പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തിരശ്ശീല വീണത് ഏഴ് ദിവസത്തെ സഭാനടപടികള്‍ വെട്ടിക്കുറച്ചുകൊണ്ടാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയിലെടുത്ത തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നിലപാടുകൊണ്ടാണ് ഏഴ് ദിവസങ്ങളിലെ പ്രധാനപ്പെട്ട നടപടികള്‍ ഒഴിവാക്കേണ്ടി വന്നത്. നിയമനിര്‍മ്മാണ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുക എന്ന നിലപാട് ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇന്നുവരെ നിയമസഭയുടെ നടുത്തളത്തില്‍ സമാന്തര സഭ ചേരുക എന്ന പ്രതിഷേധ രീതി ആരും അവലംബിച്ചിട്ടില്ല. സ്പീക്കറുടെ ഓഫീസിലേക്ക് ചാവേറുകളെപ്പോലെ ഇരച്ചുകയറുന്ന അക്രമാസക്തരായ സംഘമായി പ്രതിപക്ഷം നിലവിട്ടുപെരുമാറുന്നതും ആദ്യമായാണ്. അപക്വമായ നിലപാടുകള്‍ കൊണ്ട്, കേരള നിയമസഭയില്‍ മുമ്പുണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളുടെപക്വതയും പാകതയും അവധാനതയും പ്രതിബദ്ധതയും മറന്നുപോയ പ്രതിപക്ഷ നേതാവായി വി ഡി സതീശന് മാറിയെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ വരെ വിലയിരുത്തുന്നു.
പ്രതിപക്ഷത്തിന്റെ പ്രകോപനത്തിനുള്ള കാരണമായി അവര്‍ പറയുന്നത്, അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുന്നില്ലെന്നാണ്. യഥാര്‍ത്ഥത്തില്‍ അടിയന്തര പ്രമേയങ്ങള്‍ക്ക് ഏറ്റവുമധികം അവസരം നല്കിയ കാലഘട്ടമാണ് പതിനഞ്ചാം കേരള നിയമസഭയുടേത്. നാല് അടിയന്തര പ്രമേയങ്ങള്‍ക്ക് ഈ കാലയളവില്‍ സഭയില്‍ ചര്‍ച്ചചെയ്യുന്നതിനായുള്ള അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയില്ല. അതിനിടയിലാണ് ഇത്രയും അടിയന്തര പ്രമേയങ്ങള്‍ പരിഗണിച്ചത്. എന്നാല്‍, കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷ കാലയളവില്‍ ആകെ അനുവദിച്ചത് അഞ്ച് അടിയന്തര പ്രമേയങ്ങള്‍ മാത്രമാണ്. ആ സമയത്ത് അടിയന്തര പ്രമേയം അനുവദിക്കാത്തതുകൊണ്ട് സഭാ നടപടികള്‍ തടസ്സപ്പെടുത്തുക എന്ന മര്യാദയില്ലായ്മ കാട്ടാന്‍ അന്നത്തെ പ്രതിപക്ഷം തയ്യാറായില്ല. ജനങ്ങളോട് ഉത്തരവാദിത്വമുള്ളവര് അടിയന്തര പ്രമേയത്തിന്റെ അവതരണാനുമതി നിഷേധിക്കപ്പെട്ടാല്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തില്ല. വിഷയം അവതരിപ്പിച്ച് സംസാരിക്കും. തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോകും. വൈകാതെ തിരികെ വന്ന് തങ്ങളുടെ സീറ്റിലിരുന്ന് തുടര്‍ നടപടിക്രമങ്ങളില്‍ പങ്കാളികളാവും. പൊതുവില്‍ തുടര്‍ന്നുവരുന്ന രീതി ഇതാണ്.
കേരള നിയമസഭയുടെ ഇന്നുവരെയുള്ള ചരിത്രത്തില്‍ 34 അടിയന്തര പ്രമേയങ്ങളാണ് ആകെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളത്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ മുതല്‍ 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരെ 24 അടിയന്തര പ്രമേയങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തു. ബാക്കിയുള്ള 10 അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തത് പിണറായി വിജയന് മുഖ്യമന്ത്രിയായ കഴിഞ്ഞ ആറേമുക്കാല്‍ വര്‍ഷത്തിലാണ്. 1957 മുതല്‍ക്കിങ്ങോട്ടുള്ള നിയമസഭാ ചരിത്രത്തില്‍ 29.4% അടിയന്തര പ്രമേയങ്ങളും ചര്‍ച്ച ചെയ്തത് ഈ കാലത്താണ്. നിയമസഭയിലെ ജനാധിപത്യ മര്യാദകളുടെ ഏറ്റവും സര്‍ഗാത്മകമായ കാലഘട്ടമാണ് ഇതെന്ന് ഇത്തരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പറയാനാവും.
അടിയന്തര പ്രമേയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എട്ടാം സമ്മേളനത്തില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി 7,600 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭിച്ചത്. അവയില്‍ 570 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 6,888 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളന കാലയളവില്‍ 32 ശ്രദ്ധക്ഷണിക്കലുകളും 149 സബ്മിഷനുകളും സഭാതലത്തില്‍ ഉന്നയിക്കപ്പെട്ടു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് വിഷയത്തെക്കുറിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തുകയും ചെയ്തു. എട്ടാം സമ്മേളനകാലത്താകെ 384 രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുകയും വിവിധ നിയമസഭാ സമിതികളുടേതായ 57 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേരളനിയമസഭയുടെ ചരിത്രത്തില്‍ ഇത് ഒമ്പതാം തവണയാണ് ഫുള്‍ ബജറ്റ് പാസ്സാക്കുന്നത് എന്ന സവിശേഷതകൂടി ഈ സമ്മേളനത്തിനുണ്ട്. അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി രണ്ടു ദിവസം വിനിയോഗിക്കാനും ഈ കാലയളവില്‍ സാധിച്ചു. 2021 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 85 തവണയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസുനല്‍കിയത്. ഇതില്‍ 79 തവണയും അവതരണാനുമതി തേടി സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കിയിട്ടുണ്ട്. നാലുതവണ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്കുള്ള അനുമതിയും നല്കി. ആറ് അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അവതരണാനുമതി നല്‍കിയില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം ഇപ്പോള്‍ നിയമസഭയെ പ്രഹസന സമരങ്ങള്‍ക്ക് വേദിയാക്കിയത്.
ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേങ്ങള്‍ അവതരിപ്പിക്കപ്പെട്ടതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യപ്പെട്ടതും പിണറായി വിജയന് സര്‍ക്കാരുകളുടെ കാലത്താണെന്ന വസ്തുത പ്രതിപക്ഷത്തിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ മറച്ചുവെക്കുകയാണ്. നിയമസഭയില്‍ ഭരണപക്ഷം വസ്തുത വെളിപ്പെടുത്തിയപ്പോള്‍ പ്രതിപക്ഷ സമരം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ വസ്തുതകള്‍ മൂടിവെക്കാന്‍ മത്സരിച്ചു. ജനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാല്‍ പ്രതിപക്ഷ എം എല്‍ എമാരും അവരുടെ രാഷ്ട്രീയവും വല്ലാതെ നിറംകെടും എന്നുള്ളതിനാലാണ് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്ക്കുന്ന മാധ്യമങ്ങള്‍ അതൊന്നും ചര്‍ച്ച ചെയ്യാത്തത്.
നിയമസഭാ നടത്തിപ്പില്‍ തടസ്സമുണ്ടാകുമ്പോള്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്താറാണ് പതിവ്. ഇവിടെ സ്പീക്കര്‍ വിളിച്ച ചര്‍ച്ച ബഹിഷ്കരിച്ച പ്രതിപക്ഷം ചര്‍ച്ചയ്ക്ക് വിളിച്ചില്ല എന്നാണ് നിയമസഭയില്‍ കള്ളം പറഞ്ഞത്. നിയമസഭയുടെ കാര്യോപദേശക സമിതി മാര്‍ച്ച് 20ന് വിളിച്ചു ചേര്‍ത്തപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ആ യോഗത്തില്‍ പങ്കെടുത്തില്ല. സമവായത്തിനുള്ള സാധ്യതകള്‍ കൊട്ടിയടച്ച ശേഷമാണ് ഏകപക്ഷീയമായ രീതിയില്‍ വിചിത്രങ്ങളായ സമര രീതികളുമായി സഭയിലേക്ക് വന്നത്.
വസ്തുതകള്‍ക്ക് നിരക്കാത്ത കള്ളങ്ങളാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷം ഗൂഢാലോചന നടത്തി, ആസൂത്രണം ചെയ്ത് നടത്തിയ സ്പീക്കറുടെ ഓഫീസിന് നേരെയുള്ള ആക്രമണവും തുടര്പ്രചരണങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. നേരത്തെ തയ്യാറാക്കി വെച്ച ബാനറുകളും പ്ലക്കാര്‍ഡുകളും ഏന്തിയാണ് ചാവേര്‍ ആക്രമികളെപ്പോലെ സ്പീക്കറുടെ ഓഫീസിന് മുന്നിലേക്ക് പ്രതിപക്ഷ എം എല്‍ എമാര്‍ ഇരച്ചെത്തിയത്. വനിതാ വാച്ച് ആൻഡ വാര്‍ഡ് അടക്കമുള്ളവരെ പുരുഷ എം എല്‍ എമാരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് മുന്നില്‍ വാച്ച് ആൻഡ് വാര്‍ഡുമാര്‍ നിരന്നു നിന്നപ്പോഴാണ്, സ്ത്രീകളെന്ന പരിഗണനപോലും നല്‍കാതെ വനിതാ വാച്ച് ആൻഡ് വാര്‍ഡുമാരെ ആക്രമിച്ചത്.
നിയമസഭയിലെ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈനെ പ്രതിപക്ഷ നേതാവ് കൈചൂണ്ടി ഭീഷണിപ്പെടുത്തി നിമിഷങ്ങള്‍ക്കകം പ്രതിപക്ഷ എം എല്‍ എമാര്‍ അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിച്ചു. അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെ സര്‍ജറി നടത്തിയ വലതുകാലില്‍ ചവിട്ടി വീഴ്ത്തി. അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ എം എല്‍ എമാര്‍ക്കുകൂടി സുരക്ഷ ഉറപ്പാക്കുക എന്നതാണ് വാച്ച് ആൻഡ് വാര്‍ഡുമാരുടെ ഉത്തരവാദിത്വം. തങ്ങളെ തിരിച്ചൊന്നും ചെയ്യില്ല എന്ന് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ആ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിപക്ഷ എം എല്‍ എമാര്‍ ക്രൂരമായി ആക്രമിച്ചത്.
തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചത്, മുതിര്‍ന്ന നിയമസഭാംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാര്‍ഡ് കെെയേറ്റം ചെയ്തു എന്നാണ്. എന്നാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് തന്നെ ആരും ആക്രമിച്ചില്ല എന്നാണ്. മറ്റൊരു നാടകം കളിച്ചത് കെ കെ രമ എം എല്‍ എയാണ്. പരിക്കുപറ്റിയെന്ന വ്യാജേന ജനറല്‍ ആശുപത്രിയിലെത്തിയ കെ കെ രമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ പ്ലാസ്റ്ററിട്ട കൈ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കെ കെ രമ എം എല്‍ എയുടെ വലതുകൈയുടെ എല്ലൊടിഞ്ഞുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, വൈകാതെ തന്നെ ഡോക്ടറുടെ റിപ്പോര്‍ട്ടും എക്സ്റേ റിപ്പോര്‍ട്ടും പുറത്തുവന്നു. കെ കെ രമ എം എല്‍ എയുടെ കൈയില്‍ കുറച്ച് നീരുമാത്രമേ ഉണ്ടായിരുന്നുള്ളു. നീരിന് ആരും പ്ലാസ്റ്ററിടില്ല. ഇത്തരത്തിലുള്ള കാപട്യങ്ങളിലൂടെ ഭരണപക്ഷത്തെ പ്രതികൂട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍, സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പ്രതിപക്ഷത്തിന്റെ കള്ളക്കളികളെല്ലാം തുറന്നുകാട്ടപ്പെട്ടു. ജനങ്ങള്‍ക്കു മുന്നില്‍ അവരുടെ വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ പരിഹാസ്യമായി.
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മുഖം അവരുദ്ദേശിക്കുന്ന വിധത്തില്‍ അവരുടെ ബി -ടീമായി പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വേവലാതിയും പ്രതിപക്ഷത്തിനുണ്ടായിരന്നു. സഭയ്ക്കകത്തുള്ള ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ക്കും മറ്റ് മാധ്യമങ്ങള്‍ക്കും നല്‍കുന്നത് സഭ ടി വി മുഖേനയാണ്. മാനദണ്ഡപ്രകാരമുള്ള ദൃശ്യങ്ങള്‍ മാത്രമേ സഭ ടി വിയില്‍ നിന്നും ലഭിക്കുകയുള്ളു. ഏതെങ്കിലും വ്യക്തിയേയോ, കക്ഷിയേയോ, സംഭവത്തെയോ പൊലിപ്പിച്ച് കാണിക്കുന്ന രീതി സഭ ടി വിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. മാനദണ്ഡങ്ങള്‍ക്കു വിധേയമായി തീര്‍ത്തും നിഷ്പക്ഷമായ ഷൂട്ടിംഗാണ് സഭ ടി വി നിര്‍വഹിക്കുക. നിയമസഭയ്ക്കകത്തു നിന്ന് വിഷ്വലുകളൊന്നും കിട്ടാത്തതുകൊണ്ടാണ് സഭയ്ക്കകത്തുനിന്നും പുറത്തേക്കിറങ്ങി, സ്പീക്കറുടെ ഓഫീസിലേക്ക് ഇരച്ചുകയറി മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ പ്രതിപക്ഷം ശ്രമിച്ചത്. ആ സമയത്ത് ചില മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ എം എല്‍ എമാരുടെ പി എ മാരും വ്യാപകമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അതൊന്നും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. കാരണം ഭരണപക്ഷ എം എല്‍ എമാരോ, വാച്ച് ആൻഡ് വാര്‍ഡോ പ്രതിപക്ഷത്തിന്റെ പ്രകോപനങ്ങളില്‍ വീണുപോയില്ല എന്നതാണ്.
സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കാര്യോപദേശ സമിതിയില്‍ പങ്കെടുത്ത് നിയമസഭാ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ യു ഡി എഫിന് സാധിക്കുമായിരുന്നു. എന്നാല്‍, വിഷയദാരിദ്ര്യം കൊണ്ട് നിയമസഭയ്ക്കകത്ത് ശോഭിക്കാന്‍ കഴിയില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു. അപ്പോഴാണ് പ്രഹസന സമരങ്ങളിലേക്കും ആക്രമണങ്ങളിലേക്കും തിരിഞ്ഞത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിയമസഭാ നടപടിക്രമങ്ങളില്‍ പങ്കാളിയാകാതെ, ‘‘സഭയില്‍ തോറ്റതിന് സ്പീക്കറുടെ നെഞ്ചത്തേക്ക്” എന്ന പുതുമൊഴി ഉണ്ടാക്കിയ പ്രതിപക്ഷമായി വി ഡി സതീശനും കൂട്ടരും മാറി. ♦