Sunday, May 5, 2024

ad

Homeകവര്‍സ്റ്റോറിനിയമ നടപടികള്‍ കൊണ്ട് മലിനീകരണം തടയാനാവുമോ?

നിയമ നടപടികള്‍ കൊണ്ട് മലിനീകരണം തടയാനാവുമോ?

വി രാജേന്ദ്രൻ നായർ

തിരുവനന്തപുരം ജില്ലയിലെ നദികളിലൊന്നാണ് കിള്ളിയാര്‍. ഏറെവര്‍ഷക്കാലമായി ആരാലും ശ്രദ്ധിക്കപ്പെടാതെ അത്യന്തം മലിനീകരിക്കപ്പെട്ട നിലയിലായിരുന്ന കിള്ളിയാറിന്റെ തുടക്കത്തിലുള്ള 22 കി.മീ. ദൂരം ശുചീകരിക്കുന്നതിനായി പ്രദേശത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 2019 ല്‍ ജനകീയമായ പുഴ പുനരുജ്ജീവന പ്രവര്‍ത്തനം നടപ്പിലാക്കിയിരുന്നു. മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കിള്ളിയാറില്‍ ശുചീകരണത്തിനിറങ്ങിയ ജനങ്ങള്‍ തോട്ടിലേക്ക് തുറന്നു വച്ചിരിക്കുന്ന മാലിന്യക്കുഴലുകളുടെ ബാഹുല്യം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കക്കൂസ് മാലിന്യങ്ങള്‍ നേരിട്ട് തോട്ടിലേക്ക് തുറന്നുവിട്ടതുള്‍പ്പെടെ 1200 ലധികം മാലിന്യക്കുഴലുകളാണ് അവര്‍ കണ്ടെത്തിയത്! ഇതില്‍ ബഹുഭൂരിപക്ഷവും അതിന്റെ ഉടമസ്ഥരുമായുള്ള ചര്‍ച്ച്കളുടെ ഭാഗമായി അടപ്പിക്കാന്‍ കഴിഞ്ഞു. ചിലവ ഗ്രാമപഞ്ചായത്ത് നോട്ടീസ് കൊടുത്ത ഉടന്‍ തന്നെ അടച്ചു. ഇവയൊന്നും അനുസരിക്കാതെ ഒടുവില്‍ അവശേഷിച്ച ഒരു മാലിന്യക്കുഴല്‍ നിയമ നടപടികളിലേക്ക് കടക്കും എന്ന ഘട്ടത്തില്‍ എത്തിയശേഷമാണ് അടച്ചത്.

തോട്ടിലേക്ക് മാലിന്യം നേരിട്ട് നിക്ഷേപിക്കുന്ന പ്രവണതയും കിള്ളിയാറിന്റെ കരകുളം ഗ്രാമപഞ്ചായത്ത് പ്രദേശത്തുണ്ടായിരുന്നു. ഇത്തരക്കാരെ കണ്ടെത്തി ഉടന്‍ പിഴ ചുമത്തുക എന്ന സമീപനമാണ് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചത്. ഒരു ലക്ഷത്തിലധികം രൂപ ഇത്തരത്തില്‍ പിഴയായി ഈടാക്കിക്കഴിഞ്ഞപ്പോഴാണ് മാലിന്യം പുഴയില്‍ തള്ളുന്നത് താല്‍ക്കാലികമായെങ്കിലും അവസാനിച്ചത്. മലിനീകരണം തടയുന്നതില്‍ നിയമ നടപടികളുടെ പ്രയോഗത്തിന്റെ ഒരു നല്ല ഉദാഹരണമായി ഈ അനുഭവത്തെ പരിഗണിക്കാവുന്നതാണ്. നിയമ നടപടികളില്ലാതെ ജനകീയ സമ്മര്‍ദ്ദത്തിലൂടെയും താക്കീതിലൂടെയുമെല്ലാം വലിയൊരളവോളം മലിനീകരണ കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നതിന്റെ തെളിവാണിത്. എന്നാല്‍ ചിലതരം മലിനീകരണങ്ങള്‍ തടയാന്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ വേണ്ടിവരുമെന്നും ഈ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കിള്ളിയാര്‍ ഒരു ഒറ്റപ്പെട്ട അനുഭവമല്ല. കേരളത്തിലുടനീളം ഇത്തരം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.

ജനനന്മ ലക്ഷ്യമാക്കി നിയമ നിര്‍മ്മാണസഭകള്‍ രൂപം കൊടുക്കുന്ന നിയമങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ കര്‍ക്കശമാക്കാന്‍ ഏതെങ്കിലും തലത്തിലുള്ള സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോഴെല്ലാം നമ്മള്‍ കേള്‍ക്കുന്ന പതിവു ചോദ്യങ്ങളിലൊന്നാണ് ‘നിയമ നടപടികള്‍ കൊണ്ട് ഇത് നടപ്പാക്കാന്‍ സാധ്യമാണോ’ എന്നത്. നിയമ നടപടികളല്ല നിയമത്തെക്കുറിച്ച് ബോധ്യമുള്ള ജനങ്ങളുടെ നിയമത്തോടുള്ള ബഹുമാനമാണ് മിക്കപ്പോഴും നിയമ ലംഘനങ്ങള്‍ കുറയുന്നതിന് കാരണമാകുന്നത്. താരതമ്യേന മെച്ചപ്പെട്ട പൊലീസ് സംവിധാനമുള്ള കേരളത്തില്‍ പോലും 700 ലധികം ആള്‍ക്കാര്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥ(ന്‍) എന്ന അനുപാതമാണുള്ളത്. 700 ല്‍ അധികം ആള്‍ക്കാരെ ഒരു പൊലീസ് ഓഫീസര്‍ക്ക് നിയന്ത്രിക്കാനാവില്ല എന്ന് നമുക്കറിയാം. പൊലീസ് നേരിട്ടുവന്ന് മുഴുവന്‍ വ്യക്തികളെയും നിയന്ത്രിക്കുകയല്ല; നിയമലംഘനം നടത്തിയാല്‍ പിടികൂടാന്‍ പോലീസ് ഉണ്ടെന്ന ബോധ്യത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുന്നതാണ് ക്രമസമാധാനത്തിന്റെ അടിസ്ഥാന ഘടകം. ഇതുതന്നെയാണ് പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ കാര്യത്തിലും ബാധകമാകുന്നത്. ഒരു ചെറിയ വ്യത്യാസം പറയാന്‍ കഴിയുന്നത് സാധാരണ കുറ്റകൃത്യങ്ങളെക്കുറിച്ചും അവയുടെ ശിക്ഷകളെക്കുറിച്ചും ബോധ്യമുള്ളിടത്തോളം തന്നെ പരിസ്ഥിതി മലിനീകരണം സംബന്ധിച്ച കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്ക്കുള്ള ശിക്ഷകളെക്കുറിച്ചും ജനങ്ങള്‍ക്ക് ബോധ്യമില്ല എന്നുള്ളതാണ്.

ക്രിമിനല്‍ നിയമങ്ങളെ അപേക്ഷിച്ച് പഴക്കം അധികമില്ലാത്തവയാണ് പരിസ്ഥിതി നിയമങ്ങളില്‍ ഏറിയ പങ്കും. അവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിട്ടുള്ള ചട്ടങ്ങളാകട്ടെ മിക്കവയും പത്തു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളവയാണ്. പരിസ്ഥിതി മലിനീകരണത്തിനെതിരായ പൗരബോധം വേണ്ടത്ര ഉണ്ടാകാത്തതിനും അത്തരം പ്രവൃത്തികള്‍ക്കെതിരായ കര്‍ശനമായ നിയമ നടപടികളെടുക്കാന്‍ ബന്ധപ്പെട്ട അധികാരികളില്‍ ബഹുഭൂരിപക്ഷവും മുന്‍കൈ എടുക്കാത്തതിനും ഒരു കാരണം മേല്‍ സൂചിപ്പിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടേയും കാലപ്പഴക്കക്കുറവാണ്.


മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് പരിസ്ഥിതിയുടെ സുസ്ഥിരത അനിവാര്യമായ മുന്നുപാധിയാണെന്ന ഗൗരവപൂര്‍വ്വമായ ചര്‍ച്ചകള്‍ ആഗോളതലത്തില്‍ വ്യാപകമാകുന്നത് 1972 ലെ സ്റ്റോക്ക്ഹോം ഉച്ചകോടിയോടെയാണെന്നു പറയാം. പ്രസ്തുത സമ്മേളനത്തില്‍ നേരിട്ട് പങ്കെടുത്ത അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഉച്ചകോടിയിലെ ചര്‍ച്ചകളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നമ്മുടെ രാജ്യത്തും പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 42-–ാം ഭേദഗതിയിലൂടെ 48(a), 51a(g) എന്നീ ആര്‍ട്ടിക്കിളുകള്‍ കൂട്ടിച്ചര്‍ത്തതിലൂടെ പരിസ്ഥിതി സംരക്ഷണം സ്റ്റേറ്റിന്റേയും വ്യക്തികളുടെയും ചുമതലകളുടെ ഭാഗമായി മാറി. 1976 ലെ ജല നിയമം, 1981 ലെ വായു നിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയെല്ലാം സ്റ്റോക്ക്ഹോം ഉച്ചകോടിയുടെ സ്വാധീനഫലമാ യിട്ടുണ്ടായതാണെന്നു പറയാം. കേരളത്തില്‍ നടന്ന സൈലന്റ്–വാലി സംരക്ഷണ സമരത്തിന് അനുകൂലമായ തീരുമാനമെടുക്കാന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതും സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ നല്‍കിയ പാരിസ്ഥിതിക ഉള്‍ക്കാഴ്ച തന്നെയായിരുന്നുവെന്നു പറയുന്നതില്‍ അപാകതയില്ല.

1986 ല്‍ അംഗീകരിച്ച പരിസ്ഥിതി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ (പ്ലാസ്റ്റിക് മാലിന്യ പരിപാലനചട്ടം, ദ്രവമാലിന്യ പരിപാലനചട്ടം, അപകടകരമായ മാലിന്യങ്ങളുടെ പരിപാലന ചട്ടം, ഇലക്ട്രോണിക് മാലിന്യ പരിപാലന ചട്ടം മുതലായവ) ഉണ്ടാകുന്നത് 2016 ല്‍ മാത്രമാണ്. ഈ നിയമത്തിലും അനുബന്ധ ചട്ടങ്ങളിലും പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്ന പ്രവൃത്തികള്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉണ്ടെങ്കിലും അവ വ്യാപകമായി പ്രയോഗിക്കപ്പെടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

സംസ്ഥാനത്തെ സ്ഥിതി പരിശോധിച്ചാല്‍ കേരള പഞ്ചായത്തീരാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം, കേരള ജലസേചനവും ജലസംരക്ഷണവും നിയമം തുടങ്ങിയവയിലെല്ലാം പരിസ്ഥിതിക്ക് ദോഷകരമായ പ്രവൃത്തികള്‍ക്കുള്ള ശിക്ഷാ നടപടികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ നിയമങ്ങളും വ്യാപകമായി നടപ്പാക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല എന്നുള്ളതാണ് നിലവിലെ സ്ഥിതി. ബ്രഹ്മപുരം ദുരന്തം പോലെ കനത്ത പാരിസ്ഥിതികാഘാതമേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതിന് ഇതും ഒരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭരണ സംവിധാനവും പൗരബോധത്തോടെ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ജനങ്ങളും ഏതൊരു പ്രദേശത്തിന്റെയും സുസ്ഥിതിക്ക് അനിവാര്യമാണ്. കേരളത്തില്‍ കഴിഞ്ഞ 7 വര്‍ഷമായി അധികാരത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇതര മേഖകളിലെന്നപോലെ പരിസ്ഥിതി സംരക്ഷണ മേഖലയിലും ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. 2016 ല്‍ രൂപം നല്‍കിയ ഹരിത കേരളം മിഷനാണ് ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത്. വിവിധ ഏജന്‍സികളും വകുപ്പുകളുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ നടത്തിയ ഇടപെടലുകള്‍ മാലിന്യ സംസ്കരണ മേഖലയില്‍ ഒരു കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ മേല്‍ സൂചിപ്പിച്ച പോലെ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കര്‍ക്കശമായ നടപ്പിലാക്കലില്‍ വന്നിട്ടുള്ള വീഴ്ചകള്‍കൂടി പരിഹരിച്ചാലേ മാലിന്യരഹിത കേരളം എന്ന ലക്ഷ്യം പൂര്‍ണമായി സാധ്യമാക്കാനാവൂ.

കിള്ളിയാര്‍ അനുഭവത്തില്‍ സൂചിപ്പിച്ചതുപോലെ, മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ 4 ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമീപനമാണ് പൊതുവേ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മലിനീകരണ പ്രവൃത്തികള്‍ കണ്ടെത്തുക, മലിനീകരണത്തിനെതിരായുള്ള ശിക്ഷാ നടപടികളെക്കുറിച്ച് ബോധവത്കരണം നടത്തുക, തുടര്‍ന്നും മലിനീകരണ പ്രവര്‍ത്തനം തുടരുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കുക, അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ആ നാല് ഘട്ടങ്ങള്‍. ഇതില്‍ ആദ്യത്തെ 3 ഘട്ടങ്ങളും ഏറെക്കുറെ പൂര്‍ത്തിയായ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. അതിനാല്‍ത്തന്നെ നാലാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

മലിനീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ തെറ്റുകളാണ് സാധാരണ ചെയ്യാറുള്ളത്? അഴുകുന്ന മാലിന്യങ്ങളേയും അഴുകാത്ത മാലിന്യങ്ങളേയും കൂട്ടിക്കലര്‍ത്തുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തെറ്റ്. അഴുകുന്നവയെ ഉറവിടത്തില്‍ സംസ്കരിക്കുകയോ കമ്യൂണിറ്റി തല കമ്പോസ്റ്റിങ് സംവിധാനത്തില്‍ സുരക്ഷിതമായി സംസ്കരിക്കാന്‍ കൈമാറുകയോ ചെയ്യാതെ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലുമെല്ലാം വലിച്ചെറിയുന്നതാണ് രണ്ടാമത്തെ തെറ്റ്. മലിനജലം സുരക്ഷിതമായി സംസ്കരിക്കാതെ അവ ജലസ്രോതസ്സുകളുമായി കലരാനുള്ള സാഹചര്യമൊരുക്കും വിധം ഒഴുക്കിവിടുന്നതാണ് മറ്റൊരു പ്രധാന തെറ്റ്. അജൈവ പാഴ്–വസ്തുക്കള്‍ വൃത്തിയായി സൂക്ഷിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാതെ അവയെ അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതാണ് മറ്റൊരു തെറ്റ്. മാലിന്യ സംസ്കരണത്തിനുള്ള വിവിധ സേവനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യൂസര്‍ഫീ നല്‍കാതിരിക്കല്‍, അത് നല്‍കാതിരിക്കാന്‍ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കല്‍ എന്നിവയാണ് മറ്റൊരു തെറ്റ്. നിരോധിച്ചിട്ടുള്ള ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും വാങ്ങി ഉപയോഗിക്കുന്നതുമാണ് വേറൊരു തെറ്റ്.

മേല്‍ സൂചിപ്പിച്ച തെറ്റായ പ്രവൃത്തികള്‍ക്കെല്ലാം ശിക്ഷ ഉറപ്പാക്കുന്ന ശക്തമായ നിയമങ്ങള്‍ നമുക്കുണ്ടെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കേരളത്തില്‍ എല്ലായിടത്തും എത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇനി നിയമ നടപടികള്‍ കൂടി ശക്തമാക്കേണ്ടതുണ്ട്. മലിനീകരണം സംബന്ധിച്ച നിയമ ലംഘകരെ കണ്ടെത്താനും അവര്‍ക്ക് സ്പോട്ട്ഫൈന്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കാനും മുന്‍കൈയെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം നടപടികള്‍ക്കുശേഷം മലിനീകരണ തോത് വലിയ അളവില്‍ കുറഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.

ജനങ്ങളെ ബോധവത്കരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതുള്‍പ്പെടെയുള്ള ചുമതലകളും നിറവേറ്റണം. ജനങ്ങളില്‍ മലിനീകരണത്തിനെതിരായ ബോധം വളര്‍ത്തലും മലിനീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ജനകീയ വിജിലന്‍സ് സംവിധാനമൊരുക്കലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ കൈയില്‍ നടക്കേണ്ടതാണ്. മറ്റു കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ പൊലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കുന്ന ശീലം പൊതുസമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മലിനീകരണം സംബന്ധിച്ച നിയമ ലംഘനങ്ങള്‍ കണ്ടാലും കണ്ടില്ലെന്നു നടിച്ചുപോകാനാണ് ബഹുഭൂരിപക്ഷവും ശ്രമിക്കുന്നത്. ജനമൈത്രി പൊലീസിന്റെ മാതൃകയില്‍ ജനമൈത്രി ശുചിത്വ പോലീസിങ് സംവിധാനം വളര്‍ത്തിയെടുത്തേ ഇതു പരിഹരിക്കാനാവൂ.

നിയമ ലംഘനം നടത്താതെ മാലിന്യം സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ യഥേഷ്ട ലഭ്യതയുമെല്ലാം ഉറപ്പാക്കിയ ശേഷം നിയമ നടപടികളിലേയ്ക്കു പോയാല്‍ അത് സമൂഹം തീര്‍ച്ചയായും അംഗീകരിക്കും. കേവലമായി നിയമ നടപടികള്‍ കൊണ്ട് മലിനീകരണം തടയാനാവില്ലെങ്കിലും അനുയോജ്യമായ സമയത്തുള്ള അനുയോജ്യമായ നിയമ നടപടികള്‍ മലിനീകരണം തടയാന്‍ വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. ♦

(നവകേരളം കര്‍മപദ്ധതി പ്രോഗ്രാം ഓഫീസറാണ്‌ ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular