Saturday, April 20, 2024

ad

Homeപ്രതികരണംഎൽഡിഎഫ് സർക്കാർ 
രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ

എൽഡിഎഫ് സർക്കാർ 
രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ

പിണറായി വിജയൻ

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ നടക്കുന്ന സന്ദർഭമാണിത്. വലിയ പ്രതിസന്ധികള്‍ക്കും കേരളത്തെ ഞെരിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കും ഇടയിൽപ്പോലും ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ചുകൊണ്ട് സർക്കാരിനു മുന്നോട്ടുപോകാനായി എന്ന സന്തോഷമാണ് ഈ വേളയിലുള്ളത്.

കേരളത്തിൽ മന്ത്രിസഭകള്‍ പലതുണ്ടായിട്ടുണ്ട്. മന്ത്രിസഭാ വാര്‍ഷിക ആഘോഷങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ , അതിനൊന്നിനുമില്ലാത്ത ചില പ്രത്യേതകൾ എൽഡിഎഫ് തുടര്‍ഭരണത്തിന്റെ രണ്ടാം വാര്‍ഷികത്തിനു പശ്ചാത്തലമായി നിൽക്കുന്നുണ്ട്. അത് ഈ മന്ത്രിസഭാ വാര്‍ഷികത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇതു കേവലം ഒരു മന്ത്രിസഭയുടെയല്ല, മറിച്ച് ഈ സംസ്ഥാനത്തിന്റെയും ഇവിടുത്തെ ജനതയുടെയും നിലനിൽപ്പിനെയും അതിജീവനത്തെയുമാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇതു കേരളത്തിന്റെയാകെ ആഘോഷമായി മാറുന്നതും.

കൊടുങ്കാറ്റിൽ പ്രക്ഷുബ്ധമായ നടുക്കടലിൽ പെട്ടതുപോലെയുള്ള സ്ഥിതിയുണ്ടായിരുന്നു കേരളത്തിന്. മുങ്ങിത്താണുപോവുമോ എന്നു പലരും ആശങ്കപ്പെട്ട ഒരു ഘട്ടം. ആ ഘട്ടത്തെയാണ് നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കുന്നത്. ആരൊക്കെ കൂടെ നിന്നു, ആരൊക്കെ എതിരു നിന്നു എന്നതിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. അതിനുള്ള സന്ദര്‍ഭമല്ല ഇത്. ആകെ ചെയ്യുന്നത്, നടുക്കടലിൽ പെട്ടതുപോലെ എന്നു ഞാന്‍ വിശേഷിപ്പിച്ച ആ സാഹചര്യം ഒന്നു വിശദീകരിക്കലാണ്. ഇതു വിശദീകരിക്കേണ്ടി വരുന്നതാകട്ടെ, ഇത്രയേറെ പ്രതികൂല സാഹചര്യങ്ങള്‍ മറ്റൊരു സര്‍ക്കാരിനും അടുത്ത കാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നതു കൊണ്ടാണുതാനും.

കേന്ദ്രനയ നിലപാടുകള്‍ കാരണം 40,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. പ്രളയഘട്ടത്തിൽപ്പോലും വിദേശ സഹായം സ്വീകരിക്കുന്നതിനുണ്ടായ തടസ്സം, ദുരിതഘട്ടങ്ങളിൽ സംസ്ഥാനത്തിനു നൽകിയ ഭക്ഷ്യധാന്യത്തിനുവരെ വില ഈടാക്കൽ, സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കൽ, സംസ്ഥാനത്തിന്റെ കേന്ദ്ര വിഹിതം മുന്‍കാലങ്ങളിലേതിന്റെ പകുതിയോളമാക്കൽ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വഴിയുള്ള നിരന്തരമായ ഇടപെടലുകള്‍, സംസ്ഥാനത്തിന് അനുയോജ്യമായ വികസന പദ്ധതികള്‍ അനുവദിക്കാതെയിരിക്കൽ , രാജ്ഭവന്‍ വഴിയുള്ള രാഷ്ട്രീയ ഇടപെടലുകള്‍, ജനപ്രതിനിധി സഭ പാസാക്കി അയക്കുന്ന ബില്ലുകള്‍ക്കു വരെ അനുമതി നിഷേധിക്കൽ തുടങ്ങി നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.

ഇത്തരം സന്ദര്‍ഭങ്ങളിൽ കേരളത്തെ സ്നേഹിക്കുന്നവരെല്ലാം എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്നുകൊണ്ട് കേരളത്തിനുവേണ്ടി ഒരുമിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ജനം അത്തരത്തിൽ ഒരുമിച്ചു നിൽക്കുകയും ചെയ്തു. എന്നാൽ, കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് സമ്പൂര്‍ണ്ണ നിസ്സഹകരണമാണുണ്ടായത്. കേരളത്തിന്റെ വികസന-ക്ഷേമ നടപടികളെ അവരുടെ പ്രതിനിധികള്‍ പാര്‍ലമെന്റിൽ പോയി എതിര്‍ക്കുന്ന നിലവരെയുണ്ടായി. കേരളത്തിനെതിരായ ആസൂത്രിത കുപ്രചരണങ്ങളെ തടുക്കാന്‍ കേരള ജനത ഒറ്റക്കെട്ടായി നിന്നപ്പോള്‍ പോലും അത്തരം പ്രചരണങ്ങളോടൊപ്പം നിൽക്കുന്ന നിലയാണ് ഇവിടുത്തെ പ്രതിപക്ഷം സ്വീകരിച്ചത്. എന്നാലിതിലൊന്നും തളരാതെ മുന്നോട്ടുപോവുകയാണ് കേരളവും കേരളജനതയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും ചെയ്തത്.

സന്തോഷത്തിന്റെ ഈ സന്ദര്‍ഭത്തിൽ കേരള ജനതയ്ക്കാകെ സന്തോഷം നൽകുന്ന ചില പദ്ധതികള്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുത്തു നടപ്പാക്കുകയാണ്. 6,500 കോടി രൂപ ചെലവിൽ 625 കിലോമീറ്റര്‍ നീളത്തിൽ തിരുവനന്തപുരത്തെ പൂവാര്‍ മുതൽ കാസര്‍ഗോട് കുഞ്ചത്തൂര്‍ വരെ യാഥാര്‍ത്ഥ്യമാകുന്ന തീരദേശ ഹൈവേ, 3,500 കോടി രൂപ ചെലവിൽ 1,251 കിലോമീറ്റര്‍ നീളത്തിലും തിരുവനന്തപുരത്തെ പാറശ്ശാല മുതൽ കാസര്‍കോട് നന്ദാരപടവ് വരെ ഒരുങ്ങുന്ന മലയോര ഹൈവേ, കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ ഉപകരിക്കുന്നതും 200 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്നതുമായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍, അവയവ മാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്-പ്ലാ-ന്റേഷന്‍, തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കിൽ സ്ഥാപിക്കുന്ന മൈക്രോബയോം സെന്റര്‍ ഓഫ് എക്സലന്‍സ്, മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനം, മെഡിക്കൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ കഴിയുന്ന കേരള മെഡിക്കൽ ടെക്നോളജി കണ്‍സോര്‍ഷ്യം, തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കിൽ സ്ഥാപിക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽസിലെ മികവിന്റെ കേന്ദ്രം, വൈദ്യുതവാഹനങ്ങളിലെ ഘടകങ്ങളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമായി ഒരു ഇവി കണ്‍സോര്‍ഷ്യം, കാസര്‍ഗോട്ടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്ന 616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങിയവ ആ പദ്ധതികളിൽ ചിലതാണ്.

ഈ പദ്ധതികള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനുള്ള ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടുപോകും. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിൽ 62,500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കു സാധിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 60,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യംവെക്കുന്നത്. ഇതിനോടകംതന്നെ 18,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായിട്ടുണ്ട്. അതായത്, കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 80,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി മുഖേന ഏറ്റെടുത്തിരിക്കുന്നത് എന്നര്‍ത്ഥം.

ഇപ്പോള്‍ കിഫ്ബി ധനസഹായത്തോടെ സ്ഥലമേറ്റെടുപ്പ് യാഥാര്‍ത്ഥ്യമാക്കിയ ദേശീയ പാതാ വികസനം പൂര്‍ണ്ണതയിലേക്കെത്തുന്നു. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ആറുവരിപ്പാതയുടെ നിര്‍മ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പിനായി കേരളം 5,519 കോടി രൂപയാണ് ഇതുവരെ എന്‍ എച്ച് എ ഐയ്ക്ക് കൈമാറിയിട്ടുള്ളത് എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിൽ സമ്മതിച്ചിരിക്കുന്നു. ദേശീയപാതാ വികസനത്തിനു വേണ്ടിയുള്ള സംസ്ഥാന വിഹിതം നിര്‍ബന്ധിത ചട്ടമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിൽ വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് നാടിന്റെ പൊതുവായ വികസനത്തിനായി എൽഡിഎഫ് സർക്കാർ ഇപ്രകാരം മാതൃകാപരമായ ഒരു ഇടപെടൽ നടത്തിയിട്ടുള്ളത്.

കേരളത്തിന്റെ മാതൃകാപരമായ സാമൂഹ്യ സുരക്ഷാ ഇടപെടലുകള്‍ മുടങ്ങിപ്പോകണം എന്ന ദുഷ്ടലാക്കോടെ ക്ഷേമ പെന്‍ഷനുകള്‍ക്കായി വിഭവസമാഹരണം നടത്താന്‍ രൂപീകരിച്ച കമ്പനിയുടെ വായ്പയെടുക്കൽ തടയുന്ന സ്ഥിതിയുണ്ടായി. എന്നാലതിന്റെ പേരിൽ ഇവിടുത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാര്‍വ്വത്രിക സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിരക്കായ 1,600 രൂപ, 63 ലക്ഷത്തോളം പേര്‍ക്ക് മാസം തോറും വിതരണം ചെയ്യുകയാണ്. ഇത് ക്ഷേമ പെന്‍ഷനുകളുടെ കാര്യം. അതോടൊപ്പംതന്നെ ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പുവരുത്താന്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുകയാണ്, അങ്ങനെ കുറഞ്ഞ ചെലവിലും സൗജന്യമായും ഒക്കെ എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുകയാണ്.

നിയമവ്യവഹാരങ്ങളിൽ കുടുക്കി കേരളത്തിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയെ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായി. എന്നാൽ, പാവപ്പെട്ടവനു വീടും ഭൂമിയും ഒക്കെ ലഭ്യമാക്കുന്ന ലൈഫ് പദ്ധതി നിര്‍ത്തിവെക്കുന്ന സമീപനം കേരളത്തിലെ എൽ ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. 3,25,000 ത്തോളം വീടുകളാണ് ലൈഫ് പദ്ധതിയിലൂടെ ഇതുവരെ പണികഴിപ്പിച്ചു ഗുണഭോക്താക്കള്‍ക്കു കൈമാറിയത്. പുനര്‍ഗേഹം പോലെയുള്ള പദ്ധതികള്‍ക്കു പുറമെയാണിതെന്നോര്‍ക്കണം. 2016 മുതൽക്കിങ്ങോട്ട് ആകെ 2,31,000 ത്തിലധികം പേര്‍ക്കാണ് പട്ടയം നൽകിയിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

ഇതുകൊണ്ടൊക്കെത്തന്നെ കേരളത്തെയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെയും വലിയ പ്രതീക്ഷയോടെയാണ് രാജ്യമാകെ നോക്കിക്കാണുന്നത്. കാരണം, ഇവിടെ ബദലുകള്‍ സാധ്യമാവുന്നു. വികസന – ക്ഷേമ നടപടികളിൽ മാത്രമല്ല ജനങ്ങളോടു പ്രതിബദ്ധതയുള്ള ആ സമീപനം കാണുന്നത്. ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും സമൂഹത്തിന്റെ ഒരുമ കാത്തുസൂക്ഷിക്കുന്നതിലും ഒക്കെ പ്രതിബദ്ധതാപൂര്‍ണ്ണമായ ഇത്തരം നടപടികള്‍ തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ആ പ്രതീക്ഷയ്ക്കൊത്തുയരാനുള്ള ഉത്തരവാദിത്വം ഈ സര്‍ക്കാരിനും കേരള ജനതയ്ക്കാകെയുമുണ്ട്. അത് നമ്മളെല്ലാവരും നിറവേറ്റും എന്ന് പ്രതിജ്ഞയെടുക്കാനുള്ള അവസരമായി ഈ രണ്ടാം വാര്‍ഷികം മാറണം. ഒരുമിച്ചു നിന്നു നാടിന്റെ നന്മയ്ക്കായി നമുക്ക് പ്രയത്നിക്കാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular