ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതാണ്ട് ഒരു വർഷം അകലെയാണ്. അതിനുള്ള തയ്യാറെടുപ്പിന്റെ സൂചനകൾ രാജ്യത്തെ രാഷ്‌ട്രീയാന്തരീക്ഷത്തിൽ തെളിയാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ബിജെപിക്കെതിരായി രാജ്യവ്യാപകമായോ സംസ്‌ഥാനതലത്തിലോ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്‌മ രൂപപ്പെടുന്നതിന്റെ പ്രകടമായ സൂചനകൾ വന്നു തുടങ്ങി എന്നു പയാനാവില്ല. എന്നാൽ, ആ വഴിക്കുള്ള നീക്കങ്ങൾ ഒന്നുംതന്നെ രൂപപ്പെടുന്നില്ല എന്നും പറഞ്ഞുകൂട. പശ്‌ചിമബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഡൽഹി, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ ഏഴു സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിഹാർ ഉപമുഖ്യമന്ത്രിയും പ്രതിനിധാനം ചെയ്യുന്ന എട്ടു പാർട്ടികളുടെ നേതാക്കൾ ജി – 8 എന്ന പേരിൽ യോഗം ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രാരംഭ ചർച്ച ആരംഭിച്ചിട്ടുണ്ട്. അവർ കോൺഗ്രസ്സിനെ ലോക്‌സഭാ തിരഞ്ഞെടുപ്പു ചർച്ചകൾക്കായി ക്ഷണിച്ചതായാണ് വാർത്ത. കോൺഗ്രസ് അതിനോട് ഇതുവരെ പ്രതികരിച്ചു കണ്ടില്ല.
കോൺഗ്രസ് അതിനു തയ്യാറാകുന്നില്ലെങ്കിൽ, ഈ എട്ടു പാർട്ടികളും ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി ചേർന്ന് ബിജെപിക്കെതിരായ ഒരു ദേശീയ മുന്നണി രൂപപ്പെടുത്താൻ ഒരുങ്ങുമെന്നാണ് വാർത്തകൾ. (ഈ രണ്ടു മുഖ്യമന്ത്രിമാരും കോൺഗ്രസ്സുമായി കൂട്ടുകൂടുന്നതിന് അനുകൂലമല്ല). കോൺഗ്രസ് ഈ ക്ഷണം നിരസിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, എഎപി നേതാവ് കെജ്‌രിവാൾ, ബിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവു എന്നിവർ, കോൺഗ്രസുമായി ഈ കക്ഷികൾ ധാരണയിൽ എത്തുന്നതിനെ എതിർക്കുന്നു; അതിനാൽ അങ്ങനെയൊരു കൂട്ടുകെട്ട് ഉണ്ടാക്കപ്പെടുകയാണെങ്കിൽ തന്നെ, മൂർത്തമായി രൂപംകൊള്ളാൻ ഇനിയും സമയമെടുത്തേക്കും.
മധ്യ പൗരസ്‌ത്യ ഇന്ത്യ, വടക്കേ ഇന്ത്യ, ദക്ഷിണേന്ത്യ എന്നിവയുടെ ചില ഭാഗങ്ങൾ മാത്രമേ ഈ എട്ടു കക്ഷികൾ പ്രതിനിധാനം ചെയ്യുന്നുള്ളൂ. ഇവ മാത്രം വിചാരിച്ചാൽ കോൺഗ്രസ്സിനു ബദലാകാനോ കേന്ദ്ര സർക്കാർ രൂപീകരിക്കാനോ കഴിയില്ല. യുപിയിലെ സമാജ്–വാദി പാർട്ടി, ശരത്‌പവാറിന്റെ എൻസിപി, അതുമായി രാഷ്‌ട്രീയ കൂട്ടുകെട്ടുള്ള പശ്‌ചിമേന്ത്യയിലെ പാർട്ടികൾ എന്നിങ്ങനെ പല പാർട്ടികളെയുംകൂടി അണിനിരത്തിയാൽ മാത്രമേ ബിജെപിയെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ മൂർത്തമായ സാധ്യതയുള്ളൂ എന്നതാണ് ഇപ്പോഴത്തെ സ്‌ഥിതി.
മേൽപറഞ്ഞ പാർട്ടികളുടെ നേതാക്കൾ തമ്മിൽ കഴിഞ്ഞകാലത്ത് ഏറ്റുമുട്ടിയതിന്റെ ചൊരുക്ക് ചില നേതാക്കളിൽ അവശേഷിക്കുന്നുണ്ടാകാം. അതൊക്കെ ചൊല്ലി വിശാലമായ ബിജെപി വിരുദ്ധ കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിനു തടസ്സമോ കാലതാമസമോ ഉണ്ടായാൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ബിജെപി വാഴ്‌ച 2024നുശേഷവും തുടരാനുള്ള സാധ്യതയ്ക്ക് അത് ശക്തി വർധിപ്പിക്കും. പാർലമെന്റിനകത്ത് പ്രാതിനിധ്യമുള്ള കക്ഷികളെപ്പോലെ തന്നെ പ്രധാനമാണ് അത് കാര്യമായി ഇല്ലാത്ത കക്ഷികളും. ബിജെപിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽപിക്കുന്നതിൽ ഇങ്ങനെയുള്ള കക്ഷികളെയെല്ലാം കാലേക്കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള ഒരു വിശാല മുന്നണിക്ക് ഇന്നത്തെ സ്‌ഥിതിയിൽ വലിയ പ്രാധാന്യമുണ്ട്. 1970കളിൽ കോൺഗ്രസിനെ തോൽപിക്കാൻ ഇങ്ങനെയൊരു മുന്നണി ഉണ്ടാക്കിയിരുന്നു. ഇപ്പോൾ ഇത്തരമൊരു മുന്നണി ഏത് രൂപമാണ് കൈക്കൊള്ളുക എന്നു കാലേക്കൂട്ടി പറയാനാവില്ല. ബിജെപിയെ ഏതു വിധേനയും തോൽപിക്കണം എന്ന ബോധ്യമോ വികാരമോ മറ്റു പാർട്ടികൾക്കിടയിൽ സാർവത്രികമായി ഉയർന്നുവന്നിട്ടില്ല ഇതുവരെയും.
കേന്ദ്ര സർക്കാരിലെ അധികാരം ഉപയോഗിച്ച് ബിജെപി പലതിനെയും തകർക്കുന്നുണ്ട്; മതനിരപേക്ഷത, സമത്വം, സാഹോദര്യം, സഹിഷ്‌ണുത എന്നിങ്ങനെ ഭരണഘടനയുടെ തന്നെ അടിത്തറ സൃഷ്‌ടിക്കുന്ന ജനാധിപത്യ തത്വങ്ങളാണവ. ജനങ്ങളെ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്‌ഥാനത്തിൽ പരസ്‌പരവിരുദ്ധമായ ചേരികളിലായി തരംതിരിക്കുന്നത് ബിജെപിയുടെ അടിസ്‌ഥാന സമീപനരീതിയാണ്. അതിൽ വിജയിച്ചാൽ മതജാതികളുടെയും കാലാകാലങ്ങളായുള്ള മറ്റ് ചേരിതിരിവുകളുടെയും അടിസ്‌ഥാനത്തിൽ ഭിന്നിപ്പിക്കാനാകും. ഫാസിസ്‌റ്റ് ശക്തികൾ ഇത്തരത്തിൽ ജനങ്ങളെ ചേരിതിരിച്ചാണ് അധികാരം കയ്യടക്കുന്നത് എന്ന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് യൂറോപ്പിൽ ഇറ്റലിയിലെയും ജർമനിയിലെയും ഫാസിസ്‌റ്റ്, നാസി രാഷ്‌ട്രീയ ശക്തികൾ തെളിയിച്ചു കാണിക്കുകയുണ്ടായി.
ബിജെപിയെ അനുകൂലിക്കുന്ന പാർട്ടികളും ശക്തികളും രാജ്യത്ത് താരതമ്യേന കുറവാണ്. രണ്ടു കാരണങ്ങളാണ് പ്രധാനം. ഒന്ന്, ഇന്ത്യയിലെ ജനസാമാന്യത്തിന് സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായി പോരാടിയതിന്റെ അനുഭവവും പാരമ്പര്യവുമുണ്ട്. ബിജെപിയ്ക്കാണെങ്കിൽ സാമ്രാജ്യത്വ – ഫാസിസ്‌റ്റ് നയങ്ങളെ പിന്താങ്ങിയതിന്റെ പാരമ്പര്യമാണുള്ളത്. കോൺഗ്രസ്സിന് പൊതുവിലും ഇടതുപക്ഷ – ജനാധിപത്യ പാർട്ടികൾക്ക് പ്രത്യേകിച്ചും ആ ചിന്താഗതിക്ക് എതിരായി പോരാടിയതിന്റെ പാരമ്പര്യമുള്ളവയാണ്. പൊതുജനങ്ങളും മൊത്തത്തിൽ അങ്ങനെയാണ്. ഇവയെ അടിസ്‌ഥാനമാക്കി വിപുലമായ ഫാസിസ്‌റ്റ് വിരുദ്ധ ചിന്താഗതിയും ചേരിയും നമ്മുടെ രാജ്യത്തുണ്ട്. ജനാധിപത്യ സമ്പ്രദായങ്ങളെയും കീഴ്‌വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് തങ്ങളുടെ സ്വേച്‌ഛാധിപത്യം സ്‌ഥാപിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത് എന്നു ജനങ്ങൾ തിരിച്ചറിയുന്നു. മോദി സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളെ ഈ പശ്‌ചാത്തലത്തിൽ വിലയിരുത്താനും എതിർക്കാനും ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരുന്നുണ്ട്, അത്ര വ്യാപകമായല്ലെങ്കിലും.
ഈ പശ്‌ചാത്തലത്തിലാണ് ഇന്ത്യയിൽ ജനാധിപത്യം ആക്രമണത്തിന് ഇരയായിരിക്കുന്നു എന്നു രാഹുൽഗാന്ധി ബ്രിട്ടനിൽ പ്രസ്‌താവിച്ചത് പ്രസക്തമാകുന്നത്. ബിജെപി നേതൃത്വം അതിനെതിരെ പാർലമെന്റിലും പുറത്തും ബഹളമുണ്ടാക്കുന്നതും തങ്ങളുടെ മൗലിക സ്വഭാവങ്ങളിലൊന്നു ഇങ്ങനെ ചർച്ചാ വിഷയമാക്കപ്പെട്ടതിനാലാണ്. രാഹുൽഗാന്ധി ബ്രിട്ടനിൽ പറഞ്ഞതിനെ ചൊല്ലി ബഹളമുണ്ടാക്കിയ ബിജെപിക്കാർ അക്കാര്യം ലോക്–സഭയിൽ ചർച്ചാ വിഷയമാക്കാൻ തയ്യാറായില്ല. തുടർച്ചയായി അതു സംബന്ധിച്ച ചർച്ച ബഹളംവെച്ച് തടസ്സപ്പെടുത്തിയത് ബിജെപിക്കാരായിരുന്നു. സാധാരണ പ്രതിപക്ഷമാണ് സഭയിൽ ചർച്ച തടസ്സപ്പെടുത്താറുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഭരണകക്ഷിയായ ബിജെപിയാണ് മുൻകയ്യെടുത്ത് ചർച്ച തടസ്സപ്പെടുത്തിയത്. ചർച്ച നടത്തിയാൽ തങ്ങൾ തുറന്നുകാട്ടപ്പെടും എന്ന ഭയം മൂലമാണ് അവർ സഭ അലങ്കോലമാക്കിയത്.
എന്തുകൊണ്ടാണത്? അവർ തുറന്ന ചർച്ചയെ ഭയപ്പെടുന്നു. അതു നടന്നാൽ തങ്ങൾ തുറന്നുകാട്ടപ്പെടുമെന്നു അവർ ഭയക്കുന്നു. അവിടെയാണ് അവരുടെ അടിസ്‌ഥാന സ്വഭാവം മാറ്റുരച്ചു കാണിക്കപ്പെടുന്നത്. ജനാധിപത്യവാദികൾ തുറന്ന ചർച്ചയെ സ്വാഗതം ചെയ്യുകയും അതിനു സന്നദ്ധമാകുകയും ചെയ്യുമ്പോൾ സ്വേച്‌ഛാധിപത്യവാദികൾ അതിനെ എതിർക്കുന്നു, തടസ്സപ്പെടുത്തുന്നു.
ബിജെപിയുടെ നിരവധി നടപടികളിലും പ്രതികരണങ്ങളിലും ഈ സ്വേച്ഛാധിപത്യമനോഭാവം തെളിഞ്ഞുകാണാം. ഇതുമായി ചേർത്തു പറയേണ്ടതാണ് 2018–-22 കാലത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധ ഇറക്കുമതി ചെയ്‌ത രാജ്യം ബിജെപി ഭരിക്കുന്ന ഇന്ത്യയാണ് എന്ന കാര്യം. ഇരുനൂറോളം രാജ്യങ്ങളുള്ള ലോക ആയുധ ഇറക്കുമതിയുടെ 11 ശതമാനം ഇന്ത്യയിലേക്കാണ്. ആയുധച്ചെലവിൽ ലോകത്ത് മൂന്നാംസ്‌ഥാനത്താണ് ഇന്ത്യ. സമാധാനം കാംക്ഷിക്കുന്നതും സമാധാന നയം മുറുകെപ്പിടിക്കുന്നതുമായ രാജ്യമാണ് എന്ന് അവകാശപ്പെടുന്ന ഇന്ത്യ എന്തിനാണ് ഇത്രയധികം ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്?
ഒരു സ്‌ഥിതിവിവര കണക്ക് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു: ഏറ്റവും കുറഞ്ഞ കൂലി നിലവിലിരിക്കുന്ന ഇന്ത്യൻ സംസ്‌ഥാനങ്ങൾ ഏതൊക്കെയാണ്? ഝാർഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ്. പല സമാനതകളും അവ തമ്മിലുണ്ട്. ഇന്ത്യയുടെ ഭൂപടത്തിൽ മധ്യഭാഗത്തായി ഏറ്റവും പടിഞ്ഞാറ് ഗുജറാത്ത്, അതിനുതൊട്ടുകിഴക്ക് മധ്യപ്രദേശ്, അതിനുകിഴക്ക് ഝാർഖണ്ഡ്, അതിനു തൊട്ടുതാഴെ ഛത്തീസ്‌ഗഢ്. ഇവ ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന സംസ്‌ഥാനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി എന്ന നിലയിൽ ഏറെക്കാലം ഭരിച്ച സംസ്‌ഥാനമാണ് ഗുജറാത്ത്. ബിജെപിയാണ് അവിടെ ഭരണകക്ഷി, എത്രയോ കാലമായി. പക്ഷേ ജീവിതനിലവാരം, കൂലി നിലവാരം തുടങ്ങി പല സൂചികകളിലും ഗുജറാത്ത് പിന്നറ്റത്താണ്.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കൂലി നിലവിലുള്ള സംസ്‌ഥാനങ്ങൾ ഝാർഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവയാണ്. അവയിൽ ഏറ്റവും പിന്നിൽ ഝാർഖണ്ഡ് ആണ്. അതിനു തൊട്ടുമുന്നിൽ മധ്യപ്രദേശ്, അതിനുമുന്നിൽ ഗുജറാത്ത്, അതിനും മുന്നിൽ ഛത്തീസ്‌ഗഢ്. ഇവയിൽ ഝാർഖണ്ഡിൽ കോൺഗ്രസ് പിന്താങ്ങുന്ന സർക്കാരാണുള്ളത്. മധ്യപ്രദേശും ഗുജറാത്തും ഏറെക്കാലമായി ഭരിക്കുന്നത് ബിജെപിയാണ്. ഛത്തീസ്‌ഗഢിൽ കോൺഗ്രസ് സർക്കാരും.
രാജ്യത്തെ ഏറ്റവും പിന്നാക്കാവസ്‌ഥയ്ക്ക് കാരണക്കാർ ബിജെപി, കോൺഗ്രസ് എന്നീ കക്ഷികളാണ് എന്ന് ഇത് വെളിവാക്കുന്നു. അവ പിന്തുടരുന്ന സാമ്പത്തിക നയങ്ങളുടെ പരിണതഫലമാണ് ഈ പിന്നാക്കാവസ്‌ഥ. മുതലാളിത്ത വ്യവസ്‌ഥയുടെ സൃഷ്‌ടിയാണിത്. ആ അവസ്‌ഥ കൂടുതൽ വഷളാക്കുന്നത് കോൺഗ്രസ്സും ബിജെപിയുമാണ്. രാജ്യത്തിലെ സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ വെളിവാകുന്നത്, നാം ഇന്ന് അനുഭവിക്കുന്ന സർവതലസ്‌പർശിയായ പിന്നാക്കാവസ്‌ഥയ്ക്ക് കാരണം ഈ പാർട്ടികൾ പിന്തുടരുന്ന സാമ്പത്തിക –- സാമൂഹ്യ നയങ്ങളാണ്. ♦