Saturday, November 23, 2024

ad

Homeലേഖനങ്ങൾവർഗീയ കോർപറേറ്റ് സഖ്യത്തിന്റെ വളർച്ച

വർഗീയ കോർപറേറ്റ് സഖ്യത്തിന്റെ വളർച്ച

കെ എ വേണുഗോപാലൻ

രുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ അതേ വരെയുള്ള കോൺഗ്രസ്സുകളിൽ ഒന്നും കാണാത്ത ഒരു പ്രയോഗമുണ്ട്. അത് ഇങ്ങനെയാണ് “2.23 വർഗീയ കോർപ്പറേറ്റ് അവിശുദ്ധ സഖ്യം.” ഇതിൽ വർഗീയ എന്ന പ്രയോഗം ആർഎസ്എസിന്റെ ഹിന്ദുത്വവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വ കോർപ്പറേറ്റ് അവിശുദ്ധസഖ്യം എന്നും പറയാവുന്നതാണ്. മേൽപ്പറഞ്ഞ പ്രയോഗത്തിന് കീഴെ അതിന്റെ വിശദാംശങ്ങൾ കൊടുത്തിട്ടുണ്ട്. “മോദി വർഷങ്ങളുടെ എടുത്തു പറയേണ്ട സവിശേഷത വൻ വ്യവസായികളിൽ,തെരഞ്ഞെടുക്കപ്പെട്ട ചിലരും ഭരണകൂടവും ആയുള്ള ഒത്തുകളിയാണ്. ഇതിന്റെ ഫലമായി വരുമാനത്തിന്റെ ആസൂത്രിതമായ കൈമാറ്റം ഈ കൂട്ടത്തിൽ ഉന്നതങ്ങളിലെ ചിലർക്ക് ലഭിച്ചു. ഇക്കണോമിസ്റ്റ് പറയുന്നത് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 2016 നും 2020 നും ഇടയിൽ 350 ശതമാനം കണ്ടു ഉയർന്നു; ഗൗതം അദാനിയുടെത് ഇതേ കാലയളവിൽ 750 ശതമാനം കണ്ടും 2020‐21 ൽ മുകേഷ് അംബാനിയുടെ മൊത്തം മൂല്യം 7.18 ലക്ഷം കോടി രൂപയായും ഉയർന്നു. ഗൗതം അദാനിയുടെത് 5.06 ലക്ഷം കോടി രൂപയും,മറ്റ് അതിസമ്പന്ന വ്യക്തികളും കുടുംബങ്ങളും അവർ കൈവശം വയ്ക്കുന്ന സമ്പത്തിൽ അതിവേഗത്തിലുള്ള വർദ്ധനവും കണ്ടു. ഓക്സഫാം റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ സമ്പത്തിന്റെ 57 ശതമാനം ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള 10 പേരുടെ കൈവശമാണ് ഉള്ളത്. അതേസമയം ജനങ്ങളിൽ താഴെ തട്ടിലുള്ള പകുതിപേരുടെ കയ്യിൽ 13 ശതമാനം മാത്രമേയുള്ളൂ.’ അദാനിയുടെ തുടർന്നുള്ള വളർച്ചയും തളർച്ചയും ഒക്കെ നമ്മൾ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്.

സഖ്യം അത് വിശുദ്ധസഖ്യമായാലും അവിശുദ്ധ സഖ്യമായാലും അതിന്റെ ഭാഗമായി പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ നടക്കും. എല്ലാ പ്രവർത്തനങ്ങൾക്കും തത്തുല്യമായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടായിരിക്കും എന്നാണല്ലോ പ്രപഞ്ച നിയമം തന്നെ. അത് എന്തൊക്കെ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ അവിശുദ്ധ സഖ്യം രൂപപ്പെട്ടതിന്റെ പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക അടിത്തറയെന്ത്? അത് സാംസ്കാരിക മേൽക്കൂരയിൽ വരുത്തിയ മാറ്റങ്ങളെന്ത്? ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഹിന്ദുത്വ കാഴ്ചപ്പാടിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ? ഇതൊക്കെ വിശകലനം ചെയ്തു കൊണ്ട് മാത്രമേ ഇടതുപക്ഷ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവു.

ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ ദേശീയത എങ്ങനെയാണ് നവലിബറൽ കാലത്തെ മുതലാളിത്തവളർച്ചയുമായും ദേശീയതാ സങ്കല്പനവുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പരിശോധിക്കാം. വ്യത്യസ്ത രാജ്യങ്ങളിൽ ദേശീയത വളർന്നുവന്നത് വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലാണ്. ബൂർഷ്വാ ദേശീയതയുടെ പൊതുവായ സവിശേഷത “രാഷ്ട്രം’ എന്ന സങ്കല്പനത്തെ അവർ ജനങ്ങളിൽ നിന്ന് വ്യത്യസ്തവും അവരുടെ തലയ്ക്കു മുകളിൽ നിൽക്കുന്നതുമായ ഒന്നായി അവതരിപ്പിക്കുന്നു എന്നതാണ്. രാഷ്ട്രത്തിന്റെ നിലനിൽപ്പിനുവേണ്ടി ത്യാഗം ചെയ്യേണ്ടവരാണ് ജനങ്ങൾ എന്നതാണ് അവരുടെ ദേശീയ സങ്കല്പ്പനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ജനങ്ങൾക്കുവേണ്ടി രാഷ്ട്രം എന്നല്ല രാഷ്ട്രത്തിനു വേണ്ടി ജനങ്ങൾ എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കലോ ജീവിത നിലവാരം ഉയർത്തലോ അല്ല രാഷ്ട്രത്തിന്റെ അന്തസ്സ് ഉയർത്തലാണ് പ്രധാനം എന്നതാണ് ബൂർഷ്വാ ദേശീയതയുടെ പൊതുവായ നിലപാട്. യൂറോപ്പിൽ ദേശരാഷ്ട്രങ്ങൾ നിലവിൽ വരുന്നത് വിഖ്യാതമായ വെസ്റ്റ് ഫാലിയൻ സമാധാന കരാറുകളുടെ അടിസ്ഥാനത്തിലാണ്. ഇത് അന്നത്തെ വ്യാപാര മുതലാളിത്ത വ്യവസ്ഥയുടെ സമ്പത്ത് സംബന്ധിച്ച കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് രൂപം കൊണ്ടത്. ഒരു രാജ്യം കൈവശം വെച്ചിരിക്കുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാനത്തിലാണ് വ്യാപാര മുതലാളിത്തം രാഷ്ട്രത്തിന്റെ സമ്പത്തിനെ വിലയിരുത്തിയിരുന്നത്. അതുകൊണ്ടുതന്നെ അന്നത്തെ മുതലാളിത്ത രാജ്യങ്ങൾ എങ്ങനെയും സ്വർണവും വെള്ളിയും സമ്പാദിക്കുക എന്നതിനാണ് ഊന്നൽ നൽകിയിരുന്നത്. നേരിട്ട് കൊള്ളയടിച്ചോ, തട്ടിപ്പറിച്ചോ, അടിമകളെ വെച്ച് അന്യരാജ്യങ്ങളിൽ നിന്ന് സ്വർണ ഖനനം നടത്തിയോ, കോളനി രാജ്യങ്ങളിൽ നിന്നുള്ള വിലമതിക്കാനാവാത്ത അസംസ്കൃത വസ്തുക്കൾ മറിച്ചു വിറ്റ് സ്വർണ്ണം നേടിയെടുത്തോ ഒക്കെ രാജ്യത്തിന്റെ സമ്പത്ത് വർധിപ്പിക്കുക എന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടങ്ങളെ കൊണ്ട് സാധാരണ ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടായിരുന്നില്ല. എന്നാൽ സ്വർണ്ണത്തിന്റെ കടന്ന് വരവ് പല രാജ്യങ്ങളിലെയും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം തകരുന്നതിന് ഇടയാക്കി. സ്പാനിഷ് രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് സ്വർണ്ണം കടന്നുവന്നത് ബ്രിട്ടനിലും ഹോളണ്ടിലും ഒക്കെ വിലക്കയറ്റം വർദ്ധിക്കുന്നതിന് ഇടയാക്കി. സ്ഥിര വരുമാനക്കാരായ തൊഴിലാളികളുടെ ജീവിത നിലവാരം തകരുന്നതിലേക്ക് ഇത് നയിച്ചു. ഇത് ഈ രാഷ്ട്രങ്ങളിൽ വ്യവസായ മുതലാളിത്തത്തിന്റെ വളർച്ചയിലേക്ക് നയിച്ചു എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ കെയിൻസിന്റെ കണ്ടുപിടുത്തം.

എന്നാൽ വ്യാപാര മുതലാളിത്തത്തിൽ മുതലാളിത്ത വളർച്ച ഒതുങ്ങി നിന്നില്ല.അത് വ്യവസായ മുതലാളിത്ത ഘട്ടത്തിലേക്ക് വളർന്നു. വ്യവസായ മുതലാളിത്ത കാലത്തെ രാഷ്ട്രത്തിന്റെ സമ്പത്തിനെക്കുറിച്ച് വിശകലനം ചെയ്തത് ആഡം സ്മിത്താണ്. ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് എന്ന് പറയുന്നത് ആ രാജ്യത്തിന്റെ കൈവശമുള്ള സ്വർണ്ണവും വെള്ളിയും അല്ല മറിച്ച് മൂലധനശേഖരമാണ് എന്നാണ് അദ്ദേഹം തിരുത്തിയത്. അതുകൊണ്ട് മൂലധന സഞ്ചയത്തിനുള്ള എല്ലാ തടസ്സങ്ങളെയും ഇല്ലാതാക്കുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ അദ്ദേഹവും മൂലധനം സൃഷ്ടിക്കുന്ന, അധ്വാന ശക്തിയായ, തൊഴിലാളി വർഗ്ഗത്തിന്റെ ക്ഷേമത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് പറയുകയുണ്ടായില്ല. ചുരുക്കിപ്പറഞ്ഞാൽ ദേശവാസികളായ ജനങ്ങളേക്കാൾ ഉയർന്ന തലത്തിൽ നിൽക്കുന്ന ഒന്നായാണ് രാഷ്ട്രത്തെ വ്യാപാര മുതലാളിത്തവും പിന്നീടു വന്ന വ്യവസായ മുതലാളിത്തവുമൊക്കെ കണ്ടത്.

പിന്നീട് വ്യവസായ മൂലധനം ധന മൂലധന ഘട്ടത്തിലേക്ക് വളർന്നു. ലെനിന്റെ കാലത്ത് ആസ്ട്രിയൻ മാർക്സിസ്റ്റായ റുഡോൾഫ് ഹിൽഫെർഡിങ്ങാണ് ധന മൂലധനം എന്ന പുസ്തകം എഴുതിയത്. അതിലെ കുറവുകൾ നികത്തിക്കൊണ്ടാണ് ലെനിൻ സാമ്രാജ്യത്വം : മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന വിഖ്യാത ഗ്രന്ഥം രചിക്കുന്നത്. അതിൽ ദേശീയത എന്ന ആശയത്തെ ധനമൂലധനത്തിന്റെ പ്രത്യയ ശാസ്ത്രമെന്ന നിലയിൽ പ്രകീർത്തിക്കുന്നതായി ലെനിൻ പറയുന്നുണ്ട്. വ്യവസായ മൂലധനവും ബാങ്കിംഗ് മൂലധനവും തമ്മിൽ ലയിച്ചു ചേർന്നതിന്റെ ഭാഗമായി രൂപപ്പെട്ട ധന മൂലധന പ്രഭുക്കൾ നയിക്കുന്ന സാമ്രാജ്യത്വരാജ്യങ്ങൾ ലോകം വെട്ടിപ്പിടിക്കുന്നതിന് വേണ്ടി പരസ്പരം പോരടിക്കുകയും അതത് രാജ്യങ്ങളിലെ തൊഴിലാളി വർഗത്തോട് എതിർ രാജ്യങ്ങളിലെ തൊഴിലാളി വർഗത്തെ കൊന്നൊടുക്കാൻ ആഹ്വാനം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും തൊഴിലാളി വർഗത്തിന്റെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല. ധനമൂലധന ശക്തികളും വ്യാപാര മുതലാളിത്തത്തെയും വ്യവസായ മുതലാളിത്തത്തെയും പോലെ ജനങ്ങൾക്കുപരിയായ ഒന്നായാണ് രാഷ്ട്രത്തെ കണ്ടത്.

വികസിത മുതലാളിത്ത രാജ്യങ്ങളിലെങ്കിലും ദേശീയത ഈയടുത്തകാലത്തായി ഒന്ന് പിൻവാങ്ങി നിൽക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ രൂപീകരണമൊക്കെ അതാണ് സൂചിപ്പിക്കുന്നത്. ധനമൂലധനം അന്താരാഷ്ട്രവൽക്കരണത്തിന് അല്ലെങ്കിൽ ആഗോളവൽക്കരണത്തിന് വിധേയമായതാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണം. മുതലാളിത്തത്തിന്റെ എല്ലാ ഘട്ടങ്ങളും രാഷ്ട്രം എന്നതിനെ ദൈവീകമാക്കി ഉയർത്തിക്കാണിക്കുന്നതിന് ഈ പിൻവാങ്ങൽ കൊണ്ട് ഒരു കുറവും വന്നിട്ടില്ല. അതിന് കാരണം തൊഴിലാളി വർഗത്തിന്റെ താല്പര്യ സംരക്ഷണവുമായി യോജിച്ചു പോകാൻ മുതലാളിത്തത്തിന്റെ വർഗ താല്പര്യം അനുവദിക്കില്ല എന്നതു തന്നെയാണ്. സ്വാതന്ത്ര്യ സമര കാലത്തെ സാമ്രാജ്യത്വ വിരുദ്ധ ദേശീയതാബോധത്തിൽ നിന്ന് ഹിന്ദുത്വ ദേശീയത ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് പ്രിയങ്കരമാവുന്നത് എന്തുകൊണ്ട് എന്ന് പരിശോധിക്കാം. കോളനി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ദേശീയത വളർന്നു വരുന്നത്. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങളിൽ വളർന്നു വന്ന ദേശീയതയിൽ നിന്ന് അത് വ്യത്യസ്തവുമാണ്. ഇന്ത്യയിൽ സാമ്രാജ്യത്വ വിരുദ്ധതയുടെ സാമ്പത്തിക അടിത്തറയായി പ്രവർത്തിച്ചത് സാമ്രാജ്യത്വം നടത്തിയ സാമ്പത്തിക ചൂഷണം തന്നെയായിരുന്നു. രാജ്യത്തെ എങ്ങനെയാണ് ബ്രിട്ടീഷുകാർ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ജനങ്ങളെ പഠിപ്പിക്കാൻ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം തയ്യാറായി. ദാദാഭായ് നവ് റോജിയാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ നടത്തുന്ന സാമ്പത്തിക ചോർച്ചയും അപ വ്യവസായ വത്കരണവുമൊക്കെ രാഷ്ട്രീയരംഗത്ത് ചർച്ചയായി. കർഷകരും തൊഴിലാളികളും സാധാരണക്കാരുമൊക്കെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവാൻ തുടങ്ങി. സ്വാതന്ത്ര്യ സമരം ഒരു ബഹുവർഗ പോരാട്ടമായി മാറി. 1930 കളിൽ സംഭവിച്ച മഹാമാന്ദ്യത്തിനിരയായവരൊക്കെ പോരാട്ട പാതയിൽ അണിനിരക്കാൻ തുടങ്ങി. ദേശീയ വിമോചന പോരാട്ടം എന്നതിന് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ടേ മുന്നോട്ടു നീങ്ങാനാവൂ എന്ന സ്ഥിതിയുണ്ടായി. ദേശീയത എന്നത് ജനങ്ങളിൽ നിന്ന് ഉയർന്നു നിലക്കുന്ന ഒരു പ്രതിഭാസമല്ല മറിച്ച് ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന ഒന്നാണ് എന്ന മാറ്റം ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം സൃഷ്ടിച്ചു. എല്ലാവരേയും ഉൾക്കൊള്ളുന്ന ഒന്നായി ഇന്ത്യൻ ദേശീയത മാറുന്നത് അങ്ങനെയാണ്. സ്വന്തം സഹജീവികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും ഒപ്പം ലോകമെമ്പാടും നടക്കുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതുമായ ഒന്നായി ഇന്ത്യൻ ദേശീയത അതോടെ മാറി. ഈ ജനവിഭാഗങ്ങളെയാകെ ഒരു സാമൂഹിക കരാറിന്റെ അടിസ്ഥാനത്തിൽ ബന്ധിപ്പിക്കാൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം നിർബ്ബന്ധിതമായി.

1931 ൽ എ ഐ സി സി അംഗീകരിച്ച കറാച്ചി കോൺഗ്രസ് പ്രമേയം അത്തരത്തിലുള്ള ഒരു സാമൂഹിക കരാറാണ്. സാർവ്വത്രികമായ പ്രായപൂർത്തി വോട്ടവകാശം, ലിംഗം, ജാതി, വർഗം, വംശം എന്നിവയ്ക്ക് അതീതമായ നിയമത്തിന് മുമ്പിലെ തുല്യത, മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തൽ, ഒരു കൂട്ടം മൗലികാ വകാശങ്ങൾ, എല്ലാ ഇന്ത്യക്കാർക്കും മിനിമം ജീവിത നിലവാരം ഉറപ്പാക്കൽ, സൗജന്യവും നിർബ്ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം, വധശിക്ഷ ഒഴിവാക്കൽ എന്നിവയാണ് കറാച്ചി പ്രമേയത്തിൽ ഊന്നൽ നൽകിയിരുന്ന ജനകീയ വിഷയങ്ങൾ. 1937 ലെ തെരഞ്ഞെടുപ്പിൽ ഭൂപരിഷ്കരണം പ്രധാനപ്പെട്ട മറ്റൊരു മുദ്രാവാക്യമായി കോൺഗ്രസ് മുന്നോട്ടുവെച്ചു. വിവിധ വിഭാഗം ജനങ്ങളെ ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അണിനിരത്താൻ ഈ മുദ്രാവാക്യങ്ങൾ സഹായകമായി. ഇതൊക്കെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വാ‐ഭൂപ്രഭുവർഗങ്ങളുടെ മുദ്രാവാക്യമായിരുന്നില്ല മറിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ബഹു വർഗ സ്വഭാവമുള്ള ജനതയെ ആകെ പ്രതിനിധീകരിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു. ഈ യോജിച്ച പോരാട്ടത്തിലൂടെയാണ് ഇന്ത്യ എന്ന സങ്കൽപനം ഉയർന്നുവരുന്നത്. അതിന്റെ ചാലക ശക്തി സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു. അത് ജനങ്ങളിൽ നിന്ന് വിട്ട് ഉപരിതലത്തിൽ പ്രവർത്തിക്കുന്ന ദേശീയതയായിരുന്നില്ല മറിച്ച് ജനപക്ഷത്തു നിൽക്കുന്ന ദേശീയതയായിരുന്നു.

എന്നാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ശക്തിപ്പെട്ട മുതലാളിത്ത വളർച്ച ഈ ജനപക്ഷ ദേശീയതയെ പടിപടിയായി തകർക്കുകയും ജനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന, ജനങ്ങളെ രാഷ്ട്രത്തിന് കീഴ്പ്പെടുത്തുന്ന, ദേശീയതക്ക് വളരാൻ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചു എന്ന് നോക്കാം. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം, ഔപചാരികമായെങ്കിലും നിയമത്തിന് മുന്നിൽ തുല്യത, ഭരണകൂടത്തിന് മതമില്ലാതിരിക്കൽ , ഒരു കൂട്ടം മാലികാവകാശങ്ങൾ, എന്നിവയൊക്കെ ഭരണഘടനയാൽ അംഗീകരിക്കപ്പെട്ടു. എന്നാൽ ഭൂപരിഷ്കരണം പോലുള്ളവ നിരസിക്കപ്പെട്ടു. ഭൂപ്രഭുക്കളുടെ ഉള്ളടക്കത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചെങ്കിലും ഭൂപ്രഭുത്വം അവസാനിച്ചില്ല. നാടുവാഴി ഭൂപ്രഭുത്വം മുതലാളിത്ത ഭൂപ്രഭുത്വമായി മാറുന്ന സ്ഥിതിയുണ്ടായി. ഇത് കാർഷികരംഗത്തും മുതലാളിത്തം വളരുന്നതിലേക്ക് നയിച്ചു.

ഭരണഘടനയിൽ പൗരരൊക്കെ തുല്യരായാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും മുതലാളിത്ത വളർച്ച വൻതോതിൽ അസമത്വം വർധിപ്പിച്ചു. എന്നാൽ സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന ഭരണാധികാരികൾ ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത് ശക്തമായ ഭരണകൂട നിയന്ത്രണത്തിലൂടെ ഈ അസമത്വം ഇല്ലാതാക്കാനാവും എന്നായിരുന്നു. എന്നാൽ ഈ വാഗ്ദാനം അസ്ഥാനത്താണെന്ന് തെളിയിക്കപ്പെട്ടു. 1960ൽ പ്രധാനമന്ത്രി നെഹ്റു തന്നെ മഹലാനോബിസ് കമ്മിറ്റി രൂപീകരിച്ച് ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് രാജ്യം ഇറക്കുമതി ബദൽ സാമ്പത്തികനയത്തിൽ നിന്ന് കയറ്റുമതി അധിഷ്ഠിത സാമ്പത്തിക നയത്തിലേക്ക് മാറി. ഈ നയം നടപ്പാക്കുന്നതിന് വിദേശ നാണയ ലഭ്യത ആവശ്യമായിരുന്നു. ഗവൺമെന്റ് അന്താരാഷ്ട്ര നാണയനിധിയിൽ നിന്നും ലോക ബാങ്കിൽ നിന്നുമൊക്കെ വൻതോതിൽ കടം വാങ്ങാനാരംഭിച്ചു. അവസാനം അവരുടെ നിർദ്ദേശത്തിന് വഴങ്ങാൻ നിർബന്ധിതമായി. അങ്ങനെയാണ് ഇന്ത്യയിൽ നവ ലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചത്. ഇതോടെ ഇന്ത്യൻ മുതലാളിത്തം സടകുടഞ്ഞെഴുന്നേറ്റു. ചെറുകിട ഉല്പാദകരും ചെറുകിട കർഷകരുമൊക്കെ വൻതോതിൽ ചൂഷണം ചെയ്യപ്പെട്ടു. കർഷക ആത്മഹത്യകൾ സർവ്വസാധാരണമായി. വിദ്യാഭ്യാസ ‐ ആരോഗ്യ മേഖലകൾ വൻതോതിൽ സ്വകാര്യവത്കരിക്കപ്പെട്ടു. മുതലാളിമാർക്കെതിരായി ഉണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കപ്പെട്ടു.

എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയത എന്ന സ്വാതന്ത്ര്യ സമര കാലത്തെ സങ്കല്പനം അതുവരെ പേരിനെങ്കിലും നിലവിലുണ്ടായിരുന്നെങ്കിൽ നവ ലിബറിൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ അത് പൂർണ്ണമായും ഇല്ലാതാവുകയും ജനങ്ങൾക്ക് മുകളിൽ നിൽക്കുന്ന രാഷ്ട്രം എന്ന ബൂർഷ്വാ ദേശീയ സങ്കല്പനം പടിപടിയായി പകരം വെക്കപ്പെടുകയും ചെയ്തു. ജി ഡി പി നിരക്കിലുണ്ടാവുന്ന വളർച്ച രാജ്യത്തെ ജനങ്ങളുടെയാകെ ക്ഷേമം വർധിപ്പിക്കുമെന്ന് കൊട്ടിഘോഷിക്കപ്പെട്ടു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതത്തിൽ നവലിബറൽ നയങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്ത് എന്ന് പരിശോധിക്കുവാൻ പോലും ഭരണകൂടം തയ്യാറായില്ല. ഇന്ത്യ സാമ്പത്തിക രംഗത്ത് ഒരു വൻശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു. തൊഴിലാളികളും കർഷകരും സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നത് ഈ ലക്ഷ്യത്തെ തകർക്കാനാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഭരണകക്ഷിയെ വിമർശിക്കുന്നവർ ഇന്ത്യയെ ഈ ലക്ഷ്യത്തിലെത്തിക്കുന്നതിനെ തടയാനാണ് ശ്രമിക്കുന്നത് എന്നും വ്യാഖ്യാനിക്കപ്പെട്ടു.

ഫലത്തിൽ എല്ലാവരേയും ഉൾക്കൊണ്ടിരുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ സന്തതിയായ ദേശീയത രാഷ്ട്രത്തെ ജനങ്ങളുടെ തലയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കുന്ന ബൂർഷ്വാ ദേശീയതയാൽ പകരം വെക്കപ്പെടുന്ന പ്രക്രിയയാണ് പിന്നീട് നടന്നത്. ഇന്ത്യയിലെ ഭരണാധികാരിവർഗത്തെ നയിക്കുന്ന വൻകിട ബൂർഷ്വാസി ഇതിനിടയിൽ കൂടുതൽ കൂടുതൽ അന്താരാഷ്ട്ര വത്കരണത്തിന് വിധേയമായിക്കഴിഞ്ഞിരുന്നു. അവർക്ക് സാമ്രാജ്യത്വ വിരുദ്ധത അനാവശ്യമായ ഒരു മുദ്രാവാക്യമായി അതിനകം മാറിക്കഴിഞ്ഞിരുന്നു. ആഗോളവത്കരിക്കപ്പെട്ട ബൂർഷ്വാസി എന്തിന് ദേശീയത ഉയർത്തിപ്പിടിക്കണം എന്ന ചോദ്യം ഈ ഘട്ടത്തിൽ ഉയർന്നു വരിക സ്വാഭാവികമാണ്. ലോകത്തിലെ വികസിത മുതലാളിത്ത രാജ്യങ്ങൾ സങ്കുചിത ദേശീയത ഉപേക്ഷിക്കുകയും വിശാലസഖ്യങ്ങൾ രൂപീകരിക്കുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മറിച്ച് സംഭവിക്കുന്നു ? ഹിന്ദുത്വ ശക്തികൾ ചെയ്യുന്നത് ദേശീയതയെ, ഭാരത മാതാവിനെ, ഒരു അതിഭൗതിക ശക്തിയായി അവതരിപ്പിക്കലാണ്. ഇത് ആഗോളവത്കരണത്തിനോ സാമ്രാജ്യത്വത്തിനോ എതിരല്ല. മറിച്ച് അതിന് അനുകൂലമാണ്. ആഗോളവത്കരണത്തെ അനുകൂലിക്കുന്ന ശക്തികളാണ് ഈ കാഴ്ചപ്പാടവതരിപ്പിക്കുന്നത്. അവർ മുൻപ് ഉയർത്തിപ്പിടിച്ചിരുന്ന ഹിന്ദുത്വം, കോർപ്പറേറ്റ് ഹിന്ദുത്വമായി മാറുന്ന പ്രക്രിയയാണിതിലൂടെ നടക്കുന്നത്.

കോർപറേറ്റ് ‐ ഹിന്ദുത്വ അവിശുദ്ധ സഖ്യം രൂപപ്പെടുന്നതിന് ഇടയാക്കുന്ന പൊതുവായ ചില ഘടകങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിലനില്ക്കുന്നുണ്ട്. ഹിന്ദു വർഗീയ വാദികൾ തുടക്കം മുതൽ സാമ്രാജ്യത്വാനുകൂല സമീപനമാണെടുത്തു വന്നിരുന്നത്. അതുകൊണ്ടാണ് അവർ സ്വാതന്ത്ര്യസമരത്തിൽ തന്നെ പങ്കെടുക്കാതിരുന്നത്. ഇന്ന് ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ അന്താരാഷ്ട്ര ധന മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്നതാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക നയത്തിലെ സാമ്രാജ്യത്വ വിരുദ്ധത അപ്രസക്തമായിരിക്കുന്നു. എന്നാൽ അതിഭൗതികമായ ഒരു രാഷ്ട്ര മാതാ സങ്കല്പനവും അതിന് കീഴ്പ്പെട്ട ജനതതിയും എന്ന ഹിന്ദുത്വ ദേശീയതാ സങ്കല്പനം ഭരണവർഗത്തിനെതിരായി ഉയർന്നുവരുന്ന വർഗ സമരശക്തികളെ ശീഥിലീകരിക്കുന്നതിന് സഹായകമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിൽ നിന്ന് എന്താണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സവിശേഷത?

ഇന്ത്യ വലിയ ജനസംഖ്യയുള്ള ഒരു രാജ്യമാണ്. തൊഴിലില്ലായ്മ, താത്കാലിക തൊഴിലില്ലായ്മ, ഇടയ്ക്കിടെയുള്ള തൊഴിലില്ലായ്മ, ജീവിക്കാൻ ആവശ്യമായ ത്ര തൊഴിൽ ലഭിക്കായ്ക, പ്രച്ഛന്നമായ തൊഴിലില്ലായ്മ എന്നിവ അനുഭവിക്കേണ്ടി വരുന്നവരുടെ എണ്ണം ലോകത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയായിരിക്കും. സാർവ്വത്രികമായ പ്രായപൂർത്തി വോട്ടവകാശം അനുവദിക്കുന്ന ഒരു രാജ്യമെന്ന നിലയിൽ ഇത് ഭരണവർഗത്തെ ഭയപ്പെടുത്തുന്ന ഒരു വിഷയമാണ്. രാജ്യത്ത് ജിഡിപിയിൽ വലിയ വർധനവുണ്ടാവുകയും ഉല്പാദനം വർധിക്കുകയും ചെയ്താലും അത് തൊഴിൽ സാധ്യതകളിൽ കാര്യമായ വർദ്ധനവ് വരുത്തുന്നില്ല. ഇത് രാജ്യത്ത് ജനങ്ങൾക്കിടയിൽ അസമത്വം വർധിപ്പിക്കുന്നതിന് ഇടവരുത്തുന്നു. മാത്രവുമല്ല ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പിലാക്കുമ്പോൾ ചെറുകിട ഉല്പാദകർ ആണ് വൻതോതിൽ നശിപ്പിക്കപ്പെടുന്നത്. അവരുടെ വരുമാനവും ഓഹരി പങ്കാളിത്തവുമൊക്കെ വെട്ടിക്കുറക്കപ്പെടുന്നു.

ഈ വ്യത്യാസം ജനാധിപത്യ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നത് ഭരണവർഗ പാർട്ടികൾക്ക് പ്രയാസമുണ്ടാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ധനമൂലധന ശക്തികളെ നിയന്ത്രിക്കാൻ പുറപ്പെട്ടാൽ അന്തർദേശീയ ധനമൂലധന ശക്തികൾ ആ രാജ്യത്തു നിന്ന് മൂലധനം പിൻവലിച്ച് പിൻവാങ്ങുകയും രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയും ചെയ്യുന്നു. അതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭരണവർഗം ആഗോള ധന മൂലധന ശക്തികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെ നിൽക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരിക്കുന്ന ബൂർഷ്വാപാർട്ടികൾ അധികാരത്തിൽ വന്നാലും സമാന നയമാണ് അനുവർത്തിക്കുക. ജനാധിപത്യ വ്യവസ്ഥയിൽ നവലിബറൽ നയങ്ങളെ ഇങ്ങനെ പൊതിഞ്ഞു പിടിച്ച് രക്ഷപ്പെടുത്താൻ എല്ലായ്പോഴും കഴിഞ്ഞു കൊള്ളണമെന്നില്ല. ഈ ഭീഷണി മറികടക്കുന്നതിനാണ് കോർപ്പറേറ്റ് ശക്തികൾ വർഗീയതയുമായി സഖ്യത്തിലേർപ്പെടുന്നത്. വർഗീയമായി സംഘടിപ്പിക്കപ്പെടുന്ന ജനങ്ങളെ വർഗ താല്പര്യങ്ങളിൽ നിന്ന് മുക്തമാക്കി നിർത്താൻ കഴിയും. നവലിബറൽ നയങ്ങൾ ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്.

സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായാലും സാമ്പത്തിക അസമത്വം മാറ്റമില്ലാതെ തുടരും. ചെറുകിടക്കാരെ വൻകിടക്കാർ കൊള്ളയടിക്കുന്നതും തുടരും. ഇവ തുടരുക മാത്രമല്ല വർധിക്കുകയും ചെയ്യും. തൊഴിലില്ലായ്മയും പ്രതിസന്ധി കാലത്ത് വർധിക്കും. നവലിബറൽ നയങ്ങളെ പിന്തുണച്ചു വരുന്ന മധ്യവർഗവും ഐടി ‐ അനുബന്ധ മേഖലകളിൽ തിരിച്ചടിയുണ്ടായാൽ സർക്കാരിനെതിരാവും. വർഗീയത ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കും എന്നത് ശരിയാണ്. പക്ഷെ അത് ഭരണവർഗത്തിനൊ അവരുടെ നയങ്ങൾക്കൊ എതിരായല്ല. അതുകൊണ്ടു തന്നെ നവ ലിബറൽ നയങ്ങൾ പ്രതിസന്ധി കാലത്തും എതിർപ്പില്ലാതെ നടപ്പിലാക്കാനാവും. കോർപ്പറേറ്റ് ‐ ഹിന്ദുത്വ സഖ്യം നിലവിൽ വന്നാൽ അവർ അതിഭൗതികമായ ദേശീയ സങ്കല്പനത്തെ കുറിച്ച് തീവ്രമായ പ്രചാരവേല അഴിച്ചു വിടുകയും ദേശീയത ജനങ്ങളിൽ നിന്ന് ഉയർന്നു നിൽക്കുന്ന ഒന്നാണെന്ന് വരുത്തി തീർത്ത് അതിന്റെ സംരക്ഷണത്തിനായി സാധാരണ ജനങ്ങൾ ജനാധിപത്യാവകാശങ്ങൾ പോലും ത്യജിച്ച് കൂടെ നിന്നെ പറ്റു എന്ന് ബോധവത്കരിക്കുകയും ചെയ്യും.

ഇത് കോർപറേറ്റ് ‐ഹിന്ദുത്വ അജണ്ടയാണ്. അതിഭൗതികമായ ഈ ദേശീയ സങ്കല്പനത്തിന് വേണ്ടത് ജിഡിപി നിരക്കിലെ വർധനവാണ് ; ജനക്ഷേമമല്ല. ഇത് കോർപറേറ്റ് മുതലാളിത്തത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ദേശീയത തന്നെ ദേശീയവും അന്തർദേശീയവുമായ കോർപ്പറേറ്റ് മൂലധന ശക്തികളുടെ പര്യായപദമായി മാറും. അദാനിയുടെ വളർച്ച ഇന്ത്യയുടെ വളർച്ചയായി കൊട്ടിഘോഷിക്കപ്പെട്ടതും അദ്ദേഹത്തിന്റെ തട്ടിപ്പുകൾ ചൂണ്ടിക്കാണിച്ച ഹിൻഡൻബർഗ് റിപ്പോർട്ട് ദേശദ്രോഹമായി ചിത്രീകരിക്കപ്പെട്ടതും അതുകൊണ്ടാണ്.

ഇത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നാവശ്യപ്പെടുന്ന ഹിന്ദുത്വവാദികൾക്കും താല്പര്യമുള്ള വിഷയമാണ്. എന്നാൽ ഹിന്ദു മതം ഒരു വിശുദ്ധ ഗ്രന്ഥത്തെയോ പ്രവാചകനെയോ അടിസ്ഥാനമാക്കിയിട്ടുള്ളതല്ല. ഏതാനും നൂറ്റാണ്ടുകൾ മുമ്പു വരെ അത് ഹിന്ദു മതവിഭാഗങ്ങൾ ആയാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഹിന്ദു രാഷ്ട്രം എന്നതിനർത്ഥം ഒരു മതാധിഷ്ഠിത രാഷ്ട്രം എന്നല്ല മറിച്ച് ഒരു സ്വേഛാധിപത്യ രാഷ്ട്രമാണ്. ആർ എസ് എസ് നിയോഗിക്കുന്ന വിരലിലെണ്ണാവുന്ന സമാന തല്പരരുടെ ഒരു കൂട്ടുകെട്ടാണതിൽ ഭരണം നടത്തുക.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയിൽ വളർന്നു വന്ന എല്ലാ ജനങ്ങളേയും ഉൾക്കൊള്ളുന്ന ദേശീയത ഹിന്ദുത്വവാദികൾക്ക് അന്നും ഇന്നും എതിർക്കപ്പെടേണ്ട ഒരു സങ്കല്പനമാണ്. ഇതിനെ ഇല്ലാതാക്കുകയും അതിഭൗതികവും സാധാരണ ജനങ്ങൾക്ക് മേൽ വ്യാപരിക്കുന്നതുമായ ഒരു ദേശീയത സങ്കല്പനം അവരുടെ രാഷ്ട്രീയ ഉന്നമനത്തിന് അത്യന്താപേക്ഷിതവുമാണ്. അതുകൊണ്ടു തന്നെ കോർപറേറ്റ് ശക്തികളുടെ യഥാർത്ഥ പ്രതിനിധിയായി വർത്തിക്കാൻ ഹിന്ദുത്വ ശക്തികൾക്ക് കഴിയുന്നു.

സ്വാതന്ത്ര്യ സമര കാലത്തും അതിന് ശേഷവും ഇന്ത്യ നേടിയെടുത്ത ജനാധിപത്യപരമായ നേട്ടങ്ങൾ ഇല്ലാതാക്കുന്ന ഒരു പ്രതിവിപ്ലവമാണ് ഹിന്ദുത്വശക്തികൾ ലക്ഷ്യം വെക്കുന്നത്. നവലിബറൽ നയങ്ങൾ സംരക്ഷിക്കലാണ് അവരുടെ ഉദ്ദേശ്യം. അതിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുമൊക്കെ തകർക്കപ്പെട്ടേക്കാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − two =

Most Popular