Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിപെൺകരുത്തും ശുചിത്വകേരളവും

പെൺകരുത്തും ശുചിത്വകേരളവും

സിന്ധു പ്രഭാകരൻ

‘ഹരിതകർമ്മസേന എന്ന പേരിൽ വീട്ടിൽവന്ന് മാലിന്യം എടുത്തുകൊണ്ടു പോകുന്നവർക്ക് പ്രതിമാസം 50 രൂപ കൊടുക്കേണ്ടതില്ല.’ ശരിയോ തെറ്റോ എന്നന്വേഷിക്കാതെ സാമൂഹ്യമാധ്യമത്തിലൂടെ തലങ്ങും വിലങ്ങും ഫോർവേഡ് ചെയ്യപ്പെട്ട ഒരു മെസ്സേജാണിത് അപ്പോൾ ആരും ഓർത്തിട്ടുണ്ടാവില്ല, ബ്രഹ്മപുരങ്ങൾക്ക് തീപിടിക്കുമെന്ന്. സംസ്കരണം സാധ്യമല്ലാത്ത തരത്തിൽ മാലിന്യമലകൾ ഉയർന്നു വരുമെന്ന്. നമ്മുടെ മാലിന്യം കത്തി നമുക്കുതന്നെ ശ്വാസംമുട്ടുമെന്ന്. സകല സിസ്റ്റത്തെയും കുറ്റം പറഞ്ഞ്, സ്വയം തൃപ്തിയടയാമെന്ന് കരുതിയാൽ, നമ്മളൊന്ന് ഓർക്കേണ്ടിവരും, ഈ മാരണത്തിൽ നിന്നും മോചനം അസാധ്യമാണ്.

നമ്മുടെ സഹോദരിമാർ, ഹരിതകർമ്മസേനാംഗങ്ങൾ, പൊതുജനത്തിന്റെ ആട്ടും തുപ്പും സഹിക്കേണ്ടി വരുന്നു, വെയിലും മഴയും കൊള്ളേണ്ടിവരുന്നു, അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കേണ്ടി വരുന്നു, തുച്ഛമായ വേതനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു, – ഇതൊക്കെ ഈ സമൂഹത്തിനുവേണ്ടിക്കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മാതൃകയാകുന്ന കുട്ടികൾ, മാറേണ്ട മുതിർന്നവർ
പേരക്കുട്ടിയുടെ പിറന്നാളാഘോഷങ്ങൾക്കായി മകളുടെ വീട്ടിൽ ഒത്തുകൂടിയപ്പോഴാണ് അത് സംഭവിച്ചത്. രണ്ടു വയസ്സ് മാത്രം പ്രായമുള്ള പേരമകൾ എന്റെ കയ്യിലിരുന്ന മിട്ടായിക്കടലാസ് വാങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി വച്ചിരുന്ന ചാക്കിൽത്തന്നെ കൃത്യമായി കൊണ്ടുപോയി ഇട്ടു. കുഞ്ഞിനെ ഇങ്ങനെ ശീലിപ്പിച്ചിട്ടില്ല എന്നാണ് മകൾ പറഞ്ഞത്. അവൾക്ക് രണ്ടു വയസ്സല്ലേ ആയിട്ടുള്ളൂ. വയനാട് മീനങ്ങാടി ബസ്റ്റാൻഡിലെ ഗ്രീൻ കഫറ്റേറിയയിലിരുന്ന് ഹരിതകർമ്മസേനാ സെക്രട്ടറി സുനി ഇത് പറയുമ്പോൾ ആ കണ്ണുകളിൽ ആവേശം അലതല്ലുന്നത് കാണാമായിരുന്നു. മാലിന്യനിർമാർജനം ഒരു ചുമതലയല്ല, അതൊരു സംസ്കാരമാണ്. അങ്ങനെയൊരു സംസ്കാരം ഉണ്ടായി വരാനുള്ള സാഹചര്യം ഒരുക്കാനുള്ള ബാധ്യത ഒരു പ്രത്യേക വിഭാഗത്തിനു മാത്രമല്ല, സമൂഹത്തിന് ഒന്നാകെയാണ്. പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കി കൊടുക്കണം, അതിനോടൊപ്പം 50 രൂപയും കൊടുക്കണോ എന്ന് ചോദിക്കുന്ന സമൂഹം ഈ രണ്ടു വയസ്സായ കുട്ടിയിൽനിന്നുമാണ് പാഠമുൾക്കൊള്ളേണ്ടത്.

ഉദാഹരണങ്ങൾ ഇനിയുമുണ്ടേറെ. കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ കയരളം എയുപി സ്കൂളിലെ വിദ്യാർഥികളായ മിറാസും അശ്വന്തും നാലാം ക്ലാസ് മുതൽ ആരംഭിച്ചതാണ് ഇത്തരം പ്രവർത്തനങ്ങൾ. പൊതുവഴിയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറിക്കൊണ്ടാണ് അവർ നാടിനൊന്നാകെ മാതൃകയായത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുകെട്ടിയ മാലിന്യം ആരും കാണാതെ റോഡരികിൽ ഉപേക്ഷിക്കുന്ന, സംസ്കാരസമ്പന്നർ എന്നഹങ്കരിക്കുന്നവരെ തോൽപ്പിച്ചു കളയുന്നു ഈ കൊച്ചു കുട്ടികൾ. നമ്മുടെ തലയ്ക്കു മുകളിൽ ഡെമോക്ളീസിന്റെ വാളായി തൂങ്ങിയാടുന്ന ബ്രഹ്മപുരങ്ങളെ തോൽപ്പിക്കണമെങ്കിൽ ഈ കുട്ടികളെയാണ് മാതൃകയാക്കേണ്ടത്.

ശുചിത്വകേരളവും ഹരിതകർമ്മസേനയും
ഗ്രാമ-നഗര വ്യത്യാസമില്ലാതെ അനുഭവപ്പെട്ടിരുന്ന രൂക്ഷമായ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയമായ ഒരു പരിഹാരം ഒരു പരിധിവരെ സാധ്യമായത് 2017 മുതൽ പ്രവർത്തിച്ചുവരുന്ന ഹരിതകർമ്മസേനകളുടെ ശ്രമഫലമായാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. അജൈവമാലിന്യം ശേഖരിക്കുക മാത്രമല്ല, അവയെ തരംതിരിക്കുകയും ഷ്രെഡ് ചെയ്യുകയും പുനഃചഠക്രമണ പ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികൾക്ക് കൈമാറുകയും ചെയ്യുന്നു. അതിനോടൊപ്പംതന്നെ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്നതിന് ഓരോ വീട്ടുകാരെയും പ്രാപ്തരാക്കുന്ന തരത്തിൽ അറിവ് പകർന്നു നൽകുക കൂടി ചെയ്യുന്നു.

ഇതിനായി സാങ്കേതിക സഹായവും പിന്തുണാ സംവിധാനങ്ങളുടെ ഉറപ്പാക്കലും ഒക്കെ ഹരിതകർമ്മസേനാംഗങ്ങൾ നിർവഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനും നാശോന്മുഖമായ പ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും വിഭവങ്ങളുടെ വികസനം സാധ്യമാക്കാനും നിലനിർത്താനും ഒക്കെ ഉതകുന്ന തരത്തിലുള്ള ഒരു ജീവിതശൈലി സ്വായത്തമാക്കാൻ ജനങ്ങളെ പരിശീലിപ്പിക്കുകകൂടി ചെയ്യുന്നവരാണ് ഹരിതകർമ്മസേനയിലെ ഓരോ അംഗങ്ങളും. ഇവരുടെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ, ഇടപെടലുകളിലൂടെ, ഒരു പുതിയ പ്രവർത്തനശൈലി, ഒപ്പം ജീവിതശൈലിയും ജനങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

ചവറു പെറുക്കികളല്ല, ഇവർ കരുത്തുറ്റ പോരാളികൾ
സ്വന്തം കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനുള്ള ശ്രമങ്ങൾ കുടുംബശ്രീയുടെ സഹായത്തോടെ നടത്തിവന്നിരുന്ന കാലത്താണ് ഒരുകൂട്ടം സ്ത്രീകൾ മടിച്ചുമടിച്ച് ഈ രംഗത്തേക്ക് കടന്നുവന്നത്. ഒട്ടേറെ പ്രശ്നങ്ങളിലൂടെയും അവഗണനകളിലൂടെയുമാണ് പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവർ കടന്നു പോകുന്നത്. എന്നാൽ അവർ പണിയെടുക്കുന്നത് സ്വന്തം ദാരിദ്ര്യം മാറ്റാൻ മാത്രമല്ല, നല്ലൊരു നാടിനു വേണ്ടി കൂടിയാണ്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറു മണി വരെ അവർ അധ്വാനിക്കുന്നത് ഈ നാടിന്റെ നന്മയ്ക്ക് വേണ്ടി കൂടിയാണ്. അവരോടൊപ്പം സമൂഹത്തിലെ ഓരോ വ്യക്തിയും തങ്ങളുടേതായ പങ്കുകൂടി നിർവഹിക്കണം. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളുടെ അളവ് ഗണ്യമായി കുറയ്ക്കുകയും പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം വർദ്ധിപ്പിക്കുകയും വേണം. വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിച്ച്, ഒരു പുതിയ ജീവിതശൈലി നാം സ്വായത്തമാക്കണം. സമൂഹം ഈ കരുത്തുറ്റ പോരാളികളോടൊപ്പം ചേരണം. അങ്ങനെയാണെങ്കിൽ വൃത്തിയുള്ള പല വിദേശ രാജ്യങ്ങളുടെയും നിലവാരത്തിലേക്ക് എത്താൻ നമുക്കും സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

അയൽപക്ക കൂട്ടായ്മയിൽ നിന്നും സമൂഹമധ്യത്തിലേക്ക്
സ്വന്തം വീടിനു ചുറ്റും ഉണ്ടായിരുന്ന പത്തോ ഇരുപതോ കുടുംബങ്ങളുടെ കുടുംബശ്രീ കൂട്ടായ്മയിൽ പ്രവർത്തിച്ചിരുന്നവർ ഇന്ന് യാതൊരു മടിയുമില്ലാതെ സമൂഹത്തിലൊന്നാകെ ഇറങ്ങി പ്രവർത്തിക്കുകയാണ്. നിരന്തരമായി ലഭിച്ച പരിശീലനങ്ങളിലൂടെയും വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച പിന്തുണാ സംവിധാനങ്ങളിലൂടെയും സമൂഹത്തിൽ നിന്ന് ലഭിച്ച അനുഭവങ്ങളിലൂടെയും ആർജിച്ചെടുത്ത അറിവ് കരുത്താക്കി മാറ്റാൻ ഈ സ്ത്രീ സമൂഹത്തിന് സാധിച്ചിരിക്കുന്നു. ഒഴിവാക്കാൻ നിവൃത്തിയില്ലാത്ത കാരണങ്ങളാൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നത് കൊല്ലം ശൂരനാട്ട് ഹരിതകർമ്മസേനാംഗം സീമ മാത്രമല്ല; ഒട്ടേറെ പേരുണ്ട്. എന്നാൽ കൊല്ലം പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് എസ്സ് അമ്മിണിയും കണ്ണൂർ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതയും ഇടുക്കി മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിൻസി ജോയിയും ഒക്കെ ഹരിതകർമ്മസേനയിലൂടെ ഭരണ നേതൃത്വത്തിലേക്ക് എത്തിയവരാണ്. 50 ശതമാനം സംവരണം ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ ലഭിക്കാൻ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ബുദ്ധിമുട്ടേണ്ടിവരുന്നില്ല. ഏതു രംഗത്തും തങ്ങളുടെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് ഈ കൂട്ടായ്മയിലെ സ്ത്രീകൾ.

സർഗ്ഗവൈഭവം മുന്നോട്ടുവയ്ക്കുന്ന പുത്തൻ മാതൃകകൾ
കേവലം മാലിന്യശേഖരണത്തിൽ അവസാനിക്കുന്നതല്ല ഇവരുടെ പ്രവർത്തനങ്ങൾ. ശേഖരിക്കുന്ന അജൈവ വസ്തുക്കൾ പലതും രൂപമാറ്റം വരുത്തി ബദൽ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലും ഇവർ മിടുക്ക് കാണിക്കുന്നു. പഴയ വസ്ത്രങ്ങൾ ശേഖരിച്ച്, അവയോടൊപ്പം സിമന്റ് കൂട്ടിച്ചേർത്ത് ചെടിച്ചട്ടിയാക്കി മാറ്റുകയാണ് കണ്ണൂർ കണ്ണപുരത്തെ ഹരിതകർമ്മസേന. പഴയ തുണിത്തരങ്ങളെ പേഴ്സ്, ബാഗ്, ചവിട്ടി തുടങ്ങി എത്രയെത്ര ഉത്പന്നങ്ങളായാണ് ഇവർ മാറ്റിയെടുക്കുന്നത്. കുടത്തുണി ഉള്ളിൽ പിടിപ്പിച്ച് മത്സ്യവും മാംസവും വാങ്ങാനുള്ള സഞ്ചി പോലും അവർ ഉണ്ടാക്കിയെടുത്ത് പ്രചരിപ്പിക്കുന്നു.

ചില കുടിയന്മാർ കുടിച്ചു കഴിഞ്ഞാൽ ഭംഗിയുള്ള കുപ്പി വീടിനുമുന്നിൽ കൊണ്ടുവയ്ക്കും എന്ന് പനച്ചിക്കാട്ട് ഹരിതകർമ്മസേനാംഗവും 70 വയസ്സുമുള്ള ശാന്തേച്ചി പറയുന്നു. കുപ്പികളിൽ അവർ നടത്തുന്ന ആർട്ട് വർക്ക് മനോഹരമാണ് എന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ മറ്റെന്ത് ഉദാഹരണമാണ് വേണ്ടത്? പലതരം പൂക്കളും തുണിസഞ്ചികളും ഗൃഹാലങ്കാര വസ്തുക്കളും ഒക്കെ ആ കൈവിരൽ തുമ്പുകളിലൂടെ ജീവസ്സുറ്റതാകുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം അവർ ഒരുക്കിയെടുത്ത ഹരിതബൂത്തുകൾ വിളിച്ചു പറയുന്നത് അവരുടെ സർഗ്ഗവൈഭവമല്ലാതെ മറ്റൊന്നുമല്ല. ജീവനോപാധിക്കു മാത്രമായല്ല ഹരിതകർമ്മസേനകൾ പ്രവർത്തിക്കുന്നത്. മറിച്ച് അവർ തങ്ങളുടെ കഴിവുകൾ സാമൂഹ്യനന്മയ്ക്കായി കൂടി പ്രയോജനപ്പെടുത്തുകയാണ്. ലഭിക്കുന്ന യൂസർഫീക്കുപരിയായി നാട് നന്നാകണം എന്ന ചിന്ത വച്ചുപുലർത്തുന്നവരാണവർ.

അതിജീവിക്കേണ്ട പരിമിതികൾ
ഒട്ടേറെ പരിമിതികളിലൂടെയാണ് ഹരിതകർമ്മസേനകളുടെ പ്രവർത്തനം കടന്നുപോകുന്നത്. ശേഖരിക്കുന്ന മാലിന്യം തരംതിരിക്കുന്നതിനും സംഭരിച്ചു വയ്ക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്ത കുറേയേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇനിയുമുണ്ട്. ജോലി സമയത്ത് ധരിക്കുന്നതിനാവശ്യമായ മാസ്കും കൈയുറയും പോലും തങ്ങൾക്കു ലഭിക്കുന്ന തുച്ഛമായ വേതനത്തിൽ നിന്ന് വാങ്ങേണ്ടി വരുന്നവരും കുറവല്ല. സ്വന്തം അജൈവമാലിന്യം വൃത്തിയാക്കി നൽകാൻ മടിക്കുന്നവരാണ് സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾ. ഈ മാലിന്യവുമായി പകൽ മുഴുവൻ ഇടപെടുന്ന പ്രവർത്തകർക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുമുണ്ട്. അവർക്ക് ഇ എസ് ഐ, ഹെൽത്ത് ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ അധികൃതരും സമൂഹവും കടപ്പെട്ടിരിക്കുന്നു. അതിനോടൊപ്പം മാലിന്യം നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ കൈമാറാത്തവരോടും യൂസർ ഫീ നൽകാത്തവരോടും തദ്ദേശസ്വയംഭരണസ്ഥാപന അധികൃതർ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിക്ക് തയ്യാറാകേണ്ടതുമുണ്ട്. താൽക്കാലികമായ വോട്ട് ബാങ്കിനെ ലക്ഷ്യം വയ്ക്കുന്നതിനുപകരം നന്മ ലാക്കാക്കി പ്രവർത്തിക്കുന്നത് രാഷ്ട്രീയപ്രവർത്തകർക്ക് ഭാവിയിൽ നേട്ടം ഉണ്ടാക്കുമെന്നത് തർക്കമറ്റ സംഗതിയാണ്. ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്നും പ്രവർത്തിക്കുന്ന തുച്ഛമായ വരുമാനമുള്ള ഇവർക്ക് പരിമിതികൾ മറികടക്കാനുള്ള പിന്തുണ നാട് നൽകണം.

എല്ലാം തികഞ്ഞവരാണോ, അല്ലേയല്ല
ഇത്രയുമൊക്കെ പറയുമ്പോൾ ഹരിതകർമ്മസേനക്കാർ എല്ലാം തികഞ്ഞവരാണെന്നോ, അവർ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ പ്രശ്നം പൂർണമായി പരിഹരിച്ചെന്നോ അർത്ഥമാക്കേണ്ടതില്ല. ചില സ്ഥലങ്ങളിലെങ്കിലും ഇവർ ജോലിക്കിടയിൽ പലരോടും മോശമായി പെരുമാറുന്നു എന്ന പരാതികൾ ഉണ്ടാകാറുണ്ട്. മാലിന്യ ശേഖരണത്തിനായി പോകുമ്പോൾ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇത്തരം പരാതികൾ വളരെ കുറവാണ്. എന്നിരിക്കലും അവ ഉയർത്തിക്കാട്ടി ഹരിതകർമ്മസേനകളെ ഉപരോധിക്കാനും യൂസർ ഫീ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും സമൂഹത്തിലെ ഒരു വിഭാഗം കാണിക്കുന്ന ഉത്സാഹം നല്ലതിനല്ല. അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്നങ്ങളുടെ കാരണങ്ങൾ കണ്ടെത്തുകയും അത് പരിഹരിക്കുന്നതിന് കൂട്ടായ പ്രവർത്തനങ്ങൾ അധികൃതരുടെയും സമൂഹത്തിന്റേയും ഭാഗത്തുനിന്ന് ഉണ്ടാവുകയുമാണ് വേണ്ടത്. അത് ശുചിത്വത്തിലേക്ക് ഉയരാൻ ശ്രമിക്കുന്ന ഒരു നാടിന്റെ പ്രവർത്തനങ്ങൾക്ക് കുറച്ചുകൂടി വേഗത നൽകും.

ഒരുമിക്കാം, മുന്നേറാം
വെറും മാലിന്യ സംസ്കരണം മാത്രം ലക്ഷ്യമിട്ട് രൂപീകരിച്ച ഒരു വിഭാഗമല്ല ഹരിതകർമ്മസേന. ഒരു സൂക്ഷ്മ സംരംഭകത്വ യൂണിറ്റായാണ് അവരുടെ രൂപീകരണം. അതുകൊണ്ടുതന്നെ, മാലിന്യശേഖരണത്തോടൊപ്പം പുതിയ സംരംഭങ്ങൾ ആരംഭിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ അവരുടെ വരുമാനം മെച്ചപ്പെടുത്താൻ കഴിയൂ. അങ്ങനെ പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുറവല്ല. വടകര, മീനങ്ങാടി, കണ്ണപുരം, പനച്ചിക്കാട് അങ്ങനെ എത്രയോ പഞ്ചായത്തുകൾ. കമ്പോസ്റ്റ് നിർമ്മാണം, ജൈവകൃഷി, ബദലുല്‍പ്പന്ന നിർമ്മാണം തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ അവർ നടത്തുന്നു.

തങ്ങളുടെ കഴിവുകൾ തിരിച്ചറിയുകയും വിവിധ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യാൻ ഈ സഹോദരിമാർ മടിക്കേണ്ടതില്ല. തെക്കുനിന്ന് വടക്കു വരെ ഇവരോടൊപ്പം സഞ്ചരിച്ചാൽ ഒരു കാര്യം തീർച്ചയായും മനസ്സിലാകും, വളരെ സന്തോഷത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഒരു കൂട്ടായ്മയാണിവർ. തങ്ങളുടെ ചെറുപ്പകാലത്ത് പ്രയോജനപ്പെടുത്താൻ കഴിയാതിരുന്ന കഴിവുകൾ അവസരം ലഭിച്ചപ്പോൾ ഊതിക്കാച്ചിയെടുത്ത് ഈ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയാണിപ്പോൾ. അവരെ ചേർത്തുനിർത്താം, അവരിലൂടെ ഒരുമിച്ചു ചേർന്ന് ശുചിത്വ കേരളം കെട്ടിപ്പടുക്കാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − four =

Most Popular