Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിശാസ്ത്ര ജ്ഞാനത്തിൽ നിന്ന് ശാസ്ത്രബോധത്തിലേക്ക് എങ്ങനെ ഉയരാം?

ശാസ്ത്ര ജ്ഞാനത്തിൽ നിന്ന് ശാസ്ത്രബോധത്തിലേക്ക് എങ്ങനെ ഉയരാം?

കെ കെ കൃഷ്ണകുമാർ

“നല്ല വിദ്യാഭ്യാസമുണ്ട്, പക്ഷേ വിവരം കുറവാണ്” എന്നൊരഭിപ്രായംചിലരെപ്പറ്റിയൊക്കെ നാടൻ ഭാഷയിൽ നമ്മള് പറയാറുണ്ടല്ലോ! ഏതാണ്ട് അതു പോലെയാണ് ശാസ്ത്ര ബോധത്തിന്റെകാര്യത്തിൽ കേരളീയ സമൂഹത്തിന്റെ സ്ഥിതി എന്നു പറയാം. സാമാന്യ വിദ്യാഭ്യാസത്തിന്റെയുംഅതിന്റെ ഭാഗമായ ശാസ്ത്രവിജ്ഞാനത്തിന്റെയുംകാര്യത്തിൽ നാം ആർക്കും പിന്നിലല്ല. പക്ഷേ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടനേകം സന്ദർഭങ്ങളിൽ ഇതൊന്നും നമുക്ക് പ്രയോജനപ്പെടാറേയില്ല. വെളളം നിറച്ച കുപ്പി കയ്യിൽ വച്ചു കൊണ്ട് “ദാഹിക്കുന്നേ” എന്നു വിളിച്ചു കേഴുന്ന ചങ്ങായിയുടെ അവസ്ഥയിലാണ് നമ്മൾ പലപ്പോഴും.

ശാസ്ത്രബോധവും 
ദെെനംദിന ജീവിതവും
ഇതിന് എത്ര ഉദാഹരണം വേണമെങ്കിലും ഉണ്ട്. ഏറ്റവും പുതിയ ഉദാഹരണം തന്നെ നോക്കാം. കൊച്ചി നഗരത്തിന്റെമാലിന്യപ്പുരയായബ്രഹ്മപുരംദിവസങ്ങളോളം കത്തിയെരിഞ്ഞ കാര്യം നമുക്കറിയാം . അവിടെ നിന്ന് വമിച്ച അത്യന്തം വിഷമയമായ പുകയും വാതകങ്ങളും നഗരം മുഴുവൻ വ്യാപിച്ചു .ചട്ടപ്പടി സമരങ്ങളും സർക്കാർ – കോടതി ഇടപെടലുകളും ഒക്കെ ഉണ്ടായെങ്കിലും ഭൂരിപക്ഷം ജനങ്ങളും നിസ്സഹായമായ നിർവികാരതയോടെയാണ് ഈ പ്രശ്നത്തെ നോക്കിക്കണ്ടത് എന്നു വേണം ധരിക്കാൻ.

എന്താണ് ഈ തീക്കും പുകയ്ക്കും കാരണമെന്നു അറിയാത്ത ഒരാളും കൊച്ചിയിൽ ഉണ്ടാവാനായിടയില്ല. വർഷങ്ങളായി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങൾ അടക്കമുള്ള പലജാതി ജൈവ മാലിന്യങ്ങളും ഒരുമിച്ചു കൂട്ടിക്കലർത്തി“വഴ കൊഴ”പരുവത്തിൽ തോന്നിയപോലെനിക്ഷേപിച്ചുണ്ടാക്കിയ മാലിന്യ മല ഇത്രയും അപകടമല്ലേ ഉണ്ടാക്കിയുള്ളൂ എന്നു കരുതി സമാധാനിക്കാം.

ഈ മാലിന്യ പ്രശ്നത്തിന്റെവിശദാംശങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നതിന് പ്രസക്തിയില്ല. പക്ഷേ ചില കാര്യങ്ങൾ അടയാളപ്പെടുത്താതെ വയ്യ. മാലിന്യം ഉണ്ടാക്കി ഉപേക്ഷിച്ചവർക്കും അത് കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ടവർക്കുംഎല്ലാം തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്നു മനസ്സിലാക്കാൻ ആവശ്യമായ അടിസ്ഥാന ശാസ്ത്ര വസ്തുതകൾ അറിയാമായിരുന്നു. അവരിൽ പലരും സ്കൂളിലും കോളേജിലും യൂണിവേഴ്-സിറ്റിയിലും ഒക്കെ വിശദമായി പഠിച്ച വിഷയങ്ങളാണ് അവയൊക്കെ.

മാലിന്യവുമായി ബന്ധപ്പെട്ട് പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞ കാര്യങ്ങളൊന്നും സ്വന്തം ജീവിതത്തിൽ അവർക്കു ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തങ്ങൾക്കറിയാവുന്ന ശാസ്ത്ര വിജ്ഞാനം വച്ച് നോക്കുമ്പോൾ തികച്ചും തെറ്റായ കാര്യങ്ങളാണ് നടക്കുന്നത് എന്നറിഞ്ഞിട്ടും അതിനെ ചോദ്യം ചെയ്യാൻ കഴിയും വിധം ശക്തമായ ഒരു ബോധ്യംഅവരുടെ മനസ്സിൽ രൂപപ്പെട്ടില്ല. ഇതിന്റെയൊക്കെ മുഖ്യ ഉത്തരവാദികളായ രാഷ്ട്രീയ – ഭരണ നേതൃത്വങ്ങൾക്ക്ശാസ്ത്ര ബോധത്തെ തങ്ങളുടെ രാഷ്ട്രീയ ബോധവുമായിബന്ധപ്പെടുത്താനും കഴിഞ്ഞിരുന്നില്ല.

ഇവിടെയാണ് ശാസ്ത്ര വിജ്ഞാനവും ശാസ്ത്ര ബോധവും തമ്മിൽ നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന അപകടകരമായ അകൽച്ചയുടെതീവ്രത പ്രകടമാകുന്നത്. ശാസ്ത്രത്തെ ഒരു വിഷയം എന്ന നിലയിൽ ( മാത്രം ) ഇഷ്ടപ്പെടാം, അംഗീകരിക്കാം. അത് പഠിക്കാം , പഠിപ്പിക്കാം, അതിലെ വൈദഗ്ധ്യം തൊഴിലിലും ബിസിനസ്സിലും ഒക്കെ ഉപയോഗിക്കാം ..ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ വികസിക്കുന്ന അധുനാതന സാങ്കേതിക വിദ്യകൾ പൂർണമായും പ്രയോജനപ്പെടുത്താം. അതേ സമയം വ്യക്തി , കുടുംബം , സമൂഹം എന്നീ നിലകളിലുള്ള നമ്മുടെ ശീലങ്ങളെയോ മൂല്യങ്ങളെയോ, കാഴ്ചപ്പാടുകളെയോ ഈ ശാസ്ത്ര ബോധം ബാധിക്കാതെയുംസ്വാധീനിക്കാതെയുംനോക്കുകയും ചെയ്യാം!

മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് മാത്രമല്ല ഈ വൈരുധ്യം പ്രകടമാവുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ, നവോത്ഥാന പാരമ്പര്യത്തെ ആകെ വെല്ലുവിളിച്ചു കൊണ്ട് അരങ്ങേറിയ നരബലിഅടക്കമുള്ള പ്രാകൃതപ്രയോഗങ്ങളിലാവട്ടെ, ദിനം പ്രതിയെന്നോണം നാം കേൾക്കുന്നലിംഗ ചൂഷണ/പീഡനപ്രശ്നങ്ങളിലാവട്ടെ, ആരോഗ്യ രംഗത്ത് ഇന്നും അഭിമുഖീകരിക്കേണ്ടി വരുന്ന തികച്ചും അശാസ്ത്രീയമായനിലപാടുകളുടെ കാര്യത്തിലും വികസനത്തിന്റെപേരിൽ നടക്കുന്ന നിരവധി നശീകരണ പ്രവർത്തനങ്ങളുടെകാര്യത്തിലുമാവട്ടെശാസ്ത്ര വിജ്ഞാനവും ശാസ്ത്ര ബോധവും തമ്മിലുള്ള ഈ പിളർപ്പ് നിരന്തരം പ്രവർത്തിക്കുന്നത് കാണാം.

