കൊച്ചി കോർപ്പറേഷനിലെ ബ്രഹ്മപുരം ഡമ്പിംഗ് യാർഡിൽ ഈ അടുത്തുണ്ടായ തീപിടുത്തം കേരളത്തിന്റെ മാലിന്യ സംസ്കരണ നയങ്ങളെ സംബന്ധിച്ച പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന് വിദേശ മാതൃകയിലുള്ള വൻകിട കേന്ദ്രീകൃത പ്ലാന്റുകൾ വരണമെന്നും കാര്യക്ഷമതയില്ലാത്ത തദ്ദേശഭരണസ്ഥാപനങ്ങൾ അതിന്റെ നടത്തിപ്പിൽ നിന്നും പിൻമാറി സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകണമെന്നുമുള്ള സ്ഥിരം ആവശ്യമാണ് ചില കൂട്ടർ മുന്നോട്ടുവെക്കുന്നത്.
മാലിന്യം ഉത്പാദകന്റെ ഉത്തരവാദിത്വമാണെന്നും അതിനാൽ മാലിന്യം ഉറവിടത്തിൽ തന്നെ പൂർണമായി സംസ്കരിക്കണമെന്നുമുള്ള ആവശ്യമാണ് ഇതിന്റെ മറുപുറത്തുള്ളവർ ഉന്നയിക്കുന്നത്. പഴയ ഡമ്പിംഗ് യാർഡുകൾ എല്ലാം അടച്ചുപൂട്ടി അവയുടെ സ്ഥാനത്ത് പൂന്തോട്ടങ്ങളോ പാർക്കുകളോ സ്റ്റേഡിയങ്ങളോ പണിയുന്ന പ്രവണതയും ഇന്ന് വ്യാപകമാണ്. മാലിന്യ സംസ്കരണമെന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്നുമുള്ള പ്രാദേശിക സർക്കാരുകളുടെ പിന്മാറ്റമാണിതെന്നും കൊച്ചി പോലുള്ള വലിയ നഗരങ്ങൾക്ക് വികേന്ദ്രീകൃത മാതൃകകൾ പര്യാപ്തമല്ലെന്നുമുള്ള വിമർശനങ്ങളും ഈ വാദത്തിനുണ്ടെന്നത് പറയാതിരിക്കാൻ ആകില്ല.
ഈ സാഹചര്യത്തിൽ കേരളത്തിന്റെ നഗരങ്ങൾക്കനുയോജ്യമായ ഒരു മാലിന്യ പരിപാലന നയം രൂപീകരിക്കേണ്ടതും അതിന്റെ സാർവത്രികമായ നടത്തിപ്പ് ഉറപ്പുവരുത്തേണ്ടതും നവകേരള സൃഷ്ടിക്കായുള്ള കർമ്മപദ്ധതിയിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായിത്തീർന്നിരിക്കുന്നു.
കേന്ദ്രീകൃത മാലിന്യ സംസ്കരണ വാദത്തിനും വികേന്ദ്രീകൃത മാലിന്യ സംസ്കരണ വാദത്തിനും ഇടയിൽ മറ്റൊരു വഴിയായി സംയോജിത മാലിന്യ സംസ്കരണം എന്നൊരു പാതയുണ്ടെന്നും ആ നയത്തിന്റ പ്രായോഗികത ചർച്ച ചെയ്യാനും പ്രധാനമായും കുന്നംകുളം, ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നീ നഗരസഭകളിൽ നടന്ന സദൃശ പരീക്ഷണങ്ങളുടെ ഫലം കേരളത്തിലെ മാലിന്യ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നതിനുമാണ് ഇവിടെ ശ്രമിക്കുന്നത്.
എന്താണ് മാലിന്യം ? അത് എവിടെ നിന്നു വരുന്നു?
മനുഷ്യന്റെ ഉത്പാദന – – ഉപഭോഗ പ്രവർത്തനങ്ങളുടെ ഭാഗമായി അധികമായി അല്ലെങ്കിൽ ആവശ്യമില്ലാത്തതായി സൃഷ്ടിക്കപ്പെടുന്ന വസ്തുക്കളാണ് മാലിന്യം. അതായത് സമൂഹത്തിലെ ഉത്പാദന – – ഉപഭോഗ പ്രവർത്തനങ്ങളിലെ വർദ്ധനവ് മാലിന്യത്തിന്റെ അളവ് വർദ്ധനവിനും കാരണമായേക്കാം.
