേക്കുള്ള വകയായേനെ!

ഇനി പത്രങ്ങളിലേക്ക് തിരിയാം. ഏപ്രിൽ 4–ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിലെ സൂപ്പർ തലക്കെട്ട് നോക്കൂ: ‘‘തീ വച്ചയാൾ എവിടെ?’’ ഈ തലവാചകം കണ്ട് ഒരാൾ ഉള്ളിൽ തട്ടിയൊരു പ്രതികരണം നടത്തിയത് കേൾക്കാനിടയായി. ‘‘മനോരമയ്-ക്കകത്ത് എവിടേങ്കിലും ആയിരിക്കുമോ ഓന്റെ ഒളിത്താവളം’’ എന്ന മട്ടിലായിരുന്നു ആ പ്രതികരണം. പ്രതികരിച്ചയാളിനെ കുറ്റപ്പെടുത്താനാവില്ലല്ലോ. അമ്മാതിരിയൊരു തലക്കെട്ടല്ലേ ഇത്.

എന്താ സംഭവം? ഞായറാഴ്-ച, അതായ-ത് ഏപ്രിൽ മൂന്ന് രാത്രി ഒമ്പതരയ്-ക്ക് നടന്നതാണ് ആലപ്പുഴ– കണ്ണൂർ എക്-സിക്യൂട്ടീവ് എക്-സ്-പ്രസിലെ തീവയ്-പ്. അജ്ഞാതനായ ഒരാളിന്റെ ആക്രമണം. ആ ആൾ എവിടെപ്പോയി എന്നാണ് മനോരമ കേരളത്തോട് ചോദിക്കുന്നത്. മനോരമയെ പ്പോലെ ഹീനമായ കക്ഷി രാഷ്ട്രീയം ഒളിപ്പിച്ചുവച്ച ഒരു കൂട്ടർക്കല്ലാതെ സംഭവം നടന്ന് മണിക്കൂറുകൾക്കകം ഇങ്ങനെയൊരു തലക്കെട്ടുമായി പത്രമിറക്കാനാവില്ല. എന്നാൽ, സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിലാണ് കേരള പൊലീസ് നടപടി തുടങ്ങിയത്. ആക്രമണകാരിയെന്ന് സംശയിക്കുന്നയാളിന്റെ രേഖാ ചിത്രം തയ്യാറാക്കാനും സമഗ്രമായ അന്വേഷണത്തിന് തുടക്കമിടാനും ആ രാത്രിതന്നെ കഴിഞ്ഞത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ ജാഗ്രത ഒന്നു കൊണ്ടുമാത്രമാണ്.

4ന്റെ മനോരമയുടെ 9 ഉം 10 ഉം പേജും തീവണ്ടിയിൽ ആളിപ്പടർന്ന തീജ്വാലയിൽ കേന്ദ്രീകരിച്ചാണ്. അത് ശരിതന്നെ. അതിൽ നിറഞ്ഞുനിൽക്കുന്ന വിവരങ്ങളിൽ പലതും ലഭ്യമായതാകട്ടെ സംസ്ഥാന പൊലീസിൽ നിന്നുമാണ്. പൊലീസ് സംവിധാനത്തിന്റെ ജാഗ്രതയുടെ, അതിവേഗത്തിലുള്ള ഇടപെടലിന്റെ ഫലവും! എന്നാൽ അക്കാര്യം പരാമർശിക്കാൻ മനോരമ മറന്നു പോകുന്നു. അതേ സമയം എൻഐഎയും കാൺപൂർ കേസുമെല്ലാമായി ഇതിനെ ബന്ധപ്പെടുത്താൻ മനോരമ മാത്രമല്ല, കേരള കൗമുദിയും മാതൃഭൂമിയുമെല്ലാം അത്യുൽസാഹം തന്നെ കാണിക്കുന്നുമുണ്ട്. മാത്രമല്ല, അതിന് ഒരു തീവ്രവാദ ആംഗിൾ, സ്ഥിരീകരണത്തോടെ ചാർത്തിക്കൊടുക്കാൻ വല്ലാത്ത വേഗത തന്നെ മുഖ്യധാരക്കാർ കാണിക്കുന്നുമുണ്ട്. സംഘപരിവാർ ഇച്ഛിക്കുന്നതുതന്നെ നമ്മുടെ മുഖ്യധാരാ വെെദ്യന്മാർ നൽകുന്നുവെന്നതാണ് ഇത‍് കാണിക്കുന്നത്. ഈ കുറ്റകൃത്യത്തിനുപിന്നിൽ രാജ്യവിരുദ്ധരായ ഭീകരവാദ സംഘങ്ങൾ ഉണ്ടോ ഇല്ലയോയെന്നത് കണ്ടെത്തേണ്ടതും അങ്ങനെ ഉണ്ടെങ്കിൽ നിസ്സാരമായി തള്ളിക്കളയാനാവാത്തതും തന്നെയാണ‍്. അതിൽ സംശയവുമില്ല. മുഖ്യധാരക്കാരുടെ ഇക്കാര്യത്തിലെ ഇംഗിതം, കേസനേ-്വഷണത്തിൽ സംസ്ഥാന പൊലീസല്ല, ദേശീയ ഏജൻസികൾ വേണം മുന്നിൽ നിൽക്കേണ്ടത് എന്നും കുറ്റവാളിയെ കണ്ടെത്തേണ്ടതും പിടിക്കേണ്ടതും അവരായിരിക്കണം എന്നതുമാണ്. കുറ്റവാളിയെ പിടിക്കുന്നതിൽ കാലതാമസം എന്നു വരുത്താനാണ് ‘‘തീവച്ചയാൾ എവിടെ?’’ എന്ന് ഏതാനും മണിക്കൂറുകൾക്കകം അച്ചുനിരത്താൻ മനോരമയെ പ്രേരിപ്പിച്ചത്.

മനോരമ ആ ദിവസം മുഖപ്രസംഗം എഴുതിയതും ഇതേ വിഷയത്തിന്മേലാണ്. ‘‘ആളിക്കത്തിയത് അനാസ്ഥയും. ട്രെയ്-നിലെ തീവയ്-പ് ഗുരുതര സുരക്ഷാവീഴ്-ച’’ എന്ന് ശീർഷകം. ആരുടെ അനാസ്ഥ? ആരുടെ സുരക്ഷാ വീഴ്-ച? അതിനുത്തരം കണ്ടെത്താൻ മുഖപ്രസംഗത്തിന്റെ അവസാന വാചകം വരെയെത്തണം. ‘‘അക്രമങ്ങൾക്കും കവർച്ചകൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന യാത്രക്കാരുടെ മുന്നിൽ ‘ശുഭയാത്ര’ എന്ന റെയിൽവേ മുദ്രാവാചകം നാണംകെട്ടു തലതാഴ്-ത്തി നിൽക്കുകയാണ്. റെയിൽവേയെ വിശ്വസിച്ച് ആലപ്പുഴ– കണ്ണൂർ എക‍-്സ-ിക്യൂട്ടീവ് എക്-സ്-പ്രസിൽ ഞായറാഴ്-ച രാത്രി യാത്ര ചെയ്-തവർക്ക് അനുഭവിക്കേണ്ടിവന്ന കൊടുംക്രൂരത ഇനിയൊരിക്കലും ഈ രാജ്യത്തുണ്ടാകരുത്. അക്കാര്യം ഉറപ്പാക്കേണ്ട ചുമതല റെയിൽവേക്കുണ്ട്.’’ എത്ര സൗമ്യമാണ് ഇവിടെ മനോരമയുടെ ഭാഷ. കൃത്യമായും വഴുവഴുപ്പൻ ശെെലി. സംസ്ഥാന സർക്കാരിനെതിരെ തിരിയാനായിരുന്നെങ്കിൽ മനോരമ കത്തിക്കയറുമായിരുന്നു. അവരുടെ വാക്കുകളിൽ തീ ആളിപ്പടരുമായിരുന്നു. ഇവിടെ റെയിൽവേയ്-ക്കപ്പുറം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനു നേരെ വിരൽചൂണ്ടാൻ പോലും മനോരമയുടെ മുട്ടിടിക്കുകയാണ‍്. മാത്രമല്ല തലവാചകം മാത്രം വായിക്കുന്ന മനോരമയുടെ സ്ഥിരം വായനക്കാർക്ക് ഇതിന്റെ ഉത്തരവാദി വേണമെങ്കിൽ സംസ്ഥാന സർക്കാരാണെന്ന് കരുതുകയും ചെയ്യാം. അങ്ങനെയും പത്തെങ്കിൽ പത്തുപേരെ എൽഡിഎഫിനെതിരെ തിരിക്കാൻ പറ്റുമോ എന്ന് മനോരമ ആശ്വാസം കാണുകയും ചെയ്യുന്നുണ്ട്.

മാർച്ച‍ 31ന്റെ മനോരമയുടെ ഒന്നാം പേജ് മത്തങ്ങാ തലവാചകം നോക്കൂ: ‘‘ശമ്പളക്കുടിശ്ശികയും ഏപ്രിൽ ഫൂൾ!’’ യഥാർഥത്തിൽ ഇവിടെ മനോരമ സ്വന്തം വായനക്കാരുടെ ഓർമ പരീക്ഷിക്കുകയാണ്. അവരെയാകെ ഫൂളാക്കുകയുമാണ്. ഏപ്രിൽ ഒന്നിനു പിഎഫിൽ ലയിപ്പിക്കുമെന്നു പറഞ്ഞ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു നീട്ടിവച്ചതിൽ ജീവനക്കാരിൽ പ്രതിഷേധമുണ്ടാക്കാൻ പറ്റുമോന്നാണ് മനോരമ നോക്കുന്നത്. പക്ഷേ മനോരമ ഓർത്തെടുക്കാനും പറയാനും മടിക്കുന്ന ഒരുപാട് ചരിത്രാനുഭവം കേരളത്തിലെ ജീവനക്കാർക്കുണ്ട്.

ഇവിടെ ശമ്പളപരിഷ്കരണ കുടിശ്ശിക (2021ൽ ഉത്തരവായത്) പിഎഫിൽ ലയിപ്പിക്കാൻ ഉണ്ടായ കാലതാമസത്തിലാണ് മനോരമ മുതലക്കണ്ണീരൊഴുക്കുന്നത്. ജീവനക്കാർക്ക് ശമ്പള പരിഷ്കരണവും ക്ഷാമബത്തയും നിഷേധിക്കുന്നതിനായി ഒരുപാടൊരു പാട് എഴുതിക്കൂട്ടിയിട്ടുള്ള ഒന്നാമത്തെ പത്രമാണ് മനോരമ! ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്-ക്കണമെന്ന്, പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നെല്ലാം വാതോരാതെ വാദിച്ചിരുന്നതും ഇതേ മനോരമ തന്നെ! പക്ഷേ അതെല്ലാം യുഡിഎഫ് ഭരണകാലത്താണെന്നു മാത്രം! കരുണാകരനും ആന്റണിയും ഉമ്മൻചാണ്ടിയും അധികാരം കയ്യാളിയിരുന്ന കാലങ്ങളിൽ! ഇതാണ് മനോരമയുടെ ഇരട്ടത്താപ്പ് ! ലോകായുക്താ വിധിയെക്കുറിച്ചുള്ള വാർത്തയ്-ക്കൊപ്പം മുൻ അനുഭവങ്ങൾ അച്ചുനിരത്തി കൊഴുപ്പിക്കുന്ന മനോരമ ഇവിടെ എന്തേ- പഴയകാല ചരിത്രം അവതരിപ്പിക്കുന്നില്ല?

1980കളിൽ (1984–85) കരുണാകര ഭരണകാലത്ത് ശമ്പളപരിഷ്-കരണം തന്നെ നിഷേധിക്കാൻ ശ്രമിച്ചപ്പോൾ, ജീവനക്കാരുടെ സമരത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ മുട്ടുമടക്കേണ്ടി വന്ന സർക്കാർ രണ്ടുവർഷത്തോളം കാലത്തെ കുടിശ്ശിക നൽകാതെ തട്ടിയെടുത്തപ്പോൾ മനോരമ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു; ജീവനക്കാരെ കൊഞ്ഞനം കുത്തുകയായിരുന്നു! ലീവ് സറണ്ടറും അയ്യഞ്ചു വർഷം കൂടുമ്പോൾ ശമ്പളപരിഷ്-കരിക്കണമെന്നതുമെല്ലാം നിഷേധിക്കപ്പെട്ടപ്പോൾ മനോരമ മാളത്തിലൊളിച്ചിരിക്കുകയായിരുന്നു. അതെല്ലാം പോകട്ടെ, കേന്ദ്ര സർക്കാർ കൊറോണക്കാലത്ത് ഒരു വർഷത്തിലേറെക്കാലത്തെ ക്ഷാമബത്ത നിഷേധിച്ചപ്പോൾ മനോരമ അതിന് ശിങ്കിയടിക്കുകയായിരുന്നല്ലോ. മനോരമയ്-ക്ക് ജീവനക്കാരോടും തൊഴിലാളികളോടും അദമ്യമായ പ്രേമമുണ്ടാകുന്നത് തൊഴിലെടുക്കുന്നവരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുന്ന ഇടതുപക്ഷം ഭരിക്കുമ്പോൾ മാത്രമാണ്. അത് നാട്ടിലെ ജനം തിരിച്ചറിയുന്നുണ്ട്. ജീവനക്കാരെയും തൊഴിലാളികളെയും ഇടതുപക്ഷത്തിനെതിരെ തിരിക്കാൻ പറ്റുമോയെന്ന ഒരു ശ്രമം നടത്തുകയാണ് മുൻകാലത്തെപ്പോലെ ഇപ്പോഴും മനോരമ!

കഴിഞ്ഞ ഏതാനും ആഴ്-ചകളായി സംസ്ഥാന ഖജനാവ് പൂട്ടുന്നതിനെക്കുറിച്ച് നിരന്തരം മനപ്പായസം ഉണ്ടുകൊണ്ടിരുന്ന, ദിവാസ്വപ്-നങ്ങൾ കണ്ടുകൊണ്ടിരുന്ന മനോരമയ്-ക്ക് അത് നടക്കാതെ പോയതിലെ മനപ്രയാസവും കാണും! അതും ജീവനക്കാരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാൻ കാരണമായിട്ടുണ്ട്.

മാർച്ച് 29ന്റെ മനോരമ ഗംഭീരമായൊരു മുഖപ്രസംഗം എഴുതീറ്റുണ്ട്. ‘‘നാടിന്റെ അന്നംമുട്ടിക്കൂടാ. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ റേഷൻ വിതരണം മുടക്കരുത്.’’ കേരളത്തിലെ പൊതുവിതരണ സമ്പ്രദായമാകെ അലങ്കോലമാണെന്ന പ്രതീതി സൃഷ്ടിക്കലാണ് ഈ മുഖപ്രസംഗത്തിലൂടെ മനോരമ ചെയ്യുന്നത‍്. എന്നിട്ടും സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരിക്കുന്നുവെന്ന് പറയാൻ മനോരമയ്-ക്കു പോലും കഴിയുന്നില്ല. മനോരമ തന്നെ പറയുന്നതുപോലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സംവിധാനത്തിന് (ഇ–പോസ്) സപ്പോർട്ടു നൽകുന്ന ഇന്റർനെറ്റ് ദാതാവായ, കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ അവരുടെ ബാൻഡ് വിഡ്ത് പരിഷ്-കരിക്കാത്തതാണ് പലപ്പോഴും ഇതിൽ തകരാറുണ്ടാകുന്നതിന് നിദാനം. ബിഎസ്എൻഎല്ലിന് 4 ജിയിലേക്കും 5 ജിയിലേക്കും മാറാൻ ശേഷിയില്ലാത്തതല്ല സ്വകാര്യകമ്പനികളെ പ്രോത്സാഹിപ്പിക്കാനായി ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയമാണ് ബിഎസ്എൻഎൽ പരിഷ്-കരണത്തിന്റെ വേഗത വർധിക്കാത്തതിനുകാരണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി ഡിസംബറോടെ മുടങ്ങിയതുമൂലം റേഷൻ വ്യാപാരികളുടെ വരുമാനത്തിൽ കുറവുണ്ടായി എന്നു പറയുന്ന മനോരമ പ്രധാനമന്ത്രീടെ ഗരീബ് കല്യാണം മുടക്കിയത് മോദി ഗവൺമെന്റാണെന്ന് പറയാൻ പോലും മടിക്കുന്നു. റേഷൻ കടകൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നു വിലപിക്കുന്ന മനോരമ 2016നു മുൻപ് കേരളത്തിലെ റേഷൻകടകൾ മാറാലകെട്ടിക്കിടക്കുകയായിരുന്നുവെ ന്നതും 2013ലെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ വേണ്ട നടപടികളൊന്നും ഉമ്മൻചാണ്ടി സർക്കാർ അതേവരെ ചെയ്-തിരുന്നിലല്ലയെന്നതും വായനക്കാരെ ഓർമിപ്പിക്കാൻ തയ്യാറല്ല. മാത്രമോ? ഇലക്ട്രോണിക് സംവിധാനത്തിലുണ്ടാകുന്ന തകരാറിനപ്പുറം ഇന്ത്യയിൽ ഏറ്റവും മികച്ച പൊതുവിതരണ സംവിധാനം കേരളത്തിലാണുള്ളതെന്നു പറയാൻ പോലും മടിക്കുന്നു. അതാണ് അവരെ നയിക്കുന്ന രാഷ്ട്രീയമായ അന്ധത.

ഇതേ ദിവസം (മാർച്ച് 29) മനോരമയുടെ 8–ാംപേജിലെയും 11–ാം പേജിലെയും വാർത്തകളും മനോരമയുടെ അന്ധതയിലേക്ക് വിരൽചൂണ്ടുന്നു. 8–ാം പേജിലെ ഒരിനം ‘‘കെടിയു വിസി: ഗവർണർ സർക്കാരിനു വഴങ്ങി’’ എന്നതാണ്. ഇതെഴുതുന്ന മനോരമ, ഇതേ വരെ ഗവർണർ ഇക്കാര്യത്തിലെടുത്ത നിലപാടുകൾ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കേരള ഹെെക്കോടതി തീർപ്പാക്കിയതിനെ തുടർന്നാണ് ഇത്തരമൊരു ചുവടുമാറ്റത്തിന് തയ്യാറാകാൻ ഗവർണർ നിർബന്ധിതനായതെന്ന് ഓർക്കുന്നില്ല. കാരണം ഗവർണറുടെ നിയമവിരുദ്ധ നടപടിക്ക് ചൂട്ടുപിടിച്ച് തുള്ളുകയായിരുന്നല്ലോ മനോരമയും! 11–ാം പേജിലെ ഒരിനവും ഇതിന്റെ ചുവടുപിടിച്ചാണ്– ‘‘വിസി നിയമനം: വ്യക്തത തേടി രാജ്ഭവൻ യുജിസിക്ക് കത്തെഴുതി’’. ഹെെക്കോടതി വിധി വന്നശേഷം പിടിവള്ളി തേടുകയാണ് ഗവർണറും മനോരമയും. ഹെെക്കോടതിക്കുമേലല്ല യുജിസി എന്ന് മനോരമ ഓർക്കുന്നത് നന്ന് !

29ന്റെ മനോരമയുടെ 8–ാം പേജിൽ തന്നെ മറ്റൊരിനം കൂടി നോക്കൂ: ‘‘ചർച്ചകളിലേക്ക് സിപിഎം: രാഹുൽ പിന്തുണ കടമ്പ.’’ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മോദി സർക്കാർ നടപടി സിപിഐ എമ്മിനെ ആകെ കുഴപ്പത്തിലാക്കിയിരിക്കയാണെന്നാണ് മനോരമയുടെ വ്യാഖ്യാനം! രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസിനെക്കാൾ മുന്നേ സിപിഐ എം പ്രതിഷേധത്തിനിറങ്ങിയതാണ് മനോരമയെ കുഴപ്പിച്ചത്. ഡൽഹി സിംഹാസനത്തിലിരിക്കുന്ന സംഘപരിവാറുകാരുടെ ഇഷ്ടത്തിനു താളംപിടിക്കുകയല്ല സിപിഐ എം നിലപാടെന്നും കോൺഗ്രസ്സിൽനിന്നു വ്യത്യസ്തമായി, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ വിട്ടുവീഴ്-ചയില്ലാതെ നിലപാടെടുക്കുകയാണ് സിപിഐ എമ്മെന്നും മനോരമയ്-ക്കറിയാത്തതല്ല. രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ആദായനികുതിക്കാരെയും ഇഡിയെയും സിബിഐയെയും മറ്റും ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഉറച്ച നിലപാടെടുത്ത പാർട്ടിയാണ് സിപിഐ എം. കോൺഗ്രസിനെതിരെ മാത്രമല്ല, ആപ്പിനും തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിനും മറ്റുമെല്ലാം എതിരെ കേന്ദ്രം നടപടിയെടുക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന പാർട്ടിയാണ് സിപിഐ എം. എന്നാൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിൽ കോൺഗ്രസും മനോരമയും. ഒട്ടകപ്പക്ഷിയാവുകയാണുണ്ടായത്. കോൺഗ്രസാകട്ടെ, കേരളത്തിലെന്നപോലെ ഡൽഹിയിലും തെലങ്കാനയിലും കേന്ദ്രത്തിന്റെ വേട്ടയാടലിന് ഒത്താശ ചെയ്യുകയാണ്. അതൊന്നും മനോരമ മറക്കണ്ട.

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെയെല്ലാം വല്ലാതെ പ്രതിസന്ധിയിലാക്കിയതായിരുന്നു ലോകായുക്ത ദുരിതാശ്വാസനിധിക്കേസിൽ എടുത്ത നിലപാട്. ഫുൾബെഞ്ച് പരിശോധിക്കുമെന്ന നിലപാടിനു പകരം മുഖ്യമന്ത്രിയെ ദുരിതാശ്വാസനിധിക്കാര്യത്തിലെ മന്ത്രിസഭാ തീരുമാനത്തിന്റെ പേരിൽ തൂക്കിലേറ്റുമെന്ന് പ്രതീക്ഷിക്കുകയോ ആശിക്കുകയോ ചെയ്-ത മനോരമാദികളെ ലോകായുക്തയുടെ തീരുമാനം നട്ടുപോയ അണ്ണാന്റെ സ്ഥിതിയിലെത്തിക്കുകയാണുണ്ടായത്. അതുകൊണ്ട് ഇതേവരെ ലോകായുക്തയുടെ പരിപാവനതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന മുഖ്യധാരക്കാർ പെട്ടെന്ന് പ്ലേറ്റുമാറ്റി ലോകായുക്തക്കെതിരെ പള്ളു പറച്ചിലുമായി രംഗത്തുവരുന്നതാണ് കണ്ടത്. എന്നാൽ പാടെ നിരാശരാകേണ്ട. ഫുൾബെഞ്ചിൽ നിന്നും തങ്ങൾക്ക് ഹിതകരമായ വിധിയുണ്ടാകാമെന്ന് വലതുപക്ഷത്തിനു പ്രതീക്ഷ നൽകുകയാണ് രണ്ടാം തീയതിയിലെ മനോരമ– ‘‘ദുരിതാശ്വാസനിധി ദുർവിനിയോഗം അന്നും ഇന്നും ഫുൾബെഞ്ച്’’ എന്ന സ്റ്റോറിയിൽ. മുട്ടനാടിന്റെ പിന്നാലെ പായുന്ന കുറുനരിയെയാണ് ഇവിടെ മനോരമ നമ്മെ ഓർമിപ്പിക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + one =

Most Popular