Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിശാസ്ത്രബോധം ഉയർത്തിപ്പിടിക്കുന്നത് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം

ശാസ്ത്രബോധം ഉയർത്തിപ്പിടിക്കുന്നത് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം

രതീഷ് കൃഷ്ണൻ

ന്ത്യയെ ഒരു റിപ്പബ്ലിക്കായി പുനർനിർമ്മിക്കുമ്പോൾ, ശാസ്ത്രചിന്ത വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉത്തമ ബോധ്യം നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായിരുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 1958 ൽ പാർലമെന്റ് അംഗീകരിച്ച ശാസ്ത്ര നയ പ്രമേയം. ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ ഭൗതിക അന്തരീക്ഷത്തെ മാറ്റിത്തീർക്കുകയും, ചിന്തയുടെ പുതിയ സാധ്യതകളെ അനാവരണം ചെയ്തുകൊണ്ടു മനുഷ്യന്റെ മാനസിക വളർച്ചയെ വിപുലീകരിക്കുകയും ചെയ്തു എന്ന തിരിച്ചറിവ് നയ രേഖയിൽ ദൃശ്യമാണ്. വലിയ ഫണ്ടിംഗ് ഏജൻസികൾ, അവ ഉദാരമായി ഫണ്ട് ചെയ്യുന്ന വലിയ ഗവേഷണ സ്ഥാപനങ്ങൾ, ബഹിരാകാശ രംഗത്തെ കുതിപ്പ്, വ്യവസായ രംഗത്തും ഊർജ്ജ രംഗത്തുമുണ്ടായ മുന്നേറ്റങ്ങൾ, ഹരിത-–ധവള വിപ്ലവങ്ങൾ, സ്-കൂൾ വിദ്യാഭ്യാസത്തിൽ നിർബന്ധിത ശാസ്ത്ര പഠനം, എല്ലാ സർവ്വകലാശാലകളിലും സയൻസ് കോഴ്സുകൾ തുടങ്ങിയവയെല്ലാം ഈ നയത്തിന്റെ ഭാഗമായി ഉണ്ടായിവന്നവയാണ്. സൂഷ്മാംശങ്ങളിൽ വിയോജിപ്പുകളുണ്ടാവുമെങ്കിലും ഈ നയം മുന്നോട്ടു വെച്ച ആശയം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഈ ആശയധാരയുടെ ഭാഗമായിത്തന്നെയാണ് 42 –ാം ഭേദഗതിയായി ശാസ്ത്രീയ മനോവൃത്തി നമ്മുടെ ഭരണഘടനയിൽ സ്ഥാനം പിടിക്കുന്നത്.

നവലിബറൽ സ്വാധീനം
1990 കളിൽ നവലിബറൽ സ്വാധീനം ശാസ്ത്രത്തേക്കാൾ വിപണി മൂല്യം സാങ്കേതികവിദ്യക്കാണെന്ന ബോധം നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽ ശക്തിപെടുത്തിയിരുന്നെങ്കിലും ശാസ്ത്രബോധത്തെ ആക്രമിച്ചു ദുർബലപ്പെടുത്തിയിരുന്നില്ല. 1990 കളിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.8 % നീക്കിവെച്ചിരുന്നു. എന്നാൽ, ഇന്ന് ലോകമെമ്പാടും ജനാധിപത്യ,- മതനിരപേക്ഷ സംവിധാനങ്ങൾ ദുർബലപ്പെടുകയും പലതരം മൗലികവാദങ്ങൾ ശക്തിപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ മൗലികവാദികൾ അധികാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 9 വർഷങ്ങൾക്കിടയിൽ നമ്മുടെ രാജ്യവും സമാനമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രത്തോടും ശാസ്ത്രീയ മനോവൃത്തിയോടും ഇത്തരം രാഷ്ട്രീയ സംവിധാനങ്ങൾക്കു പൊതുവിൽ മോശമായ സമീപനമാണ്. തങ്ങളുടെ വക്രമായ രാഷ്ട്രീയ ആശയങ്ങൾക്കും സങ്കുചിത മനോഭാവങ്ങൾക്കും ശാസ്ത്രം വെല്ലുവിളിയാണെന്ന തിരിച്ചറിവാവണം ഇതിനു പിന്നിൽ. അമേരിക്കൻ പ്രസിഡന്ററായിരുന്ന ട്രമ്പിന്റെയും, ബ്രസീൽ പ്രസിഡന്ററായിരുന്ന ബോൾസനാരോയുടെയും കോവിഡ് കാലഘട്ട നിലപാടുകൾ ഇതിനുള്ള നേർസാക്ഷ്യങ്ങളാണ്. നമ്മുടെ രാജ്യത്തെ സ്ഥിതിയും വ്യത്യസ്‍തമായിരുന്നില്ലല്ലോ.

നമ്മുടെ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയെ പിന്നിൽ നിന്നും നിയന്ത്രിക്കുന്ന ആർ എസ് എസ് എന്ന സംഘടനയുടെ സൈദ്ധാന്തികർ കാലങ്ങളായി ശ്രമിക്കുന്ന കാര്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യത്തെ മിത്തുകളെ (ഐതിഹ്യങ്ങൾ മുതൽ ഇതിഹാസങ്ങൾ വരെ) ശാസ്ത്രീയ സത്യങ്ങളാ യി അവതരിപ്പിക്കുക എന്നത്. ഒരു അവകാശ വാദത്തെ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ വ്യക്തമായി നിർവചിക്കപ്പെട്ട നിയമങ്ങളുള്ള ശക്തമായ ഒരു വിജ്ഞാന സംവിധാനമായതിനാൽ ശാസ്ത്രത്തെ നിഷേധിക്കേണ്ടതും ചരിത്ര വസ്തുതകളെ വളച്ചൊടിക്കേണ്ടതും തങ്ങളുടെ പ്രത്യയശാസ്ത്രത്തിനു സ്വീകാര്യതയും പിന്തുണയും നേടുന്നതിനുള്ള ആർഎസ്എസിന്റെ പദ്ധതിക്ക് നിർണായകമാണ്. ഇതിന് ആദ്യം വേണ്ടത് വേദ കാല വിജ്ഞാനവും ജീവിതരീതികളും, ആധുനിക ശാസ്ത്രത്തിന്റെ സാർവത്രികമായി ബാധകമായ രീതികളും സിദ്ധാന്തങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ലോകവീക്ഷണത്തേക്കാൾ മഹത്തരമാണെന്ന് സ്ഥാപിക്കലാണ്. ഇവരുടെ ജഗത് ഗുരു എന്ന പ്രയോഗം ഇതിന്റെ ദൃഷ്ടാന്തമാണ്. അതിനായി ആദ്യം വേണ്ടത് വേദ കാല വിജ്ഞാനം ശാസ്ത്രീയമായിരുന്നു എന്ന് സ്ഥാപിക്കലാണെന്ന തിരിച്ചറിവ് ആ സംഘടനയ്ക്കുണ്ട്. ഈ തെളിച്ചത്തിൽ വേണം നമ്മുടെ കേന്ദ്ര മന്ത്രിമാരുടെയും, ബി ജെ പി നേതാക്കളുടെയും പ്രസ്താവനകളെ നോക്കിക്കാണാൻ. അപ്പോൾ മാത്രമെ അവ പുച്ഛത്തോടെ തള്ളിക്കളയേണ്ട വിടുവായത്തരങ്ങളല്ല എന്ന് നമുക്ക് മനസിലാവുകയുള്ളു.

2015 ജനുവരിയിൽ, ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ 102–ാം പതിപ്പിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കാർ ഭൂമിയിൽ മാത്രമല്ല, ഗ്രഹങ്ങൾക്കിടയിലും പറക്കാൻ കഴിയുന്ന വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ആനന്ദ് ബോഡാസും അമേയ ജാദവും അവകാശപ്പെട്ടത് ഈ രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഒട്ടനവധി പ്രതിഷേധങ്ങൾ നടക്കുമ്പോഴും ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സുകളിൽ ഇത്തരം അവകാശവാദങ്ങൾ പതിവാകുന്നതും. 2016 ജൂണിൽ, ജുനഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഗുജറാത്തിലെ ഗിർ മേഖലയിലെ 400 പശുക്കളുടെ മൂത്രസാമ്പിളുകൾ വിശകലനം ചെയ്തപ്പോൾ ഓരോ ലിറ്റർ മൂത്രത്തിലും 3-10 മില്ലിഗ്രാം സ്വർണം കണ്ടെത്തിയതായി അവകാശപ്പെട്ടു. രാവിലത്തെ പശുവിന്റെ സാമ്പിളുകളിൽ വൈകുന്നേരത്തേക്കാൾ മികച്ച സ്വർണ്ണത്തിന്റെ അംശമുണ്ടെന്നും പശുക്കിടാക്കളുടെ മൂത്രത്തിലാണ് പരമാവധി സ്വർണമുള്ളതെന്നും ശാസ്ത്രജ്ഞനായ ഡോ ബി എ ഗോലാകിയ അവകാശപ്പെട്ടു.

2017-ലെ 104–-ാമത് സയൻസ് കോൺഗ്രസിൽ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ശാസ്ത്രീയ അസ്തിത്വം വിശദീകരിക്കുന്ന ഒരു പ്രദർശനമുണ്ടായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ തലവനായ വൈ.സുദർശൻ റാവു മഹാഭാരതം അക്ഷരാർത്ഥത്തിൽ വായിക്കാൻ നിർദ്ദേശിക്കുകയും അവയിൽ വിവരിച്ചിരിക്കുന്ന ആയുധങ്ങൾ അറ്റോമിക് ഫിഷന്റെയും/ഫ്യൂഷന്റെയും ഫലമാണെന്നും, ഇരുമ്പുയുഗത്തിൽ തന്നെ ഇന്ത്യയിൽ നൂതന മൂലകോശ ഗവേഷണം നടന്നിരുന്നെന്നും അവകാശപ്പെട്ടു. ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്ന ഒരു സിദ്ധാന്തം ഹിന്ദു വേദങ്ങളിൽ ഉണ്ടെന്ന് ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞതായി അന്നത്തെ ശാസ്ത്ര –സാങ്കേതിക മന്ത്രി ഹർഷ് വർദ്ധൻ അവകാശപ്പെട്ടത് 105–-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവെയാണ്.106-–ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ വിചിത്രമായ അഭിപ്രായങ്ങളാണ് ആന്ധ്ര സർവകലാശാല വൈസ് ചാൻസലർ ജി നാഗേശ്വര റാവു നടത്തിയത്. ഒരു സ്ത്രീയുടെ മക്കളായി നൂറുകണക്കിന് കൗരവർ ജനിച്ചത് സ്റ്റെം സെൽ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശു സാങ്കേതികവിദ്യയും മഹാഭാരത കാലത്തു തന്നെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്നും; വിഷ്ണുവിന്റെ സുദർശന ചക്രം ലക്ഷ്യങ്ങളെ തകർത്തു തിരിച്ചു വരുന്നത് ഗൈഡഡ് മിസൈലുകളുടെ ശാസ്ത്രം ഇന്ത്യയ്ക്ക് പുതിയതല്ലെന്നും ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് അത് നിലവിലുണ്ടായിരുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവൻ വെള്ളത്തിൽ നിന്നാണ് ആരംഭിച്ചതെന്നും വിഷ്ണുവിന്റെ ആദ്യ അവതാരവും ഒരു മത്സ്യമാണെന്നും അതിനാൽ, പരിണാമ സിദ്ധാന്തം ചാൾസ് ഡാർവിൻ തെളിയിക്കുന്നതിന് വളരെ മുമ്പുതന്നെ നമുക്ക് പരിചതമായിരുന്നെന്നും കൂടി അദ്ദേഹം പറഞ്ഞു വെച്ചു. ഇതേ 106–-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ, ജിയോളജിസ്റ്റും പഞ്ചാബ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ അഷു ഖോസ്‌ല, ദിനോസറുകളെ ആദ്യമായി കണ്ടെത്തിയത് ബ്രഹ്മാവാണെന്നും “രാജസൗറസ്’ എന്ന ദിനോസർ ഇന്ത്യയിലാണ് ഉത്ഭവിച്ചതെന്നും അവകാശപ്പെട്ടു. 102-–ാമത് കോൺഗ്രസിൽ നിന്നും 106-–ാമത് കോൺഗ്രസിൽ എത്തിയപ്പോഴേക്കും അപരിചിതരായ വ്യക്തികളിൽ നിന്നും വിശ്വാസ്യതയുള്ള ഒരു ശാസ്ത്രജ്ഞനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അധികാരത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ അജൻഡ അവർ മുന്നോട്ടു കൊണ്ട് പോകുന്നതിന്റെ ഏറ്റവും വലിയ തെളിവ്.

ഈ പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ അവകാശവാദങ്ങളെല്ലാം ആവർത്തിക്കുന്നു. പതുക്കെ സാമൂഹിക സ്വീകാര്യത ഉറപ്പു വരുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് പ്ലാസ്റ്റിക് സർജറി നിലനിന്നിരുന്നുവെന്നും ഗണപതിയുടെ ആനത്തല തെളിയിക്കുന്നത് അതാണെന്നും പറയുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി മുതൽ ഗോമൂത്രത്തിന് ക്യാൻസർ ഭേദമാക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഭാരതീയ ജനതാ പാർട്ടി അംഗം പ്രജ്ഞാ സിംഗ് ഠാക്കൂർ വരെയുള്ള ഒരു നീണ്ട നിര തന്നെയുണ്ട് മുകളിൽ പറഞ്ഞ കാര്യത്തിനുള്ള ഉദാഹരണമായി. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പുരാതന ഇന്ത്യക്കാരാണ് ഇന്റർനെറ്റ് കണ്ടുപിടിച്ചതെന്നും വളരെ പണ്ടേ ഇന്ത്യയിൽ ഇന്റർനെറ്റും സാറ്റലൈറ്റ് സാങ്കേതികവിദ്യയും നിലനിന്നിരുന്നുവെന്നും അവകാശപ്പെടാൻ മഹാഭാരതത്തിലെ കഥാപാത്രങ്ങളിലൊരാളായ സഞ്ജയൻ ധൃതരാഷ്ട്ര രാജാവിന് മൈലുകൾക്കപ്പുറത്ത് നടന്ന കുരുക്ഷേത്രയുദ്ധത്തിന്റെ വിവരണം നൽകിയത് തെളിവായി ഉയർത്തിക്കാട്ടിയിരുന്നു. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം “ശാസ്ത്രീയമായി തെറ്റാണ്’ എന്ന് അന്നത്തെ മാനവ വിഭവശേഷി വികസന സഹമന്ത്രി സത്യപാൽ സിംഗ് അവകാശപ്പെട്ടത് ആസാമിലെ ഒരു സർവ്വകലാശാല സന്ദർശിച്ചപ്പോഴാണ്. പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കാൻ തെളിവുകളൊന്നുമില്ലെന്നു പറഞ്ഞ ലോകത്തിലെ 10 മുതൽ 15 വരെ വലിയ ശാസ്ത്രജ്ഞരുടെ ഒരു ലിസ്റ്റ് തന്റെ കൈവശമുണ്ടെന്നും ഇത് പ്രതിഫലിപ്പിക്കുന്ന തരത്തിൽ സ്കൂൾ പാഠ്യപദ്ധതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും കൂടി അദ്ദേഹം പറഞ്ഞു. മയിലുകൾ ഇണചേരില്ലെന്നും, മയിൽ ആജീവനാന്ത ബ്രഹ്മചാരിയാണെന്നും, ആൺ മയിലിന്റെ കണ്ണുനീർ കുടിച്ചാണ് പൊൺ മയിലുകൾ ഗർഭിണിയാകുകയും പ്രത്യുൽപാദനം നടത്തുകയും ചെയ്യുന്നതെന്നും പറഞ്ഞത് രാജസ്താൻ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശർമ്മയാണ്. പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്ത വിധി പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് ജഡ്ജി ഈ പരാമർശം നടത്തിയത്. ജ്യോതിഷത്തിനു മുന്നിൽ ശാസ്ത്രം ഒന്നുമല്ലെന്നും ജ്യോതിഷമാണ് ഏറ്റവും വലിയ ശാസ്ത്രമെന്നും, 100,000 വർഷങ്ങൾക്ക് മുമ്പ് ഒരു ഹിന്ദു സന്യാസി ആണവപരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും പാർലമെന്റിൽ അവകാശപ്പെട്ടത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയായിരുന്ന രമേഷ് പൊഖ്രിയാൽ നിശാങ്കാണ്. 2017ൽ അന്നത്തെ രാജസ്താൻ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ​​ദേവ്‌നാനി പറഞ്ഞത് ഓക്‌സിജൻ ശ്വസിക്കുകയും ഓക്‌സിജൻ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്നാണ്. 2016ൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ബിജെപി എംപി ലോക്-സഭയിൽ സാമാന്യബുദ്ധിക്ക് വിരുദ്ധമായി, നെയ്യ് കത്തിക്കുന്നത് ഓക്സിജനും കാർഷികോത്പന്നങ്ങളിൽ നിന്ന് ഹൈഡ്രജനും ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ, യാഗങ്ങളിൽ നെയ്യും ഭക്ഷണസാധനങ്ങളും കത്തിക്കുന്നത് നല്ല മഴ ലഭിക്കാൻ കാരണമാവുമെന്ന് അവകാശപ്പെട്ടിരുന്നു. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഇനിയും കണ്ടെത്താമെങ്കിലും കാര്യങ്ങൾ ഇതിനോടകം തന്നെ വായനക്കാർക്കു വ്യക്തമായിരിക്കും എന്ന് ഉറപ്പാണ്.

ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ 
വരുതിയിലാക്കുന്നു
ഇതോടൊപ്പം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കാനായി, ഇത്തരം സ്ഥാപനങ്ങളുടെ ഗവേഷണ പദ്ധതികൾ തീരുമാനിക്കുകയും, തങ്ങൾക്കിഷ്ടപ്പെട്ട അല്ലെങ്കിൽ തങ്ങളുടെ ആശയധാരയ്ക്കനുയോജ്യമായ ഗവേഷണങ്ങൾക്ക് മാത്രം ഫണ്ട് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും കൂടി ചെയ്യുമ്പോഴാണ് ഈ പ്രക്രിയ പൂർണമാവുന്നത്. പശുക്കളുടെ മലവും മൂത്രവും കലർത്തി ഉണ്ടാക്കുന്ന പാനീയത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ ശാസ്ത്ര – സാങ്കേതിക മന്ത്രാലയം അടുത്തിടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു എന്നത് ഈ വിഷയത്തിൽ എത്രത്തോളം മുന്നേറ്റം നടന്നു കഴിഞ്ഞു എന്നതിന്റെ തെളിവാണ്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കാണ് ഏകോപന ചുമതല. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിലുള്ള ഗവേഷണ ലാബുകളിൽ നിന്നും ഐഐടികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാർഷിക സർവ്വകലാശാലകൾ എന്നീ അക്കാദമിക സ്ഥാപനങ്ങളിൽ നിന്നുമുൾപ്പടെ 50 ഓളം അപേക്ഷകൾ ലഭിച്ചതായാണ് അറിയുന്നത്. വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ വറ്റിപ്പോയ സരസ്വതി നദിയുടെ ഉത്ഭവം കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് 2016 ൽ കേന്ദ്രം തുടക്കം കുറിച്ചു. ഇതിനു മുൻപ് തന്നെ ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ സർക്കാർ സരസ്വതി നദിയുടെയും അതിന്റെ യഥാർത്ഥ പാതയുടെയും അടയാളങ്ങൾ തിരയാൻ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൃത്രിമമായി റീചാർജ് ചെയ്ത് നീരൊഴുക്ക് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് 50 കോടി രൂപയാണ് ഖട്ടർ അനുവദിച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പദ്ധതി ഇതിലും വളരെ ബൃഹത്തായതാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ), പ്രമുഖ ചരിത്രകാരൻമാർ എന്നിവരെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവും മതപരവുമായ ഭൂതകാലവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനാണ് ‘സരസ്വതി പൈതൃക പദ്ധതി’ എന്ന പേരിൽ കേന്ദ്ര സർക്കാർ ഈ പദ്ധതിയുമായി മുൻപോട്ടു പോകുന്നത്. സഞ്ജീവനി എന്ന ഔഷധസസ്യത്തെ കണ്ടെത്തുന്നതിന് ഉത്തരാഖണ്ഡ് സർക്കാർ നീക്കിവെച്ചിരിക്കുന്നത് 25 കോടി രൂപയാണ്. രാമായണത്തിൽ രാമന്റെ സഹോദരനായ ലക്ഷ്മണനെ രക്ഷിച്ചത് ഈ സാങ്കൽപ്പിക സസ്യമാണെന്ന് പറയപ്പെടുന്നു. വ്യവസായവൽക്കരണത്തിലും സാങ്കേതിക വികസനത്തിലും ആണവോർജ മേഖലയിലുമെല്ലാം വലിയ കുതിച്ചു ചാട്ടങ്ങൾ നടത്താൻ 2022–23 ലെ കേന്ദ്ര ബജറ്റിൽ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് 14,217 കോടി രൂപയും അറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റിന് 22,723.58 കോടി രൂപയും ബഹിരാകാശ വകുപ്പിനു 13,700 കോടിയും വകയിരുത്തിയിട്ടുണ്ട് എന്ന് സർക്കാർ പ്രഖ്യാപിക്കുന്നു. സാങ്കേതികവിദ്യാധിഷ്ഠിത ഹരിതവിപ്ലവത്തിനായി സർക്കാർ വൻതോതിൽ നിക്ഷേപം നടത്തുന്നതോടെ കാർഷികമേഖലയും വലിയ നവീകരണത്തിന് തയ്യാറാവുന്നു എന്നും അവർ പറയുന്നു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ വെറും 0.7 ശതമാനം മാത്രമാണ് നിലവിൽ ശാസ്ത്ര – സാങ്കേതിക ഗവേഷണത്തിനായി മാറ്റി വെയ്ക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി ഈ സ്ഥിതിയിൽ ഒരു മാറ്റവുമില്ല എന്നതാണ് സത്യം.

പിന്നോട്ടടിക്കപ്പെടുന്ന ഇന്ത്യ
മനുഷ്യസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 94-ൽ നിന്ന് 111-ലേക്കും ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ 79-ൽ നിന്ന് 105-ലേക്കും ഹ്യൂമൻ ഡെവലപ്‌മെന്റ് റിപ്പോർട്ടിൽ 129-ൽ നിന്ന് 131-ലേക്കും 2021 ലെ ആഗോള പട്ടിണി സൂചികയിൽ (GHI) 116 രാജ്യങ്ങളിൽ 94 നിന്നും 101-–ാം സ്ഥാനത്തേക്കും ഇന്ത്യ കൂപ്പുകുത്തിയിരിക്കുകയാണ്. 2022 ലെ പാരിസ്ഥിതിക പ്രകടന സൂചിക പ്രകാരം വിലയിരുത്തിയ 180 രാജ്യങ്ങളിൽ ഏറ്റവും അവസാനത്തെ രാജ്യമാണിന്ത്യ. സുസ്ഥിര വിഷയങ്ങളിൽ രാജ്യങ്ങളുടെ പ്രകടനത്തിന്റെ അന്താരാഷ്ട്ര റാങ്കിംഗ് സംവിധാനമാണ് പരിസ്ഥിതി പ്രകടന സൂചിക. ഈ സൂചികകളോടൊക്കെ നമ്മുടെ രാജ്യം പ്രതികരിച്ചത് ഒരേ രീതിയിലാണ്. ഈ സൂചികകളെല്ലാം തള്ളിക്കളയുകയും അവയുടെ രീതിശാസ്ത്രം സുതാര്യമല്ല എന്നാരോപിക്കുകയുമാണ് നമ്മുടെ രാജ്യം ചെയ്തത്. ഈ പരാജയങ്ങളെ മറക്കാൻ, ഭരണ വീഴ്ചകളെ മറയ്ക്കാൻ ഏറ്റവും നല്ല ആയുധം അതി തീവ്ര ദേശീയതയാണ്. ദേശീയതയുടെ തീവ്ര സ്വഭാവം ആവേശിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. അപ്പോൾ കാലിലെ സ്വർണ്ണ ചങ്ങലെയെക്കുറിച്ചു കവിതകൾ എഴുതാനും, അതിനു പുരസ്‌കാരങ്ങൾ വാങ്ങിക്കാനും കഴിയും. ആകാശത്തു കുങ്കുമ നിറം മാത്രം ദൃശ്യമാകും. അഭിമാനത്താൽ വിജൃംഭിതരാവാം. അല്ലാത്തവർക്ക് അർബൻ നക്സലുകളാവാം. ഗൗരി ലങ്കേഷും ഗോവിന്ദ് പൻസാരെയുമാവാം. അതിന‍് ആക്കം കൂട്ടാൻ എല്ലായിടത്തും ദേശീയ പതാക പാറിക്കേണ്ടി വരും. അതിനായി നിയമങ്ങൾ മാറ്റിയെഴുതേണ്ടി വരും. ഇതാണ് നമ്മുടെ പുതിയ ഇന്ത്യ.

പ്രശ്നം കേവലം ഉദാഹരണങ്ങൾ, വസ്തുതകൾ, കണക്കുകൾ എന്നിവ തെറ്റായി ഉദ്ധരിക്കുന്നതോ സത്യത്തെ വളച്ചൊടിക്കുന്നതോ മാത്രമല്ല. ശാസ്ത്ര രീതിയുടെ അന്യവൽക്കരണമാണ് യഥാർത്ഥ പ്രശ്നം. ഈ ഭരണകൂടം ശാസ്ത്ര’ത്തെക്കുറിച്ച് മനസ്സിലാക്കുകയും വിഭാവനം ചെയ്യുകയും ചെയ്യുന്നത് പരീക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ചിട്ടയായ അറിവായിട്ടല്ല, മറിച്ച് അതിശയകരമായ നേട്ടങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന ഒരു അവ്യക്തമായ, നിഗൂഢമായ ശക്തിയായാണ്. ശാസ്ത്രത്തെ അതിന്റെ സ്വതസിദ്ധമായ രീതിയുടെ വസ്തുനിഷ്ഠതയിൽ നിന്ന് ഒഴിവാക്കുകയും ക്രമരഹിതവും പരസ്പര ബന്ധമില്ലാത്ത ഊഹക്കച്ചവടങ്ങളുടെയും കേട്ടറിവുകളുടെയും ഒരു അയഞ്ഞ സംവിധാനമാക്കി മാറ്റുകയും ചെയ്യുകയാണവർ. ഇത് കേവലം വാക്കാലുള്ളതും വ്യവസ്ഥാപിതമല്ലാത്തതുമായ പ്രചാരണമല്ല, മറിച്ച് ഭരണകൂടം പശുക്കളുടെ ഉൽപന്നങ്ങളെക്കുറിച്ചുള്ള അക്കാദമിക്, വ്യാവസായിക ഗവേഷണങ്ങൾ സ്പോൺസർ ചെയ്യുകയാണ്. ഈ രാജ്യത്തെ ഗവേഷണ ഭൂപടത്തെ മാറ്റി മറിക്കുകയാണ്. ഈ ലക്ഷ്യങ്ങളിലേക്ക് ഫണ്ട് വകമാറ്റി, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ പ്രധാന പദവികളും, ശാസ്ത്ര – സാങ്കേതിക രംഗങ്ങളിലെ ഭരണ പദവികളും കപട ശാസ്ത്രജ്ഞർക്ക് നീക്കിവച്ച് അതിനെ തകർക്കാൻ വ്യവസ്ഥാപിതമായി ശ്രമിക്കുകയാണ്. അഭിമാനകരമായിരുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സുകൾ ഒരു പരിഹാസ സഭയാകയി മാറിക്കഴിഞ്ഞു. കഴിഞ്ഞ സൂര്യഗ്രഹണ സമയത്ത്, ഇന്ത്യൻ മുഖ്യധാരാ ടെലിവിഷൻ മാധ്യമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ചതുസൂര്യനിൽ നിന്നുള്ള പ്രത്യേക “നെഗറ്റീവ് കിരണങ്ങൾ’ ഗ്രഹണസമയത്ത് മാത്രമായി പുറന്തള്ളുന്നു എന്നാണ്. ഇതിനെതിരെ സംസാരിച്ചവരുടെ അഭിപ്രായങ്ങൾ ജനങ്ങളിലേക്കെത്തിക്കുക കൂടി ചെയ്തില്ല. ഈ കാലഘട്ടത്തിൽ ശാസ്ത്ര ബോധം ഉയർത്തിപ്പിടിക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം. അതിനായി ശാസ്ത്രത്തെ ജനകീയവത്കരിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം സാധാരണ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യേണ്ടതുണ്ട്. നമുക്ക് കഴിയുന്ന ഇടങ്ങളിലെല്ലാം സാമൂഹികമായ ശാസ്ത്ര വിദ്യാഭ്യാസം സാധ്യമാക്കേണ്ടതുണ്ട്. ശാസ്ത്ര പ്രദർശനങ്ങൾ, പാഠപുസ്തകത്തിലെ ശാസ്ത്ര വിഷയങ്ങൾ തുടങ്ങിയവയെല്ലാം കൃത്യമായി വിലയിരുത്തി നടപ്പാക്കേണ്ടതുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാനും നമ്മുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 6 =

Most Popular