സിപിഐ എം സംസ്ഥാന സമ്മേളനം ബഹുജന രാഷ്ട്രീയ വിദ്യാഭ്യാസം സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം എടുക്കുകയുണ്ടായി. ബ്രാഞ്ചുതലത്തില്‍ ചിന്ത റീഡേഴ്സ് ഫോറം രൂപീകരിക്കണം. മൂന്നു മാസത്തിലൊരിക്കല്‍ മുന്‍കൂട്ടി സംസ്ഥാനതലത്തില്‍ നിശ്ചയിച്ച വിഷയം ഫോറത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. ഇതിനുള്ള രേഖകളും മാര്‍ഗനിര്‍ദ്ദേശങ്ങളും ചിന്ത വാരികയില്‍ പ്രസിദ്ധീകരിക്കും. ബഹുജന രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ ഒരു നാഴികക്കല്ലായ ഈ തീരുമാനം 2022 ജൂണിൽ മാസം മുതല്‍ ആരംഭിച്ചിരുന്നു.
ചിന്ത റീഡേഴ്സ് ഫോറം
സംസ്ഥാനത്ത് മൊത്തം 35,129 പാര്‍ട്ടി ബ്രാഞ്ചുകളാണുള്ളത്. എല്ലാ ബ്രാഞ്ചുകളും രണ്ടുവീതം വരിക്കാരെ ചേര്‍ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടുണ്ട്. അത് നടപ്പിലാക്കപ്പെടുമ്പോള്‍ എല്ലാ ബ്രാഞ്ച് അതിര്‍ത്തികളിലും ചിന്ത എത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകും. എല്ലാ ബ്രാഞ്ചുകളും ചിന്ത റീഡേഴ്സ് ഫോറം രൂപീകരിക്കണം. ഫോറത്തിന് ഒരു കണ്‍വീനര്‍ ഉണ്ടാകണം. ഫോറത്തില്‍ 200 അംഗങ്ങൾ വരെയാകാം. അംഗത്വത്തിനു പ്രത്യേക നിബന്ധനകളൊന്നും ഇല്ല. അംഗത്വ രജിസ്റ്ററില്‍ പേര് എഴുതി ഒപ്പിടണം. അംഗത്തിന്റെ ഏക കടമ മൂന്നു മാസത്തിലൊരിക്കല്‍ നടക്കുന്ന ചിന്ത റീഡേഴ്സ് ഫോറം ചര്‍ച്ചാ യോഗത്തില്‍ പങ്കെടുക്കുകയെന്നതു മാത്രമാണ്.
അംഗത്വ രജിസ്റ്ററില്‍ ഒന്നിനു താഴെ മറ്റൊന്നായി അംഗങ്ങളുടെ പേരുകള്‍ വരിയായി എഴുതാവുന്നതാണ്. ഓരോരുത്തരെയും സംബന്ധിച്ച് താഴെപ്പറയുന്ന വിവരങ്ങള്‍ നിരയായി രേഖപ്പെടുത്തണം. പേര്, മേല്‍വിലാസം, വയസ്, സ്ത്രീ, പുരുഷന്‍, വിദ്യാഭ്യാസം, ഫോണ്‍ നമ്പര്‍, ഇ–മെയില്‍ വിലാസം. ഏതാനും നിരകള്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി ഇടാവുന്നതാണ്. ഇപ്പോള്‍ ഭൂരിപക്ഷം ബ്രാഞ്ചുകളിലും വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരു ഗ്രൂപ്പ് ഉണ്ടാവണമെന്നാണ് പാർട്ടി തീരുമാനം. വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്ളവരെയെല്ലാം ചിന്ത റീഡേഴ്സ് ഫോറത്തില്‍ ചേര്‍ക്കാം. പുതിയതായി ഫോറത്തില്‍ ചേരുന്നവരെ വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുമാക്കാം. ഇങ്ങനെ ചെയ്താല്‍ റീഡേഴ്സ് ഫോറത്തിന്റെ അറിയിപ്പുകള്‍ കൃത്യമായും സമയത്തും എല്ലാവരെയും അറിയിക്കാന്‍ കഴിയും.
2273 ലോക്കൽ കമ്മിറ്റികൾക്കു കീഴിലുള്ള 35,129 പാർട്ടി ബ്രാഞ്ചുകളിലായി ചർച്ച സംഘടിപ്പിക്കണം. ചര്‍ച്ച അവതരിപ്പിക്കുന്ന ആള്‍ക്ക് വിഷയം സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാവണം. അതിനു കഴിയുന്നവരെ നേരത്തെ തന്നെ ചുമതലപ്പെടുത്തണം. മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിഷയം ലളിതമായി ചുരുക്കി അവതരിപ്പിക്കുകയാണു വേണ്ടത്. അതിനു പറ്റുന്ന, റീഡേഴ്സ് ഫോറത്തിലെ കഴിവുള്ള ഒരു പ്രവര്‍ത്തകനെ ഇതിനായി ചുമതലപ്പെടുത്താം.
ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ഏതെങ്കിലും സംശയത്തിനോ വിമര്‍ശനത്തിനോ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ചിന്ത പത്രാധിപരെ എഴുതി അറിയ്ക്കാവുന്നതാണ്. തുടര്‍ന്നുള്ള ചിന്തയുടെ ലക്കങ്ങളില്‍ ഇത്തരം സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതാണ്. ♦