Tuesday, December 3, 2024

ad

Homeപ്രക്ഷോഭം2023 ഏപ്രിൽ 5 തൊഴിലാളി കർഷക സംഘർഷ് റാലിയുടെ രാഷ്ട്രീയ പ്രാധാന്യം

2023 ഏപ്രിൽ 5 തൊഴിലാളി കർഷക സംഘർഷ് റാലിയുടെ രാഷ്ട്രീയ പ്രാധാന്യം

പി കൃഷ്പ്രസാദ്‌

നങ്ങളെ കൊള്ളയടിക്കുന്ന കോർപ്പറേറ്റ് ശക്തികൾക്കെതിരെ പ്രഖ്യാപിക്കുന്ന രാജ്യവ്യാപകമായ, നിരന്തരമായ തീവ്ര സമരങ്ങളാവും 2023 ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന രണ്ടാം തൊഴിലാളികർഷക സംഘർഷ് റാലിയെ ചരിത്രത്തിൽ അടയാളപ്പെടുത്തുക. ആഗോള ധനമൂലധനത്തിന് മുന്നിൽ കൂടുതൽ കൂടുതൽ കീഴടങ്ങുന്ന ഇന്ത്യയിലെ ഭരണവർഗ കൂട്ടുകെട്ടിനെതിരെ ഓരോ സംസ്ഥാനത്തും രാജ്യവ്യാപകമായും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നണി കെട്ടിപ്പടുക്കുന്നതിന് ബഹുജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാനായുള്ള വർഗ സമരങ്ങൾ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും എക്കാലത്തെയും വലിയ റാലിയാകും 2023 ഏപ്രിൽ 5ന് നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് രണ്ടാമതായി, വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന പ്രാദേശിക വിഷയങ്ങളെയും പൊതുവായ വിഷയങ്ങളെയും ഭരണവർഗ നയങ്ങളുമായി ബന്ധിപ്പിച്ച് അവ തിരുത്തുന്നതിനുതുകുന്ന തുടർച്ചയായ പ്രക്ഷോഭങ്ങൾ തൊഴിലാളി കർഷക വർഗ ഐക്യം അടിസ്ഥാനമാക്കി ഏറ്റെടുക്കാൻ റാലി ആഹ്വാനം ചെയ്യും. സാർവദേശീയ ധനമൂലധനവും ആഭ്യന്തര കുത്തക മൂലധനവുമായുള്ള കൂട്ടുകെട്ട് നിയന്ത്രിക്കുന്ന നവഉദാരവൽക്കരണ സർക്കാരുകളുടെ അങ്ങേയറ്റം ചൂഷണാത്മകവും ക്രൂരവുമായ വികസനനയങ്ങളും നിലവിൽ ഇന്ത്യ നേരിടുന്ന അഭൂതപൂർവമായ കാർഷികപ്രതിസന്ധിയും മറികടക്കാനുള്ള മൂർത്തമായ മാർഗം അധ്വാനിക്കുന്ന അടിസ്ഥാനവർഗങ്ങളുടെ ഐക്യവും അതിന്റെ നേതൃത്വത്തിൽ നടത്തുന്ന തീവ്രമായ പ്രക്ഷോഭങ്ങളുമാണ്.

ഇന്ത്യ നേരിടുന്ന കാർഷിക പ്രതിസന്ധിയുടെ അടിവേരുകൾ സാമ്രാജ്യത്വ മേൽക്കൈയിൽ രൂപപ്പെട്ട കോളനിവാഴ്ചക്കാലത്തോളം നീളുന്നതാണ്. സാമ്രാജ്യത്വവുമായി കൂട്ടുകൂടിയ വൻകിട മുതലാളിത്ത വർഗവും വൻകിട ഭൂപ്രഭു വർഗവും തമ്മിലുള്ള കൂട്ടുകെട്ട് പിൽക്കാലത്ത് രാജ്യത്തിന്റെ ഭരണവർഗമായി ഉയർന്നു. കാർഷിക പരിഷ്കരണം സവിശേഷമായും ഭൂപരിഷ്-കരണം – നടപ്പിലാക്കാതെ, ഭൂകേന്ദ്രീകരണം ഇല്ലാതാക്കാതെ, പകരം ഫ്യൂഡൽ ഭൂപ്രഭുക്കളെ മുതലാളിത്ത ഭൂപ്രഭുക്കളാക്കി മാറ്റുക എന്ന നിർബന്ധബുദ്ധിയോടെ ഭരണവർഗങ്ങൾ മുന്നോട്ടുപോയി. ഈ നയമാണ് 75 വർഷത്തിന് ശേഷവും ഇന്ത്യ ആധുനിക വ്യവസായവൽകൃത സമൂഹമായി വികസിക്കുന്നതിനു തടസ്സമാകുന്നത്.

1990കളിൽ സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങൾ സർക്കാർ നിയന്ത്രിക്കുന്ന കാലഘട്ടം -dirigisme regime- തകരുകയും നവഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കപ്പെടുകയും ചെയ്തതോടെ സാർവദേശീയ മൂലധന മേധാവിത്വം അരക്കിട്ടുറപ്പിക്കുകയും കുത്തക മൂലധനം അതിനോടു കൂടിച്ചേരുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെട്ടു. ഉല്പാദനോപാധികളുടെ വിലക്കയറ്റവും – പണപ്പെരുപ്പംമൂലം ജീവിതച്ചെലവിൽവരുന്ന വർദ്ധനവും സൃഷ്ടിക്കുന്ന ഉല്പാദന ചെലവിലെ അനിയന്ത്രിത വർദ്ധനവും മറുഭാഗത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലക്കുറവും ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ കാർഷികമേഖല കോർപ്പറേറ്റുകളുടെ ഉരുക്കുമുഷ്ടിയിലാണെന്നാണ്. കൃഷി കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന ജീവിതോപാധിയായി മാറി; കർഷക കുടുംബങ്ങൾ നിരന്തരമായ കടക്കെണിയിലായി; കർഷകർക്കും ദിവസ വേതന തൊഴിലാളികൾക്കുമിടയിൽ ആത്മഹത്യ പ്രവണത രൂക്ഷമാണ്. നവ ഉദാരവൽക്കരണ മുതലാളിത്തത്തിനുകീഴിലെ കാർഷിക പ്രതിസന്ധിമൂലം ക്രൂരമായ പാപ്പരീകരണത്തിന്, കന്നുകാലികളും കൃഷിഭൂമിയും നഷ്ടമായി കടക്കെണിയിൽ അകപ്പെടലിന് വിധേയരാകുന്ന കർഷകജനസാമാന്യം അനുദിനം വർദ്ധിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രവാഹത്തിൽ ലയിച്ചു ചേരാൻ ( അവരുടെ എണ്ണം 23 കോടി കവിഞ്ഞു) നിർബന്ധിതരാകുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ വർഗ വിഭാഗമാണിത്.

കാർഷികോൽപ്പന്ന ഇറക്കുമതിയുടെ വേലിയേറ്റത്തിനും, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും, കാർഷിക മേഖലയിൽ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ കടന്നുകയറ്റത്തിനും വഴിയൊരുക്കിയ കുപ്രസിദ്ധമായ, 1999–2004 ലെ ദേശീയ ജനാധിപത്യ മുന്നണി (എൻഡിഎ) നയിച്ച വാജ്പേയി സർക്കാർ കാർഷിക പ്രതിസന്ധി അതീവ രൂക്ഷമാക്കി. ഈ ഘട്ടത്തിലാണ് മഹാരാഷ്ട്രയിലെ വിദർഭ, കേരളത്തിലെ വയനാട്, ആന്ധ്രപ്രദേശിലെ അനന്തപൂർ തുടങ്ങിയ പ്രത്യേക മേഖലകളിലും മദ്ധ്യപ്രദേശ് , പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും കടക്കെണിയും കർഷക ആത്മഹത്യകളും വ്യാപകമായത്. അതിനെതുടർന്ന് കർഷകർക്കിടയിൽ ഉയർന്നുവന്ന രോഷവും സംഘർഷങ്ങളും സ്വാഭാവികമായും വിപുലമായ കർഷകഐക്യത്തിനും പ്രാദേശികവും രാജ്യവ്യാപകവുമായ നിരന്തര കർഷക പ്രക്ഷോഭങ്ങൾക്കും ഇടയാക്കി; അഖിലേന്ത്യാ തലത്തിൽ സർക്കാരുകളെ ഇല്ലാതാക്കാനും ഉണ്ടാക്കാനും ശേഷിയുള്ള, ഏറ്റവും നീറുന്ന രാഷ്ട്രീയ പ്രശ്നമായി കാർഷിക പ്രതിസന്ധി മാറി; ഇന്നും അങ്ങനെ തുടരുന്നു.

രാജ്യത്താകെ കർഷകരിലും ഗ്രാമീണജനങ്ങളിലും വളർന്നുവന്ന അസംതൃപ്തിയും അശാന്തിയുമാണ് 2004 ൽ വാജ്പേയി സർക്കാറിന്റെ ദയനീയ പരാജയത്തിന് മുഖ്യകാരണം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ലോക്-സഭയിലേക്ക് 64 ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗങ്ങൾ വിജയിച്ചു; അവരുടെ പിന്തുണയോടെ കോമൺമിനിമം പരിപാടി അടിസ്ഥാനമാക്കി ഒന്നാം ഐക്യ പുരോഗമന മുന്നണി (യുപിഎ 1) സർക്കാർ അധികാരത്തിലെത്തി. കാർഷിക പ്രതിസന്ധി നേരിടാനായി എം എസ് സ്വാമിനാഥൻ അദ്ധ്യക്ഷനായി ദേശീയ കാർഷിക കമീഷൻ രൂപീകരണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം, വനാവകാശ നിയമം, 70000 കോടി രൂപയുടെ കടാശ്വാസം എന്നീ നടപടികൾ ഒന്നാം യുപിഎ സർക്കാർ സ്വീകരിച്ചു.

ചുരുങ്ങിയത്, എല്ലാ വിളകൾക്കും ഉല്പാദന ചെലവിന്റെ ഒന്നര മടങ്ങ് അധികം സി 2 + 50% താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുക എന്ന നിർദേശം 2006 ൽ ദേശീയ കർഷക കമീഷൻ ശുപാർശ ചെയ്തു. എന്നാൽ മുന്നണിയെ നയിച്ചിരുന്ന മുഖ്യ ഭരണവർഗ പാർട്ടികളിലെ സാർവദേശീയ ധനമൂലധന കുത്തക മൂലധന ശക്തികളുടെ കടുത്ത നിയന്ത്രണംമൂലം 2014 വരെ അധികാരത്തിൽ തുടർന്ന ഒന്നും രണ്ടും യുപിഎ സർക്കാറുകൾ നിർണായകപ്രാധാന്യമുള്ള ഈ നിർദേശം നടപ്പാക്കിയില്ല. തികച്ചും ജനവിരുദ്ധമായി, ബാങ്ക്–ഇൻഷൂറൻസ് സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണം റദ്ദാക്കൽ ഉൾപ്പെടെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ നടപ്പാക്കി; അതിനെതിരെ കർഷക സംഘടനകൾ, ട്രേഡ് യൂണിയനുകൾ , ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്നിവ പാർലമെന്റിനകത്തും പുറത്തും ശക്തമായി പ്രതിഷേധിച്ചു. വിവിധ സർക്കാർ പദ്ധതികളിൽനടന്ന വ്യാപകമായ കോർപ്പറേറ്റ് അഴിമതിയിൽ രണ്ടാം യുപിഎ 2 സർക്കാർ മുങ്ങിത്താഴ്ന്നു.

സി2 + 50% നിരക്കിൽ കർഷകരുടെ വിളകൾക്ക് ചുരുങ്ങിയ താങ്ങുവില നടപ്പാക്കും, പ്രതിവർഷം 2 കോടി തൊഴിൽ ലഭ്യമാക്കും എന്നീ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയാണ് 2014ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. കാർഷിക പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിലടക്കം രാജ്യത്താകെയുള്ള കർഷക– ഗ്രാമീണ ജനവിഭാഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്താൻ അതവരെ സഹായിച്ചു. എന്നാൽ, പറഞ്ഞതിന് നേർവിപരീതമായി, കഴിഞ്ഞ 8 വർഷത്തെ ഭരണത്തിൽ താങ്ങുവില @ സി2+50% എന്ന ഫോർമുല നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കിയില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് നിലവിൽ രാജ്യം നേരിടുന്നത്. മുഖ്യ ഭരണവർഗ പാർട്ടിയായി മാറിയ ബിജെപി–ആർഎസ്എസ് നേതൃത്വം സാർവദേശീയ ധന മൂലധന കുത്തക മൂലധന ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കി നവഉദാരവൽക്കരണ പരിഷ്–കാരങ്ങൾ തീവ്രമാക്കുകയാണ്.

ഈ നയങ്ങൾ കർഷകരുടെ പാപ്പരീകരണവും ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്കുള്ള തൊഴിലാളി കുടിയേറ്റവും കൂടുതൽ രൂക്ഷമാക്കുന്നു. ആസൂത്രണ പ്രക്രിയ തന്നെ ഇല്ലാതാക്കി സമ്പദ്ഘടനയുടെ എല്ലാ തലങ്ങളിലും കോർപ്പറേറ്റ് നിയന്ത്രണം ഉറപ്പാക്കുന്നു; പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നു. കാർഷിക മേഖലയിൽ കോർപ്പറേറ്റ് മേധാവിത്വം സ്ഥാപിക്കാൻ പാർലമെന്റിൽ ചർച്ച നടത്താൻ അനുവദിക്കാതെ 3 കാർഷിക നിയമങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചു. ആഗോള ദാരിദ്ര്യ സൂചികയിൽ 2014 ൽ 56– മത് സ്ഥാനമായിരുന്ന ഇന്ത്യ 2021 ൽ 107 –ാമത് സ്ഥാനത്തേക്ക് കുത്തനെ വീണു. മിനിമം വേതനം, തൊഴിൽ സുരക്ഷിതത്വം, സംഘടിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുന്ന 4 ലേബർ കോഡുകൾ നിയമമാക്കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിച്ചുരുക്കുകയും 2023–24 ബജറ്റിൽ മാത്രം 30000 കോടി രൂപ കുറയ്ക്കകയും ചെയ്തു. 100 ദിനത്തിന് പകരം 42 ദിവസമാണ് തൊഴിൽ ലഭ്യമാക്കിയത്; പണപ്പെരുപ്പം പരിഗണിച്ചാൽ തുച്ഛമായ കൂലിയാണ് ലഭ്യമാക്കുന്നത്. ദരിദ്രർക്കെതിരായ ആക്രമണം ശക്തമാണ്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം 5 കിലോ വീതം അരിയും ഗോതമ്പും യഥാക്രമം 2 രൂപ, 3 രൂപ സബ്സിഡി നിരക്കിൽ വിതരണം ചെയ്തുവന്നത് 2023 ജനുവരി 1 മുതൽ റദ്ദാക്കി. ഭക്ഷ്യ സുരക്ഷയ്ക്ക് നൽകിവന്ന തുകയിൽ 2023–24 ബജറ്റിൽ 90000 കോടി രൂപ വെട്ടികുറച്ചത് ദാരിദ്ര്യവും പട്ടിണിമരണങ്ങളും ഇനിയും വർദ്ധിപ്പിക്കും.

നവഉദാരവൽക്കരണ നയങ്ങളെ ചെറുക്കാനും യൂണിയൻ സർക്കാറിന് തിരിച്ചടി നല്കാനും തൊഴിലാളികർഷക ഐക്യം രൂപപ്പെടുന്നത് ഈ കാലയളവിലാണ്. അഖിലേന്ത്യാ കിസാൻ സഭ, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ എന്നിവ സ്വതന്ത്രമായും സംയുക്തമായും ഇക്കാലയളവിൽ നിരന്തരം പ്രക്ഷോഭങ്ങൾ നടത്തി. ഭൂമി അധികാർ ആന്തോളൻ, അഖിലേന്ത്യാ കർഷക സംഘർഷ സമന്വയ സമിതി, സംയുക്ത കിസാൻ മോർച്ച എന്നീ പ്രശ്നാധിഷ്ഠിത കൂട്ടുസമരവേദികൾ രൂപപ്പെടുത്തി. മഹാരാഷ്ട്രയിലെ കിസാൻ ലോങ് മാർച്ച് ലോകത്തെങ്ങുമുള്ള മനുഷ്യരുടെ ഹൃദയം സ്പർശിച്ചു. 2018 സെപ്റ്റംബർ 5 ന് ഡൽഹിയിൽചേർന്ന രണ്ടുലക്ഷത്തിലേറെ പേർ അണിനിരന്ന ആദ്യ തൊഴിലാളി കർഷക സംഘർഷ് റാലി തൊഴിലാളികൾക്കും കർഷകർക്കും ആത്മവിശ്വാസം നല്കിയ നിർണായക സമരമായിരുന്നു. കഴിഞ്ഞ മൂന്നു ദശകക്കാലത്ത് നവ ഉദാരവൽക്കരണ ശക്തികൾക്ക് ആഘാതമേൽപ്പിച്ച നിർണ്ണായക സംഭവവികാസമാണ് ഐക്യ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സജീവ പിന്തുണയോടെ സംയുക്ത കർഷക പ്രക്ഷോഭം 3 കാർഷിക നിയമങ്ങൾ പിൻവലിപ്പിച്ചു നേടിയ ഐതിഹാസിക വിജയം. മതപരമായ വർഗീയ വിഭാഗീയതയും അമിതാധികാരവും ഉപയോഗിച്ച് ബിജെപി – ആർഎസ്എസ് കൂട്ടുകെട്ടും നരേന്ദ്ര മോദി സർക്കാരും ജനങ്ങളെ കടന്നാക്രമിക്കുന്ന നിർണായക ഘട്ടത്തിൽ കർഷകരും തൊഴിലാളികളും നേടിയ ഈ സമരവിജയം ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ വൻ രാഷ്ട്രീയപ്രാധാന്യമുള്ളതാണ്.

എന്നാൽ, ലോക മുതലാളിത്ത വ്യവസ്ഥ നേരിടുന്ന മൂന്നാമത്തെ വ്യവസ്ഥാ പ്രതിസന്ധിയാണ് നിലവിലുള്ള സാർവദേശീയ രാഷ്ട്രീയ പരിതസ്ഥിതിയിൽ രാഷ്ട്രീയമായി ഏറ്റവും പ്രാധാന്യമുള്ള ഘടകം. 1930 കളിലെ രണ്ടാം വ്യവസ്ഥാ പ്രതിസന്ധിയുടെ ആദ്യ രണ്ട് ദശകക്കാലത്തിനുള്ളിൽ, അദ്ധ്വാനിക്കുന്ന വർഗവിഭാഗങ്ങളുടെ നേതൃത്വത്തിൽനടന്ന നിരന്തരമായ ഐക്യസമരങ്ങളുടെ ഫലമായി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ, ചൈന 1949 ലും ഇന്ത്യ 1947 ലും സ്വതന്ത്രമായി. അന്നത്തെ സാമ്രാജ്യത്വ ലോകക്രമമായിരുന്ന കോളനി വ്യവസ്ഥ തന്നെ ഇല്ലാതായി. മൂന്നാം വ്യവസ്ഥാ പ്രതിസന്ധി സാമ്രാജ്യത്വ നവ ഉദാരവൽക്കരണ ലോകക്രമത്തെത്തന്നെ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്താകെ, പ്രത്യേകിച്ചും വികസിത മുതലാളിത്ത രാജ്യങ്ങളിൽ തൊഴിലാളി – കർഷക പ്രക്ഷോഭങ്ങൾ രൂക്ഷമാകുന്നു. ലോകത്താകെയുള്ള തൊഴിലാളി വർഗവും അദ്ധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളും നവ ഉദാരവൽകൃത ലോകക്രമത്തെ ചോദ്യം ചെയ്യുകയാണ്; ശക്തമായി അതിനോട് ഏറ്റുമുട്ടുകയാണ്.

ഈ പശ്ചാത്തലത്തിലാണ് 2023 ഏപ്രിൽ 5ന് രണ്ടാം തൊഴിലാളികർഷക സംഘർഷ് റാലി നടക്കുന്നത്. സാർവദേശീയ ധനമൂലധന കുത്തക മൂലധന കൂട്ടുകെട്ടിനു കീഴിൽ നരേന്ദ്ര മോഡി സർക്കാർ വാശിയോടെ നടപ്പാക്കുന്ന, ജനങ്ങളുടെ തകർച്ചയിലേക്കും നാശത്തിലേക്കുമുള്ള ഉദാരവൽക്കരണ വികസന പാത തിരുത്തണം; കാർഷിക മേഖലയെ കോർപ്പറേറ്റുവൽക്കരിക്കുന്നത് എന്തുവിലകൊടുത്തും തടയണം; കാർഷിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ ബദൽ നയമായി സഹകരണ കൃഷി – കൂട്ടു കൃഷി വികസിപ്പിക്കണം; കാർഷിക വ്യവസായങ്ങളും വിപണിയും ഉല്പാദക സഹകരണ സംഘങ്ങളുടെ കീഴിൽ സ്ഥാപിക്കണം; തൊഴിലാളികളും കർഷകരും അവരുടെ വിയർപ്പും ചോരയും ഒഴുക്കി ഉണ്ടാക്കുന്ന മിച്ചം തിരിച്ചുപിടിച്ച് യഥാക്രമം മിനിമം വേതനവും മിനിമം താങ്ങുവിലയുമായി നിയമം മുഖേന ഉറപ്പുവരുത്താൻ ഈ ബദൽ നയം അനിവാര്യമാണ്. അതോടൊപ്പം റാലിയുടെ മുഖ്യ മുദ്രാവാക്യങ്ങളിൽ പ്രധാനമാണ് 4 ലേബർ കോഡുകൾ പിൻവലിക്കൽ, കടം റദ്ദാക്കൽ, 5000 രൂപ പ്രതിമാസ പെൻഷൻ, സാർവത്രിക പൊതുവിതരണ വ്യവസ്ഥയിലൂടെ ഭക്ഷ്യ സുരക്ഷ, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും എന്നിവ.

2021ൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ തുടർ വിജയം അഖിലേന്ത്യാതലത്തിൽ തൊഴിലാളി കർഷക വർഗങ്ങൾ നേടിയ നിർണായക രാഷ്ട്രീയ നേട്ടമാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന മിനിമം വേതനവും (പ്രതിദിനം 830 രൂപ) നെൽ കർഷകർക്ക് ഏറ്റവും ഉയർന്ന താങ്ങുവിലയും (ക്വിന്റലിന് 2840 രൂപ) ലഭ്യമാക്കുന്നതിൽ ഇടതുപക്ഷ ജനാധിപത്യ നയങ്ങൾ നിർണ്ണായകമാണ്. കേരളത്തിന് അർഹമായി ലഭിക്കേണ്ട ധനവിഹിതം നിഷേധിച്ചും വികസന പദ്ധതികൾ തടസ്സപ്പെടുത്തിയും ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ കഴുത്തുഞെരിക്കാനാണ് ബിജെപി–ആർ എസ്എസ് ശ്രമം. രാജ്യത്താകെയുള്ള തൊഴിലാളി കർഷക ജനവിഭാഗങ്ങൾ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം ബിജെപി – ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ രാജ്യത്താകെ ഉയർന്നുവരേണ്ട ബഹുജന ഐക്യമുന്നണിയുടെ നേതൃപദവിയിലേക്ക് ഇടതുപക്ഷ ജനാധിപത്യ ശക്തികൾ തൊഴിലാളികർഷക ജനവിഭാഗങ്ങളുടെ സക്രിയമായ പിന്തുണയോടെ ഉയർന്നുവരേണ്ടത് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മേൽ സാർവദേശീയ മൂലധന, കുത്തക മൂലധന ശക്തികളുടെ മേധാവിത്വം ഇല്ലാതാക്കാനുള്ള സമരം വിജയിക്കാനും, ഇന്ത്യയുടെ ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കാനും അനിവാര്യമാണ്.

വർഗ സമരങ്ങൾ ശക്തിപ്പെടുത്താനും തിരഞ്ഞെടുപ്പ് മുന്നണി എന്നതിനേക്കാൾ ബഹുജനങ്ങളുടെ ജീവിതോപാധികൾ സംരക്ഷിക്കാനും നേടിയെടുക്കാനുമുള്ള വർഗസമര മുന്നണി എന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിലും രാജ്യത്താകെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിൽ 2023 ഏപ്രിൽ 5 ന് നടക്കുന്ന രണ്ടാം തൊഴിലാളി കർഷക സംഘർഷ റാലിക്കും അത് ആഹ്വാനംചെയ്യുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കും അതീവ പ്രാധാന്യമുള്ളതാണ്. സാമ്രാജ്യത്വ നവഉദാരവൽക്കരണ ലോകക്രമത്തെ ഇല്ലാതാക്കാനും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ യഥാർഥ സ്വാതന്ത്ര്യത്തിലേക്ക് മുന്നേറാനും ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന വർഗവിഭാഗങ്ങളെയും ജനങ്ങളെയാകെയും പ്രാപ്തരാക്കാനുള്ള മൂർത്തമായ രാഷ്ട്രീയ കാഴ്ചപ്പാടാണത്. തൊഴിലാളികളുടെയും കർഷകരുടെയും ഐക്യസമരവേദികളായ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയും സംയുക്ത കിസാൻ മോർച്ചയും നരേന്ദ്ര മോഡി സർക്കാരിന്റെ കോർപ്പറേറ്റനുകൂല നയങ്ങളെ പിൻവലിപ്പിക്കാനുള്ള പ്രക്ഷോഭ പരിപാടികൾക്കു ഇതിനകംതന്നെ ആഹ്വാനം നല്കി. കൂടുതൽ മൂർത്തമായ സമരങ്ങൾക്ക് വഴിതുറക്കാനായി 2023 ഏപ്രിൽ 5 ന്റെ ജനകീയ പ്രക്ഷോഭം ഐതിഹാസികമാക്കാൻ നമുക്കെല്ലാവർക്കും കൈകോർക്കാം – കഠിനമായി അദ്ധ്വാനിക്കാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 14 =

Most Popular