ശാസ്ത്ര ബോധത്തെക്കുറിച്ചുള്ള ഏഴ് ലേഖനങ്ങൾ അന്യത്ര നൽകിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് നൽകുകയാണ് ലക്ഷ്യം. പ്രപഞ്ചത്തെ അറിയാൻ, സമൂഹത്തെ അറിയാൻ,ഇവയും വ്യക്തിയും സംബന്ധിച്ച ധാരണകളും അവ തമ്മിലുള്ള ബന്ധങ്ങളും അറിയാൻ ശാസ്ത്രബോധം കൂടിയേ കഴിയൂ ഇന്ന്. ഒരു നൂറ്റാണ്ടു മുമ്പു വരെ അതിനു യുക്തിബോധം മതി എന്നായിരുന്നു ധാരണ. ബെർട്രാൻഡ് റസ്സലിന്റെ നേതൃത്വത്തിൽ യുക്തിവാദ പ്രസ്ഥാനം അക്കാലത്ത് ലോകമാകെ വ്യാപിക്കാൻ അതായിരുന്നു പ്രധാന കാരണം. ശാസ്ത്രബോധം ഒരു തരത്തിലുള്ള യുക്തിബോധമാണ്. പക്ഷെ, യുക്തിവാദ പ്രസ്ഥാനം ഈശ്വരൻ ഉണ്ടോ, മരണാനന്തരം ജീവൻ നിലനിൽക്കുമോ തുടങ്ങിയ ചോദ്യങ്ങൾ മാത്രമേ വിപുലമായി ചർച്ച ചെയ്തുള്ളൂ. വസ്തുതാപരമായ വിവരം വേണ്ടത്ര ഇല്ലാതെ അത്തരം ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരം നൽകാനാവില്ല. അതുകൊണ്ട് ഐൻസ്റ്റെെനും മറ്റു മഹാ ശാസ്ത്രജ്ഞരും അത്തരം ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം കാണാനാവില്ല എന്ന പക്ഷക്കാരായിരുന്നു. ശാസ്ത്രീയ വിശകലനത്തിനു മൂർത്തമായ അറിവ് കൂടിയേ കഴിയൂ.
ശാസ്ത്രബോധത്തിന്റെ പ്രയോഗം, കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം മാനവരാശി എണ്ണത്തിലും ഗുണനിലവാരത്തിലും അറിവ് ഉൽപാദിപ്പിക്കുന്നതിലും മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം വളരാൻ ഇടയാക്കി. കഴിഞ്ഞ നൂറു വർഷങ്ങൾക്കിടയിൽ ലോക ജനസംഖ്യ നാലിരട്ടിയായി (800 കോടിയായി) വർധിച്ചു. അവരുടെ ജീവിതസൗകര്യങ്ങളിൽ, സാർവത്രികമായിട്ടല്ലെങ്കിലും വലിയ പുരോഗതി ഉണ്ടായി. രാജവാഴ്ചയും സേച്ഛാധിപത്യവും ചില ഇടങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിലും ജനാധിപത്യം ഇക്കാലയളവിൽ ലോകവ്യാപകമായി. എല്ലാ വൻകരകളിലും അത്തരം ഭരണകൂടങ്ങൾ നിലവിൽവന്നു. മുതലാളിത്തവും സാമ്രാജ്യത്വവും അതിനെ പല വിധത്തിൽ ഞെരുക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ജനാധിപത്യം വിപുലമായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം അതിനെതിരായ വെല്ലുവിളികളും.
ഈ വളർച്ചയ്ക്ക് പ്രധാന കാരണം ശാസ്ത്രബോധമാണ്.ശാസ്ത്രബോധ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ് ഗലീലിയോ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ വാന നിരീക്ഷണങ്ങളെക്കൂടി അടിസ്ഥാനമാക്കി ഭൂമി ലോകത്തിന്റെ ഒത്ത നടുക്കല്ലെന്നും സൂര്യൻ കേന്ദ്രമായുള്ള സൗരയൂഥത്തിലെ ഒരു ഗ്രഹം മാത്രമാണെന്നും സ്ഥാപിച്ചത്. ജേ–്യാതിശാസ്ത്രത്തെ മാത്രമല്ല, അതേവരെ സമൂഹം പുലർത്തിവന്ന പല ധാരണകളെയും അത് കീഴ്മേൽ മറിച്ചു. ഇന്നു ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുള്ള ജേ–്യാതിശാസ്ത്ര വിജ്ഞാനം ഉൾപ്പെടെ നാനാമേഖലകളിലെയും ഭൗതികവിജ്ഞാനത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നാണ് അത്. തന്റെ ശാസ്ത്രപഠനത്തിലൂടെ, അനേ–്വഷണങ്ങളിലൂടെ ഗലീലിയൊ ശാസ്ത്രബോധത്തിനുള്ള ഒരു പുതിയ അടിത്തറ ഉണ്ടാക്കുകയായിരുന്നു. ശാസ്ത്രത്തിൽ യുക്തിയുടെ പ്രയോഗത്തിനു അദ്ദേഹം പുതിയ ദിശാബോധം നൽകി.
ഇതോടൊപ്പം പറയേണ്ടതാണ് അരനൂറ്റാണ്ടിനുശേഷം ചാൾസ് ഡാർവിൻ ജീവജാതികളുടെ ഉത്ഭവം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥം. ജീവശാസ്ത്ര സംബന്ധിയായി അതേവരെയുള്ള കണ്ടുപിടിത്തങ്ങളിൽ നിലനിന്ന അശാസ്ത്രീയത ലക്ഷക്കണക്കിനു വർഷം മുമ്പ് ഭൂമിയിൽ നിലനിന്നിരുന്ന ജീവികളുടെ അവശിഷ്ടങ്ങൾ നിരത്തി അദ്ദേഹം തിരുത്തി. ഈ രണ്ടു കണ്ടുപിടിത്തങ്ങളും ആധുനികശാസ്ത്ര ഗവേഷണത്തിന് പുതിയ പാത തുറന്നു. അതിനായി പ്രയോഗിക്കപ്പെടുന്ന യുക്തിബോധത്തെയാണ് ശാസ്ത്രബോധം എന്നു പറയുന്നത്.
ആ സമീപനവും ബോധവും സാർവത്രികമാക്കേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് ശാസ്ത്രബോധത്തെക്കുറിച്ച് ജവഹർലാൽ നെഹ്റു ‘‘ഇന്ത്യയെ കണ്ടെത്തലി’’ൽ പരാമർശിക്കാൻ ഇടയാക്കിയത്. നമ്മുടെ ഭരണഘടനയുടെ 51 എച്ച് അനുച്ഛേദത്തിൽ അതേക്കുറിച്ച് പരാമർശമുണ്ട്. തുറന്ന മനസ്സോടെയുള്ള എളിയ ബോധമാണ് ഏതു പുതിയ അറിവിനെയും പുതിയ പരീക്ഷണങ്ങളെയും പുതിയ വെളിച്ചത്തെയും – അതു നൽകുന്ന ഫലങ്ങൾ മുൻധാരണകൾക്കും ദീർഘകാലമായി അംഗീകരിച്ചുവന്ന സിദ്ധാന്തങ്ങൾക്കും വിരുദ്ധമാണെങ്കിൽ കൂടി –അംഗീകരിക്കാനുള്ള സന്നദ്ധതയാണ്. വിശകലനവും വാദപ്രതിവാദവും ആണ് ശാസ്ത്രബോധത്തിന്റെ മർമം. പുതിയ പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, അവ വഴി പുതിയ വിവരം ലഭിക്കുമ്പോൾ പുതിയ അവസരം ലഭിക്കുമ്പോൾ, അവയെക്കൂടി അറിവിന്റെ ഭാഗമാക്കാനുള്ള സന്നദ്ധത. അതിനു ആവശ്യമാണെങ്കിൽ മുമ്പു മുറുകെ പിടിച്ചിരുന്ന ഏത് നിലപാടും പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുത്താനോ ഉപേക്ഷിക്കാനോ സന്നദ്ധത ശാസ്‌ത്രബോധത്തിന്റെ ആണിക്കല്ലുകളിൽ ഒന്നാണ്. ഇന്നുവരെ സാധുവായ അറിവ് നാളെ പുതിയ അവിതർക്കിതമായ അറിവിന്റെ പ്രവാഹത്തിന്റെ വെളിച്ചത്തിൽ ഉപേക്ഷിക്കാനും പുതിയതിനെ സ്വീകരിക്കാനുമുള്ള സന്നദ്ധത ശാസ്ത്രബോധത്തിന്റെ മുഖലക്ഷണമാണ്.
ഇന്നുലഭിക്കുന്ന അറിവൊന്നും യഥാർഥമായ അറിവല്ല. അറിവ് എന്നു പറഞ്ഞാൽ ആർഷജ്ഞാനമാണ് എന്നു വാദിക്കുന്നവരുണ്ട്. സമൂഹത്തിൽ അവർ ധാരാളമാണ്. പണ്ടത്തെ ജ്ഞാനം, അതിനു അനുസൃതമായ വിശ്വാസം, ആചാരം മുതലായവയെ വരവണ്ണം തെറ്റാതെ നിലനിർത്തണമെന്നും പ്രായോഗിക്കണമെന്നും പറയുന്നവർ സമൂഹത്തിൽ ഉണ്ടല്ലോ. അവരുടെ ഈ സമീപനം ശാസ്ത്രബോധത്തിനു എതിരാണ്. അതിന്റെ ലളിതരൂപങ്ങളിലൊന്നാണ് ഇന്ത്യയിലെ ചാതുർവർണ്യം. ‘‘ഭഗവാൻ ഗീതയിൽ പറഞ്ഞതാണത്’’ എന്നാണ് ന്യായീകരണം. ഗീതയിൽ അത് വായിക്കാം. അത് ചർച്ച ചെയ്യാം. പക്ഷേ, അതിനെ ജീവിതധർമമാക്കുന്നത് മറ്റൊന്നാണ്. 1950 ജനുവരി 26 മുതൽ ഭരണഘടന നിലവിൽവന്നപ്പോൾ അതനസുരിച്ച് പൗരജീവിതം നയിക്കാൻ ഇന്ത്യയിലെ പൗരരെല്ലാം ബാധ്യസ്ഥരാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പറയുന്നതാണ് ഇന്ത്യ മതനിരപേക്ഷതയും ജനാധിപത്യവും സാമൂഹ്യനീതിയും സമത്വവും സാഹോദര്യവും പുലരുന്ന റിപ്പബ്ലിക്കാണ് എന്നത്. അതിലെ പൗരരെല്ലാം ആ കാഴ്ചപ്പാട് ജീവിതത്തിൽ നിരന്തരം പുലർത്താൻ ബാധ്യസ്ഥരാണ്. അങ്ങനെ ജനസാമാന്യമാകെ അംഗീകരിച്ച സമീപനം അനുസരിക്കുന്നതാണ് ശാസ്ത്രബോധം. ആധുനിക പൗരധർമത്തിനു നിരക്കുന്ന കാഴ്ചപ്പാടാണ് അത് എന്നതാണ് കാരണം.
നമ്മുടെ സമൂഹത്തിലെ ചില വിഭാഗങ്ങൾ ഈ നിലപാട് സ്വീകരിക്കാൻ തയ്യാറല്ല. അവർ ‘‘പിന്നാക്കം നോക്കി’’കളാണ്. മുമ്പൊക്കെ ഈ രാജ്യത്തിന്റെ ഏതോ ചില ഭാഗങ്ങളിൽ നിലനിന്നതായി അവർ അവകാശപ്പെടുന്ന സങ്കുചിതമായ വീക്ഷണം ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനസാമാന്യത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ശാസ്ത്രബോധം ഏതെങ്കിലും മതവീക്ഷണത്തെയോ അതുപോലുള്ള സങ്കുചിത സമീപനത്തെയോ അംഗീകരിക്കുന്നില്ല. ശാസ്ത്രബോധം നിലവിലില്ലാതിരുന്ന കാലത്ത് രൂപപ്പെട്ടതാണ് മതം, ജാതി മുതലായ കാലഹരണപ്പെട്ട സാമൂഹ്യ സ്ഥാപനങ്ങൾ. വ്യക്തികൾക്ക് ആവശ്യമെങ്കിൽ അത്തരം ഏതു വീക്ഷണം, വിശ്വാസം വേണമെങ്കിലും സ്വകാര്യമായി നിലനിർത്താം. പക്ഷേ, രാജ്യവും അതിലെ ജനങ്ങൾ മൊത്തത്തിലും അത്തരമൊരു വീക്ഷണം അംഗീകരിക്കണമെന്നു ശഠിക്കാനാവില്ല. പലതരം ചിന്താഗതിക്കാരും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്ത കാലാവസ്ഥകളിലും ഭൗതിക സാഹചര്യങ്ങളിലും ജീവിക്കുന്നവരുമാണ് അവർ. അവരെയെല്ലാം ഉൾക്കൊള്ളുന്ന നാനാത്വത്തിലെ ഏകത്വമായാണ് ഇന്ത്യ എന്ന രാഷ്ട്രം നിലനിൽക്കുന്നത്. അതിന് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഏറ്റവും യോജിച്ച ബോധം ശാസ്ത്രബോധമാണ്.
ഈ രാജ്യത്തെ, അതിലെ പൗരസഞ്ചയത്തെ ഏതെങ്കിലും ഒരു (മത) വീക്ഷണത്തിന്റെ, ഭാഷയുടെ, സംസ്കാരത്തിന്റെ ചട്ടക്കൂടിൽ ഒതുക്കാൻ ശ്രമിക്കുന്നത് ഒരു ഭാഗത്ത് ശാസ്ത്രബോധത്തെ ഇല്ലായ്മ ചെയ്യും. അതുപോലെ തന്നെ, അതിലേറെ, പ്രധാനമാണ് അവരുടെ വെെവിധ്യമാർന്ന വിശ്വാസവും ഭാഷയും ജീവിതരീതിയും അതുപോലുള്ള തനിമകളും ഒരൊറ്റ വിശ്വാസത്തിനും ഭാഷക്കും ജീവിതരീതിക്കും കീഴ്പ്പെടുത്തുന്നത്. ശാസ്ത്രബോധമാണ് അവർ അംഗീകരിക്കുന്നതെങ്കിൽ വ്യത്യസ്ത വിശ്വാസങ്ങളും ഭാഷയും ജീവിതരീതിയും മറ്റും തനതായി നിലനിർത്താൻ അവർക്കു കഴിയും. അതോടൊപ്പം ഒരൊറ്റ രാജ്യത്തെ പൗരരായി ഏകോദര സാഹോദര്യത്തോടെ ജീവിക്കാനും. ഇന്ത്യ എന്ന സങ്കൽപ്പം നിലനിൽക്കാൻ, നിലനിർത്തപ്പെടാൻ അത് കൂടിയേ കഴിയൂ.
ചിന്ത റീഡേഴ്സ് ഫോറം ഈ വിഷയമാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ ചർച്ച ചെയ്യുന്നത്. ♦