ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം. ആ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.
മാറുമറയ്ക്കൽ സമരം, അരുവിപ്പുറം പ്രതിഷ്ഠ, വില്ലുവണ്ടി യാത്ര, കല്ലുമാല സമരം, ഗുരുവായൂര്‍ സത്യഗ്രഹം എന്നിങ്ങനെ കേരളത്തിലുണ്ടായ നിരവധി നവോത്ഥാന മുന്നേറ്റങ്ങളുള്‍പ്പെട്ട ഒരു ശൃംഖലയിലെ കണ്ണിയാണ് വൈക്കം സത്യഗ്രഹം. എന്നാൽ , വൈക്കം സത്യഗ്രഹം സമാനതകളില്ലാത്തതാണ് എന്നു പറഞ്ഞതു വസ്തുനിഷ്ഠമായ ചരിത്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്.
എന്താണ് വൈക്കം സത്യഗ്രഹത്തെ ഇതര നവോത്ഥാന സമരമുന്നേറ്റങ്ങളിൽ നിന്നു വേറിട്ടു നിര്‍ത്തുന്നത്? സാമൂഹ്യപരിഷ്കകരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യ സമരധാരയും വൈക്കം സത്യഗ്രഹത്തിൽ സമന്വയിച്ചു എന്നതാണത്. അതുവരെ നവോത്ഥാന നായകരും സാമുദായിക സംഘടനകളും സ്വന്തം നിലയ്ക്ക് നവോത്ഥാന സംരംഭങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ , വൈക്കം സത്യഗ്രഹമായപ്പോള്‍ സാമുദായിക നവോത്ഥാന സംരംഭങ്ങളും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും ഒരുമിച്ചു ചേര്‍ന്നു. ഇതാണ് വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രപരമായ സവിശേഷത.
സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ മാത്രം നേതൃത്വത്തിലല്ലാതെ, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടി നേതൃത്വത്തിൽ , സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ അതുവരെ അങ്ങനെയൊരു പോരാട്ടം മറ്റെവിടെയെങ്കിലും നടന്നതായി തോന്നുന്നില്ല. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകരുടെ ചൈതന്യവത്തായ സന്ദേശങ്ങളുടെ പ്രചോദനം ഇല്ലായിരുന്നുവെങ്കിൽ വൈക്കം സത്യഗ്രഹം പോലെ പുരോഗമനപരമായ ഒരു സമരം കേരളത്തിൽ നടക്കുമായിരുന്നില്ല.
ശ്രീനാരായണഗുരു ഒരു റിക്ഷാവണ്ടിയിൽ വൈക്കം ക്ഷേത്രത്തിന്റെ സമീപത്തു കൂടി പോയപ്പോള്‍ ഒരു സവര്‍ണ സ്ത്രീ തടഞ്ഞുവെന്നും അതാണ് വൈക്കം സത്യഗ്രഹത്തിലേക്കുള്ള വഴി തുറന്നതെന്നും ആ കാലത്തു ജീവിച്ചിരുന്ന മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍ ഒരു കവിതയിൽ പറയുന്നുണ്ടുതാനും.
വൈക്കം സത്യഗ്രഹത്തെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി കണ്ണിചേര്‍ക്കുന്നതിൽ ടി കെ മാധവന്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതുണ്ട്; അദ്ദേഹത്തെപ്പോലുള്ളവര്‍ അനുഭവിച്ച യാതനകളും. ഗുരുവിന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഇക്കാര്യത്തിൽ ഗാന്ധിജിയുമായി സംസാരിക്കാന്‍ ടി കെ മാധവന്‍ പോയത്. ഗാന്ധിജിയുടെ ഇടപെടൽ കൂടി ഉണ്ടായപ്പോഴാണ് ദേശീയ പ്രസ്ഥാനവുമായുള്ള സത്യഗ്രഹത്തിന്റെ കണ്ണി കൂടുതൽ ഉറച്ചത്. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം തന്നെയും വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നല്ലോ.
പൗരന്റെ അവകാശമാണ‍് സഞ്ചാര സ്വാതന്ത്ര്യം. എന്നാൽ, ഇതു തടയുന്ന നിലയാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്. പൊതുവഴികളിലൂടെ, പ്രത്യേകിച്ചു ക്ഷേത്ര സമീപമുള്ള വഴികളിലൂടെ, വലിയ ഒരു വിഭാഗം ജനങ്ങള്‍ക്കു നടക്കാന്‍ പാടില്ല. അവർ നടക്കുന്നത് വിലക്കുന്ന തീണ്ടൽപലകകള്‍ സ്ഥാപിച്ചു വൈക്കത്ത്. ഇത് മനുഷ്യത്വവിരുദ്ധമായ പൗരസ്വാതന്ത്ര്യ നിഷേധമാണെന്ന തിരിച്ചറിവിൽ നിന്നാണ് വൈക്കം സത്യഗ്രഹം രൂപപ്പെട്ടുവന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണമായ വ്യവസ്ഥയ്ക്കെതിരായ യുദ്ധകാഹളമാണ് വൈക്കം സത്യഗ്രഹത്തിൽ മുഴങ്ങിക്കേട്ടത്. അതു പിന്നീട് ഗുരുവായൂര്‍ സത്യഗ്രഹത്തിലൂടെ മുന്നോട്ടുപോയി. ക്ഷേത്രപ്രവേശന വിളംബരത്തിനു പോലും വഴിതെളിച്ചത് വൈക്കം സത്യഗ്രഹത്തിലൂടെ ശക്തിപ്പെട്ട ആ സമര പരമ്പരയാണെന്നു പറയാം.
വൈക്കം സത്യഗ്രഹം കേരളത്തിനു മാത്രമല്ല, തമിഴ്നാടിനും അഭിമാനിക്കാന്‍ ഏറെ വകനൽകുന്ന ഒന്നാണ്. തമിഴ്നാട്ടിലെ അബ്രാഹ്മണ ദ്രാവിഡ പ്രസ്ഥാനത്തെ നയിച്ച ഇ വി രാമസ്വാമി നായ്ക്കര്‍ അവിടെ നിന്നു വന്ന് ഈ സമരത്തിൽ പങ്കെടുക്കുകയും ഇവിടെ ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തത് ഇരു സംസ്ഥാനങ്ങള്‍ക്കും വിസ്മരിക്കാവുന്നതല്ല. സാമൂഹ്യപരിഷ്കകരണ ശ്രമങ്ങളിൽ വ്യാപൃതരായിരുന്ന നിരവധിപ്പേര്‍ തമിഴ്നാട്ടിൽ നിന്നും സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി വൈക്കത്ത് എത്തിയിരുന്നു: സി രാജഗോപാലാചാരിയും ശ്രീനിവാസ അയ്യങ്കാരും അയ്യാമുത്തു ഗൗണ്ടറും ഉള്‍പ്പെടെ നിരവധി പേര്‍.
അതുകൊണ്ടുതന്നെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാർഷികാഘോഷ ചടങ്ങിലെ സാന്നിധ്യത്തിനു സവിശേഷമായ പ്രാധാന്യമുണ്ട്. അഭിമാനകരമായ ഒരേ പോരാട്ട സംസ്കാര പൈതൃകം പങ്കിടുന്ന സഹോദരജനതകളാണ് തമിഴ്നാട്ടിലേതും കേരള ത്തിലേതും. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് തോള്‍ശീലൈ സമരത്തിന്റെ (മാറുമറയ്ക്കൽ സമരം) വാര്‍ഷികത്തിൽ അദ്ദേഹത്തോടൊപ്പം ഞാൻ പങ്കെടുത്തത്. അവിടെ വെച്ചാണ് വൈക്കം സത്യഗ്രഹ വാര്‍ഷിക ആഘോഷവും ഒരുമിച്ചാവാം എന്നു ഞങ്ങൾ നിശ്ചയിച്ചത്.
വൈക്കം സത്യഗ്രഹം വലിയ ഒരു മാതൃകയാണ് മുന്നോട്ടുവച്ചത്. പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കുക എന്ന മാതൃക. തമിഴ്നാടിന്റെയും കേരളത്തിന്റെയും മനസ്സ് അതിൽ ഒരുമിച്ചു നിന്നു. ഒരുമിച്ചു ചേരലിന്റേതായ ആ മനസ്സ് വരുംകാലത്തും ഉണ്ടാവും. വലിയ സാഹോദര്യമായി അതു ശക്തിപ്പെടും. ഇന്ത്യയ്ക്ക് അതു പുതിയ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.
വൈക്കം സത്യഗ്രഹം മറ്റൊരു മാതൃക കൂടി നമ്മുടെ മുമ്പിൽ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നവോത്ഥാനസമരം എന്നത് സാമൂഹ്യവ്യവസ്ഥിതി കൊണ്ടു ദുരനുഭവം നേരിടേണ്ടിവരുന്ന ജാതികളിൽപ്പെട്ടവര്‍ വേര്‍തിരിഞ്ഞു നിന്ന് ഒറ്റയ്ക്കു നടത്തേണ്ട ഒന്നല്ല, എന്നതാണത്. കെ കേളപ്പനും കെ പി കേശവമേനോനും മന്നത്തു പത്മനാഭനും കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും ടി കെ മാധവനും ടി ആര്‍ കൃഷ്ണസ്വാമി അയ്യരും കണ്ണന്തോടത്തു വേലായുധ മേനോനും ഒക്കെയുണ്ടായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ നേതൃനിരയിൽ എന്നത് ഓര്‍മ്മിക്കണം.
മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തു നിന്നു തിരുവനന്തപുരത്തേക്കു നടന്ന സവര്‍ണ കാൽനടജാഥ, അധഃസ്ഥിത വിഭാഗങ്ങളിൽ പ്പെട്ട ഒരാള്‍ക്കെതിരെയുണ്ടായ കഠിനമായ മര്‍ദ്ദനം സ്വയം ഏറ്റുവാങ്ങി മന്നം ആ വ്യക്തിയെ രക്ഷിച്ചത് എന്നിവ ഇത്തരുണത്തിൽ പ്രത്യേകം ഓര്‍മിക്കണം. അവര്‍ണ്ണര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെടുന്നതായിരുന്നു മന്നത്തിന്റെ നേതൃത്വത്തിൽ നടന്ന സവര്‍ണ്ണജാഥ.
കാക്കിനടയിൽ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിൽ ടി കെ മാധവന്‍ അയിത്തോച്ചാടനത്തെയും ക്ഷേത്ര പ്രവേശനത്തെയും അനുകൂലിച്ച് അവതരിപ്പിച്ച പ്രമേയം, ഗാന്ധിജി നൽകിയ അനുഗ്രഹാശംസ, ആ ഘട്ടത്തിലെ ഗുരുവിന്റെ വൈക്കം സന്ദര്‍ശനം, ആശ്രമം തന്നെ സമരക്കാര്‍ക്ക് വിട്ടുകൊടുത്ത ഗുരുവിന്റെ നടപടി, അയിത്തോച്ചാടന കമ്മറ്റി രൂപീകരണം എന്നിവയും വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് ചരിത്രത്തിൽ നിന്നു നാം ഓര്‍മ്മിച്ചുവെക്കേണ്ട പാഠങ്ങളാണ്.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എത്തിയ ഗാന്ധിജിയെപ്പോലും ആഢ്യസവര്‍ണനല്ലാത്തതിന്റെ പേരിൽ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഉണ്ടായിരുന്ന ഇണ്ടംതുരുത്തി മനയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നു. ക്ഷേത്രത്തിനോടു ചേര്‍ന്ന പൊതുവഴികള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണമെന്ന ഗാന്ധിജിയുടെ ആവശ്യം മനയുടെ അധികാരികള്‍ നിരാകരിച്ചു. ഇന്നിപ്പോള്‍ ആ മന ഒരു തൊഴിലാളി സംഘടനയുടെ ഓഫീസായി പ്രവര്‍ത്തിക്കുന്നു എന്നത് ആത്യന്തികമായി ചരിത്രം പുരോഗമനപരമായാണ് മുന്നേറുക എന്നതിന്റെ ദൃഷ്ടാന്തമാണ്.
സത്യഗ്രഹികള്‍ നേരിട്ട ക്രൂരമായ മര്‍ദ്ദനം മറക്കാനാവാത്തതാണ്. ബ്രാഹ്മണന്‍ തന്നെയായ രാമന്‍ ഇളയത് എന്ന സത്യഗ്രഹിയുടെ കണ്ണിൽ ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ ബലം പ്രയോഗിച്ചു ചുണ്ണാമ്പെഴുതി യതും, അതേ തുടര്‍ന്ന് ജീവിതാന്ത്യം വരെ അദ്ദേഹത്തിന് അന്ധനായി കഴിയേണ്ടി വന്നതും സത്യഗ്രഹ സമരഭടന്മാര്‍ അനുഭവിച്ച യാതനകളിൽ മറക്കാനാവാത്തതാണ്. ഇത്തരം യാതനാനുഭവങ്ങള്‍ നിറഞ്ഞ വൈക്കം സത്യഗ്രഹത്തിലൂടെയും മറ്റുമാണ് പ്രബുദ്ധതയുടെ സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ കേരളം ഇന്ത്യയുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രഭാവശാലികളായ ചില വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതായിരുന്നു കേരളത്തിലെയും ഇന്ത്യയിലെ ആകെത്തന്നെയും നവോത്ഥാന മുന്നേറ്റങ്ങള്‍. അങ്ങനെ ആലോചിക്കുമ്പോള്‍ രാജാറാം മോഹന്‍ റോയ് മുതൽ മഹാത്മാ ഫൂലെ വരെയുള്ള ദീപ്ത വ്യക്തിത്വങ്ങള്‍ ദേശീയതലത്തിലും ശ്രീനാരായണ ഗുരു മുതൽ അയ്യങ്കാളി വരെയുള്ള മഹദ-്-വ്യക്തിത്വങ്ങള്‍ സംസ്ഥാന തലത്തിലും നമ്മുടെ മനസ്സിൽവരും. അവര്‍ നയിച്ച പോരാട്ടങ്ങളും മനസ്സിൽ വരും. എന്നാൽ, വൈക്കം സത്യഗ്രഹത്തിന്റെ പ്രത്യേകത, വ്യക്തികേന്ദ്രീകൃത നവോത്ഥാനമുന്നേറ്റമായിരുന്നില്ല അത് എന്നതാണ്.
അന്നു നിലനിന്ന സാമൂഹികാവസ്ഥയുടെ തിക്തഫലം അനുഭവിച്ച ജാതിയിൽ പെട്ടവര്‍ ഒറ്റപ്പെട്ട് നടത്തിയ അവകാശ പോരാട്ടമല്ല, മറിച്ച് എല്ലാ ജാതിയിലും പെട്ടവരിലെ ഉൽപതിഷ്ണുക്കള്‍ ചേര്‍ന്ന് നടത്തിയതാണ് വൈക്കം സത്യഗ്രഹം എന്നുപറഞ്ഞല്ലോ. എന്നാൽ അതിനപ്പുറം ക്രിസ്ത്യന്‍, മുസ്ലീം, എന്നുവേണ്ട സിഖ് മതത്തിൽപ്പെട്ട പുരോഗമന ചിന്താഗതിക്കാരുടെ പോലും പിന്തുണ അതിനുണ്ടായി.
കെ അബ്ദുള്‍ റഹ്മാന്‍ കുട്ടി, പരീദ് സാഹിബ്, എം കെ അബ്ദുള്‍ റഹീം തുടങ്ങിയവര്‍ മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച് ഐക്യദാര്‍ഢ്യവുമായി വൈക്കം സത്യഗ്രഹത്തിലെത്തി. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിനെപ്പോലെയുള്ളവരുടെ പേരുകള്‍ ഇത്തരുണത്തിൽ എടുത്തുപറയേണ്ടതുണ്ട്. പത്ത് സിഖ് സഹോദരങ്ങള്‍ വൈക്കത്തെത്തി ഭോജനശാല തുറന്നിരുന്നു. ഇങ്ങനെ നോക്കിയാൽ കൃത്യമായ മതനിരപേക്ഷ സ്വഭാവം ഉണ്ടായിരുന്നു വൈക്കം സത്യഗ്രഹത്തിന് എന്ന് വ്യക്തമാവും.
അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് പൊതുവഴി ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം നൽകുന്ന തീരുമാനം 1865ൽ തന്നെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. എന്നിട്ടും ആ തീരുമാനം നടപ്പിലാവാന്‍ ഏകദേശം 60 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ജനകീയ പ്രക്ഷോഭം വേണ്ടിവന്നു. മെച്ചപ്പെട്ട നിയമങ്ങള്‍ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുമാത്രം സാമൂഹികവ്യവസ്ഥിതിയെ മാറ്റിമറിക്കാന്‍ കഴിയില്ല എന്നും അതിനു സമൂഹത്തിന്റെയാകെ മനഃസ്ഥിതിയിൽ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ജനകീയ ഇടപെടലുകള്‍ വേണ്ടിവരും എന്നും വ്യക്തമാക്കുന്നതാണ് വൈക്കം സത്യഗ്രഹം.
വൈക്കം സത്യഗ്രഹമാകട്ടെ അതിനെത്തുടര്‍ന്നുള്ള വര്‍ഷങ്ങളിൽ കേരളത്തിനകത്തും ഇന്ത്യയിൽത്തന്നെ മറ്റിടങ്ങളിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് ഉത്തേജനമായി മാറി എന്നത് നാം കാണാതെ പോകരുത്. പൂനെയിലും നാസിക്കിലും ഗുരുവായൂരുമൊക്കെ ക്ഷേത്ര പ്രവേശനത്തിനായുള്ള സമരങ്ങള്‍ നടന്നത് വൈക്കം സത്യഗ്രഹത്തിനു ശേഷമായിരുന്നു എന്നു നാം ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ വൈക്കം സത്യഗ്രഹം രാജ്യത്തിനു തന്നെ ഒരു മാതൃകയായിരുന്നു എന്നു കാണാന്‍ കഴിയും.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പ്രകടമായ നവോത്ഥാനത്തിന്റെ പൈതൃകം മുമ്പോട്ടു കൊണ്ടുപോകാന്‍ ഇടവന്ന പ്രസ്ഥാനങ്ങളാണ് ഇന്ന് തമിഴ്നാട്ടിലും കേരളത്തിലും ഭരണത്തിലുള്ളത് എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു യാദൃച്ഛികതയാണ്. പെരിയാറിനെയും അണ്ണാദുരയെയും പോലെയുള്ളവരുടെ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനത്തെ കാലാനുസൃതമായി രാഷ്ട്രീയവൽക്കരിച്ച് മുമ്പോട്ടു കൊണ്ടുപോവുകയാണ് തമിഴ്നാട്ടിലെ ഡി എം കെ ഗവണ്‍മെന്റ് ചെയ്യുന്നത്. നവോത്ഥാന പൈതൃകത്തിൽ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മാനവികതയുടേതായ ഒരു പുതുസമൂഹത്തിന്റെ സൃഷ്ടി സാധ്യമാക്കാനാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ശ്രമിക്കുന്നത്. നവോത്ഥാനത്തിന്റെ ഉത്തമ മൂല്യങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകുന്ന രണ്ട് ധാരകളുടെ ഇത്തരത്തിലുള്ള ഒരു സംഗമം വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ പശ്ചാത്തലത്തിൽ സാധ്യമായത് തീര്‍ച്ചയായും പ്രാധാന്യമുള്ള കാര്യമാണ്.
ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഈടുവെയ്പുകളെ സംരക്ഷിക്കുന്ന കാര്യത്തിലുണ്ടാകുന്ന ഒരുമ ജനങ്ങളുടെയും രാജ്യത്തിന്റെയും പൊതുവായ താൽപര്യങ്ങളാകെ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങളിലെ ഒരുമയായി വരുംകാലത്ത് വളരും എന്നത് വ്യക്തമാണ്. സാമൂഹിക പരിഷ്കരണ ധാരയെയും ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാന ധാരയെയും പരസ്പരം ലയിപ്പിച്ചു മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞവരാണ് നമ്മള്‍. എന്നാൽ ഇന്ത്യയിലെ പല പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യങ്ങളിൽ വ്യക്തതയില്ല. അത്തരം കൂട്ടര്‍ക്കു കൂടി മാതൃകയാക്കാനാവുന്നതാകും കേവലം കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ളതും രാജ്യത്തിന്റെ പൊതുതാൽപര്യങ്ങള്‍ക്കു പ്രാധാന്യം കൽപ്പിക്കുന്നതുമായ ഇത്തരം നിലപാടുകള്‍.
ഒരു നൂറ്റാണ്ടു മുമ്പത്തെ നമ്മുടെ സമൂഹത്തിന്റെ പൊതുതാൽപര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു വൈക്കം സത്യഗ്രഹം. എന്നാൽ ഒരു നൂറ്റാണ്ടിനിപ്പുറവും അതിന്റെ മൂല്യങ്ങള്‍ പ്രസക്തമായി നിൽക്കുന്നു. അക്കാലത്തെ ജാതിവിവേചനങ്ങളും ദുരാചാരങ്ങളും അന്ധവിശ്വാസജഡിലമായ സാമൂഹികാവസ്ഥയും തിരിച്ചുകൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. അവയെ ചെറുക്കുന്നതിനാണ് വൈക്കം സത്യഗ്രഹത്തിന്റെ മൂല്യങ്ങള്‍ ഉപകരിക്കേണ്ടത്. അക്കാലത്ത് നമ്മള്‍ വൈദേശികാധിപത്യത്തിനെതിരെ പോരാടി. ഇക്കാലത്താകട്ടെ, സാമ്പത്തിക രംഗത്തടക്കമുള്ള വൈദേശിക ദുസ്വാധീനങ്ങള്‍ക്കെതിരെ പോരാടേണ്ടിയിരിക്കുന്നു. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല എന്നാണിത് സൂചിപ്പിക്കുന്നത്.
ജാതിവ്യവസ്ഥ നിലനിന്നാൽ ഗുണമുണ്ടാകുമായിരുന്ന സമുദായങ്ങളിലെ ഉൽപതിഷ്ണുക്കള്‍ വരെ വൈക്കം സത്യഗ്രഹത്തിൽ അണിനിരന്നു. അതു മാതൃകയാക്കുന്ന വിധത്തിൽ വര്‍ണ്ണഭേദത്തിന് അതീതമായി മനുഷ്യരുടെയാകെ ഒരുമ നിലനിര്‍ത്താനും അത് നഷ്ടപ്പെടുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള പോരാട്ടങ്ങളാണ് ഇക്കാലത്തുണ്ടാവേണ്ടത്. അന്ന് ജാതി വിവേചനത്തിൽ ഒതുങ്ങിനിന്നുവെങ്കിൽ, ഇന്ന് മതവര്‍ഗ്ഗീയതയുടെ വിനാശകരമായ ആധിപത്യത്തിനെതിരായ ജാഗ്രതാ പ്രസ്ഥാനമാക്കി പഴയ പോരാട്ടങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
ആ നിലയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഓര്‍മ്മപ്പെടുത്തലാണ് വൈക്കം സത്യഗ്രഹത്തിന്റെ 100 —–ാം വാര്‍ഷികാഘോഷം. നമ്മുടെ സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിനു വിഘ്നം സൃഷ്ടിക്കുന്ന വിധത്തിൽ ഉയര്‍ന്നുവരുന്ന കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാനും അവയെ തട്ടിമാറ്റി മുന്നേറാനും കഴിയണമെന്ന ഓര്‍മ്മപ്പെടുത്തലാണത്. അതിനായി ചെറിയ അഭിപ്രായ വ്യത്യാസങ്ങളെക്കാളുപരി വലിയ അപകടത്തെ ചെറുക്കുന്നതിനു പ്രാമുഖ്യം നൽകുന്ന അതിബൃഹത്തായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന ഓര്‍മ്മപ്പെടുത്തലുമാണത്. കൊടിയ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്നവര്‍ മാത്രമേ ശാശ്വതമായി അതിജീവിക്കൂ എന്ന ഓര്‍മ്മപ്പെടുത്തലുമാണത്.
നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ മുന്നോട്ടുവെച്ച മൂല്യങ്ങള്‍ക്കും അവയെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്കും എതിരായ വലിയ ആക്രമണങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. അവയെ പൊരുതിത്തോൽപ്പിക്കുന്നിടത്തേക്ക് നവോത്ഥാന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
വൈക്കം സത്യഗ്രഹത്തിൽ മാത്രമല്ല, നമ്മുടെ ദേശീയ പ്രസ്ഥാനത്തിലാകെ ഉയര്‍ത്തിപ്പിടിക്കപ്പെട്ട മൂല്യമാണ് മതനിരപേക്ഷത. അതാകട്ടെ, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നാണ്. അതിനെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യയെ മതരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ നടത്തപ്പെടുകയാണ്. നമ്മുടെ ഭരണഘടനയെ ഇല്ലായ്മ ചെയ്തുകൊണ്ട് അതിനു പകരമായി മനുസ്മൃതിയെ അവരോധിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്. ഇതൊക്കെ, പഴയ കാലത്തെ സാമുദായിക ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും അസമത്വങ്ങളെയും അടിച്ചമര്‍ത്തലുകളെയും തിരിച്ചുകൊണ്ടുവരാന്‍ മാത്രമേ ഉപകരിക്കൂ എന്നു നാം തിരിച്ചറിയണം. ഇന്ന് നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുതകുന്ന പോരാട്ടങ്ങള്‍ക്കുള്ള വലിയ ഊര്‍ജ്ജമായി വൈക്കം സത്യഗ്രഹത്തിന്റെ 100-–ാം വാര്‍ഷികാഘോഷങ്ങള്‍ മാറും. ♦