Friday, November 22, 2024

ad

Homeപ്രക്ഷോഭംസിഐടിയു 17-ാം ദേശീയ സമ്മേളനം

സിഐടിയു 17-ാം ദേശീയ സമ്മേളനം

കെ ഹേമലത

ജനപക്ഷനയങ്ങള്‍ക്കായി യോജിച്ച പോരാട്ടം

കെ ഹേമലത പ്രസിഡന്‍റ്
തപന്‍ സെന്‍ ജനറല്‍ സെക്രട്ടറി
സായ്ബാബു ട്രഷറര്‍

സിഐടിയുവിന്‍റെ 17-ാമത് സമ്മേളനം 2023 ജനുവരി 22ന് സമാപിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് കയ്യയച്ച് പ്രോത്സാഹിപ്പിക്കുന്ന നവലിബറലിസത്തിന്‍റെയും വര്‍ഗീയ – വിഘടന ശക്തികളുടെയും കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ തയ്യാറാകാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് സമ്മേളനത്തിന് പരിസമാപ്തി കുറിച്ചത്. തൊഴിലെടുക്കുന്ന വര്‍ഗത്തിനും എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അനുകൂലമാംവിധം നയങ്ങളില്‍ മാറ്റം വരുത്തുന്നതിനായുള്ള യോജിച്ച പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തൊഴിലാളിവര്‍ഗത്തിന്‍റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സമ്മേളനം ആഹ്വാനം ചെയ്തു.

ലോകത്താകമാനമുണ്ടായ, തൊഴിലെടുക്കുന്ന വര്‍ഗത്തിന്‍റെ പോരാട്ടങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍, സിഐടിയുവിന്‍റെ കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തിനുശേഷം നടത്തപ്പെട്ട പോരാട്ടങ്ങളുടെയും, അനുഭവങ്ങളുടെയും മൂര്‍ത്തമായ വിശകലനത്തിന്‍റെ ആവശ്യകതയിലാണ്, ഉദ്ഘാടനസമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ സിഐടിയു പ്രസിഡന്‍റ് കെ ഹേമലത ഊന്നല്‍ നല്‍കിയത്. മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്, തൊഴിലാളിവര്‍ഗത്തിനും അധ്വാനിക്കുന്ന ജനങ്ങള്‍ക്കുംമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കാതെയും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാതെയും പൊതുമുതല്‍ പിടിച്ചുപറിക്കാതെയും നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നവലിബറലിസം പരാജയപ്പെട്ടു എന്നാണ് മാത്രമല്ല, മുതലാളിത്ത വ്യവസ്ഥയുടെ പാപ്പരത്തത്തെ കൂടിയാണ് അത് വെളിവാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, പാരിസ്ഥിതിക പ്രതിസന്ധിയുമുണ്ട്; വികസനത്തിന്‍റെ മുതലാളിത്ത പാതയും പ്രകൃതിയും തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതില്‍ മുതലാളിത്ത പാത ഫലപ്രദമല്ല.

നിലവിലെ നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന അസംതൃപ്തിയാണ് ലോകത്തുടനീളം തീവ്രമായിക്കൊണ്ടിരിക്കുന്ന തൊഴിലാളി സമരങ്ങളിലും പോരാട്ടങ്ങളിലും ദര്‍ശിക്കാനാകുന്നത്. വലതുപക്ഷ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതുവഴി, ഈ അസംതൃപ്തിയെ വഴിതിരിച്ചുവിടാനും ഇടത് പുരോഗമനശക്തികള്‍ ഇത് ഏറ്റെടുക്കുന്നതിനെ തടയാനുമാണ് ഭരണവര്‍ഗങ്ങള്‍ ശ്രമിക്കുന്നത്.


എന്നാല്‍ ഈ സമരങ്ങള്‍ ഒരു ബദല്‍ നയത്തിന്‍റെ പാതയ്ക്കായി വ്യക്തമായ രാഷ്ട്രീയ – പ്രത്യയശാസ്ത്ര പരിപ്രേക്ഷ്യത്തോടെ നയിക്കപ്പെടുന്നിടത്ത്, ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളിലും കാണുന്നതുപോലെ, ഇടതുപക്ഷ പുരോഗമന ശക്തികള്‍ വിജയം നേടുകയും അധികാരത്തില്‍ വരികയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഈ രാജ്യങ്ങളില്‍ പോലും വലതുപക്ഷം ജനവിധിയെ അട്ടിമറിക്കുന്നതിന് ആക്രമണാത്മകമാംവിധം ശ്രമിക്കുകയും, പെറു, ബ്രസീല്‍, ബൊളീവിയ എന്നിവിടങ്ങളിലെപോലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പുരോഗമനപരമായ ഗവണ്‍മെന്‍റുകളെ ആക്രമിക്കുകയുമാണ്. ഈ രാജ്യങ്ങളില്‍ പെറുവിനെപ്പോലെ ചിലതില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ പുനഃസ്ഥാപിക്കാന്‍ വേണ്ടി അവിടത്തെ തൊഴിലാളിവര്‍ഗം ശാരീരികാക്രമണങ്ങളും കൊലയുമുള്‍പ്പെടെയുള്ള അടിച്ചമര്‍ത്തലുകളും നേരിടുകയാണ്.

ഇതു കാണിക്കുന്നത്, വലതുപക്ഷ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തോടൊപ്പം നവലിബറലിസത്തിനെതിരായ സമഗ്രമായ പോരാട്ടത്തിന്‍റെയും ആവശ്യകതയെയാണ്. സമ്മേളനം നമ്മുടെ അനുഭവങ്ങള്‍ വിശകലനം ചെയ്യുകയും നമ്മുടെ രാജ്യത്തെ തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ ഇത് നാം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. വിശകലനം നിലവിലുള്ള യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമ്പോള്‍, ആ യാഥാര്‍ഥ്യത്തെ മാറ്റിമറിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. വര്‍ഗപോരാട്ടങ്ങളെ നിഷേധിക്കാനും നിലവിലെ യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കുകയെന്ന നമ്മുടെ അടിസ്ഥാനലക്ഷ്യങ്ങളില്‍നിന്നും വഴിതിരിച്ചുവിടാനുമുള്ള ഒരു ഒഴികഴിവല്ല നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. സിഐടിയുവിന്‍റെ ഭരണഘടന പ്രകാരമുള്ള ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ദിശയിലേക്ക് നമ്മെ നയിക്കാന്‍ വര്‍ഗ സഹകരണത്തിനല്ല, വര്‍ഗപോരാട്ടത്തിനേ സാധിക്കൂ.

ജനറല്‍ സെക്രട്ടറി തപന്‍സെന്‍ സമര്‍പ്പിച്ച രണ്ട് ഭാഗങ്ങളിലായുള്ള റിപ്പോര്‍ട്ട്, രാജ്യത്തെ വര്‍ത്തമാനകാല സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളും തൊഴിലെടുക്കുന്ന വര്‍ഗത്തിന്‍റെ അവസ്ഥകളും വിശകലനം ചെയ്യുകയും സിഐടിയുവിന്‍റെ 16-ാമത് സമ്മേളനത്തിനുശേഷമുള്ള കാലയളവിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു. ദേശീയതലത്തിലും ആഗോളതലത്തിലും നവലിബറല്‍ ക്രമം നേരിടുന്ന വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ പ്രതിഫലനമുള്‍പ്പെടെ, മൊത്തത്തിലുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച നമ്മുടെ ധാരണയെ വിലയിരുത്തുകയും അത് കൂടുതല്‍ അഗാധമാക്കുകയും വേണം. സമ്പദ്ഘടനയുടെ സമസ്ത വശങ്ങളിലും ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും ജനങ്ങളുടെ എല്ലാ അവകാശങ്ങളിലും രാഷ്ട്രീയത്തിലും സമൂഹത്തിലും അതുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍, ജനാധിപത്യത്തിലും ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളിലുംമേലുള്ള ഹീനമായ കടന്നാക്രമണങ്ങള്‍, സമ്പദ്വ്യവസ്ഥയുടെയും രാഷ്ട്രീയ സംവിധാനത്തിന്‍റെയും ഭരണനിര്‍വഹണത്തിലും അതോടൊപ്പം സമൂഹത്തിന്‍റെ ഭരണനിര്‍വഹണത്തിലുമുള്ള ആക്രമണാത്മകമായ സമഗ്രാധിപത്യം എന്നിവ സംബന്ധിച്ചും വിലയിരുത്തുകയും നമ്മുടെ ധാരണ ആഴത്തിലാക്കുകയും വേണം. ഇത്തരത്തിലുള്ള സമഗ്രമായ ധാരണയുടെ അടിസ്ഥാനത്തില്‍ നമ്മുടെ പങ്ക്, പ്രവര്‍ത്തനം, പ്രക്ഷോഭങ്ങള്‍, സംഘടന എന്നിവയെക്കുറിച്ചും അതുപോലെ നാം സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും അവലോകനം ചെയ്യണം. യഥാര്‍ത്ഥ വേതനം കുറഞ്ഞുവരികയായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിന്‍റെ തലത്തിലേക്ക് അസമത്വങ്ങള്‍ ഉയരുകയാണ്. ഇത് മുതലാളിത്തത്തിന്‍റെ പ്രതിസന്ധിയാണ്; അല്ലാതെ കേവലം മുതലാളിത്തത്തിലെ പ്രതിസന്ധിയല്ല. ഈ പ്രതിസന്ധിയെ സാമൂഹ്യമാറ്റത്തിലേക്കുള്ള അവബോധമായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് തൊഴിലെടുക്കുന്ന വര്‍ഗത്തിന്‍റെ മുന്നിലുള്ള കടമ.


സാമ്രാജ്യത്വ അധീശാധിപത്യത്തിന്‍റെയും അന്താരാഷ്ട്ര ധനമൂലധനത്തിന്‍റെയും തീട്ടുരമനുസരിച്ചുള്ള നവലിബറല്‍ ആഗോളക്രമത്തിന്‍റെയും വിനാശകരമായ അത്യാര്‍ത്തിയുടെയും ക്ലാസിക് ഉദാഹരണമാണ് ഉക്രെയ്ന്‍ യുദ്ധം. വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ നടുവിലും ഉക്രെയ്ന്‍ യുദ്ധം ലക്ഷ്യംവെച്ചത് നാറ്റോയുടെ വിപുലീകരണത്തിലൂടെ ആധിപത്യം സ്ഥാപിക്കാനും പ്രകൃതിവിഭവങ്ങളുടെമേല്‍ നിയന്ത്രണം സ്ഥാപിക്കാനുമാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് പണപ്പെരുപ്പവും സ്തംഭനാവസ്ഥയും മാന്ദ്യവും സൃഷ്ടിച്ച് തൊഴിലെടുക്കുന്ന വര്‍ഗത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുംമേല്‍ കനത്ത ഭാരം അടിച്ചേല്‍പിക്കുകയാണ്.

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ തന്ത്രപര പങ്കാളിയായി മാറിയിരിക്കുന്നു; ആഭ്യന്തര ധനമൂലധനത്തിന്‍റെ തീട്ടൂരങ്ങളെ അനുസരണയോടെ പിന്തുണയ്ക്കുകയും നവലിബറലിസം ഒരു പരാജയമാണെന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും അപകീര്‍ത്തിപ്പെടുത്തപ്പെടുകയും ചെയ്തപ്പോഴും നവലിബറല്‍ നയങ്ങള്‍ ആക്രമണാത്മകമായി നടപ്പാക്കുകയാണ്. ലേബര്‍ കോഡുകള്‍ പാസ്സാക്കല്‍, ദി ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി ആക്ട്, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍, നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ പ്രോജക്ട്, സ്വതന്ത്ര വ്യാപാര കരാറുകള്‍, കര്‍ഷകരുടെ ചരിത്രപരമായ പോരാട്ടത്തെത്തുടര്‍ന്ന് യൂണിയന്‍ സര്‍ക്കാര്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായ കാര്‍ഷിക നിയമങ്ങള്‍ എന്നിവയെല്ലാം അതിന്‍റെ പ്രകടനങ്ങളായിരുന്നു. ബിജെപിയുടെ വമ്പന്‍ അവകാശവാദങ്ങളെല്ലാമുണ്ടായിട്ടും രാജ്യത്തെ സമ്പദ്വ്യവസ്ഥ സ്തംഭനവസ്ഥയിലാണ്; ഈ നയങ്ങളെല്ലാം രാജ്യത്തിന്‍റെ സ്വയംപര്യാപ്തതയെയും പരമാധികാരത്തെയും ഇല്ലാതാക്കുന്നതിനും അതിന്‍റെ ഉല്‍പാദനശേഷിയെത്തന്നെ ഇല്ലാതാക്കുന്നതിനും ഇടയാക്കുകയാണ്.

ഈ നയങ്ങളുടെ ഫലമായി കൃഷി പ്രതിസന്ധിയിലാണ്; തൊഴിലില്ലായ്മ വര്‍ദ്ധിച്ചു; തൊഴില്‍ സാഹചര്യങ്ങള്‍ വഷളാവുകയാണ്; യഥാര്‍ഥ വേതനം ചുരുങ്ങിവരുന്നു; വേതനവിഹിതം കുറഞ്ഞു; ദാരിദ്ര്യവും പട്ടിണിയും പെരുകുന്നു; അസമത്വം ഏറ്റവും നികൃഷ്ടമായ തലങ്ങളിലേക്കെത്തിയിരിക്കുന്നു. ഈ നയങ്ങള്‍ക്കെതിരായ അസംതൃപ്തിയും രോഷവും വര്‍ദ്ധിച്ചുവരികയാണ്. ചരിത്രപ്രധാനമായ കല്‍ക്കരിത്തൊഴിലാളിസമരം, ഇടക്കാലത്തെ രണ്ട് പൊതുപണിമുടക്കുകള്‍, (അതിലൊന്ന് ദ്വിദിന പണിമുടക്കായിരുന്നു), അംഗന്‍വാടിത്തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, മറ്റ് സ്കീം തൊഴിലാളികള്‍ എന്നിവരുടെ വമ്പിച്ച സമരങ്ങള്‍, വ്യവസായമേഖലയിലെയും അസംഘടിത മേഖലയിലെയും തൊഴിലാളികളുടെ സമരങ്ങള്‍, സംയുക്ത കിസാന്‍മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള യോജിച്ച കര്‍ഷകപ്പോരാട്ടം ഉള്‍പ്പെടെയുള്ള എണ്ണമറ്റ സമരങ്ങള്‍ രോഷത്തിന്‍റെ വ്യാപ്തിയെയും, തങ്ങളുടെ ഉപജീവനത്തിനുമേലുള്ള കടന്നാക്രമണങ്ങള്‍ക്കും തൊഴില്‍ സാഹചര്യങ്ങള്‍ക്കുമെതിരെ പോരാടാനുള്ള തൊഴിലാളികളുടെ ഉറച്ച തീരുമാനത്തെയുമാണ് പ്രകടമാക്കിയത്. എന്നാല്‍ ഈ പോരാട്ടങ്ങളെയെല്ലാം അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്‍റ് മുഴുവന്‍ ഭരണകൂട അധികാരത്തെയും എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും ഉപയോഗിക്കുന്നു. സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായ ഏത് എതിര്‍പ്പിനെയും അടിച്ചമര്‍ത്തുന്നതിന് ജനങ്ങളുടെ അടിസ്ഥാന ജനാധിപത്യ, ഭരണഘടനാപരമായ അവകാശങ്ങളെ കടന്നാക്രമിക്കുന്നു. ഇതുകൂടാതെ, ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനും കോര്‍പ്പറേറ്റ് യജമാനന്‍മാരെ സേവിക്കുന്നതിനുമായി സമൂഹത്തെ ധ്രുവീകരിക്കാന്‍ ആര്‍എസ്എസ് ആക്രമണാത്മകാംവിധം വര്‍ഗീയവിഷം പരത്തുകയാണ്. ഒരുവശത്ത് ആര്‍എസ്എസ് പരസ്യമായി, ദളിതര്‍, സ്ത്രീകള്‍, ആദിവാസികള്‍ എന്നിവര്‍ക്ക് താഴ്ന്ന പദവി കല്‍പിച്ചു നല്‍കുന്ന മനുസ്മൃതിയോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും അവരുടെ സാമൂഹ്യമായ ഈ അടിച്ചമര്‍ത്തലിനെ ന്യായീകരിക്കുകയും ചെയ്യുന്നു; മറുവശത്ത്, തെറ്റിദ്ധാരണാജനകമായ കാമ്പെയ്നുകളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങി വലിയൊരു വിഭാഗത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തൊഴിലെടുക്കുന്ന വര്‍ഗവും ഇതിന്‍റെ സ്വാധീനത്തില്‍പെടുന്നുണ്ട്. ആര്‍എസ്എസിന്‍റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘടനകളുടെ ഈ ഭിന്നിപ്പിക്കല്‍ കുതന്ത്രങ്ങളെയും മറ്റെല്ലാ വര്‍ഗീയശക്തികളെയും നാം തുറന്നുകാട്ടണം.

കര്‍ഷകരുടെ സമരത്തിന് തൊഴിലെടുക്കുന്ന വര്‍ഗം നല്‍കിയ വലിയ ഐക്യദാര്‍ഢ്യവും പിന്തുണയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും സംയുക്തവേദി ഉയര്‍ത്തിക്കൊണ്ടുവന്ന യോജിച്ച പ്രവര്‍ത്തനങ്ങളും നമ്മുടെ സമൂഹത്തിലെ ഈ രണ്ട് അടിസ്ഥാന ഉല്‍പാദക വിഭാഗത്തിനിടയില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യത തുറന്നു. ഈ ഐക്യവും യോജിച്ച പോരാട്ടങ്ങളും ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. സിഐടിയു, എഐകെഎസ്, എഐഎഡബ്ല്യുയു എന്നിവ ചേര്‍ന്ന് ആഹ്വാനം ചെയ്തിട്ടുള്ള, 2023 ഏപ്രില്‍ 5ന്‍റെ മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി ഇത് ലക്ഷ്യമിടുന്നു.

തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അതുപോലെ പൊതുമേഖല സംരക്ഷിക്കുന്നതിനും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന, നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദലിനെയും ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി. അതുകൊണ്ടുതന്നെയാണ് മോദി ഗവണ്‍മെന്‍റും ഭരണവര്‍ഗങ്ങളും കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെ പ്രത്യേകിച്ച് ആക്രമണ ലക്ഷ്യമാക്കുന്നത്. ഈ ബദലിന്‍റെ സന്ദേശം പ്രചരിപ്പിക്കാനും കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെ പിന്തുണയ്ക്കുന്നതിനുമായി രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്‍റെയാകെ പിന്തുണ സമ്മേളനം അഭ്യര്‍ഥിച്ചു.

എല്ലാ തലങ്ങളിലുമുള്ള പോരായ്മകളും ദൗര്‍ബല്യങ്ങളും സ്വയം വിമര്‍ശനാത്മകമായും വിമര്‍ശനാത്മക വിശകലനത്തിനായുമുള്ള ശ്രമമാണ് റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗത്തില്‍ ഉണ്ടായത്. സുസ്ഥിരമായ കാമ്പെയ്നുകളിലൂടെയും പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സ്വാധീനം, അംഗത്വം വര്‍ധിപ്പിക്കുന്നതിലൂടെയും യോജിച്ച കേഡര്‍മാരെ റിക്രൂട്ട് ചെയ്യുക വഴിയും സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിലും നവലിബറലിസത്തിന്‍റെ കടന്നാക്രമണങ്ങളെയും വര്‍ഗീയ വിഘടനശക്തികളെയും ഫലപ്രദമായി എതിരിടുന്നതിന് കേഡര്‍മാരെ സജ്ജരാക്കുന്നതിലും അവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അവബോധം ഉയര്‍ത്തുന്നതിലും ഉണ്ടായ ദൗര്‍ബല്യം പ്രത്യേകം ചൂണ്ടിക്കാട്ടപ്പെട്ടു. ഇവ മറികടക്കുന്നതിനുള്ള മൂര്‍ത്തമായ നടപടികളും റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചു.

സംഘടനാപരവും പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതുമായ ഭാവി കടമകളെപ്പറ്റിയുള്ളകാഴ്ചപ്പാട് ജനറല്‍ സെക്രട്ടറി പ്രത്യേക സെഷനില്‍ അവതരിപ്പിച്ചു.

സ്വാതന്ത്ര്യാനന്തരം ജനുവരി 19ന് സംയുക്ത ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആഹ്വാനം ചെയ്ത, രാജ്യവ്യാപകമായി നടന്ന 1982 ലെ പൊതുപണിമുടക്കില്‍ അന്നേദിവസം ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെ സമ്മേളനം അനുസ്മരിച്ചു. പൊതുപണിമുടക്കിലും പ്രകടനങ്ങളിലും വന്‍തോയില്‍ പങ്കെടുത്ത കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആവശ്യങ്ങളും അന്നത്തെ പൊതുപണിമുടക്കിന്‍റെ ഡിമാന്‍ഡുകളില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പത്ത് രക്തസാക്ഷികളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്നു. സിഐടിയു, എഐകെഎസ്, എഐഎഡബ്ല്യുയു എന്നീ സംഘടനകള്‍ ജനുവരി 19 തൊഴിലാളി – കര്‍ഷക ഐക്യദാര്‍ഢ്യദിനമായി ആചരിച്ചു.

പത്തുപ്രമേയങ്ങള്‍ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. 1. ഏപ്രില്‍ 5ന്‍റെ മസ്ദൂര്‍ – കിസാന്‍ സംഘര്‍ഷ് റാലി 2. നാല് ലേബര്‍ കോഡുകള്‍ എടുത്തുകളയുക 3. ഹിന്ദുത്വ വര്‍ഗീയശക്തികളുടെ ഭിന്നിപ്പിക്കല്‍ കുതന്ത്രങ്ങളെ ചെറുത്തുതോല്‍പിക്കുക 4. കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെ സംരക്ഷിക്കുക 5. പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക 6. എന്‍പിഎസ് എടുത്തുകളയുക, ഇപിഎസും സാര്‍വത്രിക പെന്‍ഷനും ശക്തിപ്പെടുത്തുക 6. ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക സുരക്ഷ 7. തൊഴിലെടുക്കാനുള്ള അവകാശത്തിനായുള്ള യോജിച്ച പോരാട്ടം 8. ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്ന വര്‍ഗത്തോടുള്ള ഐക്യദാര്‍ഢ്യം 9. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 10. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികള്‍.

കെ ഹേമലത പ്രസിഡന്‍റും തപന്‍സെന്‍ ജനറല്‍ സെക്രട്ടറിയായും 39 അംഗ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. ഇവരില്‍ 9 പേര്‍ സ്ത്രീകളാണ്.

നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ ചേര്‍ന്ന വമ്പിച്ച ബഹുജനറാലിയില്‍ അംഗന്‍വാടി തൊഴിലാളികളും വിദ്യാര്‍ഥികളും – അവരില്‍ പലരും നിര്‍മാണത്തൊഴിലാളികളുടെയും ഗാര്‍ഹികത്തൊഴിലാളികളുടെയും മക്കളാണ് – പ്രൊഫഷണല്‍ ട്രൂപ്പുകളും ചേര്‍ന്ന് നടത്തിയ ആകര്‍ഷകമായ കലാപ്രകടനങ്ങളോടെ ജനുവരി 22ന് സമ്മേളനം സമാപിച്ചു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 3 =

Most Popular