Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിസമൂഹവും ശാസ്ത്രബോധവും

സമൂഹവും ശാസ്ത്രബോധവും

പി കെ രവീന്ദ്രൻ

ശാസ്‌ത്രബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പൊതുസമൂഹത്തെ ലക്ഷ്യമിട്ടുകൊണ്ടാണ്‌ ശാസ്‌ത്രാവബോധം (Scientific temper) ഇന്ത്യയിൽ ഭരണഘടനയുടെ ഭാഗമാക്കിയത്. ഒരുപക്ഷേ ശാസ്‌ത്രബോധം ഭരണഘടനയുടെ ഭാഗമാകുന്ന ഏകരാജ്യവും ഇന്ത്യ തന്നെയാകാം. പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും ജാതീയമായ ഉച്ഛനീചത്വങ്ങളും അയിത്തവും തീണ്ടലും അന്ധവിശ്വാസങ്ങളും ഇന്ത്യൻ സമൂഹത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലായിരുന്നു ഇന്ത്യ സ്വതന്ത്രമായത്. മാനവികതയും അഭിപ്രായസ്വാതന്ത്ര്യവും അന്വേഷണ തൃഷ്‌ണയും പൊതുസമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായാൽ മാത്രമേ മതനിരപേക്ഷതയിൽ ഊന്നിയ ഒരു പരിഷ്‌കൃതസമൂഹം സാധ്യമാകൂ എന്ന് പുരോഗമനേച്ഛുക്കളെല്ലാം ചിന്തിച്ചിരുന്ന കാലഘട്ടം. ആധുനിക വിദ്യാഭ്യാസത്തിന്റെ വളർച്ച, ശാസ്-ത്രപഠനം തുടങ്ങിയവയെല്ലാം സമൂഹത്തിൽ യുക്തിചിന്തയുടെയും ശാസ്‌ത്രീയ രീതിയുടെയും വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചു. ശാസ്‌ത്രവിജ്ഞാന വ്യാപനവും ശാസ്‌ത്രഗവേഷണവും വൻതോതിൽ തന്നെയുണ്ടായി. എന്നാൽ തൽഫലമായുണ്ടാകുമെന്ന് പ്രതീക്ഷിച്ച ശാസ്‌ത്രബോധ വളർച്ച ആശിച്ചനിലയിൽ ഉണ്ടായില്ല എന്നുമാത്രമല്ല സർവകലാശാലകളിലും കോളേജ്‌ ക്യാമ്പസുകളിലും യുവജനങ്ങൾ വിശ്വാസ സംരക്ഷണത്തിനു വേണ്ടി പ്രക്ഷോഭത്തിനിറങ്ങുന്നത് സമീപകാലത്ത് പൊതുസംഭവമായിരിക്കുന്നു. യുക്തിചിന്തയ്ക്കും പുരോഗമന ആശയങ്ങൾക്കും ഗണ്യമായ വേരോട്ടം ലഭിച്ച കേരളത്തിൽ പോലും ആചാര സംരക്ഷകർ രംഗത്തിറങ്ങുന്ന കാഴ്-ചകൾ കാണേണ്ടി വന്നു. അന്ധവിശ്വാസത്തിന്റെയും എന്തിന് ആഭിചാര കൊലപാതകങ്ങളുടെയും വരെ വാർത്തകൾ കേൾക്കേണ്ടി വരുന്നു. ഇവയിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌: ശാസ്‌ത്രബോധം എന്നത്‌ ശാസ്ത്രം പഠിച്ചതുകൊണ്ട്‌ ലഭിച്ചു കൊള്ളണമെന്നില്ല. ശാസ്‌ത്രീയമായി വിവരങ്ങൾ മനഃപാഠമാക്കിയതു കൊണ്ട് ശാസ്‌ത്രബോധമുണ്ടാകില്ല. അത് ഒരു ജീവിതരീതിയാണ്‌.

ശാസ്‌ത്രത്തിന്റെ രീതി ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ്‌ ശാസ്‌ത്രബോധമാകുന്നത്‌. എന്തൊക്കെയാണ്‌ ശാസ്‌ത്രത്തിന്റെ രീതികൾ? യുക്തിബോധമാണ്‌ പ്രധാനം. നിത്യജീവിത പ്രവർത്തനങ്ങളിൽനിന്നാണ്‌ സാമാന്യബോധമുണ്ടാകുന്നത്‌. അനുഭവങ്ങളെ ഭദ്രമാക്കിക്കൊണ്ടാണ്‌ ഓരോ കാലഘട്ടത്തിലും സാമാന്യബോധം വളർന്നത്‌. ചോദ്യം ചെയ്യൽ, ഭൗതിക നിരീക്ഷണം, പരിശോധന, വിശകലനം, സിദ്ധാന്തവൽക്കരണം, ചർച്ച, സംവാദം എന്നിവയെല്ലാം ശാസ്‌ത്രത്തിന്റെ രീതികളിൽപെടുന്നു. ഇത്തരത്തിൽ രൂപപ്പെടുന്ന പൊതുബോധത്തിന്റെ പ്രധാന പരിമിതി ആ കാലഘട്ടത്തിൽ ലഭ്യമായ അറിവിന്റെ പരിമിതിയാണ്‌. ഇത്‌ അറിവ്‌ നേടിയെടുക്കാനുള്ള കാഴ്‌ച, കേൾവി തുടങ്ങിയവയുടെ പരിമിതിയാണ്‌. ഈ പരിമിതികളെ മറികടക്കാൻ ശാസ്‌ത്ര – സാങ്കേതികവിദ്യകൾ സഹായകമാകുന്നു. ഇന്നലെ കടന്നുചെല്ലാൻ കഴിയാത്ത അകലത്തേക്കും സൂക്ഷ്‌മതയിലേക്കും മെച്ചപ്പെട്ട ഉപകരണ സഹായത്തോടെ കടന്നുചെല്ലാൻ കഴിയുമ്പോൾ ഇന്നലത്തെ അറിവും അതിനെ ആധാരമാക്കിയുള്ള പൊതുബോധവും കാലഹരണപ്പെടുന്നു. പൊതുബോധം പരിഷ്‌കരിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യുന്നു. ചിലപ്പോൾ നിരാകരിക്കപ്പെട്ടെന്നും വരാം.

മതബോധത്തിൽ അടിയുറച്ച സമൂഹത്തിലാണ്‌ ആധുനിക ശാസ്‌ത്രം കടന്നുവന്നത്‌. നിലവിലുള്ള ധാരണകളെ (വിശ്വാസങ്ങളെ) അതിന്‌ ചോദ്യം ചെയ്യേണ്ടി വന്നു. ഇത്‌ ശാസ്‌ത്രബോധവും വിശ്വാസവും തമ്മിലുള്ള സംഘർഷത്തിനിടയാക്കുന്ന ഘടകമായിരുന്നു. നിലവിലുള്ള അറിവുകളെ അൽപം സംശയത്തോടെ വീക്ഷിച്ചുകൊണ്ടു മാത്രമേ അത്തരം സിദ്ധാന്തങ്ങളെ ശാസ്‌ത്രീയമായി വിലയിരുത്താൻ പറ്റൂ. ചുരുക്കത്തിൽ നിലവിലുള്ള അറിവുകളെയും സിദ്ധാന്തങ്ങളെയും വിശ്വാസങ്ങളെയും കണ്ണടച്ചുവിശ്വസിച്ചുകൊണ്ട്‌ ശാസ്‌ത്രാന്വേഷണം സാധ്യമാകില്ല. ശാസ്‌ത്രകാരൻ സംശയാലുവാകണം. താൻ നാളതുവരെ സ്വായത്തമാക്കിയിട്ടുള്ള അറിവുകളെപോലും അയാൾ സംശയിക്കണം.

സാധാരണജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടാണ്‌ ശാസ്‌ത്രം വളർന്നത്‌; കർഷകന്റെയും തൊഴിലാളികളുടെയും പ്രായോഗിക അനുഭവങ്ങളിൽനിന്ന്‌. ശാസ്‌ത്രം വളർന്നത്‌ മഹാപ്രതിഭകളിൽനിന്നാണ്‌ എന്നു വരുത്തിത്തീർത്തത്‌ ഒരു ഭരണകൂടതന്ത്രമാണ്‌. ഇതിന്റെ ഭാഗമായാണ്‌ മഹാപണ്ഡിതന്മാരുടെ പ്രഖ്യാപനങ്ങളും ഗ്രന്ഥങ്ങളും രേഖകളും പിൽക്കാല സമൂഹങ്ങൾപോലും ചോദ്യം ചെയ്യാതെ അംഗീകരിക്കേണ്ടതാണെന്ന ഒരുപൊതുബോധം സൃഷടിക്കപ്പെട്ടത്‌. ചോദ്യം ചെയ്യുന്നത്‌ ഒരപരാധമായി കണക്കാക്കപ്പെട്ടതങ്ങനെയാണ്‌. ‘‘ദിവ്യാത്ഭുതങ്ങളി’’ൽ അധിഷ്‌ഠിതമായ കെട്ടുകഥകളെ ‘‘മഹത്തായ പ്രാചീനകാല ശാസ്-ത്ര’’ നേട്ടങ്ങളായി അവതരിപ്പിക്കുകയും ഇവയെ ചോദ്യം ചെയ്യുന്നത്‌ ദേശത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്‌ത്തുന്ന ദേശവിരുദ്ധപ്രവർത്തനമായി കണക്കാക്കുന്ന അവസ്ഥയിലേക്ക്‌ ഇന്ന്‌ ഇന്ത്യൻ സമൂഹം അധഃപതിച്ചിരിക്കുന്നു. കപട ശാസ്‌ത്രങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ധീരമായി പടപൊരുതിയ നരേന്ദ്ര ധാബോൽക്കറുടെയും എം എം കൽബുർഗിയുടെയും കൊലപാതകങ്ങൾ ഈ പശ്‌ചാത്തലത്തിലാണ്‌ കാണേണ്ടത്‌. ആചാര്യന്മാരുടെ വാക്കുകളും ഗ്രന്ഥങ്ങളും എക്കാലവും അതേപോലെ നിലനിൽക്കേണ്ടതാണെന്ന ഭരണവർഗ തീട്ടൂരങ്ങളാണ്‌ അറിവിനെ സാർവത്രികവൽക്കരിക്കേണ്ടതിനുപകരം നിഗൂഢവൽക്കരിച്ചതും പൊതുസമൂഹത്തിന്‌ അപ്രാപ്യമാക്കിയതും. അധ്വാനിക്കുന്നവരിൽ നിന്ന്‌ അറിവിനെ അടർത്തിമാറ്റിയതും അത്‌ അതേപോലെ തുടരാൻ വേണ്ട ഭരണപരവും ഘടനാപരവുമായ സംവിധാനങ്ങൾ ഉണ്ടാക്കുന്നതും നിലനിർത്തുന്നതും ഇവിടത്തെ വരേണ്യവർഗമാണ്‌. ഈ നിലപാട്‌ ശാസ്‌ത്രബോധം വളരുന്നതിന്‌ തടസ്സമാണെന്ന്‌ പറയേണ്ടതില്ലല്ലോ. പൊതുസമൂഹത്തോടിണങ്ങി പ്രവർത്തിച്ച ഗൗതമബുദ്ധൻ പ്രായോഗിക അനുഭവങ്ങളിലൂടെ വേണം അറിവ്‌ സമാഹരിക്കാനും ശരി നോക്കാനും എന്ന്‌ തന്റെ ശിഷ്യന്മാരോട്‌ പറഞ്ഞത്‌ ശാസ്‌ത്രബോധം വളർത്താനുതകുന്ന ഒന്നായിരുന്നു.

‘‘ഏതു ഗ്രന്ഥത്തിൽ വായിച്ചതായാലും ഗുരുവിൽനിന്ന്‌ കേട്ടതായാലും എന്തിന്‌ ഞാൻ പറഞ്ഞതാണെങ്കിലും നിങ്ങളുടെ അനുഭവങ്ങളിലൂടെ ശരിയെന്ന്‌ തോന്നിയാൽ മാത്രം വിശ്വസിക്കുക.’’

