Wednesday, December 4, 2024

ad

Homeവിശകലനംറബ്ബറിന്റെ രാഷ്‌ട്രീയവും കൃഷിക്കാരുടെ തീരാദുരിതവും

റബ്ബറിന്റെ രാഷ്‌ട്രീയവും കൃഷിക്കാരുടെ തീരാദുരിതവും

പ്രൊഫ. കെ എൻ ഹരിലാൽ

ബിഷപ്പ്‌ പാംപ്ലാനിയുടെ ‘റബ്ബർ വില മുന്നൂറു രൂപയാക്കിത്തന്നാൽ ബിജെപിയ്ക്കു കേരളത്തിൽനിന്നും പാർലമെന്റംഗത്തെ തരാം’ എന്ന മട്ടിലുണ്ടായ പ്രസ്‌താവന വിപുലമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ബിജെപി ഇതര രാഷ്‌ട്രീയ പാർട്ടികളും ഒട്ടേറെ സഭാവിശ്വാസികളും ബിഷപ്പിന്റെ പ്രസ്‌താവനയ്‌ക്കു പിന്നിലെ സങ്കുചിത രാഷ്‌ട്രീയത്തെ അപലപിക്കുകയുണ്ടായി. പക്ഷേ, കക്ഷിരാഷ്‌ട്രീയ തർക്കങ്ങൾക്കപ്പുറം കൃഷിക്കാർ നേരിടുന്ന നിലനിൽപിന്റെ പ്രശ്‌നം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. റബ്ബർ കൃഷിയെയും കൃഷിക്കാരെയും തൊഴിലാളികളെയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന മറ്റുള്ളവരെയും ഇപ്പോൾ അവർ നേരിടുന്ന പ്രതിസന്ധിയിൽനിന്നും രക്ഷിക്കാനുള്ള മാർഗം കണ്ടെത്തിയെ മതിയാവൂ. അത്തരമൊരു സംവാദത്തിൽ പങ്കെടുക്കാനും പ്രശ്‌നപരിഹാരത്തിന‍് യത്‌നിക്കുന്നവരോടൊപ്പം കൂടാനും ബഹുമാനപ്പെട്ട ബിഷപ്പും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും റബ്ബർ മേഖലയുടെ മറ്റ്‌ അഭ്യുദയകാംക്ഷികളും തയ്യാറാവുകയാണ്‌ വേണ്ടത്‌.

റബ്ബർ മേഖലയിലെ പ്രതിസന്ധിയുടെ പരിഹാരം അന്വേഷിക്കുന്നതിനു മുൻപ്‌ ഇന്നത്തെ തകർച്ചയുടെ കാരണം കണ്ടെത്തേണ്ടതുണ്ട്‌. ഒപ്പം പ്രതിസന്ധിക്ക്‌ കാരണക്കാരായവരേയും തിരിച്ചറിയേണ്ടതുണ്ട്‌. പ്രതിസന്ധിയുടെ കാരണങ്ങളെയും കാരണക്കാരേയും കാണാതെയുള്ള ചർച്ച സത്യമാർഗത്തിലുള്ളതാണെന്നു കാണാനാവില്ല. അത്തരം വിവാദങ്ങൾ യഥാർത്ഥത്തിൽ സദുദ്ദേശ്യപരമല്ല എന്ന് ജനങ്ങൾ സംശയിച്ചാൽ തെറ്റു പറയാനാവില്ല.

പ്രതിസന്ധിയുടെ കാരണവും കാരണക്കാരും
റബ്ബറിന് ഒരു നല്ല കാലം ഉണ്ടായിരുന്നു എന്നത്‌ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌. റബ്ബർ കൃഷിയുടെ വ്യാപനം, ഉത്‌പാദനത്തിലെയും ഉൽപാദനക്ഷമതയിലെയും അസൂയാവഹമായ വളർച്ച, കൃഷിക്കാരുടെയും തൊഴിലാളികളുടെയും വരുമാനത്തിലുണ്ടായ ക്രമമായ വർധനവ്‌, റബ്ബർ അധിഷ്‌ഠിത വ്യവസായങ്ങളുടെ വളർച്ച തുടങ്ങിയവയെല്ലാം ആ നല്ല കാലത്തിന്റെ പ്രത്യേകതകളായിരുന്നു.

ഇന്ത്യയുടെ റബ്ബർ മേഖലയിൽ 1990കളുടെ തുടക്കംവരെ നിലനിന്നിരുന്ന ആ നല്ല കാലത്തിനു കാരണം എന്തായിരുന്നു എന്നതും എല്ലാവർക്കും വ്യക്തമാണ്‌. ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കാനാവശ്യമായ എല്ലാ ഒത്താശയും റബ്ബർ ബോർഡും കേന്ദ്ര സർക്കാരും ചെയ്‌തിരുന്നു. വിവിധയിനം സബ്‌സിഡികളും സാങ്കേതിക സഹായവും പിന്തുണയുമെല്ലാം ഇതിൽപെടും. അതിലെല്ലാമുപരി ന്യായവില ഉറപ്പാക്കാൻ റബ്ബർ ബോർഡും കേന്ദ്ര സർക്കാരും കാണിച്ചിരുന്ന ജാഗ്രതയും പ്രധാനമാണ്‌. അതിനുവേണ്ടി ഇറക്കുമതി നിയന്ത്രിക്കാനും സർക്കാർ സദാ സന്നദ്ധമായിരുന്നു.

സ്വാതന്ത്ര്യാനന്തരം ആദ്യത്തെ മൂന്നു ദശാബ്‌ദങ്ങളോളം വലിയ വിജയമായി പ്രവർത്തിച്ചിരുന്ന അന്നത്തെ നയസമീപനം എങ്ങനെ മാറി എന്നും റബ്ബർ കൃഷിക്കാർക്ക്‌ നന്നായറിയാം. കേന്ദ്ര സർക്കാർ നെഹ്‌റുവിയൻ നയങ്ങൾ ഉപേക്ഷിച്ച് നവഉദാരവത്‌കരണനയങ്ങൾ നടപ്പാക്കാനാരംഭിച്ചതാണ്‌ അപകടത്തിനു തുടക്കമിട്ടത്‌. കമ്പോളത്തിൽ സർക്കാർ ഇടപെടുന്നതിനും, കൃഷിക്കാർക്ക്‌ ന്യായവില ഉറപ്പാക്കുന്നതിനും സബ്‌സിഡി നൽകുന്നതിനും എതിരായ പ്രചാരവേല അന്നു തുടങ്ങിയതാണ്‌. അധികം താമസിയാതെ തൊണ്ണൂറുകളുടെ മധ്യത്തിൽ ഇന്ത്യ ലോകവ്യാപാരക്കരാറിൽ ഒപ്പിട്ടു. റബ്ബറിനെ കാർഷികോൽപന്നമായി പരിഗണിക്കാതെയാണ്‌ പ്രസ്‌തുത കരാർ അംഗീകരിച്ചത്‌. മറ്റു കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇരുനൂറും, മുന്നൂറും ശതമാനം വരെ ഉയർത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യ കണക്കുപറഞ്ഞ്‌ നേടിയെടുത്തു. റബ്ബർ ഷീറ്റിന്റെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ 25 ശതമാനത്തിലപ്പുറം ഉയർത്തില്ല എന്ന വ്യവസ്‌ഥയും ലോകവ്യാപാര ഉടമ്പടിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. ഇന്ത്യയിലേക്കുള്ള റബ്ബർ ഇറക്കുമതി ഉയരാനും വിലയിടിയാനും ഇത്‌ കാരണമായി.

റബ്ബർ കൃഷിക്കാരുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്‌ 2010ലെ ഇന്ത്യ –- ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാറാണ്‌. ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമാണ്‌ ലോകത്തെ ഏറ്റവും പ്രധാന റബ്ബർ ഉൽപാദക രാജ്യങ്ങൾ. ഈ രാജ്യങ്ങൾ തമ്മിൽ ആഗോളവിപണിയിൽ മാത്രമല്ല, പരസ്‌പരവും മത്സരിക്കുന്ന സാഹചര്യമാണ്‌ പുതിയ കരാറിലൂടെ സൃഷ്‌ടിക്കപ്പെട്ടത്‌. റബ്ബർ ഷീറ്റ്‌ ഒഴിച്ചുനിർത്തിയാൽ ഏതാണ്ടെല്ലാ റബ്ബർ അധിഷ്‌ഠിത ഉൽപന്നങ്ങളും ആസിയാൻ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്‌ സ്വതന്ത്രമായി ഇറക്കുമതി ചെയ്യാവുന്ന സ്‌ഥിതിയാണ്‌ ഇപ്പോൾ ഇതുമൂലം ഉണ്ടായിരിക്കുന്നത്‌. കയറ്റുമതിക്കാർക്കു നൽകുന്ന സൗജന്യം ഉപയോഗിച്ച് റബ്ബർ ഷീറ്റു തീരുവ നൽകാതെ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്‌.

ഐശ്വര്യപൂർണമായി പ്രവർത്തിച്ചിരുന്ന റബ്ബർമേഖലയെ ഉദാരവൽക്കരണ നയങ്ങൾ, ലോകവ്യാപാര ഉടമ്പടി, ഇന്ത്യ –-ആസിയാൻ കരാർ എന്നിവയിലൂടെ മുട്ടുകുത്തിച്ച്‌ തകർത്തത്‌ യുപിഎയും അന്നത്തെ കോൺഗ്രസ‍് ഗവൺമെന്റുകളുമാണ്‌. പ്രസ്‌തുത നയങ്ങൾ വർധിതവീര്യത്തോടെ തുടരുകയാണ്‌ ബിജെപി സർക്കാർ ചെയ്യുന്നത്‌. കേരളത്തിലെ റബ്ബർ കൃഷിക്കാർക്ക് ഇതിനോടകം പതിനായിരക്കണക്കിനു കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയവർ ഇപ്പോഴും ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ നാട്ടിൽ സ്വതന്ത്രമായി വിലസുകയാണ്‌. ഇവരുടെ തെറ്റായ നയങ്ങളുടെ ഫലമായി ഓരോ റബ്ബർ കർഷക കുടുംബത്തിനും ലക്ഷക്കണക്കിനു രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ട്‌. റബ്ബർ കൃഷിക്കാർക്ക്‌ ഇത്രയും വലിയ നഷ്‌ടം ഉണ്ടാക്കിയവർ അവരുടെ തെറ്റ് ഏറ്റുപറയാൻ തയ്യാറാവേണ്ടതല്ലേ? അവരെക്കൊണ്ട്‌ അത്‌ ഏറ്റു പറയിപ്പിക്കാൻ ബിഷപ്പും കൂട്ടരും തയ്യാറാവുമോ? നഷ്‌ടത്തിന്റെ ഉത്തരവാദിത്വം തീരുമാനിക്കുന്നതിനു വലിയ പ്രാധാന്യമുണ്ട്‌. തെറ്റായ നയങ്ങളെ തള്ളിപ്പറയാൻ ഇരകളും അവരെ വേട്ടയാടിയവരും തയ്യാറായാൽ മാത്രമേ ഭാവിയിൽ ഒരു നയംമാറ്റം ഉണ്ടാവും എന്നു പ്രതീക്ഷിക്കാനാവൂ. റബ്ബർ മേഖലയിൽ തങ്ങൾ ഇതുവരെ ചെയ്‌തതെല്ലാം ശരിയായിരുന്നു എന്നു ശഠിക്കുന്നവരിൽനിന്നും ഭാവിയിൽ എന്തെങ്കിലും നന്മ ഉണ്ടാവും എന്നു കരുതാനാവില്ല. ഇന്ത്യൻ പാർലമെന്റിലും കേന്ദ്ര ക്യാബിനറ്റിലും കേന്ദ്ര ഭരണകക്ഷിയുടെ നയരൂപീകരണ സമിതികളിലും കേരളത്തിനു നല്ല പ്രാതിനിധ്യം ഉണ്ടായിരുന്ന കാലത്താണ്‌ റബ്ബർ കൃഷിക്കാർ വഞ്ചിക്കപ്പെട്ടത്‌ എന്നത് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്‌. സംസ്‌ഥാന സർക്കാർ റബ്ബർ കൃഷിക്കാർക്ക്‌ നൽകുന്ന വിലസ്‌ഥിരതാ സഹായത്തെക്കുറിച്ച് ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്‌. നിലവിലെ ചട്ടങ്ങളനുസരിച്ച്‌ വാണിജ്യ വിളയായ റബ്ബർ കേന്ദ്രസർക്കാരിന്റെ വാണിജ്യ വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലാണുള്ളത്‌. റബ്ബറിന്റെ കാര്യത്തിൽ ഇടപെടാനുള്ള അധികാരം യഥാർത്ഥത്തിൽ സംസ്‌ഥാനത്തിനില്ല.

എന്താണ്‌ പരിഹാരം?
ഇനി പ്രശ്‌നപരിഹാരത്തിലേക്കു വന്നാൽ ഇറക്കുമതി തീരുവകൾ ഉയർത്തി ഇന്ത്യൻ വിപണിയിലെ വിലകൾ ഉയർത്തിനിർത്താം എന്ന പ്രതീക്ഷ അസ്‌ഥാനത്താണ്‌. ആഗോളവൽക്കരണം അത്രമാത്രം മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നു. സ്വാഭാവിക റബ്ബറിന്റെ വിലകൾ തുടർച്ചയായി കുറയുന്ന സാഹചര്യമാണ്‌ ആഗോളവിപണിയിലുള്ളത്‌. കുറഞ്ഞ വിലയ്‌ക്ക്‌ അന്തർദേശീയ വിപണിയിൽ ലഭ്യമാവുന്ന റബ്ബറിന്റെയും റബ്ബറുൽപന്നങ്ങളുടെയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിയന്ത്രിക്കാനുള്ള അധികാരം ഇപ്പോൾ നമുക്കില്ല എന്നതാണ്‌ വാസ്‌തവം. റബ്ബർഷീറ്റിന്റെ ഇറക്കുമതി തീരുവ ലോക വ്യാപാര സംഘടനയുടെ ബൗണ്ട്റേറ്റായ 25 ശതമാനത്തിനപ്പുറം ഉയർത്താനാവില്ല. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള കോമ്പൗണ്ട്‌ റബ്ബർ അടക്കമുള്ള ഉത്‌പന്നങ്ങളുടെ ഇറക്കുമതി ഏതാണ്ട്‌ പൂർണമായും സൗജന്യമാണ്‌; കസ്റ്റംസ്‌ തീരുവ നൽകാതെതന്നെ ഇറക്കുമതി ചെയ്യാം. യഥാർഥത്തിൽ ഇറക്കുമതി നിയന്ത്രിക്കുന്നതിനു വേറെയും തടസ്സങ്ങളുണ്ട്‌. ഒന്ന്‌, മുൻകാലത്തുനിന്ന്‌ വ്യത്യസ്‌തമായി ഇപ്പോൾ ആഭ്യന്തര ഉപഭോഗത്തിനാവശ്യമായതിന്റെ പകുതി റബ്ബർപോലും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നില്ല. ഉപഭോഗവും ഉത്‌പാദനവും തമ്മിലുള്ള വിടവ്‌ നികത്താൻ ഇറക്കുമതി അനുവദിച്ചേമതിയാവൂ. രണ്ട്‌, ഇറക്കുമതി നിയന്ത്രിച്ച് സ്വാഭാവിക റബ്ബറിന്റെ ലഭ്യത കുറയുകയോ വില ഉയരുകയോ ചെയ്‌താൽ ഇന്ത്യയിലെ റബ്ബർ അധിഷ്‌ഠിത ഉത്‌പന്നങ്ങളുടെ മത്സരക്ഷമതകുറയും. ആ രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കും. റബ്ബർ വ്യവസായികളുടെ ലോബി സ്വതന്ത്ര ഇറക്കുമതിക്കായി ശബ്ദമുയർത്തും.

അതുകൊണ്ട്‌ ഒരു കാര്യം വ്യക്തമാണ്‌: അന്തർദേശീയ വിപണിയിൽ സ്വാഭാവിക റബ്ബറിന്റെ വില ഇടിഞ്ഞു തകരുന്ന സാഹചര്യം ഒഴിവാക്കണം. സ്വാഭാവിക റബ്ബറിന്റെ വില തീരുമാനിക്കപ്പെടുന്നത്‌ ഇപ്പോൾ അന്തർദേശീയ വിപണിയിലാണ്‌. ഏതെങ്കിലും ഒരു രാജ്യത്ത്‌ മാത്രമായി വില ഉയർത്താനോ കുറയ്ക്കാനോ കഴിയില്ല. വിലകളിലെ അത്തരം പ്രദേശവ്യത്യാസം വ്യാപാരത്തിലൂടെ ഇല്ലാതാക്കപ്പെടും. കോട്ടയം കമ്പോളത്തിൽ വില ഉയർന്നാൽ ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്ക് ഇറക്കുമതി ഉണ്ടാവും. ഇറക്കുമതി ഉണ്ടാവും എന്ന സാധ്യത നിലനിൽക്കുന്നിടത്തോളം ഒരു കമ്പോളത്തിൽ മാത്രമായി വിലകൾക്ക് ഉയർന്നു നിൽക്കാനാവില്ല. അതുകൊണ്ട്‌ ഒരു രാജ്യത്തെ ഉത്‌പാദനം/ഉപഭോഗം ഡിമാന്റ്‌/സപ്ലെ എന്നിവയല്ല ആ രാജ്യത്തെ വില നിശ്ചയിക്കുക. മറിച്ച് ആഗോള വിപണിയിലെ ഉത്‌പാദനം/ഉപഭോഗം അഥവാ ഡിമാന്റും/സപ്ലേയുമാണ്‌ നിലവിലെ ആഗോളവൽകൃത സാഹചര്യത്തിൽ വിലകൾ നിശ്ചയിക്കുക.

റബ്ബർ വിലകൾ തീരുമാനിക്കപ്പെടുന്ന അന്തർദേശീയ വിപണി തികച്ചും അസന്തുലിതവും അസമവുമാണ്‌. ഈ ആഗോളവിപണിയിലേക്കു ചരക്കെത്തിക്കുന്നത് ലക്ഷോപലക്ഷം വരുന്ന അസംഘടിതരായ ചെറുകിട റബ്ബർ കൃഷിക്കാരാണ്‌. അണുവൽക്കരിക്കപ്പെട്ട റബ്ബർ കൃഷിക്കാർക്കു സപ്ലെ നിയന്ത്രിക്കുന്നതിനോ വിലകളെ സ്വാധീനിക്കുന്നതിനോ ഉള്ള കരുത്തില്ല. ഉത്‌പാദകർ എന്ന നിലയ്‌ക്കുള്ള അവരുടെ ശക്തി ഏകീകരിക്കുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും വേണ്ടി ഒരു ഏജൻസിയും പ്രവർത്തിക്കുന്നില്ല. റബ്ബറുൽപ്പാദകരാജ്യങ്ങളിലെ ഭരണകൂടങ്ങൾ നിസ്സഹായത നടിച്ച് മാറിനിൽക്കുകയാണ്‌. കമ്പോളം നിശ്ചയിക്കുന്ന വില സ്വീകരിച്ച്‌ ഉത്‌പാദനം തുടരാൻ വിധിക്കപ്പെട്ടവരാണ്‌ കൃഷിക്കാർ.

കൃഷിക്കാർ അഥവാ ഉത്‌പാദകർ ഇപ്രകാരം നിസ്സഹായരാണെങ്കിൽ അതിനു നേർവിപരീതമാണ്‌ സ്വാഭാവിക റബ്ബറിന്റെ ഉപഭോക്താക്കളുടെ അവസ്ഥ. സ്വാഭാവിക റബ്ബറിന്റെ ഉപഭോക്താക്കൾ വൻകിട കുത്തക ടയർ കമ്പനികളാണ്‌. റബ്ബറിന്റെ വില ഇടിക്കാൻ അവർ പലതരം തന്ത്രങ്ങളാണ്‌ വിനിയോഗിക്കുന്നത്‌. അതിൽ ഏറ്റവും പ്രധാനം സ്വാഭാവിക റബ്ബറിന്റെ ഉത്‌പാദനം വ്യാപിപ്പിക്കാനും ഉത്‌പാദനക്ഷമത വർധിപ്പിക്കാനുമുള്ള പരിശ്രമമാണ്‌. ലോകബാങ്കിന്റെയും വിവിധ ദേശീയ ഏജൻസികളുടെയും സഹായത്തോടുകൂടി റബ്ബറിന്റെ ഉത്‌പാദനം വർധിപ്പിക്കാൻ അവർ നിരന്തരം കമ്പോളത്തിൽ ഇടപെടുന്നുണ്ട്‌. റബ്ബർ കൃഷി പുതിയ പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ അവർ തുടർച്ചയായി പരിശ്രമിക്കുന്നുണ്ട്. വായ്‌പയും സബ്‌സിഡിയും ഉദാരമായി നൽകി പുതിയ കൃഷിക്കാരെ റബ്ബറിലേക്കു മാറാൻ പ്രേരിപ്പിച്ചു കഴിഞ്ഞാൽ പിന്നീട്‌ വർഷങ്ങളോളം അവർക്കു റബ്ബർ കൃഷി ഉപേക്ഷിച്ചു രക്ഷപ്പെടാനാവില്ല. അവർ ഒരർഥത്തിൽ അടിമ കൃഷിക്കാരായി മാറ്റപ്പെടും. വിപണിയെ നിയന്ത്രിക്കാൻ സിന്തറ്റിക്‌ റബ്ബറിന്റെ ഉപയോഗവും വ്യവസായികൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌. വിപണിയെയും വിലകളെയും ചൊൽപ്പടിക്ക്‌ നിർത്താൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗം സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നതാണ്‌. ഇതിന്റെ ഫലമായി ഓരോ റബ്ബർ കൃഷിക്കാരനും/ഓരോ റബ്ബർ കൃഷി പ്രദേശവും ലോകത്തെ മറ്റെല്ലാ റബ്ബർ കൃഷിക്കാരിൽ നിന്നും മത്സരം നേരിടുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. ഇന്ത്യ–-ആസിയാൻ കരാർ ഇത്തരമൊരു നീക്കമായിരുന്നു എന്നത് പകൽപോലെ വ്യക്തമാണ്‌.

സ്വാഭാവിക റബ്ബറിന്റെ വിപണിയെയും വിലകളെയും സ്വാധീനിക്കാൻ വൻകിട ടയർ കമ്പനികൾ സ്വീകരിക്കുന്ന മറ്റൊരു മാർഗം അവരവരുടെ നിലയ്‌ക്കു കരുതൽ ശേഖരം സൂക്ഷിക്കുക എന്നതാണ്‌. മുൻകാലത്ത്‌ വലിയ കൃഷിക്കാരും, ദേശീയ–-അന്തർദേശീയ ഏജൻസികളും കരുതൽ ശേഖരം സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. വിലയിടിയുമ്പോൾ വിപണിയിലേക്ക്‌ അധികം ചരക്കിറങ്ങാത്ത നിലയിൽ കരുതൽശേഖരം കൂട്ടുന്ന രീതി അവലംബിച്ചിരുന്നു. വില ഉയരുമ്പോൾ കരുതൽശേഖരത്തിൽനിന്നും ആവശ്യക്കാർക്ക്‌ ഉൽപ്പന്നം ലഭ്യമാക്കുകയും ചെയ്യും. ആഗോളവത്കരണത്തിനുശേഷം കൃഷിക്കാർക്കുവേണ്ടി നടത്തിയിരുന്ന ഇത്തരം കമ്പോള ഇടപെടലുകൾ അവസാനിച്ചു. ഇപ്പോൾ കരുതൽശേഖരം സൂക്ഷിക്കുന്നത്‌ വ്യവസായികൾ മാത്രമാണ്‌. അവർ ചരക്കുവരവു കൂടുകയും വില ഇടിയുകയും ചെയ്യുമ്പോൾ കമ്പോളത്തിൽനിന്നും വാങ്ങാൻ തയ്യാറാവാതെ മാറിനിൽക്കും. വില ഇടിക്കാൻ മറ്റു കുത്തകകളുമായി ചേർന്നു കമ്പോളം ബഹിഷ്‌കരിക്കും. വിപണി തകർത്ത്‌ നിലംപൊത്തുമ്പോൾ ചരക്ക്‌ വാങ്ങി കരുതൽശേഖരം സൃഷ്ടിക്കും.

ചില നിർദേശങ്ങൾ
അന്തർദേശീയ വിപണിയുടെ ചലനനിയമങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ പ്രശ്‌നപരിഹാരത്തിനുള്ള വഴിയും തെളിയും. വൻകിട ഉപഭോക്തൃഭീമന്മാരുടെ വിപണിയിലെ ഇടപെടൽ നിയന്ത്രിക്കുക മാത്രമാണ്‌ മാർഗം. അതിന്‌ സ്വാഭാവിക റബ്ബറിന്റെ ഉത്‌പാദകരാജ്യങ്ങളായ ഇന്ത്യയും ആസിയാൻ രാജ്യങ്ങളും മുന്നോട്ടുവരണം. എല്ലാ റബ്ബറുൽപാദക രാജ്യങ്ങളും കൃഷിക്കാരും റബ്ബർ വിപണിയും തകർച്ചയുടെ തിക്തഫലങ്ങൾ അനുഭവിക്കുകയാണ്‌ എന്ന തിരിച്ചറിവുണ്ടാവണം. റബ്ബറിനു ന്യായവില ഉറപ്പാക്കാൻ റബ്ബർ ഉത്‌പാദകരാജ്യങ്ങളിലെ കൃഷിക്കാരുടെ സംഘടനകളും ഗവർമെന്റുകളും ഒരുമിച്ചുവന്നേ മതിയാവൂ. കൂട്ടായി ഏറ്റെടുക്കാവുന്ന ചില നിർദേശങ്ങൾ ചർച്ചയ്‌ക്കായി ഇവിടെ അവതരിപ്പിക്കുകയാണ്‌:

1. സ്വാഭാവിക റബ്ബറിന്റെ അന്തർദേശീയ വിലകൾ ദീർഘകാലമായി ഇടിയുന്നതിന്റെ സാഹചര്യത്തിൽ വൻകിട റബ്ബർവ്യാപന വിപണികൾ ഏറ്റെടുക്കുന്നത്‌ നിർത്തിവയ്‌ക്കുക.

2. വിലകൾ ഇടിയുന്ന സന്ദർഭത്തിൽ സർക്കാർ സഹായം നിലവിലുള്ള കൃഷിക്കാർക്കും തൊഴിലാളികൾക്കുമായി പരിമിതപ്പെടുത്തുക. പുതിയ കൃഷിക്കാരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ മരവിപ്പിക്കുക.

3. റബ്ബർ ഉത്‌പാദകരാജ്യങ്ങൾ സംയുക്തമായി കരുതൽശേഖരം സൂക്ഷിക്കുക. ഓരോ രാജ്യവും ഈ സംയുക്ത കരുതൽശേഖരത്തിന്റെ ഭാഗമായി ചരക്കു സൂക്ഷിക്കുക. കമ്പോള വിലകളിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്ത്‌ സംയുക്തമായി കരുതൽ ശേഖരം മാനേജു ചെയ്യുക.

4. സ്വാഭാവിക റബ്ബറിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിനും പുതിയ ആവശ്യങ്ങളും ഉപയോഗങ്ങളും സൃഷ്ടിക്കുന്നതിനും ആവശ്യമായ ഗവേഷണ–-വ്യാപന പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. എല്ലാ ഉത്‌പാദക രാജ്യങ്ങളും ഈ സംരംഭത്തിൽ പങ്കെടുക്കുക.

5. വിലകൾ വലിയ തോതിൽ ഇടിയുന്ന സന്ദർഭത്തിൽ ഉത്‌പാദകരാജ്യങ്ങൾ സംയുക്തമായി ടാപ്പിങ്‌ അവധി പ്രഖ്യാപിക്കുക. കമ്പോളത്തിലെ ചരക്കിന്റെ വരവും ലഭ്യതയും നിയന്ത്രിച്ചു വിലകളെ സ്വാധീനിക്കുക.

6. റബ്ബർ ഉത്‌പാദക രാജ്യങ്ങൾ തമ്മിലുള്ള റബ്ബർ–-റബ്ബറുത്‌പന്ന വ്യാപാരത്തെ പൊതുതാൽപ്പര്യം മുൻനിർത്തി നിയന്ത്രിക്കുക. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − four =

Most Popular