Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിശാസ്ത്രീയ സമീപനവും അറിവും

ശാസ്ത്രീയ സമീപനവും അറിവും

എസ്. രാമചന്ദ്രൻപിള്ള

റിവിന്റെ വികാസവും അതിന്റെ പ്രയോഗവുമാണ് പ്രാകൃത മനുഷ്യനെ ആധുനിക മനുഷ്യനാക്കിയത്, മനുഷ്യനെ സർവ്വശക്തനായി വളർത്തുന്നത്. അറിവിന്റെയും പ്രയോഗത്തിന്റെയും വികാസം നേടിത്തരുന്നത് ശാസ്ത്രീയ സമീപനമാണ്. ശാസ്ത്രീയ സമീപനം എല്ലാ അന്ധവിശ്വാസങ്ങൾക്കും എതിരാണ്. എല്ലാ വിശ്വാസങ്ങളും തെളിയിക്കപ്പെടേണ്ടതാണ്. വിശ്വാസങ്ങൾ വസ്തുതകളുടെയും അറിവിനെ ആധാരമാക്കിയ യുക്തിയുടെയും അടിസ്ഥാനത്തിലാകണം. എന്തിനോടും ‘‘എങ്ങിനെ”, ‘‘എന്ത്”, ‘‘എന്തുകൊണ്ട്” എന്നിങ്ങനെ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം കണ്ടെത്താനും ശാസ്ത്രീയ സമീപനം ആവശ്യപ്പെടുന്നു. ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യാത്ത ഒരു വിശ്വാസവും കാഴ്ചപ്പാടും ശാസ്ത്രീയ സമീപനമാണെന്ന് അംഗീകരിക്കാനാകില്ല. അന്ധവിശ്വാസികളാണ് തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഇഷ്ടപ്പെടാത്തവർ, ചോദ്യം ചെയ്യുന്നതിനെ എതിർക്കുന്നവർ, ഭയപ്പെടുന്നവർ. അറിയാനുള്ള കാര്യങ്ങൾ ഏറെയുണ്ടെന്നും ശാസ്ത്രീയ സമീപനം നമ്മെ ഓർമ്മപ്പെടുത്തുന്നു. അറിവ് ആർജ്ജിക്കാനാവുമെന്ന ആത്മവിശ്വാസവും ശാസ്ത്രീയ സമീപനം പകർന്നുതരുന്നു.

ശാസ്ത്രീയ സമീപനം ഒരർത്ഥത്തിൽ സാഹസിക മനോഭാവമാണ്, ധീരമായ മനോഭാവമാണ്. പുതിയ വസ്തുതകളെയും കണ്ടെത്തലുകളെയും സത്യത്തെയും ഭയപ്പെടാത്ത സമീപനമാണ്. പുതിയ അറിവുകൾ നിലവിലുള്ള വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും വെല്ലുവിളിക്കാം, തിരുത്താം. ശാസ്ത്രീയ സമീപനം സ്വീകരിക്കാൻ സമൂഹത്തിന് കരുത്തുണ്ടാകണം. മനുഷ്യസമൂഹത്തിന് വികാസം നേടാൻ ശാസ്ത്രീയ സമീപനം സ്വീകരിക്കുകയല്ലാതെ മറ്റ് യാതൊരു മാർഗ്ഗവുമില്ല.

ശാസ്ത്രബോധത്തെ ജവഹർലാൽ നെഹ്റു നിർവചിച്ചത് ഇപ്രകാരമാണ് ‘‘സത്യത്തിനും പുത്തൻ അറിവുകൾക്കുമായുള്ള നിരന്തര അന്വേഷണം, ആവർത്തിച്ചുള്ള പരീക്ഷണത്തിലൂടെ ശരിയെന്ന് ബോധ്യപ്പെട്ടവയല്ലാതെ ഒന്നിനെയും സ്വീകരിക്കില്ലെന്ന നിലപാട്, പുതിയ തെളിവുകളുടെ മുന്നിൽ പഴയ ധാരണകളെ തിരുത്താനുള്ള സന്നദ്ധത, മനസ്സിൽ മുന്നെ ഉറച്ച സിദ്ധാന്തങ്ങളെക്കാൾ നിരീക്ഷിക്കപ്പെട്ട വസ്തുതകളെ ആശ്രയിക്കാനുള്ള കഴിവ്, മാനസികമായ കടുത്ത അച്ചടക്കം എന്നിവയാണ് ശാസ്ത്രബോധമുള്ള ഒരാൾക്ക് വേണ്ട അത്യാവശ്യ ഘടകങ്ങൾ’’. അതായത് വസ്തുതകളുടെയും യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട അറിവുകളെ മാത്രം ആശ്രയിക്കാനും അവയോട് പൊരുത്തപ്പെടാത്ത വിശ്വാസങ്ങളെയും ആചാരങ്ങളെയും ത്യജിക്കാനുമുള്ള കഴിവാണ് ശാസ്ത്രബോധമെന്ന് ജവഹർലാൽ നെഹ്റു നിർവ്വചിക്കുന്നു.

ചുറ്റുപാടുമുള്ള വസ്തുതകളെയും പ്രക്രിയകളെയും പ്രതിഭാസങ്ങളെയും പറ്റി സാധാരണ നിലയിൽ മനുഷ്യൻ എങ്ങനെ അറിവ് നേടുന്നുവെന്ന് നോക്കാം. എല്ലാത്തിനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ് ആദ്യഘട്ടം. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അനുമാനങ്ങളിൽ എത്തിച്ചേരാം. അനുമാനങ്ങളെ പരീക്ഷണവിധേയമാക്കിക്കൊണ്ട് അംഗീകരിക്കുകയോ പരിഷ്കരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യും. ചുറ്റുപാടിനെപ്പറ്റി അറിവ് നേടുന്നതിൽ ഈ ഘട്ടങ്ങളെല്ലാം ഉണ്ടാകാം.

ശാസ്ത്രീയ സമീപനം ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വീകരിക്കേണ്ട പൊതുസമീപനമാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ജീവിതത്തിന്റെ പല മേഖലകളിലും ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നില്ല. ഒരു വലിയ വിഭാഗം ജനങ്ങളുടെ കാര്യത്തിൽ മാത്രമല്ല ചില ശാസ്ത്രജ്ഞരുടെ കാര്യത്തിലും ഇത് ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. ചില ശാസ്ത്ര വിഷയങ്ങളിൽ മാത്രം ശാസ്ത്രീയ സമീപനം സ്വീകരിക്കുന്ന ചില ശാസ്ത്രജ്ഞർ മറ്റ് വിഷയങ്ങളിൽ ശാസ്ത്രീയ സമീപനം ഉപേക്ഷിച്ചതായി കാണാം. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിന് തികഞ്ഞ ശാസ്ത്രീയ സമീപനം സ്വീകരിച്ച് ശാസ്ത്രീയമായി എല്ലാ ഘടകങ്ങളും ഒരുക്കിയ ഒരു വിഭാഗം ശാസ്ത്രജ്ഞർ റോക്കറ്റ് വിക്ഷേപണം വിജയകരമാകാൻ ദേവപൂജ നടത്തിയ സംഭവങ്ങളുണ്ട്. പൂജകൾകൊണ്ട് റോക്കറ്റ് വിജയകരമായി വിക്ഷേപിക്കാൻ കഴിയുമെങ്കിൽ റോക്കറ്റ് വിക്ഷേപണത്തിന് അവർ ശാസ്ത്രീയമായ യാതൊരു ഒരുക്കവും ചെയ്യേണ്ടിയിരുന്നില്ല. ശാസ്ത്രീയമായ ഒരുക്കങ്ങൾ നടത്താതെ ദേവപൂജമാത്രം നടത്തി റോക്കറ്റിനെ ലക്ഷ്യത്തിലെത്തിച്ച ഒരു അനുഭവവും മനുഷ്യന് ഒരു കാലത്തും ഉണ്ടായിട്ടില്ലെങ്കിലും പൂജ നടത്താൻ ഒരു വിഭാഗം ശാസ്ത്രജ്ഞർ തയ്യാറാകുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടെ സ്വാധീനശക്തികാരണമാണ്.

നിലവിലുള്ള സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതിയെ നിലനിർത്താൻ ശ്രമിക്കുന്ന ശക്തികൾ ശാസ്ത്രീയ നേട്ടങ്ങളെ ഉപയോഗപ്പെടുത്തുമെങ്കിലും ജീവിതത്തിൽ ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നതിനെ അവർ ശക്തിയായി എതിർക്കുന്നു. ജനങ്ങളിൽ ശാസ്ത്രീയ സമീപനം വളർന്നാൽ തങ്ങൾ ആശ്രയിക്കുന്ന വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടാമെന്ന് അവർ ഭയപ്പെടുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും ചൂഷണവ്യവസ്ഥയും ദൈവനിശ്ചയമാണെന്നും ദൈവനിശ്ചയത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നും വിശ്വസിപ്പിക്കാനാണ് ഭൂപ്രഭുക്കളും മുതലാളി വർഗ്ഗവും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളും പരിശ്രമിക്കുന്നത്. അന്ധവിശ്വാസങ്ങളെ നിലനിർത്താനും പുനരുജ്ജീവിപ്പിക്കാനുമാണവർ ശ്രമിക്കുന്നത്.


ആർജ്ജിച്ച അറിവുകൾ ഉപയോഗപ്പെടുത്തി അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയ സമീപനങ്ങളെയും നേരിടാനാകണം. ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്ന ‘ജ്യോതിഷം’ എന്നത് തികഞ്ഞ അന്ധവിശ്വാസമാണെന്ന് “ജ്യോതിശാസ്ത്രം” തെളിയിക്കുന്നു. നവഗ്രഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലപ്രവചനങ്ങളാണ് ‘ജ്യോതിഷത്തിന്’ അടിസ്ഥാനം. നവഗ്രഹങ്ങളിൽ ‘ജ്യോതിഷം’ ഉൾപ്പെടുത്തിയ സൂര്യൻ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രനും ഒരു ഗ്രഹമല്ല, ഭൂമിയുടെ ഉപഗ്രഹമാണ്. രാഹു, കേതു എന്നീ ഗ്രഹങ്ങൾ നിലവിലില്ലാത്തതാണ്. ഇവയെല്ലാമാണ് മനുഷ്യന്റെ ഭാവി നിർണയിക്കുന്നതെന്നാണ് ‘ജ്യോതിഷം’ പ്രചരിപ്പിക്കുന്നത്. മുഹൂർത്തവും രാഹുകാലവും ഗ്രഹപൊരുത്തങ്ങളുമെല്ലാം തികഞ്ഞ അന്ധവിശ്വാസങ്ങളാണ്, അശാസ്ത്രീയ ധാരണകളാണ്. ജ്യോതിശാസ്ത്രം വലിയ വളർച്ച നേടുന്ന കാലമാണിത്. 2021 ഡിസംബർ 25നാണ് ജെയിംസ് വെബ് ടെലസ്കോപ്പ് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് അയച്ചത്. നൂറു കോടി പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രക്കൂട്ടങ്ങളെ ജെയിസ് വെബ് ടെലസ്കോപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെയും ഘടനയെയുംപറ്റിയുള്ള മനുഷ്യന്റെ അറിവുകൾ പുതിയ കണ്ടെത്തലുകൾ വഴി വികസിച്ചുകൊണ്ടിരിക്കുകയാണ്. ജ്യോതിശാസ്ത്രം അതിവേഗം വളരുന്ന ഈ കാലത്തും ‘ജ്യോതിഷ’മെന്ന തികഞ്ഞ അന്ധവിശ്വാസം ചുമക്കുന്നവരാണ് ഗണ്യമായ ഒരു വിഭാഗം ജനങ്ങൾ.

മന്ത്രങ്ങളിലും ഹോമങ്ങളിലും മാന്ത്രികത്തകിടുകളിലും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. ശാസ്ത്രം നേടിത്തരുന്ന എല്ലാ നേട്ടങ്ങളെയും അവർ ഉപയോഗിക്കും. അതിന് അവർക്ക് യാതൊരു മടിയുമില്ല. മന്ത്രങ്ങളും ഹോമങ്ങളും മാന്ത്രികത്തകിടുകളും വഴി പുതുതായി എന്തെങ്കിലും നേടിയെടുത്തതായി ആർക്കെങ്കിലും എന്തെങ്കിലും അനുഭവങ്ങളോ, ആവർത്തിക്കുന്ന അനുഭവങ്ങളോ, സ്വന്തം ജീവിതത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ ഉണ്ടായതായി ചൂണ്ടിക്കാട്ടാൻ ആരുടെയെങ്കിലും പക്കൽ എന്തെങ്കിലും തെളിവുകളോ ഒന്നുംതന്നെയില്ല. എങ്കിലും അത്തരം അന്ധവിശ്വാസങ്ങൾ കൊണ്ടുനടക്കുന്ന ഗണ്യമായ ജനവിഭാഗങ്ങളുണ്ട്. അത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നത് ശാസ്ത്രീയ സമീപനം ഇല്ലാത്തതുകൊണ്ടാണ്.

“ദൈവശാസ്ത്രങ്ങളി”ലെയും “മതവിശ്വാസങ്ങളി”ലെയും വിശ്വാസങ്ങളൊന്നുതന്നെ തെളിയിക്കപ്പെടാത്തവയാണ്. അത്തരം വിശ്വാസങ്ങൾ ശാസ്ത്രീയ സമീപനവുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല. മതവിശ്വാസികളിൽ ഒരു വലിയ വിഭാഗം അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു; വെളിപാടുകളിൽ വിശ്വസിക്കുന്നു; ജീവിതത്തിനു ശേഷമുള്ള ജീവിതത്തിൽ വിശ്വസിക്കുന്നു; പ്രകൃത്യാതീത ശക്തികളിൽ വിശ്വസിക്കുന്നു; ആൾദൈവങ്ങളിൽ വിശ്വസിക്കുന്നു; സ്വർഗ്ഗ – നരകങ്ങളിൽ വിശ്വസിക്കുന്നു. എന്നാൽ, ദൈവമോ പ്രകൃതിക്ക് അതീതമായ ശക്തികളോ ഉണ്ടെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ല. സ്വർഗ്ഗ നരകങ്ങൾ ഉണ്ടെന്നതിനും യാതൊരു തെളിവുമില്ല. പ്രകൃത്യാതീത ശക്തികൾക്ക് പ്രകൃതിയിലോ മനുഷ്യനിലോ ഇടപെടാനാകും എന്നതിനും തെളിവുകളില്ല. ഒരു വലിയ വിഭാഗം ദൈവ വിശ്വാസികൾ തങ്ങൾ ജിവിക്കുന്ന സമൂഹത്തിലുള്ള ചില വ്യക്തികളെപ്പോലെ മുഖസ്തുതികൾക്കും, ശിപാർശകൾക്കും, കൈക്കൂലിക്കും വഴങ്ങുന്ന ശക്തിയായിട്ടാണ് സർവശക്തനും നീതിമാനുമെന്ന് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവത്തെ കാണുന്നത്. അങ്ങേയറ്റം പരസ്പരവിരുദ്ധമാണ് അവരുടെ വിശ്വാസങ്ങൾ. പല ആരാധനാലയങ്ങളിലും ആൾക്കൂട്ടം വളർത്താൻ നടത്തുന്ന പരിശ്രമങ്ങൾ അന്ധവിശ്വാസങ്ങൾ വളർത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ്. ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നതിനെ തകർക്കാനാണ്.

അശാസ്ത്രീയ സമീപനങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വസിപ്പിക്കാനും പ്രചരിപ്പിക്കാനും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ആർ.എസ്.എസ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസങ്ങൾ ശക്തിപ്പെടാതെ അവർക്ക് നിലനിൽക്കാനാകില്ല. ഇപ്പോൾ അവർ നിരവധി അനുബന്ധ സംഘടനകൾ രൂപീകരിച്ച് എല്ലാ മേഖലകളിലേക്കും അന്ധവിശ്വാസങ്ങളും അശാസ്ത്രീയ സമീപനങ്ങളും പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നു. ജനങ്ങളിൽ ശാസ്ത്രീയ മനോഭാവം വളർന്നാൽ ആർ.എസ്.എസിനെ പൊളിച്ചടുക്കുമെന്ന് അവർക്കറിയാം. ശാസ്ത്രീയ സമീപനത്തിന്റെ വളർച്ചയ്ക്കെതിരെ പഴയകാലത്തെപറ്റിയുള്ള മിഥ്യാഭിമാനവും സങ്കുചിതമായ ദേശീയ വാദവും വളർത്തി ജനശ്രദ്ധ തിരിക്കാനാണവർ ശ്രമിക്കുന്നത്. പണ്ട് ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി നടന്നതിന് തെളിവായിട്ടാണ് ഗണപതിയെ ഉയർത്തിക്കാട്ടുന്നത്. ടിഷ്യൂ കൾച്ചറും സ്റ്റെം സെൽ സാങ്കേതികവിദ്യയും അറിയാമായിരുന്നതിന് തെളിവായി കൗരവരുടെ ജനനകഥയെ അവർ ഉപയോഗപ്പെടുത്തുന്നു. ഇന്റർനെറ്റും വീഡിയോ സൗകര്യവും ഉണ്ടായിരുന്നതിന് തെളിവായി പറയുന്നത് സഞ്ജയൻ ധൃതരാഷ്ട്രരോട് മഹാഭാരതയുദ്ധം വിവരിക്കുന്നതിനെയാണ്. വിമാനങ്ങൾ അന്ന് ഉപയോഗിച്ചിരുന്നതായി അവർ അവകാശപ്പെടുന്നു. ഈ നേട്ടങ്ങൾ ആകെ നഷ്ടപ്പെടാൻ കാരണം വിദേശികളാണെന്നാണ് ആർ.എസ്.എസ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് മിഥ്യാധാരണകൾ സൃഷ്ടിക്കാൻ അവർ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. ജാതിവ്യവസ്ഥയുടെ ഉത്ഭവവും പങ്കും വിവരിച്ച് അതിനെ ന്യായീകരിക്കുന്നു. ചില ജാതികൾ സ്വാഭാവികമായി ഉയർന്നതാണെന്ന തരത്തിൽ വിശേഷിപ്പിക്കുന്നു. ഇന്ത്യാചരിത്രത്തിന്റെ കഴിഞ്ഞ കാലഘട്ടത്തെ വർഗ്ഗീയതയും ജാതീയതയും വളർത്താൻ വേണ്ടി അവർ വളച്ചൊടിക്കുന്നു.

സാമൂഹികമായും സാംസ്കാരികമായും അസ്വസ്ഥതകൾ വളർത്താൻ ആർ.എസ്.എസും ഭൂപ്രഭു മുതലാളി വർഗ്ഗങ്ങളും അവരുടെ രാഷ്ട്രീയ കക്ഷികളും പരിശ്രമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ആത്മവിശ്വാസവും പ്രതീക്ഷകളും പുനരുജ്ജീവിപ്പിക്കുക പ്രധാനപ്പെട്ട കടമയാണ്. ശാസ്ത്രീയ സമീപനം വളർത്തിക്കൊണ്ടുമാത്രമേ അപകടകരമായ ഇന്നത്തെ സ്ഥിതിഗതികളെ മറികടക്കാനാകൂ. ശാസ്ത്രീയ സമീപനം വളർത്താനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾ പലമടങ്ങ് ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളെന്ന 51 (എച്ച്) എന്ന അനുച്ഛേദം ശാസ്ത്രീയകാഴ്ച്ചപ്പാട് വികസിപ്പിക്കുന്നതിനെപ്പറ്റി ഇപ്രകാരം വിവരിക്കുന്നു: “ ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക”. ശാസ്ത്രീയ സമീപനത്തെ ഒരു മൗലിക കടമയായാണ് ഇന്ത്യൻ ഭരണഘടന കാണുന്നത്. ഭരണഘടനയിലെ മറ്റു പല മൂല്യങ്ങളും ലംഘിക്കുന്നതുപോലെ ബി.ജെ.പി ഭരണകർത്താക്കൾ ഈ കടമയും പാലിക്കുന്നില്ല എന്നുമാത്രമല്ല ബോധപൂർവ്വം ലംഘിക്കുകയുമാണ്. ശാസ്ത്രീയ കാഴ്ചപ്പാടിന്റെ വളർച്ച ബലം പ്രയോഗിച്ച് തടയുകയാണ് അവർ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular