Thursday, April 25, 2024

ad

Homeകവര്‍സ്റ്റോറിചെറിയ വലിയ ചുവടുവെപ്പുകൾ

ചെറിയ വലിയ ചുവടുവെപ്പുകൾ

ഇ കെ സോമശേഖരൻ

കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കും. ഉറവിട മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യ സംസ്കരണവും പ്രാദേശിക സ്വീവേജ് സംസ്കരണവും നടപ്പാക്കും. (എൽ.ഡി.എഫ് പ്രകടനപത്രികയിലെ 50 ഇന പരിപാടിയിൽ നാല്പതാമത്തേത്.)

ചീഞ്ഞളിഞ്ഞ മാലിന്യ കൂനകൾ മറ്റ് അജൈവ മാലിന്യങ്ങളുടെ കൂടെ കൂടിക്കലർന്ന് വൻ മലകളായി പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് ഉറവിട മാലിന്യ സംസ്കരണമെന്ന വികേന്ദ്രീകൃത രീതിശാസ്ത്രമാണ് നല്ലതെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി, അതിന്റെ പ്രകടനപത്രികയിൽ വ്യക്തമായി പറഞ്ഞിട്ടുളളത്.

ഉറവിട മാലിന്യ സംസ്കരണത്തിന് വഴിയൊരുക്കാനാണ് 2016 ലെ എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച ഹരിത കേരള മിഷന്റെ മാലിന്യ രഹിത കേരളം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കർമ്മ സേനയെന്ന തൊഴിൽ സംരംഭക ഗ്രൂപ്പുകൾ രൂപീകരിക്കാൻ തീരുമാനിച്ചത് (ഉത്തരവ് നമ്പർ 2420 / 2017 തദ്ദേശ സ്വയംഭരണ വകുപ്പ് – തീയതി -15-/07/-2017 )ഇത്തരം സംവിധാനങ്ങൾ രൂപീകരിക്കുകയും ആയതിന്റെ തുടർ ബോധവല്ക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തപ്പോഴും ‘‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’’ എന്ന നിലയിലേക്ക് മാറാൻ പലരും മടിച്ചു നിന്നു. അതോടൊപ്പം പ്രാദേശിക സർക്കാരുകൾക്ക് ഇക്കാര്യത്തിൽ വലുതായൊന്നും ചെയ്യാനാവില്ലെന്ന ധാരണ വളർത്താൻ വ്യാപകമായ ശ്രമവും നടന്നു. ഹരിത കർമ്മ സേന രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ആ തീരുമാനത്തെ ആശങ്കയോടെ സമീപിച്ചവരുടെ എണ്ണം അമ്പരിപ്പിക്കുന്നതായിരുന്നു. നേരത്തേ ഉണ്ടായി കെട്ടിക്കിടക്കുന്ന മാലിന്യ മല ഒരു ഭാഗത്തും ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ അനുദിനം ഉണ്ടാവുന്ന ക്വിന്റൽ കണക്കിനുള്ള അജൈവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും മറുഭാഗത്തുമായി നിറയുമ്പോൾ അവ തരം തിരിച്ച് സംസ്കരണ കേന്ദ്രത്തിലേക്കോ ശേഖരണ കേന്ദ്രത്തിലേക്കോ മാറ്റാനുള്ള ശേഷി ഈ പാവം കർമ്മസേനക്ക് ഉണ്ടോ. ഇതായിരുന്നു പലരുടെയും സംശയം.

എന്നാൽ വർഷം അഞ്ച് കഴിയുമ്പോഴേക്കും ഹരിത കർമ്മസേനയുടെ കർമ്മശേഷിയെ കേരളം തിരിച്ചറിഞ്ഞു. 2016 ലെ ഖരമാലിന്യ പരിപാലന കേന്ദ്ര നിയമത്തിൽ പറഞ്ഞ പ്ലാസ്റ്റിക്ക് പെറുക്കികൾ (plastic pickers) കേരളത്തിൽ ഹരിത കർമ്മങ്ങൾ ചെയ്യാനുള്ള സേനയായാണ് അവതരിച്ചതും പ്രവർത്തിക്കുന്നതും.പ്രായോഗിക തലത്തിൽ ഒട്ടനവധി പ്രയാസങ്ങൾ നേരിട്ടുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം പ്രാദേശിക സർക്കാരുകളും കൈമെയ് മറന്ന് ഈ സേനയ്ക്കൊപ്പം നിലകൊണ്ടു .മാലിന്യങ്ങൾ ഉറവിടത്തിൽ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്തതുകൊണ്ട് മാത്രമായില്ല, മാലിന്യങ്ങൾ രൂപപ്പെടുന്നത് കുറയ്ക്കാനുളള ഇഛാശക്തി സമൂഹം കൈവരിക്കുകയും അതിനനുസരിച്ച് ബദൽ മാർഗ്ഗങ്ങൾ രൂപപ്പെടുകയും വേണം. അത്തരം ഇച്ഛാശക്തി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽപ്രാദേശിക സർക്കാരുകൾ വിജയിക്കുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ സംസ്ഥാനത്തെമ്പാടും ഇപ്പോൾ ധാരാളം കാണാൻ സാധിക്കും.

കണ്ണൂരിലെ വിജയ ഗാഥകൾ
ജില്ലയിൽ വീടുകളിൽ നിന്നുള്ള അജൈവ മാലിന്യമാണ് മാലിന്യ സംസ്കരണ വിഷയത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.രണ്ടാം സ്ഥാനം വ്യാപാര മേഖലയ്ക്കും മൂന്നാം സ്ഥാനം വ്യവസായ മേഖലയ്ക്കും. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലും 10 നഗരസഭകളിലുമായി ഒരിടത്തൊഴികെ മറ്റെല്ലായിടത്തും ഹരിത കർമ്മസേന നിലവിലുണ്ട്.ഇല്ലാത്തത് വളപട്ടണം പഞ്ചായത്തിൽ –
ജില്ലയിലാകെ 1968 ഹരിത കർമ്മസേനാംഗങ്ങൾ പ്രവർത്തന രംഗത്തുണ്ട്. (പഞ്ചായത്ത് – 1550,നഗരസഭ – 418 )അജൈവമലിന്യങ്ങൾ തരംതിരിക്കാനും താത്കാലികമായി സൂക്ഷിച്ചുവെക്കാനും ഉള്ള 86 എം.സി.എഫുകൾ(Material Collection Fecility ) ജില്ലയിലുണ്ട്. ബ്ലോക്ക് തലത്തിൽ 9 ഇടങ്ങളിൽ ആർ.ആർ.എഫുക (Resources Recovery Fecility centre) ളും പ്രവർത്തിക്കുന്നു. ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്ന അജൈവ മാലിന്യങ്ങളിൽ 45 നും 50 നും ഇടയിൽ ശതമാനം സമൂഹത്തിനും പ്രകൃതിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ഇത്തരം കേന്ദ്രങ്ങളിലെത്തിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ മാലിന്യത്തിന്റെ ഭൂരിഭാഗവും ഉറവിടത്തിൽ തന്നെ സംസ്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിനായി സാധാരണ കമ്പോസ്റ്റ് കുഴി മുതൽ വിവിധങ്ങളായ സംസ്കരണ രീതികൾ ഉപയോഗിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുഴുവൻ വീടുകളിലും ജൈവമാലിന്യ സംസ്കരണ ഉപാധികൾ നല്കിയ 34 ഗ്രാമപഞ്ചായത്തുകൾ ജില്ലയിലുണ്ട്. നഗരങ്ങളിലെ ജൈവമാലിന്യം വളമാക്കി മാറ്റുന്ന 5 നഗരസഭകളും ജില്ലയിൽ ഉണ്ട്.ജൈവ മാലിന്യം നാളിതു വരെയായി ഭീഷണിയായി മാറുന്ന സാഹചര്യം ജില്ലയിൽ ഉണ്ടായിട്ടില്ല. കോഴി മാലിന്യ സംസ്കരണത്തിന് ഉതകുന്ന രണ്ട് റെന്റർ പ്ലാന്റുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

ചിട്ടയായ രീതികൾ
ഒന്നോ രണ്ടോ ഗ്രാമ പഞ്ചായത്തുകളല്ല കണ്ണൂർ ജില്ലയിൽ , വാതിൽപ്പടി മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി മുന്നേറി ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്നത്. 81 പ്രാദേശിക സർക്കാരുകളിൽ നാല്പത്തിരണ്ടിലും ചിട്ടയോടെയാണ് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഒരു ക്യാമ്പയിൻ രൂപത്തിലാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്. അതിനായി തദ്ദേശ തലത്തിൽ നല്ല മുന്നൊരുക്കങ്ങൾ സംഘടിപ്പിച്ചു.വാതിൽപ്പടി ശേഖരണത്തിൽ പല കാരണങ്ങൾ കൊണ്ടും യൂസർഫി നല്കാൻ ശേഷി ഇല്ലാത്ത കുടുംബങ്ങൾ , പ്ലാസ്റ്റിക്ക് പാഴ്–വസ്തുക്കളുടെസാന്നിധ്യം തീരെ കുറഞ്ഞ സ്ഥാപനങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ച് തദ്ദേശസ്ഥാപനങ്ങൾ പട്ടിക തയാറാക്കി . ഇതിനെ അടിസ്ഥാനമാക്കിയാണ് വാതിൽപ്പടി മാലിന്യ പരിപാലന രീതി തയ്യാറാക്കിയത്. ഇത്തരമൊരു പട്ടിക തയാറാക്കാൻ ഗ്രാമസഭകളിലും വാർഡു സഭകളിലും നല്ല ചർച്ച നടന്നു. ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കാൻ കൂടി ഇത്തരം. ചർച്ചകളും ക്യാമ്പയിനുകളും സഹായിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തനം ക്ലസ്റ്റർ അടിസ്ഥാനത്തിലാക്കി. അതിനായി പ്രത്യേക പരിശീലനം നല്കി. ജനമനസ്സുകളിൽ മാലിന്യങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടാക്കാനും അതുവഴി മാലിന്യങ്ങ്ൾ വലിച്ചെറിയുന്നത കുറയ്ക്കാനും ഇത്തരം ക്യാമ്പയിൻ നന്നായി സഹായിച്ചു.

ഇത്തരം മാലിന്യ പരിപാലന രീതികൾ അനുവർത്തിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ എണ്ണം ചുവടെ ചേർക്കുന്നു.
യൂസർഫി ഒഴിവാക്കൽ പട്ടിക ഗ്രാമസഭ അംഗീകരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം:
ഗ്രാമ പഞ്ചായത്ത് – 26
നഗരസഭ –1
• ഗ്രീൻ കാർഡുകൾ നടപ്പിലാക്കിയ തദ്ദേശഭരണ സ്ഥാപനങ്ങൾ  – 2
• ശുചിത്വ ഗ്രാമസഭകൾ ചേർന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾ -23
• തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സേവനങൾക്ക് യൂസർഫി രശീതി ഉപാധിയായി അംഗീകരിച്ച പഞ്ചായത്തുകൾ – 26
• തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് യൂസർഫി രശീതി ഉപാധിയായി അംഗീകരിച്ച നഗരസഭകൾ – 3
• നൂറ് ശതമാനം വാതിൽപ്പടി ലക്ഷ്യം നേടിയ ഗ്രാമ പഞ്ചായത്തുകൾ – 7
• നൂറ് ശതമാനം വാതിൽപ്പടി ലക്ഷ്യം നേടിയ നഗരസഭ – 1.

മനോഭാവ സൃഷ്ടിക്കായ് ഇടപെടൽ
അജൈവ മാലിന്യങ്ങൾ രൂപപ്പെടുന്നത് കുറയ്ക്കുക എന്നത് വിവിധ സാമൂഹിക ഇടപെടലുകൾ മുഖാന്തിരം സംഭവിക്കേണ്ടുന്ന മനോഭാവമാണ്.അത്തരം മനോഭാവ സൃഷ്ടിയ്ക്ക് നേതൃത്വം നല്കാൻ തദ്ദേശ ഭരണ സംവിധാനങ്ങൾക്ക് നല്ല പങ്ക് വഹിക്കാനാവും . അതിനും കണ്ണൂരിൽ ഉദാഹരണങ്ങൾ ധാരാളമുണ്ട്. യൂസർഫിയും അജൈവ മാലിന്യങ്ങളും നല്കാതെ എതിർപക്ഷത്തുനിന്ന വ്യാപാരികളെ ചർച്ചയിലൂടെയും സമീപന രീതിയിലൂടെയും ശുചിത്വ പക്ഷത്ത് എത്തിച്ച്, പട്ടണ ശുചീകരണവും സൗന്ദര്യവല്ക്കരണവും ഹരിതകർമ്മ സേനകയ്ക്ക് യൂസർഫിയും നല്കുന്നതിന് നേതൃത്വം നല്കുന്നവരാക്കി മാറ്റിയതിന് ജില്ലയിലെ നിരവധി പട്ടണങ്ങൾ സാക്ഷികളാണ്.

ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവ് , പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട് പട്ടണം, മലപ്പട്ടം പഞ്ചായത്തിലെ മലപ്പട്ടം സെന്റർ , ചിറ്റാരിപറമ്പ്പഞ്ചായത്തിലെ സത്രം ടൗൺ തുടങ്ങിയ ഒട്ടേറെ പട്ടണങ്ങൾ സാമൂഹിക ഇടപെടലുകളിലൂടെ ശുചിത്വപക്ഷത്തേക്കുവന്ന ജനതതിയുടെ ഉദാഹരണങ്ങളാണ്.പ്ലാസ്റ്റിക്ക് മുക്ത കണ്ണൂരെന്ന ലക്ഷ്യത്തോടെ 2020 മുതൽ ജില്ലയിൽ ആരംഭിച്ച ക്യാമ്പയിനും മാലിന്യ ഉല്പാദനം കുറയ്ക്കാനുള്ള മനോഭാവ സൃഷ്ടിക്ക് സഹായകമായ വലിയ പ്രവർത്തനമായിരുന്നു.ഇതിനൊക്കെ പുറമേ ശിക്ഷാ നിയമനടപടികളും ജില്ലയിൽ ശക്തമായി പിന്തുടരുന്നുണ്ട്.കൂടെ ജില്ലാ നേതൃത്വവും. യൂസർഫി നല്കാൻ മടിച്ചവരുടെ വീടുകളിലേക്ക് ജനപ്രതിനിധികൾ എത്തുന്നത് ജില്ലയിൽ സർവസാധാരണമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ മുൻകൈ എടുത്ത് ആരംഭിച്ച ഈ രീതി ചെറുതല്ലാത്ത ഗുണമാണ് ഉണ്ടാക്കിയത്.

മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിനും തദ്ദേശസ്ഥാപനങ്ങൾക്ക് അനുഗ്രഹമായി മാറി. ഈയൊരു ലക്ഷ്യത്തിനുവേണ്ടി മാത്രം ജില്ലാ കളക്ടർ ഒരു വർഷം 81 യോഗങ്ങളാണ് വിളിച്ചുചേർത്തത്. പൊതു പരിപാടികൾ, ആഘോഷങ്ങൾ,ക്ഷേത്ര ഉൽസവങ്ങൾ, ഉറൂസുകൾ, പള്ളിപ്പെരുന്നാളുകൾ എന്നിവയെല്ലാം മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ യോഗങ്ങളെല്ലാം.

വാതിൽപ്പടിയിൽ നൂറു ശതമാനം
പ്രത്യേകമായ ആസൂത്രണത്തിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി വിജയഗാഥ രചിച്ചുകൊണ്ടിരിക്കുന്ന 13 ഗ്രാമ പഞ്ചായത്തുകളും 3 നഗരസഭകളും ജില്ലയിലുണ്ട്.ജനകീയാസൂത്രണ ആരംഭകാലത്ത് ശുചിത്വ പ്രവർത്തനങ്ങൾക്ക് മാതൃകയായി മാറിയ കതിരൂരും ചെമ്പിലോടും ഇക്കുട്ടത്തിൽ മുന്നിൽ തന്നെയുണ്ട്. പെരളശേരി ,പന്ന്യന്നൂർ, മലപ്പട്ടം, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, ഉളിക്കൽ, രാമന്തളി, കേളകം, മട്ടന്നൂർ, പയ്യന്നൂർ, ഇങ്ങിനെ പട്ടിക നീളുകയാണ്. ഇവയിൽ ശ്രദ്ധേയ മാതൃകകളാണ് ചപ്പാരപ്പടവും ആന്തൂരും കതിരൂരും പെരളശ്ശേരിയുമൊക്കെ . കൃത്യമായ ആസൂത്രണത്തോടെ, മുഴുവൻ രാഷ്ട്രീയ, മത, സന്നദ്ധ -സാമൂഹ്യ സംഘടനകളുടെയും വ്യാപാരി സമൂഹത്തിന്റേയും ഇടപെടലോടെ ലക്ഷ്യത്തിലേക്ക് നീളുകയാണ് ഈ പഞ്ചായത്തുകൾ. ഇവയിലൊരു പഞ്ചായത്തായ ചപ്പാരപ്പടവ് ലക്ഷ്യം കണ്ടതെങ്ങിനെ എന്നറിയുന്നത് ഈ വഴി അത്ര അപരിചിതമല്ലെന്ന് മനസ്സിലാക്കാൻ ഇടയാക്കും..


വർണ്ണം വിതറി ശുചിത്വത്തിലേക്ക്..
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ മേഖലയിൽ ആരംഭിച്ച പ്രത്യേക ഇടപെടലാണ് വർണ്ണം – 2025.. സുസ്ഥിരമായ ഹരിതവും ശുചിത്വവുമായ ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 9 ഗ്രാമപഞ്ചായത്തുകളിലൊന്നാണ് ചപ്പാരപ്പടവ്. ബ്ലോക്ക് പഞ്ചായത്തിന്റെ മുൻകൈയെ അവസരമാക്കി എങ്ങിനെ ലക്ഷ്യം നേടാമെന്ന് ഗൃഹപാഠം ചെയ്ത് കർമ്മ പദ്ധതി തയ്യാറാക്കി.ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പ്രാരംഭ കാലം മുതല്ക്കേ വ്യത്യസ്തമായ പ്രവർത്തനമുഖം തുറന്ന് ചരിത്രത്തിൽ ഇടം പിടിച്ച ഗ്രാമ പഞ്ചായത്താണ്. വാതിൽപ്പടി രീതിയിലൂടെ അജൈവ മാലിന്യം ശേഖരിക്കുന്ന പ്രവർത്തനങ്ങളിൽ നൂറ് ശതമാനം വീടുകളും സ്ഥാപനങ്ങളും ഈ പഞ്ചായത്തിൽ സഹകരിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇത്തരമൊരു നേട്ടം ചപ്പാരപ്പടവ് കൈവരിച്ചത് മൂന്ന് മാസം നീണ്ട ജനകീയ ക്യാമ്പയിനിന്റെ ഫലമായിട്ടായിരുന്നു.വാർഡുകൾ കേന്ദ്രീകരിച്ച പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നല്കിയത്.വാർഡ്തലത്തിൽ നിലവിലുള്ള ശുചിത്വ സമിതി ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി ശക്തിപ്പെടുത്തി.നൂറുപേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളുടെ രജിസ്ട്രേഷൻ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ആരംഭിച്ചു. രജിസ്ട്രേഷൻ നടത്തുന്നവർക്ക് അനുമതിപത്രം നല്കും .രജിസ്റ്റർ ചെയ്തു സംഘടിപ്പിക്കുന്ന ചടങ്ങുകൾ ആന്റീ പ്ലാസ്റ്റിക്ക് വിജിലൻസ് ടീം പരിശോധനക്ക് വിധേയമാക്കുന്ന രീതിയും ആരംഭിച്ചു. രജിസ്റ്റർ ചെയ്യാതെ നടത്തുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികളും ആരംഭിച്ചു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാത്ത ഗ്രാമമായി പഞ്ചായത്തിനെ മാറ്റണമെന്ന ലക്ഷ്യത്തോടെ ഹരിത പാഠശാലകൾ വിവിധ തലങ്ങളിൽ ആരംഭിച്ചു. കുടുംബശ്രീ തുടങ്ങിയ സംഘടനകൾ , രാഷ്ട്രീയ – സാമൂഹിക സാംസ്കാരിക സംഘടനകൾ , മാതൃ സമിതികൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഹരിത പാഠശാലകൾ സംഘടിപ്പിച്ചത്. തെയ്യങ്ങൾ, ഉൽസവങ്ങൾ, ഉറൂസുകൾ, പെരുന്നാളുകൾ തുടങ്ങിയവ സംബന്ധിച്ച് മുൻകൂട്ടി കലണ്ടർ തയ്യാറാക്കി ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു. വിവാഹങ്ങൾ, ചടങ്ങുകൾ എന്നിവയ്ക്ക് പാത്രങ്ങൾ വാടകയ്ക്കു നല്കുന്ന ഹരിതമംഗല്യം പദ്ധതി ആരംഭിച്ചു. എല്ലാ സ്കൂളുകളിലും ഹരിത വിദ്യാലയ പദ്ധതി പ്രവർത്തനം ആരംഭിച്ചു.ഈ പ്രവർത്തനങ്ങൾ ഓരോന്നായി ഫലം കണ്ടു തുടങ്ങി.

18 വാർഡുകളിലായി ആകെ 8351വീടുകൾ, 592 സ്ഥാപനങ്ങൾ. ഇതിൽ ക്യാമ്പയിൻ ആരംഭിച്ച 2022 ഒക്ടോബറിൽ 4217 വീടുകളും 124 സ്ഥാപനങ്ങളുമാണ് വാതിൽപ്പടി ശേഖരണത്തോട് സഹകരിച്ചത്.2022 ഡിസംബർ അവസാനമാകുമ്പോഴേക്കും അത് 5324 വീടുകളും 320 സ്ഥാപനങ്ങളുമായി ഉയർന്നു. 2023 ജനുവരി മാസത്തെ ശേഖരണം പൂർത്തിയായപ്പോഴേക്കും ആകെയുള്ള 8351വീടുകളിൽ 7594 വീടുകളിൽ നിന്നും 592 സ്ഥാപനങ്ങളിൽ 419 സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ലഭിച്ചു. 354 വീടുകളെയും 112 സ്ഥാപനങ്ങളെയും വിവിധ കാരണങ്ങളാൽ യൂസർ ഫീ നല്കുന്നതിൽ നിന്ന് ഒഴിവാക്കി. എന്നാൽ 8351വീടുകളിൽ ആൾ ത്താമസമില്ലാത്ത 250 വീടുകൾ ഒഴിവാക്കി 8101 വീടുകളിൽ നിന്നും മാലിന്യ ശേഖരണം നടത്താൻ സാധിച്ചത് ജനകീയ ക്യാമ്പയിനിന്റെ വിജയമാണ്.ഓരോ മാസവും കൃത്യമായ അവലോകനവും പരിപാടികളും കൂട്ടത്തിൽ കർശന നടപടികളും ഉണ്ടായപ്പോൾ ലക്ഷ്യം നേടാൻ ഈ ഗ്രാമ പഞ്ചായത്തിനായി. – യൂസർ ഫീ നല്കാൻ മടിച്ച 214 പേർക്കാണ് ഗ്രാമ പഞ്ചായത്ത് നോട്ടീസ് അയച്ച് വിളിപ്പിച്ചത്.പൊതു ഇടങ്ങളിലെ മാലിന്യം തള്ളൽ ഒരു പരിധി വരെ വീടുകളിലെ മാലിന്യ ശേഖരണം ശക്തിപ്പെട്ടതോടെ കുറഞ്ഞു. മറ്റ് പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ജനകീയ സ്ക്വാഡുകൾ സജീവമാണ്. 1,82,000 രൂപയാണ് റോഡരികിലും പൊതു ഇടങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ചുമത്തിയതിലൂടെ 2023 ജനുവരി 31 വരെ പഞ്ചായത്തിന് ലഭിച്ചത്.2023 ഫെബ്രുവരിയിലെ വാതിൽപ്പടി ശേഖരണ വിവരങ്ങൾ തെളിയിക്കുന്നത് ചപ്പാരപ്പടവിൽ മാലിന്യ ശേഖരണം സുസ്ഥിരത കൈവരിക്കുന്നു എന്നതാണ്.

ആന്തൂർ വഴി കാട്ടുന്നു
കണ്ണൂരിലെ വാതിൽപ്പടി ശേഖരണത്തിൽ സുസ്ഥിരത കൈവരിച്ച നഗരസഭകളിലൊന്നാണ് ആന്തൂർ . ക്ഷേത്ര നഗരവും വിനോദ സഞ്ചാര കേന്ദ്രങ്ങളും ദേശീയ ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും വൻകിട വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെ വളർന്നു വികസിച്ചു കൊണ്ടിരിക്കുന്ന നഗരമാണ് ആന്തൂർ. ഇവിടെയും മാലിന്യ ശേഖരണം ആർക്കും തലവേദന സൃഷ്ടിക്കുന്നില്ല. 2018 ൽ പി.കെ. ശ്യാമള ടീച്ചർ നഗരസഭ ചെയർപേഴ്സണായിരുന്നപ്പോൾ ആരംഭിച്ച പ്രവർത്തനങ്ങൾ മാലിന്യ സംസ്കരണ മേഖലയിലെ തുടർപ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയാണ് പാകിയത്. തുടർന്ന് പി.മുകുന്ദന്റെ നേതൃത്വത്തിൽ നിലവിലുള്ള ഭരണസമിതി തയ്യാറാക്കിയ കർമ്മപരിപാടി വിപുലമായ ലക്ഷ്യം കൈവരിക്കുന്നതിന് ഉതകുന്നതായിരുന്നു.ക ്ലസ്റ്റർ അടിസ്ഥാനത്തിലാണ് ഹരിത കർമ്മസേന പ്രവർത്തിക്കുന്നത്. പ്രവർത്തന സൗകര്യം പരിഗണിച്ച് നഗരസഭയെ നാല് ക്ലസ്റ്ററുകളാക്കി തിരിച്ചു. ക്ലസ്റ്ററുകളിലുൾപ്പെട്ട വാർഡുകളിലെ വികസന സമിതികൾ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. യൂസർ ഫീ നല്കാൻ കഴിയാത്തവരുടെ പട്ടിക വികസന സമിതികൾ കൂടി ചർച്ച ചെയ്താണ് തയ്യാറാക്കിയത്. അജൈവമാലിന്യം കൈമാറാത്തവരെ കൗൺസിലറും വികസന സമിതിയും സമീപിക്കും. പ്രശ്നപരിഹാരം സാധ്യമാക്കും. എന്നിട്ടും തീരെ സഹകരിക്കാത്തവരെക്കുറിച്ച് വാർഡ് സഭകളിൽ ചർച്ച ചെയ്യും. തുടർന്ന് നിയമ നടപടികൾ സ്വീകരിക്കും. ഇങ്ങിനെയൊരു രീതിയാണ് ഇവിടെ സ്വീകരിച്ചത്. കൂട്ടത്തിൽ പൊതുപരിപാടികൾ ഹരിത പെരുമാറ്റ ചട്ടപ്രകാരമാക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധി യോഗം, സന്നദ്ധ സംഘടനകളുടെയും ആരാധനാലയ ഭാരവാഹികളുടെയും യോഗം, വ്യാപാരികളുടെ യോഗം, കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ബോധവല്ക്കരണം തുടങ്ങി നിരവധി തുടർച്ചയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ആയിരക്കണക്കിന് ഭക്തർ എത്തുന്ന സ്ഥലമാണ്. ക്ഷേത്ര ഭരണ സമിതിയും പ്രദേശത്തെ വ്യാപാരികളും ചേർന്നാരംഭിച്ച മാലിന്യമില്ലാത്ത തിരുമുറ്റം പരിപാടി ഗംഭീര തുടക്കമാണ്. പൂച്ചെട്ടികൾ സ്ഥാപിച്ചും ബിന്നുകൾ സ്ഥാപിച്ചും മുന്നറിയിപ്പ്ബോർഡുകൾ സ്ഥാപിച്ചും മാലിന്യ രഹിതമാക്കാൻ ഇവിടെ എല്ലാവരും ഒന്നിച്ച് ശ്രമിക്കുന്നു.

