Tuesday, April 16, 2024

ad

Homeനാടകംഭഗവാന്റെ മരണത്തിലെ ഉൾക്കാഴ്‌ചകൾ

ഭഗവാന്റെ മരണത്തിലെ ഉൾക്കാഴ്‌ചകൾ

രാഹുൽ എം ധരൻ

മ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്നതാണ് മനുഷ്യന്റെ രാഷ്ട്രീയം എന്നൊരു ചൊല്ലുണ്ട്, അത് അക്ഷരാർഥത്തിൽ ശേരിവയ്ക്കുന്ന കാവ്യാത്മകമായ വിളിച്ചുപറയൽ പോലെ തോന്നി “ഭഗവാന്റെ മരണം വീണ്ടും’ എന്ന നാടകം കണ്ടപ്പോൾ. കെ.ആർ. മീരയുടെ ‘വീണ്ടും ഭഗവാന്റെ മരണം’, എന്ന കഥയെ ആസ്പദമാക്കി അസീം അമരവിള ഒരുക്കിയ നാടകം, ആ കഥയെ ദൃശ്യാവിഷ്കാരിക്കുക എന്നതിനപ്പുറം സ്വന്തം കൈമുദ്ര പതിപ്പിക്കുക എന്ന കാര്യത്തിൽ സംവിധായകൻ പൂർണമായും വിജയിച്ചു. നാടകത്തിനുള്ളിലെ നാടകം എന്നരീതിയിൽ സിനിമകളിൽ മാത്രം കണ്ടുവരുന്ന ഇന്റർ കട്ട് പാറ്റേൺ രീതി പിന്തുടർന്ന് ദൃശ്യാവിഷ്കരിക്കപ്പെട്ട നാടകങ്ങൾ അധികം ഉണ്ടെന്നു തോന്നുന്നില്ല, അതുകൊണ്ടുതന്നെ ആണ് ഈ നാടകം നൽകിയ ദൃശ്യാനുഭൂതി വേറിട്ട് നിന്നത്.

പ്രൊഫസർ ഭഗവാനെ കൊല്ലാൻ ഭഗവാന്റെ വീട്ടിലേക്കു വരുന്ന അമര, അവർക്കിടയിൽ നടക്കുന്ന വാഗ്വാദങ്ങളും കയ്യാങ്കളിക്കും ഒടുവിൽ അമര പ്രൊഫസറെ കൊല്ലാൻ ശ്രമിക്കുന്നു, അപ്പോൾ അയാളുടെ കാലിലേക്ക് ഭഗവാന്റെ ബുക്ക് ഷെൽഫ് വീഴുന്നു. നാടകത്തിന്റെ ക്രൂഷ്യൽ പോയിന്റ് എന്ന് വിചാരിക്കുന്നിടത്തു ഒരു കൂട്ടം നാട്ടുക്കാർ സ്റ്റേജിലേക്ക് കടന്നു വരുന്നു, അതുവരെ കണ്ടത് അവരുടെ നാടകത്തിന്റെ അവസാനവട്ട റിഹേഴ്സൽ ആണത്രേ. കൊലയാളിക്ക് മുന്നിൽ നിസ്സഹായനായി നിന്ന ഭഗവാനിൽ നിന്നും, കൊലവെറിയോടെ തന്റെ ശത്രുവിനെ കൊല്ലാൻ നിന്ന അമരയിൽനിന്നും ഞൊടിനേരം കൊണ്ട് നാടകം പരിശീലിക്കുന്ന നാടകക്കാരായി മാറുന്ന അഭിനേതാക്കൾ പ്രേക്ഷകനെ ഇടയ്ക്ക് എപ്പോഴൊക്കെയോ തങ്ങൾ ഒരു നാടകം കാണുകയാണ് എന്ന് പൂർണമായും മറന്നു പോകുന്ന തരത്തിൽ അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കളുടെ പെഫോർമൻസും നാടകാവിഷ്കാരവും ഒന്നിനൊന്നു മികച്ചു നിന്നത് പ്രേക്ഷകനെ പൂർണമായും നാടകത്തെ നെഞ്ചോടു ചേർത്ത് നിറുത്താൻ സഹായിച്ചു.

വിഖ്യാത കന്നഡ പണ്ഡിതൻ എം എം കൽബുർഗിയുടെ കൊലപാതകത്തെ ആസ്പദമാക്കിയാണ് കെ.ആർ. മീര തന്റെ ചെറുകഥാ എഴുതിയിരിക്കുന്നത്. ഇന്നത്തെ സമകാലിക ദേശീയ രാഷ്ട്രീയവുമായി വളരെ അടുത്ത് നിൽക്കുന്ന ആശയങ്ങൾ കഥയിൽ പറഞ്ഞു വെക്കുന്നുണ്ട് എഴുത്തുകാരി. മീരയുടെ fictional ആശയങ്ങൾക്കൊപ്പം നാടകക്കാരുടെ ജീവിതം ഇഴചേർത്തുള്ള രംഗാവിഷ്കാരം കൂടിച്ചേർന്നപ്പോൾ ഭഗവാന്റെ മരണം എന്ന നാടകം വിരൽ ചൂണ്ടിയത് ഇന്ന് നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയത്തിലേക്കും, നമ്മളിൽ ഓരോരുത്തരുടെയും നിലപാടുകളിലേക്കുമാണ്.

മതഗ്രന്ഥം കത്തിച്ച ഭഗവാനെ കൊല്ലാൻ വരുന്ന അമര കഥയിൽ ചെയ്യുന്നത് തെറ്റാണ് എന്ന് പകൽ പോലെ വ്യക്തം, എന്നിരുന്നാലും അതിൽ അഭിനയിക്കുന്ന അഭിനേതാക്കളിൽ പലരും തന്നെ മതത്തെ തൊട്ടു കളിക്കുന്നതിനെ ചോദ്യം ചെയ്യുന്നു. ഒരു നിമിഷം നിയന്ത്രണം വിട്ടാൽ മനുഷ്യൻ തന്റെ ഉള്ളിൽ അടക്കിവെച്ച വികാരങ്ങളെല്ലാം പുറത്തു കാണിക്കും, അതുകൊണ്ടാണ് പരിശീലനത്തിനിടയിൽ സംവിധായകൻ ഒന്ന് മാറുമ്പോഴേക്കും പരിശീലനകളരി തമ്മിൽത്തല്ലുകൾക്കും പരസ്പരമുള്ള പഴിചാരലുകൾക്കുമുള്ള ഇടമാകുന്നത്. എല്ലാവര്ക്കും അവനവന്റെ രാഷ്ട്രീയമാണ് വലുത്, അതിൽ നിന്നും പിന്തിരിയാനോ മറ്റുള്ളവന്റെ രാഷ്ട്രീയം അംഗീകരിക്കാനോ ഒരാളും തയ്യാറാകുന്നില്ല, ഇനി അങ്ങനെ തയ്യാറായാൽ നിങ്ങളുടെ വായ മൂടികെട്ടാൻ ഇവിടത്തെ നിയമവ്യവസ്ഥിതിയും, ഭരണകൂടവും എല്ലാം രംഗത്തുവരും. അതുകൊണ്ടാണ് നാടകത്തിലെ ആശയങ്ങൾ ജീവിയത്തിലും ഉണ്ടാകണം എന്ന് തിരിച്ചറിഞ്ഞു നാടകസംഘം മുഴുവനും ഒന്നിച്ചു നിന്നും ഷഹീനെയും നീലാംബരിയെയും ഒന്നിക്കാൻ സഹായിക്കുമ്പോൾ അവിടേക്കു പോലീസ് കടന്നു വന്ന്, ഷഹീനെയും നീലാംബരിയെയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ല എന്നും, ഭഗവത് ഗീത കത്തിക്കാൻ ശ്രമിക്കുന്ന നാടകം ആവിഷ്കരിക്കാൻ അനുവദിക്കില്ല എന്നും വെല്ലുവിളിക്കുമ്പോൾ സാധാരണക്കാരായ നാടകക്കാർ നിസ്സഹായരായി പോകുന്നു.

പ്രതികരിക്കാൻ ശ്രമിക്കുന്ന സംവിധായകനാകട്ടെ ആദ്യം കാണാതാകുന്നു, ഒടുവിൽ വഴിയരികിൽ മരിച്ചുകിടക്കുന്നു. പ്രതികരിക്കാൻ ശ്രമിക്കുന്നവരുടെ വായ മൂടിക്കെട്ടുന്ന രാഷ്ട്രീയം ആരുടെ നന്മയ്ക്കുവേണ്ടിയുള്ളതാണ്, എന്ന് ചിന്തിപ്പിക്കുന്ന നാടകം ഭഗവാന്റെ മരണം എന്ന ചെറുകഥയിൽ നിന്നും നമ്മെ ഒരുപാട് മുന്നിലേക്ക് കൊണ്ടുപോകുന്നു.

നാടകം പറഞ്ഞു വെയ്ക്കുന്നത് രാഷ്ട്രീയം മാത്രമല്ല. നാടകക്കാർ എന്താണെന്നും അവരുടെ ജീവിതം അവരുടെ യാത്രകൾ, ഓരോ കഥാപാത്രമായി അവർ രംഗപ്രവേശം ചെയ്യുമ്പോഴും അതിനുവേണ്ടി അവർ അനുഭവിക്കുന്ന യാതനകളും, ഓരോ നടീനടന്മാരിലും ഒളിഞ്ഞിരിക്കുന്ന ആഗ്രഹങ്ങളുമാണ്. ഏതു വേഷവും ചെയ്യാൻ തയ്യാറായി നിൽക്കുന്ന അമൽ, കറുത്തുപോയി എന്ന കാരണംകൊണ്ട് നായിക ആവാൻ കഴിയാത്ത രേഷ്മ, പൊക്കം കുറഞ്ഞുപോയതുകൊണ്ട് കുട്ടികളുടെ വേഷം അഭിനയിക്കേണ്ടിവന്ന, ഒടുവിലിപ്പോൾ സ്റ്റേജ് മാനേജരായി തുടരുന്ന റിജു, ഇതിനെല്ലാം അപ്പുറം നാടകത്തിലെ ഏറ്റവും പ്രധാന ഘടകമായ ലൈറ്റ്സ് ആൻഡ് സൗണ്ടസ് കൈകാര്യം ചെയ്യുന്ന ജയദേവ്.

ഇവരുടെയെല്ലാം കഥകൾ നമ്മെ അവരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഇത്രയും സൂക്ഷ്മമായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തതിനു സംവിധായകനും ടീമും കയ്യടി അർഹിക്കുന്നു. കാവേരിയും അമരയുമായുള്ള പ്രണയ രംഗങ്ങൾ കണ്ടപ്പോൾ അറിയാതെ ഹൃദയമിടിപ്പൊന്ന് കൂടി. അത്ര മനോഹരമാണത്. അമരയ്ക്കു കാവേരിയോടുള്ള പ്രണയത്തിന്റെ തീവ്രത എത്രമാത്രമാണ് എന്നുള്ളത് അവളുടെ മരണവാർത്ത കണ്ടു നെഞ്ച് തകർന്നു കരയുന്ന അമരയിൽ വ്യക്തം. അശുദ്ധ എന്നതിൽ നിന്നും, അറിവും സ്നേഹവും കൊണ്ട് അമരയുടെ പ്രിയപ്പെട്ടവൾ ആയവളാണ് കാവേരി. അശുദ്ധി മനുഷ്യന്റെ മനസ്സിലാണ്, അമരയുടെ ചുണ്ടുകൾക്കിടയിലൂടെ കാവേരിയുടെ നാക്ക് അവനിലേക്ക് ആഴ്നിറങ്ങിയപ്പോൾ അവനു അവളോട് തോന്നിയത് വെറുപ്പായിരുന്നില്ല പ്രണയമായിരുന്നു. അമരയായി അഭിനയിച്ച കണ്ണൻ നായർ കാവേരിയുടെ മരണം അറിഞ്ഞു കരയുമ്പോൾ കൂടെ പ്രേക്ഷകനും കരഞ്ഞിരിക്കണം അത് അമരയുടെ സ്നേഹത്തിന്റെയും, കണ്ണൻ നായർ എന്ന അഭിനേതാവിന്റെയും വിജയം. നാടകം കണ്ടിറങ്ങിയപ്പോൾ ഭഗവാൻ അമരയോട് പറയുന്ന ഒരു വാചകം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. ‘മകനേ, രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം. ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും. അതല്ല, നീയൊരു ബ്രാഹ്മണിയെ വിവാഹം കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ, കൂടലാസംഗമദേവ’, എത്ര സത്യമാണീ വാക്കുകൾ.

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 6 =

Most Popular