അറിവും ജീവിതാനുഭവങ്ങളും
ജീവിതാനുഭവങ്ങളിലൂടെയാണ്‌ അറിവു നേടുന്നത്‌. അത്തരത്തിൽ നിരവധി പേർക്കുണ്ടാകുന്ന ഒരനുഭവത്തെ അടിസ്ഥാനമാക്കി ഒരു സിദ്ധാന്തമുണ്ടാക്കുന്നു. ഈ സിദ്ധാന്തം പലതരത്തിൽ പരിശോധിച്ച്‌ ശരിനോക്കി പൊതു അംഗീകാരമുള്ള ശാസ്‌ത്രസിദ്ധാന്തമാക്കുന്നു. പിൽക്കാല അനുഭവങ്ങൾ ഒരു പക്ഷേ ഇത്‌ പരിഷ്‌കരിക്കാൻ കാരണമായേക്കാം. ഇത്തരം പ്രവർത്തനാനുഭവങ്ങൾ പൊതുസമൂഹത്തിലെ വ്യത്യസ്‌ത ജനവിഭാഗങ്ങളുടേതാണ്‌. കാർഷികരീതിയുടെയോ കാർഷിക ഉപകരണത്തിന്റെയോ ഗുണമേന്മയും പ്രയോഗക്ഷമതയും പരിശോധിക്കുന്നത്‌ കർഷകന്റെ പ്രായോഗിക അനുഭവത്തിലൂടെയാണ്‌. കാർഷിക വിദഗ്‌ധന്റെ മനനം വഴിയല്ല. യന്ത്രോപകരണങ്ങളുടെ ഗുണമേന്മ വിലയിരുത്തേണ്ടത്‌ തൊഴിലാളിയുടെ പ്രവർത്തനാനുഭവത്തിലൂടെയാണ്‌. ഈ രീതിയിലാണ്‌ ശാസ്‌ത്രം വളരുന്നത്‌. ശാസ്‌ത്രത്തിന്റെ രീതി മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളെ അപഗ്രഥിക്കാൻ ഉപയോഗിച്ചാൽ മാത്രമേ തൽസംബന്ധമായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നേടാൻ കഴിയൂ. എന്തുകൊണ്ട്‌ ഉൽപ്പാദനക്ഷമത വർധിക്കുന്നില്ല എന്നന്വേഷിക്കുമ്പോൾ മണ്ണിന്റെ സ്വഭാവം, ജലലഭ്യത, കീടബാധ, പോഷണലഭ്യത തുടങ്ങിയവ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉയർന്നുവരും. ശാസ്‌ത്രീയപഠനം വഴി ഇവയ്-ക്കുള്ള പരിഹാരങ്ങൾ നിർദേശിക്കപ്പെടാം. ഇവയുടെ ഫലപ്രാപ്തി കൃഷിയിടങ്ങളിലെ പ്രവർത്തനാനുഭവങ്ങൾ വഴി വിലയിരുത്തുന്നത്‌ കർഷകരാണ്‌. സമാനമായ ചോദ്യങ്ങൾ സാമൂഹ്യപ്രശ്‌നങ്ങളിലും ഉയർത്താൻ കഴിയണം. പോഷകാഹാരക്കുറവ്‌ എന്തുകൊണ്ട്‌? നല്ല കുടിവെള്ളം കിട്ടാത്തത്‌ എന്തുകൊണ്ട്‌? തൊഴിൽ ലഭിക്കാത്തത്‌ എന്തുകൊണ്ട്‌ എന്നിങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങൾക്കുത്തരം തേടുമ്പോൾ പ്രതിസ്ഥാനത്ത്‌ ഭരണകൂടമായിരിക്കാം; സ്ഥാപിത താൽപ്പര്യങ്ങളായിരിക്കാം. പൊതുസമൂഹത്തിന്റെ അശാസ്‌ത്രീയമായ പ്രവർത്തനരീതികളായിരിക്കാം. തെറ്റായ കീഴ്‌വഴക്കങ്ങളും ആചാരങ്ങളുമാകാം. പരിഹാരം നിർദേശിക്കാൻ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്-ക്കും കഴിഞ്ഞേക്കും. ഇവിടെ പ്രധാനം കാരണം തേടാനുള്ള മാനസിക അവസ്ഥയാണ്‌. പ്രശ്‌നം അപഗ്രഥിക്കാനും പ്രശ്‌നത്തെ ചോദ്യവൽക്കരിക്കാനുമുള്ള ശേഷിക്കുറവ്‌ പലപ്പോഴും പ്രധാനമാണ്‌. വിധിയിൽ വിശ്വസിച്ച്‌ ദുരിതം അനുഭവിക്കാനും ദേവപ്രീതികൊണ്ട്‌ പ്രശ്‌ന പരിഹാരത്തിന്‌ ശ്രമിക്കാനും പ്രേരിപ്പിക്കുന്ന ഘടകങ്ങളുണ്ട്‌. ഇവയ്-ക്കെല്ലാം എതിരെ സമൂഹത്തെ ജാഗ്രത്താക്കാൻ വിദ്യാഭ്യാസത്തിനു കഴിയേണ്ടതാണ്‌. ഔപചാരിക വിദ്യാഭ്യാസത്തിന്‌ ഇതിനു കഴിയാത്ത സാഹചര്യത്തിൽ ശാസ്‌ത്ര സാഹിത്യപരിഷത്തുപോലുള്ള ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങൾക്ക്‌ ഒരുപരിധിവരെ ഇടപെടാൻ കഴിയും. ശാസ്‌ത്രബോധത്തിൽ ഊന്നിക്കൊണ്ടാണ്‌ ഇത്‌ സാധ്യമാക്കുക. യുക്തിബോധം, മാനവികത, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയവ ശാസ്‌ത്രബോധവുമായി ഇഴചേർന്നിരിക്കുന്നു. ജാതിരഹിതവും മതനിരപേക്ഷവുമായ ഒരു സമൂഹ സങ്കൽപ്പം ശാസ്‌ത്രബോധത്തിൽ അധിഷ്‌ഠിതമാണ്‌. ലിംഗസമത്വം സംബന്ധിച്ച കാഴ്‌ചപ്പാടുകളും അതുപോലെ തന്നെയാണ്‌. അറിവിന്റെ ശാസ്‌ത്രത്തെ നിഗൂഢവൽക്കരിക്കുകയും യാന്ത്രികമാക്കുകയും പൊതുസമൂഹത്തിന് അന്യമാക്കുകയും ചെയ്യുന്ന ലാഭാധിഷ്‌ഠിത ചിന്താഗതി ശാസ്‌ത്രബോധ വ്യാപനത്തിനെതിരാണ്‌. അതിന്റെ എതിർപ്പുകളെ അതിജീവിച്ചുകൊണ്ടുവേണം ശാസ്‌ത്രത്തെയും ശാസ്‌ത്രബോധത്തെയും ജനകീയമാക്കാൻ. കേരളത്തിൽ നടന്ന ജനകീയ സാക്ഷരതാ കാമ്പയിൻ ഇത്തരമൊന്നായിരുന്നു. ജനകീയ വിഭവ ഭൂപട സർവെ, പൊതുസമൂഹത്തെ അധികാരവൽക്കരിക്കുന്ന അധികാരവികേന്ദ്രീകരണം എന്നിവയിലും ഇതിന്റെ ഘടകമുണ്ട്‌.

ശാസ്‌ത്രബോധവും 
വിശ്വാസ സംരക്ഷകരും
ശാസ്‌ത്രബോധ വ്യാപനത്തിന്‌ എതിരായ പ്രധാനഘടകം വിശ്വാസ സംരക്ഷകരാണ്‌. ആചാരാനുഷ്‌ഠാനങ്ങളുടെ പവിത്രതയിലും പഴമയിലും അഭിരമിക്കുന്നവർ. ഒരു ശാസ്-ത്രവസ്‌തുതതയെയും പ്രാർഥന കൊണ്ടോ ആഭിചാരക്രിയകൊണ്ടോ മാറ്റിമറിക്കാൻ കഴിയില്ല എന്ന്‌ ഇക്കൂട്ടർക്കും അറിയാം. എന്നാലും ആസൂത്രിതമായ ഈ ജനവഞ്ചന അവർ അനുസ്യൂതം തുടരുന്നു. ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും പിന്തുണ അവർക്കുണ്ട്‌. പൊതുസമൂഹത്തിന്റെ അറിവില്ലായ്‌മ ചൂഷണം ചെയ്യുന്നവരാണിവർ. താൻ നടത്തുന്ന പരീക്ഷണം വിശ്വാസനിരപേക്ഷമാണെന്നും പൂജാദി കർമങ്ങൾ കൊണ്ട് പരീക്ഷണഫലം മാറ്റാൻ കഴിയില്ല എന്നും ഇവർക്കറിയില്ലേ? എന്നിട്ടും പരീക്ഷണസമയത്ത്‌ ഇത്തരം ചടങ്ങുകൾ നടത്തുന്നതെന്തിനെന്നതിന്‌ ഉത്തരമില്ല. കൊറോണക്കാലത്ത് രോഗനിയന്ത്രണം സാധ്യമായത് സാനിറ്റൈസറിന്റെ ഉപയോഗം, മാസ്‌ക്‌ ധരിക്കൽ, സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ എന്നീ ശാസ്ത്രീയ രീതികളും വാക്-സിനും മറ്റ്‌ ചികിത്സാ സംവിധാനങ്ങളും കൊണ്ടാണ്. അല്ലാതെ തെരുവുകൾ തോറും പാട്ട കൊട്ടിനടന്നതുകൊണ്ടല്ല എന്ന് ആർക്കാണ് അറിയാത്തത്. ശാസ്‌ത്രപരീക്ഷണങ്ങളുടെ വിശ്വാസനിരപേക്ഷത സംബന്ധിച്ച് പ്രസിദ്ധ ശാസ്‌ത്രജ്ഞൻ ജെ ബി എസ്‌ ഹാൽഡേന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

‘‘ഞാൻ ഒരു പരീക്ഷണം സജ്ജമാക്കുമ്പോൾ ഒരു ദൈവവും മാലാഖയും ചെകുത്താനും അതിൽ ഇടപെടുകയില്ല എന്ന് എനിക്കുറപ്പുണ്ട്‌.’’

എന്നാൽ പുരോണേതിഹാസങ്ങളിലെ കല്പിതകഥകളെയും ദിവ്യാത്ഭുതങ്ങളെയും ഇന്ത്യയുടെ പഴയകാല ശാസ്ത്ര നേട്ടങ്ങളായി ലോകസമക്ഷം അവതരിപ്പിച്ച്‌ അപഹാസ്യരായി തീരുകയാണ് ഇന്ത്യൻ ഭരണകൂടവും അതിനെ പിന്തുണയ്‌ക്കുന്ന ശാസ്ത്ര സമൂഹവും. പശുവിന്റെ മൂത്രത്തിൽ സ്വർണം കണ്ടെത്താനും ചാണകത്തിൽ പ്ലൂട്ടോണിയം കണ്ടെത്താനുമുള്ള ഗവേഷണങ്ങൾക്ക് പ്രോത്സാഹനം അവർ നൽകുന്നു. ഇതുപോലെ തന്നെയാണ് പ്ലാസ്റ്റിക്‌ സർജറിയുടെയും പുഷ്പക വിമാനത്തിന്റെയും കഥ. ഇവയെല്ലാം രാജ്യത്തിന്റെ അന്തസ്സിന്റെയും ശാസ്ത്രീയ പാരമ്പര്യത്തിന്റെയും നിദർശനങ്ങളായി നിർലജ്ജം അവതരിപ്പിക്കുന്നു. വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവർ ദേശദ്രോഹികളെന്ന്‌ മുദ്രകുത്തപ്പെടുന്നു. ആര്യഭട്ടനും ചരകനും സുശ്രുതനും മഹത്തായ മാതൃകകൾ തന്നെ. പക്ഷേ അവർക്ക് തുടർച്ചയുണ്ടാകാതെ പോയതെന്തുകൊണ്ട് എന്നന്വേഷിക്കാതെ കൽപിത കഥകൾക്ക് ശാസ്ത്രത്തിന്റെ പരിവേഷം നൽകി കപടശാസ്ത്രത്തിൽ ആശ്വാസം കണ്ടെത്തുന്നു. ഈ പ്രവണതയെ വിമർശിച്ചു കൊണ്ടാണ് നോബൽ ജേതാവായ വെങ്കി രാമകൃഷ്‌ണൻ ബംഗളൂരുവിൽ നടത്തിയ പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞത്:

“Science Flourishes when there is real freedom of thought and opinion and minimum ideological interference” . ഇന്ത്യയെയും ഇന്ത്യക്കാരെയും മനസ്സിലാക്കുക; ഇന്നലെകളിൽ അഭിരമിക്കുന്നതിനേക്കാൾ.

ശാസ്‌ത്രസാങ്കേതികവിദ്യകൾ ജീവിതത്തെ സ്വാധീനിക്കുന്നു. വേണമെങ്കിൽ നിർണയിക്കുന്നു എന്നു പറയാം. ഇത് കമ്പോള ശക്തികൾക്ക് സാങ്കേതികവിദ്യകളെയും ശാസ്‌ത്രത്തെത്തന്നെയും തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമാക്കി ജനവിരുദ്ധമായി ഉപയോഗിക്കാൻ ഇടവരുത്തുന്നു. ശാസ്ത്രവും ജീവിതവും തമ്മിൽ വിള്ളലുണ്ടാക്കി ശാസ്ത്ര–സാങ്കേതിക ഉപകരണങ്ങളുടെ മേൽക്കോയ്മ ഉറപ്പാക്കുന്നു. ശാസ്‌ത്രം സാമൂഹ്യമായ അറിവാണ്; സാങ്കേതികവിദ്യ പ്രകൃതി ശക്തികളുടെ പുനർനിർമ്മിതിയും. ടെക്-നോളജിയിൽ ഊന്നുന്നത് സാമൂഹ്യ പരിഹാരങ്ങൾക്ക് പകരം സാങ്കേതിക പരിഹാരങ്ങൾ നൽകലാണ്. ഇത് സാങ്കേതികവിദ്യകളെ സാമൂഹ്യ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനു പകരം സമൂഹത്തെ സാങ്കേതികവിദ്യകളുടെ വരുതിയിൽ കൊണ്ടുവരലാണ്. ഇതിന്റെ ഫലമായി നിത്യജീവിതത്തിലെ കാര്യങ്ങൾ ശാസ്‌ത്രീയമാണ്‌ എന്ന ബോധം നഷ്ടമാകുന്നു. ശാസ്‌ത്രം ദുരൂഹമായ ഏതോ അഭൗമശക്തിയെന്ന ധാരണ ഉണ്ടാകുന്നു. ഈ പശ്ചാത്തലത്തിലാണ് ശാസ്‌ത്രബോധം നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന പൗരന്റെ കടമ പ്രസക്തമാവുന്നത്. ശാസ്‌ത്രത്തിന്റെ രീതി ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കേണ്ടതിന്റെ അനിവാര്യത പ്രധാനമാകുന്നത്. ജാതിരഹിതവും മതനിരപേക്ഷവും ലിംഗസമത്വത്തിലധിഷ്ഠിതവുമായ ഒരു ജനാധിപത്യ ഇന്ത്യ വളർന്നു വരേണ്ടതിന് ഇത്‌ അനിവാര്യമാണ്.

ശാസ്ത്രത്തിന് സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. ശാസ്‌ത്ര രീതികൾ യുക്തിപൂർണ്ണമാണ്. മേന്മ കുറഞ്ഞ രീതികളെ അശാസ്‌ത്രീയം എന്നും പറയാറുണ്ട്. ഇത് ശാസ്‌ത്രത്തിനെയും ശാസ്‌ത്രജ്ഞരെയും ആരാധിക്കുന്ന തലത്തിലേക്കു പോയാൽ അത് ശാസ്ത്രീയമാകില്ല.

ഇത്തരം ശാസ്‌ത്രാരാധന, സയന്റിസം (Scientism) എന്നറിയപ്പെടുന്നു. ശാസ്‌ത്രം കാലാനുഗതമായി മാറുന്ന ഒന്നാണ്. അതുകൊണ്ട് ഏതെങ്കിലുമൊരു ശാസ്ത്രീയ അളവുകോൽ എല്ലാ ശാസ്ത്രശാഖകൾക്കും എക്കാലത്തേക്കും ഉപയോഗക്ഷമമായി ഉണ്ടാകും എന്ന് ചിന്തിക്കുന്നതും അശാസ്‌ത്രീയമാണ്‌. എല്ലാം മാറ്റത്തിനു വിധേയമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular