സുസ്ഥാപിതമായ, വ്യക്തമായി നിർവചിക്കപ്പെട്ട മാർഗങ്ങളിലൂടെ പ്രപഞ്ചസത്യങ്ങളെ അനാവരണം ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ നിയോഗം. പരീക്ഷണ, നിരീക്ഷണങ്ങളിലൂടെ കാര്യകാരണ സഹിതം, ഹേത്വാടിസ്ഥാനമില്ലാത്ത സിദ്ധാന്ത (dogma)ങ്ങളെ ശാസ്ത്രം നിരാകരിക്കാൻ ശ്രമിക്കുന്നു. പ്രകൃതി പ്രതിഭാസങ്ങളെ സയൻസ് വിശദീകരിക്കുന്നതിനോടൊപ്പം മനുഷ്യവംശത്തിന്റെ ഇടപെടലിലൂടെ പ്രകൃതിവ്യൂഹങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ പഠിക്കുകയും ചെയ്യുന്നു. സുസ്ഥിര വികസനനയങ്ങൾ ആവിഷ്-കരിക്കാൻ ഇത്തരം പഠനങ്ങൾവഴി ലഭിക്കുന്ന ഡേറ്റയും അറിവും വളരെയധികം പ്രയോജനപ്പെടുന്നു. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ആശ്രയിച്ചാണ് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ നിലനിൽക്കുന്നത്. അസംഖ്യം വിധത്തിൽ ജീവനെ നിലനിർത്താനും പിന്തുണയ്ക്കാനും മാറ്റങ്ങൾ വരുത്താനും മനുഷ്യനെ സഹായിക്കുന്നത് സയൻസിൽനിന്നും ഉരുവാക്കപ്പെട്ട ടെക്നോളജികൾ ആണ്. ആ വ്യത്യസ്-ത ഭൗതികസാഹചര്യങ്ങളിൽ നിലനിൽക്കാനും അവയുമായി ഇണങ്ങിച്ചേരാനും മനുഷ്യസമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാനോ മയപ്പെടുത്തുവാനോ നമുക്കു കഴിഞ്ഞത്, യുക്തമായ രീതിയിൽ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ചതുവഴിയാണ്. അങ്ങനെ ചെയ്തപ്പോൾ വലിയ ചില പാരിസ്ഥിതിക ആഘാതങ്ങൾ ടെക്-നോളജി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യാനുള്ള
അചഞ്ചല വിശ്വാസം
ദീർഘമായ മാനവവംശചരിത്രം പരിശോധിച്ചാൽ അദമ്യമായ അന്വേഷണ തൃഷ്ണ ഇന്നതിനെ നാം ശാസ്ത്രബോധം എന്ന് വിളിക്കുന്നുയാണ് ശാസ്-ത്രത്തിന്റെ വളർച്ചയെയും സമൂഹത്തിന്റെ പുരോഗതിയെയും സഹായിച്ചതെന്ന് മനസ്സിലാക്കാൻ കഴിയും. ചോദ്യം ചെയ്യാനുള്ള അചഞ്ചലമായ ആത്മവിശ്വാസമാണ് ശാസ്ത്രബോധം. ലോകത്തെ അടിമുടി മാറ്റാനുള്ള ശാസ്ത്രത്തിന്റെ കഴിവ് അനന്യമാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളിൽ ലോകത്തുണ്ടായ മാറ്റങ്ങൾ നമ്മുടെ ഭാവനയുടെ പരിധിക്കപ്പുറമായിരുന്നു. ഈ മാറ്റങ്ങളെ മിശ്രവികാരത്തോടെയാണ് വിവിധ സമൂഹങ്ങൾ സ്വീകരിച്ചത്.
വെെജ്ഞാനികമണ്ഡലത്തിൽ ശാസ്ത്രം ചെലുത്തിയ സ്വാധീനം മനുഷ്യന്റെ ജീവിതശെെലിയിലും പരസ്പര ബന്ധങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. വാർത്താവിനിമയം, രോഗചികിത്സ, മെഡിക്കൽ ടെക്നോളജി, ഒൗഷധ നിർമാണം, ജനിതകപഠനം തുടങ്ങിയ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. പാരിസ്ഥിതിക വെല്ലുവിളികളെ മനസ്സിലാക്കാനും മുൻകൂട്ടി അറിയാനും അവയോട് പ്രതികരിക്കാനും നമുക്ക് ഉൾക്കാഴ്-ച നൽകിയത് ശാസ്ത്രംതന്നെയാണ്. ഒരിക്കലും പരിഹരിക്കാനാവില്ലെന്ന് വിധിക്കപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾക്ക് ശാസ്ത്രത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ച് പരിഹാരം കണ്ടെത്താൻ മാനവനാഗരികതയ്-ക്ക് കഴിഞ്ഞു. ശാസ്ത്രത്തിന്റെ പ്രസക്തിയും ആവശ്യകതയും നാൾക്കുനാൾ വർധിച്ചുവരുകയാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ തന്നെ വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നു.
ഉൗർജപ്രതിസന്ധി, ഭക്ഷ്യ–വിഭവസുരക്ഷിതത്വം (food resource security) സാംക്രമിക രോഗങ്ങൾ, ജീവിത ശെെലിരോഗങ്ങൾ, പരിസരമലിനീകരണം, ജെെവവെെവിധ്യക്ഷയം തുടങ്ങി അനേകം സാമൂഹിക, പാരിസ്ഥിതിക, രാഷ്ട്രീയ പ്രശ്നങ്ങൾ മനുഷ്യസമൂഹം നേരിടുന്നുണ്ട്. അതോടൊപ്പം, സോഷ്യൽമീഡിയ വഴിയും മറ്റും പ്രചരിക്കപ്പെടുന്ന വ്യാജവാർത്തകൾ, കപടശാസ്ത്രങ്ങൾ, നിർമിത സത്യങ്ങൾ (Manufactured Truth) അതിദേശീയത, തീവ്രവാദം, പ്രാദേശികത, വർഗീയത, ലഹരി ഉപയോഗം തുടങ്ങിയവ സമൂഹത്തിൽ സൃഷ്ടിക്കുന്ന അലോസരങ്ങളും അരക്ഷിതാവസ്ഥയും ശാസ്ത്രത്തിന്റെ ഇടപെടൽ ആവശ്യമായ പ്രശ്നങ്ങളാണ്.
ശാസ്ത്രത്തെപ്പറ്റി വളരെ പരിമിതമായ കാഴ്ചപ്പാടാണ് സാധാരണ ജനങ്ങൾക്കുള്ളത്. ചില നൈപുണികളും (skills) സങ്കേതങ്ങളും (techniques) ആയി അവർ ശാസ്ത്രത്തെ ചുരുക്കുന്നു. ശാസ-്-ത്രവും സാങ്കേതികവിദ്യയും തമ്മിൽ അവർക്ക് വ്യത്യാസമില്ല. സാങ്കേതികവിദ്യകൾവഴി ലഭ്യമാക്കുന്ന ഉപകരണങ്ങളും ഉപായങ്ങളുമായുള്ള പരിചയവും സാങ്കേതികവിദ്യകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും അനുഭവവേദ്യമാകുന്നതാണ് ഈ കാഴ്ചപ്പാടിനു കാരണം. പ്രകൃതിയെ സംബന്ധിച്ച് ഇതുവരെ ആർജിതമായ, സമാഹൃതമായ വിജ്ഞാനത്തിന്റെ ശേഖരമായും ശാസ്ത്രം പരിഗണിക്കപ്പെടുന്നു. ഈ രണ്ട് കാഴ്ചപ്പാടുകളും പരിപൂർണ്ണമായും തെറ്റല്ല. പക്ഷേ ഈ രണ്ട് കാഴ്ചപ്പാടുകൾക്കുമപ്പുറം ഒട്ടേറെ കാര്യങ്ങൾ ശാസ്ത്രം ഉൾകൊള്ളുന്നുണ്ട്. പ്രശസ്ത ഭൗതികജ്ഞനും ശാസ്ത്രപ്രചാരകനുമായ കാൾ സാഗന്റെ (Carl Sagan) അഭിപ്രായത്തിൽ, ‘‘അറിവിന്റെ സഞ്ചയമെന്നതിനുപരിയായി ശാസ്ത്രം, ഒരു ചിന്താസരിണിയാണ്. മെെക്കർഷെർമർ എന്ന ചിന്തകന്റെ അഭിപ്രായത്തിൽ ‘‘സയൻസ് ഒരു നാമമല്ല, ക്രിയയാണ്.’’
‘‘മനുഷ്യർ ചെയ്യുന്ന ചില പണികളാണത്. ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള കർമ്മപദ്ധതിയാണ് ശാസ്ത്രം. നിങ്ങളിൽ ഒരു ആശയം നാമ്പിടുന്നു. തുടർന്ന് ആശയത്തിന്റെ മൂല്യനിർണയത്തിനായി തെളിവുകൾ ശേഖരിക്കുന്നു. ഡേറ്റകൾ അനുവദിക്കുന്നുവെങ്കിൽ ആശയം താൽക്കാലികമായി അംഗീകരിക്കപ്പെടും. അല്ലാത്ത പക്ഷം തിരസ്-കരിക്കപ്പെടും’’.
ശാസ്ത്രത്തിന്റെ രീതിശാസ്ത്രം
ശാസ്ത്രത്തിന്റെ രീതിശാസ്ത്രം അതിന്റെ സങ്കേതങ്ങൾ മനനം, വിശകലനം, സർവോപരി അതിന്റെ നെെതികത ഇവയെല്ലാം പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണ്. സത്യം, സഹിഷ്-ണുത, ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, പുതിയ ആശയങ്ങൾ ആവിഷ്-കരിക്കാനും പരിക്ഷീക്കുവാനുമുള്ള ധെെര്യം, നീതിബോധം, വിയോജിപ്പുള്ളപ്പോൾ തന്നെ മറ്റുള്ളവരുടെ കാഴ്-ചപ്പാടുകളെ ബഹുമാനിക്കാനുള്ള മനസ്സ് ഇവയെല്ലാം ശാസ്ത്രത്തിന്റെ മൂല്യവ്യവസ്ഥയിൽ ഉൾപ്പെടുന്നു. ശാസ്ത്രവസ്തുത താൽക്കാലികമാണ്. അനിശ്ചിതത്വം അതിന്റെ കൂടപ്പിറവിയാണ്. പുതിയ തെളിവുകളുടെ വെളിച്ചത്തിൽ പഴയ സിദ്ധാന്തങ്ങൾ പുനഃപരിശോധനയ്ക്കായി സദാ തുറന്നിട്ടിരിക്കുന്നു. യഥാർഥത്തിൽ പഴയ നിഗമനങ്ങളുടെ നിരാകരണത്തിലൂടെയാണ് ശാസ്ത്രം വളർന്നത്.
സ്ഥായിയായത് മാറ്റമാണെന്ന് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. സയൻസ് സേ-്വച്ഛാധിപത്യത്തെ അംഗീകരിക്കുന്നില്ല. ആർക്കും അതിലേക്ക് സംഭാവനകൾ നൽകാം. ആർക്കും തെറ്റുപറ്റാം. പരിശോധനയ്ക്ക് വിധേയമായ പ്രവചനങ്ങൾ ശാസ്ത്രം അവതരിപ്പിക്കും. സ്വയം വിമർശനവും സ്വയം തിരുത്തലും സയൻസിൽ അന്തർലീനമാണ്. എത്ര ലക്ഷണമൊത്ത ആശയമാണെങ്കിലും അവതരിപ്പിച്ചത് എത്ര ഉന്നതപ്രതിഭാശാലിയാണെങ്കിലും അതിന്റെ സത്യാവസ്ഥാനിർണ്ണയ മാനദണ്ഡത്തിന് (Verifiability criterion) ശാസ്ത്രം വലിയ പ്രാധാന്യം നൽകുന്നു. അത്യുത്തമമായ ഉത്തരം പോലും ഉൺമയുടെ ഏറ്റവുമടുത്ത ഏകദേശ സദൃശം (approximation) ആണെന്നേ ശാസ്ത്രം അവകാശപ്പെടാറുള്ളൂ. തീവ്രദേശീയത, ഫാസിസം, അക്രമാസക്തമായ പെരുമാറ്റം, അന്ധവിശ്വാസം, അനാചാരം, ദിവ്യശക്തിയിലുള്ള വിശ്വാസം തുടങ്ങിയവയൊന്നും ശാസ്ത്രീയമാർഗത്തിനു യോജിച്ചതല്ല. സാധാരണ ജനങ്ങൾ ശാസ്ത്രത്തിന്റെ ഉപഭോക്താക്കൾ /കാഴ്-ചക്കാർ മാത്രമാണ്.
ശാസ്ത്രജ്ഞരുടെയും
ശാസ്ത്ര പ്രചാരകരുടെയും കടമ
എന്നാൽ സമൂഹത്തെ ശാസ്ത്രത്തിന്റെ ഉൾക്കാമ്പിലേക്ക്, അതായത് അത് ഉയർത്തിപ്പിടിക്കുന്ന സത്യം, അഹിംസ, സമത്വം, സഹിഷ്ണുത, നീതി, അഭിപ്രായ സ്വാതന്ത്ര്യം, വസ്തുനിഷ്-ഠത, സാമൂഹികപ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങളിലേക്ക് നയിക്കുക എന്നത് ശാസ്ത്രജ്ഞരുടെയും ശാസ്ത്രപ്രേമികളുടെയും ശാസ്ത്ര പ്രചാരകരുടെയും കടമയാകുന്നു. ശാസ്ത്രത്തിന്റെ യഥാർഥരൂപവും ഭാവവും ഉൾക്കൊള്ളുന്ന– അതായത് ശാസ്-ത്രബോധമുള്ള– സമൂഹത്തിൽ മാത്രമേ നീതിബോധവും തുല്യതയും ജനാധിപത്യബോധവും വളരുകയുള്ളൂ. അനാവശ്യവിവാദങ്ങൾക്ക് സ്ഥാനമില്ലാത്ത, എന്നാൽ സംവാദങ്ങൾക്കും തുറന്ന ചർച്ചകൾക്കും ഏറെ ഇടമുള്ള ഒരു വേദി ആയിരിക്കുമത്.
ശാസ്ത്രംകൊണ്ട് സമൂഹത്തിനു കിട്ടേണ്ട മുഴുവൻ നേട്ടങ്ങളും ലഭ്യമാകണമെങ്കിൽ ശാസ്ത്രബോധം സാമാന്യബോധമായി മാറണം. മുൻതലമുറയേക്കാൾ ലോകജനസംഖ്യയുടെ കൂടുതൽ ഭാഗം ജനങ്ങൾ ഉയർന്ന ജീവിതനിലവാരം ആസ്വദിക്കുന്നുണ്ട്. അവരുടെ ശരാശരി ആയുർദെെർഘ്യം ഉയർന്നിട്ടുണ്ട്. വിജ്ഞാനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും തൊഴിലിനും ഗതാഗതത്തിനുമൊക്കെ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാണ്. പക്ഷേ ഈ സുഖസൗകര്യങ്ങളുടെ ഗുണഭോക്താക്കൾ ഇപ്പോഴും ഒരു ന്യൂനപക്ഷം മാത്രമാണ്; അതായത് ഏതാണ്ട് 800 കോടിവരുന്ന ലോകജനസംഖ്യയുടെ 20 ശതമാനം ജനങ്ങൾമാത്രം. ഈ അസമത്വത്തിനു കാരണം കണ്ടെത്താനുള്ള പഠനങ്ങൾ നടക്കുന്നുണ്ട്.
ശാസ്ത്രീയമാർഗം തീർത്തും കുറ്റമറ്റതാണെന്ന് പറയാനാവില്ല. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ആഴത്തിൽ പഠിക്കുന്ന വിജ്ഞാനശാഖയാണ് ‘സയൻസ് സ്റ്റഡീസ്’ (അഥവാ ശാസ്ത്രപഠനങ്ങൾ). ശാസ്ത്രീയമാർഗത്തെ സംബന്ധിച്ച ആദർശവത്കൃത ചിത്രം പ്രായോഗികതലത്തിൽ പരിപാലിക്കപ്പെടാത്ത സംഭവങ്ങൾ ഏറെയാണെന്ന് സയൻസ് സ്റ്റഡീസ് വിജ്ഞാനികൾ സമർഥിക്കുന്നു. വ്യക്തിതലത്തിൽ ശാസ്ത്രജ്ഞർക്ക് അവരുടേതായ മുൻവിധികളും ആന്തരോദ്ദേശ്യങ്ങളും മൂല്യങ്ങളും ഉണ്ടായിരിക്കും. അതിനാൽതന്നെ അവരുടെ ശാസ്ത്രീയപ്രവർത്തനങ്ങളുടെ വസ്തുനിഷ്-ഠത ചോദ്യം ചെയ്യപ്പെടാം. ഈ വസ്തുത മിക്ക ശാസ്ത്രജ്ഞരും ഉൾക്കൊള്ളുന്നുണ്ട്. അവതരിപ്പിക്കപ്പെട്ട ആശയങ്ങളുടെ സുതാര്യതയും സാധ്യതയും ഉറപ്പാക്കിയില്ലെങ്കിൽ അതിലെ പാകപ്പിഴകൾ പുറത്തുവരാമെന്ന് അവർക്കറിയാം. പ്രസിദ്ധ ഭൗതികജ്ഞനും നൊബേൽ പുരസ്-കാരജേതാവുമായ റിച്ചാർഡ് ഫെയ്-മാൻ ഒരിക്കൽ പറഞ്ഞു, ‘‘സ്വയം വിഡ്-ഢിയാകാതിരിക്കാനുള്ള ഒരു മാർഗമാണ് സയൻസ്.’’ സയൻസിന്റെ സ്വയംവിമർശന സ്വഭാവത്തിന് പല വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ ‘‘കണ്ടുപിടിത്തത്തിലേക്കുള്ള ഏറ്റവും മോശപ്പെട്ട മാർഗമാണ് ശാസ്ത്രം. ബുദ്ധിജീവികളുടെ ചേരിയിൽ അത് തടവിലാക്കപ്പെട്ടിരിക്കുന്നു’’ എന്ന നിരീക്ഷണം. പരീക്ഷണശാലകൾക്ക് പുറത്തു നടക്കുന്ന വിവിധതരം പ്രവർത്തനങ്ങൾക്കും വലിയ സംഭാവനകൾ നൽകാൻ സയൻസിന് കഴിയും. എന്നാൽ പൊതുജീവിതത്തിൽ സയൻസിന്റെ ശക്തി വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. സയൻസിന്റെ ശക്തി പാഴാക്കപ്പെടുന്നു, അല്ലെങ്കിൽ ദുരുപയോഗിക്കപ്പെടുന്നു എന്ന വിലയിരുത്തൽ ശക്തമാണ്.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ശാസ‍്ത്രകാര്യ ഉപദേഷ്ടാവ് ജോൺ ഹോൾഡ്രെൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്, ‘‘നാം അഭിമുഖീകരിക്കുന്ന പൊതു നയപ്രശ്നങ്ങളിൽ മിക്കതിലും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉള്ളടക്കങ്ങൾ കടന്നുവരുന്നു. ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ ചെലുത്തുന്ന പ്രഭാവങ്ങളുടെ ശാസ്ത്രവും ഹരിത ഊർജം ഉൽപ്പാദിപ്പിക്കാനുതകുന്ന സാങ്കേതികവിദ്യകളുടെ സാധ്യതയും ശീലമാറ്റത്തിന്റെ മനശ്ശാസ്ത്രവും പഠിക്കാതെ ആഗേളതാപനത്തെ പിടിച്ചുനിർത്താൻ സാധ്യമല്ല. ജനിതകത്തിലും നാനോശാസ്ത്രത്തിലും നിർമിതബുദ്ധിയിലും പദാർഥ ശാസ്ത്രത്തിലുമൊക്കെ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ മെച്ചപ്പെട്ട ആരോഗ്യപരിപാലനത്തിന് ഗുണമേന്മയുള്ള ഔഷധങ്ങളും ചികിത്സാ രീതികളും വികസിപ്പിച്ചെടുക്കാൻ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം സാധ്യമാക്കുന്നതെങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുന്നത് ശാസ്ത്രമായിരിക്കും.’’
ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രാധാന്യം സയൻസിനുണ്ടെങ്കിലും ഒരിക്കൽ ഉണ്ടായിരുന്ന പ്രാമാണികതയും പദവിയും ഇന്ന് അതിനുണ്ടോയെന്ന കാര്യത്തിൽ സംശയം ഉണ്ട്. ശാസ്ത്രജ്ഞരുടെ സംഭാവനകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലായെന്നും മൗലിക ശാസ്ത്രഗവേഷണം പ്രോത്സാഹിക്കപ്പെടുന്നില്ലായെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശാസ്ത്രീയവസ്തുതകൾ കാരണം കാണിക്കാതെ തമസ്കരിക്കപ്പെടുകയോ തിരസ്-കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യപ്പെടുന്നൂവെന്നും അടുത്തകാലത്ത‍് നടന്ന ചില പഠനങ്ങൾ കാണിക്കുന്നു. വെെകാരികമായും പിടിവാശിയോടെയും സ്വാർഥചിന്തയോടെയും പ്രശ്നങ്ങൾ കെെകാര്യം ചെയ്യപ്പെടുമ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഉയർത്തിപ്പിടിച്ച സയന്റിഫിക് ടെംപർ അഥവാ ശാസ്ത്രാവബോധം പാർശ്വവൽക്കരിക്കപ്പെടുന്നു. കാലാവസ്ഥാശാസ്ത്രം, ജനിതകശാസ്ത്രം, ജേ-്യാതിശാസ്ത്രം തുടങ്ങിയ വെെജ്ഞാനിക മേഖലകളിലും, എന്തിന് പ്രതിഷ്ഠ നേടിയ പരിണാമസിദ്ധാന്തംപോലുള്ള ആശയങ്ങളിൽപോലും ‘പൊതു’ കാഴ്ചപ്പാടും ശാസ്ത്രീയ വീക്ഷണവും തമ്മിലുള്ള സ്വരചേർച്ചയില്ലായ്-മ വർധിച്ചുവരുന്നതായി ചില അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നു. പരിണാമസിദ്ധാന്തവും സൃഷ്ടിവാദവും ഒരേ ക്ലാസിൽ പഠിക്കേണ്ട ഗതികേട് വിദ്യാർഥികളും പഠിപ്പിക്കേണ്ട ഗതികേട് അധ്യാപകരും നേരിടുന്നു. സയൻസിന്റെയും ടെക്-നോളജിയുടെയും ഗുണഭോക്താക്കൾ ആയിരിക്കുമ്പോൾതന്നെ സയൻസിനോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ വന്ന മാറ്റങ്ങളിലേക്ക് നയിച്ച ഘടകങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ട്.
പൊതുസംവദങ്ങൾ അനിവാര്യം
ശാസ്ത്രത്തെ സംബന്ധിച്ചും അതിന്റെ വികാസത്തെ സംബന്ധിച്ചും ഉള്ളുതുറന്നതും വ്യകതവും പ്രത്യക്ഷവുമായ പൊതുസംവാദങ്ങളുടെ അഭാവം ഒരു മുഖ്യഘടകമാണ്. ശാസ്ത്രവിഷയങ്ങളിൽ വർധിച്ചുവരുന്ന അതിസൂക്ഷ്-മ സവിശേഷവൽക്കരണവും, അതിവേഗത്തിൽ ചീറിപ്പായുന്ന അത്യന്താധുനിക സാങ്കേതികവിദ്യകൾക്കൊപ്പം ഓടിയെത്താനോ അതിന്റെ ഗുണഭോക്താവാകാനോ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് കഴിയാത്തതും സാധാരണ ജനങ്ങളിൽ ഭീതിയും അരക്ഷിതബോധവും അപകർഷതയും വളർത്തുന്നതായി കാണുന്നു. അവർക്ക് എത്തിപ്പിടിക്കാനും ഉൾക്കൊള്ളാനും ആവാത്തവിധം ലോകം സങ്കീർണമായിക്കൊണ്ടിരിക്കുന്നത് അവർ കാണുന്നു. ഈ വികാരത്തെ ചൂഷണം ചെയ്-ത് അതിമൗലികവാദികളും (അൾട്രാ ഫണ്ടമെന്റലിസ്റ്റുകളും) അത്യാധുനികരും (അൾട്രാ മോഡേണിസ്റ്റുകളും) സാധാരണക്കാരെ ശാസ്ത്രത്തിൽനിന്നും അകറ്റാൻ ശ്രമിക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെയും കാഴ്-ചപ്പാടിനെയും അതിലുൾച്ചേർന്നിരിക്കുന്ന ജനാധിപത്യത്തെയും അവർ മനസ്സിലാക്കുന്നില്ല. വസ്-തുതകളേക്കാൾ അഭിപ്രായങ്ങൾക്ക് സമൂഹം വില കൽപ്പിക്കാൻ തുടങ്ങിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. മാധ്യമങ്ങൾ, രാഷ്ട്രീയകക്ഷികൾ, സർക്കാരിതര സംഘടനകൾ, മതസംഘടനകൾ, തീവ്രവാദികൾ എന്നീ വിഭാഗങ്ങളിൽ ചിലവ സ്വാർഥ താൽപ്പര്യങ്ങൾക്കായി ശാസ്ത്രത്തെ/സാങ്കേതികവിദ്യകളെ കരുവാക്കുന്നു. അതായത്, ശാസ്ത്രത്തിന്റെ ടൂളുകൾ ഉപയോഗിച്ചുതന്നെ യുക്തിചിന്തയെ ഹനിച്ച് ജനങ്ങളെ വെറും വികാരജീവികളാക്കി മാറ്റാൻ ശ്രമിക്കുന്നു.
മാർക് ഹെൻഡേർസൺ എഴുതിയ ഗീക് മാനിഫെസ്റ്റോ: എന്തുകൊണ്ടാണ് ശാസ്ത്രം പ്രസക്തം (Geek Manifesto: Why Science Matters) എന്ന പുസ‍്തകത്തിൽ രാഷ്ട്രീയ പ്രവർത്തനം, ഭരണസംവിധാനം, മാധ്യമപ്രവർത്തനം, സാമ്പത്തികനയം, വിദ്യാഭ്യാസനയം, നീതിന്യായം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ രംഗങ്ങളിൽ ശാസ്ത്രത്തിന്റെ ഇടപെടലുകൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു. സമൂഹം, ഏതെങ്കിലും പ്രതിസന്ധി നേരിടുമ്പോൾ പരിഹരിക്കാൻ വിദഗ്ധ സംഘത്തിന്റെ ഉപദേശം, ഭരണവർഗം തേടാറുണ്ട്. നീണ്ട ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അവർ നൽകുന്ന റിപ്പോർട്ടുകൾ പലപ്പോഴും രാഷ്ട്രീയമോ അല്ലെങ്കിൽ മറ്റേതെങ്കിലുമോ കാരണത്താൽ പരിഗണിക്കപ്പെടാതെ പോകുന്നു.
ബെൻ ഗോൾഡാസർ (Ben Goldacre) എന്ന ശാസ്ത്രപ്രവർത്തകൻ (Geek) ചീത്തശാസ്ത്രം (Bad Science) എന്നൊരു പംക്തി, ഗാർഡിയൻ പത്രത്തിൽ എഴുതിയിരുന്നു. പിന്നീടത് ബിബിസിയിൽ ടിവി ഷോ ആയിവന്നു. തുടർന്ന് അത് പുസ്-തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. സയൻസിന് കളങ്കം സൃഷ്ടിക്കുന്ന അതിനെ ദുരുപയോഗപ്പെടുത്തുന്ന, കച്ചവടച്ചരക്ക് ആക്കുന്ന കപടശാസ്ത്രജ്ഞരെയും സംരംഭകരെയും കോർപറേറ്റുകളെയും മാധ്യമങ്ങളെയും സർക്കാർ ഏജൻസികളെയും പൊതുവിചാരണയ്ക്ക് ഗോൾഡാസർ വിധേയമാക്കുന്നു. സാധാരണയായി ശാസ്ത്ര പ്രവർത്തകൻ ശ്രദ്ധിക്കാത്ത ചില മേഖലകൾകൂടി അദ്ദേഹം കെെകാര്യം ചെയ്യുന്നു. ഉപഭോഗവസ്തുക്കൾ, ഫുഡ് സപ്ലിമെന്റുകൾ, ഹെർബൽ ഔഷധങ്ങൾ പോഷകപാനീയങ്ങൾ, മൃദുപാനീയങ്ങൾ തുടങ്ങിയവയുടെ പരസ്യങ്ങളിൽവരുന്ന പെരുപ്പിച്ച ഗുണഫലങ്ങൾ ബാഡ് സയൻസിൽ തുറന്നുകാട്ടുന്നു. അത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരെ വിമർശിക്കാനും അദ്ദേഹം മടിക്കുന്നില്ല.
ശാസ്ത്രബോധം, മാനവികതയുടെ ഭാഗമായിട്ടാണ് കാൾ സാഗൻ, സ്റ്റീഫൻ ഹോക്കിങ്, സ്റ്റീഫൻ വെയ്-ൻബെർഗ്, സ്റ്റീഫൻ ജയ് ഗൗൾഡ്, റിച്ചാർഡ് ഡോക്കിൻസ്, യശ്പാൽ, ജയന്ത് നാർളിക്കർ, പുഷ്-പ ഭാർഗവ തുടങ്ങിയ പ്രമുഖ ശാസ്ത്രപ്രചാരകർ പരിഗണിക്കുന്നത്.
അടുത്തകാലത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും വളർച്ചയുടെ പടവുകൾ ഓടികയറുമ്പോൾ, ശാസ്ത്രാവബോധവും മാനവികതയും തളർച്ചയുടെ പാതയിൽ നീങ്ങുന്നതു നാം കാണുന്നു. ആഗോളവൽക്കരണത്തിന്റെ യുഗത്തിൽ അറിവ് പൊതുസ്വത്തായി മാറുന്നില്ല. അറിവിന്റെ കുത്തക വർധിക്കുകയാണ് ചെയ്യുന്നത് . ശാസ്ത്ര ഗവേഷണരംഗത്ത് ശീതയുദ്ധം നടക്കുന്നു. ഗവേഷണം കോർപറേറ്റുകൾ കെെയടക്കിയിരിക്കുന്നു. ഒപ്പം, ശാസ്ത്രത്തിന്റെ നെെതികമൂല്യം ക്ഷയിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ആഗോളതലത്തിൽ ശാസ്ത്രജ്ഞരും ശാസ്ത്ര സ്നേഹികളും ശാസ്ത്രപ്രചാരകരും സംഘടിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രബോധം ഉള്ള പൗരരുടെ ‘നിയോജകമണ്ഡലങ്ങൾ’ സൃഷ്ടിക്കപ്പെടണം. രാഷ്ട്രീയ പ്രക്രിയകളിൽ ഇവർ സജീവമാകണം. അവരുടെ ശബ്ദം കേൾക്കാൻ ഭരണവർഗം നിർബന്ധിതരാവണം. അല്ലെങ്കിൽ ശാസ്ത്രവാദികൾ ഭരണവർഗം തന്നെയായി മാറണം.
ശാസ്ത്രത്തിന്റെ ദർശനം താഴെകൊടുക്കുന്ന ഉദ്ധരണിയിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.
നാം ഒരു ആഗോള നാഗരികത ഏർപ്പെടുത്തിയിരിക്കുന്നു. അതിൽ ഗതാഗതം, വാർത്താവിനിമയം, വ്യവസായങ്ങൾ കൃഷി, ആരോഗ്യരക്ഷ, വിദ്യാഭ്യാസം, വിനോദം, പരിസ്ഥിതി സംരക്ഷണം, വോട്ടു ചെയ്യൽ എന്ന മൗലിക ജനാധിപത്യസ്ഥാപനം പോലും ശാസ്ത്ര–സാങ്കേതിക വിദ്യകളെ വളരെയധികം ആശ്രയിക്കുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും എന്താണെന്നു മിക്കവാറും ആരും മനസ്സിലാക്കാത്തവിധം നാം കാര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇത് സർവനാശത്തിനുള്ള കുറിപ്പടിയാണ്. കുറച്ചുകാലത്തേക്ക് നാം അതുമായി കാലം കഴിച്ചെന്നു വരാം. എന്നാൽ, താമസിയാതെ അറിവുകേടും അധികാരവും ചേർന്നുള്ള ഈ വിസ്-ഫോടക മിശ്രിതം നമ്മുടെ മുഖത്തേക്ക് പൊട്ടിത്തെറിക്കാൻ പോകുകയാണ്.’’
– _ കാൾ സാഗൻ ♦