സയൻസ് എന്ന വാക്ക് ഇംഗ്ലീഷിൽ പ്രയോഗത്തിൽ വന്നിട്ട് അഞ്ചു നൂറ്റാണ്ടേ ആയുള്ളൂ. 17–ാം നൂറ്റാണ്ടിൽ ഫ്രാൻസിസ് ബേക്കൺ എന്ന ദാർശനികനാണ് ഒരു വിജ്ഞാനശാഖയെ വിശേഷിപ്പിക്കുന്നതിനു സയൻസ് എന്ന പദം പ്രയോഗിച്ചത്. ശാസ്ത്രത്തിന്റെ രീതി ഭൗതിക – ജീവലോക പഠനങ്ങൾക്കായി ആദ്യം പ്രയോഗിച്ചത് ഗലീലിയോയും ചാൾസ് ഡാർവിനുമാണ് എന്നു ചരിത്രം പറയുന്നു. ആകാശഗോളങ്ങളുടെ ചലനം മനുഷ്യർ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും തുടങ്ങിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി. 2400 വർഷങ്ങൾക്കു മുമ്പ് ഗ്രീക്ക് ദാർശനികനായിരുന്ന അരിസ്റ്റോട്ടിലാണ് നിരീക്ഷണ, പരീക്ഷണ, വിശകലനങ്ങളെ ഒരു പ്രത്യേക രീതിയിൽ സംയോജിപ്പിച്ച് പ്രകൃതിയെക്കുറിച്ചുള്ള പഠനം കൂടുതൽ യുക്തിയുക്തം ആക്കിയത് എന്നാണ് പൊതു നിഗമനം. ആയിരക്കണക്കിനു വർഷങ്ങളായി ഗ്രീക്ക് – യവന– ഇന്ത്യൻ – ചെെനീസ് – അറബ് പണ്ഡിതർ അവരവരുടെ നിരീക്ഷണ, പരീക്ഷണ, വിശകലനങ്ങളിലൂടെ പ്രകൃതിയെക്കുറിച്ച് നിരന്തരം പുതിയ അറിവ് സൃഷ്ടിച്ചുകൊണ്ടിരുന്നു.
എന്നാൽ അവരൊക്കെ പ്രയോഗിച്ച യുക്തിയെ പുതിയ പഠന, മനനങ്ങളിലൂടെ വ്യത്യസ്തമായ ഒരു തലത്തിലേക്ക് എത്തിച്ചത് ഗലീലിയോയും ഡാർവിനുമായിരുന്നു. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നായിരുന്നു അവരുടെ കാലം വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജ്ഞാനികൾ എത്തിച്ചേർന്നിരുന്ന നിഗമനം. എന്നാൽ സൂര്യന്റെയും ഗ്രഹങ്ങളുടെയും ചലനം സംബന്ധിച്ച വർഷങ്ങളായുള്ള വിവരം വിശകലനം ചെയ്ത് ഗലീലിയോ ഉൾപ്പെടെയുള് ശാസ്ത്രജ്ഞർ, ഗ്രഹങ്ങൾ സൂര്യനെ വലം വെക്കുകയാണ് ഭൂമി എന്നു സ്ഥാപിച്ചു. ചന്ദ്രൻ ഭൂമിക്കുചുറ്റും കറങ്ങുന്ന ഉപഗ്രഹമാണ്. അത് പഠിക്കാനായി ടെലസ്കോപ് എന്ന ഉപകരണം അദ്ദേഹം ഉപയോഗിച്ചു. പിന്നീടുള്ള ജേ–്യാതിശാസ്ത്രജ്ഞർ ഇൗ സിദ്ധാന്തത്തെ സ്ഥിരീകരിച്ചു.
അതുപോലെ 19–ാം നൂറ്റാണ്ടിൽ ഡാർവിൻ വർഷങ്ങൾ നീണ്ടുനിന്ന പഠന, പര്യടനങ്ങളുടെയും അതുവഴി ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിന്റെയും അടിസ്ഥാനത്തിൽ ദശലക്ഷക്കണക്കിനു വർഷങ്ങളായി ഭൂമിയിലെ ജീവികളിൽ പരിണാമം നിരന്തരം നടന്നുവരികയാണെന്നു ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ശേഖരിച്ച അസ്ഥികളും മറ്റും നിരത്തി വിശകലനം ചെയ്തു സ്ഥാപിച്ചു. ഈ രണ്ടു കണ്ടുപിടിത്തങ്ങളും പ്രകൃതി – ജീവശാസ്ത്ര മേഖലകളിൽ വലിയ പുരോഗതിക്ക് ഇടയാക്കി. മതപണ്ഡിതന്മാരും വിവിധ വിജ്ഞാനശാഖകളിലെ ചില ഗവേഷകരും മറ്റും ആദ്യം ഈ രണ്ടു സിദ്ധാന്തങ്ങളെയും എതിർത്തെങ്കിലും തുടർച്ചയായി അനാവരണം ചെയ്യപ്പെട്ട പ്രകൃതി വിജ്ഞാന സംബന്ധമായ പുതിയ അറിവുകളുടെ വെളിച്ചത്തിൽ ഗലീലിയോയും ഡാർവിനും പറഞ്ഞതാണ് ശരി എന്നു പൊതുവിൽ അംഗീകരിക്കാൻ നിർബന്ധിതരായി.
ഇന്നു ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള രാജ്യങ്ങളിലായി ദശലക്ഷക്കണക്കിനു ശാസ്ത്രജഞരാണ് പ്രവർത്തിച്ചുവരുന്നത്. അവരുടെ പ്രവർത്തനഫലമായി ശാസ്ത്രം ശാഖോപശാഖകളായി നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ഒരു മഹാവൃക്ഷമായി തീർന്നിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടുമുതൽ ലോകത്താകെ വലിയ പുരോഗതി ഉണ്ടായി. അതിന്റെ വലിയ പങ്ക് മുതലാളിത്ത – സാമ്രാജ്യത്വ രാജ്യങ്ങളാണ് കയ്യടക്കിയത്. ഓരോ നൂറ്റാണ്ടു കഴിയുംതോറും ശാസ്ത്ര പുരോഗതി നിസ്സീമമായിരുന്നു. അതോടൊപ്പം ലോകജനസംഖ്യയും വർധിച്ചു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് അത് നാലിരട്ടിയോളമായി വർധിച്ചു. അതോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരവും അറിവിന്റെയും വിനോദത്തിന്റെയും മേഖലകളും നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു; വ്യവസായവൽക്കരണവും അതുമായി ബന്ധപ്പെട്ട പല നടപടികളുംമൂലം ഭൂമിയുടെ താപമാനം വർധിച്ചു. മലിനീകരണവും പരിസ്ഥിതിനാശവും രൂക്ഷമായി. ശാസ്ത്രവും സാങ്കേതിക വിദ്യയും അവയ്ക്കുള്ള പ്രതിവിധികൾ നിർദ്ദേശിച്ചെങ്കിലും, അവ നടപ്പാക്കുമ്പോൾ തങ്ങളുടെ ലാഭത്തിൽ കുറവു വരും എന്നു കണ്ട് മുതലാളിത്ത – സാമ്രാജ്യത്വശക്തികൾ അവ സമയബന്ധിതമായി നടപ്പാക്കുന്നതിനു തടസ്സം നിൽക്കുകയാണ്. അതിന്റെ ദുരിതം ലോകജനതയാകെ അനുഭവിക്കുന്നു.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചകയ്ക്കും അത് ലോകജനതയ്ക്ക് ഒരുപോലെ അനുഭവപ്പെടുന്നതിനും പ്രധാനമായി വേണ്ടത് അവ കാര്യക്ഷമമായി നടപ്പാക്കുകയാണ്. അതിന് അനിവാര്യമായത് ശാസ്ത്രബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കി തക്ക നടപടികൾ സമയോചിതമായി കെെക്കൊള്ളുകയാണ്. ശാസ്ത്രബോധം എന്താണ്, അതിന്റെ ആവശ്യം എന്താണ്, എങ്ങനെ അത് സ്വായത്തമാക്കും, അതുകൊണ്ടുള്ള പ്രയോജനം എന്താണ് എന്നെല്ലാമുള്ള ചോദ്യങ്ങൾ അതിന്റെ ഭാഗമായി ഉയർന്നുവരുന്നു. ശാസ്ത്രബോധം എന്നാൽ ശാസ്ത്രത്തിന്റെ യുക്തിയെക്കുറിച്ചുള്ള ബോധമാണ്, അറിവിന്റെ നിർമാണത്തിലെ രാസത്വരകമാണ്. ശാസ്ത്രത്തിന്റെ പ്രയോജനം, അത് പ്രയോഗിക്കേണ്ടത് എങ്ങനെ, ശാസ്ത്രം ഉയർത്തുന്ന ഭീഷണി തുടങ്ങിയ കാര്യങ്ങൾ വ്യവച്ഛേദിച്ച് അറിയുന്നതിനു ശാസ്ത്രബോധം നിർണായകമാണ്.
ഇതു സംബന്ധമായ എല്ലാ കാര്യങ്ങളും ജനങ്ങൾ എല്ലാവരും വിശദമായി പഠിക്കണമെന്നോ അറിയണമെന്നോ ഇല്ല. പക്ഷേ, ശാസ്ത്രബോധം പൊതുവിൽ അവർക്കുണ്ടായാൽ മാത്രമേ അവസാനം പറഞ്ഞ കാര്യങ്ങളിൽ ശാസ്ത്രജ്ഞർ നൽകുന്ന വിജ്ഞാനം ഉൾക്കൊള്ളാനും അതിന്റെ മാർഗനിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാനും അവർ തയ്യാറാകുകയുള്ളൂ. ഇന്നു ലോകത്തെവിടെയായാലും, നമ്മുടെ രാജ്യത്തായാലും, ജനങ്ങൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് ശാസ്ത്രം പ്രതിവിധികൾ നിർദ്ദേശിച്ചിട്ടുണ്ട്. അത് ചൂണ്ടിക്കാണിക്കുന്ന രീതിയിൽ അവ നടപ്പാക്കിയാൽ ഇന്നു മാനവരാശി പൊതുവിലും ഓരോരോ രാജ്യത്തെ ജനങ്ങൾ പ്രത്യേകിച്ചും നേരിടുന്ന ഒട്ടേറെ ദുരിതങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ കഴിയും.
ജനങ്ങൾ മതങ്ങളായി (ഇന്ത്യയിൽ ജാതികളായും) കഴിഞ്ഞ കാലങ്ങളിൽ സംഘടിപ്പിക്കപ്പെട്ടിരുന്നു.ഇത്തരത്തിലുള്ള വിഭജനത്തിനും അതിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനും ശത്രുതയ്ക്കും ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ല. മാനവരാശിയുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ നടപ്പാക്കപ്പെട്ട സമൂഹവിഭജനമാണ് ജാതിമതങ്ങൾ വഴി ഉണ്ടായത്. എല്ലാ പൗരരെയും തുല്യരായി കണക്കാക്കുന്ന ജനാധിപത്യവ്യവസ്ഥയിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പു നടപ്പാക്കപ്പെട്ട ജാതി – മത വ്യവസ്ഥകൾക്ക് അടിസ്ഥാനമില്ല.
ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥയ‍്ക്ക് ഇണങ്ങുന്ന കാര്യങ്ങൾക്കു മാത്രമേ ഇവിടെ ഇനി പ്രസക്തിയുള്ളൂ. അതിനുവിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഭരണഘടനാവിരുദ്ധമാണ്; യുക്തിവിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളത് എന്നതിനാൽ ഭരണകൂടത്തിന് അവയെ ബലംപ്രയോഗിച്ച് ഇല്ലാതാക്കാനാവില്ല. ജനാധിപത്യബോധത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാവിരുദ്ധമായ പഴയ വിശ്വാസങ്ങളെയും ആചാരങ്ങളെയും ജനങ്ങൾ ഒഴിവാക്കണം. അതിനവരെ ചിന്താപരമായി, മാനസികമായി ഒരുക്കാൻ ശാസ്ത്രബോധം സഹായിക്കും. അതിനാൽ ശാസ്ത്രബോധം ജനങ്ങളിലാകെ അങ്കുരിപ്പിക്കേണ്ടത് നമ്മുടെ മതനിരപേക്ഷ, ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽപിനും വളർച്ചയ്ക്കും ഒഴിവാക്കാനാവാത്തതാണ്.
ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ വലിയ മാറ്റം ആവശ്യമായിട്ടുള്ള രംഗമാണ് വിദ്യാഭ്യാസം. നാടുവാഴിത്ത – സാമ്രാജ്യത്വ വ്യവസ്ഥയിൽ വിദ്യാഭ്യാസം പഠിപ്പിച്ചത് അനുസരിക്കാനാണ് – കാരണവന്മാരെ, ഭരണകൂടത്തെ എല്ലാം. എന്നാൽ നിലവിലിരുന്ന ആശയങ്ങളെയും കീഴ്–വഴക്കങ്ങളെയും ചോദ്യം ചെയ്തും തട്ടിമാറ്റിയുമാണ് മാനവരാശിക്ക് പുരോഗതി ഉണ്ടായത് എന്നു ചരിത്രം പഠിപ്പിക്കുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതിനാൽ, ജനാധിപത്യ വിദ്യാഭ്യാസ ക്രമത്തിൽ ചോദ്യം ചെയ്യാൻ വിദ്യാർഥികളെ പഠിപ്പിക്കണം. അരാജകത്വം ഉണ്ടാക്കാനല്ല; ന്യായമായ, യുക്തിസഹമായ പുരോഗതിക്ക്. നിലവിലുള്ള നിയമങ്ങളെ ചോദ്യം ചെയ്തതിലൂടെയാണ് സമൂഹം മുന്നേറിയത്. അനാചാരങ്ങളൊക്കെ ഇല്ലാതായത് അങ്ങനെയാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കേരളത്തിന്റെ ചരിത്രം അതാണ് കാണിക്കുന്നത്. ഇനിയും അത് വേണ്ടിവരും. ശാസ്ത്രത്തിന്റെ കാര്യത്തിലും നിലവിലുള്ളതിലെ യുക്തിഭംഗത്തെ, സങ്കുചിതത്വത്തെ ചോദ്യം ചെയ്താണ് സി വി രാമന്റെയും ഐൻസ്റ്റെെന്റെയും കണ്ടുപിടിത്തങ്ങൾ ഉണ്ടായത്. ആരോഗ്യശാസ്ത്രത്തിലെ പുരോഗതിയാകെ അത്തരത്തിലാണ്.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പെങ്കിൽ, എന്തുകൊണ്ട് ശാസ്ത്രബോധം പൊതുബോധം ആക്കപ്പെടുന്നില്ല? സ്വാഭാവികമായ സംശയമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന അന്യായത്തിനും അസമത്വത്തിനും അജ്ഞതയ്ക്കും അവ ഉണ്ടാക്കുന്ന മറ്റു സാമൂഹ്യദോഷങ്ങൾക്കും കാരണം ശാസ്ത്രബോധത്തെ പൊതുബോധമാക്കാത്തതാണ്. അതു സംഭവിച്ചാൽ ചൂഷണവും അടിച്ചമർത്തലും അവയുമായി ബന്ധപ്പെട്ട മറ്റു സാമൂഹ്യദോഷങ്ങളും അവസാനിപ്പിക്കേണ്ടിവരും. അതിനാൽ ചൂഷകവർഗങ്ങളും, അവയുടെ നിയന്ത്രണത്തിലുള്ള ഭരണകൂടവും ശാസ്ത്രബോധം പൊതുബോധമാകുന്നതിനെ തടസ്സപ്പെടുത്തുന്നു. ഒരുഭാഗത്ത് സാർവത്രിക വിദ്യാഭ്യാസവ്യാപനത്തെ അത് തടയുന്നു. അത് കെെവരിച്ച കേരളത്തിൽ കാലഹരണപ്പെട്ട, ഭരണഘടനാവിരുദ്ധമായ അന്ധശ്വാസങ്ങളെയും അനാചാരങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യബന്ധങ്ങളെയും നിലനിർത്തുന്നു. ദേവാലയങ്ങളും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും ഭരണഘടനകയ്ക്ക് നിരക്കാത്തതുമായ ആചാരാനുഷ്ഠാനങ്ങളെയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയും നിലനിർത്തുന്നു. അതാണ് നരബലിക്ക് സഹായകമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചത്. അതിനെതിരായ അതിവിപുലമായ സാമൂഹ്യചർച്ചയെ തടഞ്ഞതും.
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, വിദ്യാലയങ്ങളിലെ അധ്യാപക – വിദ്യാർഥി ബന്ധങ്ങൾ മുതലായവയെ ആശയപരമായി പരിഷ്കരിക്കേണ്ടത് മതനിരപേക്ഷ ജനാധിപത്യ പുരോഗതിക്കു മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയ്ക്കും പ്രധാനമാണ്. ചോദ്യം ചെയ്യുന്നതിൽനിന്നു വിദ്യാർഥിയെ തടയുന്നതാണ് നമ്മുടെ പരമ്പരാഗത രീതി. അധ്യാപകൻ പറയുന്നത് വിദ്യാർഥി ചോദ്യം ചെയ്യാതെ അംഗീകരിക്കണം. ഇത് വിജ്ഞാന പുരോഗതിയുടെ കടയ്ക്കൽ കത്തിവെക്കുന്നു. മധ്യശതകങ്ങളിൽ ഭാരതത്തിന്റെ ബൗദ്ധികമായ വളർച്ചയെ തടഞ്ഞത് അതാണ്. വിജ്ഞാനത്തിന്റെ ആദാന, പ്രദാന പ്രക്രിയയുടെ അവിഭാജ്യഘടകമാണ് ചോദ്യം ചെയ്യൽ. അതാണ് തടയപ്പെട്ടതും.
നികുതി അടയ്ക്കാത്തതിന്റെ പേരിൽ, ബാങ്കിൽനിന്നും കടമെടുത്തത് യഥാസമയം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ദരിദ്രരും സാധാരണക്കാരും ക്രൂശിക്കപ്പെടുന്നു. അവരെ സർക്കാരും കോടതിയും പാപ്പരായി പ്രഖ്യാപിക്കുന്നു. അതേസമയം പതിനായിരക്കണക്കിനു കോടി രൂപ ബാങ്ക് വായ്പ എടുത്ത കുത്തകകൾ തിരിച്ചടയ്ക്കാത്തതുമൂലം ബാങ്ക് തകരുന്നു. കുത്തക മുതലാളിയുടെ മേൽ കേസൊന്നുമല്ല. അത്തരക്കാർ ലോകത്തിലെ ഏറ്റവും വലിയ ധനികരായി മാറുന്നു. ഈ സമ്പ്രദായത്തിലെ ശാസ്ത്രബോധവിരുദ്ധമായ നീതിബോധത്തെ ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ശാസ്ത്രബോധം തലകീഴായി നിർത്തപ്പെടുകയാണ് ഇവിടെ.
ഭരണഘടനയുടെ 51–ാം അനുച്ഛേദത്തിൽ എടുത്തു പറയുന്ന ശാസ്ത്രബോധത്തെ പൂർണമായി നടപ്പാക്കിയില്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ സവിശേഷതയായി അതിനെ എടുത്തുപറയാറുണ്ടായിരുന്നു ഇതുവരെ. എന്നാൽ, ഇപ്പോൾ മോദി സർക്കാരിന്റെ ഭാഗത്തുനിന്നു നമ്മുടെ സാമൂഹ്യഘടനയുടെ മതനിരപേക്ഷ സ്വഭാവം മുതൽ പല അടിസ്ഥാന നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നു. മോദി സർക്കാർ ശാസ്ത്രബോധത്തെ അതിന്റെ നാനാ നടപടികളിലൂടെ ചോദ്യം ചെയ്യുകയാണ്; സർക്കാർ സംവിധാനത്തിൽ എവിടെയൊക്കെ ശാസ്ത്രബോധത്തിനു സ്ഥാനമുണ്ടോ, അതെല്ലാം ഇല്ലാതാക്കപ്പെടുകയാണ്.
ജനസംഖ്യാ വളർച്ചയുടെയും മറ്റും ഫലമായി പുതിയ ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നുവരുന്നു. അതോടൊപ്പം പഴയവ കൂടുതൽ രൂക്ഷമാകുന്നു. ഇവയെ നേരിടുന്നതിന് ഇതുവരെ പ്രയോഗിച്ചുവന്ന രീതികൾ മാത്രം മതിയാവില്ല. പ്രശ്നങ്ങളിൽ വന്ന ഗുണപരമായ മാറ്റം തിരിച്ചറിഞ്ഞ് അവയെ കെെകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പരിതഃസ്ഥിതിയിൽ, അതുണ്ടാക്കുന്ന പ്രശ്നങ്ങളിൽ വരുന്ന മാറ്റങ്ങളെ നേരിടാൻ ഉതകുന്ന പ്രതിവിധികൾ കണ്ടെത്തണം. അതിനുതകുന്ന രീതിയിൽ പഴയതും പുതിയതുമായ ശാസ്ത്രവിജ്ഞാനത്തെ ഇണക്കിച്ചേർത്ത് പ്രയോഗിക്കാൻ കഴിയണം.
ഇത് ശാസ്ത്രജ്ഞരോ അവർ പ്രവർത്തിക്കുന്ന സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളോ സംഘടനകളോ മാത്രം ചെയ്യേണ്ട കാര്യമല്ല. ഇന്നു സമൂഹത്തിൽ നിർണായക പങ്കുവഹിക്കുന്ന മാധ്യമങ്ങളും നവമാധ്യമങ്ങളും അധികാരികളെയും ശാസ്ത്ര പ്രവർത്തകരെയും ജനസാമാന്യത്തെയും ബോധവാന്മാരാക്കുന്നതിലും ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കാൻ സന്നദ്ധരാക്കുന്നതിലും നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തതിന്റെ ചില ഉദാഹരണങ്ങൾ നാനാരാജ്യങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
മാധ്യമങ്ങൾക്ക് ബോധവൽക്കരിക്കാനും അന്തരീക്ഷം ഒരുക്കാനും മാത്രമേ കഴിയൂ. യഥാർഥത്തിൽ ജനങ്ങളെ അണിനിരത്തി പ്രവർത്തിക്കേണ്ടത് തൊഴിലാളി കർഷകാദി സംഘടനകളും കുടുംബശ്രീ മുതൽ ഗ്രന്ഥശാലാ സംഘം വരെയുള്ള പ്രസ്ഥാനങ്ങളും അവയെ ചൂഴ്ന്നു നിലകൊള്ളുന്ന രാഷ‍്ട്രീയ പാർട്ടികളും മറ്റുമാണ്. അവയ്ക്കെല്ലാം ഇങ്ങനെ തങ്ങളുടെ പങ്ക് നിറവേറ്റാൻ കഴിയണമെങ്കിൽ ശാസ്ത്രബോധം കൂടിയേ കഴിയൂ. ആ ബോധമാണ് തങ്ങൾക്ക് ഇക്കാര്യത്തിൽ എന്തു റോളാണ് വഹിക്കാൻ കഴിയുക എന്ന് അവരെ ബോധ്യപ്പെടുത്തുക.
ശാസ്ത്രബോധത്തിന്റെ മൗലിക സ്വഭാവം എല്ലാ കാലത്തും ഒന്നു തന്നെയായിരിക്കും. പക്ഷേ, സമൂഹവും പ്രകൃതിയും തമ്മിൽ നടക്കുന്ന നിരന്തരമായ ആദാന പ്രദാനങ്ങളുടെ ഫലമായി ശാസ്ത്രബോധത്തിന്റെ രൂപ – ഭാവങ്ങളുടെ വിശദാംശങ്ങളിൽ നിരന്തരം മാറ്റം വന്നുകൊണ്ടിരിക്കും. ഇവയെ പഠിക്കാനും ജനസാമാന്യത്തിന് എളുപ്പം ഉൾക്കൊള്ളാൻ കഴിയുംവിധം വിശദീകരിക്കാനും വിദ്യാഭ്യാസ -– ഗവേഷണ സ്ഥാപനങ്ങൾക്കും അവയിൽ പ്രവർത്തിക്കുന്നവർക്കുമാണ് കഴിയുക. ശാസ്ത്രബോധത്തിന്റെ നിരന്തരമായ വളർച്ചകയ്ക്കും വ്യാപനത്തിനും ഈ സ്ഥാപനങ്ങൾക്കും അവയിൽ പ്രവർത്തിക്കുന്നവർക്കും ബഹുജനങ്ങളുമായി നാഭീനാളബന്ധം ഉണ്ടാകണം. ♦