7982 വീടുകളും 693 സ്ഥാപനങ്ങളുമാണിവിടെയുള്ളത്. ഇവിടെ നിന്നെല്ലാം അജൈവ മാലിന്യ ശേഖരണം കൃത്യമായി നടത്താൻ നഗരസഭയ്ക്ക് സാധിക്കുന്നു. ഇതിൽ വിവിധ കാരണങ്ങളാൽ യൂസർ ഫീ നല്കുന്നതിൽ നിന്ന് 324 വീടുകൾക്കും 62 സ്ഥാപനങ്ങൾക്കും ഇളവ് നല്കിയിട്ടുണ്ട്.ചെറിയ നഗരസഭ എന്നതിനാൽ ജൈവമാലിന്യ സംസ്കരണം വീടുകളിൽ തന്നെ പ്രോൽസാഹിപ്പിക്കാൻ കഴിഞ്ഞ നാല് വർഷം കൊണ്ട് 7500 റിങ്ങ് കമ്പോസ്റ്റ് സംവിധാനം വിതരണം ചെയ്തു. കൂട്ടത്തിൽ അവയ്ക്കാവശ്യമായ യുനോക്കുലം തയ്യാറാക്കി നല്കാൻ ഹരിത കർമ്മസേന സംരംഭ യൂനിറ്റും ആരംഭിച്ചു. ഹോട്ടലുകൾ, പച്ചക്കറി കടകൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ എന്നിവയിലെ ജൈവ മാലിന്യം ശേഖരിച്ച് ജൈവ വളമാക്കി മാറ്റാൻ എട്ട് തുമ്പൂർമുഴി മാതൃകാ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഹരിത കർമസേനക്കാണ് ജൈവ മാലിന്യ ശേഖരണത്തിന്റേയും തുമ്പൂർമുഴി മാതൃകാ സംസ്കരണ സംവിധാനങ്ങളുടെ സംരക്ഷണ ചുമതലയും.നഗരസഭാ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന, ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത നിരവധി ചടങ്ങുകളും പറശ്ശിനിക്കടവ് ഉൽസവംപോലുള്ള ഉൽസവങ്ങളും പൂർണമായി ഹരിത പെരുമാറ്റ ചട്ടപ്രകാരമാണ് നടന്നത്.

ഇത് സാധ്യമാണ്
പ്ലാസ്റ്റിക്കും ചവറുകളും ജൈവമാലിന്യങ്ങളും വലിച്ചെറിയപ്പെടാത്ത, മാലിന്യക്കൂമ്പാരങ്ങളില്ലാത്ത ദേശങ്ങൾ – സാധ്യമാണോ …?സംസ്ഥാനത്തെ മാലിന്യ പരിപാലന മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.സാങ്കേതിക വിദ്യയുടെയോ സഹായം നല്കുന്ന ഏജൻസിയുടെയോ മൂലധനത്തിന്റയോ ലഭ്യതകുറവല്ല.മറിച്ച് രണ്ട് കാര്യങ്ങളാണ്. ഒന്ന് ജനങ്ങളുടെ മനോഭാവം , രണ്ട് തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നില്ല.ഇത് രണ്ടും പരിഹരിക്കപ്പെടുമ്പോഴാണ് മാലിന്യ രഹിത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുക. മനോഭാവമാറ്റം ജനകീയ ക്യാമ്പയിനുകളിലുടെ സാധിക്കുമെന്നത് കണ്ണൂരിൽ നടന്നു വരുന്ന ക്യാമ്പയിനുകൾ ഓരോന്നായി സാക്ഷ്യപ്പെടുത്തുന്നു. ♦

(കണ്ണൂർ നവകേരളം കർമ്മ പദ്ധതി – 2, ജില്ലാ കോ-ഓഡിനേറ്ററാണ് ലേഖകന്‍)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + seventeen =

Most Popular