മാലിന്യത്തെ പൊതുവേ രണ്ടായി വർഗ്ഗീകരിക്കാറുണ്ട്: ഖരമാലിന്യമെന്നും ദ്രവമാലിന്യമെന്നും. ഖര മാലിന്യത്തെ വീണ്ടും പ്രധാനമായി രണ്ടായി തിരിക്കുന്നു. സ്വാഭാവികമായി അഴുകി പ്രകൃതിയിലേക്ക് ചേരുന്നവയും അഴുകാതെ വർഷങ്ങളോളം നിലനിൽക്കുന്നവയും.
ഭക്ഷണമുണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്നവയും വീട്ടിലും നാട്ടിലുമുള്ള സസ്യ – ജന്തുജാലങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നവയുമാണ് ജൈവ മാലിന്യം അഥവാ അഴുകുന്ന മാലിന്യം. മനുഷ്യോപയോഗത്തിലുള്ള പ്ലാസ്റ്റിക്, പേപ്പർ, ലോഹങ്ങൾ, ഗ്ലാസ്, തുകൽ, കെട്ടിടങ്ങളും മറ്റും പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ മുതലായവയാണ് അജൈവ മാലിന്യങ്ങൾ അഥവാ അഴുകാത്ത മാലിന്യങ്ങൾ.
ഒരു ശരാശരി മലയാളി പ്രതിദിനം 200 ഗ്രാം ജൈവ മാലിന്യവും 150 ഗ്രാം അജൈവ മാലിന്യവും ഉത്പാദിപ്പിക്കുന്നു എന്നതാണ് പൊതുവായ കണക്ക്. ജീവിത -– താമസ സാഹചര്യങ്ങൾക്കും വ്യക്തികൾക്കും അനുസരിച്ച് ചില വ്യത്യാസങ്ങൾ ഉത്പാദനത്തിന്റെ അളവിൽ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാകും എന്നതൊഴിച്ചാൽ, മാലിന്യം ഉത്പാദിപ്പിക്കാത്ത മനുഷ്യരാരും ഈ ഭുമുഖത്തില്ലെന്ന് ചുരുക്കം. അതായത് ഇത് വായിക്കുന്ന ആളുകളിൽ ആർക്കെങ്കിലും ഞാൻ / എന്റെ വീട്ടിൽ അങ്ങനെ മാലിന്യമൊന്നും ഉത്പാദിപ്പിക്കുന്നില്ല എന്ന ചിന്തയുണ്ടെങ്കിൽ അത് മനസ്സിൽ നിന്നും കളയേണ്ടതുണ്ടെന്ന് സാരം.
അടുക്കളയിലെ പാചകശേഷവും പാത്രം കഴുകുന്നതിലൂടെയും തുണിയലക്കുന്നതിലൂടെയും കുളിക്കുന്നതിലൂടെയും ഉണ്ടാകുന്ന മലിന ജലം അഥവാ ഗ്രേ വാട്ടറും മനുഷ്യ മലവും മൂത്രവും കലർന്ന മാലിന്യങ്ങൾ, പ്രധാനമായും ശുചിമുറി മാലിന്യങ്ങൾ എന്നറിയപ്പെടുന്ന ബ്ലാക് വാട്ടറും വ്യാവസായിക പുറംതള്ളൽ മാലിന്യവും ഒക്കെയാണ് ദ്രവമാലിന്യത്തിന്റെ പരിധിയിൽവരുന്നവ.
മനുഷ്യർ ജലം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന മാലിന്യമാണ് ദ്രവമാലിന്യം അഥവാ ഉപയോഗ ജലം. ഒരാൾ ഉപയോഗിക്കുന്ന ജലത്തിന്റെ ഏതാണ്ട് 80 ശതമാനവും ദ്രവമാലിന്യമായി മാറുന്നു. കേരളീയരുടെ കാര്യത്തിൽ കണക്കിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഒരു വ്യക്തി പ്രതിദിനം 135 ലിറ്റർ ജലം ഉപയോഗിക്കുന്നുവെന്നാണ് പൊതുവായ കണക്ക്. അതിന്റെ 80 ശതമാനം ഉപയോഗജലമാക്കി മാറ്റപ്പെടുന്നു എന്ന നിഗമനം അനുസരിച്ച് കണക്കാക്കിയാൽ ഒരു വീട്ടിൽ പ്രതിദിനം എത്ര ലിറ്റർ ഉപയോഗ ജലം ഉണ്ടാകുന്നു എന്ന കണക്ക് ലഭിക്കും. ഏതെങ്കിലും വിധത്തിലുള്ള സംസ്കരണത്തിന് വിധേയമാക്കാതെ ഉപയോഗ ജലം ഭൂമിയിലേക്ക് പുറം തള്ളാൻ പാടില്ല എന്നതാണ് കേന്ദ്ര സർക്കാർ നയം.
മാലിന്യത്തെ നാം എന്താണ് ചെയ്യുന്നത് ?
പ്രകൃതിയിലെ വിവിധ മൂലകങ്ങളിൽ നിന്നും സംയുക്തങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മനുഷ്യോപയോഗ വസ്തുക്കളുടെ ഉത്പാദന –- ഉപഭോഗ ഘട്ടത്തിൽ ഉണ്ടാക്കപ്പെടുന്ന മാലിന്യം മൂലകങ്ങളായി തിരികെ പ്രകൃതിയിലേക്കുതന്നെ നൽകുകയെന്നതാണ് സുസ്ഥിര വികസനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. എടുക്കുക, ഉപയോഗിക്കുക, ഉപേക്ഷിക്കുക എന്ന പഴയ മുതലാളിത്ത കാഴ്ചപ്പാടിന് പകരം എടുക്കുക, ഉപയോഗിക്കുക, പുനഃരുപയോഗിക്കുക എന്ന സർക്കുലർ എക്കോണമിയുടെ പുതിയ മുതലാളിത്ത കാഴ്ചപ്പാട് ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്.
മാലിന്യം വലിച്ചെറിയുകയാണ് മലയാളിയുടെ പൊതു ശീലം. അത് മുൻപറഞ്ഞ പഴയ കാഴ്ചപ്പാടിന് അനുരോധവുമാണ്. വലിച്ചെറിയാൻ സ്വന്തമായി സ്ഥലമില്ലാത്തവർ അത് അന്യന്റെ സ്ഥലത്തോ, പൊതു സ്ഥലത്തോ ആക്കുന്നുവെന്ന് മാത്രം. ജൈവ മാലിന്യം തങ്ങളുടെ മുറ്റത്തേക്ക് വലിച്ചെറിയുന്ന, അല്ലെങ്കിൽ വാഴയുടെയോ, തെങ്ങിന്റെയോ ചുവട്ടിലേക്ക് വലിച്ചെെറിയുന്ന മലയാളിയുടെ ധാരണ അത് തങ്ങൾ സസ്യങ്ങൾക്ക് നൽകുന്ന വളമാണെന്നാണ്. എ ന്നാൽ ജൈവ മാലിന്യം സ്വാഭാവികാവസ്ഥയിൽ അഴുകി ദ്രവീകരണത്തിന് വിധേയമായിത്തീരാൻ ചുരുങ്ങിയത് 30 – 45 ദിവസമെങ്കിലും എടുക്കുമെന്നത് നാം പലപ്പോഴും തിരിച്ചറിയാറില്ല. അതായത് വലിച്ചെറിയുന്ന മാലിന്യം വളമായി – വിവിധ മൂലകങ്ങളായി മാറാൻ അത്രയും സമയമെടുക്കും.
അതേ സമയം നിങ്ങൾ ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യത്തിൽ അവയെ അഴുക്കുന്നതിനുള്ള ബാക്ടീരിയ, ഫംഗസ് മുതലായ സൂഷ്മ ജീവികൾ പ്രവർത്തിക്കുന്നതിനൊപ്പമോ, അതിനേക്കാൾ വേഗത്തിലോ മറ്റു ചില ക്ഷുദ്ര ശക്തികളും പ്രവർത്തിക്കും. ഈച്ച, കൊതുക്, കാക്ക, എലി, നായ, പന്നി തുടങ്ങി വലിച്ചെറിയപ്പെടുന്ന മാലിന്യത്തെ ഭക്ഷണമാക്കാനെത്തുന്നവർ അനവധിയാണ്. ഇവയിൽ പലതും മനുഷ്യന്റെ സ്വസ്ഥതകെടുത്തുന്നവയുമാണ്.
ഇവ ജലത്തിലേക്കാണ് വലിച്ചെറിയുന്നതെങ്കിൽ അവയുടെ അഴുകലിന് ഓക്സിജന്റെ സഹായം സൂക്ഷ്മ ജീവികൾക്ക് ആവശ്യമാണ്. അതായത്, ഖരമാലിന്യം ജലത്തിലേക്ക് എത്തിയാൽ ജലത്തിലെ ഓക്സിജന്റെയും മറ്റും അളവിനെ അത് സാരമായി ബാധിക്കും. അത് ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് കൂട്ടും. ഫലത്തിൽ ജല ഉപയോഗരഹിതമാകും. ഒപ്പമെത്തുന്ന കോളിഫോം ബാക്ടീരയപോലുള്ള അപകടകാരികളായ സൂക്ഷ്മാണുക്കളുടെ പെരുപ്പവും മറ്റൊരു ഭീഷണിയാകും. വലിച്ചെെറിയപ്പെടുന്ന മാലിന്യം അഴുകി മണ്ണിലൂടെയും മഴവെള്ളത്തിലൂടെയും മറ്റും ജലാശയങ്ങളിലേക്കെത്തുന്നതും ഇതേ പ്രത്യാഘാതം ഉണ്ടാക്കും. വേറൊരു രീതിയിൽ പറഞ്ഞാൽ ഖരമാലിന്യത്തിന്റെ സുരക്ഷിത പരിപാലനം ദ്രവമാലിന്യ പ്രശ്നം പരിഹിരിക്കുന്നതിന്റെ മുന്നുപാധിയാണെന്നുകാണാം.
മാലിന്യം വലിച്ചെറിയുന്ന പതിവുപോലെ അപകടകരമായ മറ്റൊന്നാണ് മാലിന്യം കത്തിക്കൽ. ആദ്യം സൂചിപ്പിച്ച അജൈവ മാലിന്യങ്ങളാണ് നമ്മുടെ ആളുകൾ പ്രധാനമായും കത്തിക്കുന്നത്. മാലിന്യം കത്തിക്കുന്നത് ഇത്ര ഭീകരമാണോ എന്ന് ചോദിച്ചാൽ ദിവസങ്ങളോളം പുകഞ്ഞ ബ്രഹ്മപുരത്തേക്കുള്ള ദൂരം മനസ്സിൽ വന്നാൽ മതിയാകും. മാലിന്യം കത്തിക്കുന്നവർ ഓരോ കുഞ്ഞ് ബ്രഹ്മപുരങ്ങൾ അവരവരുടെ പരിസരങ്ങളിൽ ഉണ്ടാക്കുകയാണ്.
ഇതുകൊണ്ടാണ് 2016 ൽ നിലവിൽ വന്ന കേന്ദ്ര ഖരമാലിന്യ പരിപാലന ചട്ടം എന്ന നിയമത്തിൽ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും നിരോധിച്ചത്. നിരോധിക്കുക മാത്രമല്ല, ജനങ്ങളുടെ ഈ ശീലങ്ങൾ മാറ്റാനും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും ക്രിയാത്മകമായ നടപടികളെടുക്കാനും ആ നിയമത്തിന്റെ 22–ാം ചട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിശ്ചിത സമയക്രമവും വ്യവസ്ഥ ചെയ്തു. ഖേദകരമായ വസ്തുത ആ ചട്ടം നിലവിൽ വന്ന് ഏഴു വർഷമായിട്ടും ആ വ്യവസ്ഥയനുസരിച്ചുള്ള, സമയക്രമം അനുസരിച്ചുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിന് നമുക്ക് കഴിഞ്ഞില്ല എന്നതാണ്. ഏറ്റവും കൂടുതൽ സമയം അനുവദിച്ചത് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ബ്രഹ്മപുരത്തെപ്പോലെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മാലിന്യ മലകൾ നീക്കം ചെയ്യുന്നതിനുള്ള അഞ്ച് വർഷ സമയപരിധിയായിരുന്നു. ബ്രഹ്മപുരത്ത് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആ പ്രവർത്തനം പോലും കാര്യക്ഷമമായി നടത്തുവാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
കേരളം മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഈ വിഴ്ചയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടാണ് ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ നടപ്പാക്കലിൽ വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്കും നഗര തദ്ദേശ സ്ഥാപനങ്ങൾക്കുമൊക്കെയെതിരെ കനത്ത പിഴ ഈടാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നടപടി സ്വീകരിച്ചുതുടങ്ങിയത്. ഇപ്പോൾ ഈ വീഴ്ച തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനായി കേരള സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയെ ഹരിത ട്രൈബ്യൂണൽ മുഖവിലക്കെടുക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ മിക്കതിനും ചുമത്തിയ കനത്ത പിഴ കേരളത്തിന് മാത്രം ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരള സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനെ കുറിച്ച് ഗൗരവമായി ആലോചിച്ചുതുടങ്ങേണ്ടത്. ♦
(ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ചിന്ത പ്ലസിൽ വായിക്കുക. www.chintha.in)