“ലോകചരിത്രത്തിലെ ഏറ്റവുമധികം യുദ്ധക്കൊതിയുള്ള രാഷ്ട്രം അമേരിക്കയാണെന്നത് നിസ്സംശയമാണ്.’’ ഇത് പറഞ്ഞത് മറ്റാരുമല്ല. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. 1977 ജനുവരി മുതൽ 1981 ജനുവരി വരെ അധികാരത്തിലിരുന്ന ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ജിമ്മികാർട്ടറുടെ വാക്കുകളാണിത്. അതുകൊണ്ടുതന്നെ നമുക്ക് അവിശ്വസിക്കേണ്ടതില്ല, ഇപ്പോൾ 98 വയസ്സുള്ള ഈ അമേരിക്കക്കാരനെ. ഫെബ്രുവരി 21ന് ചൈന പ്രസിദ്ധീകരിച്ച Global Security Initiative Concept Paper എന്ന വിദേശനയ പ്രസ്‌താവനയിൽ ഉദ്ധരിച്ച് ചേർത്തിട്ടുള്ളതാണ് ജിമ്മി കാർട്ടറുടെ വാക്കുകൾ.
ഈയിടെ ചേർന്ന മൂന്ന് വ്യത്യസ്‌തങ്ങളായ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ– ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവുമായി –നടന്ന ചർച്ചകളാണ് ജിമ്മി കാർട്ടറുടെ വാക്കുകളിലേക്ക് ശ്രദ്ധതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഫെബ്രുവരി 17–19 തീയതികളിൽ ജർമനിയിലെ മ്യൂണിച്ചിൽ ചേർന്ന സെക്യൂരിറ്റി കോൺഫറൻസും ഫെബ്രുവരി 22–-25 തീയതികളിൽ ഇന്ത്യയിലെ ബംഗളൂരുവിൽ ചേർന്ന ജി 20 മന്ത്രിതല സമ്മേളനവും മാർച്ച് 7ന് പാരീസിൽ ചേർന്ന പാശ്ചാത്യശക്തികളുടെ വിദേശകാര്യമന്ത്രിതല സമ്മേളനവുമാണത്. പാരീസ് സമ്മേളനത്തിൽ ആസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, നോർവെ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഫ്‌ഗാനിസ്ഥാനിലെ നയതന്ത്ര പ്രതിനിധികളാണ് ഒത്തുകൂടിയത്.
ഈ മൂന്ന് അന്താരാഷ്ട്ര സമ്മേളനങ്ങളിലും അമേരിക്കയുടെ, ആഗോളസാമ്രാജ്യത്വത്തിന്റെ അടങ്ങാത്ത യുദ്ധക്കൊതി കൃത്യമായും പ്രതിഫലിക്കുന്നുണ്ട്. മ്യൂണിച്ച് സെക്യൂരിറ്റി റിപ്പോർട്ടിന്റെ ഒരു ഭാഗത്തിന്റെ തലവാചകം ഇങ്ങനെയാണ്: My Way or No Highway (എന്റെ വഴിയല്ലാതെ നിങ്ങൾക്ക് മറ്റൊരു രാജപാതയുമില്ല). അമേരിക്കയുടെ ചൊൽപ്പടിക്ക് നിൽക്കാത്ത രാജ്യങ്ങൾക്കുള്ള ശക്തമായ താക്കീതാണിത്–- ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായി സഹകരിക്കരുത് എന്ന താക്കീതിനൊപ്പം രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായെല്ലാം ഞങ്ങൾക്കൊപ്പം നിൽക്കാത്തവരെല്ലാം തങ്ങളുടെ ശത്രുക്കളായി കണക്കാക്കപ്പെടും എന്ന താക്കീത്.
2002ൽ ഇറാഖ് ആക്രമണത്തിനുമുൻപ് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളോടു പറഞ്ഞത് ‘‘ഒന്നുകിൽ നിങ്ങൾ ഞങ്ങൾക്കൊപ്പം അല്ലെങ്കിൽ ഞങ്ങൾക്കെതിര്’’ എന്നാണ്. ഇറാഖിന്റെ കൈവശം ‘‘കൂട്ടനശീകരണ ആയുധങ്ങളൊന്നുമില്ലെ’’ന്നറിയാവുന്ന രാജ്യങ്ങൾതന്നെ അമേരിക്കയുടെ ശത്രുത പിടിച്ചുപറ്റെണ്ട എന്ന ധാരണയിൽ യാതൊരു ന്യായീകരണവുമില്ലാത്ത ആ ആക്രമണത്തിൽ അമേരിക്കയെ സഹായിച്ചു. അതിനുംമുൻപ് അഫ്‌ഗാൻ ആക്രമണത്തിന്റെ കാലത്തും ബുഷിന്റെ മുദ്രാവാക്യം ഇതുതന്നെയായിരുന്നു–- ‘‘ഒന്നുകിൽ ഞങ്ങൾക്കൊപ്പം അല്ലെങ്കിൽ ഞങ്ങൾക്കെതിര്.’’ 2001 സെപ്‌തംബർ 11ന്റെ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ‘മുറിവേറ്റവർ’ എന്ന തോന്നലിൽ അഫ്‌ഗാനിസ്ഥാന് അതിൽ പങ്കുണ്ടെന്ന് തെളിവൊന്നുമില്ലാതെ തന്നെ ലോകരാഷ്ട്രങ്ങൾ പൊതുവെ അമേരിക്കയ്‌ക്കൊപ്പം നിന്നു.
ഈ 2023ലും, അഫ്‌ഗാനിസ്ഥാന്റെയും ഇറാഖിന്റെയും ലിബിയയുടെയും സിറിയയുടെയുമെല്ലാം അനുഭവത്തിനുശേഷവും റഷ്യയ്‌ക്കുനേരെ ഉക്രൈനെ മുൻനിർത്തി യുദ്ധം നടത്താനുള്ള, തായ്‌വാന്റെ പേരിൽ ചൈനയുമായി ഏറ്റുമുട്ടാനുള്ള, അങ്ങനെ ലോകത്തെ തന്നെ ആയുധപ്പന്തയത്തിന്റെ രംഗഭൂമിയാക്കാനും സമാധാനം അന്യമാക്കാനുമുള്ള സാമ്രാജ്യത്വത്തിന്റെ നീക്കത്തിന് പിന്തുണ നൽകണമെന്നാണ് അവ ലോകത്തോടു പറയുന്നത്. മ്യൂണിച്ചിലും ബംഗളൂരുവിലും മുന്നോട്ടുവച്ച ആശയം അതാണ്. വികസ്വര–-അവികസിത രാജ്യങ്ങളോട് (ഗ്ലോബൽ സൗത്ത്) മ്യൂണിച്ചിൽ ജർമനിയുടെ വിദേശകാര്യമന്ത്രി അന്നലേന ബായർബൊക്ക് പറഞ്ഞത്, ‘‘നിങ്ങൾക്ക് നിഷ്‌പക്ഷരാകാൻ പറ്റില്ല, നിഷ്‌പക്ഷത ഒരു പോംവഴിയല്ല’’യെന്നാണ്. ‘‘ഞങ്ങൾ റഷ്യക്കെതിരെ ഒരു യുദ്ധം നടത്തുകയാണ്’’ എന്നും അവർ തുറന്നു പറഞ്ഞു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന് ആതാവർത്തിച്ചാൽ മാത്രം മതിയായിരുന്നു.
എന്നാൽ അമേരിക്കയും ജർമനിയും ഫ്രാൻസും ബ്രിട്ടനും ചേർന്ന് ഉക്രൈനിൽ സമാധാനം സ്ഥാപിക്കാനല്ല, അതൊരു അവസരമാക്കിയെടുത്ത് റഷ്യക്കെതിരായ ആക്രമണത്തിനാണ് ശ്രമിക്കുന്നത്. ഇത് ലോക പൊതുജനാഭിപ്രായത്തിനെതിരാണെന്ന് പറയുന്നതാകട്ടെ, അമേരിക്കയിൽനിന്നു പുറത്തിറങ്ങുന്ന ‘ന്യൂസ് വീക്ക്’ വാരികയും. 2022 സെപ്‌തംബർ 15ന് ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ അമേരിക്കയിൽ ഉൾപ്പെടെ നടത്തിയ അഭിപ്രായസർവെയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘‘ലോകത്തെ 90 ശതമാനത്തോളം മനുഷ്യർ ഉക്രൈൻ വിഷയത്തിൽ അമേരിക്കയ്‌ക്കൊപ്പമല്ല’’ എന്നും അമേരിക്കയും ശിങ്കിടികളും റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ ‘‘ലോകജനസംഖ്യയിൽ 87 ശതമാനവും ആ ഉപരോധത്തിനെതിരാണ്’’ എന്നും ന്യൂസ് വീക്ക് പറയുന്നു!
മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിന്റെ ചൂടാറും മുൻപാണ് ബംഗളൂരുവിൽ ജി 20 രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം ചേർന്നത്. അതിൽ പങ്കെടുത്തുകൊണ്ട് അമേരിക്കയുടെ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ അംഗരാജ്യങ്ങളോടാവശ്യപ്പെട്ടത്, റഷ്യക്കെതിരായി അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള ഉപരോധത്തിനൊപ്പം എല്ലാ രാജ്യങ്ങളും നിൽക്കണമെന്നാണ്. എന്നാൽ ജി 20യുടെ സംയുക്തപ്രസ്‌താവനയിൽ ഏകപക്ഷീയമായി റഷ്യയെ അപലപിക്കുന്ന, റഷ്യയെ കുറ്റപ്പെടുത്ത വാചകം ചേർക്കാൻപോലും അംഗരാജ്യങ്ങളിൽ മഹാഭൂരിപക്ഷവും തയ്യാറായില്ല. ഫലത്തിൽ അതൊരു അലസിപ്പിരിയലിലാണ് കലാശിച്ചത്; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അജൻഡ നടപ്പാക്കാനാകാതെ പിരിയുകയാണുണ്ടായത്.
പാരീസ് ചർച്ചക്കു പിന്നിൽ
മറ്റൊരു സംഘർഷമേഖല സൃഷ്ടിക്കാനായി, അതും റഷ്യയുടെയും ചൈനയുടെയും സമീപത്തുതന്നെ, അടുത്ത ആലോചന തുടങ്ങിയിരിക്കുകയാണ്. അതാണ് പാരീസ് ചർച്ച. അഫ്‌ഗാനിസ്താനാണ് വിഷയം. അഫ്‌ഗാനിസ്താനിൽ താലിബാനെ മാറ്റി പഴയ യുദ്ധപ്രഭുക്കളുടെ പിൻഗാമികളെ അധികാരത്തിലെത്തിക്കണമെന്നതാണ് പുതിയ അജൻഡ. വെള്ളിത്താലത്തിൽവച്ച് അഫ്‌ഗാനിസ്‌താന്റെ ഭരണം താലിബാന്റെ കൈയിൽ വച്ചുകൊടുത്തത് അമേരിക്ക തന്നെയാണ്. അഷ്‌റഫ് ഗനിയുടെ ഗവൺമെന്റിനെ ഒഴിവാക്കി നിർത്തി സൗദി അറേബ്യയുടെയും പാകിസ്‌താന്റെയും മധ്യസ്ഥതയിൽ ഖത്തറിൽ വച്ച് താലിബാനുമായി സമാധാന ചർച്ച നടത്തി കരാറുണ്ടാക്കിയത് ട്രംപിന്റെ ഗവൺമെന്റാണ്. അതുപ്രകാരം അഫ്‌ഗാൻ ഗവൺമെന്റുമായോ അവിടത്തെ സൈനികമേധാവികളുമായോപോലും കൂടിയാലോചിക്കാതെ അമേരിക്ക സൈനിക പിന്മാറ്റം നടപ്പാക്കി. ബൈഡൻ ഗവൺമെന്റിന്റെ ഏകപക്ഷീയമായ ഈ പിൻമാറ്റം, അമേരിക്ക പിന്മാറുമ്പോൾ ഉണ്ടാകേണ്ട ബദൽ നടപടികളെടുക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യാതെ നടത്തിയ അമേരിക്കയുടെ ഈ പിന്മാറ്റമാണ് സുഗമമായും ജനഹിതം എന്തെന്ന് ഉറപ്പാക്കാതെയും അധികാരം താലിബാന്റെ കൈവശം എത്തിച്ചത്.
താലിബാൻ ഭരണം ജനവിരുദ്ധമാണ്, സ്‌ത്രീ വിരുദ്ധമാണ് എന്നതെല്ലാം ശരിതന്നെയാണ്. പക്ഷേ അതിനെതിരെ പൊരുതേണ്ടത് അഫ്‌ഗാൻ ജനതയാണ്. അഫ്‌ഗാൻ ജനത അമേരിക്കയോടോ യൂറോപ്യൻ രാജ്യങ്ങളോടോ സഹായാഭ്യർഥന നടത്തിയതായി പൊതുമണ്ഡലത്തിൽ ഒരറിവുമില്ല. മാത്രമല്ല, അഫ്‌ഗാനിലെ നജീബുള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന കമ്യൂണിസ്‌റ്റ് ഭരണത്തെ തകർക്കാൻ താലിബാനെ സൃഷ്ടിച്ചത് അമേരിക്കൻ ഗവൺമെന്റായിരുന്നു; താലിബാൻ മാത്രമല്ല അമേരിക്കയുടെ സൃഷ്ടി, നോർതേൺ ലീഗ് എന്നറിയപ്പെടുന്ന യുദ്ധപ്രഭുക്കുടെ സംഘങ്ങൾക്കുപിന്നിലെ പ്രേരകശക്തിയും അമേരിക്കയും സിഐഎയും തന്നെയാണ്. ഇതേ അമേരിക്കതന്നെയാണ് പിന്നീട് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ പേരിൽ താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്താനെ 2001 ഒക്‌ടോബറിൽ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്. അമേരിക്കയുടെ ഈ ഇടപെലുകളുടെയെല്ലാം ദോഷഫലം, ദുരിതങ്ങൾ അനുഭവിച്ചത് അഫ്‌ഗാൻ ജനതയാണ്. അതുകൊണ്ടുതന്നെ വീണ്ടും ഒരമേരിക്കൻ ഇടപെടൽ അഫ്‌ഗാൻ ജനത വകവെച്ചുകൊടുക്കാനിടയില്ല. അതിനാൽ ഇപ്പോഴത്തെ അമേരിക്കൻ ഇടപെടലിന്റെ ഫലം ഇന്ന് താലിബാനെതിരെ പൊരുതുന്ന അഫ്‌ഗാൻകാരെപ്പോലും താലിബാൻ പക്ഷത്ത് എത്തിക്കുമെന്നതാണ്. അങ്ങനെ മാർച്ച് 7ന്റെ പാരിസ് കോൺഫറൻസ് അഫ്‌ഗാൻ ജനതയെ കടലിനും ചെകുത്താനും ഇടയിൽപ്പെടുത്തുമെന്നതാണ് ദുരന്തം!
അമേരിക്കൻ ഭരണാധികാരികളുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് മാർച്ച് 7നു തന്നെ ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭാ ഹെഡ് ക്വാർട്ടേഴ്‌സിൽ വച്ച് സെക്യൂരിറ്റി കൗൺസിൽ നടത്തിയ സ്‌ത്രീകളും സമാധാനവും സംബന്ധിച്ച യോഗത്തിൽ യുഎന്നിലെ അമേരിക്കൻ അംബാസിഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡിന്റെ പ്രസ്‌താവന: ‘‘അഫ്‌ഗാനിസ്താനിലും ഇറാനിലും ഉക്രൈയ്‌നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിലും സ്‌ത്രീകളും പെൺകുട്ടികളും കടുത്ത അടിച്ചമർത്തലുകളും അക്രമവും നേരിടുന്നു’’. ഇതിൽനിന്ന് അവരുടെ രക്ഷയ്‌ക്കാണ് അമേരിക്ക ഇടപെടുന്നതത്രെ!
അഫ്‌ഗാനിസ്‌താനിൽ പാശ്ചാത്യ അജൻഡ
അഫ്‌ഗാനിസ്‌താനിൽ ഇടപെടുന്നതിന് ഫ്രാൻസ് അമിത താൽപ്പര്യം പ്രകടിപ്പിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്; അതായത് അഫ്‌ഗാനിസ്‌താനിലെ ദേശീയ ചെറുത്തുനിൽപ്പു മുന്നണി (NRFA) എന്ന പേരിൽ സോവിയറ്റ് വിരുദ്ധ യുദ്ധപ്രഭുവായിരുന്ന അഹമ്മദ് ഷാ മസ്സൂദിന്റെ മൂത്ത പുത്രൻ അഹമ്മദ് മസൂദ് നയിക്കുന്ന സംഘത്തിന്റെ സംരക്ഷകരാണ് ഫ്രഞ്ച് ഗവൺമെന്റ്. അഫ്‌ഗാനിസ്‌താനുമായി ചേർന്നുകിടക്കുന്ന മധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമലി റഹ്‌മാനുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് എൻആർഎഫ്‌എക്കാർ വഴി കലാപത്തിനുവേണ്ട തയ്യാറെടുപ്പുകൾക്കുള്ള സുരക്ഷിതതാവളമായി അഫ്ഗാനിസ്താനെ മാറ്റാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ശ്രമിക്കുന്നത്. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ താലിബാനെ വിപത്തായി കാണുമ്പോൾ തന്നെ സാമ്രാജ്യത്വശക്തികളുടെ താലിബാൻവിരുദ്ധ നീക്കത്തിനു പിന്നിലെ ചതിക്കുഴി കാണുന്നുണ്ടെന്നു വേണം കരുതാൻ. മാത്രമല്ല, റഷ്യയുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്ന താജിക്കിസ്‌താൻ ഗവൺമെന്റ് മക്രോണിന്റെ സമ്മർദങ്ങൾക്ക് വഴങ്ങാനും സാധ്യത കുറവാണ്.
ആഫ്രിക്കയിലെ പഴയകാല ഫ്രഞ്ച് കോളനികളായിരുന്ന സഹേൽ മേഖല എന്നറിയപ്പെട്ട ബുർക്കിനേഫാസൊ, ചാഡ്, മാലി, മൗറിറ്റാന, നൈജർ എന്നീ രാജ്യങ്ങളിൽ ‘ജിഹാദിസ്‌റ്റു’ കളെ തുരത്താനെന്ന മട്ടിൽ ഫ്രാൻസ് 2015ൽ സൈനികത്താവളങ്ങൾ സ്ഥാപിക്കുകയും ആ രാജ്യങ്ങളിലെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് 2022ൽ പൂട്ടിക്കെട്ടി സ്ഥലം കാലിയാക്കേണ്ടിവരുകയുംചെയ്ത ഒരനുഭവം മക്രോണിനുണ്ട്. ആഫ്രിക്കയിലെ സഹേൽ മേഖലയിൽ ഫ്രഞ്ച് സൈന്യത്തിനു പകരം റഷ്യൻ സ്വകാര്യ പാരാമിലിറ്ററി സംഘമായ വാഗ്‌നർ ഗ്രൂപ്പ് സ്വീകരിക്കപ്പെട്ടതും മക്രോണിന് പാഠമാകേണ്ടതാണ്. എന്നാൽ, വീണ്ടും സമാനമായ ഒരു കളിക്കാണ് ഇപ്പോൾ മധ്യേഷ്യൻ മേഖലയിൽ മക്രോൺ ഗവൺമെന്റ് ഒരുങ്ങുന്നത്.
മാർച്ച് 7ന്റെ പാരീസ് ചർച്ചകൾക്കുശേഷം പ്രസിദ്ധീകരിച്ച പാശ്ചാത്യശക്തികളുടെ സംയുക്ത പ്രസ്‌താവനയിൽ ‘‘അൽഖ്വയ്‌ദ, ഐഎസിന്റെ അഫ്‌ഗാൻ പതിപ്പായ ഐഎസ്‌കെപി, പാക് താലിബാൻ തുടങ്ങിയ ഭീകര സംഘടനകൾ അഫ്‌ഗാനിസ്‌താനിൽ സജീവമാണെന്നും അവയെ ചെറുക്കേണ്ടത് അഫ്‌ഗാനിസ്താനിലെ താലിബാൻ ഗവൺമെന്റിന്റെ ബാധ്യത’’യാണെന്നും പറയുന്നുണ്ട്. അഫ്‌ഗാനിസ്‌താനിൽ വീണ്ടും സാമ്രാജ്യത്വശക്തികളുടെ സൈനിക ഇടപെടലിനുള്ള മുൻകൂർ ജാമ്യമെടുക്കുകയാണ് ഈ പ്രസ്‌താവനയിലൂടെ.
