Saturday, April 27, 2024

ad

Homeമുഖപ്രസംഗംരാഷ്ട്രീയ അൽപ്പത്തം

രാഷ്ട്രീയ അൽപ്പത്തം

കേരള നിയമസഭയുടെ ബജറ്റ്‌ സമ്മേളനം ധനബില്ലും ധനവിനിയോഗ ബില്ലും പൊതുജനാരോഗ്യ ബില്ലുമടക്കം മറ്റു നാലു ബില്ലുകളും വിശദമായി ചർച്ച ചെയ്യാതെ തിടുക്കത്തിൽ അംഗീകരിച്ച്‌ അവസാനിപ്പിക്കേണ്ടി വന്നത്‌ സഭയുടെ ജനാധിപത്യപാരമ്പര്യങ്ങൾക്കേറ്റ പ്രഹരമാണ്‌. പ്രതിപക്ഷത്തിന്റെ അന്യായമായ നിലപാടുകളും നടപടികളുമാണ്‌ അതിനിടയാക്കിയത്‌. നിയമസഭ ചേരുന്നത്‌ പ്രാഥമികമായി ഭരണഘടനാവ്യവസ്ഥകളും നിയമസഭാ നടപടിക്രമങ്ങളും അനുസരിച്ച്‌ സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾ നിറവേറ്റാനാണ്‌. പ്രതിപക്ഷത്തിന് അതിൽ പങ്കില്ല എന്നല്ല. ഔദ്യോഗിക നടപടികൾ നിറവേറ്റിക്കൊണ്ടുമാത്രമേ കാര്യോപദേശക സമിതിക്കും സ്‌പീക്കർക്കും പ്രതിപക്ഷ ആവശ്യങ്ങൾ അനുവദിക്കാൻ കഴിയുകയുള്ളൂ.
കേരള നിയമസഭയുടെ റൂൾ 50 അനുസരിച്ച്‌ പ്രതിപക്ഷത്തിന് ‍ അടിയന്തരമായ കാര്യങ്ങളിൽ ചർച്ച ആവശ്യപ്പെടാം. പക്ഷേ, അത്‌ ദിവസേന എന്നോണം അനുവദിക്കാൻ കഴിയുകയില്ല. അങ്ങനെ വന്നാൽ അതിന്റെ അവതരണം, ചർച്ച, മറുപടി ഇവയ്‌ക്കായി സർക്കാരിന്റെ ഔദ്യോഗികനടപടികൾ നിർവഹിക്കാനാകാതെ വരും. ഈ സമ്മേളനം തന്നെ ചേർന്നത്‌ പ്രധാനമായി അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ്‌ അംഗീകരിക്കാനും അതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിർദേശങ്ങളും രേഖകളും ചർച്ച ചെയ്‌ത്‌ അംഗീകരിക്കാനുമാണ്‌. അവ നിർവഹിച്ചുകൊണ്ടു മാത്രമേ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾ അനുവദിക്കാനും ചർച്ച ചെയ്യാനും കഴിയൂ. ഇത്‌ കേരള നിയമസഭയിൽ മാത്രമല്ല, പാർലമെന്റിലെ ഇരുസഭകളിലും മറ്റു സംസ്ഥാന നിയമസഭകളിലും പിന്തുടർന്നുവരുന്ന നടപടിക്രമമാണ്‌.

കേരളത്തിൽ ഇന്നത്തെ പ്രതിപക്ഷം നേരിടുന്ന ഒരു വലിയ പ്രശ്‌നമുണ്ട്‌. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയ്ക്ക് ആദ്യമായി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ്‌ മന്ത്രിസഭയ്ക്ക്‌ ജനങ്ങൾ തുടർഭരണം അനുവദിച്ചു. എൽഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തിലേറുന്ന പതിവിനാണ് മാറ്റം വന്നത്‌. അതിനു പ്രധാന കാരണം ഒന്നാം പിണറായി സർക്കാർ സംസ്ഥാനത്ത്‌ പ്രളയകാലത്തും മഹാമാരിക്കാലത്തും ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടും അതോടൊപ്പം വിപുലമായ വികസനപരിപാടി നടപ്പാക്കിക്കൊണ്ടും നടത്തിയ ഭരണമാണ്‌. പ്രളയക്കെടുതിയിലും മറ്റും പെട്ടുപോയ ജനങ്ങൾക്കാകെ ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, ആരോഗ്യരക്ഷ മുതലായ ക്ഷേമപ്രവർത്തനം സർക്കാർ ഉറപ്പാക്കി. അതോടൊപ്പം മുമ്പൊരു സർക്കാരും ചെയ്യാത്ത തോതിൽ വികസനപദ്ധതികൾ നടപ്പാക്കുകയും ചെയ്‌തു. അവയിൽ ഏറെയെണ്ണം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി പൂർത്തീകരിക്കപ്പെട്ടു. ഏതാണ്ട്‌ 50,000 കോടി രൂപയുടെ പദ്ധതികളാണ്‌ അഞ്ചുവർഷത്തിനിടയ്‌ക്ക്‌ അനുവദിക്കപ്പെട്ടത്‌. അവയിൽ പലതും 2021 ആയപ്പോഴേക്ക്‌ പൂർത്തിയായി. തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത 600 ഇനങ്ങളിൽ 590ലേറെ നടപ്പാക്കപ്പെടുകയോ അതിന്റെ വിവിധ ഘട്ടങ്ങളിൽ എത്തുകയോ ചെയ്‌തു. നൽകിയ വാഗ്‌ദാനങ്ങളിൽ എത്രയെണ്ണം നടപ്പാക്കി എന്നതിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ വർഷംതോറും ജനസമക്ഷം മന്ത്രിമാർ അവതരിപ്പിച്ചത്‌ കാര്യങ്ങൾ സുതാര്യമാക്കി.

പറഞ്ഞ വാക്ക്‌ സമയബന്ധിതമായി നടപ്പാക്കുന്ന മന്ത്രിസഭ എന്ന സർട്ടിഫിക്കറ്റ്‌ ജനങ്ങൾ അന്നു പിണറായി മന്ത്രിസഭയ്ക്ക് നൽകി. ആ മന്ത്രിസഭയെ തുടരാൻ അനുവദിക്കേണ്ടത്‌ തങ്ങളുടെ കടമ മാത്രമല്ല, ആവശ്യം കൂടിയാണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. അതേ സമയം ഈ മന്ത്രിസഭയെ വെല്ലുന്ന തരത്തിലൊരു ഭരണം തങ്ങൾ കാഴ്‌ചവയ്‌ക്കുമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു യുഡിഎഫിനു കഴിഞ്ഞില്ല. അതിനെ നയിക്കുന്ന കോൺഗ്രസ്സിൽ പാളയത്തിൽ പടയായിരുന്നു. അത്‌ ഇപ്പോഴും ഏറെക്കുറെ തുടരുന്നു. അതുകൊണ്ടുതന്നെ ആ പാർട്ടിക്കാണ്‌ യുഡിഎഫിൽ ഏറ്റവും കനത്ത പരാജയം 2021ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായത്‌. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത്‌ രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒക്കെയാണ്‌ പ്രതിപക്ഷത്തെ നയിച്ചത്‌. 2021ൽ അവർക്കു പകരം വി ഡി സതീശനും മറ്റുമായി. കാര്യവിവരമുള്ളതും ഉത്തരവാദിത്ത ബോധമുള്ളവരുമാണ്‌ പ്രതിപക്ഷം എന്ന പ്രതീതി സൃഷ്ടിക്കാൻ അവർക്ക്‌ ഇതേവരെ കഴിഞ്ഞിട്ടില്ല.

മന്ത്രിസഭയെ പ്രവർത്തിക്കാൻ അനുവദിച്ചാലല്ലേ അതിനു കാര്യക്ഷമമായി ഭരണം നടത്താൻ കഴിയൂ. 2016നു ശേഷം അത്‌ അനുവദിച്ചതാണ്‌ യുഡിഎഫിന്റെ 2021ലെ തോൽവിക്കു കാരണം. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭ ഉൾപ്പെടെ എല്ലായിടങ്ങളിലും പിണറായി സർക്കാരിന്റെ പ്രവർത്തനം സ്‌തംഭിപ്പിക്കുന്നതിനു കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്‌ വി ഡി സതീശനും മറ്റു യുഡിഎഫ്‌ എംഎൽഎമാരും. അവർ എല്ലാ കാര്യങ്ങളിലും എതിർപ്പ്‌ ഉന്നയിക്കുന്നത്‌ മനസ്സിലാക്കാം. ഇപ്പോൾ പ്രതിപക്ഷ നീക്കം പിണറായി മന്ത്രിസഭയെ ഒന്നുംചെയ്യാൻ അനുവദിക്കാതിരിക്കലാണ്‌. അതിന്റെ ഭാഗമായാണ്‌ ദിവസേന എന്നോണം അടിയന്തരപ്രമേയങ്ങളും മറ്റുമായി സഭ ആരംഭിക്കുമ്പോൾ തന്നെ പ്രതിപക്ഷനേതാവ്‌ സതീശനും സഹപ്രവർത്തകരും എഴുന്നേൽക്കുന്നത്‌. അവർക്ക്‌ ഏത്‌ കാര്യവും ഉന്നയിക്കാം. പക്ഷേ, അത്‌ സഭാചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. എന്നാൽ, തങ്ങൾ ഒരു ചട്ടവും പാലിക്കുകയില്ല എന്ന നിലപാടിലാണ്‌ സതീശ പ്രഭൃതികൾ.

തങ്ങളുടെ കാലിനടിയിൽ നിന്നു മണ്ണൊലിച്ചുപോകുന്നു എന്നു കാണുമ്പോൾ വെപ്രാളപ്പെട്ട്‌ ഇങ്ങനെയൊക്കെ ചെയ്യുന്നതിനും പ്രതിപക്ഷത്തിന് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാകാം. പക്ഷേ, അത്‌ നിയമസഭാ ചട്ടങ്ങൾക്കും വഴക്കങ്ങൾക്കും ഒത്തു പോകുന്നതാകണം. പക്ഷേ, ചട്ടവും വഴക്കവും അനുസരിച്ചു പ്രവർത്തിച്ചാൽ മന്ത്രിസഭയുടെ പ്രവർത്തനം തങ്ങൾ ഉദ്ദേശിക്കുംപോലെ തടയാൻ കഴിയില്ല എന്ന തോന്നലിന്റെ അടിസ്ഥാനത്തിലാകാം പ്രതിപക്ഷം വളയമില്ലാതെയുള്ള ചാട്ടം ആരംഭിച്ചത്‌. അത്‌ ഒരു സഭകയ്ക്കും അംഗീകരിക്കാനാവില്ല. സഭ തുടങ്ങിയാൽ ഉടനെ പ്രതിപക്ഷനേതാവോ സഹപ്രവർത്തകരിൽ ചിലരോ അടിയന്തര പ്രമേയമോ ശ്രദ്ധക്ഷണിക്കൽ പ്രമേയമോ ഒക്കെയായി എഴുന്നേൽക്കുന്നത്‌ പതിവാണ്‌. അതൊക്കെ ചട്ടവും കീഴ്‌വഴക്കവും അനുസരിച്ചേ അനുവദിക്കാൻ കഴിയൂ എന്നു സ്‌പീക്കർ പറഞ്ഞാൽ അംഗീകരിക്കാത്ത സമീപനമാണ്‌ പ്രതിപക്ഷനേതാവും സഹപ്രവർത്തകരും സ്വീകരിച്ചത്‌. അത്‌ ഫലത്തിൽ നിയമസഭാ പ്രവർത്തനത്തെ സ്‌തംഭിപ്പിക്കലാണ്‌. ധനബില്ലും ധനവിനിയോഗബില്ലും മാസാവസാനത്തിനകം പാസാക്കിയില്ലെങ്കിൽ ഏപ്രിൽ 1 മുതൽ ഖജനാവിൽ നിന്ന് ആർക്കും ഒരു പൈസ പോലും കൊടുക്കാൻ സർക്കാരിനു കഴിയാത്ത സ്ഥിതി വരും. അതുണ്ടാക്കി സംസ്ഥാനത്ത്‌ അരാജകത്വം അഴിച്ചുവിടാനാണ്‌ പ്രതിപക്ഷ നീക്കം.

എൽഡിഎഫിനെയും പിണറായി വിജയൻ മന്ത്രിസഭയെയും ജനങ്ങൾക്കിടയിൽ പരിഹാസത്തിനും അവഹേളനത്തിനും എതിർപ്പിനും പാത്രമാക്കാൻ ഈ പൂഴിക്കടകൻ അടവല്ലാതെ മറ്റൊന്നും ഫലിക്കില്ല എന്നു കരുതിയാകാം സതീശ പ്രഭൃതികൾ മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ ഈ ബജറ്റ്‌ സമ്മേളനത്തിൽ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്‌. ഓരോ ദിവസവും ഔദ്യോഗിക നടപടിയേക്കാൾ പ്രാധാന്യം തങ്ങൾ ഉന്നയിക്കുന്ന അടിയന്തരപ്രമേയത്തിനും മറ്റുമായി നൽകണം എന്ന മിനിമം’ ആവശ്യമാണ്‌ ഫലത്തിൽ സതീശ പ്രഭൃതികൾ നിരന്തരം ഉന്നയിച്ചത്‌. ഇത്‌ ഒരു സർക്കാരിനും അംഗീകരിക്കാനാവില്ല. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിനും അത്‌ ഉന്നയിക്കുന്ന മറ്റു കാര്യങ്ങൾക്കും ഭരണപക്ഷം സമയം കാണണം. പക്ഷേ, കാര്യോപദേശക സമിതി ചർച്ചയിലെ ധാരണപ്രകാരം ആകണം അത്‌. അവിടെ എന്തു തീരുമാനമെടുത്താലും, ദിവസവും കാലത്തുതന്നെ സതീശനും സഹപ്രവർത്തകരും അവരുടെ അജൻഡയുമായി എഴുന്നേറ്റുനിൽക്കും. അത്‌ നടപ്പാക്കുന്നതിനു സഭയിൽ ബഹളം കൂട്ടും. ഇതായി പ്രതിദിന പരിപാടി.

സഭയെ അപ്പാടെ സ്‌തംഭിപ്പിക്കാനാണ്‌ അവസാനഘട്ടത്തിൽ പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ സത്യാഗ്രഹസമരം ആരംഭിച്ചത്‌. സഭയുടെ സമാധാനപരവും കാര്യക്ഷമമവുമായ പ്രവർത്തനം അനുവദിക്കില്ല എന്ന പ്രഖ്യാപനമായിരുന്നു അവർ യഥാർഥത്തിൽ നടത്തിയത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ശേഷിക്കുന്ന മൂന്നുവർഷത്തിൽപരം കാലാവധിയിൽ മുഴുവൻ ഇത്തരം പ്രവർത്തനമായിരിക്കും യുഡിഎഫ്‌ നടത്തുക എന്ന സൂചനയാണ്‌ പ്രതിപക്ഷനേതാവ്‌ നൽകിയത്‌. പാർലമെന്ററി സംവിധാനത്തെയും പ്രവർത്തനത്തെയും ഇതിലേറെ അലങ്കോലമാക്കാനാവില്ല. യുഡിഎഫിന്റെ രാഷ്ട്രീയമായ അൽപ്പത്തത്തിന്റെയും അധികാരമോഹത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും സംസ്‌കാര ശൂന്യമായ സമീപനമാണ്‌ അത്‌. അതിനെ സഭാ ചട്ടങ്ങൾ അനുസരിച്ച്‌ നേരിടുക മാത്രമാണ്‌ എൽഡിഎഫ്‌ സർക്കാർ ചെയ്‌തത്‌. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 17 =

Most Popular