Thursday, November 21, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍വീണ്ടും ആഗോള 
ബാങ്ക് തകർച്ചയിലേക്കോ?

വീണ്ടും ആഗോള 
ബാങ്ക് തകർച്ചയിലേക്കോ?

ഡോ. ടി.എം. തോമസ് ഐസക്

തിനൊന്ന് ദിവസത്തിനിടയിൽ നാല് ബാങ്കുകളാണ് പൊളിഞ്ഞത്. അഞ്ചാമത്തേതിന്റെ ഭാവി തുലാസിലും. അമേരിക്കൻ, യൂറോപ്യൻ ബാങ്കുകളുടെ തകർച്ചകൾ ആഗോള മാന്ദ്യത്തിലേക്കുള്ള നീക്കത്തെ രൂക്ഷമാക്കുമോയെന്ന ആശങ്കയിലാണ് സാമ്പത്തികലോകം. മാന്ദ്യം ഉണ്ടായാൽ പെട്രോളിന്റെ ഉപയോഗം കുറയുമല്ലോ? ക്രൂഡോയിലിന്റെ വില ബാരലിന് 130 ഡോളർ ഉണ്ടായിരുന്നത് 71 ഡോളറായി താഴ്ന്നു കഴിഞ്ഞു. സമ്പാദ്യം പണത്തിൽ സൂക്ഷിക്കുന്നതിനു പകരം സ്വർണ്ണത്തിൽ സൂക്ഷിക്കുന്നതിനു താൽപ്പര്യം വർദ്ധിച്ചു. സ്വർണ്ണത്തിനു വില പവന് 60,000 രൂപ കടന്നു. ലോകമെമ്പാടും ഓഹരി വിലകളിലും ഇടിവുണ്ടായി.

11 ദിവസം 4 ബാങ്ക് തകർച്ച
ആദ്യം തകർന്നത് മാർച്ച് 8-ന് സിൽവർ ഗേറ്റ് കോർപ്പറേഷൻ എന്ന ബാങ്ക് ആയിരുന്നു. അത്ര അറിയപ്പെടാത്ത ബാങ്ക് ആയിരുന്നതുകൊണ്ട് ഇതു വലിയ പരിഭ്രാന്തി സൃഷ്ടിച്ചില്ല. എന്നാൽ മാർച്ച് 10-ന് സിലിക്കൺ വാലി ബാങ്ക് തകർന്നതോടെ എല്ലാവർക്കും ആശങ്കയായി. സ്റ്റാർട്ട് അപ്പ് മേഖലയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ബാങ്കാണ് ഇത്. മാർച്ച് 12-ന് ക്രിപ്റ്റോ കറൻസി മേഖലയിൽ കൂടുതൽ പ്രവർത്തിക്കുന്ന സിഗ്നേച്ചർ ബാങ്കിന്റെ ഊഴമായി. ഇതോടെ സിൽവർ ഗേറ്റിനെ തകരാൻ അനുവദിച്ച അമേരിക്കൻ സർക്കാർ സടകുടഞ്ഞ് എഴുന്നേറ്റു. പൊളിഞ്ഞ ബാങ്കുകളിലെ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് തുക സർക്കാർ നൽകുമെന്നു പ്രഖ്യാപിച്ചു. പ്രതിസന്ധിയിലാകുന്ന ബാങ്കുകളുടെ ബോണ്ടുകളും മറ്റും മുഖവിലയ്ക്ക് ഈടായി സ്വീകരിച്ച് പണം നൽകുമെന്നു പ്രഖ്യാപിച്ചു.

നാലാമത്തെ ബാങ്ക് സ്വിറ്റ്സർലന്റിലെ 166 വർഷം പഴക്കമുള്ള ക്രെഡിറ്റ് സ്വീസ് എന്ന ഭീമനായിരുന്നു. മാർച്ച് 19-ന് യുബിഎസ് എന്നു പറയുന്ന മറ്റൊരു സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്തു. ബാങ്കിംഗ് മേഖലയിൽ പരിഭ്രാന്തി പടരാതിരിക്കാൻ വാരാന്ത്യം മുഴുവൻ സെൻട്രൽ ബാങ്കും വിദഗ്ധരും രാപകൽ പണിയെടുത്താണ് ഈ വിൽപ്പന ഉറപ്പാക്കിയത്.

ഇപ്പോൾ വാർത്തകൾ ജർമ്മനിയിലെ ഡോഷേ ബാങ്കിനെക്കുറിച്ചാണ്. ഈ ഏറ്റവും വലിയ ജർമ്മൻ ബാങ്കിന്റെ ഓഹരി വിലകൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ബാങ്കിന്റെ ഓഹരി വിലകൾ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 10 ശതമാനമാണ് ഇടിഞ്ഞത്.

വിശ്വാസത്തകർച്ചയും
ബാങ്ക് തകർച്ചയും
ഈ എല്ലാ തകർച്ചയുടെയും പ്രഥമ കാരണം ഡെപ്പോസിറ്റർമാർ തങ്ങളുടെ ഡെപ്പോസിറ്റുകൾ പിൻവലിക്കാൻ ഓടിക്കൂടിയതാണ്. എല്ലാവരുംകൂടി ഒരുമിച്ച് ഡെപ്പോസിറ്റുകൾ പിൻവലിക്കാൻ വന്നാൽ ഏതൊരു ബാങ്കും പൊളിഞ്ഞുപോകും. കാരണം ഡെ പ്പോസിറ്റായി ലഭിക്കുന്ന പണത്തിൽ നല്ലൊരു പങ്ക് പലർക്കും വായ്പയായി കൊടുത്തിട്ടുണ്ടാകും. കാലാവധി കഴിയുമ്പോഴേ ആ പണം തിരിച്ചു കിട്ടൂ. പിന്നെ ഒരു ഭാഗം ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കും. അത് വിറ്റ് കാശാക്കാം. പക്ഷേ, കുറച്ചു സമയമെടുക്കും. ചെറിയൊരു ഭാഗം മാത്രമേ റെഡി ക്യാഷായി കൈയിൽ സൂക്ഷിക്കൂ. അതുകൊണ്ടാണ് എല്ലാ ഡെപ്പോസിറ്റർമാരും ഒരുമിച്ച് ഡെപ്പോസിറ്റ് പിൻവലിക്കാൻ ചെന്നാൽ എത്ര വലിയ ബാങ്കാണെന്നു പറഞ്ഞാലും പൊളിയുമെന്നു പറഞ്ഞത്.

എന്തുകൊണ്ടാണ് ഡെപ്പോസിറ്റർമാർ പരിഭ്രാന്തരായി മേൽപ്പറഞ്ഞ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ ഓടിക്കൂടിയത്? കാരണം ലളിതമാണ്. ബാങ്കിന്റെ ഭാവിയിൽ അവർക്കു വിശ്വാസം നഷ്ടപ്പെട്ടു. ബാങ്ക് പൊളിയുന്നതിനു മുമ്പ് തങ്ങളുടെ പണം പിൻവലിക്കാൻ കഴിയുമോ എന്നാണ് ഓരോരുത്തരും നോക്കുക.

അപ്പോൾ അടുത്ത ചോദ്യം എന്തുകൊണ്ട് വിശ്വാസം നഷ്ടപ്പെട്ടുവെന്നതാണ്. ഇതിനു പല കാരണങ്ങൾ ഉണ്ടാകാം. ബാങ്കുകളുടെ കിട്ടാക്കടം കുത്തനെ ഉയർന്നാൽ ബാങ്കിന്റെ മൂലധനം ശുഷ്കിക്കും. കാരണം കിട്ടാക്കടം എഴുതിത്തള്ളുമ്പോൾ തത്തുല്യമായ തുക മൂലധനത്തിൽ നിന്ന് നഷ്ടപരിഹാരമായി വകയിരുത്തണം. ബാങ്കുകളുടെ ആസ്തികളും മൂലധനവും തമ്മിൽ മിനിമംതോത് നിലനിർത്തണമെന്ന് അന്താരാഷ്ട്ര കരാറുണ്ട്. ഇതിനെയാണ് ക്യാപിറ്റൽ അഡിക്വസി റേഷ്യോ എന്നു പറയുന്നത്. ഇന്ത്യയിൽ ഇത് 9-12 ശതമാനമാണ്. ഇതു വളരെ താഴ്ന്നാൽ ബാങ്കിനോടുള്ള വിശ്വാസം നഷ്ടപ്പെടും.

കിട്ടാക്കടം പെരുകിയില്ലെങ്കിലും ബാങ്കിന്റെ മൂലധനം ചോരാം. ബാങ്കുകൾ വായ്പ നൽകിയതിനുശേഷം മിച്ചംവരുന്ന പണം ബോണ്ടുകളിലും ഓഹരികളിലും മറ്റും നിക്ഷേപിക്കുകയാണു പതിവ്. ഇവയുടെ വില ഇടിഞ്ഞാലും മൂലധനത്തിൽ നിന്ന് നഷ്ടത്തുക പരിഹാരമായി വകയിരുത്തണം. അപ്പോഴും മൂലധനശോഷണം സംഭവിക്കാം.

2008-ൽ എന്ത് സംഭവിച്ചു?
2008-ൽ പാർപ്പിട കുമിള പൊട്ടിയപ്പോഴാണ് അമേരിക്കൻ ബാങ്കുകൾ തകരുന്നത്. ഒരു ആസ്തിയുടെ യഥാർത്ഥമൂല്യവുമായി ബന്ധമില്ലാതെ അതിന്റെ വില ക്രമാതീതമായി ഉയരുന്നതിനെയാണ് കുമിള എന്നു വിശേഷിപ്പിക്കുന്നത്. ഊഹക്കച്ചവടമാണ് ഇത്തരത്തിൽ ആസ്തിയുടെ വിലകൾ ഉയർത്തുന്നത്. വീട് വാങ്ങുന്നതിന് സുലഭമായി വായ്പ ലഭ്യമാക്കിയപ്പോൾ കടം വാങ്ങി ആളുകൾ വീടുകൾ വാങ്ങാൻ തുടങ്ങി. കൂടുതൽ ആളുകൾ വീട് വാങ്ങാൻ തുനിഞ്ഞപ്പോൾ വീടുകളുടെ വില ഉയരാനും തുടങ്ങി. ഇത്തരത്തിൽ പാർപ്പിട വില കുത്തനെ ഉയർന്നപ്പോൾ അത് പണയംവച്ച് പുതിയ വീടുകൾ വാങ്ങുന്നതു പതിവായി. വീടുകൾ ഇങ്ങനെ വാങ്ങുന്നത് താമസിക്കാൻ ആയിരിക്കണമെന്നില്ല. അവയുടെ വില വീണ്ടും കുത്തനെ ഉയരുമ്പോൾ വിറ്റ് ലാഭം ഉണ്ടാക്കാനാണ് അങ്ങനെ ചെയ‍-്തത്. അങ്ങനെ ഊഹകച്ചവടം വലിയൊരു പാർപ്പിട കുമിളയ്ക്കു രൂപം നൽകി.

ഇത്തരത്തിൽ വായ്പകൾ നൽകാൻ ബാങ്കുകൾ പണം എവിടെ നിന്നു കണ്ടെത്തി? വീടുകൾ ഉപഭോക്താക്കൾ വാങ്ങുമ്പോൾ പണയാധാരം കൊടുക്കണമല്ലോ. ഈ പണയാധാരങ്ങളുടെ അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇറക്കി ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിന്നും പണം കടമെടുത്തു. കുറേക്കഴിഞ്ഞപ്പോൾ ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ അവരുടെ പണയ ബോണ്ടുകളുടെ അടിസ്ഥാനത്തിൽ മോർട്ട്ഗേജ് സെക്യൂരിറ്റീസ് ഇറക്കി പണം കടമെടുത്തു. ഇങ്ങനെ കടത്തിന്റെ കരകാണാപാലം നീണ്ടുകൊണ്ടിരുന്നു. പാർപ്പിടങ്ങളുടെ ഡിമാന്റും വിലകളും വാണംപോലെ കയറി.

പക്ഷേ, ഈ കുമിള പൊട്ടി. കടം വാങ്ങി വീടുകൾ വാങ്ങിക്കൊണ്ടിരുന്ന പലരും കടം തിരിച്ചടവിൽ വീഴ്ച വരുത്തി. കടത്തിന്റെ കൊട്ടാരം പണിതത് പണയാധാരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ. അവയ്ക്ക് ഇളക്കം തട്ടി. ആദ്യം ചില പാർപ്പിട ബാങ്കുകൾ പൊളിഞ്ഞു. പിന്നെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ലേഹ്മാൻ തകർന്നു. പിന്നെ തകർച്ചയുടെ മാലപ്പടക്കം ആയിരുന്നു.

ബാങ്കുകൾ തകർന്നപ്പോൾ വ്യവസായ സ്ഥാപനങ്ങൾക്കൊന്നും വായ്പ കിട്ടാതായി. അവയും അടച്ചുപൂട്ടി. തൊഴിലാളികൾക്കു ജോലി നഷ്ടപ്പെട്ടു. അവർക്ക് കമ്പോളത്തിൽ വാങ്ങൽ കഴിവ് ഇല്ലാതായി. അങ്ങനെ 2008, 2009 വർഷങ്ങളിൽ മുപ്പതുകൾക്കുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിനു ലോകം സാക്ഷ്യംവഹിച്ചു. നിയോലിബറലിസത്തിനു മുതലാളിത്ത വ്യവസ്ഥയെ സാമ്പത്തിക കുഴപ്പങ്ങളിൽ നിന്നു രക്ഷിക്കാനാവില്ലയെന്നു വ്യക്തമായി.

2008-ഉം 2023-ഉം തമ്മിലുള്ള വ്യത്യാസം
2008-ലെ ബാങ്കുകളുടെ തകർച്ച അതിരുകവിഞ്ഞ ഊഹക്കച്ചവടത്തിന്റെ ഫലമായിരുന്നു. ബാങ്കുകളായിരുന്നു തെറ്റുകാർ. സർക്കാരിന്റെ വീഴ്ച അവരെ വേണ്ടത്ര നിയന്ത്രിച്ചില്ല എന്നുള്ളതാണ്. ബാങ്കുകളുടെമേൽ മാത്രമല്ല, മറ്റെല്ലാ സാമ്പത്തിക സ്ഥാപനങ്ങളുടെമേലും സർക്കാർ നിയന്ത്രണങ്ങൾ ഇല്ലാതാക്കുകയെന്നുള്ളതാണല്ലോ നിയോലിബറലിസത്തിന്റെ ദർശനം.

എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബാങ്കിംഗ് കുഴപ്പത്തെ ഈ ഗണത്തിൽ ഉൾപ്പെടുത്താനാവില്ല. ബാങ്കുകളുടെ കുഴപ്പത്തേക്കാൾ സർക്കാരുകളുടെ നയങ്ങളാണ് ഇപ്പോഴത്തെ കുഴപ്പത്തിനു വഴിതെളിയിച്ചിട്ടുള്ളത്.

ആഗോളമായി രൂക്ഷമായ വിലക്കയറ്റമാണല്ലോ. ഇതിനു കാരണം കോവിഡിന്റെ ഫലമായി സപ്ലൈ ചെയിനുകൾ തകർന്നതും യുക്രൈയിൻ യുദ്ധംമൂലം പെട്രോളിയം ഉല്പന്നങ്ങളുടെയും ഭക്ഷ്യസാധനങ്ങളുടെയും വില ഉയർന്നതുമാണ്. വിലക്കയറ്റംമൂലം തങ്ങളുടെ യഥാർത്ഥകൂലി കുറയാതിരിക്കാൻ വികസ്വരാജ്യങ്ങളിലെമ്പാടും തൊഴിലാളികൾ സമരങ്ങളിലേക്കു നീങ്ങി. ഇത്തരത്തിൽ കൂലി വർദ്ധിക്കാൻ ഇടയായാൽ വിലക്കയറ്റത്തിന് ആക്കം കൂടുമെന്ന് വിലക്കയറ്റവും കൂലിയും തമ്മിൽ ക്രമേണ ഒരു ഓട്ടമത്സരം തന്നെ സൃഷ്ടിക്കപ്പെടാമെന്നും മുതലാളിത്ത നേതാക്കന്മാർ ഭയപ്പെട്ടു. വിലക്കയറ്റത്തിനു കടിഞ്ഞാണിടണമെങ്കിൽ കൂലിയെ പിടിച്ചു നിർത്തണം. അതിനു തൊഴിലില്ലായ്മ വർദ്ധിക്കണം, ഇതിനു ചെറിയൊരു മാന്ദ്യം സൃഷ്ടിച്ചാലും കുഴപ്പമില്ല. ഇതായിരുന്നു ഇവരുടെ ചിന്ത.

ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലത്ത് പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ ആയിരുന്നത് പടിപടിയായി ഉയർത്താൻ തുടങ്ങി. അമേരിക്കയിൽ പലിശ നിരക്ക് 0.5 ശതമാനം ആയിരുന്നത് ഇപ്പോൾ 5 ശതമാനമായി ഉയർന്നു. എന്നു മാത്രമല്ല, പണലഭ്യത കുറയ്ക്കാൻ മറ്റു നടപടികളും സ്വീകരിച്ചു. കോവിഡ് കാലത്ത് അമേരിക്കയിലും മറ്റും സ്വകാര്യ കമ്പനികൾ ഇറക്കുന്ന ബോണ്ടുകൾ സർക്കാർ വാങ്ങി സമ്പദ്ഘടനയിലേയ്ക്ക് പണം പമ്പ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇത്തരം ബോണ്ടുകൾ ഇറക്കുന്നില്ലായെന്നു മാത്രമല്ല, കൈയിലുള്ള ബോണ്ടുകൾ സർക്കാരുകൾ കൈയൊഴിയുകയുമാണ്. അതിന്റെ ഫലമായി പണലഭ്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഇത്തരം നടപടികൾ അമേരിക്കയിൽ മാത്രമല്ല ഏതാണ്ട് എല്ലാ ലോകരാജ്യങ്ങളും സ്വീകരിച്ചു. അമേരിക്ക പലിശനിരക്ക് ഉയർത്തുമ്പോൾ ആരെങ്കിലും പലിശനിരക്ക് ഉയർത്തിയില്ലെങ്കിൽ അവരുടെ ഡോളർ സമ്പാദ്യങ്ങൾ പുറത്തേയ്ക്ക് ഒഴുകും. ഇന്ത്യയിലും പലിശനിരക്ക് തുടർച്ചയായി ഉയർത്തി. ഇന്ത്യയിൽ 2020-ൽ 4 ശതമാനം ആയിരുന്ന റിപ്പോ നിരക്ക് ഇപ്പോൾ 6.5 ശതമാനമാണ്. പലിശനിരക്കിലുണ്ടായ കുത്തനെയുള്ള വർദ്ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തിരികൊളുത്തിയിരിക്കുന്നത്.

പലിശനിരക്ക് ഉയരുന്നു
പലിശനിരക്ക് ഉയരുന്നത് ബാങ്കിനു ഗുണകരമല്ലേ എന്നായിരിക്കും പലരും സാമാന്യബുദ്ധിയിൽ ചിന്തിക്കുക. എന്നാൽ അങ്ങനെ ആകണമെന്നില്ല. ബാങ്കുകൾ വായ്പ കൊടുത്തതിനുശേഷം ബാക്കി വരുന്ന പണം ക്യാഷായി ബാങ്കുകളിൽ സൂക്ഷിച്ചാൽ അതിൽ നിന്നു വരുമാനമൊന്നും ലഭിക്കില്ല. കോവിഡ് കാലത്തും തുടർന്നുള്ള വർഷങ്ങളിലും സർക്കാരുകൾ ഉദാരമായ പണനയം സ്വീകരിച്ചപ്പോൾ സമ്പാദ്യം ഉയർന്നു. അവയെല്ലാം ബാങ്കുകളിൽ നിക്ഷേപിച്ചപ്പോൾ ബാങ്കുകളുടെ കൈയിൽ വായ്പ കൊടുത്തിട്ടും ബാക്കിവന്ന മിച്ചതുക വീർത്തു. ഈ മിച്ച പണം അവർ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചു. സിലിക്കൺ ബാങ്കിന്റെ ആസ്തികളിൽ 60 ശതമാനവും ബോണ്ടുകൾ ആയിരുന്നു.

പലിശനിരക്ക് ഉയരുമ്പോൾ ബോണ്ടിന്റെ വില താഴും. ബോണ്ടിന്റെ വില താഴ്ന്നാൽ ബാങ്കിന്റെ ആസ്തികൾ ശുഷ്കിക്കും. ഈ നഷ്ടം നികത്താൻ മൂലധനത്തിൽ നിന്ന് പണം വകയിരുത്തേണ്ടിവരും. ഇത്തരത്തിൽ മൂലധനം ചോരുമ്പോൾ ബാങ്കിന്റെ ഭാവിയെക്കുറിച്ച് ഇടപാടുകാർക്ക് സ്വാഭാവികമായും സംശയമുണ്ടാകും. അവരുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ബാങ്കിനു പിന്നെ നിലനിൽപുണ്ടാകില്ല.

പലിശനിരക്കും ബോണ്ട് വിലകളും
പലിശനിരക്ക് ഉയർന്നാൽ ബോണ്ടിന്റെ വില എന്തിനു താഴണം? ഇതിന് ഉത്തരം ലഭിക്കണമെങ്കിൽ ബോണ്ട് എന്തെന്നു മനസിലാക്കണം. നിങ്ങളുടെ കൈയിൽ വലിയ തുക ഉണ്ടെന്നിരിക്കട്ടെ. അത് കാശായി സൂക്ഷിച്ചാൽ എപ്പോൾ വേണമെങ്കിലും ചെലവാക്കാം. പക്ഷേ അതിൽ നിന്നും വരുമാനമൊന്നും ഉണ്ടാവില്ല. ആ പണം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ പലിശ കിട്ടും. പക്ഷേ, ഫിക്സഡ് ഡെപ്പോസിറ്റ് ആണെങ്കിൽ കാലാവധി കഴിഞ്ഞേ പിൻവലിക്കാൻ കഴിയൂ. അതേസമയം ബോണ്ടിലാണ് പണം നിക്ഷേപിക്കുന്നത് എന്നിരിക്കട്ടെ. ഫിക്സഡ് ഡെപ്പോസിറ്റിൽ എന്നപോലെ കൃത്യമായ പലിശ ലഭിക്കും. പക്ഷേ പണത്തിന് അത്യാവശ്യം വന്നാൽ ബോണ്ട് വിറ്റ് കാശാക്കാം. അങ്ങനെ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനു പ്രത്യേക കമ്പോളമുണ്ട്.

ബോണ്ടിന്റെ വിലയും പലിശനിരക്കും തമ്മിലുള്ള ബന്ധത്തെ ലളിതമായ ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഉദാഹരണത്തിന്റെ ആരംഭത്തിൽ ബോണ്ടിന്റെ കൂപ്പൺ റേറ്റും പലിശ നിരക്കും 5 ശതമാനം വീതമാണ് എന്നു കരുതുക. നിങ്ങൾ 10 ലക്ഷം രൂപ ബോണ്ടിൽ നിക്ഷേപിച്ചെന്നും ഇരിക്കട്ടെ. പലിശനിരക്ക് 10 ശതമാനമായി ഉയർന്നാൽ എന്തു സംഭവിക്കും? ബോണ്ടിന്റെ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ല. അത് 5 ശതമാനമായി തുടരും. അപ്പോൾ ബോണ്ടുടമകൾ അവരുടെ ബോണ്ട് വിറ്റ് ആ തുക ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുക. കാരണം അവിടെ 10 ശതമാനം പലിശ വരുമാനമായി കിട്ടും. ബോണ്ട് മാർക്കറ്റിൽ ബോണ്ടിന്റെ വിലയിടിയും.

പലിശനിരക്ക് താഴുകയാണെങ്കിൽ നേരെ മറിച്ചായിരിക്കും പ്രവണത. ബാങ്കിലെ പലിശനിരക്ക് ബോണ്ടിലെ കൂപ്പൺ റേറ്റിനേക്കാൾ താഴെയാകും. അപ്പോൾ ബാങ്കുകളിൽ പണം ഡെപ്പോസിറ്റ് ചെയ്തിട്ടുള്ളവർ അത് പിൻവലിച്ച് ബോണ്ടുകൾ വാങ്ങും. ബോണ്ടിന്റെ വില ഉയരും.

സിലിക്കൺവാലി ബാങ്കിൽ സംഭവിച്ചത്
ഇപ്പോൾ പലിശനിരക്ക് കുത്തനെ ഉയർന്നു. ബാങ്കുകൾക്ക് അതുമായി പൊരുത്തപ്പെടാൻ സമയം ലഭിച്ചില്ല. സിലിക്കൺവാലി ബാങ്കു പോലെ വലിയതോതിൽ ബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള ബാങ്കുകളുടെ ആസ്തികളുടെ മൂല്യം ശോഷിച്ചു. ബാങ്കിന്റെ മൂലധനം ഇതിനു നഷ്ടപരിഹാരമായി വകയിരുത്തേണ്ടിതായി വന്നു. ബാങ്കുകളുടെ മൂലധനം ഇടിഞ്ഞു.

സിലിക്കൺ വാലി ബാങ്കിന്റെ ബോണ്ടുകളുടെ മൂല്യം ഇടിഞ്ഞത് അധികമാരും ആദ്യം തിരിച്ചറിഞ്ഞില്ല. കാരണം ബോണ്ടുകളിൽ നല്ലപങ്ക് കാലാവധി തീരുന്നതുവരെ സൂക്ഷിക്കുന്ന ഗണത്തിലാണു പെടുത്തിയിരുന്നത്. അതുകൊണ്ട് ബോണ്ട് വിലകളിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളുടെ അടിസ്ഥാനത്തിൽ ബാലൻസ്ഷീറ്റിൽ അവയുടെ മൂല്യം മാറ്റി എഴുതേണ്ടതില്ല.

എന്നാൽ സാമ്പത്തിക വീണ്ടെടുപ്പ് ശക്തിപ്പെട്ടപ്പോൾ ഡെപ്പോസിറ്റർമാർ തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങി. സിലിക്കൺ ബാങ്കിനു തങ്ങളുടെ ബോണ്ടുകളിൽ ഒരുഭാഗം വിൽക്കേണ്ടി വന്നു. അപ്പോൾ വലിയ നഷ്ടം സംഭവിച്ചു. മൂലധനത്തിന്റെ ശോഷണം മറച്ചുവയ്ക്കാൻ കഴിയാതായി. തങ്ങളുടെ മൂലധത്തിലുണ്ടായ ശോഷണം പരിഹരിക്കാൻ അവർ ഓഹരി പുതിയ കമ്പോളത്തിൽ ഇറക്കിയപ്പോഴാണ് എല്ലാവരും ബാങ്കിന്റെ ബാലൻസ് ഷീറ്റ് ചികഞ്ഞത്. അതോടെ കള്ളി വെളിച്ചത്തായി. പിന്നെ ഒരു ദിവസംപോലും വേണ്ടിവന്നില്ല സിലിക്കൺ വാലി ബാങ്കിനു തിരശ്ശീല വീഴാൻ.

ക്രെഡിറ്റ് സ്വീസും ഡോഷേ ബാങ്കും
അമേരിക്കൻ ബാങ്കുകളുടെ തകർച്ചയ്ക്കു കാരണം അവയുടെമേൽ സർക്കാരിന്റെ വേണ്ടത്ര മേൽനോട്ടവും നിയന്ത്രണവും ഇല്ലാത്തതാണെന്നും അതല്ല യൂറോപ്പിലെ സ്ഥിതിയെന്നുമാണ് പലരും വാദിച്ചത്. അതുകൊണ്ട് യൂറോപ്പിലെ ബാങ്കുകൾ ഭദ്രമാണെന്നാണു കരുതിയത്. ഇതിൽ ഒരു ശരിയുണ്ട്. ട്രംപിന്റെ ഭരണകാലത്ത് 2008-ലെ പാഠങ്ങളെല്ലാം അമേരിക്ക മറന്നു. ചെറുകിട ബാങ്കുകളെ ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കി. എല്ലാ ബാങ്കുകളും തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചു നിയമപരമായി നടത്തേണ്ടുന്ന വാർഷിക സ്ട്രസ് ടെസ്റ്റ് എന്ന സുരക്ഷാ അവലോകനം ഉണ്ട്. ചെറുകിട ബാങ്കുകൾക്ക് ഇതിൽ നിന്നുപോലും ട്രംപ് ഒഴിവു നൽകി. ഇതാണ് അമേരിക്കയിലെ ഇന്നത്തെ ബാങ്കിംഗ് കുഴപ്പത്തിനു കാരണമെന്നാണ് പലരും കരുതുന്നത്.

എന്നാൽ യൂറോപ്പിൽ 2008-ൽ നിലവിൽവന്ന നിയന്ത്രണങ്ങളെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ, ബാങ്കുകളുടെ മാനേജ്മെന്റിൽ തികഞ്ഞ അരാജകത്വമാണെന്നാണു വ്യക്തമാകുന്നത്. കർശനമായ മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിലും അവ ബാങ്കുകൾ സ്വയം പാലിക്കുമെന്നാണ് അനുമാനം. അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പെന്നാണ് സ്വിറ്റ്സർലന്റിലെയും ജർമ്മനിയിലെയും ഏറ്റവും പ്രധാന ബാങ്കുകളായ ക്രെഡിറ്റ് സ്വീസിലെയും ഡോഷേ ബാങ്കിലെയും പ്രതിസന്ധികൾ തെളിയിക്കുന്നത്.

ഈ രണ്ട് ബാങ്കുകളും സമീപകാലത്ത് തുടർച്ചയായി നഷ്ടത്തിലാണ്. ഇവരുടെ പലവിധത്തിലുള്ള വെട്ടിപ്പുകളും പുറത്തുവന്നു. ഇതിന്റെയൊക്കെ ഫലമായി ഈ ബാങ്കുകളുടെ മൂലധനത്തിൽ നല്ലൊരുപങ്ക് ചോർന്നു. വീണ്ടും മുതൽമുടക്കാൻ അറബി നിക്ഷേപകർ വിസമ്മതിച്ചു. അതോടെ പ്രതിസന്ധിയായി. നിക്ഷേപകർ കൂട്ടത്തോടെ ഡെപ്പോസിറ്റുകൾ പിൻവലിക്കാൻ തുടങ്ങി. ക്രെഡിറ്റ് സ്വീസ് പൊളിഞ്ഞു. ഡോഷേ ബാങ്ക് ആടി നിൽക്കുന്നു.

ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെ കരുതൽ
ഇന്ത്യയിലെ സ്ഥിതി താരതമ്യേന മെച്ചമാണ്. നിക്ഷേപത്തിന്റെ 4.5 ശതമാനം കരുതൽ ധനാനുപാതവും (അമേരിക്കയിൽ പൂജ്യം), 18 ശതമാനം സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപവും (അമേരിക്കയിൽ 250 ശതകോടിയിലധികം ആസ്തിയുള്ള ബാങ്കുകൾക്ക് 3 ശതമാനം, മറ്റുള്ളവയ്ക്ക് ഇല്ല), മൂലധന ആസ്തി അനുപാതം, ആസ്തി ബാധ്യത സന്തുലനം, ലിക്വിഡിറ്റി കവറേജ് റേഷ്യോ തുടങ്ങിയവയെല്ലാം തുടർച്ചയായി പരിശോധിക്കപ്പെടുന്നുമുണ്ട്.

ഇന്ത്യയിലെ ബാങ്കുകളുടെ പ്രശ്നങ്ങൾ ഇവിടുത്തെ ബിസിനസ് ഗ്രൂപ്പുകൾക്കു നൽകുന്ന വായ്പകളുടെ കേന്ദ്രീകരണത്തിലാണ്. കിട്ടാക്കടം വളരെ ഉയർന്നതാണ്. എന്നാൽ അവ എഴുതിത്തളളിയും റീക്യാപിറ്റലൈസ് ചെയ്തും ബാങ്കുകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അദാനി ബിസിനസ് ഗ്രൂപ്പിന്റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അവയ്ക്കു വായ്പ നൽകിയിട്ടുള്ള ബാങ്കുകളുടെമേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. അദാനി ബിസിനസ് ഗ്രൂപ്പ് തകർന്നാൽ ഏതൊക്കെ ബാങ്കുകളാണു പൊളിയുക?

കരിനാക്കുകൊണ്ടു പറയരുതേ എന്നായിരിക്കും നിങ്ങളിൽ ചിലർ മനസിൽ കരുതുക. പക്ഷേ, ഞാൻ അല്ല ഇങ്ങനെ ചിന്തിക്കുന്നത്. റിസർവ്വ് ബാങ്കാണ്. ആഗോള ബാങ്കിംഗ് കുഴപ്പത്തിന്റെ പശ്ചാത്തലത്തിൽ റിസർവ്വ് ബാങ്ക് ഏറ്റവും അവസാനം ഇറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് 20 ബിസിനസ് ഗ്രൂപ്പുകൾക്ക് (അവ ഏതൊക്കെയെന്ന് നമുക്ക് അറിയില്ല) നൽകിയിട്ടുള്ള വായ്പകളുടെ സുരക്ഷിതത്വം പ്രത്യേകം പരിശോധിക്കണം എന്നാണ്. അവ കിട്ടാക്കടം ആയിട്ടില്ലെങ്കിലും അവയുടെ നേരെ പ്രത്യേക കരുതൽധനം പ്രൊവിഷനായി വയ്ക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ ഉപദേശിച്ചിട്ടുണ്ട്.

2008 വീണ്ടും ആവർത്തിക്കുമോ? കഴിഞ്ഞയാഴ്ച അമേരിക്കൻ ഫെഡറൽ റിസർവ്വ് പലിശനിരക്ക് വീണ്ടും ഉയർത്തിയത് നൽകുന്ന സൂചന ബാങ്ക് തകർച്ച ഒരു പകർച്ചവ്യാധി ആകാതെ പ്രതിരോധിക്കാൻ കഴിയുമെന്ന അവരുടെ വിശ്വാസമാണ്. പക്ഷേ, കഴിഞ്ഞ ആഴ്ചത്തെ ഇക്കണോമിസ്റ്റ് വാരികയിൽ ആഗോള സമ്പദ്ഘടനയെ ബാങ്കിംഗ് കുഴപ്പം ബാധിക്കാനുള്ള സാധ്യതകളുടെ ഘടകങ്ങളെ സംബന്ധിച്ച് നീണ്ടവിശകലനമുണ്ട്. വിസ്തരഭയത്താൽ അവയിലേക്ക് ഇ പ്പോൾ കടക്കുന്നില്ല. താൽപ്പര്യമുള്ളവർക്ക് ഇന്ത്യൻ എക്സ്പ്രസിൽ സത്യജിത് ദാസ് എഴുതിയ മൂന്നു ഭാഗങ്ങളുള്ള ഒരു ലേഖനപരമ്പരയുടെ ലിങ്ക് ഇവിടെ കൊടുക്കുന്നു. (https://www.newindianexpress.com/web-only/2023/mar/25/if-there-is-a-new-global-financial-crisis-then-what-will-governments-do-2559465.html). പ്രൊഫ. ജയതി ഘോഷ് ഈ ലേഖനങ്ങളിലെ വിശകലനത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റും ചെയ്തിട്ടുണ്ട്.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × one =

Most Popular