എന്നാൽ അഫ്‌ഗാനിസ്‌താന്റെ സമീപരാജ്യങ്ങളായ, ഈ മേഖലയിലെ പ്രമുഖശക്തികൾ കൂടിയായ റഷ്യയും ചൈനയും സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം തടയാനുള്ള മുൻകരുതലിന്റെ ഭാഗമായിത്തന്നെ, ഒപ്പം മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുവേണ്ടിയും താലിബാൻ ഗവൺമെന്റുമായി നല്ല ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. മാത്രമല്ല, ഇന്ത്യാ ഗവൺമെന്റുപോലും, പാശ്ചാത്യസാമ്രാജ്യത്വശക്തികൾ സൈനിക ഇടപെടലിന് കോപ്പുകൂട്ടുന്ന അതേ സമയംതന്നെ അഫ്‌ഗാനിസ്‌താന് 20,000 ടൺ ഗോതമ്പ് സൗജന്യമായി ഛബഹാർ പാതവഴി എത്തിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. അഫ്‌ഗാനിസ്‌താനിലെ റഷ്യൻ അംബാസിഡർ ദിമിത്രി ഷിർനോവ് ആ രാഷ്ട്രവുമായി റഷ്യ സാമ്പത്തികബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽനിന്ന് വടക്കൻ അഫ്‌ഗാനിസ്‌താനിലേക്കും മധ്യേഷ്യയിലേക്കുമുള്ള സോവിയറ്റ് കാലഘട്ടത്തിലെ തന്ത്രപ്രധാനമായ തുരങ്കപാത (സലാങ് തുരങ്കം) അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീണ്ടും തുറക്കുമെന്നുമുള്ള പ്രഖ്യാപനം നടത്തി. ചൈനയാകട്ടെ, ഉത്തര അഫ്‌ഗാനിസ്‌താനിലെ അമുദാരിയ തടത്തിലെ എണ്ണക്കിണറുകൾ വികസിപ്പിക്കാനുള്ള 54 കോടി ഡോളറിന്റെ കരാറിൽ അഫ്‌ഗാനിസ്‌താനുമായി ഒപ്പിട്ടു. മാത്രമല്ല, ചൈനയിൽ വിദേശകാര്യമന്ത്രിയായി പുതുതായി ചുമതലയേറ്റ ക്വിൻ ഗാങ് ആദ്യം ടെലഫോണിൽ ബന്ധപ്പെട്ടത് അഫ്‌ഗാൻ വിദേശകാര്യമന്ത്രി ആമിർഖാൻ മുത്താഖിയുമായാണ്. മേഖലയുടെ സുരക്ഷയായിരുന്നു സംസാരവിഷയം എന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അഫ്‌ഗാനിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കേണ്ടത് റഷ്യയുടെയും ചൈനയുടെയും എന്നപോലെ തന്നെ ഇന്ത്യയുടെയും പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് രാഷ്ട്രങ്ങളും ഇക്കാര്യത്തിൽ യോജിച്ചു നീങ്ങുന്നതായാണ് വാർത്തകൾ വ്യക്തമാക്കുന്നത്.
എന്നാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാകട്ടെ, രാജ്യങ്ങളിലെ ബാങ്കുകളിലുണ്ടായിരുന്ന അഫ്‌ഗാൻ ഗവൺമെന്റിനവകാശപ്പെട്ട ഫണ്ടുകൾ മരവിപ്പിച്ച് അവിടത്തെ ഗവൺമെന്റിനെയും ജനങ്ങളെയും ശ്വാസംമുട്ടിച്ച് വരുതിയിലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. അഫ്‌ഗാനിസ്‌താനിലെ മാത്രമല്ല, മധ്യേഷ്യൻ റിപ്പബ്ലിക്കുകളിലെയും ജനങ്ങളും ഭരണാധികാരികളും വിശ്വാസ്യത ഇല്ലാത്ത കൂട്ടരായാണ് പാശ്ചാത്യശക്തികളെ കരുതുന്നത്. ഫെബ്രുവരിയിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒരാഴ്‌ചക്കാലം മധ്യേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ച് ചർച്ച നടത്തിയെങ്കിലും ഫലം നിരാശയായിരുന്നു. ഇതിനെ തുടർന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ മുൻകൈയെടുത്ത് കാബൂളിലെ പാശ്ചാത്യനയതന്ത്ര പ്രതിനിധികളെ പാരീസിൽ വിളിച്ചുകൂട്ടി ചർച്ച ചെയ്‌തത്. അമേരിക്കയും കൂട്ടരും നടത്തുന്ന സൈനിക ഇടപെടലിനുള്ള ഏതൊരു നീക്കവും തീക്കൊള്ളികൊണ്ടുള്ള തലചൊറിയലായി കലാശിക്കുമെന്നതാണ് അനുഭവം. ♦