Thursday, November 21, 2024

ad

Homeസമകാലികംകോണ്‍ഗ്രസിന്റെ 
രാഷ്ട്രീയ പാപ്പരത്തം

കോണ്‍ഗ്രസിന്റെ 
രാഷ്ട്രീയ പാപ്പരത്തം

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിജെപി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയുള്ള ഒരു പാര്‍ട്ടിയല്ല. ഫാസിസ്റ്റ് അജൻഡകള്‍ മുന്നോട്ടുവെക്കുന്ന ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്ര സംവിധാനത്തിലേക്ക് നയിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികളാണ് അവര്‍ ആവിഷ്-കരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനം വിവിധ ധാരകളുടെ മഹാപ്രവാഹമായിരുന്നു. അതിന്റെ ആശയങ്ങളും, കാഴ്ചപ്പാടുകളുമാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതിന് അടിസ്ഥാനമായിത്തീര്‍ന്നത്. മതനിരപേക്ഷതയും, ഫെഡറലിസവും, സമത്വവും, സാമൂഹിക നീതിയുമെല്ലാം അതിന്റെ ഉല്‍പ്പന്നങ്ങ‍‍ളാണ്. ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുരാഷ്ട്ര വാദവും, പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയുമെല്ലാം കൈമുതലാക്കിക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ കാലഘട്ടത്തില്‍ തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു ആര്‍.എസ്.എസ്. തുറന്ന കമ്പോളമെന്ന കോര്‍പ്പറേറ്റ് അജൻഡയായിരുന്നു എന്നും അവരെ നയിച്ച സാമ്പത്തിക പ്രത്യയശാസ്ത്രം.

കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ ജനങ്ങളില്‍ ദുരിതങ്ങളുടെ തീമഴ പെയ്യിച്ചത് ജനങ്ങളില്‍ നിന്ന് അവരെ അകറ്റുന്നതിന് ഇടയാക്കി. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇടതപക്ഷത്തിന്റെ പിന്തുണയുടെ ഫലമായി ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തൊഴിലുറപ്പ് പദ്ധതിയും, വനാവകാശ നിയമം പോലുള്ള നടപടികളും സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോയി. അതിന്റെ ഫലമായാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

രണ്ടാം യു.പി.എ സര്‍ക്കാരാവട്ടെ ആഗോള സാമ്പത്തിക നയങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് പ്രവര്‍ത്തിച്ചു. അത് ജനങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം രൂപപ്പെടുത്തി. അതിനെക്കൂടി ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി രാജ്യത്ത് അധികാരത്തിലെത്തിയത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുകൂലമായ രണ്ടാം യുപിഎ മുന്നോട്ടുവെച്ച അതേ സാമ്പത്തിക നയങ്ങള്‍ ബി.ജെ.പിയും നടപ്പിലാക്കി. ഒപ്പം വര്‍ഗീയമായ ധ്രുവീകരണം കൂടി സൃഷ്ടിച്ച് അവര്‍ അധികാരത്തിലെത്തി. ആര്‍.എസ്.എസ് മുന്നോട്ടുവെച്ച ഹിന്ദുരാഷ്ട്ര കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പദ്ധതികള്‍ അവര്‍ ആവിഷ്-കരിക്കുകയും ചെയ്തു. ഇന്ന് രാജ്യത്ത് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാപ്രവര്‍ത്തനങ്ങളും ഇതിനെ ലക്ഷ്യംവെച്ചുകൊണ്ടാണ്.

രാജ്യത്തുയര്‍ന്നുവന്ന ജനാധിപത്യ സ്ഥാപനങ്ങളേയും, സമ്പ്രദായങ്ങളേയും ഇല്ലാതാക്കുകയെന്ന നയമാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നിനുപുറമേ ഒന്നായി കൈപ്പിടിയിലാക്കുന്നതിനുള്ള നയസമീപനങ്ങളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതിയെത്തന്നെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സമീപകാല സംഭവങ്ങള്‍ അതാണ് കാണിക്കുന്നത്.

ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഈ അജൻഡകളെ തിരിച്ചറിഞ്ഞ് ഇടപെടുന്ന കാര്യത്തില്‍ തികഞ്ഞ ഇരട്ടത്താപ്പാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പ്രത്യേകിച്ചും കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ അതിനെ പിന്തുണയ്-ക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ ഒന്നിനു പിറകെ ഒന്നായി ചോദ്യം ചെയ്യാനും, അറസ്റ്റ് ചെയ്യാനും തുടങ്ങിയപ്പോഴാണ് ചെറുവിരലനക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

ലക്ഷദ്വീപ് എം.പിയെ അയോഗ്യത പ്രഖ്യാപിച്ച് പുറത്താക്കുന്ന നടപടി ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചു. ആ ഘട്ടത്തില്‍ അതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇടതുപക്ഷമാണ് അതിനെതിരെ പ്രതികരണവുമായി രംഗത്തുവന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകള്‍ കവിതയെ ചോദ്യം ചെയ്തപ്പോഴും ആം ആദ്മി പാര്‍ട്ടി നേതാവ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോഴും കോണ്‍ഗ്രസിന് പ്രതിഷേധമുണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിക്കെതിരെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നിലപാട് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചപ്പോഴാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

രാജ്യത്ത് അധികാരത്തിലിരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ സവിശേഷതകൾ മനസ്സിലാക്കി പ്രതിരോധം തീര്‍ക്കുന്നതിന് കോണ്‍ഗ്രസ് പുലര്‍ത്തുന്ന അനാസ്ഥയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയത്തേയും, അതിന്റെ പ്രത്യയശാസ്ത്രത്തേയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് കാണിക്കുന്ന ഈ പാപ്പരത്തമാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമാരേയും, മുഖ്യമന്ത്രിമാരേയും ബി.ജെ.പിയുടെ പാളയത്തിലേക്ക് എത്തിക്കുന്നത്. ഹിന്ദുത്വ അജൻഡയ്-ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ അധികാരത്തിലേക്ക് എത്തിച്ചതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

സി.പി.ഐ എമ്മിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ മുഖ്യ ശത്രുവായി ബി.ജെ.പിയെയാണ് കാണുന്നത്. അവരുടെ ജനാധിപത്യ വിരുദ്ധമായ സമീപനങ്ങളെ തുറന്നുകാട്ടാനും, വിശാലമായ ബഹുജന ഐക്യം രൂപപ്പെടുത്താനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ബി.ജെ.പിയുടെ അതേ സാമ്പത്തിക നയം തുടരുകയും, ഹിന്ദുത്വ അജൻഡക്കെതിരെ കര്‍ശനമായ സമീപനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന് ബി.ജെ.പിക്ക് ബദലാകാനാകില്ല.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നുമാറ്റുക എന്നത് ഏറ്റവും പ്രധാനമാണ്. ദേശീയ തലത്തില്‍ അതിനുതകുന്ന രാഷ്ട്രീയ ശക്തി നിലവിലില്ല. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അത് വ്യക്തമായതാണ്. ഹിമാചലില്‍ ബി.ജെ.പി പരാജയപ്പെട്ടു. പതിറ്റാണ്ടുകള്‍ നീണ്ട ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും അവര്‍ക്ക് നഷ്ടമായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തവണത്തെ സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ അവര്‍ക്കായില്ല.

ഓരോ സംസ്ഥാനത്തും രൂപപ്പെടുന്ന ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുക എന്നത് ഏറെ പ്രധാനമാണ്. അതിനുതകുന്ന രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തി മുന്നോട്ടുപോകുക എന്നതാണ് സി.പി.ഐ എം സ്വീകരിക്കുന്ന സമീപനം. അത്തരം ഒരു മുന്നേറ്റം രൂപപ്പെടുത്തുന്നതിന് ഇടതുപക്ഷ ഐക്യം പ്രധാനമാണെന്ന് പാര്‍ട്ടി കാണുന്നു. അതോടൊപ്പം ജനാധിപത്യ ശക്തികളെക്കൂടി ഐക്യപ്പെടുത്തിയുള്ള ബഹുജന മുന്നേറ്റം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലാണ് സി.പി.ഐ എം ഏര്‍പ്പെട്ടിരിക്കുന്നത്. അത്തരം പോരാട്ടത്തിന് കരുത്തുപകരുന്നതാണ് ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ടാണ് അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം മോദി സര്‍ക്കാര്‍ നടത്തുന്നത്. അതിനൊപ്പം നിന്ന് ഓശാനപാടുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular