Saturday, July 27, 2024

ad

Homeരാജ്യങ്ങളിലൂടെഗാസയിൽ ചെറുത്തുനിൽപ്പ്‌ തുടരുന്നു

ഗാസയിൽ ചെറുത്തുനിൽപ്പ്‌ തുടരുന്നു

സിയ റോസ

ഗാസയിൽ ഇസ്രയേലിലെ സയണിസ്റ്റ്‌ ഭീകരഭരണം നടത്തുന്ന ചോരക്കളി തുടരുകയാണ്‌. മരണം പതിനായിരത്തിലേറെയായി. ഇതിൽ പകുതിയോളം കുട്ടികളാണ്‌; ഗണ്യമായത്ര സ്‌ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടു. 25,000ത്തിലികം പേർക്ക്‌ ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്‌. ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ അവിടെ കഴിഞ്ഞിരുന്ന നാനൂറിലധികം അഭയാർഥികളാണ്‌ കൊല്ലപ്പെട്ടത്‌. ഈ അഭയാർഥി ക്യാമ്പ്‌ ആക്രമണത്തിന്‌ ഉപയോഗിച്ചത്‌ അമേരിക്കൻ നിർമിത ബോംബുകളാണെന്നും മൊത്തം 6 ടണ്ണിലധികം ബോംബുകൾ വർഷിക്കപ്പെട്ടുവെന്നും പലസ്‌തീനിലെ വഫ ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്യുന്നു. അൽ ജസീറാ ന്യൂസ്‌ ഏജൻസി പറയുന്നത്‌ ജബാലിയ അഭയാർഥി ക്യാമ്പിൽ അവശേഷിച്ച മനുഷ്യരെക്കൂടി കൊന്നൊടുക്കാൻ ഇസ്രയേൽ 24 മണിക്കൂറിനുള്ളിൽ വീണ്ടും ബോംബുകൾ വർഷിച്ചുവെന്നാണ്‌. നൂറോളം ആളുകൾ അങ്ങനെ പിന്നെയും കൊല്ലപ്പെട്ടു.

നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഈ ബോംബാക്രമണത്തിനു പുറമേ ഒക്ടോബർ 7 മുതൽ കർക്കശമാക്കിയ ഉപരോധംമൂലം ഗാസയിലേക്ക്‌ ഭക്ഷണവും ഔഷധങ്ങളും ഇന്ധനവും ലഭിക്കുന്നില്ല. അവിടെ കഴിയുന്ന 23 ലക്ഷം മനുഷ്യജീവികളുടെ ജീവൻ ഇതുമൂലം അപകടാവസ്ഥയിലാണ്‌. പലസ്‌തീൻ അഭയാർഥികൾക്കായി ഐക്യരാഷ്‌ട്ര പൊതുസഭ 1949 ഡിസംബർ 8ന്‌ രൂപീകരിച്ച യുഎൻ റിലീഫ്‌ ആൻഡ്‌ വർക്‌സ്‌ ഏജൻസിയുടെ റിപ്പോർട്ട്‌ പ്രകാരം ഗാസയിലെ 14 ലക്ഷം ആളുകൾ ഭവനരഹിതരാക്കപ്പെട്ടുവെന്നാണ്‌. ഇവർ ആശുപത്രികളിലും സ്‌കൂളുകളിലും ടെന്റുകളിലുമായി കഴിഞ്ഞുകൂടുന്നു. ഇസ്രയേലിന്റെ ഇടതടവില്ലാത്ത ബോംബാക്രമണത്തിനിടയിലും അസംഖ്യം ആളുകൾ ആകാശത്തിനു ചുവട്ടിൽ മേൽക്കൂരയില്ലാതെ അന്തിയുറങ്ങുന്നതായാണ്‌ ഈ റിപ്പോർട്ട്‌ പറയുന്നത്‌.

ഗാസ ചീന്തിലെ ഒരേയൊരു കാൻസർ ചികിത്സാകേന്ദ്രമാണ്‌ ടർക്കിഷ്‌ ഫ്രൻഡ്‌ഷിപ്പ്‌ ആശുപത്രി. നിരന്തരമുള്ള ഇസ്രയേലി ബോംബാക്രമണവും ഇന്ധന ദൗർലഭ്യവും മൂലം ആ ആശുപത്രി ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്‌. ആശുപത്രിയിൽ കഴിഞ്ഞിരുന്ന 70ൽ അധികം കാൻസർ രോഗികളുടെ മാത്രമല്ല, ഗാസയിലെ 2000ത്തിലധികം കാൻസകർ രോഗികളുടെയും ജീവൻ ഇതുമൂലം അപകടാവസ്ഥയിലാണ്‌. ഗാസയിലെ അൽ ഷിഫ ആശുപത്രിയും ഇൻഡോനേഷ്യൻ ആശുപത്രിയും ഇന്ധനക്ഷാമം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. അതു സംഭവിച്ചാൽ പരിക്കേറ്റവരെ ചികിത്സിക്കാനാവാത്ത സ്ഥിതി സംജാതമാകും.

ഈ കൊടുംപാതകങ്ങൾ തുടരുന്നതിനൊപ്പം ഇസ്രയേൽ സേന പലസ്‌തീൻ പ്രഗദശത്തുനിന്ന്‌ 50ൽ അധികം ആളുകളെ അറസ്റ്റ്‌ ചെയ്‌ത്‌ കസ്റ്റിഡിയിലാക്കി. അധിനിവേശത്തിലായ വെസ്റ്റ്‌ ബാജ്കിലും ഇസ്രയേൽ 150 ഓളം പേരെ കൊലപ്പെടുത്തുകയും രണ്ടായിരത്തിലധികം പേരെ പരിക്കേൽപ്പിക്കുകയും ചെയ്‌തു. രണ്ടായിരത്തിലേറെ ആളുകളെ അവിടെ ഇസ്രയേൽ നിയമവിരുദ്ധമായി തടവിലിടുകയും ചെയ്‌തിട്ടുണ്ട്‌. നവംബർ ഒന്നിന്‌ പലസ്‌തീൻ ടെലികമ്യൂണിക്കേഷൻ കന്പനി പാർട്ടെൽ പ്രസ്‌താവിച്ചത്‌ ഗാസയിലേക്കുള്ള ഇന്റർനെറ്റും മറ്റു വാർത്താവിനിമയ സംവിധാനങ്ങളും ഇസ്രയേൽ വിച്ഛേദിച്ചിരിക്കുന്നുവെന്നാണ്‌. ഇങ്ങനെ കൊടിയ പീഡനങ്ങൾ നേരിട്ടുകൊണ്ടും പലസ്‌തീൻകാർ ചെറുത്തുനിൽപ്പ്‌ തുടരുകയാണ്‌.

അതേസമയം മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറുടെ ന്യൂയോർക്ക്‌ ഓഫീസിലെ ഡയറക്ടർ ക്രെയ്‌ഗ്‌ മോഖിബെർ ഇസ്രയേൽ നടത്തുന്ന പലസ്‌തീൻ വംശഹത്യ തടയാൻ ഐക്യരാഷ്‌ട്രസഭയ്‌ക്ക്‌ കഴിയാത്തതിൽ പ്രതിഷേധിച്ച്‌ തന്റെ ജോലി രാജിവെച്ചു. ഹൈക്കമ്മീഷണർക്കെഴുതിയ വികാരനിർഭരമായ രാജിക്കത്തിൽ അദ്ദേഹം ഈ വംശഹത്യയിൽ അമേരിക്കയും ബ്രിട്ടനും മിക്കവാറും യൂറോപ്യൻ രാജ്യങ്ങളും കുറ്റവാളികളാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

ഒക്ടോബർ 27ന്‌ യുഎൻ പൊതുസഭ ഗാസയിൽ മാനുഷികമായ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. 120ൽ അധികം രാജ്യങ്ങൾ അതിനു പിന്തുണ നൽകി. അമേരിക്കയും ഇസ്രയേലും കൂട്ടരും എതിർത്ത ആ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നാണ്‌ അതിൽ പങ്കെടുക്കാതെ ഇന്ത്യ ഒളിച്ചോടിയത്‌. ഒക്ടോബർ 7നുശേഷം സന്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന 4 പ്രമേയങ്ങൾ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ വന്നെങ്കിലും അമേരിക്കയും ബ്രിട്ടനും ഫ്രാൻസും വീറ്റോയിലൂടെ അതിനെ ചെറുത്തു.

ഇതിനിടയിൽ ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച്‌ ഇസ്രയേൽ അംബാസിഡറെ പുറത്താക്കി. ബൊളീവിയയുടെ അംബാസിഡറെ ടെൽ അവീവിൽനിന്ന്‌ തിരികെ വിളിച്ചു. കൊളംബിയയും ചിലിയും ഇസ്രയേലിലെ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ചു. ലോകസമാധാനത്തിനും സുരക്ഷയ്‌ക്കും ഇസ്രയേൽ കടുത്ത ഭീഷണിയുയർത്തുന്നുവെന്നാണ്‌ ബൊളീവിയൻ വിദേശകാര്യവകുപ്പ്‌ പ്രസ്‌താവിച്ചത്‌. അതുപോലെ തന്നെ ബൽജിയത്തിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ട്രേഡ്‌ യൂണിയൻ സംഘടനകളും ഇസ്രയേലിലേക്ക്‌ സൈനിക ഉപകരണങ്ങൾ അയയ്‌ക്കുന്നതിനെതിരെ രംഗത്തുവന്നു. അവയുടെ ട്രാൻസ്‌പോർട്ടേഷൻ ജോലികളിൽനിന്ന്‌ തങ്ങൾ വിട്ടുനിൽക്കുമെന്നും അവർ പ്രസ്‌താവിക്കുന്നു. ഇതെല്ലാം കാണിക്കുന്നത്‌ ലോകം മുഴുവൻ ഇസ്രയേലിനും സാമ്രാജ്യത്വത്തിനുമെതിരെ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നാണ്‌.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + nine =

Most Popular