ഒരു വിഷയംഅല്ലെങ്കിൽ പഠന മേഖല എന്നതിനപ്പുറത്തേക്ക്ശാസ്ത്രത്തെ നമ്മുടെ സുഹൃത്തും വഴികാട്ടിയും ആക്കി മാറ്റാൻ, ശാസ്ത്രത്തിന്റെ സമീപനം ജീവിതത്തിന്റെ, സംസ്കാരത്തിന്റെ ഊടും പാവുമാക്കി മാറ്റാൻ നമുക്ക് ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അംഗീകരിക്കാതെ പറ്റില്ല.

എങ്ങനെയാണ്നമ്മുടെ നിത്യ ജീവിത വ്യവഹാരങ്ങളുടെയും സൗഹൃദ സംഭാഷണങ്ങളുടെയുമൊക്കെ സ്വാഭാവിക ഭാഗമായി ശാസ്ത്ര വിജ്ഞാനവും ശാസ്ത്രത്തിന്റെസമീപനവും ശാസ്ത്ര ബോധവും ഇണക്കിച്ചേർക്കുക ? ബ്രതോൾഡ്ബ്രെഹ്ത്തിന്റെ പ്രശസ്തമായ “ഗലീലിയോ”നാടകത്തിൽ ഗലീലിയോ തന്റെ ശിഷ്യനോട് ഇങ്ങനെ പറയുന്നുണ്ട് “ ആളുകൾ തീൻമേശയ്-ക്ക് മൂന്നിലിരുന്നു കൊണ്ട് വീട്ടുകാര്യങ്ങൾ എന്ന പോലെ ശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന കാലം വരും.. തെരുവിലെ പാൽക്കാരികൾ ആകാശത്തിലെ നക്ഷത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാലം തീർച്ചയായും വരും..” ശരിക്കും. പക്ഷേ എന്നാണ് ആ കാലം വരിക? എങ്ങനെ?

കൂട്ടത്തിൽ അതിനിടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ. മേൽപ്പറഞ്ഞകാലം ഇപ്പോഴെങ്ങും വന്നെത്താനിടയില്ല എന്നു മനസ്സിലാക്കികൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയുംമനസ്സിൽ ശാസ്ത്ര വിരുദ്ധതഅരക്കിട്ടുറപ്പിക്കാനുള്ള ആസൂത്രിതശ്രമങ്ങൾ വ്യാപകമായി നടപ്പാക്കാൻ സർവ ശക്തിയും ഉപയോഗിച്ച് ഒരു കൂട്ടമാളുകൾ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ തന്നെ പുകൾ പെറ്റ വേദികളും ഉപാധികളും ശാസ്ത്ര വിരുദ്ധതയുടെ പ്രചാരണത്തിനു വേണ്ടി വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ അടുത്ത കാലത്തു തുടരെത്തുടരെപ്രത്യക്ഷപ്പെടുകയുണ്ടായി എന്ന കാര്യം നമുക്കറിയാം.ശാസ്ത്രീയ നേട്ടങ്ങളുടെ ഉപോൽപ്പന്നങ്ങളായനവ മാധ്യമങ്ങളും മറ്റും അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയ പ്രചാരങ്ങളുടെയുംകൂത്തരങ്ങുകളായി മാറുന്നതും അവഗണിക്കാവതല്ല.

എങ്ങനെയാണ് അത്യന്തം അപകടകരമായ ഈ സ്ഥിതി വിശേഷത്തെ അഭിമുഖീകരിക്കുക ? ശാസ്ത്ര ബോധത്തിന്റെഅനിവാര്യതയും പ്രാധാന്യവും നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതൃത്വങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാതെ ഇന്നത്തെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ സാധ്യമാവില്ല.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ നൈപുണ്യമുള്ള ജന പക്ഷ വിദഗ്ധരും ഭരണ, രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള നിരന്തരമായ ആശയ വിനിമയത്തിന് നൂതന സംവിധാനങ്ങൾ ഉണ്ടാക്കേണ്ടി വരും. ശാസ്ത്ര , സാങ്കേതിക വിഷയങ്ങളെ ഒന്നോ രണ്ടോ ഡിപ്പാർട്ടുമെന്റുകളിലായി ചുരുക്കി നിർത്തുന്ന ഇന്നത്തെ രീതി മാറി, ആസൂത്രണത്തിന്റെയും ഭരണ നിർവഹണത്തിന്റെയുംസമസ്ത മേഖലകളിലും ശാസ്ത്രബോധത്തിൽ ഊന്നി നിന്നു കൊണ്ടുതീരുമാനങ്ങളെടുക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കണം. പുതിയ കാലത്തെ മാധ്യമങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട് രഷ്ട്രീയ, ഭരണ ചുമതലകൾ വഹിക്കുന്നവർക്കായി ഇതിന് സഹായകമായ നിരന്തര പഠന പരിപാടികൾ അടിയന്തിരമായി ആവിഷ്-കരിക്കേണ്ടതുണ്ട്.


ശാസ്ത്രബോധവും 
ഔപചാരിക വിദ്യാഭ്യാസവും

ആഴത്തിൽ പരിശോധിക്കേണ്ട മറ്റൊരു കാര്യം ശാസ്ത്ര ബോധവും നമ്മുടെ ഔപചാരിക വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധമാണ്. നമ്മുടെ വിദ്യാഭ്യാസ രംഗത്തും ബോധന രീതികളിലും കഴിഞ്ഞ ഏതാനുംവർഷങ്ങൾക്കിടയിൽ ഫലപ്രദമായ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അംഗീകരിക്കുമ്പോൾ തന്നെ ശാസ്ത്ര ബോധം ഇളം തലമുറയുടെ ജീവിതത്തിന്റെഭാഗമാക്കിത്തീർക്കുന്നതിൽ നമ്മുടെ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന് ഫലപ്രദമായി എന്തെങ്കിലും ചെയ്യാനാവുന്നുണ്ടോ എന്നകാര്യം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതൽ അടിസ്ഥാന ശാസ്ത്രം കുട്ടികൾക്ക് പഠിക്കാനുണ്ട്. പക്ഷേ പഠിക്കാനും പരീക്ഷ എഴുതാനും ഉള്ള വിഷയങ്ങൾഎന്നതിനപ്പുറത്തേക്ക്ഒരു ജീവിത വീക്ഷണമായി ശാസ്ത്രത്തിന്റെ സമീപനത്തെ മാറ്റുന്ന കാര്യത്തിൽ നമ്മുടെ വിദ്യാഭ്യാസം പരാജയപ്പെടുന്നുഎന്നതല്ലേ സത്യം ?

അതുകൊണ്ടു തന്നെ ശാസ്ത്ര വിദ്യാഭ്യാസവും തികച്ചും അശാസ്ത്രീയമായ നിലപാടുകളും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഒരുമിച്ചു നിലനിറുത്താൻ വലിയൊരു വിഭാഗം അഭ്യസ്തവിദ്യർക്ക്കഴിയുന്നു. നിത്യ ജീവിതത്തിന്റെഎല്ലാ മേഖലകളിലും ശാസ്ത്രീയ സമീപനം പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ സഹായിക്കാൻ കഴിയും വിധം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പുനർവിചാരങ്ങൾ നടന്നേ മതിയാവൂ. കാലാവസ്ഥാ വ്യതിയാനവും മാലിന്യ പ്രശ്നവും അതിലേക്ക് നയിക്കുന്ന തെറ്റായ വികസന നയങ്ങളും ഒന്നും ക്ലാസുമുറികളിൽ പഠിച്ചു തീർക്കേണ്ടുന്ന വിഷയങ്ങളല്ല, മാനവ രാശിയുടെ നിലനിൽപ്പിനെ അനുനിമിഷം വെല്ലുവിളിക്കുന്ന കൊടും ഭീഷണികളാണ് അവ. ക്ലാസ്സുമുറികളിൽ പുത്തൻ തലമുറയ്-ക്ക് ലഭിക്കേണ്ടത് അവയ്-ക്കെതിരായപ്രതിരോധം ചമയ്-ക്കാനുള്ള സിദ്ധാന്തവും പ്രയോഗവുമാണ്.

വ്യക്തിയും സമൂഹവും രാഷ്ട്രവും അഭിമുഖീകരിക്കുന്ന എല്ലാ വിധ പ്രശ്നങ്ങളേയും ശാസ്ത്രീയമായി അപഗ്രഥിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് ആർജിക്കാൻ വിദ്യാർഥികളെപ്രാപ്തരാക്കുന്നവിധത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറണം. അതുപോലെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും നില നിൽക്കുന്നശാസ്ത്ര –ശാസ്ത്രേതര വിഭജനം (സയൻസുകാരുംഹ്യുമാനിറ്റീസുകാരുംഅല്ലെങ്കിൽ ഫസ്റ്റ് ഗ്രൂപ്പുകാരും തേർഡ് ഗ്രൂപ്പുകാരും എന്ന തരം വിഭജനം) പൂർണമായും അവസാനിപ്പിക്കണം. ശാസ്ത്ര ബോധം അഥവാ ശാസ്ത്രീയ വീക്ഷണം ഉൾക്കൊള്ളാൻ ആവശ്യമായ പരിശീലനം എല്ലാ വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികൾക്കുംലഭ്യമാക്കിയേ മതിയാവു.

പൊതു ജനങ്ങൾക്കിടയിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി കഴിഞ്ഞ അറുപതുവർഷങ്ങളായി നിരന്തരം പ്രവർത്തിക്കുന്നശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ നമുക്കുണ്ട്. പക്ഷേ അശാസ്ത്രീയ ചിന്തകളും സമീപനങ്ങളും സമൂഹത്തിൽ വ്യാപിക്കുന്നതിന്റെ വേഗവും വ്യാപ്തിയും കൂടിക്കൊണ്ടിരിക്കുകയാണ്. ജനകീയ ശാസ്ത്ര സംഘടനകൾ മാത്രം വിചാരിച്ചാൽ ഇതിനെതിരെ ഫലപ്രദമായ ചെറുത്തുനിൽപ്പ്സാധ്യമാവില്ല.അതു കൊണ്ടു തന്നെ മുഴുവൻ സാമൂഹിക രാഷ്ട്രീയ, സാംസ്കാരിക പ്രസ്ഥാനങ്ങളും ശാസ്ത്ര ബോധം വ്യാപിപ്പിക്കുന്നതിനുള്ള ജനകീയ പരിപാടികൾ ഏറ്റെടുക്കാൻ തയ്യാറാവണം.

ശാസ്ത്ര വിജ്ഞാനവും ശാസ്ത്രത്തിന്റെ സമീപനവും ലളിതമായും സരസമായും ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിന് നൂറു കണക്കിന് പരിപാടികൾ ആവിഷ്കരിക്കപ്പെടണം. മാതൃഭാഷയാവണം ഇത്തരത്തിലുള്ള ശാസ്ത്ര പ്രചാരണത്തിന്റെ മാധ്യമം എന്ന കാര്യത്തിൽ ഇപ്പോഴും സംശയാലുക്കളുണ്ട് എന്നത് അത്യന്തം നിർഭാഗ്യകരമാണ്. ശാസ്ത്ര പ്രചാരണത്തിനായി പൊതു – സന്നദ്ധ മേഖലകളുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ കാമ്പയിനുകൾ ആരംഭിക്കാനാവണം. സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ വിപുലമായ പരിപാടികൾ വിജയിപ്പിച്ച അനുഭവ സമ്പത്ത് നമുക്ക് മുതൽക്കൂട്ടാക്കാം.

കാലാവസ്ഥാ മാറ്റവും, പ്രകൃതി സംരക്ഷണവും പ്രകൃതി ദൂരന്തങ്ങളും, മാലിന്യ പരിപാലനവും നിർമിത ബുദ്ധിയും ലിംഗ സമത്വവുംആർത്തവവും, പരിണാമവും പ്രപഞ്ച വിജ്ഞാനവുമൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിലെ ചർച്ചാ വിഷയങ്ങളായി മാറണം. (പണ്ടു കാലത്ത് അന്നത്തെ അനാചാരങ്ങൾക്കുംഅനീതികൾക്കുംഎതിരെ നടത്തിയ നിരവധി സമരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയുമാണ് കേരളീയ നവോത്ഥാനം സാധ്യമായത് എന്നോർക്കുക.)

ശാസ്ത്ര ബോധത്തെ ആധാരമാക്കിയുള്ള ഒരു പുത്തൻ നവോത്ഥാനത്തിനാണ് നാം ഇനി തയ്യാറെടുക്കേണ്ടത്. നവ മാധ്യമങ്ങളും നവ സാങ്കേതിക വിദ്യകളും വലിയ തോതിൽ ഇതിനായി പ്രയോജനപ്പെടുത്താൻ കഴിയണം. നൂറു കണക്കിന് വേദികൾ ഇതിനായി ഉപയോഗപ്പെടുത്താം. കുടുംബശ്രീ സംഘങ്ങൾ, വായന ശാലകൾ, സഹകരണ സംഘങ്ങൾ, തൊഴിൽ സംഘടനകൾ എന്നിങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. ഇവിടങ്ങളിൽ ലളിതമായ ഭാഷയിൽ ശാസ്ത്ര സംവേദനം നടത്താൻ കഴിവുള്ള ആയിരക്കണക്കിന് ശാസ്ത്ര ദൂതന്മാരെ പരിശീലിപ്പിച്ചെടുക്കാൻ കഴിയണം.

ശാസ്ത്ര ശാലകൾ ആരംഭിക്കണം
ഇതിന്റെതുടർച്ചയായി ശാസ്ത്ര കാര്യങ്ങൾ ഗ്രഹിക്കാനുംവിദഗ്ധരുടെ സഹായത്തോടെ ചെറുപഠനങ്ങൾ ഏറ്റെടുക്കാനും ലഘു പരീക്ഷണങ്ങൾ നടത്താനും വിദ്യാർഥികളെയും സാധാരണക്കാരെയും സഹായിക്കുന്ന “ശാസ്ത്ര ശാലകൾ” നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആരംഭിക്കുന്ന കാര്യവും പരിഗണിക്കാൻ കഴിയണം. ഗ്രന്ഥശാലകളുടെ അടുത്ത പടിയായി ശാസ്ത്ര ശാലകളെക്കുറിച്ച് സങ്കൽപ്പിക്കാം. അടുക്കളയും കൃഷിസ്ഥലവുമൊക്കെശാസ്ത്ര പരീക്ഷണ വേദികളാകുമ്പോൾ ശാസ്ത്ര വിജ്ഞാനവും ശാസ്ത്ര ബോധവും തമ്മിലുള്ള അകലം തനിയേ കുറയും.

നമ്മുടെ നിലവിലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ (സർവകലാശാലകൾ അടക്കം) പലതും ജന ബന്ധമില്ലാത്ത ആഡ്യ, അക്കാദമികശാസ്ത്ര തുരുത്തുകളായി മാറുന്നത് കാണാറുണ്ട്. ഈ സ്ഥാപനങ്ങളെ ഗ്രാമീണ ശാസ്ത്രശാലകളുമായിബന്ധപ്പെടുത്തിക്കൊണ്ട് അവയുടെ പൊതുജന ബന്ധവും ആഭിമുഖ്യവും വര്ധിപ്പിക്കാൻ കഴിഞ്ഞാൽ ഏറെ നന്നാവില്ലേ എന്ന കാര്യവും ആലോചിക്കേണ്ടതാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സ്-കൂൾ ശാസ്ത്ര മേളകൾ വിജയകരമായി നടന്നു വരുന്നുണ്ട്. നിരവധി കുരുന്നു ശാസ്ത്ര പ്രതിഭകൾക്ക് പ്രോൽസാഹനം നല്കുന്നതിൽ ഇവ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. ഈ അനുഭവത്തിൽ നിന്ന് പഠിച്ചു കൊണ്ട് കൂടുതല് മികച്ച തരത്തിൽ, എല്ലാ വിഭാഗം ജനങ്ങൾക്കുമായി ശാസ്ത്ര മേളകൾ, ശാസ്ത്രോൽസവങ്ങൾ, ശാസ്ത്ര പൂരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ എന്നിവ ശ്രദ്ധാ പൂർവംആസൂത്രണം ചെയ്യാൻ കഴിയേണ്ടതുണ്ട്.അമ്പലങ്ങളിലെയുംപള്ളികളിലെയുംഉൽസവങ്ങൾ പോലെ ജനങ്ങൾ നെഞ്ചിലേറ്റുന്ന ശാസ്ത്ര ഉത്സവങ്ങൾ ആയിരിക്കണം ലക്ഷ്യം!

ശാസ്ത്രവും നിത്യജീവിതവും തമ്മിലുള്ള നാഭീനാള ബന്ധം വ്യക്തമാക്കാനും ശാസ്ത്രബോധത്തിന്റെഅനിവാര്യത വ്യക്തമാക്കാനും ഉതകും വിധമാവണം ഇവ ആസൂത്രണം ചെയ്യുന്നത്. അല്ലാതെ സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത മഹാൽഭൂതമാണ് ശാസ്ത്രം എന്ന മിഥ്യാ ബോധം സൃഷ്ടിക്കാനല്ല!എന്തുകൊണ്ട് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഗവേഷണ സ്ഥാപനങ്ങൾക്കുംവർഷത്തിൽ ഒരു മാസം പൊതു ജനങ്ങൾക്കായി തങ്ങളുടെ വാതിലുകൾ മലർക്കെ തുറന്നിടുന്ന കാര്യം ആലോചിച്ചു കൂടാ ?

ശാസ്ത്ര ബോധം ഭരണഘടനയുടെ ഭാഗമായിട്ടുള്ള ഏക രാജ്യമാണ് ഇന്ത്യ എന്നു നാം അഭിമാണിക്കാറുണ്ട്. പക്ഷേ ഉത്തരവാദപ്പെട്ടചുമതലകൾ വഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അടക്കം പലരും പലവട്ടം ശാസ്ത്ര ബോധത്തിനും ശാസ്ത്രീയ സമീപനത്തിനും തീർത്തും വിരുദ്ധമായ സമീപനങ്ങൾ സ്വീകരിച്ചപ്പോൾ പോലും ഭരണ ഘടനാപരമായി അതിൽ ഇടപെടാൻ നമ്മുടെ നീതി പീഠങ്ങൾക്ക്പോലും കഴിഞ്ഞിട്ടില്ല എന്നത് അത്ഭുതകരമായി തോന്നുന്നു. നിയമ വിദഗ്ധരുടെയുംശാസ്ത്രജ്ഞരുടെയും മറ്റും സഹായത്തോടെ വിശദമായ ചർച്ചക്ക് വിധേയമക്കേണ്ടുന്നഒന്നാണ് ഇക്കാര്യം. പരിസര സംരക്ഷണവുമായി ബന്ധപ്പെട്ടും മറ്റും നിരവധി നിയമപരമായ ഇടപെടലുകൾ സാധ്യമായിട്ടുള്ളതു പോലെ ഇന്ത്യൻ പൗരന്റെ മൗലിക ചുമതലകളിൽ ഒന്നായ ശാസ്ത്ര ബോധവുമായി ബന്ധപ്പെട്ട ഭരണഘടനാ പരമായ സാധ്യതകളെക്കുറിച്ചും (Scientific Temper article 51A (h) ) അവ കൂടുതൽ ഫലപ്രദമാക്കുന്നതിന് ആവശ്യമായ നിയമ നിർമാണങ്ങളെക്കുറിച്ചും ഗൗരവമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.

മാനവ പുരോഗത്തിയിൽ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ള ശാസ്ത്രം ഇന്നൊരു വഴിത്തിരിവിലാണ്. ഒരു വശത്ത് അതിന്റെ സ്വാധീന ശക്തിഊഹാതീതമാംവിധം വർധിച്ചുവരുന്നു. മറു വശത്ത് അതിന്റെ ഉപയോഗം ആർക്കു വേണ്ടി, ഏതു വിധത്തിൽ ആവണം എന്നത് കൂടുതൽ കൂടുതൽ നിർണായകമായിക്കൊണ്ടിരിക്കുന്നു.

ശാസ്ത്രീയമായി കാര്യങ്ങളെ വിശകലനം ചെയ്യുന്ന ശാസ്ത്രത്തിന്റെ രീതി , ശാസ്ത്ര ബോധം ബഹുഭൂരിപക്ഷം ജനങ്ങളുടെ ചിന്തയുടെയും പ്രവർത്തനത്തിന്റെയുംഭാഗമാക്കി മാറ്റുക എന്നത് മാത്രമാണ് ഈ വെല്ലുവിളിയെ മറികടക്കാനുള്ള ഏക മാർഗം. ശാസ്ത്രവും ശാസ്ത്ര ബോധവും സാധാരണക്കാരുടെ ആയുധമാക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ അവസ്വാർഥതാല്പര്യങ്ങളുടെ, ലാഭ മോഹികളുടെ, കൈകളിൽ അകപ്പെടുകയും ജനങ്ങൾക്കെതിരായി പ്രയോഗിക്കപ്പെടുകയും ചെയ്യും എന്നോർക്കുക. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 4 =

Most Popular