‘‘ഭരണഘടനാപരമായ അധികാര കൈമാറ്റവും സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനവും സാധ്യമാണെന്നത് 1872 ൽ മാർക്സ് രേഖപ്പെടുത്തിയതുമുതൽതന്നെ മാർക്സിസ്റ്റുകൾ സൈദ്ധാന്തികമായി അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ ഈ പരിവർത്തനത്തിനുള്ള സാധ്യത അവ്യക്തമായി തുടരുന്നു. ഇതിനെക്കുറിച്ചുള്ള മാർക്സിസ്റ്റ് രചനകൾ അപൂർവവും മൂർത്തം എന്നതിലുപരി അമൂർത്തവുമായി തുടരുന്നു; ഒരുപക്ഷേ ഇതിനുള്ള കാരണം ഇത്തരമൊരു ചർച്ച പ്രസക്തമാക്കുന്ന പ്രായോഗികാനുഭവം ഏറെക്കുറെ ഇല്ലയെന്നതുതന്നെയാണ്. ഇന്നേവരെ ഒരു സോഷ്യലിസ്റ്റ് സമ്പദ്ഘടനയും ബലപ്രയോഗത്തിലൂടെ അഥവാ ഭരണഘടനാ ബാഹ്യമായ അധികാര കൈമാറ്റത്തിലൂടെ അല്ലാതെ നിലവിൽ വന്നിട്ടില്ല’’.
ലോകപ്രശസ്ത മാർക്സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്സ്ബാമിന്റെ വാക്കുകളാണിത്. 1970 നവംബറിൽ ചിലിയിൽ സാൽവദോർ അലന്ദെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പുരോഗമന ഗവൺമെന്റ് അധികാരമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഹോബ്സ്ബാം ഇതെഴുതിയത്. ചിലിയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും സോഷ്യലിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ മറ്റു ചില ഇടതുപക്ഷ പാർട്ടികളെയും ഗ്രൂപ്പുകളെയും ഉൾപ്പെടുത്തി രൂപീകരിച്ച യൂണിഡാഡ് പോപ്പുലർ (യുപി – പോപ്പുലർ യൂണിറ്റി) എന്ന ജനകീയ ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയായാണ് 1970 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി നേതാവായ സാൽവദോർ അലന്ദെ പ്രസിഡന്റായി വിജയിച്ച് അധികാരമേറ്റത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ വിശ്വമഹാകവി പാബ്ലോ നെരൂദയെ സ്വന്തം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഒരുവട്ടം പ്രചാരണം പൂർത്തിയാക്കിയശേഷമാണ് കമ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടിയുൾപ്പെടെയുള്ള ഇടതുപക്ഷ ഗ്രൂപ്പുകളുമായി ചേർന്ന് മുന്നണി രൂപീകരിക്കുകയും സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി രംഗത്തുണ്ടായിരുന്ന അലന്ദെക്ക് പിന്തുണ നൽകുകയും ചെയ്തത്.
ചിലിയൻ ജനത നീതിക്കുവേണ്ടി നടത്തിയ നെടുനാൾ നീണ്ടുനിന്ന സമാധാനപരമായ രാഷ്ട്രീയ സമരത്തിന്റെ ഉൽപ്പന്നമായിരുന്നു സാൽവദോർ അലന്ദെയുടെ ഗവൺമെന്റ്. കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഉൾപ്പെടെയുള്ള വിവിധ ഇടതുപക്ഷ വിഭാഗങ്ങൾ സ്വതന്ത്രമായും കൂട്ടായുമാണ് ഈ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഇടപെട്ടത്. ജനകീയാവശ്യങ്ങൾ ഉയർത്തിയുള്ള ഉശിരൻ സമരങ്ങൾക്കൊപ്പം ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളും ഉൾപ്പെടുന്നതായിരുന്നു ഈ പ്രക്ഷോഭ പ്രസ്ഥാനങ്ങൾ. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ജനങ്ങൾ 1970 നവംബറിലെ തിരഞ്ഞെടുപ്പിനെ കണ്ടത്. അലന്ദെയുടെ അധികാരാരോഹണത്തെ ആ നിലയിൽ തന്നെയാണ് ചിലിയൻ ജനത വരവേറ്റത്. അലന്ദെ ഗവൺമെന്റിന്റെ ഒരു വർഷത്തെ നടപടികൾ വിലയിരുത്തിയാണ് എറിക് ഹോബ്സ‍്ബാം ഇവിടെ ആദ്യം പറഞ്ഞ വിലയിരുത്തൽ Chile: Year One എന്ന ലേഖനത്തിൽ നടത്തിയത്.
എന്നാൽ മൂന്നു വർഷം തികയും മുമ്പ് അമേരിക്കൻ ഭരണകൂടത്തിന്റെയും അതിന്റെ ചാര സംഘടനയായ സിഐഎയുടെയും സജീവ ഇടപെടലോടെയും ചിലിയൻ വലതുപക്ഷത്തിന്റെ പിന്തുണയോടെയും ആ ഇടതുപക്ഷ ഭരണത്തെ, സെെനിക മേധാവി ജനറൽ അഗസ്തോ പിനോഷെയുടെ നേതൃത്വത്തിൽ സെെനിക നടപടിയിലൂടെ അട്ടിമറിക്കുകയും അലന്ദെയെ വധിക്കുകയും ചെയ്തു. അട്ടിമറിയെത്തുടർന്ന് അതിനിഷ്ഠുരമായ നരനായാട്ടിനാണ് ചിലി സാക്ഷ്യം വഹിച്ചത്. നോബൽ സമ്മാനിതനായ വിശ്വമഹാകവി നെരൂദയും വിപ്ലവ ഗായകനും ഗാനരചയിതാവും കവിയുമായിരുന്ന വിക്ടർ ഹാറയും ഉൾപ്പെടെ മൂവായിരത്തിലേറെ കമ്യൂണിസ്റ്റുകാരാണ് ഫാസിസ്റ്റ് പിനോഷെയുടെ ദുർഭരണത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളെ കാണാതായി; ലക്ഷക്കണക്കിനാളുകൾ നാടുവിട്ടോടി. ആ ഭീകരതാണ്ഡവത്തെ 1973 സെപ്തംബറിൽ എഴുതിയ ലേഖനത്തിൽ ഹോബ്സ്ബാം വിശേഷിപ്പിച്ചത് The Murder of Chile എന്നാണ്.
ഹോബ‍്സ്ബാം തന്റെ 1973ലെ ലേഖനം തുടങ്ങുന്നതിങ്ങനെ: ‘‘ചിലി കൊല്ലപ്പെടുമെന്നത് വളരെ മുൻപേ തന്നെ പ്രതീക്ഷിച്ച കാര്യമാണ്; അതുകൊണ്ടുതന്നെ അലൻന്ദെയുടെ ഭയങ്കര കഷ്ടപ്പാടുകൾ കഴിഞ്ഞ ചില മാസങ്ങളായി മാധ്യമങ്ങൾ അടിക്കടി ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട് …… കൊലയാളികളെ സംബന്ധിച്ചിടത്തോളം ഇത് താൽക്കാലികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അവരുടെ മാതൃകയാകട്ടെ യുദ്ധാനന്തരകാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകം സൃഷ്ടിച്ച, വലിയ പ്രചാരണമൊന്നും ലഭിക്കാത്ത ആ പ്രതിവിപ്ലവമാണ് – അതായത് 1965ൽ ഇൻഡോനേഷ്യയിൽ നടന്ന പ്രതിവിപ്ലവം!
‘‘ചെറുപ്പക്കാരായ പിന്തിരിപ്പന്മാർ പട്ടാള അട്ടിമറിക്കുമുൻപുതന്നെ സാന്തിയാഗോയിലെ ചുവരുകളിൽ ‘ജക്കാർത്ത’ എന്ന് എഴുതിപ്പിടിപ്പിച്ചിരുന്നു; ചിലിയൻ സേനയാകട്ടെ വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ എത്രത്തോളം വിജയമായിരുന്നു ഇൻഡോനേഷ്യയിലെ അട്ടിമറിയെന്ന് ടെലിവിഷൻ പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരിക്കുകയുമാണല്ലോ’’. (Viva La Revolution: On Latin America by Eric HobsBam, page 393)
ഈ ലേഖനം ഹോബ്സ്ബാം അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ‘‘ അട്ടിമറിയുടെ വാർത്ത ദുരന്തപൂർണമായ ഒന്നായിരുന്നെങ്കിലും അത് പ്രതീക്ഷിക്കപ്പെട്ടതുതന്നെയായിരുന്നു, പ്രവചിക്കപ്പെട്ടതും. അതാരെയും അത്ഭുതപ്പെടുത്തിയില്ല’’ (മേൽപ്പറഞ്ഞ കൃതി പേജ് 397) സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനം എന്ന ആശയം അവതരിപ്പിക്കുക മാത്രമല്ല, എന്തുകൊണ്ട് അത്തരമൊരു സാധ്യത പലപ്പോഴും യാഥാർത്ഥ്യമാകാതിരിക്കുന്നുവെന്നുകൂടി മാർക്സിസത്തിന്റെ ആചാര്യന്മാർ കൃത്യമായി പറഞ്ഞുവെച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കരടുരൂപം എന്നു പറയാവുന്ന, എംഗൽസ് എഴുതിയ ‘‘കമ്യൂണിസത്തിന്റെ മൂല തത്വങ്ങൾ’’ എന്ന ലഘുലേഖയിൽ പറയുന്നത് നോക്കാം:
‘‘ചോദ്യം 16. സമാധാനപരമായ മാർഗങ്ങളിലൂടെ സ്വകാര്യ സ്വത്ത് അവസാനിപ്പിക്കാൻ സാധ്യമാണോ?’’
‘‘ഉത്തരം: അങ്ങനെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് ആശിക്കാം. കമ്യൂണിസ്റ്റുകാർ തീർച്ചയായും ഒരിക്കലും അതിനെതിരാകില്ല. എല്ലാ ഗൂഢാലോചനകളും പ്രയോജന ശൂന്യമാണെന്നു തന്നെയല്ല, വിനാശകരമാണെന്നുകൂടി കമ്യൂണിസ്റ്റുകാർക്ക് നല്ലതുപോലെ അറിയാം. എല്ലായിടത്തും എല്ലാകാലത്തും, പ്രത്യേകം പാർട്ടികളുടെയോ വർഗങ്ങളുടെ ആകെത്തന്നെയോ നേതൃത്വത്തിൽനിന്നും ഇച്ഛാശക്തിയിൽനിന്നും തികച്ചും സ്വതന്ത്രമായ പരിതഃസ്ഥിതികളുടെ ഫലമാണ് സാരാംശത്തിൽ വിപ്ലവമെന്നും അവർക്കറിയാം. എന്നാൽ, ഒട്ടുമുക്കാലും എല്ലാ പരിഷ്കൃത രാജ്യങ്ങളിലും തൊഴിലാളിവർഗത്തിന്റെ വികാസം ബലാൽക്കാരമായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അങ്ങനെ കമ്യൂണിസ്റ്റുകാരുടെ എതിരാളികൾ എല്ലാ വിധത്തിലും വിപ്ലവത്തെ വളർത്താൻ സഹായിക്കുകയാണെന്നും കൂടി കമ്യൂണിസ്റ്റുകാർ കാണുന്നുണ്ട്. അവസാനം തൊഴിലാളിവർഗം ഒരു വിപ്ലവത്തിലേക്ക് തള്ളിനീക്കപ്പെടുകയാണെങ്കിൽ കമ്യൂണിസ്റ്റുകാരായ ഞങ്ങൾ, ഇന്ന് വാക്കുകൊണ്ടെന്നപോലെ ആ സന്ദർഭത്തിൽ പ്രവൃത്തികൊണ്ടും തൊഴിലാളികളുടെ ലക്ഷ്യത്തെ കാത്തു രക്ഷിക്കും’’ ( കമ്യൂണിസത്തിന്റെ മൂല തത്വങ്ങൾ. പേജ് 15, 16 ചിന്ത പബ്ലിഷേഴ്സ്).
സമാധാനപരമായ മാർഗങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കാൻ അതായത് സ്വകാര്യ സ്വത്തുടമ സമ്പ്രദായം അവസാനിപ്പിക്കാൻ, തന്നെയാണ് കമ്യൂണിസ്റ്റുകാർ എക്കാലത്തും താൽപര്യപ്പെട്ടിട്ടുള്ളതും ശ്രമിച്ചിട്ടുള്ളതും. എന്നാൽ അത് അസാധ്യമാക്കുന്നതും തൊഴിലാളിവർഗ്ഗത്തെ ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കാൻ നിർബന്ധിതരാക്കുന്നതും സ്വകാര്യ സ്വത്തിന്റെ ഉടമകളും ചൂഷകരുമായ മുതലാളിവർഗ്ഗം തന്നെയാണ്. ഭരണാധികാരം തൊഴിലാളി വർഗ്ഗത്തിന്റെ, തൊഴിലാളിവർഗ്ഗ രാഷ്ട്രീയപാർട്ടിയുടെ കൈവശമെത്തിയാലും, അത് സമാധാനപരവും ഭരണഘടനാനുസൃതവുമായ മാർഗ്ഗങ്ങളിലൂടെ ആയാലും സമൂഹം സോഷ്യലിസത്തിലേക്ക് നീങ്ങുന്നത് തടയാൻ ചൂഷകവർഗം എന്ത് ഹീന മാർഗവും സ്വീകരിക്കും. മനുഷ്യക്കുരുതികൾ നടത്താനും ചോരപ്പുഴകൾ ഒഴുക്കാനും മുതലാളിവർഗം ഒരിക്കലും മടിക്കാറില്ല എന്നത് മാർക്സിന്റെയും എംഗൽസിന്റെയും കാലത്തേക്കാൾ അധികം നമുക്കിന്ന് വ്യക്തമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്ന നമുക്ക് ഇക്കാര്യത്തിൽ ഒട്ടേറെ ചരിത്രാനുഭവങ്ങളുമുണ്ട്. അപ്പോൾ പോലും തൊഴിലാളിവർഗ്ഗവും അതിന്റെ രാഷ്ട്രീയ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടിയും ഭരണഘടനാപരവും സമാധാനപരവും ജനാധിപത്യപരവുമായ മാർഗത്തിന് മാത്രമാണ് ഇപ്പോഴും മുൻഗണന നൽകുന്നത്.
എന്നാൽ മുതലാളിവർഗവും അതിന്റെ രാഷ്ട്രീയപാർട്ടികളുമാകട്ടെ കൊള്ളലാഭമടിച്ച്, സമസ്ത സമ്പത്തും സ്വന്തമായി കുന്നുകൂട്ടിവയ്ക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന് തരിമ്പെങ്കിലും തടസ്സമുണ്ടാകാതിരിക്കുന്നിടത്തോളം മാത്രമേ ജനാധിപത്യത്തെയും ഭരണഘടനാധിഷ്ഠിതമായ മാർഗ്ഗത്തെയും വെച്ചുപൊറുപ്പിക്കുകയുള്ളൂ .സോഷ്യലിസം സ്ഥാപിക്കലും, സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കലും പോയിട്ട് ഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ഹിതവും ക്ഷേമവും ഉറപ്പാക്കുന്ന പരിമിതമായ ഭരണസംവിധാനത്തെപ്പോലും മുതലാളിവർഗ്ഗം അനുവദിക്കില്ല എന്നതും അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. 1950കളിൽ ഇറാനിലും ഗ്വാട്ടിമാലയിലും നാം കണ്ടത് അതാണ്. സൈനിക വിപ്ലവത്തിലൂടെ ജനക്ഷേമം ഉറപ്പാക്കാൻ ശ്രമിച്ച ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും (ബർക്കിനൊ ഫാസോയിലെ തോമസ് സങ്കാര) മറ്റും ഭരണ സംവിധാനങ്ങളുടെ അനുഭവവും അതാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലാറ്റിനമേരിക്കയിലെ ഇളംചുവപ്പ് തരംഗത്തെ (പിങ്ക് ടെെഡ് ) അട്ടിമറിക്കാൻ നടത്തുന്ന നിരന്തരശ്രമങ്ങളും നാം കാണേണ്ടതാണ്. മാത്രമല്ല മുതലാളിത്ത ഭരണകൂടത്തിനുകീഴിൽ ഏതെങ്കിലും പ്രവിശ്യയിൽ തൊഴിലാളിവർഗത്തിന്, അതിന്റെ രാഷ്ട്രീയപാർട്ടിക്ക് പരിമിതമായ ഭരണഘടനാനുസൃതമായ അധികാരം കിട്ടിയാൽ പോലും അത് അനുവദിച്ചു കൊടുക്കാൻ ബൂർഷ്വാസി സമ്മതിക്കില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് 1957 മുതലുള്ള കേരളത്തിന്റെ അനുഭവം.
ഇങ്ങനെ ഒട്ടേറെ പാഠങ്ങളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നതാണ് ചിലിയൻ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭവം. 1973 സെപ്തംബർ 11ന് ഫാസിസ്റ്റ് അട്ടിമറിയിൽ കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പ്രസിഡന്റ് സാൽവദോർ അലന്ദെ രേഖപ്പെടുത്തിയ വാക്കുകൾ തന്നെ വലിയൊരു അനുഭവപാഠത്തിന്റെ സാക്ഷ്യപത്രമാണ് : ‘‘തദ്ദേശീയരായ പിന്തിരിപ്പൻ ശക്തികളുമായി കൂട്ടുചേർന്ന് വിദേശ മൂലധനവും സാമ്രാജ്യത്വവും പാരമ്പര്യത്തെ തകർക്കാൻ അതായത് ഭരണഘടനാപരമായ ഉറപ്പുകളെ തകർക്കാൻ സൈന്യത്തിനു കഴിയത്തക്ക വിധമുള്ള അന്തരീക്ഷം സൃഷ്ടിച്ചു’’. കൂടുതൽ എഴുതാൻ കഴിയും മുൻപ് പട്ടാളം അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു.
ചിലിയൻ ഇടതുപക്ഷത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള ശക്തമായ ചരിത്രമുണ്ട്. ഇരുപതാം നൂറ്റാണ്ടിനു മുൻപേ തന്നെ നടന്നിട്ടുള്ള സാമൂഹിക നീതിക്കായുള്ള നിരവധി ജനകീയ പോരാട്ടങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുക്കപ്പെട്ടതാണ് ചിലിയിലെ ഇടതുപക്ഷം.
1912 ജൂൺ നാലിനാണ്, ചിലിയൻ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് വേറിട്ടു വന്ന ലൂയി എമിലിയൊ റിക്കാബറന്റെ (Luis Emilio Recabarren) നേതൃത്വത്തിൽ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി രൂപീകരിക്കപ്പെട്ടത്, അത് ഒക്ടോബർ വിപ്ലവാനന്തരം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ഘടകമായി മാറുകയും 1922 ജനുവരി രണ്ടു മുതൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചിലി (പിസിസിഎച്ച്) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പാർട്ടി നിലവിൽ വന്ന് ഏറെ കഴിയും മുൻപു തന്നെ പാർലമെന്ററി പ്രാതിനിധ്യം നേടുകയും ചിലിയിലെ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വപരവും നിർണായകവുമായ പങ്ക് വഹിക്കുകയും ചെയ്തു പിസിസിഎച്ച്.
ചിലിയിലെ ഇടതുപക്ഷത്തെക്കുറിച്ച് പറയുമ്പോൾ 1933 ഏപ്രിൽ 19ന് കേണൽ മർമദുഖെ ഗ്രോവിന്റെയും (Colonel Marmaduque Grove) കാർലോസ് ആൽബർട്ടോ മാർട്ടിനെസിന്റെയും (Carlos Alberto Martinez) സാൽവദോർ അലന്ദെയുടെയും (Salvador Allende) മറ്റും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ചിലിയുടെ കാര്യം കൂടി ഓർക്കേണ്ടതുണ്ട്. കാരണം രൂപീകരിക്കപ്പെട്ട കാലം മുതൽ ഇതേ വരെ നിർണായകമായ ഘട്ടങ്ങളിലെല്ലാം ചിലിയിലെ കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഒന്നിച്ചാണ് നീങ്ങിയിട്ടുള്ളത്. മാത്രമല്ല ലോകത്തുള്ള സോഷ്യലിസ്റ്റ്, ലേബർ എന്നിങ്ങനെ അറിയപ്പെടുന്ന സാധാരണ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളിൽ നിന്നും വ്യത്യസ്തമായി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ചിലി തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടായി 1990 വരെ മാർക്സിസത്തെ കൃത്യമായി ഉയർത്തിപ്പിടിച്ചിരുന്നു. അതിനുശേഷവും ഇതേവരെ കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഒരുമിച്ച് നീങ്ങുകയാണ്.
സാമൂഹ്യമാറ്റത്തിനായുള്ള കൂടുതൽ പുരോഗമനപരമായ പാതയിലൂടെ മുന്നേറാനുള്ള തങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഏറെക്കുറെ ഒരേപോലെ ജാഗ്രത പുലർത്തിയിരുന്നു. ചിലിയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെടുകയും ബൂർഷ്വാസി ആഭ്യന്തര പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്തപ്പോൾ 1932ൽ കേണൽ മർമദുഖെ ഗ്രോവിന്റെ നേതൃത്വത്തിൽ നടന്ന സൈനിക കലാപത്തിലൂടെ അല്പായുസ്സായ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്ഥാപിച്ചത് ഏതാനും ആഴ്ചകളേ നിലനിന്നുള്ളൂ. എന്നാൽ ഈ അവസരം മുതലാക്കാനല്ല കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ശ്രമിച്ചത്; മറിച്ച് ഭരണഘടനാപരമായ മാർഗത്തിലൂടെ അധികാരത്തിലെത്താനാണ് ക്ഷമാപൂർവ്വം പരിശ്രമിച്ചത്.
അതേസമയം പിനോഷെയുടെ സൈനിക സേ–്വച്ഛാധിപത്യ വാഴ്ചയുടെ കാലത്ത് അതിനെതിരെ സായുധ ചെറുത്തുനിൽപ്പിന് തയ്യാറായ ചരിത്രവും ചിലിയിലെ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. മാന–്വൽ റോഡ്രിഗെ–്വസ് പാട്രിയോട്ടിക് ഫ്രണ്ട് എന്ന പേരിൽ സുശക്തമായ ഒരു ഗറില്ലാ സംഘടനയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടി രൂപം നൽകി. 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിലിയിൽ ജനകീയ വിമോചന പോരാട്ടത്തിന് നേതൃത്വം നൽകിയ ഗറില്ലാ പോരാളിയായ മാന–്വൽ റോഡ്രിഗെ–്വസിന്റെ പേരിൽ, പിനോഷെയുടെ സേ–്വച്ഛാധിപത്യത്തിനെതിരെ സായുധ പോരാട്ടം നയിക്കാനുള്ള ഗറില്ലാ സംഘത്തിന് രൂപം നൽകിയ കമ്യൂണിസ്റ്റ് പാർട്ടി അതിലൂടെ ചരിത്രത്തിൽ തങ്ങളുടെ വേരുറപ്പിക്കുകയാണുണ്ടായത്. 1990ല്‍ പിനോഷെ പുറത്താക്കപ്പെടുന്നതുവരെ ഈ സംഘടന നിരവധി ഉശിരൻ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
എന്നാൽ ഗറില്ലാ പോരാട്ടത്തിലൂടെ മാത്രമോ അതിന് പ്രാമുഖ്യം നൽകിയോ അല്ല നിയമവിരുദ്ധമാക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചിലി അക്കാലത്ത് പിനോഷെയുടെ സേ–്വച്ഛാധിപത്യത്തിനെതിരെയുള്ള സമരത്തിൽ മുഖ്യപങ്ക് വഹിച്ചത്. 1970കളിലും 1980കളിലും സൈനിക സേ–്വച്ഛാധിപത്യത്തിനെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങളിൽ സോഷ്യലിസ്റ്റ് പാർട്ടിക്കും മറ്റ് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും ഒപ്പം നിന്ന് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള വിശാലമായ ഐക്യ പ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി മുഖ്യപങ്ക് വഹിച്ചിരുന്നു. 1990ൽ പാർട്ടി നിയമവിധേയമാക്കപ്പെടുകയുണ്ടായി. 1990 കൾക്കുശേഷം അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെന്റുകൾക്കെല്ലാം കമ്യൂണിസ്റ്റ് പാർട്ടി വിമർശനപരമായ പിന്തുണ നൽകിയിരുന്നു.
1943 വരെ കോമിന്റേണിൽ അംഗമായിരുന്ന ചിലിയിലെ കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഇന്റർനാഷണൽ മീറ്റിംഗ് ഓഫ് കമ്യൂണിസ്റ്റ് ആൻഡ് വർക്കേഴ്സ് പാർട്ടീസിൽ സജീവ പങ്കാളിയുമാണ്. തീവ്രമുതലാളിത്തമെന്ന നവലിബറലിസത്തിനെതിരായ ബദൽ മുന്നോട്ടുവയ്ക്കുന്ന ലാറ്റിനമേരിക്കയിലെ സാവോ പോളോ ഫോറത്തിലും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചിലി പങ്കെടുക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ 46,159 അംഗങ്ങളുണ്ട്. 155 അംഗ ചേംബർ ഓഫ് ഡെപ്യൂട്ടിസിൽ 12 അംഗങ്ങളും 50 അംഗ സെനറ്റിൽ രണ്ട് അംഗങ്ങളും കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. പാർട്ടിയുടെ പ്രസിഡന്റ് ഗ്വില്ലെർമൊ ടെയ്‍ലിയറും (Guillermo Teillier) ജനറൽ സെക്രട്ടറി ലൗത്താറൊ കാർമോണയുമാണ് (Lautaro Carmona). 2013 – 18 കാലത്ത് മിഷേൽ ബാഷ്ലെ(Michelle Bachelet)യുടെ നേതൃത്വത്തിലുള്ള ന്യൂ മെജോറിറ്റി (Nueva Mayoria) എന്ന ഇടതുപക്ഷ കൂട്ടുകെട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. ഇപ്പോൾ ഗബ്രിയേൽ ബോറിക്കിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റിൽ പങ്കാളിയുമാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചിലി.
ചിലി: നാടും ജനതയും
തെക്കേ അമേരിക്കൻ വൻകരയിലെ തീരദേശ രാജ്യം. ഒൗദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ചിലി. തെക്കേ അമേരിക്കൻ വൻകരയുടെ തെക്കു പടിഞ്ഞാറായി 4630 കിലോമീറ്റർ നീളത്തിലാണ് ചിലി സ്ഥിതി ചെയ്യുന്നത്. വടക്കു പെറുവുമായും വടക്കുകിഴക്ക് ബൊളീവിയയുമായും കിഴക്ക് അർജന്റിനയുമായും തെക്ക് ഡ്രേക്ക് പാസേജുമായും അതിർത്തി പങ്കിടുന്നു. ആൻഡിസ് പർവതനിരയുടെ പശ്ചിമഭാഗത്തായി നീണ്ടുകിടക്കുന്ന ഈ രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറുവരെയുള്ള പരമാവധി വീതി 430 കിലോമീറ്ററാണ്. ഭൂമിശാസ്ത്രപരമായ ഈ സവിശേഷ സ്ഥാനംതന്നെ ചിലിയുടെ വ്യത്യസ്തതയുള്ള ഭൂപ്രകൃതിക്ക് കാരണമാണ്. ആൻഡിസ് പർവതനിരയ്-ക്കും പസഫിക് മഹാസമുദ്രത്തിനും ഇടയ്-ക്കുള്ള ഭൂപ്രദേശമായ ചിലിയുടെ മറ്റൊരു സവിശേഷതയാണ് അതിന്റെ നീണ്ട കടൽത്തീരം. അഗ്നിപർവതങ്ങൾ, മഴക്കാടുകൾ, പർവതനിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി കരുതപ്പെടുന്നു. തലസ്ഥാനം– സാന്റിയാഗോ. ഏറ്റവും വലിയ നഗരവും സാന്റിയാഗോയാണ്. സ്-പാനിഷ് ആണ് ദേശീയ ഭാഷ.
ജനസംഖ്യ 1,84,30,408 ആണ്. രാജ്യത്തെ 62.1% ജനങ്ങൾ ക്രിസ്-തുമതത്തിൽ വിശ്വസിക്കുന്നവരാണ്. അതേ സമയം ചിലിയൻ ജനങ്ങളിലെ 37.4% പേർ മതമില്ലാതെ ജീവിക്കുന്നവരാണ് എന്ന പ്രത്യേകതയുമുണ്ട്. സങ്കരവിഭാഗം (മെസ്റ്റിസോകൾ) ഏറ്റവും കൂടുതലുള്ള രാജ്യമാണ് ചിലി.♦