ലോകത്ത് ശാസ്ത്രബോധം ഏറ്റവും കുറവുള്ള ജനതകളിൽ ഒന്നാണ് ഇന്ത്യയിലേത് എന്നു തോന്നുന്നു. വിദ്യാഭ്യാസമില്ലാത്തവർ മാത്രമല്ല ഉയർന്ന വിദ്യാഭ്യാസമുള്ളവരും അതിൽപ്പെടും. അവരിൽ പലരും സാങ്കേതിക വിദ്യയുടെ ആരാധകരാണ് . അതിന്റെ ഉല്പന്നങ്ങൾ എന്തു വിലകൊടുത്തും വാങ്ങും. പക്ഷേ അടിസ്ഥാന ശാസ്ത്രങ്ങളോട് അവർക്ക് പരമ പുച്ഛമാണ്. ശാസ്ത്രമൊക്കെ ഭാരതീയർക്ക് പണ്ടേ അറിയാമായിരുന്നു എന്ന് പൊങ്ങച്ചം പറയുകയും ചെയ്യും. പ്രാകൃതമായ ജാത്യാചാരങ്ങളും പൗരോഹിത്യം പ്രചരിപ്പിക്കുന്ന പഴഞ്ചൻ വിശ്വാസങ്ങളും ആണ് ഇന്നും ഇന്ത്യൻ ജനതയെ ഭരിക്കുന്നത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ പിന്തുണ കൂടി കൈവന്നതോടെ ഈ പ്രവണതയുടെ ആക്കം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു.
ഇന്ത്യ എന്നും ഇങ്ങനെ ആയിരുന്നോ? അല്ല എന്നതിന് ചരിത്രത്തിൽ ധാരാളം തെളിവുകളുണ്ട്. ശാസ്ത്രവും (സയൻസ് എന്ന അർഥത്തിൽ തന്നെ) ശാസ്ത്ര ചിന്തയും ഇവിടെ ഒരുകാലത്ത് ശക്തമായിരുന്നു. പ്രാചീന ചികിത്സാ പദ്ധതികളിൽ ആയുർവേദം പോലെ മികച്ച ഒന്ന് ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. ഗണിതത്തിൽ പൂജ്യം (ശൂന്യം), അനന്തം എന്നീ ആശയങ്ങളും ദശാംശസംഖ്യാ ക്രമവും ബീജഗണിതവും വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വലുതാണ്. ജ്യോതിശ്ശാസ്ത്രത്തിൽ ചാന്ദ്രപഥത്തെ ആസ്പദമാക്കിയുള്ള നക്ഷത്രകലണ്ടർ സമ്പ്രദായം ഇന്ത്യയുടെ സംഭാവനയാണ്. നാൾ, തിഥി, ഞാറ്റുവേല , പഞ്ച വർഷ യുഗം തുടങ്ങിയ ആശയങ്ങൾ തികച്ചും തനിമയുള്ളതായിരുന്നു. തുറന്ന ചിന്തയും എന്തിനെയും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉളള ഒരു ജനത ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്നു. ശാസ്ത്ര മുന്നേറ്റങ്ങൾക്ക് അതാണ് തുണയായത് . പിൽക്കാലത്ത് ഇന്ത്യയെ കീഴ്പ്പെടുത്തിയ ചാതുർവർണ്യ വ്യവസ്ഥയും ജാതി വേർതിരിവുകളുമാണ് അതെല്ലാം തകർത്തെറിഞ്ഞത്.
ചാതുർവർണ്യം ചെയ്തത്
ഏതാണ്ട് 3000 വർഷം മുമ്പ് ഗംഗാ,- യമുനാ തടങ്ങളിൽ സ്ഥിരവാസമുറപ്പിച്ചതോടെയാണ്, ആര്യന്മാർ എന്ന് സ്വയം വിശേഷിപ്പിച്ച സമൂഹത്തിൽ ചാതുർവർണ്യ വ്യവസ്ഥ രൂപപ്പെട്ടത്. യാഗ ,ഹോമാദി കർമങ്ങളുടെ കുത്തക നേടിയിരുന്ന ബ്രാഹ്മണ വിഭാഗം ഏറ്റവും ഉയർന്ന വർണ്യരായി മാറി. രാജ്യം ഭരിക്കാനും യുദ്ധം ചെയ്യാനും അവകാശം നേടിയ ക്ഷത്രിയർ രണ്ടാമതായും വ്യാപാര വ്യവസായങ്ങളുടെ നടത്തിപ്പുകാരായ വൈശ്യർ മൂന്നാമതായും സ്ഥാനം നേടി.. ശാരീരികാധ്വാനം ചെയ്യേണ്ടതില്ലാത്ത ഇക്കൂട്ടരെല്ലാം കൂടി 15 ശതമാനത്തോളമേ വരൂ, അന്നും ഇന്നും. നാലാം വർണികളായി ശൂദ്രരും അതിലും നീചരായി ദലിതരും ആദിവാസികളും മറ്റു പഞ്ചമരും പരിഗണിക്കപ്പെട്ടു. 85 ശതമാനത്തോളം വരുന്ന ഈ ജനവിഭാഗങ്ങളുടെ ദൗത്യം ആദ്യ മൂന്നു വർണികളെ സേവിക്കുക എന്നതായിരുന്നു. ഈ വിഭജനം ദൈവഹിതമാണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ആയുധ ശക്തിയേക്കാളേറെ തത്വചിന്തയും പുരാണങ്ങളും ഇതിഹാസങ്ങളും, ദൈവ സൃഷ്ടം എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട നിയമസംഹിതകളും ( ഉദാ. മനുസ്മൃതി, യാജ്ഞവൽക്യ സ്മൃതി) എല്ലാം പ്രയോഗിക്കപ്പെട്ടു. മനുഷ്യരുടെ ജീവിത ദുരിതങ്ങൾക്കെല്ലാം കാരണം വിധിയാണെന്നും മുജ്ജന്മകർമഫലമാണ് ഓരോരുത്തരും ആരായി പിറക്കണമെന്ന് പോലും തീരുമാനിക്കുന്നതെന്നും പ്രചരിപ്പിക്കപ്പെട്ടു. മറ്റിടങ്ങളിൽ അടിമത്തത്തെ ഒരു ചൂഷണ വ്യവസ്ഥയായിത്തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ ഇന്ത്യയിൽ അതേ അടിമത്തം തന്റെ തന്നെ കർമഫലമായി വ്യാഖ്യാനിക്കാപ്പെട്ടു. സനാതന ധർമം എന്ന മനോഹരമായ ഒരു പേരും വർണ വ്യവസ്ഥയ്ക്കു നൽകപ്പെട്ടു.
ഇതു സാധ്യമാക്കുന്നതിൽ വിദ്യാഭ്യാസം വലിയ പങ്കു വഹിച്ചു. വിദ്യാഭ്യാസം ത്രിവർണികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണവർ ചെയ്തത്. ഗുരുകുല വിദ്യാഭ്യാസമായിരുന്നു അന്നത്തെ രീതി. ഗുരുവിന്റെ കൂടെ താമസിച്ചു വേണം അറിവു നേടാൻ. എല്ലാ ഗുരുക്കളും പക്ഷേ ബ്രാഹ്മണരായിരുന്നു. ശൂദ്രർക്കോ അതിൽ താഴ്ന്നവർക്കോ സ്ത്രീകൾക്കോ അവിടെ പ്രവേശനമുണ്ടായിരുന്നില്ല.
ശാസ്ത്രം വളരുന്നത് അധ്വാനിക്കുന്ന മനുഷ്യർ അധ്വാനം ലഘൂകരിക്കാനും ഉല്പന്നങ്ങൾ മെച്ചപ്പെടുത്താനും അന്വേഷണം നടത്തുകയും അതുവഴി പുത്തൻ അറിവുകൾ സൃഷ്ടിക്കുകയും അത് അന്യോന്യം കൈമാറുകയും ചെയ്യുമ്പോഴാണല്ലോ. അധ്വാനിക്കുന്ന മനുഷ്യർക്ക് അക്ഷരം നിഷേധിക്കപ്പട്ടതോടെ അറിവിന്റെ കൈമാറ്റം നിലച്ചു; ശാസ്ത്രത്തിന്റെ വളർച്ചയും നിലച്ചു. വൈദ്യനും നെയ്ത്തുകാരനും കൊല്ലനും കൊശവനും ആശാരിയും മണ്ണിൽ പണിയെടുക്കുന്നവരും എല്ലാം ശൂദ്രരായിരുന്നു.
ഒരു ഭാഗത്ത് ഈ വിധം ശാസ്ത്രം മുരടിച്ചപ്പോൾത്തന്നെ മറുഭാഗത്ത് നിലവിൽ പ്രയോഗത്തിലുണ്ടായിരുന്ന ശാസ്ത്ര വിജ്ഞാനങ്ങളിൽ പോലും കപടവിശ്വാസങ്ങളും ആചാരങ്ങളും ചേർത്ത് കപട ശാസ്ത്രങ്ങളാക്കി മാറ്റാനുള്ള ശ്രമവും ഉണ്ടായി. വിജ്ഞാന ഭാഷ ആയ സംസ്കൃതത്തിന്റെ കുത്തക ഉണ്ടായിരുന്ന ബ്രാഹ്മണ പുരോഹിതർ ആണതു ചെയ്തത്.വാസ്തുശാസ്ത്രം ജ്യോതിശാസ്ത്രം, ആയുർവേദം തുടങ്ങിയ രംഗങ്ങളിലെല്ലാം ഇതു സംഭവിച്ചു.
ശാസ്ത്രം എന്നതിന് ശാസിക്കപ്പെട്ടത് , അഥവാ ദിവ്യരോ വിജ്ഞരോ ആയവർ കല്പിച്ചത് എന്ന അർഥമാണ് നൽകപ്പെട്ടത്. വാസ്തുശാസ്ത്രം രചിച്ചത് ഭൃഗു , പുരന്ദരൻ തുടങ്ങിയ മുനിമാർ , ജ്യോതിഷം ശിവപുത്രനാ യ സുബ്രഹ്മണ്യന്റെ സൃഷ്ടി, ആ യുർവേദം പാലാഴി മഥനത്തിൽ പൊങ്ങി വന്ന ധന്വന്തരിയുടേത് … എന്നെല്ലാം പ്രചരിപ്പിക്കപ്പെട്ടു. ആരും കപട ശാസ്ത്രങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടില്ല എന്നുറപ്പു വരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. സയൻസ് എന്ന അർഥത്തിലുള്ള ശാസ്ത്രത്തിന്റെ അന്ത്യം അതോടെ ഉറപ്പായി. അറിവിന്റെ യഥാർഥ ഉടമകൾക്ക് അക്ഷരം വശമല്ലാതിരുന്നതുകൊണ്ട് അവർക്ക് രചന സാധ്യമായിരുന്നില്ല. അതുകൊണ്ട് പുരോഹിത വിഭാഗങ്ങൾക്ക് അവർക്കു വേണ്ടവിധത്തിൽ ഗ്രന്ഥരചന നടത്താൻ കഴിഞ്ഞു. കഴിയുന്ന ഇടങ്ങളിലെല്ലാം ചടങ്ങുകളും കർമങ്ങളും ചേർത്ത് , അധ്വാനിക്കാതെ സമ്പത്തു നേടാനുള്ള വഴിയൊരുക്കുക എന്ന ലക്ഷ്യമാണ് ഇതുവഴി പുരോഹിതർ നേടിയെടുത്തത്.
ജ്യോതിശാസ്ത്രവും വാസ്തു ശാസ്ത്രവും
കപട ശാസ്ത്രങ്ങളായിമാറുന്നു
കപട ശാസ്ത്രങ്ങളുടെ മുൻനിരയിലാണല്ലോ ഇപ്പോൾ ജ്യോതിഷത്തിന്റെ സ്ഥാനം. എന്നാൽ അത് എന്നും അങ്ങനെ ആയിരുന്നോ ? അല്ല എന്ന് ഋഗ്വേദം പരിശോധിച്ചാൽ കാണാം. 27 ജന്മനക്ഷത്രങ്ങളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. ലഗധ മുനിയുടെ വേദാംഗ ജ്യോതിഷത്തിൽ (ക്രി.മു ഏതാണ്ട് പത്താം നൂറ്റാണ്ട്) അതിന്റെ വിശദാംശങ്ങളും കാണാം. ചന്ദ്രൻ ഭൂമിയെ ഒന്നു വലംവെക്കാൻ 27 ദിവസവും 8 മണിക്കൂറും എടുക്കുന്നതു കൊണ്ട് ചാന്ദ്രപഥത്തെ 27 നാളുകളായി വിഭജിക്കുകയും ഓരോ നാളിലും ഉള്ള നക്ഷത്ര രൂപങ്ങൾ കൊണ്ട് നാളുകൾക്ക് പേരു നൽകുകയുമാണ് ചെയ്തത്. അശ്വതി അശ്വമുഖം പോലെ, മകയിരം മൃഗ ശിരസ്സ് (മാൻ തല)പോലെ…എന്നിങ്ങനെ. സൂര്യനും ഓരോ നാളിലൂടെയും 13 – 14 ദിവസം കൊണ്ട് കടന്നുപോകുന്നതു കൊണ്ട് 27 ഞാറ്റുവേലകളും (ഞായർ അഥവാ സൂര്യൻ ഉള്ള വേള എന്നർഥം) നിർണയിക്കപ്പട്ടു. ഇതു രണ്ടും കാലം ഗണിക്കാനും കാലാവസ്ഥ മുൻകൂട്ടി അറിഞ്ഞ് നന്നായി കൃഷി ചെയ്യാനുളള ഒരുക്കം നടത്താനും പറ്റിയ ഒരു കലണ്ടർ വ്യവസ്ഥയുടെ ഭാഗമായിരുന്നു. അതിലപ്പുറം വ്യക്തികളുടെ ഭാവി പ്രവചനത്തിനൊന്നും അന്നത് ഉപയോഗിച്ചിരുന്നില്ല.
പിൽക്കാലത്ത് സൗരപഥ രാശികളെ ഉപയോഗിച്ചുള്ള കലണ്ടർ വ്യവസ്ഥയും ഭാവി പ്രവചന രീതികളും ഗ്രീസിൽ നിന്ന് ഇന്ത്യയിൽ എത്തിയപ്പോൾ (ഏകദേശം ക്രി.മു. നാലാം നൂറ്റാണ്ടോടെ ) പുരോഹിത വിഭാഗം അതു സന്തോഷത്തോടെ സ്വീകരിക്കുകയും ഇന്ത്യൻ നക്ഷത്ര വ്യവസ്ഥയെക്കൂടി അതിനോടു ചേർത്ത് ഒരു പ്രവചന ശാസ്ത്രത്തിന് – – ജ്യോത്സ്യത്തിന് – – രൂപം നൽകുകയും ചെയ്തു. ജനനവുമായി ബന്ധപ്പെട്ട ശുഭ, അശുഭ നക്ഷത്രങ്ങളും ഗ്രഹനിലയും എല്ലാം അതോടെ നിലവിൽ വന്നു. മുജ്ജന്മ കർമ്മഫലം ഒരാളുടെ ജീവിതത്തെ നിർണയിക്കുക മാത്രമല്ല, അത് മാനത്ത് ഗ്രഹ- നക്ഷത്ര സ്ഥാനങ്ങൾ കൊണ്ട് നിയതി അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നു വന്നു. ജ്യോത്സ്യത്തിലെ ചൊവ്വാ ദോഷവും ശനി ദശയും ശുക്രന്റെ അപഹാരവും എല്ലാം ഇത്തരം പുരോഹിത സൃഷ്ടികളാണ്. അതിനു തുടക്കം കുറിച്ച ഗർഗമുനിയും പരാശരനും വരാഹമിഹിരനും എല്ലാം ഇന്ത്യൻ ജ്യോതിഷത്തിലെ പേരു കേട്ട ‘ദൈവജ്ഞർ ‘ ആയി മാറി. ദോഷപ്രവചനം മാത്രമല്ല , അതിനെല്ലാം പരിഹാര കർമങ്ങൾ നിർദ്ദേശിക്കാനും പുരോഹിതർ മറന്നില്ല.കാരണം വരുമാനത്തിനുള്ള മാർഗം അതാണല്ലോ. ചുരുക്കത്തിൽ, കാലം ഗണിക്കാനും കാർഷികവൃത്തിക്കു വേണ്ട കലണ്ടർ നിർമിക്കാനും വേണ്ടി ആദ്യ കാല വാനനിരീക്ഷകർ രൂപം നൽകിയ ജ്യോതിഷത്തെ പുരോഹിത വർഗം ഒരു കപട ശാസ്ത്രമാക്കി മാറ്റി.
വാസ്തു ശാസ്ത്ര രംഗത്തും സംഭവിച്ചത് ഇതു തന്നെയാണ്. വീടുകളും കൊട്ടാരങ്ങളും നിർമിക്കുന്ന വാസ്തുവിദഗ്ധർ സ്വാഭാവികമായും അതിനു ചില നിയമങ്ങൾ ഉണ്ടാക്കി. അന്നത്തെ കാലത്തിന് യോജിച്ചവയായിരുന്നു ആ നിയമങ്ങൾ. ഉദാഹരണത്തിന്, എണ്ണ വിളക്കു കത്തിച്ചിരുന്ന കാലത്ത് അടുക്കള എവിടെ വേണം എന്നു പരിഗണിച്ചപ്പോൾ കിഴക്കുവശത്തോ അതിനോടു ചേർന്നോ ആകുന്നതാണ് ഉചിതം എന്ന നിഗമനത്തിൽ അവരെത്തി. കാരണം ദിനവൃത്തികൾ തുടങ്ങുന്നത് അടുക്കളയിലാണല്ലോ. സൂര്യപ്രകാശം ആദ്യം അടുക്കളയിലെത്തിയാൽ വിളക്കു കെടുത്താം. കിണറും കിഴക്കുവശത്ത് അടുക്കളയോടു ചേർന്നു തന്നെ നല്ലത്. ഇതു പോലെ തൊഴുത്തിനും കളപ്പുരയ്ക്കും എല്ലാം സ്ഥാനം നിർണയിക്കപ്പെട്ടു. എന്നാൽ കക്കൂസിന്റെ സ്ഥാനം അന്നവർ നിശ്ചയിച്ചില്ല , കാരണം അന്ന് വിശാലമായ പറമ്പാണല്ലോ കക്കൂസ് .
ഇന്ന് ഈ വാസ്തു ശാസ്ത്ര നിയമങ്ങൾ അപ്രസക്തമാണ്. കാരണം ഇന്ന് നമുക്ക് വൈദ്യുത വിളക്കുകൾ ഉണ്ട് ; അടുക്കള കിഴക്കു തന്നെ വേണമെന്നില്ല.വാട്ടർ പമ്പുകൾ ഉള്ളതു കൊണ്ട് കിണറും എവിടെയുമാകാം. തൊഴുത്തും കളപ്പുരയും വേണ്ടവർ ഇന്ന്ചുരുക്കം. പക്ഷേ വീട്ടിനുള്ളിൽത്തന്നെ കക്കൂസ് വേണം. അതു വാസ്തു ഗ്രന്ഥങ്ങളിൽ കാണാനുമില്ല. എന്നിട്ടും, പുതിയ കാലത്തിനു വേണ്ട ഗൃഹനിർമാണത്തിൽ പഴഞ്ചൻ വാസ്തു ശാസ്ത്ര നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുക്തിബോധത്തെ പരിഹസിക്കുന്ന ഒരു കപട ശാസ്ത്രമായി വാസ്തു ശാസ്ത്രത്തെ മാറ്റുന്നതിൽ ഗ്രന്ഥരചന നടത്തിയ പുരോഹിത വർഗം വിജയിച്ചിരിക്കുന്നു.
ഇതു മാത്രമല്ല അവർ ചെയ്തത് , വർണങ്ങൾ കൂടിക്കലരാതിരിക്കാനും അവർ ശ്രദ്ധിച്ചതു കാണാം. ബ്രാഹ്മണർ നെയ് മണമുള്ള വെളുത്ത മണ്ണിലും ക്ഷത്രിയർ ചോരനിറമുള്ള മണ്ണിലും വൈശ്യർ അന്നത്തിന്റെ ഗന്ധമുളള മഞ്ഞ മണ്ണിലും ശൂദ്രർ മദ്യഗന്ധമുള്ള കറുത്ത മണ്ണിലുമാണ് വീടു വെക്കേണ്ടത് എന്ന് പഴയ വാസ്തുശാസ്ത്ര ഗ്രന്ഥങ്ങൾ അനുശാസിക്കുന്നു. (പുതിയ പതിപ്പുകളിൽ നിന്ന് അത് അപ്രത്യക്ഷമായിട്ടുണ്ട് )
ഇതുപോലെ മറ്റു വിജ്ഞാന ശാഖകളിലും ബ്രാഹ്മണ്യത്തിന്റെ ഇടപെടൽ കാണാം. കൃഷിയിലും രോഗചികിത്സയിലും മറ്റെല്ലാ ജീവിതവൃത്തികളിലും മുഹൂർത്തങ്ങൾ, ശകുനങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം കിട്ടിയത് ഈ ഇടപെടൽ വഴിയാണ്. മിക്കതും ലോകത്ത് മറ്റെവിടെയും ഇല്ലാത്തവയുമാണ്.
യൂറോപ്പിലെ ശാസ്ത്ര വിപ്ലവം
യുദ്ധം തങ്ങളുടെ ധർമമാണ് എന്ന് വിശ്വസിച്ച ക്ഷത്രിയരും അതിനു വേണ്ട ഒത്താശകൾ ചെയ്ത് (അശ്വമേധയാഗം, ശത്രു സംഹാര യജ്ഞം മുതലായവ) സമ്പത്തുണ്ടാക്കിയ ബ്രാഹ്മണ പുരോഹിതരും എല്ലാം ചേർന്ന് ഇന്ത്യയെ അശാന്തമാക്കിയിരുന്ന സഹസ്രാബ്ദങ്ങളിൽ, ദുരിതം മുഴുവൻ പേറിയ നിരക്ഷരരായ സാധാരണ മനുഷ്യർ എല്ലാം വിധിയാണെന്ന് വിശ്വസിച്ച് ഇവിടെ ജീവിതം തള്ളിനീക്കുമ്പോൾ ലോകം പതുക്കെ മാറുകയായിരുന്നു. ഏതാണ്ട് അഞ്ചു നൂറ്റാണ്ടു മുമ്പ് യൂറോപ്പിൽ മാറ്റങ്ങളുടെ വേഗം വർധിക്കുകയും ആളുകൾ ഭരണവർഗത്തോടും മത നേതൃത്വത്തോടും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുകയും ചെയ്തു. നവോഥാനം എന്ന് പിന്നീട് അറിയപ്പെട്ട പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. ആരു പറഞ്ഞു എന്നു നോക്കാതെ, എന്തു പറഞ്ഞു, അതിന് തെളിവ് എവിടെ എന്നു ചോദിച്ചു തുടങ്ങിയതാണ് അതിന്റെ ആദ്യ പടി. അത് ഒടുവിൽ എത്തിച്ചേർന്നത് ഒരു ശാസ്ത്ര വിപ്ലവത്തിലാണ്. ആർക്കിമിഡസ് പ്രാചീന ഗ്രീസിലും ഇബ്ൻ അൽ ഹയ്താമും മറ്റും മധ്യകാല അറബ് നാടുകളിലും തുടങ്ങി വെച്ച ശാസ്ത്രത്തിന്റെ രീതിക്ക് (Scientific method) ഗലീലിയോ പതിനേഴാം നൂറ്റാണ്ടിൽ പൂർണത നൽകുകയും യൂറോപ്പിലാകെ അതു പടരുകയും ചെയ്തു.
എന്താണീ ശാസ്ത്രത്തിന്റെ രീതി ? അതു വളരെ ലളിതമാണ്. പ്രകൃതിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുക. അതു സംബന്ധിച്ച് ആർക്കും പരികല്പനകൾക്ക് രൂപം നൽകാം. പരികല്പന നിരീക്ഷണ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ യുക്തിസഹമായ ഊഹമോ ആകാം. രണ്ടായാലും അതിലെ നിഗമനങ്ങൾ ശരിയാണെന്ന് പുതിയ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയണം എന്നേയുള്ളൂ. എപ്പോഴും ആർക്കും അതിനെ ചോദ്യം ചെയ്യാം. തെറ്റാണെന്നു തെളിഞ്ഞാൽ തിരുത്തുകയോ ഉപേക്ഷിച്ച് പുതിയ സിദ്ധാന്തത്തിനു രൂപം നൽകുകയോ ചെയ്യാം. അന്തിമ സത്യമായി ഒരു ശാസ്ത്ര തത്വത്തെയും കരുതേണ്ടതില്ല, അത് ആരു സ്ഥാപിച്ചതായാലും.
ശാസ്ത്രത്തിന്റെ ഈ രീതിയാണ് പിന്നീട് യൂറോപ്പിൽ അടിസ്ഥാന ശാസ്ത്രത്തിലും സാങ്കേതിക വിദ്യകളിലും വൻ കുതിച്ചു ചാട്ടത്തിലേക്കും വ്യവസായ വിപ്ലവത്തിലേക്കും നയിച്ചത്.
ശാസ്ത്രത്തിന്റെ രീതി പ്രകൃതി ശാസ്ത്രങ്ങളിൽ മാത്രമല്ല സാമൂഹ്യ ശാസ്ത്രങ്ങളിലും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രയോഗിക്കാം . ഉദാഹരണത്തിന്, മുഴുവൻ ജനങ്ങൾക്കും വേണ്ട ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കുന്നത് കർഷകരാണ്. എന്നിട്ടും ആ വിഭവങ്ങൾ കച്ചവടം ചെയ്യുന്ന വ്യാപാരികൾ സമ്പന്നരാവുകയും കർഷകർ ദരിദ്രരായിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് ; ഒരു എൽ ഡി ക്ലാർക്കിനു കിട്ടുന്ന വരുമാനം പോലും ഇന്ത്യയിൽ ഒരു സാധാരണ കർഷകന് കിട്ടുന്നില്ലല്ലോ ; വെള്ളം എപ്പോഴും ഒഴുകുന്നത് താഴേക്ക് ആയിട്ടും മുംബൈ നഗരത്തിലെ മലബാർ ഹില്ലിലും മറ്റുമുള്ള സമ്പന്നരുടെ ഉയരത്തിലുള്ള ഫ്ലാറ്റുകളിൽ എപ്പോഴും പൈപ്പ് വെള്ളം കിട്ടുകയും ഏറെത്താഴെ ധാരാവി പോലുള്ള ചേരികളിൽ പൈപ്പുകളിൽ നിന്ന് ഗ്യാസ് മാത്രം ചീറ്റുകയും ചെയ്യുന്നത് എന്തു കൊണ്ടാണ് : ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടത് ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ചു തന്നെയാണ്.
ശരിക്കും ശാസ്ത്രത്തിന്റെ രീതി മനുഷ്യന് ജന്മസിദ്ധമാണ്. കാര്യങ്ങളുടെ കാരണം തേടലാണത്. അതിന് ശാസ്ത്രം പഠിക്കണമെന്നില്ല , മുളയിലേ നുള്ളിക്കളയാതിരുന്നാൽ മതി. യുക്തിരഹിത വിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേൽപ്പിച്ച് കുഞ്ഞുന്നാളിലേ കാര്യകാരണ ബോധത്തെ ഇല്ലാതാക്കുകയാണ് സമൂഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ശാസ്ത്രത്തിന്റെ രീതിയും
ശാസ്ത്ര ബോധവും
പരിമിതമായ മേഖലകളിൽ മാത്രം ശാസ്ത്രത്തിന്റെ രീതി പ്രയോഗിക്കുകയും മറ്റിടങ്ങളിൽ അതു മറക്കുകയും ചെയ്യുന്നവരുണ്ട്. സൈദ്ധാന്തിക ഭൗതികത്തിൽ മികച്ച ശാസ്ത്രനേട്ടങ്ങൾ കൈവരിക്കുകയും എന്നിട്ടും മഹേശ് യോഗിയുടെ അതീന്ദ്രിയ ധ്യാന പ്രചാരകനായി നടക്കുകയും ചെയ്ത ഒരു വലിയ മലയാളി ശാസ്ത്രജ്ഞൻ നമുക്കുണ്ടായിരുന്നു. അതീന്ദ്രിയാനുഭവത്തിന് തെളിവ് എവിടെ എന്ന് അദ്ദേഹം ചോദിച്ചില്ല. ശാസ്ത്രത്തിന്റ രീതി ഉൾക്കൊണ്ടു തന്നെ മികച്ച റോക്കറ്റുകൾ നിർമിക്കുകയും വിക്ഷേപിക്കുമ്പോൾ തേങ്ങ ഉടച്ച് പൂജ നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞരും ഇവിടെ ധാരാളമുണ്ടല്ലോ. അതൊന്നും ചെയ്യാതെ തന്നെ മറ്റിടങ്ങളിൽ റോക്കറ്റ് മാനത്ത് എത്തുന്നുണ്ട് എന്ന കാര്യം അവർക്ക് അറിയാഞ്ഞിട്ടല്ല.ശാസ്ത്രത്തിന്റെ രീതി മനുഷ്യവിരുദ്ധമായി ഉപയോഗിക്കുന്നവരും നിരവധിയാണ്. ജൂതരെ വെടിവെച്ചുകൊല്ലാൻ വലിയ പണച്ചെലവ് വരുന്നു . ചെലവ് കുറഞ്ഞ ഒരു മാർഗം കണ്ടെത്താൻ ഹിറ്റ്ലർ നിയോഗിച്ചത് ഐക്മാനെ ആണ്. ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ച് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ വഴി കണ്ടെത്തിയ മാർഗമാണ് കുപ്രസിദ്ധമായ ഗ്യാസ് ചേംബറുകൾ.
ശാസ്ത്രത്തിന്റെ രീതിയ്ക്കപ്പുറം ശാസ്ത്ര ബോധം (Scientific temper) എന്ന ഒരു തലം വേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. ശാസ്ത്രത്തിന്റ രീതി ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കാനും അതിൽ മാനവികതയുടെ അംശം കാത്തുസൂക്ഷിക്കാനും കഴിഞ്ഞാലേ ഒരാൾക്ക് ശാസ്ത്ര ബോധം ഉണ്ട് എന്നു പറയാൻ കഴിയൂ. മികച്ച ശാസ്ത്രജ്ഞനോ സാമൂഹ്യ പ്രവർത്തകനോ ആയിരിക്കുമ്പോൾത്തന്നെ വീട്ടിൽ (നാട്ടിലും ) പുരുഷ മേധാവിത്തം വെച്ചുപുലർത്തുന്നവർക്ക് ശാസ്ത്ര ബോധം ഉണ്ടെന്നു പറയാൻ കഴിയുമോ ? ജാതി മേൽക്കോയ്മയും മതവൈരവും വെച്ചുപുലർത്തുന്നവരും ശാസ്ത്രബോധമില്ലാത്തവരല്ലേ? മനുഷ്യതുല്യത എന്ന മാനവിക മൂല്യത്തിന് യോജിക്കുന്നതല്ലല്ലോ ഇതൊന്നും.
കേരള നവോത്ഥാനവും
ശാസ്ത്രബോധവും
ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം ഉണർത്തിയ നവോത്ഥാന സ്വപ്നങ്ങൾ വലുതായിരുന്നു. രാജ്യത്ത് പലയിടങ്ങളിലും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉയർന്നു വന്നു . എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം അതൊന്നും മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം വേണ്ടത്ര ഉണ്ടായില്ല. ഭരണ തലപ്പത്ത് എത്തിയ രാഷ്ട്രീയ നേതൃത്വത്തിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ത്രിവർണികൾക്കായിരുന്നു വലിയ മുൻതൂക്കം, കാരണം അവർക്കേ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ. ശാസ്ത്രബോധത്തിനു വേണ്ടി ജവാഹർലാൽ നെഹ്റുവിന്റെ മുൻകയ്യോടെ ശ്രമങ്ങൾ ഉണ്ടായെങ്കിലും അതിനു വേണ്ടത്ര പിന്തുണ കിട്ടിയില്ല. ശാസ്ത്ര ബോധം എന്ന പദത്തിനു പോലും നാം കടപ്പെട്ടിരിക്കുന്നത് നെഹ്റുവിനോടാണ്. ഇന്ന് അത്തരം ശ്രമങ്ങളൊന്നും നടക്കുന്നില്ല എന്നു മാത്രമല്ല വലിയ തിരിച്ചടികൾ നേരിടുകയുമാണ്. എല്ലാ വിജ്ഞാനവും പ്രദാനം ചെയ്തിരുന്ന ഋഷിവര്യന്മാർ ഇവിടെ ഉണ്ടായിരുന്നു എന്നും വിമാനവും ജനിതക വിദ്യയും ആണവ സാങ്കേതികവിദ്യയും ഭാരതീയർക്ക് വശമുണ്ടായിരുന്നു എന്നും വീമ്പടിക്കുന്നവരാണ് രാജ്യഭരണം കയ്യാളുന്നത്. എന്നിട്ടെന്തേ വെറും വാളും പരിചയുമായി വന്ന മുഗളന്മാർക്കും വിമാനത്തെക്കുറിച്ച് അക്കാലത്ത് കേട്ടിട്ടു പോലുമില്ലാതിരുന്ന ബ്രിട്ടീഷുകാർക്കും ഇന്ത്യയെ എളുപ്പം കീഴടക്കാൻ കഴിഞ്ഞത് എന്ന ചോദ്യം ചോദിക്കാൻ പോലും പലർക്കും ധൈര്യമില്ല.
കേരളത്തിന്റെ അവസ്ഥ താരതമ്യേന മെച്ചമാണെന്നു പറയാം. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച നവോത്ഥാന ചിന്തകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവർത്തനവും അതിനു സഹായകമായി. എന്നാൽ കേരള നവോത്ഥാനത്തിന്റെ ഒരു മുഖ്യ ദൗർബല്യം ഇപ്പോൾ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലെ നവോത്ഥാനം ശാസ്ത്രത്തിലും ശാസ്ത്രബോധത്തിലും അടിയുറച്ചതായിരുന്നു. അത് അവിടെ ഒരു തിരിച്ചുപോക്ക് അസാധ്യമാക്കി. കേരളത്തിൽ ജാതി ചൂഷണത്തിനും ജന്മിത്ത ചൂഷണത്തിനും എതിരെ വലിയ മുന്നേറ്റമുണ്ടായെങ്കിലും ശാസ്ത്ര വിജ്ഞാനമോ ശാസ്ത്രബോധമോ ഒപ്പം മുന്നേറിയില്ല. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും ഒരു തിരിച്ചു പോക്ക് സാധ്യമാണ്. മതനേതൃത്വങ്ങൾ, പ്രത്യേകിച്ച് ഹിന്ദുത്വശക്തികൾ അതിനുള്ള പരിശ്രമത്തിലാണ്. അതിലവർ ഭാഗിക വിജയം കൈവരിച്ചു കഴിഞ്ഞിട്ടുമുണ്ട്. ശബരിമല പ്രക്ഷോഭത്തിലും വിഴിഞ്ഞം സമരത്തിലും ഒക്കെ നാമതു കണ്ടതാണ്. യാഗങ്ങൾക്കും ഹോമങ്ങൾക്കും നരബലിയും ഹനുമാൻതൂക്കംപോലുള്ള കർമ വൈകൃതങ്ങൾക്കും സ്വീകാര്യതയേറുന്നു. ധനാഗമന യന്ത്രങ്ങളും വലംപിരിശങ്കുകളും വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല. അതുകൊണ്ട് കേരളം നേടിയ നേട്ടങ്ങളൊക്കെ നിലനിൽക്കണമെങ്കിൽ സാധാരണമനുഷ്യരിലേക്ക് ശാസ്ത്രവും ശാസ്ത്രബോധവും എത്തിക്കാനുള്ള ശ്രമം പലമടങ്ങ് വർധിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളുമെല്ലാം അതിനു കൂട്ടായി ശ്രമിച്ചേ മതിയാകൂ. ♦