Saturday, April 20, 2024

ad

Homeപ്രക്ഷോഭംഏപ്രിൽ 5: മസ്ദൂർ കിസാൻ സംഘർഷ് റാലി

ഏപ്രിൽ 5: മസ്ദൂർ കിസാൻ സംഘർഷ് റാലി

വിജൂ കൃഷ്‌ണൻ

ഭരണവർഗ നയങ്ങൾക്കെതിരായ 
പോരാട്ടം

മുതലാളിത്തത്തിന്റെ ആഴമേറിയ വ്യവസ്‌ഥാപരമായ പ്രതിസന്ധി, മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധത്തിലുള്ള മഹാമാരി, ഒരു ദശകത്തിനിടയിലെ ആസന്നമായ രണ്ടാമത്തെ ആഗോള സാമ്പത്തിക മാന്ദ്യം (കഴിഞ്ഞ എട്ട്‌ പതിറ്റാണ്ടിനിടയിൽ ഉണ്ടായിട്ടില്ലാത്ത പ്രതിഭാസം) ഇവയെല്ലാം നവലിബറൽ മാതൃക അതിവേഗം കാടത്തത്തിലേക്ക് അധഃപതിക്കുകയാണെന്ന യാഥാർത്ഥ്യം നമുക്കുമുന്നിൽ തുറന്നുകാണിക്കുന്നു. ജനങ്ങളിൽ വലിയൊരു വിഭാഗം നേരിട്ടുകൊണ്ടിരിക്കുന്ന വർധിച്ചുവരുന്ന അസമത്വം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം, പട്ടിണി, രോഗം എന്നിവയ്‌ക്കുനേരെയുള്ള ഭരണ വർഗത്തിന്റെ നിസ്സംഗതയും അതേസമയം, നാശംവിതച്ച മഹാമാരിക്കാലത്തും ഒരു ചെറിയ വിഭാഗംവരുന്ന കോർപ്പറേറ്റ്‌ ശിങ്കിടികളുടെ ലാഭം പരമാവധിയാക്കുന്നതിനായുള്ള കടിഞ്ഞാണില്ലാത്ത നീക്കവും ഇതിനു ദൃഷ്‌ടാന്തമാണ്‌. മഹാമാരിയുടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ലോകത്തെ 99 ശതമാനം ജനങ്ങൾ സ്വരൂപിച്ച സ്വത്തിന്റെ രണ്ടിരട്ടിയോളമാണ്‌ ശേഷിക്കുന്ന ഒരു ശതമാനം വരുന്ന അതിസമ്പന്നർ കുന്നുകൂട്ടിയത്‌. ഇന്ത്യയിലെ ജനങ്ങൾ കടക്കെണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും പട്ടിണിയുംമൂലം നട്ടംതിരിയുമ്പോഴും ബിജെപി ഗവൺമെന്റിന്റെ ശിങ്കിടികൾ സ്വത്ത്‌ കുന്നുകൂട്ടുന്നത്‌ നാം കണ്ടതാണ്‌. ജനസംഖ്യയുടെ ഒരു ശതമാനം ഇന്ത്യയുടെ സമ്പത്തിന്റെ 40 ശതമാനവും കയ്യടക്കിയിരിക്കുന്നു.ഇന്ത്യയിലെ മൊത്തം ശതകോടീശ്വരരുടെ എണ്ണം 2021ൽ 102 ആയിരുന്നത്‌ 2022 ആയപ്പോൾ 166 ആയി ഉയർന്നു. നേരെമറിച്ച്‌, 23 കോടിയോളം വരുന്ന ജനങ്ങൾ –- ദരിദ്രരുടെ എണ്ണം സംബന്ധിച്ച ഈ കണക്ക് ലോകത്തിൽവച്ചേറ്റവും ഉയർന്നതാണ്‌ –- ദാരിദ്ര്യത്തിൽ കഴിയുകയാണ്‌. ലോക്‌ഡൗൺ കാലത്ത്‌ പി എം കെയേഴ്‌സിന്റെ പേരിൽ കോർപ്പറേറ്റ്‌ വർഗീയവാഴ്‌ച കോടികൾ സ്വരൂപിക്കുകയും രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിച്ചും പൊതുമേഖലാ സ്‌ഥാപനങ്ങൾ കൈക്കലാക്കിയും മറ്റും അവരുടെ ശിങ്കിടികൾ സ്വത്തു കുന്നുകൂട്ടുകയും ചെയ്തപ്പോൾ വലിയ തോതിൽ കുടിയേറ്റത്തൊഴിലാളികൾ പലായനം ചെയ്‌തതും, ഓക്‌സിജൻ ലഭിക്കാതിരുന്നതും മിനിമം ആരോഗ്യസംവിധാനങ്ങൾപോലും കിട്ടാതിരുന്നതുംമൂലം ശവശരീരങ്ങൾ ഗംഗയിലൊഴുകി നടന്നതും നവലിബറലിസം കാടത്തത്തിലേക്ക് അധ:പതിക്കുന്നതിന്റെ അങ്ങേയറ്റം നീചമായ പ്രകടനങ്ങളായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി ഗവൺമെന്റ്‌ അധികാരമേറ്റ ശേഷം കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം കർഷകർ, കർഷകത്തൊഴിലാളികൾ, ദിവസവേതനക്കാർ, തൊഴിൽരഹിതരായ ചെറുപ്പക്കാർ തുടങ്ങി, ദുരിതംമൂലം ആത്മഹത്യ ചെയ്‌തവർ നാല്‌ ലക്ഷത്തിലേറെയാണ്‌. കാർഷിക പ്രതിസന്ധി, കർഷക ജനസാമാന്യത്തിന്റെ ദാരിദ്ര്യവൽക്കരണത്തിലേക്കും കുടിയിറക്കലിലേക്കും അപകടകരമായ സാഹചര്യം സൃഷ്‌ടിക്കുന്നതിലേക്കും നയിച്ചു. ഈ ശോചനീയമായ അവസ്‌ഥയിൽനിന്നും ശ്രദ്ധ തിരിച്ചുവിടാൻ ബിജെപി വർഗീയധ്രുവീകരണവും ന്യൂനപക്ഷങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കുംനേരെയുള്ള ആക്രമണവും മാർഗമാക്കി മാറ്റുകയാണ്‌; ഗോരക്ഷയുടെ പേരിൽ ജുനൈദിനെയും നസീറിനെയും ജീവനോടെ ചുട്ടുകൊന്നത്‌ ഇത്തരത്തിൽ ഒടുവിലത്തെ സംഭവമാണ്‌. നവലിബറൽ നയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ഭാഗമായി തൊഴിലെടുക്കുന്ന വർഗവും കർഷകജനസാമാന്യവും ലോകത്താകമാനം സമരോത്‌സുകമായ പോരാട്ടങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്‌. കഴിഞ്ഞ എട്ടുവർഷമായി ഇന്ത്യയും വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. മാത്രവുമല്ല, സ്വേച്‌ഛാധിപത്യ ഭരണകൂടത്തെ പിന്തിരിയാൻ നിർബന്ധിതമാക്കിയ ചരിത്രപരമായ വിജയങ്ങൾവരെ നേടിയെടുത്തിട്ടുമുണ്ട്.

കഴിഞ്ഞ എട്ടുവർഷമായി അഖിലേന്ത്യാ കിസാൻ സഭ സ്വതന്ത്രമായ സമരങ്ങൾ ആരംഭിക്കുകയും പുതിയ പ്രദേശങ്ങളിലേക്ക്‌ അത്‌ വ്യാപിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. 2016 നവംബറിൽ അഖിലേന്ത്യാ കിസാൻ സഭ സ്വതന്ത്രമായി സംഘടിപ്പിച്ച കിസാൻ സംഘർഷ് ജാഥയും കിസാൻ സംഘർഷ്‌ റാലിയും നരേന്ദ്രമോദി നയിക്കുന്ന ബിജെപി ഗവൺമെന്റിന്റെ വിനാശകരമായ നോട്ടുനിരോധന തീരുമാനത്തിനെതിരായ ആദ്യത്തെ അഖിലേന്ത്യാ പ്രക്ഷോഭമായിരുന്നു. രാജസ്‌താനിലെ കർഷകരുടെ പോരാട്ടങ്ങളും നാസിക്കിൽനിന്നും മുംബൈയിലേക്കുള്ള കിസാൻ ലോങ്‌ മാർച്ചും ഭരിക്കുന്ന ബിജെപി സർക്കാരുകളെ പരാജയപ്പെടുത്തുകയും കർഷകരുടെ ഡിമാൻഡുകൾ അംഗീകരിക്കാൻ അവരെ നിർബന്ധിതമാക്കുകയും ചെയ്‌തു; ഇത്‌ ബിജെപി ഗവൺമെന്റ് അജയ്യമല്ലെന്ന വ്യക്തമായ സന്ദേശം നൽകി. ഈ പ്രക്ഷോഭങ്ങൾ ജനങ്ങളെ ഹഠാദാകർഷിക്കുകയും അവരിൽ ആത്മവിശ്വാസം ജനിപ്പിക്കുകയും ചെയ്‌തു. പ്രശ്‌നാധിഷ്‌ഠിത ഐക്യം കെട്ടിപ്പടുക്കുന്നതിനും യോജിച്ച പോരാട്ടങ്ങൾ ആരംഭിക്കുന്നതിനും എഐകെഎസ്‌ മുൻകൈയെടുത്തു. ഭൂമി അധികാർ ആന്തോളനുമായി നിരന്തര പോരാട്ടങ്ങളും കിരാതമായ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ്‌ പിൻവലിക്കാൻ നരേന്ദ്രമോദി നയിക്കുന്ന ബിജെപി ഗവൺമെന്റിനെ നിർബന്ധിതമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇതായിരുന്നു യോജിച്ച മുന്നേറ്റം സ്വേച്ഛാധിപത്യ, കോർപ്പറേറ്റ്‌ വർഗീയ സർക്കാരിനു സമ്മാനിച്ച ആദ്യത്തെ പരാജയം. വിഷയാധിഷ്‌ഠിത ഐക്യത്തെ അടിസ്‌ഥാനപ്പെടുത്തിയുള്ള, 250 ലേറെ കർഷക സംഘടനകൾ ചേർന്ന അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ ഓർഡിനേഷൻ കമ്മിറ്റി, അതിന്റെ സുപ്രധാന പങ്കു വഹിക്കുന്ന ഐഐകെഎസിനൊപ്പം ചേർന്നുകൊണ്ട്‌ കർഷകർക്ക്‌ ആദായകരമായ വില ലഭിക്കുന്നതിനും കടക്കെണിയുടെ വിഷയത്തിന്മേലും വമ്പിച്ച ബഹുജന മുന്നേറ്റം കെട്ടിപ്പടുത്തു. കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ഒന്നിച്ചുവരികയും അവയുടെ നേതൃത്വത്തിൽ പോരാട്ടങ്ങൾ ഏകോപിപ്പിക്കുകയും ചെയ്‌തത്‌ ഒരു മാതൃകയാണ്. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ മുഖ്യപങ്കുവഹിച്ചുകൊണ്ട്‌ കർഷകത്തൊഴിലാളി യൂണിയനുകൾ സംയുക്തമായ സമരങ്ങൾ നടത്തുകയുണ്ടായി.

കോർപറേറ്റ്‌ – വർഗീയ ഗവൺമെന്റിനെയും നവലിബറൽ നയങ്ങളെയും ചെറുക്കുന്നതിനും അവയ്‌ക്കെതിരെ പോരാടുന്നതിനുംവേണ്ടി തൊഴിലെടുക്കുന്ന വർഗത്തിന്റെയും കർഷകരുടെയും യോജിച്ച പോരാട്ടങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമുണ്ടായി. ഒരു ദശാബ്‌ദക്കാലമായുള്ള തുടർച്ചയായ ഇടപെടലുകൾ, കൂട്ടായ തീരുമാനമെടുക്കൽ, ഏകോപിപതമായ യോജിച്ച പ്രവർത്തനങ്ങൾ എന്നിവ വഴി മൂന്ന്‌ ഉൽപാദകവർഗങ്ങളെ പ്രതിനിധീകരിക്കുന്ന സിഐടിയു, എഐകെഎസ്‌, എഐഎഡബ്ല്യുയു എന്നീ വർഗമുന്നണികൾ തമ്മിൽ ശക്തമായ ഐക്യം നേടിയെടുക്കാൻ കഴിഞ്ഞു. യോജിച്ച വർഗ പ്രവർത്തനം, കേവലം ഐക്യദാർഢ്യ പ്രസ്താവനകളിലോ പ്രതീകാത്മക പിന്തുണയിലോ ഒതുങ്ങുന്നതിൽനിന്നും ഓരോ സംഘടനകളും സ്വതന്ത്രമായി കെട്ടിപ്പടുക്കുന്ന സമരങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലേക്ക് മാറി.2018ൽ കോർപ്പറേറ്റ്‌ മാധ്യമങ്ങൾ ചെങ്കൊടിക്ക്‌ ചരമക്കുറിപ്പെഴുതുമ്പോൾ, സിഐടിയു, എഐകെഎസ്‌, എഐഎഡബ്ല്യുയു എന്നിവയുടെ നേതൃത്വത്തിൽ ഉശിരൻ പോരാട്ടങ്ങൾ നടക്കുകയായിരുന്നു. ശക്തമായ ഒരു സംയുക്ത കാമ്പെയ്‌നിനുശേഷം, ആഗസ്‌ത്‌ 9ന്‌ ക്വിറ്റ്‌ ഇന്ത്യാ ദിനത്തിൽ നടന്ന നിയമലംഘന സമരവും അറസ്‌റ്റുവരിക്കലും –- ജയിൽ നിറയ്ക്കലും അടക്കമുള്ള ബഹുജന ഐക്യപ്രവർത്തനത്തിൽ രാജ്യത്തുടനീളം 50 ലക്ഷം പേർ പങ്കെടുത്തു. ഇതിന്റെ തുടർച്ചയായാണ്‌ ആദ്യമായി ഈ മൂന്ന്‌ സംഘടനകളും പാർലമെന്റിനു മുന്നിൽ സംയുക്തമായി അണിനിരന്നത്‌. 2018 സെപ്‌തംപർ 5നായിരുന്നു തൊഴിലാളി – കർഷക ഐക്യം ഉയർത്തിപ്പിടിച്ച്‌ മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി നടന്നത്‌. സമീപകാലത്തുനടന്ന തൊഴിലാളിവർഗ പണിമുടക്കുകളുടെ ഒരു സവിശേഷത, പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ കർഷകരും കർഷകത്തൊഴിലാളികളും അന്നേദിവസംതന്നെ ഗ്രാമീൺ ഭാരത്‌ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തതാണ്‌. നിരന്തരമായ ഈ പോരാട്ടങ്ങൾ, നരേന്ദ്രമോദി നയിക്കുന്ന സ്വേച്‌ഛാധിപത്യ, കോർപറേറ്റ്‌ –- വർഗീയ ബിജെപി ഗവൺമെന്റിനെതിരായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. മഹാമാരിയുടെയും ലോക്‌ഡൗണിന്റെയും നാളുകളിൽ, ലോകമാകെ രോഗവുമായി മല്ലിടുകയും ഭീതിയിലാണ്ടിരിക്കുകയും ചെയ്‌തപ്പോൾ തൊഴിലാളിവർഗത്തിന്റെ മുൻകൈയിൽ, ഈ മൂന്നു സംഘടനകളും ലോക്‌ഡൗൺ പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ വരുമാന പിന്തുണ, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതിക്കുകീഴിൽ തൊഴിൽ, തൊഴിലില്ലായ്‌മ വേതനം, സാർവത്രിക ആരോഗ്യ സൗകര്യങ്ങൾ, സാമൂഹ്യസുരക്ഷ എന്നീ ആവശ്യങ്ങളുന്നയിച്ച്‌ യോജിച്ച പ്രക്ഷോഭത്തിനിറങ്ങി.

കോർപ്പറേറ്റ്‌ ശിങ്കിടികൾക്ക്‌ ഭീമമായ ഇളവുകൾ നൽകവെതന്നെ ബിജെപി ഗവൺമെന്റ്‌ കർഷകജനസാമാന്യത്തിനും തൊഴിലാളി വർഗത്തിനുമെതിരെയുള്ള കടന്നാക്രമണം നടത്തുകയും ചെയ്തു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രീതിയിൽ കോർപറേറ്റുകൾക്ക്‌ ഇന്ത്യയുടെ കാർഷികമേഖലയാകെ കൈമാറുന്നതിന്‌ ലക്ഷ്യമിട്ട്‌ കോർപറേറ്റനുകൂലമായ മൂന്ന്‌ കാർഷിക നിയമങ്ങൾ, തൊഴിലാളിവർഗം കഷ്‌ടപ്പെട്ടു നേടിയ അവകാശങ്ങളെ തട്ടിപ്പറിക്കുന്ന 4 ലേബർ കോഡുകൾ എന്നിവ കൊണ്ടുവന്നു. ഇവയെല്ലാം കോർപറേറ്റുകളുടെ ലാഭം പരമാവധിയാക്കുന്നതിനും ഭീമമായ കൊള്ളയും ലക്ഷ്യമിട്ടുള്ളതാണ്‌. ഇത്‌ ഭരണഘടനയുടെ അടിത്തറതന്നെ തകർക്കുന്നതാണ്‌. ഈ നീക്കത്തെ കർഷകരും തൊഴിലാളികളും എല്ലാ ശക്തിയുമുപയോഗിച്ച്‌ ചെറുത്തു. 2020 നവംബർ 26ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പൊതുപണിമുടക്കിന്‌ ആഹ്വാനം നൽകി. അതേസമയം കർഷകരുടെ വിഷയാധിഷ്‌ഠിത ഐക്യം – സംയുക്ത കിസാൻ മോർച്ച – ഗ്രാമീണ ഭാരത്‌ ഹർത്താലിനും ദേശീയതലസ്‌ഥാനത്തോടു തൊട്ടുള്ള സംസ്‌ഥാനങ്ങളിൽ നിന്നും ഡൽഹി ചലോയ്‌ക്കും ആഹ്വാനം നൽകി. തൊഴിലെടുക്കുന്ന വർഗത്തിന്റെയും കർഷകരുടെയും സജീവ പിന്തുണയോടെയും പങ്കാളിത്തത്തോടെയുമുള്ള 380 ദിവസം നീണ്ടുനിന്ന, 750 ലേറെ കർഷകർ രക്തസാക്ഷിത്വം വരിച്ച നിശ്‌ചയദാർഢ്യത്തോടെയുള്ള സമരം കർഷകരോട്‌ മാപ്പുപറയാനും കാർഷിക നിയമങ്ങൾ പിൻവലിക്കാനും ബിജെപി ഗവൺമെന്റിനെ നിർബന്ധിതമാക്കി. തൊഴിലാളിവർഗത്തിന്റെ ചെറുത്തുനിൽപുമൂലം തൊഴിൽനിയമങ്ങൾ നടപ്പാക്കുന്നതിൽനിന്നും മോദി ഗവൺമെന്റിന്‌ തോറ്റു പിന്മാറേണ്ടിവന്നു. ഈ വിജയം നേടിയെടുത്തതിനു പിന്നിലെ മുഖ്യഘടകം സംയുക്ത കിസാൻ സഭയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും തമ്മിലുണ്ടായ ഐക്യവും സഹകരണവുമാണ്‌. വൈദ്യുതി നിയമ ഭേദഗതികൾ പിൻവലിക്കുകയെന്നത്‌ സംയുക്ത കിസാൻ മോർച്ചയുടെ സമരത്തിന്റെ ഡിമാന്റും തൊഴിലാളി വർഗത്തിന്റെ ഒരു വിഷയവുമായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. വിശാഖപട്ടണത്തെ വിശാഖ സ്‌റ്റീൽസ്‌ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയുള്ള പോരാട്ടത്തിന്‌ കർഷകർ നൽകിയ പിന്തുണയും എടുത്തുപറയേണ്ടതാണ്‌. വൈദ്യുതി വിതരണ സ്‌ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ച്‌ അദാനിമാർക്കു കൈമാറുന്നതിനെ ചെറുത്തുതോൽപിച്ചത്‌ മഹാരാഷ്‌ട്രയിലെ ഇലക്‌ട്രിസിറ്റി തൊഴിലാളികളാണ്‌.

കർഷകർ പോരാട്ടങ്ങളിലൂടെ കഷ്‌ടപ്പെട്ടു നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യത്തിലൂന്നികൊണ്ട്‌, കർഷകരും തൊഴിലാളി വർഗവും ഒന്നിച്ചുചേർന്ന്‌ 2023 ഏപ്രിൽ 25ന്‌ കിസാൻ സംഘർഷ്‌ റാലി സംഘടിപ്പിക്കാൻ ഡൽഹിയിലെ താൽക്കത്തോറ സ്‌റ്റേഡിയത്തിൽ 2022 സെപ്‌തംബർ 5ന്‌ നടന്ന വമ്പിച്ച മസ്‌ദൂർ കിസാൻ മഹാധിവേഷനിൽ വെച്ച്‌ തീരുമാനിച്ചു. നവലിബറൽ സാമ്പത്തിക നയങ്ങൾക്കും കോർപറേറ്റ്‌ – വർഗീയ, സ്വേച്‌ഛാധിപത്യ ബിജെപി ഗവൺമെന്റിനുമെതിരെയാണ്‌ റാലി പ്രത്യേക ഊന്നൽ നൽകുന്നത്‍. 2023 ഒരു നിർണായക വർഷമാണ്‌. അതിനാൽത്തന്നെ, രാജ്യത്തിന്റെ അജൻഡയിൽ നിരന്തരം വർഗപ്രശ്‌നങ്ങൾ കൊണ്ടുവരുന്നതിനുള്ള തീവ്രമായ പ്രക്ഷോഭ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലും ജനാനുകൂല ബദലിനായുള്ള അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനും കൂടിയാണ്‌ ഈ റാലി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്‌. ലക്ഷക്കണക്കിനാളുകളെ അണിനിരത്തുന്നതിനുവേണ്ടിയുള്ള തൊഴിലാളികളുടെയും കർഷകരുടെയും എക്കാലത്തെയും വലിയ പ്രവർത്തനങ്ങളിലൊന്നായി ഇതിനെ മാറ്റുന്നതിനാണ്‌ ആലോചിക്കുന്നത്‌. നമ്മുടെ രാജ്യത്തിന്റെ മുക്കിനും മൂലയിലുമുള്ള ജനങ്ങളിലേക്ക്‌ പോരാട്ടത്തിന്റെ സന്ദേശമെത്തിക്കുന്നതിന്‌, തൊഴിലാളികളെയും കർഷകരെയും അതോടൊപ്പം എല്ലാ വിഭാഗങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഒന്നിച്ചുചേർക്കുന്നതിന്‌, എത്താത്തവരിലേക്ക്‌ എത്തിച്ചേർന്നുകൊണ്ടും പരമാവധി വീടുകളിലേക്കെത്തിയും ശക്തമായ, യോജിച്ച കാമ്പെയ്‌ൻ നടന്നുവരികയാണ്‌.

ഏപ്രിൽ 5ലെ മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി കർഷകരുടെയും തൊഴിലാളികളുടെയും നീറുന്ന പ്രശ്‌നങ്ങൾ –- മിനിമം താങ്ങുവില C2+50% എന്നാക്കി നിയമപരമായി ഉറപ്പുനൽകുക, മിനിമം വേതനം 26000 രൂപയാക്കുക, എംജിഎൻആർഇജിക്കുകീഴിൽ 600 രൂപയിൽ കുറയാത്ത കൂലിയും 200 തൊഴിൽദിനങ്ങളും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വൈദ്യുതി നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയവ –- ഉയർത്തും. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളും സംസ്‌ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി, ഹിന്ദുത്വശക്തികൾക്കെതിരെ ഉയർത്തുന്ന ശക്തമായ ആഹ്വാനമായിരിക്കും അത്‌; നവലിബറൽ, കോർപറേറ്റ്‌ –- വർഗീയ വാഴ്‌ചയ്‌ക്കെതിരായ ഉറച്ച രാഷ്‌ട്രീയ,- പ്രത്യയശാസ്‌ത്ര മറുപടിയും ബദലിലേക്കു മുന്നേറാനുള്ള യോജിച്ച നീക്കവുമായിരിക്കും അത്‌; ജനകീയ ബദൽ അടിസ്‌ഥാനമാക്കിയുള്ള വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനും ജനങ്ങളുടെ ശത്രുക്കൾക്ക്‌ നിർണായകമായ പരാജയം ഏൽപ്പിക്കുന്നതിനുമുള്ള ഒരു ഉത്തോലകമായും അത്‌ മാറും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular