Saturday, November 23, 2024

ad

Homeഅനുസ്മരണംഇന്നസെന്റിന് വിട

ഇന്നസെന്റിന് വിട

സി പി നാരായണൻ

ന്തരിച്ച ഇന്നസെന്റ്‌ ലോകമെങ്ങുമുള്ള മലയാളികളുടെ സ്‌നേഹ ബഹുമാനങ്ങൾക്ക്‌ പാത്രമായിരുന്നു. അത്‌ സിനിമയിൽ വിവിധ തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ടു മാത്രമായിരുന്നില്ല. സിനിമാരംഗത്തു പ്രവർത്തിക്കുന്നവരുടെയെല്ലാം നേതാവും സഹായിയും വഴികാട്ടിയുമായി ഉയരാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതൊരു മികവുതന്നെ. എന്നാൽ, സിനിമാരംഗത്തെ പ്രാഗാത്ഭ്യം മാത്രമല്ല അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ടവനാക്കിയത്‌. അതിനു പുറത്തും അദ്ദേഹം ജനങ്ങളുടെ ജീവിതപ്രശ്‌ന പരിഹാരത്തിനായി പ്രവർത്തിച്ചു. അതാണ്‌ അദ്ദേഹത്തെ എല്ലാ മലയാളികളുടെയും പ്രിയപ്പെട്ടവനാക്കിയത്‌.

മലയാള സിനിമയിൽ മാത്രമല്ല അദ്ദേഹം അഭിനയിച്ചത്‌. മറ്റു പല ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളിലും അദ്ദേഹം തന്റെ കഴിവു കാണിച്ചു. അഭ്രപാളിക്കപ്പുറം മനുഷ്യരും ജീവിതവുമുണ്ട്‌ എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അതാണ്‌ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്‌. അത് ഇടതുപക്ഷ രാഷ്ട്രീയമാകാനേ കഴിയൂ എന്ന് അദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.


ഇന്നസെന്റ്‌ എന്ന് ഒരാൾക്ക് പേര് വരുന്നത് അസാധാരണമാണ്‌; അപൂർവവും. അനന്യമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ. പഠിക്കാൻ മിടുക്കുള്ള സഹോദരങ്ങൾക്കിടയിൽ ഓരോ ക്ലാസിലും പല തവണ തോറ്റ് തൊപ്പിയിടുന്ന ഇന്നസെന്റിനു കുട്ടിക്കാലത്ത്‌ നേരിടേണ്ടി വന്ന കളിയാക്കലും ഭർത്സനവും ഊഹിക്കാവുന്നതേയുള്ളൂ. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹത്തിനു വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. തൊഴിൽരംഗത്ത്‌ നടത്തിയ ഉദ്യമങ്ങളും ഇതുപോലെ ഒന്നൊന്നായി പരാജയപ്പെട്ടു. അങ്ങനെ ജീവിതപരാജയങ്ങളുടെ പരമ്പരക്കൊടുവിലാണ്‌ അദ്ദേഹം സിനിമാരംഗത്തേക്ക്‌ പ്രവേശിച്ചത്‌. അവിടെ അദ്ദേഹം തനതായ ശൈലി രൂപപ്പെടുത്തി. അഭിനയരംഗത്തുമാത്രമല്ല, അദ്ദേഹം വ്യാപരിച്ചത്‌. സിനിമാ നിർമാണം, സംവിധാനം, കഥ–-സംഭാഷണം തുടങ്ങി മിക്ക മേഖലകളിലും അദ്ദേഹം കൈവച്ചു. അഭിനയരംഗമാണ്‌ തനിക്കു ചേർന്നത്‌ എന്നു മനസ്സിലാക്കി അതിൽ കേന്ദ്രീകരിച്ചു. അതേ സമയം സത്യൻ അന്തിക്കാട്‌, പ്രിയദർശൻ എന്നിവരുൾപ്പെടെ പല സംവിധായകരുമായി സഹവർത്തിച്ച്‌ പല പുതിയ കഥകൾക്കും സിനിമകൾക്കും രൂപവും ജീവനും നൽകുന്നതിൽ പങ്കാളിയായി. നടീനടന്മാർ ഉൾപ്പെടെ സകല സിനിമാ കലാകാരന്മാരെയും ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്‌ ആയിരുന്നു ഇന്നസെന്റ്‌ ദീർഘകാലം. അത്‌ അദ്ദേഹത്തിന്റെ സംഘടനാ വെെഭവത്തിന്റെ കൊടിക്കൂറയാണ്‌.

ജീവിതത്തിൽ അദ്ദേഹം കൈവയ്‌ക്കാത്ത പ്രവർത്തനങ്ങളോ തൊഴിൽമേഖലകളാ ഇല്ലെന്നു തന്നെ പറയാം. വില്യം എഡ്വേർഡ്‌ ഹിക്‌സന്റെ ‘ട്രൈ, ട്രൈ, ട്രൈ എഗെയ്‌ൻ’ എന്ന ഇംഗ്ലീഷ്‌ കവിതയുടെ സാരാംശം ജീവിതവ്രതമാക്കിയ ഒരാൾ ഇന്നസെന്റിനെപ്പോലെ മലയാളക്കരയിൽ വേറെ ഇല്ലെന്നു തന്നെ പറയാം. അവസാനം തന്റെ പ്രവർത്തനരംഗം കണ്ടെത്താനും അവിടെ വെന്നിക്കൊടി പാറിക്കാനും അതുവഴി വില്യം ഹിക്‌സന്റെ ആഹ്വാനം സാർഥകമാക്കാനും മലയാളക്കരയിൽ മറ്റാർക്കെങ്കിലും ഇന്നസെന്റിനെപ്പോലെ കഴിഞ്ഞുവോ എന്നു സംശയമാണ്‌.


അദ്ദേഹം ഏറ്റവുമധികം ജീവിതവിജയം നേടിയത്‌ കലാരംഗത്താണ്‌. വിശേഷിച്ച്‌ സിനിമയിൽ. അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം എഴുന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു, മലയാളത്തിൽ മാത്രമല്ല. ഇതരഭാഷകളിലും. മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പല ഹാസ്യനടന്മാരും ഉണ്ടായിട്ടുണ്ടെങ്കിലും, അവരിൽ ഇന്നസെന്റ്‌ വ്യത്യസ്‌തനായി നിലകൊള്ളുന്നു. പ്രേക്ഷകരിൽ അദ്ദേഹം ചിരി ഉയർത്തിയത്‌ തനതായ രീതിയിലാണ്‌. സംവിധായകൻ അത്തരം ഒരു രംഗം ആവിഷ്‌കരിച്ചാൽ അത്‌ സിനിമ ചെയ്യുമ്പോൾ ഇന്നസെന്റിന്റെ കയ്യൊപ്പ്‌ ഉണ്ടാകും; ഇങ്ങനെയുള്ള അനന്യമായ നിർദേശങ്ങൾ തങ്ങൾക്ക്‌ ഇന്നസെന്റിൽ നിന്നു ലഭിച്ചിരുന്നതായി പല സംവിധായകരും സിനിമാരംഗത്തെ മറ്റുള്ളവരും മുമ്പേ രേഖപ്പെടുത്തിയിരുന്നു. ഇന്നസെന്റ്‌ നമ്മെ വിട്ടുപിരിഞ്ഞ വേളയിൽ അവരെല്ലാം അത്‌ വീണ്ടും ഓർമപ്പെടുത്തി. തന്റെ അനുഭവങ്ങളെ ഇരിങ്ങാലക്കുടയിൽ താൻ നിത്യേന ഇടപെടുകയും കണ്ടുമുട്ടുകയും ചെയ്യാറുള്ള പലതരം ആളുകളുമായുള്ള ബന്ധങ്ങളെവരെ, അദ്ദേഹം തന്റെ അഭിനയജീവിത വിജയത്തിനുള്ള കരുക്കളാക്കി മാറ്റി. തൊട്ടതെല്ലാം പൊന്നാക്കുന്ന അനന്യവൈഭവം സ്വായത്തമായുള്ള കലാകാരനായിരുന്നു ഇന്നസെന്റ്‌. അതാണ്‌ അഭിനേതാവ്‌ എന്ന നിലയിൽ അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്‌. ഇക്കാര്യം സിനിമയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നവരെല്ലാം ഒരുപോലെ എടുത്തു പറഞ്ഞ വസ്‌തുതയാണ്‌.

വിദ്യാഭ്യാസ ജീവിതം ഇന്നസെന്റിനെ അഗണ്യകോടിയിൽ തള്ളിയിരുന്നു. അത്‌ സൃഷ്ടിച്ച നിരാശയുടെയും ആത്മഹത്യാപ്രേരണയുടെയും നിലയില്ലാക്കയത്തിൽ നിന്ന് ആത്മവിശ്വാസത്തിന്റെ മൂർത്തീകരണമായി അദ്ദേഹം തിരിച്ചുവന്നത്‌ അത്ഭുതമാണ്‌. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒരു അച്ചുപോലെയാണ്‌ പ്രവർത്തിക്കുന്നത്‌. അതിൽ ഒതുങ്ങി നിൽക്കാത്തവരെ പരാജയമുദ്രകുത്തി അത്‌ പുറംതള്ളുന്നു. അങ്ങനെ പുറംതള്ളപ്പെട്ട പലരും പിന്നീട്‌ തങ്ങളുടെ കഴിവും വൈഭവവും പ്രകാശിപ്പിച്ച്‌ വലിയ ജീവിത വിജയങ്ങൾ നേടിയ നിരവധി ദൃഷ്ടാന്തങ്ങൾ നമ്മുടെ മുന്നിലുണ്ട്‌, നാട്ടിലും വിദേശങ്ങളിലുമായി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്നസെന്റിനെപ്പോലുള്ള വ്യക്തികളുടെ തനിമ കണ്ടെത്തി വേണ്ട പ്രോത്സാഹനം നൽകുന്നതിൽ നേരിട്ട പരാജയവും ഇവിടെ സ്‌പഷ്ടമാണ്‌.

ഇന്നസെന്റിന്റെ ഹാസ്യം അനുവാചകരിൽ പല തരത്തിലുള്ള ചിരി ഉയർത്തിയിരുന്നു. സിനിമയിൽ തന്റെ ചില അഭിനയരംഗങ്ങൾ കണ്ട്‌ കാണികൾ ആർത്തുചിരിച്ചതിന്റെ അനുഭവ വിവരണം അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഓർത്തോർത്തു ചിരിക്കാൻ വക നൽകുന്ന ചിലതെങ്കിലും അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും നൽകാറുണ്ട്‌ എന്ന അനുഭവം രേഖപ്പെടുത്തിയ പല പ്രശസ്‌ത വ്യക്തികളും നമുക്കിടയിലുണ്ട്‌. ഇങ്ങനെ പലതരം ആളുകളെയും അവരുടെ പലതരം മൂഡുകളിലും ഹൃദയം തുറന്നു മന്ദഹസിക്കാനോ ആർത്തു ചിരിക്കാനോ പ്രേരിപ്പിക്കാൻ അദ്ദേഹത്തിന്റെ നർമത്തിനു കഴിഞ്ഞിരുന്നു. അതാണ്‌ ഇന്നസെന്റിനെ വേറിട്ട ഒരു കൊമേഡിയനാക്കിയത്‌.

അദ്ദേഹത്തിന്റെ ചിരി ഇത്തരം ആളുകളെ നോക്കി മാത്രമായിരുന്നില്ല. തന്നെ പ്രതിസന്ധിയിലാക്കിയ ജീവിതാവസ്ഥകളുടെ നേരെയും അദ്ദേഹം മന്ദഹസിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത്‌ ജനങ്ങളെയാകെ ഭയപ്പെടുത്തുന്ന കാൻസറിനു നേരെവരെ അദ്ദേഹം പരിഹാസം ഉതിർത്തതാണ്‌.

സാധാരണ ആളുകൾ മാത്രമല്ല; നല്ല മനോധൈര്യമുള്ളവരും അത്തരം രോഗത്തിന്റെ ആക്രമണം ഉണ്ടാകുമ്പോൾ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് മറ്റൊരു ആളായി മാറുന്നത്‌ അപൂർവമല്ല. ഇന്നസെന്റിനു കാൻസർ ആക്രമണം ഒരു തവണ മാത്രമല്ല ഉണ്ടായത്‌, പക്ഷേ തന്റെ സുഹൃത്തായ ഡോ. വി പി ഗംഗാധരനെപ്പോലുള്ള ഡോക്ടർമാരുടെ സഹായത്തോടെ ആ രോഗത്തെ മനസ്സാന്നിധ്യത്തോടെയും ശാസ്‌ത്രീയമായും നേരിടാൻ അദ്ദേഹം സന്നദ്ധനായി. അതിനു തെളിവാണ്‌ ‘‘കാൻസർ വാർഡിലെ ചിരി’’ എന്ന അദ്ദേഹത്തിന്റെ പുസ്‌തകം. ആ രോഗത്തെ നേരിടാനുള്ള മനസാന്നിധ്യം മറ്റുള്ളവരിലും സൃഷ്ടിക്കാനാണ്‌ അദ്ദേഹം തന്റെ പുസ്‌തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത്‌. കാൻസറിനെ നേരിടാൻ സർക്കാർ ചെയ്യേണ്ട ചില കാര്യങ്ങൾ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്നസെന്റ്‌ പുസ്‌തകത്തിലൂടെ മാത്രമല്ല, പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ ഉൾപ്പെടെയുള്ള ഇടപെടലുകളിലൂടെയും ശ്രമിച്ചു.

ഇത്തരം ചില പ്രവൃത്തികളും നിലപാടുകളും സമീപനങ്ങളുമാണ്‌ ഇന്നസെന്റിനെ വ്യത്യസ്‌തനും ശ്രദ്ധേയനുമാക്കിയത്‌. അദ്ദേഹം കാൻസറിനെയും മറ്റു രോഗങ്ങളെയും ഭയപ്പെട്ടില്ല. ഇതിനകം വികസിപ്പിക്കപ്പെട്ട ആരോഗ്യശാസ്‌ത്രത്തിന്റെ മികവിൽ അദ്ദേഹം വിശ്വസിച്ചു. അതനുസരിച്ചുള്ള ചികിത്സക്ക്‌ അദ്ദേഹം നിഷ്‌ഠയോടെ വിധേയനായി. അതുകൊണ്ടുകൂടിയാണ്‌ അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരൻ ഇന്നസെന്റിന്റെ മരണാനന്തരം പറഞ്ഞത്‌, ഇന്നസെന്റ്‌ അന്തരിച്ചത്‌ കാൻസർ മൂലമായിരുന്നില്ല, അദ്ദേഹത്തെ ബാധിച്ച മറ്റു രോഗങ്ങൾ മൂലമായിരുന്നു എന്ന്‌. ഡോക്ടർമാരുടെ നിർദേശാനുസരണം അദ്ദേഹം ആശുപത്രിയിലും അല്ലാതെയുള്ള ചികിത്സ്ക്ക്‌ നിഷ്ഠയോടെ വിധേയനായി. മരണം എല്ലാ ജീവികൾക്കും എന്നെങ്കിലും ഉണ്ടാകുമല്ലോ.

ഇന്നസെന്റിന്റെ ജീവിത വിജയം ആരും അദ്ദേഹത്തിനു സ്വർണത്തളികയിൽ സമർപ്പിച്ചതല്ല. നിരന്തരം അടരാടി നേടിയ വിജയമാണത്‌. കുടുംബവും അദ്ദേഹവും ലക്ഷ്യംവച്ച മേഖലകളിലല്ല അദ്ദേഹം വിജയം വരിച്ചത്‌. അഭിനയമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ് അതിൽ വിജയം വരിക്കുകയായിരുന്നു. അധ്വാനിച്ചുതന്നെയാണ്‌ അദ്ദേഹം വിജയിച്ചത്‌. ആരും കൈപിടിച്ചു കയറ്റിയതല്ല.

ഇന്നസെന്റിനെ വലതുപക്ഷക്കാരനാക്കി ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ നിര്യാണശേഷം മലയാള മനോരമ പോലുള്ള ചില മാധ്യമങ്ങളും മറ്റും ശ്രമിച്ചു കണ്ടു. എത്ര ആവർത്തിച്ചാലും അതൊന്നും വിജയിക്കാൻ പോകുന്നില്ല. വിദ്യാഭ്യാസകാലത്ത്‌ അദ്ദേഹത്തിനു രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ജീവിത വിജയം നേടുക മാത്രമായിരുന്നു ലക്ഷ്യം. അച്ഛൻ കമ്യൂണിസ്റ്റുകാരൻ ആയതിനാൽ ചെറുപ്പത്തിൽതന്നെ ഇടതുപക്ഷ ആഭിമുഖ്യം ഉണ്ടായി. അക്കാലത്ത്‌ ഇടതുപക്ഷ സ്വതന്ത്രനായി അദ്ദേഹം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ മത്സരിച്ചു കൗൺസിലറായി. പിന്നീട്‌ 2014ലെ ലോക‍് സഭാ തിരഞ്ഞെടുപ്പിലാണ്‌ ചാലക്കുടി മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചത്‌. പി സി ചാക്കൊ എന്ന കോൺഗ്രസ്സിലെ പ്രമുഖനെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌. ഇന്നസെന്റിന്റെ രാഷ്ട്രീയം എന്നും ഇല്ലാത്തവരുടെയും അവരോട്‌ ആഭിമുഖ്യമുള്ള ഇടതുപക്ഷ പാർട്ടികളുടെയും ഒപ്പമായിരുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 1 =

Most Popular